ശുഭ്ര മനസ്സിനുടമ
*********
"കേറി വാടാ.. രണ്ട് ദിവസമായല്ലോ പോയിട്ട്... എന്നെ അങ്ങനെയങ്ങ് പറ്റിക്കാമെന്ന് കരുതിയില്ലേ.. നിനക്ക് ഞാൻ വെച്ചിട്ടുണ്ട്.." ശങ്കരേട്ടൻ ആരോടാണ് ചൂടായി സംസാരിക്കുന്നത് എന്ന് നോക്കിയപ്പോഴാണ് ചിരി വന്നത്. പൂച്ചയോടാണ്. പിറ്റേ ദിവസത്തേക്കുള്ള പാല് കാച്ചി വെച്ചത് തട്ടിമറിച്ചിട്ട് പോയതാണ്. അതാണ് ശങ്കരേട്ടൻ. കാപട്യമില്ലാത്ത മനസ്സ്.
ശുണ്ഠി മൂക്കത്താണെങ്കിലും ഒന്ന് സോപ്പിട്ടാൽ തണുക്കും. സന്ധ്യകഴിഞ്ഞ് ചായക്ക് ചെന്നാൽ "പാലില്ലെടോ" എന്നൊരു പറച്ചിലാണ്. ശങ്കരേട്ടൻ ഒന്ന് നോക്കീ എന്ന് പറഞ്ഞാൽ "നോക്കട്ടെ .. നാളെക്ക് എടുത്തു വെച്ചതാ" എന്ന് പറഞ്ഞ് ചായ തരും. നേരെ മുമ്പിൽ തന്നെ പള്ളി. പള്ളിയിൽ സുബ്ഹി നിസ്കാരം കഴിയുമ്പോഴേക്ക് പുട്ടും ഉപ്പുമാവും ഒക്കെ റെഡി. മാതൃഭൂമി പത്രം വായിക്കാൻ അവിടെ തന്നെ പോണം.
ശുണ്ഠി മൂക്കത്താണെങ്കിലും ഒന്ന് സോപ്പിട്ടാൽ തണുക്കും. സന്ധ്യകഴിഞ്ഞ് ചായക്ക് ചെന്നാൽ "പാലില്ലെടോ" എന്നൊരു പറച്ചിലാണ്. ശങ്കരേട്ടൻ ഒന്ന് നോക്കീ എന്ന് പറഞ്ഞാൽ "നോക്കട്ടെ .. നാളെക്ക് എടുത്തു വെച്ചതാ" എന്ന് പറഞ്ഞ് ചായ തരും. നേരെ മുമ്പിൽ തന്നെ പള്ളി. പള്ളിയിൽ സുബ്ഹി നിസ്കാരം കഴിയുമ്പോഴേക്ക് പുട്ടും ഉപ്പുമാവും ഒക്കെ റെഡി. മാതൃഭൂമി പത്രം വായിക്കാൻ അവിടെ തന്നെ പോണം.
ആ ശുദ്ധമനസ്സിനെ നിർദ്ദോഷമായി പലരും കളിയാക്കിയിരുന്നു. തൊട്ടടുത്തുള്ള കോതേരി ശങ്കുരട്ടന്റെ കടയിൽ മൊച്ചയുണ്ട് എന്ന് പറഞ്ഞ് കുട്ടികളെ ഇളക്കിവിടും. പാവം കുട്ടികളെ ശകാരിച്ചു വിടും.
നാലു പതിറ്റാണ്ടിലേറെ അദ്ദേഹം കുറ്റൂര് ജീവിച്ചു. നാട്ടുകാരിലൊരാളായി. കല്യാണങ്ങൾക്കും മറ്റും പങ്കെടുത്തു. ചോറും ചായയും ചെറുകടികളുമായി പുലർച്ചെ തൊട്ട് സജീവമാകുന്ന കട രാത്രി വരെ നീളും. ഉച്ചക്ക് മാഷമ്മാരുടെ തിരക്ക്.
വെക്കേഷൻ കാലമായാൽ കട പൂട്ടി നാട്ടിൽ കൂടും. അവിടെയും വെറുതെ ഇരിക്കില്ല. പെയിന്റ് പണിക്കൊക്കെ പോകും. റമളാനിന് കട തീരെ തുറക്കില്ല. പള്ളിയുടെ മുമ്പിൽ ആ കച്ചോടം വേണ്ട എന്നാണ് മുപ്പരുടെ അഭിപ്രായം.
കുറ്റൂർ കാരുടെ ഉയർച്ചയും വളർച്ചയും കണ്ട് അവരിലൊരാളായി ആരോഗ്യം അനുവദിക്കുന്നത് വരെ അധ്യാനിച്ച് ജീവിച്ച ആ നിർമ്മല മനസ്സിന്റെ ഓർമ്മകൾക്ക് മുമ്പിൽ ഒരു പിടി കണ്ണീർപൂക്കൾ🌹🌹🌹
-----------------------
മുഹമ്മദ് കുട്ടി അരീക്കൻ
ശങ്കരേട്ടൻ
*********
ശങ്കരേട്ടൻ ആദ്യ കാലത്ത് ആഴ്ചയിൽ എല്ലാ ഞായറഴ്ചയും ഹോട്ടലിലേക്കുളള സാധനങ്ങൾ വാങ്ങാനായി വേങ്ങരയിൽ വന്നിരിന്നു. പലചരക്ക് സാധനങ്ങൾ ഉപ്പയുടെ വേങ്ങരയിലെ കടയിൽ നിന്നാണ് സ്ഥിരമായി വാങ്ങാറ് അവിടെ വെച്ചാണ് കുറച്ച് സ്വാതത്രത്തിൽ ശങ്കരേട്ടനുമായി സംസാരിക്കാൻ കഴിയാറ്. ആണി ശർക്കര കൊണ്ട് പോവുമ്പോൾ ഉണ്ണിയപ്പത്തിന് ബുക്ക് ചെയ്യും. നേരെത്തെ വന്നാൽ കിട്ടുടോ.. എന്ന് പറയും. ശങ്കരേട്ടന്റെ ഉണ്ണിയപ്പം തിന്നണെമെന്ന് നിയ്യത്തു ചൈത് വേങ്ങരയിൽ നിന്ന് പോരും. ഓടി വന്ന് അല മാറയിലേക്ക് നോക്കും, വൈകുന്നേരം വൈകി എത്തുന്നതിനാൽ കിട്ടിയാൽ കിട്ടി. അദ്ദേഹത്തിന്റെ ഉണ്ണിയപ്പം നല്ല ടേസ്റ്റായിരിന്നു ഇന്നും അതിന്റെ രുചി നാവിലുണ്ട്, പിന്നീട് ഉണ്ണിയപ്പം ഉണ്ടാക്കാതായപ്പോൾ പറയും ഒക്കത്തില്ല വലിയ ചിലവാണടോ..
സ്കൂളിന് മുന്നിലുള്ള മസാല പീടിക ചിങ്കിളി ഹാജിയും കീരനും (ഉണ്ണികൃഷ്ണന്റെ ജേഷ്ഠൻ) നടത്തുന്ന കാലം ഇവർ രണ്ട് പേരും സ്വാലിഹായ ഫിത്ന തമാശകൾ ഒപ്പിക്കുന്നവരാണ്. വീട്ടിൽ നിന്ന് കാശ് ചില്ലറയാക്കാൻ ഇവരുടെ പീടി കയിലേക്ക് കുട്ടിയായ എന്നെ പറഞ്ഞയച്ചു. ചില്ലറ ഇവിടെയില്ല ശങ്കരേട്ടന്റെ അടുത്താണ്ടാവും എന്ന് പറഞ്ഞു അങ്ങോട്ട് വിട്ടു. ആ സമയം ശങ്കരേട്ടൻ കലി തുള്ളി നിൽക്കുകയായിരിന്നു കുറച്ച് മുമ്പ് ഹാജിയും കീരനും മണ്ണെണ്ണക്ക് വന്ന കുട്ടിയെ ശങ്കരേട്ടന്റെ അടുത്തേക്ക് വിട്ടതാണ് കാരണം. അതിന്റെ ബാക്കി ചില്ലറക്ക് ചെന്ന എനിക്കും കിട്ടി. സൈക്കിളിൽ നിന്ന് വീണ ചിരിയുമായി വീട്ടിലേക്ക് പോരുമ്പോൾ ഹാജിയും കീരനും അസ്വാദിച്ച് ചിരിക്കുന്നുണ്ടായിരിന്നു. പിന്നീട് ഇവർ രണ്ടു പേരും കൊണ്ടോട്ടി ജ്വല്ലറി ബിസിനസിലേക്ക് നീങ്ങി.
അന്നും കോതേരി മൂലയിൽ രസകരമായ ഫിത്നകൾ നടക്കാറുണ്ടായിരുന്നു. ആ ടീംസിന് പ്രസിഡന്റൊക്കെ ഉണ്ടായിരിന്നു കുറ്റൂരിന്റെ മനസ്സിൽ എന്നും ശങ്കരേട്ടൻ മായാതെ നിൽക്കും...
------------------------
അബ്ദുലത്തീഫ് അരീക്കൻ
ശങ്കരേട്ടൻ
*********
ചെറുപ്പത്തിൽ ഉപ്പയുടെ കൂടെ സുബ്ഹിക്ക് ജമാഅത്തിന്ന് പോയാൽ ശങ്കരേട്ടന്റെ പീടീന്ന് ഒരു ചായയും മുളങ്കുറ്റിയിലുണ്ടാക്കിയ ഒരു കഷ്ണം പുട്ടും കിട്ടും. അന്നൊക്കെ എന്റെ സീറ്റ് അടുക്കളയിടെ ചെറിയ ബഞ്ചായിരുന്നു. കാരണം മുമ്പിൽ നിറയെ കാരണവൻമാരായിരിക്കും. അന്ന് തുടങ്ങിയ ബന്ധം കച്ചവടം നിർത്തി പോകുന്നത് വരെ നിലനിന്നു.
റോട്ടിലേക്കിറങ്ങുമ്പോൾ ശങ്കരേട്ടാ.... എന്നൊരു വിളി പതിവായിരുന്നു., പലപ്പോഴും വെറുതെയെങ്കിലും അവിടെയൊന്ന് കയറി എന്തെങ്കിലുമൊക്കെ പറഞ്ഞിറങ്ങും, ചിലപ്പോഴൊക്കെ കിട്ടുന്ന ചെറിയ ശകാരങ്ങൾക്കും ഒരു രസമായിരുന്നു, മുൻവശത്തെ ചില്ലിന്റെ ചട്ടയിൽ ചോക്ക് കൊണ്ട് എഴുതിയിരുന്ന കണക്ക് മായ്ച് എഴുതിയിരുന്ന വിരുതന്മാരുണ്ടായിരുന്നു.
കോതേരി തന്റെയടുത്തില്ലാത്ത സാധനത്തിന്നാരെങ്കിലും വന്നാൽ നേരെ ശങ്കരേട്ടന്റെയടുത്തേക്ക് വിടുക പതിവായിരുന്നു. പൊടുന്നനെ ദേശ്യപ്പെടുമെങ്കിലും ശുദ്ദ ഹൃദയനായിരുന്നു ശങ്കരേട്ടൻ. നമ്മുടെ നാട്ടിലെ മൂന്ന് തലമുറ അടുത്തറിഞ്ഞ ശങ്കരേട്ടൻ ആ എളിയ പെരുമാറ്റം കൊണ്ടു തന്നെ നമ്മുടെ ഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.
നമ്മുടെ സ്കൂളിലെ പല കാലങ്ങളിലായി വന്നു പോയ അദ്ധ്യാപകരും വിദ്യാർത്ഥികളും സംഗമിക്കാൻ പോവുന്ന ഈ വേളയിൽ (ഫെബ്രു 1-2 ) സ്കൂളുമായി അഭേദ്യ ബന്ധമുണ്ടായിരുന്ന അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെയാണെങ്കിലും ആശിച്ചു പോയി.,,
ശങ്കരേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
---------------------
മൊയ്തീൻ കുട്ടി അരീക്കൻ
ശങ്കരേട്ടൻ
*********
ആര് മുഖേനയാണ് ശങ്കരേട്ടൻ കുറ്റൂരിലെത്തിയതെന്നറിയില്ല. KP അബ്ദു റഹിമാൻ കുട്ടി സാഹിബ് ആ ബിൽഡിങ്ങിൻറെ പണി പൂർത്തിയാക്കി, ഒറ്റമുറിയിൽ ഒരു ചായക്കടക്കുള്ള ഒരുക്കവും ഉണ്ടാക്കി. മേശയും ബെഞ്ചും ഉടമസ്ഥരുടെ വക തന്നെ. ഒരു ദിവസം പത്ത് മണിയോടടുത്ത് ശങ്കരേട്ടനും കൂടെ ഒരു വെളുത്ത പയ്യനും കുറ്റൂരിൽ വന്നു. അപ്പോഴാണ് എല്ലാവരും അറിയുന്നത്, കുറ്റൂരിലെ ആദ്യത്തെ ചില്ലിട്ട ഹോട്ടലിൽ കച്ചവടം നടത്തുന്നത് ശങ്കരൻ നായരാണെന്ന്.
ആ വെളുത്ത പയ്യൻ ഗോപിയായിരുന്നു. ശങ്കരേട്ടൻറെ പെങ്ങളുടെ മകൻ. നമ്മുടെ കുറ്റൂരി തന്നെയുള്ള ഒരു വിദ്വാൻ ഒരു ദിവസം (ഉൽഘാടനം നടന്ന മാസം) ഒരുചായയും മുറുക്കും കഴിച്ചു. 5 പൈസ മുറുക്കിനും 10 പൈസ ചായക്കും ഉള്ള കാലം! നമ്മുടെ വിദ്വാൻ 50 രൂപ യുടെ ഒറ്റനോട്ട് കൊടുത്തു. ശങ്കരേട്ടൻറെ കണ്ണുകൾ വിടർന്നു, ചായ കുടിച്ചിട്ട് 50 രൂപയോ? അക്കാലത്ത് 50 രൂപ കൂടുതലായി ആരും കാണാറില്ല!
ഇവിടെ ചില്ലറ ല്യ ടോ......
ഇവിടെ ചില്ലറ ല്യ ടോ......
ശങ്കരേട്ടന് ആരെയും പരിചയമില്ലാത്ത കാലം'
വിദ്വാൻ പറഞ്ഞു, ബാക്കി അവിടെ വെച്ചോളൂ ഞാൻ ദിവസവും ചായ കുടിച്ച് തീർത്തോളാം. ശങ്കരേട്ടന് സന്തോഷായി. 50 ഒന്നിച്ച് കിട്ടിയല്ലോ!വിദ്വാൻ കുടിച്ച ചായയുടെ കണക്ക് ശങ്കരേട്ടൻ കുട്ടി നോക്കിയപ്പോൾ അഞ്ഞൂറ് രൂപയിലധികംപറ്റ്: iiiii
ശങ്കരേട്ടൻറെ കണ്ണുകൾ ത്രസിച്ചു. ഇനി ബാക്കിയെന്നാ കിട്ടുക. വിദ്വാൻ പിന്നെ ബാക്കി കുറെ വർഷങ്ങൾക്ക് ശേഷമാണ് കൊടുത്തത്.
നെച്ചിക്കാട്ട് കുണ്ടിൽ മാനസിക വിഭ്രാന്തിയുള്ള ഒരു കുഞ്ഞിക്കാരിയുണ്ടായിരുന്നു. അദ്ദേഹം ഫുൾക്കൈ ഷർട്ടിൻറെ കൈ ഇടക്കിടെ മേലോട്ട് കയറ്റും = ഇയാൾ വന്ന് ശങ്കരേട്ടനോട് ചായ ഉണ്ടോന്ന് ചോദിച്ചപ്പോൾ, ഇവിടൊന്നുമില്ലെടാ എന്ന് മറുപടി പറഞ്ഞു. അപ്പോഴാണ് കുഞ്ഞിക്കാരി കുപ്പായ ക്കൈ മേലോട്ട് ഉയർത്തിയത് പേടിച്ചരണ്ട ശങ്കരേട്ടൻ! അതിന്റെയൊന്നും ആവശ്യ മില്ല. ചായ ഇപ്പപ്പോൾ ഉണ്ടാക്കിത്തരാമെന്നു് പറഞ്ഞ് പെട്ടെന്ന് വെള്ളം തിളപ്പിച്ചെട്ടത്ത് ചായ ഉണ്ടാക്കി.
ശങ്കരേട്ടൻ സത്യസന്തനായ ഒരു കച്ചവടക്കാരനായിരുന്നു. ഒരു പാട് തവണ അവിട നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഞാനും ൻറെ സൈദും ലത്തീഫുമൊക്കെ രാത്രി അടക്കാൻ നേരം ഉള്ളിൽ കയറിയിരുന്ന് മുറുക്ക് വാങ്ങിക്കഴിച്ച് ശങ്കരേട്ടനെക്കൊണ്ട് പഴയ കാല കഥ പറയിപ്പിക്കും. പുരാണങ്ങളിലെ കഥകളും പിന്നെ കപ്രാട്ടെ ഇല്ലത്തെ കഥയും പറയുമായിരുന്നു. ശങ്കരേട്ടൻ കപ്രാട്ടെ ഇല്ലവുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തിയായിരുന്നു''.
പിന്നീട് താഴെ കൊളപ്പുറത്ത് നിന്ന് വിവാഹം കഴിച്ചു. ശങ്കരേട്ടൻറെ ആയുസ്സിൻറെ പകുതിയിലധികവും ചിലവഴിച്ചത് കുറ്റൂരിലാണ് ' ആരോടും ദേഷ്യപ്പെടാതെയുള്ള ആ ചിരി ഇന്നും എക്കാലവും മായാതെ മസ്സിൽ തങ്ങിനിൽക്കും.
വൃത്തിയായും ഭക്ഷണത്തിൽ കൃത്രിമം കാട്ടാതെയും ജനങ്ങൾക്ക് നല്ല ഭക്ഷണം വിളമ്പിക്കൊടുത്തത്, അദ്ദേഹത്തിന്റെ എടുത്തു പറയാവുന്ന പ്രത്യേകതകളിലൊന്നാണ്. അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്നു് പ്രാർത്ഥിച്ച് കൊള്ളുന്നു.
-----------------------
-----------------------
എം ആർ സി അബ്ദുറഹ്മാൻ
ശങ്കരേട്ടാ 10 ബിരിയാണി, നിന്റെ ....... നോട് പോയി പറ....
*********
പഴയ നാട്ടിൻ പുറത്തിന്റെ എല്ലാ ഭാവഹാദികളും ഒത്തിണങ്ങിയ ഒരു പ്രദേശമായിരുന്നു മദ്ധ്യ 80 കളിലെ ഞാൻ കണ്ട കുറ്റൂർ നോർത്ത് . രാവിലെ മുക്കിൽ പീടിക വഴിയുള്ള മദ്രസയിലേക്കുള്ള നടന്ന് വരവിൽ ഗ്രാമം ഉണർന്ന് അതിന്റെ സ്വഛന്ദമായ ദൈനംദിന ചലനങ്ങളിലേക്ക് പോവുകയായിരിക്കും. അത് പോലെ തന്നെയായിരുന്നു ശങ്കരേട്ടന്റെ ഹോട്ടലും.
രാവിലെ ഒരൊൻപത്-പത്ത് മണിയാവുമ്പോഴൊക്കെയാണ് ഹോട്ടൽ സജീവമാകുക എന്ന് തോന്നുന്നു. പ്രധാനമായും സ്കൂളിലെ അദ്ധ്യാപകരായിരുന്നു ശങ്കരേട്ടന്റെ കസ്റ്റമേഴ്സ് അധികവും. പിന്നെ മര്യാദ രാമൻമാരായ ഏതാനും വിദ്ധ്യാർത്ഥികളും. അന്നത്തെ ന്യൂ ജെൻ പയ്യൻമാരൊന്നും കടയിലേക്ക് കയറുന്നതേ ശങ്കരേട്ടൻ ഇഷടപെട്ടിരുന്നില്ല. ഉച്ചക്കുള്ള ഊൺ വേണമെങ്കിൽ രാവിലെ തന്നെ പറയണം, അല്ലാതെ ഉച്ചക്ക് ഊണിന് ചെന്നാൽ തീർത്ത് പറയും ഞാനിവടെ കുറച്ച് മാശ്മാർക്ക് മാത്രാ വെക്കല് ഇങ്ങള് പറയാതെ വന്നാൽ ഞാൻ എവിടന്നാ എട്ത്ത് തരിക്ക ?.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ശങ്കരേട്ടന്റെ കടയുടെ അടുക്കളയുടെ എതിർവശത്തായിരുന്നു ക്ലാസ്, അന്ന് ജനലിലൂടെ ചിലപ്പോൾ ചോറിന് ഓർഡർ പറയും, അങ്ങനെ ആദ്ധ്യം ഒന്ന് രണ്ട് പേർക്ക് ഓർഡർ കൊടുത്ത് ഉച്ചക്ക് പോയി കഴിച്ച് ശങ്കരേട്ടന്റ വിശ്വാസം പിടിച്ച് പറ്റി, മൂന്നാമത്തെ ദിവസം പതിനൊന്ന് ചോറ് പറഞ്ഞു, ആരും കഴിക്കാൻ പോയില്ല, ആറാമത്തെ പിരിയഡിൽ കോയക്കുട്ടി മാശ് ക്ലാസിലിരിക്കുമ്പോഴതാ വരുന്നു ശങ്കരേട്ടൻ...
ഓർഡർ ചെയ്തവരെ കയ്യോടെ പൊക്കി താക്കീത് ചെയ്ത് വിട്ടു, പിറ്റേന്ന് വീണ്ടും പറഞ്ഞു ജനലിലൂടെ ശങ്കരേട്ടാ പത്ത് ബിരിയാണി,... നിന്റെ തന്തയോട് പോയി പറ...
ഇത് കേട്ട് വീണ്ടും അതാ വരുന്നു കോയ കുട്ടി മാശ്, എന്നിട്ട് ഏറനാടൻ ശൈലിയിൽ, എന്തിനാടാ വെറുതെ വീട്ടിലിരിക്കണ ഇമ്മനിം ബാപ്പനിം കേൾക്കാൻ ഇങ്ങോട്ട് പോര്ണത്....
വളരെ ശുദ്ധമനസ്സ്, കുറച്ച് മുൻശുണ്ഡി, ഒരല്പം കൂന്, പത്ങ്ങിയ ഉച്ചത്തിലുള്ള സംസാരം, ചായയുമായി കൈ ആഞ് വീശിയുള്ള നടത്തം, കുറച്ച് നായർ പ്രമാണിത്വം, വലിയ കൃശ്ണ ഭക്തി ഇതൊക്കെയായിരുന്നു നമ്മുടെ ശങ്കരേട്ടൻ, ഏതാനും ചില അദ്ധ്യാപകർക്ക് വേണ്ടി രാത്രിയും അദ്ധേഹത്തിന്റെ കട പ്രവർത്തിച്ചിരുന്നു.
ലംബോധരൻ മാശേയും ഐസക് മാശേയും കാണാൻ രാത്രി ചെല്ലുമ്പോൾ പകല് കാണുന്ന ശങ്കരേട്ടനാവില്ല, ആള് വളരെ ഹാപ്പിയായിരിക്കും.. പിന്നെ നാട്ട്കാരിൽ മാണിയും ടീമും കട പൊളിക്കുന്നത് വരെ കട്ടൻ ചായ കസ്റ്റമേഴ്സായി ചെല്ലുന്നത് കണ്ടിട്ടുണ്ട്, അപൂർവ്വം ചിലപ്പോൾ കൂട്ടത്തിൽ ഞാനും...
ലംബോധരൻ മാശേയും ഐസക് മാശേയും കാണാൻ രാത്രി ചെല്ലുമ്പോൾ പകല് കാണുന്ന ശങ്കരേട്ടനാവില്ല, ആള് വളരെ ഹാപ്പിയായിരിക്കും.. പിന്നെ നാട്ട്കാരിൽ മാണിയും ടീമും കട പൊളിക്കുന്നത് വരെ കട്ടൻ ചായ കസ്റ്റമേഴ്സായി ചെല്ലുന്നത് കണ്ടിട്ടുണ്ട്, അപൂർവ്വം ചിലപ്പോൾ കൂട്ടത്തിൽ ഞാനും...
അധികം വെളിച്ചമില്ലാത്ത ആ മുറിയിൽ ഇലയിൽ ഊൺ കഴിച്ച് ബാക്കിലൂടെ പുറത്തിറങ്ങി സിമന്റിന്റെ ചാടിയിൽ നിന്നും കൈകഴുകി വരുന്നത് ഇനി വെറും ഓർമ്മ മാത്രം... അങ്ങനെ നഷ്ടത്തിന്റെ എത്രയത്ര ഗൃഹാതുര ഓർമ്മകൾ .......
ബാല്യകാല ചാപല്യങൾ അദ്ധേഹത്തോട് ഏറ്റ് പറഞ്ഞിട്ടുണ്ട്, പരേതന്റെ ആത്മാവിന് ശാന്തി നേർന്ന് കൊണ്ട്.
---------------
---------------
നിസാർ PK
ചൂട് പുട്ടും ചുട്ട പപ്പടവും
*********
ശങ്കരേട്ടനെ കുറിച്ച് കൂടുതൽആയി അറിയുന്നത് ഒരു പാല്‍ കാരന്‍ പയ്യനായി കുറച്ചു നാള്‍ അദ്ദേഹത്തിന് സേവനം ചെയ്യാൻ തുടങ്ങിയത് മുതലാണ്.
എന്റെ വലിയുപ്പാന്റെ പശുവിന്റെ പാല്‍ സപ്ലൈ ചെയ്തിരുന്നത് ഞാനായിരുന്നു, അന്ന് ഒരു ആറാം ക്ലാസ് കാരന്‍ പയ്യന്‍ രാവിലെ മദ്രസ്സക്ക് വരുമ്പോ പാൽ നിറച്ച തൂക്ക്പാത്രം കൈയിൽ പിടിച്ചു ശങ്കരേട്ടൻറ കടയിൽ പോകും. രാവിലെ നെറ്റി യിൽചന്ദന കുറിയും തൊട്ട് കട തുറക്കുന്ന ശങ്കരേട്ടനെ ഇന്നും ഓര്‍ത്തുപോയി..... പാല് കടയില്‍ കൊടുത്ത് മദ്രസ്സ യിലേക്ക് പോകും..... പിന്നെ ഞങ്ങൾ തമ്മില്‍ കാണുന്നത് വൈകുന്നേരം സ്കൂൾ വിട്ടു പോകുമ്പോൾ രാവിലെ കൊടുത്ത പാല് പാത്രം തിരിച്ചെടുക്കാൻ പോകുമ്പോ ആകും കഴുകി വച്ച പത്രത്തില്‍ മിക്ക ദിവസങ്ങളിലും പലഹാരം ഉണ്ടാകാറുണ്ട്, അത് എനിക്കുള്ളതാണ്.
എന്റെ വലിയുപ്പാന്റെ പശുവിന്റെ പാല്‍ സപ്ലൈ ചെയ്തിരുന്നത് ഞാനായിരുന്നു, അന്ന് ഒരു ആറാം ക്ലാസ് കാരന്‍ പയ്യന്‍ രാവിലെ മദ്രസ്സക്ക് വരുമ്പോ പാൽ നിറച്ച തൂക്ക്പാത്രം കൈയിൽ പിടിച്ചു ശങ്കരേട്ടൻറ കടയിൽ പോകും. രാവിലെ നെറ്റി യിൽചന്ദന കുറിയും തൊട്ട് കട തുറക്കുന്ന ശങ്കരേട്ടനെ ഇന്നും ഓര്‍ത്തുപോയി..... പാല് കടയില്‍ കൊടുത്ത് മദ്രസ്സ യിലേക്ക് പോകും..... പിന്നെ ഞങ്ങൾ തമ്മില്‍ കാണുന്നത് വൈകുന്നേരം സ്കൂൾ വിട്ടു പോകുമ്പോൾ രാവിലെ കൊടുത്ത പാല് പാത്രം തിരിച്ചെടുക്കാൻ പോകുമ്പോ ആകും കഴുകി വച്ച പത്രത്തില്‍ മിക്ക ദിവസങ്ങളിലും പലഹാരം ഉണ്ടാകാറുണ്ട്, അത് എനിക്കുള്ളതാണ്.
ഒരു വെള്ളിയാഴ്ച ദിവസം പാല് കൊടുക്കാൻ പോയ എന്നെ കടയിലെ ബെഞ്ചിലിരുത്തി മുള കൊണ്ടുണ്ടാക്കിയ പുട്ട്കുറ്റി യില്‍ നിന്നും ചൂട് പുട്ടും പപ്പടവും തന്നത് ഇന്നും ഓര്‍ക്കുന്നു. പിന്നെ കുറച്ചു ദിവസത്തിന് ശേഷം വലിയുപ്പാന്റെ പശു ചത്തത് കാരണം വലിയുപ്പ പോത്തിനെ വാങ്ങി അതോടെ ശങ്കരന്‍ ചേട്ടന്റെ കടയിലേക്കുള്ള എന്റെ പോക്ക് നിന്നു...
-----------------
സാദിഖ്. കെ. എം
ശങ്കരേട്ടനെ ഓർത്തെടുക്കുമ്പോൾ......
**********
**********
ശങ്കരേട്ടനെ ഓർത്തെടുക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന റേഡിയോയും ഓർമ്മയിൽ വരും. അന്നത്തെ കാലത്ത് രാത്രി വൈകി നടക്കുന്ന ലോക കപ്പ് ക്രിക്കറ്റ് /ഫുട്ട്ബോൾ മൽസരങ്ങളുടെ റിസൾട്ട് രാവിലെ പത്രങ്ങളിൽ കാണില്ല. ഇന്റർവെല്ലിനു വിട്ടാൽ ഒരു മണിക്കുള്ള റേഡിയോ വാർത്താ തലക്കെട്ട് കേൾക്കാൻ ആ സമയത്ത് ഏറെ നിന്നിട്ടുണ്ട് അവിടെ.
(വൈകി ക്ലാസിൽ കയറിയതിനു മാഷുടെ അടുത്ത് നിന്ന് ചീത്തയും കേട്ടിട്ടുണ്ട്)
അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
---------------------
മുസ്തഫ കെ.സി.
ശങ്കരേട്ടൻ
*********
ശങ്കരേട്ടൻ ഉണ്ണിയപ്പം ചുടുന്നതിനുതലേ ദിവസംപറയും നാളെ കുറച്ച് ഉണ്ണിയപ്പം ചുടുന്നു ബഷീറെ നിനക്ക് വേണ്ടയോ ഞാൻ നാട്ടിൽ വന്നാൽ മിക്കദിവസവും ഒരുവിസിറ്റ് ഉണ്ട് ഉണ്ണിയപ്പം നല്ലടേസ്റ്റ്ആണ് ശങ്കരേട്ടന്റെ ഹോട്ടലിനോട് ചേർന്ന് മസാലകട ഉണ്ടായിരുന്നു. ചെറിയ കിളിവാതിൽ വഴിയാണ് ചായതരൽ സ്കൂളിൽ പോകുമ്പോൾ ഞാനും A അബ്ദുറഹിമാൻ കുട്ടി, A ഹസ്സൻകുട്ടി, ഫസൽഹാജി, ഇച്ച(A കുഞ്ഞിമുഹമ്മദ്), സ്ഥിരം സുബഹി നമസ്കാരം കഴിഞ്ഞു പുട്ടും ചെറുപയറും പിന്നെ ചായയും. ചുരുങ്ങിയത് 2 മണിക്കൂർ അവിടെ ചിലവിട്ടെ പോകു ഒരുപാട് പറയാനുണ്ട് ശങ്കരേട്ടന്റേത് എന്തായാലും ആത്മാവിന് ശാന്തി ലഭിക്കട്ടെ
--------------
ബഷീർ പണ്ടാറപ്പെട്ടി
***********************************************************************
🔴വർഷങ്ങൾക്ക് മുമ്പ് "തണൽ" നാട്ടു പത്രത്തിൽ പ്രസിദ്ധീകരിച്ച സത്താർ കുറ്റൂർ എഴുതിയ "ശങ്കരേട്ടനുമായുള്ള അഭിമുഖം"
👉 ഇവിടെ ക്ലിക്ക് ചെയ്യുക.
🔴 ശങ്കരേട്ടനെ കുറിച്ച് സത്താർ കുറ്റൂർ എഴുതിയ കവിത
👉 ഇവിടെ ക്ലിക്ക് ചെയ്യുക
🔴 ശങ്കരേട്ടനെ കുറിച്ച് കെ. സി. മുജീബ് എഴുതിയ കവിത
👉 ഇവിടെ ക്ലിക്ക് ചെയ്യുക
🔴ശങ്കരേട്ടനെ കുറിച്ച് അന്‍വര്‍ ആട്ടക്കോളില്‍ എഴുതിയ കുട്ടിക്കാല അനുഭവം
👉 ഇവിടെ ക്ലിക്ക് ചെയ്യുക
🔴 വർഷങ്ങൾക്ക് മുമ്പ് ശങ്കരേട്ടനുമൊത്ത് എടുത്ത ഒരു വീഡിയോ ഇതിൽ പോസ്റ്റുന്നു:
* സംഭാഷണം: മാണി അരീക്കൻ
* ക്യാമറ: ജാബിർ അരീക്കൻ
https://youtu.be/aPhnGy7WDcw