Friday, 26 April 2019

ശഹ്റു റമളാൻ


🌹🌹🌹🌹🌹🌹
വീണ്ടും വരുന്നു വിരുന്നുകാരൻ
വിശ്വാസികൾ തൻ കൂട്ടുകാരൻ
വിശ്വം മുഴുക്കെ പറന്നെത്തുന്നവൻ
വിശുദ്ധ മാസം "അഹ് ലൻ യാ റമളാൻ "

ഊതിക്കാച്ചിയ പൊന്നുപോൽ മനസ്സിനെ
ഉലയിലിട്ടടിച്ച് ശുദ്ധീകരിക്കാൻ
പാപക്കറ കൂരിരുൾ തീർത്ത ഖൽബകം
പാടെ കഴുകി പ്രകാശം നിറക്കാൻ

റഹ്മത്തിൻ പെരുമഴ കൈ നീട്ടി വാങ്ങാൻ
റബ്ബിന്റെ ഔദാര്യച്ചിറകിലൊതുങ്ങാൻ
കാത്തിരുന്ന മുഅ'മിൻ ദിക്റോടെ മൊഴിയും
കണ്ണീർ തുള്ളികൾ ശുക് റോടെ പൊഴിയും

നരക മോചനം കിട്ടാൻ അതുല്യാവസരം
നാഥൻ മഗ്ഫിറത്തേകും സവിസ്തരം
ആത്മാവിനാഘോഷം യാ ശഹ്റ റമളാൻ
അടിമകൾക്കാവേശം യാ ശഹ്റ ഖുർആൻ

🍀🍀🍀🍀🍀🍀🍀
മുഹമ്മദ് കുട്ടി അരീക്കൻ

എതിർ പോക്ക്

എതിർ പോക്ക്
➖➖➖➖➖➖
പണ്ട് കാലത്തെ വീടിൻ്റെ ചുമരിൽ ഒരേ ലവലിൽ ദ്വാരം(തുള)കാണാറുണ്ടായിരുന്നു. അന്നൊക്കെ പലരോടും ചോദിക്കാറും  ഉണ്ടായിരുന്നു.അപ്പോഴൊക്കെ പറയും അത് പോകേര്ക്ക് പോവാനാണന്ന്.
അപ്പഴും മനസ്സിലായിരുന്നില്ല പോകേര് ആരാണന്ന്
പിന്നീട് അനുഭവത്തിലൂടെയാണ് അറിഞ്ഞത് 😃

ബസ്സിൽ ജോലി ചെയ്തിരുന്ന കാലത്ത് അധി രാവിലെബസ്സിനടുത്തെത്തുന്നതിന്  വാഹനം ഒന്നും ഇല്ലാത്തത് കാരണം  കൊളപ്പുറം വരെ നടന്നാണ് പോയിരുന്നത്.

വീട്ടിൽ നിന്നും സുബ്ഹ്ക്ക് മുൻപെ ഇറങ്ങും ചില ദിവസങ്ങളിൽ വഴിയിലൊന്നും ആരും ഉണ്ടാവാറില്ല.വെളിച്ചവും ഉണ്ടാവാറില്ല കൈയ്യിൽ

അന്നൊക്കെ കൊടുവായൂരെത്തിയാൽ റോഡിൽ നായകളുടെ ശല്ലൃം ഭയങ്കരമായിരുന്നു.
കള്ള് ഷാപ്പുണ്ടായിരുന്ന അവിടം മുതൽ അരവിന്ദാക്ഷൻ ഡോക്ടറുടെ അവിടെ വരെ ഇവരുടെ വിളയാട്ടമായിരിക്കും.

അങ്ങാടിയിലൊന്നും ശരിക്ക് വെളിച്ചവും ഉണ്ടാവാറില്ല.

നിലാവില്ലാത്ത ദിവസങ്ങളിൽ കൂരാ കൂരിരുട്ടുമാവും റോഡിൽ.

ചില ദിവസങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നോട്ടീസൊട്ടിക്കുന്നവരും ഒട്ടിച്ച നോട്ടീസ് കീറാൻ വന്നവരും ഉണ്ടാവും.
ആ സമയങ്ങളിലാണ് പകൽ ഒരു പാർട്ടിയിലും രാത്രി മറ്റെ പാട്ടിയിലുമുള്ളവരെ കണ്ടിരുന്നതും.

കൊടു വായൂരിൽ ഇറച്ചി മാർക്കറ്റുള്ളത് കൊണ്ടാവാം ഇത്രയധികം നായകൾ ഇവിടെയുണ്ടായിരുന്നത്.

ചില ദിവസങ്ങളിൽ നായകൾ കൂട്ടം കൂടി ആക്രമിക്കാൻ വന്നിട്ടുമുണ്ട്.

ഈ വിവരം വീട്ടിൽ പറഞ്ഞപ്പൊ..എൻ്റെ ഉപ്പ ഒരു മാർഗ്ഗം പറഞ്ഞു തന്നു.
ഒരു ഉണങ്ങിയ മുള കഷ്ണം എടുത്ത് അതിൻ്റെ തല ഭാഗം പൊട്ടിച്ചിട്ട് ഇനി  എന്നും ഈ മുള വടി കയ്യിൽ കരുതാനും നായകളെ കാണുംബോൾ  മുള റോഡിൽ അടിച്ച് ശബ്ദമുണ്ടാകിയാൽ നായകൾ ഒടിമറയും എന്നും  പറഞ്ഞു.

പിന്നെ എന്നും രാവിലെ പോവുംബോൾ മുളയും കയ്യിൽ കരുതി പോവുകയും കുളപ്പുറത്ത് ഇപ്പൊ മത്സൃ മാർക്കറ്റുള്ള അവിടത്തെ പിടിക മറവിൽ വെക്കുകയും രാത്രി തിരിച്ച് വരുംബോ എടുത്തു കൊണ്ടു വരവായിരുന്നു

അതിനു ശേഷം റോഡിൽ നായകളെ കണ്ടാൽ കയ്യിലുള്ള മുള്ള റോഡിൽ തട്ടും ശബ്ദം കേട്ട് നായകൾ ഒാടി മറയും.

മുളയിൽ നിന്നും വരുന്ന ശബ്ദം രാത്രയായത് കൊണ്ട് അലയടിക്കും(എക്കോ)
ഉപ്പ പറഞ്ഞതു പോലെ തന്നെ നായകളുടെ ശല്ലൃം അതോടെ ഇല്ലാതായി.

അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു.
ഒരു ദിവസം  രാവിലെ ARനഗറിലെ ബേങ്കിന് മുന്നിൽ കുറെ ആളുകൾ നിൽക്കുന്നു.
ഞാൻ കരുതി എന്തങ്കിലും അപകടമോ മരണമോ എന്തങ്കിലുമാവും എന്ന് കരുതി അനൃേഷിക്കാതെ  പോയി....

അതു കഴിഞ്ഞു രണ്ടുമൂന്ന് ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇതു പോലെ ആളുകൾ കൂടി നിൽക്കുന്നു.

ഞാനും അവരുടെ അടുത്തേക്ക് ചെന്നു.
പലരും പല അഭിപ്രായങ്ങൾ പറയുന്നുണ്ട്.
അതിൽ അവിടത്തെ ഒരു കാരണവർ മാർക്കറ്റിൽ ആട് കച്ചവടം നടത്തിയിരുന്നഒരാൾ വലിയ ശബ്ദത്തിൽ പറയുന്നത് ശ്രദ്ധിച്ചു.
'''''എൻ്റെ ചെറുപ്പത്തിൽ എൻ്റെ വാപ്പ കണ്ടിട്ടുണ്ട് ഫസലിയ റോഡ് ചൂണ്ടികൊണ്ട് പറയുന്നു.
ഇതൊരു എടായി ആയീനു അന്ന് ഇതിലൂടെ ചൂട്ടും കത്തിച്ച് ഒരാൾ നട്ടപ്പാതിരാക്ക് ഒച്ചയുണ്ടാകി പോയീനു.,,,
അന്ന് ഞങ്ങളാരേയും പൊറത്തിറങ്ങാനയക്കില്ല ൻ്റെ വാപ്പ.

അയാൾ വലിയ കസർത്തിലാണ് .
അപ്പഴും എനിക്ക് കാരൃം മനസ്സിലായില്ല.

അവിടെകുറച്ച് മാറി
 എനിക്ക് പരിചയമുള്ള മാർക്കറ്റിൽ മീൻ കച്ചവടം ചെയ്യുന്ന പരിസരവാസിയുമായ  രണ്ട് പേരെ കണ്ടു.

കയ്യിലുള്ള മുള അടുത്ത ചാംബ്രയിലേക്ക് വലിച്ചെറിഞ്ഞ് ഞാൻ അവരുടെ അടുക്കൽ ചെന്നു കാരൃം തിരക്കി.

കുറച്ച് ദിവസമായി ഈ സമയത്ത് റോഡിലൂടെ എന്തോ റോഡില് ഒരു ശബ്ദം കേൽക്കാറുണ്ട്.
 അന്ന് നായ്ക്കളും കുരക്കുന്നത് കാണാം.

ഞങ്ങൾ കുറച്ച്
ദിവസായി എന്താണിത് എന്ന് അറിയാൻ ശ്രമിക്കുന്നു.

പണ്ട് ഇതിലെ എതിർപോക്കേര്  ഉണ്ടായിരുന്ന സ്ഥലാണേലോ ഇവിടെ...
 അത് കൊണ്ടു എല്ലാവരും കൂടി സംഘടിച്ചതാണ്.

ഇന്ന് കാത്ത് നിന്നപ്പൊ കാണാനും ഇല്ല.

ഇതു കേട്ട്  ഞാൻ ഒന്ന് അംബരന്നു.

മുള റോഡിലൂടെ വലിച്ചു പോവുംബോഴുള്ള ശബ്ദമാവുമോ ഈ പറയുന്ന എതിർ പോക്ക്.

ആ സമയം ഈ വിവരം അവരോട് പറഞ്ഞാലുള്ള അവസ്ഥയോർത്ത് മിണ്ടിയില്ല


 സംബവിച്ചത് എന്താണന്ന് പറയാതെ പതിവ് പോലെ കൊളപ്പുറത്തേക്ക് നടന്നു.

പിന്നീട് അതി രാവിലെയുള്ള ബസ്സ് മാറി വേറെ ബസ്സിലേക്ക് ജോലി മാറ്റി

കുറച്ച് ദിവസങ്ങൾക്ക് ശേഷം മാർക്കറ്റിലേക്ക് മീൻ വാങ്ങാൻ പോയപ്പൊ അന്ന് അവിടെ,കണ്ട പരിചയക്കാരനോട് അന്ന് കേട്ടിരുന്ന ശബ്ദം ഇപ്പൊ കേൾക്കാറുണ്ടോ എന്ന് ചോദിച്ചു

ഏയ്....അതിനുള്ള പണിയൊക്കെ ഞമ്മള് ചെയ്തില്ലേ.....
അത് എതിർ പോക്കേരേയനു പണ്ട് ഈ ശല്ലൃം ഉണ്ടൃാനേലോ....
അന്ന് എല്ലാ പെരമ്മലും ചോരിന് ഒാട്ട ഇട്ടു കൊടുക്കലായിരുന്നു എന്ന് പഴയ ആൾക്കാർ പറഞ്ഞു....

 അതിനു ശേഷം ഞങ്ങളും പോകേര്ക്ക് പോവാൻ വീടിൻ്റെ ചുമരിൽ ചെറിയ ഒാട്ട ഉണ്ടാക്കി കൊടുത്തു. അതിന്ന് ശേഷം ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എന്ന് അവൻ പറഞ്ഞു.

ഇത് കേട്ട് ഞാൻ ചിരിച്ചു....
ഇജ് കളൃാക്കണ്ട....അവൻ ദേഷൃപ്പെട്ടു  ഇങ്ങളെ പോലത്തെ ആൾക്കാര് പണ്ട് കാലത്തെ ഇങ്ങനത്തെ വിശ്വാസങ്ങളൊക്കെ ഒഴിവക്കി അതിൻ്റെ കുരുത്ത കേടാണ് ഇതൊക്കെ....അവൻ പറഞ്ഞു....
പിന്നെ ഒന്നും പറയാതെ മീനും വാങ്ങി ഞാൻ പോന്നു.........
ഒാരോ വിശ്വാസങ്ങളുണ്ടാവുന്നതേ......
 🙏😄😄😄
➖➖➖➖➖➖➖
  KMK

കുറത്തി

* കുറത്തി *
  അദ്രാമാനേ.......
മദ്രസ്സ വിട്ട് വന്ന് വീട്ടിലേക്ക് കയറിയിട്ടേയുള്ളു, അപ്പോഴാണ് ൻറെ സൈദിൻറെ നീട്ടിയുള്ള വിളി കേൾക്കുന്നത്.
കൂയ്.......
ഒരു മറുപടി കൊടുത്തു.
അപ്പോഴേക്കും ൻറെ സൈദ് ഓടിക്കിതച്ച് എൻറെ വീട്ടിലെത്തിയിരുന്നു!
ദോക്കെ ദോക്കെ കുറത്തി പോണ്......
എങ്ങോട്ടാ പോണത്?
ഞങ്ങളെ യെടെയ് ക്ക് എറങ്ങീക്ക്ണ്. ഓളെയ്ക്ക് ല് തത്തണ്ട്......
അയിനെത്താ?
ജ്ജ് ബാ, ൻറെ നാവൂറ് പാടിച്ചണം ന്ന് പർഞ്ഞീനു, ന്ന് പാടിച്ചും.
കഴിഞ്ഞ കൊല്ലം കുറത്തി വന്നപ്പോ ൻറെ നാവൂറ് പാടിച്ചതും എല്ലാവരുടെ കജ്ജ് നോക്കിയതും ഓർമ്മ വന്നു.
ന്നാ പോകാ.......
  ഇടവഴിയിലൂടെ താഴേക്ക് ഓടിച്ചെന്നപ്പോൾ കണ്ടത്, കുറത്തി വേലായുധൻറെ വീട്ടിലേക്ക് കയറുന്നതാണ്.
 "കൈ നോക്കി ലക്ഷണം പറയാ, കുട്ട്യാളെ നാവൂറ് പാടാ" എന്നു് പറഞ്ഞപ്പോ വേലായുധൻറെ വീട്ടുകാർ കുറത്തി യെ സ്വീകരിച്ചിരുത്തി.
ആദ്യം വേലായുധൻറെ കൈ തന്നെ നോക്കി.
 " സമ്പന്നരാകും, മല ചവിട്ടാൻ യോഗ ണ്ട്, സന്താനങ്ങൾ വർദ്ധിക്കും.... വായിൽ വന്ന തൊക്കെ കുറത്തി തട്ടി വിട്ടു. വീട്ടുകാരുടെ മുഴുവൻ കൈകളും നോക്കി കുറത്തി ഭാവി പറഞ്ഞു. വേലായുധനും കുടുംബത്തിനും സന്തോഷമായി.
കുറത്തി എണീറ്റു.
ൻറെ സൈദ് സ്വന്തം പുര ചൂണ്ടിപ്പറഞ്ഞു, ആ പൊരീക്ക് ......
കുറത്തിക്ക് അകമ്പടിയായി ഞാനും ൻറെ സൈദും!
" മ്മാ ലക്ഷണം നോക്കിപ്പറയാ....."
കുറത്തി അലമുറയിട്ട് തന്നെ വീട്ടുകാരെ കാര്യം ധരിപ്പിച്ചു.
മ്മാ ൻറെ നാവൂറ് പാടിച്ചണം - ......
നാവുറ് പാടാൻ കാശ് കൂടുതലായത് കൊണ്ടാവാം ൻറെ സൈദിന്റെ നാവൂറ് പാടിച്ചില്ല.
കൈ നോക്കൽ ആരംഭിച്ചു.
ഹജ്ജിന് പോകാനുള്ള യോഗ ണ്ട്.... - സമ്പത്തുണ്ടാവും...... എന്നൊക്കെ കുറത്തി തട്ടി വിട്ടു.
ലക്ഷണം പറയുന്ന തിരക്കിൽ എല്ലാവരും നീട്ടിയ കൈയിൽ ശ്രദ്ധിച്ച് കുറത്തിയുടെ ഭാവി പ്രവചനം ശ്രവിക്കുകയായിരുന്നു. അതിനിടയിൽ ചീട്ടെടുക്കുന്ന തത്തയുടെ കൂട് തുറന്ന് തത്തയെ കൈയിലെടുത്തത് കുറത്തി പോലും അറിഞ്ഞില്ല! തത്തയെ പിടിച്ച് മുറ്റത്ത് വെച്ചപ്പോഴാണ് മനസ്സിലായത് തത്തക്ക് പാറാൻ കഴിയില്ലെന്ന്!
ശീട്ടെടുത്ത് ശീലിച്ച തത്ത  മുറ്റത്ത് കിടന്ന പ്ലാവിലകൾ ഓരോന്നായി കൊത്തിയിട്ട് കൊണ്ടേയിരുന്നു. പെട്ടെന്ന് തത്ത ശബ്ദമുണ്ടാക്കി. അപ്പോഴാണ് കുറത്തി തത്തപോയ കാര്യം  അറിയുന്നത്.
കൈ നീട്ടാതെ തന്നെ ൻറെ സൈദിൻറെ മുഖം നോക്കി കുറത്തി ഒരു പാട് ലക്ഷണങ്ങൾ പറഞ്ഞു!!!
അക്കാലത്ത് കുറത്തികൾ ധാരാളമുണ്ടായിരുന്നു. ഭാവി അറിയാൻ പലരും കുറത്തികളെ സമീപിച്ചു. ഇന്ന് ഇവറ്റകളൊക്കെ വംശനാശം നേരിട്ടോ? ആധുനിക കാലഘട്ടത്തിൽ ഭാവിക്ക് പ്രസക്തിയില്ലാതായോ?
അതോ ജനങ്ങൾക്ക് വിവരം വെച്ചോ?
എന്താണ് കുറത്തികൾക്ക് സം ഭി വിച്ചത്?
MRC

* പ്രവാസം

* പ്രവാസം
🌸🌸🌸🌸🌸🌸🌸
എൻ്റെ ചെറുപ്പ കാലത്ത്
നാട്ടിൽ ഒരു ഗതിയും പരഗതിയും ഇല്ലാത്തവൻ ഒരു ഉംറ വിസക്കെങ്കിലും ഗൾഫിൽ പോയി വന്നാൽ തന്നെ അവൻ നാട്ടിലെ പ്രമാണിയാവുകയും ചെറ്റകുടിലുകൾ കൊട്ടാരമാവുക്കുകയും ഏത് കറുത്തവനും വെളുത്ത് സുന്ദരനാവുകയും അവന് ചിന്തിക്കാൻ കൂടി കഴിയാത്തിടത്ത് നിന്നും വിവാഹവും
യാത്ര ചെയ്യാൻ ആ കാലത്തെ മുന്തിയ തരം വാഹനം കൂടെ നടക്കാൻ കൂലിയും വേലയും ഇല്ലാത്ത കുറേപേരും
തലയിൽ ഒാട്ടയുള്ള തൊപ്പിയും നീലം മുക്കി തേച്ച വെളുത്തഷർട്ടും ഡബിൾ വേസ്റ്റ്തുണിയും ഉടുത്ത് നല്ല മണമുള്ള സ്പ്രേയും അടിച്ച് പോവുന്നത് കാണുംബൊ ഗൾഫ് മാത്രമായിരുന്നു സ്വപ്നം

 ചിലർ സാമ്രാജൃം തന്നെ കൈക്കലാക്കുകയും അതുവരെ നാട്ടിലും  കുടുംബത്തിലും സമൂഹത്തിലും ഒരു നിലയും വിലയും ഇല്ലാത്തവൻ അവനായിരുന്നു പിന്നെ നാട്ടിലെ എല്ലാം
പള്ളിക്കും മദ്രസക്കും സംഭാവനയും കല്ലൃാണ നിശ്ചയത്തിനും മധൃസ്ഥതക്കും കാരണവരായും ഒക്കെ കാണ്ടിരുന്നപ്പൊ ഗൾഫിൽ പോവാൻ തന്നെ ആഗ്രഹിച്ചു

അതിനായി പത്താം ക്ലാസ് കഴിഞ്ഞ ഉടനെ
പതിനാറാം വയസ്സിൽ ഇരുപത്തി ഒന്നിൻ്റെ പാസ്പോർട്ടും എടുത്ത് ഒരു വിസക്കായി അനൃേഷിച്ചു നടന്നു. ഉംറ വിസക്ക് പോവുന്ന കാലമായിരുന്ന അക്കാലത്ത് അതിനും ശ്രമിച്ചു ആ ശ്രമവും നടന്നില്ല.

 കാലങ്ങൾ മുന്നോട്ട് പോയി പാസ്പോർട്ട് ഒരു വട്ടം പുതുക്കി അപ്പോഴേക്കും  നാട്ടിൽ തന്നെ പല ജോലിയും ചെയ്ത് കുഴപ്പമില്ലാത്ത രൂപത്തിലായിരുന്നുജീവിതം.

 എന്നാലും ഗൾഫീന്ന് വരുന്നവരെ കാണുംബോ ഒരു ആശ മനസ്സിൽ വന്നിരുന്നു ആരങ്കിലും പരിചയക്കാരായ  ഗൾഫു കാരെ കണ്ടാൽ ഒന്നു ചോദിക്കും വിസയുണ്ടോ  അപ്പൊ അവരുടെ മറുപടി ഇങ്ങനെയാവും
'''
'''അൻക്കിപ്പൊ  നല്ല സുഖല്ലേഎത്തിനാ ഈനല്ല പണി ഒഴിവാക്കി അങ്ങോട്ട് പോരുന്നത് എന്നായിരുന്നു  മറുപടി

അന്ന് ഞാൻ കരുതി ഞാൻ ഇവരെ പോലെ പണക്കാരനാവുന്നത് കൊണ്ടുള്ള കിബ്റ് കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നായിരുന്നു.

ലീവില് വന്ന ചിലർ തിരിച്ച് പോവുന്ന അവസ്ഥ ആലോചിച്ച്
 വല്ല ഇലക്ട്രിക് പോസ്റ്റിലോ ചീനി മരത്തിൻ ചുവട്ടിലോ ഒറ്റക്കിരുന്ന് ചിന്തിക്കുന്നത് കണ്ടപ്പൊ
അപ്പൊഴും കരുതി ഇവർ ഗൾഫിൽ പോയി പത്ത് കാശുണ്ടായപ്പൊ അതിൻ്റെ ഗമയിൽ ഞമ്മളെ കണ്ടപ്പൊ മിണ്ടാത്തതാണന്ന്..
എല്ലാം തിരിച്ചറിഞ്ഞത് പ്രവാസി ആയപ്പോഴായിരുന്നു.

  കാലങ്ങൾവീണ്ടും മുന്നോട്ട് പൊയി ഇനി ഒരു ഗൾഫ് കാരനാവും എന്ന് ഒരു പ്രദീക്ഷയും ഇല്ലാതെ ചെയ്യുന്ന  ജോലിയുമായി  പോവുന്ന സമയത്താണ് വിസ വന്നെത്തിയത്

അങ്ങിനെ ഞാനും33-ാംവയസ്സിൽ പല പ്രതീക്ഷയും സ്വപ്നം കണ്ട്  ഒരു പ്രവാസിയായി.
 ഗൾഫിലെത്തി ഇപ്പൊ വർഷങ്ങൾ കഴിഞ്ഞു

 നാട്ടിൽ നിന്നും എൻ്റെ മനസ്സിലെ ഗൾഫും പ്രവാസികളേയുമായിരുന്നില്ല ഞാനിവിടെ കണ്ടത്...

ജീവിതാഭിനയത്തിന് അവാർഡ് പ്രകൃാപിക്കുകയാണങ്കിൽ അർഹരായ ഒരു പാട് പെരെ ഞാൻ ഇവിടെ കണ്ടു

ചിലർ ഒരു ലീവ് പോലുമില്ലാതെ യന്ത്രം കണക്കെ പണി എടുക്കുന്നവർ

നാട്ടിൽ കൊട്ടാരത്തിൽ താമസിക്കുന്നവർ മഴ പെയ്താൽ തുള്ളി വെള്ളം പുറത്ത് പോവാത്തതും ഇടിഞ്ഞു വീഴാറായതും നാട്ടിൽ നിന്നും വംശ നാശം സംബവിച്ച മൂട്ട കൂറ പല്ലി പോലത്തെ ജന്തുക്കളുമുള്ള താവളത്തിൽ  താമസിക്കുന്നവർ

വീട്ടിൽ ഒാരോറൂമിലും രാജധാനി കട്ടിലും അറ്റാച്ച്ട് ബാത്തുറൂമും ഉള്ളവർ സമയക്രമം അനുസരിച്ച് കൃൂനിന്ന് പ്രാഥമിക കാരൃങ്ങൾക്കായി കാത്തു നീൽക്കുന്നവർ

നാട്ടിലാവുംബോ ചെറിയ അസുഖങ്ങൾക്ക് പോലും സൂപ്പർ സപെഷൃാലിറ്റി ഹോസ്പിറ്റൽ തേടി പോവുന്നവർ പെനഡോളും ടൈഗർബാമും വേദന സംഹാരികളും വച്ച് അഡ്ജസ്റ്റ് ചെയ്യുന്നവർ

നാട്ടിൽ സ്വന്തം വീട്ടിലേക്കുള്ള ചെറിയ സാധനങ്ങൾ പോലും കൊണ്ട് പോവാൻ കൂലി ക്കാരനെ കൂടെ കൊണ്ട് പോവുന്നവർ ഭാരമുള്ള സാധനങ്ങൾ നാലും അഞ്ചും നിലയുള്ള ബിൽഡിംഗ് മുകളിലേക്ക്  ചുമന്ന് കൊണ്ട് പോകുന്നവർ

നാട്ടിൽ എത്തിയാൽ മീൻ മാർക്കറ്റിൽ നിന്നും മുന്തിയ തരം മീൻ കഷ്ണങ്ങളാക്കി വില പോലും ചോദിക്കാതെ വാങ്ങുന്നവർ സധാരണക്കാൻ്റെ  മത്തിയും വാങ്ങി  മെസ്സ് റൂമിൽ നീന്നും റേഷനിൽ കിട്ടുന്നത് ഭക്ഷിക്കുന്നവർ

 വീട്ടിൽ രാവിലെ പാകം ചെയ്ത ഭക്ഷണം രാത്രി ഭക്ഷിക്കാത്തവർ നാല് ദിവസത്തേക്കുള്ളത്  പാകം ചെയ്ത് ഫ്രഡ്ജിൽ വച്ച് കഴിക്കുന്നവർ

നാട്ടിലെ നേർച്ചയിലും മറ്റും വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങൾ വാങ്ങാൻ മടിക്കുന്നവർ റമളാനിൽ  സൗദികൾ വിതരണം ചെയ്യുന്ന  ചോറിനായി  വരി നിൽക്കുന്നവർ

നാട്ടിലെ ഹോട്ടലിൽ നിന്നും അര ചായ കുടിക്കുന്നവർ ബൂഫിയയിൽ നിന്നും ഒരു ചായയും ഒരു പ്ലാസ്റ്റിക് ഫ്രീ ക്ലാസ്സും വാങ്ങി ഒര് ചായ രണ്ടണ്ണമാക്കുന്നവർ

നൂറ് അടി പോലും നടക്കാത്തവർ ഏത് പൊരിവെയിലത്തും കിലോമീറ്റർ ദൂരം റോഡീലൂടെ നടന്ന് ലക്ഷൃ സ്ഥാനത്ത് എത്തുന്നവർ

കച്ചവട തിരക്കിൽ പെരുന്നാൾ പോലും ആഘോഷിക്കാതെ പണി എടുക്കുന്നവർ

നാട്ടിൽ വച്ച് നല്ല ചുറു ചുറുക്കോടെ കണ്ടിരുന്ന ചിലരെ കണ്ടാൽ  തിരിച്ചറിയാത്ത വിതം ആകെ നരച്ച് പ്രായമായവരെ പോലെ തോന്നിക്കുന്നു
നാട്ടിലെ വായാടികൾ ഇവിടെ പഞ്ച പാവങ്ങൾ

ഇതൊക്കെ കാണുംബോൾ വടി കൊടുത്ത് അടി വാങ്ങിയവൻ്റെ അവസ്ഥയായിരുന്നു എൻ്റെത്

ഉള്ള ജോലിയും സുഖവും വലിച്ചെറിഞ്ഞ് കാരാഗ്രഹത്തിലെത്തപ്പെട്ടവൻ്റെ അവസ്ഥ

പല വട്ടം തിരിച്ച് പോരാൻ ശ്രമിച്ചു ഗൾഫിലേക്ക് പോന്ന ബാധൃത ആലോചിച്ച് പിടിച്ചു നിന്നു ഇവിടെ വരെ എത്തി.
ഇപ്പൊ ഗൾഫ് വിട്ട് പോവുന്നതിനെ കുറിച്ച് ചിന്തിക്കാൻ വയ്യാത്ത അവസ്ഥയിലും.

കുറച്ച് കാലത്തെ പ്രവാസത്തിനിടക്ക് ഇതിൻ്റെ ഒക്കെ മറ എന്താണന്ന് ഞാനും പഠിച്ചു നല്ലൊരു നടനായി.

 എന്നാലും ഒരുസംശയം ഇപ്പഴും ബാക്കിയായി നിൽക്കുന്നു

ഒന്നും ഇല്ലാത്തവൻ ഗൾഫിലെത്തി പെട്ടന്ന് ഒരു വർഷം കൊണ്ട്  തന്നെ നാട്ടിലെ വലിയപണക്കാരനായിരുന്നതിൻ്റെ ഗുട്ടൻസ് എങ്ങിനെ ആയിരുന്നു എന്നത് ഒരു ചോദൃ ചിഹ്നമായി അവശേഷിക്കുന്നു ⚫
😍😍😍😍😍😍😍
kmk

സ്നേഹം പകരുന്ന എന്റെ ദേശം


സ്നേഹം പകരുന്ന എന്റെ ദേശം🌿                                                      ഇന്ത്യൻ സ്വാതന്ത്ര്യസമര കാലത്തെ പോരാട്ടങ്ങളുടെ കഥയുണർത്തുന്ന മർഹൂം മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബിന്റെ നാമം കൊണ്ട് അന്തസുറ്റ എ ആർ നഗർ പഞ്ചായത്തിന്റെയും                                                    ചേറൂർ ശുഹദാക്കളുടെ ആത്മീയ ചൈതന്യം കൊണ്ട്  ചരിത്ര പ്രകാശം വിതറിയ വേങ്ങര പഞ്ചായത്തിന്റെയും വിരിമാറിൽ ഹരിത ഭംഗി നിറഞ്ഞു നിൽക്കുന്ന കക്കാടം പുറം.                                                                             ദേശീയപാതയിൽ നിന്ന് കറുപ്പ് വിരിച്ച പുരോഗമന പാതയിലൂടെ ഒന്നര കിലോമീറ്റർ കിഴക്ക്   സഞ്ചരിച്ചാൽ പുതിയ കാലത്തിന്റെ പുത്തനുണർവും പഴമയുടെ പെരുമയും സംഗമിച്ച ആ നന്മ നിറഞ്ഞ നാടിന്റെ ഹൃദയം തൊട്ടറിയാം.           ആ സുന്ദര ദേശത്തിന്റെ ഇരുവശവും പച്ചവിരിച്ച വയലുകളും തോടുകളും എന്നും കണ്ണുകൾക് കുളിർമ നൽകുന്ന കാഴ്ചകളാണ്.. മഴവർഷിക്കുന്ന മാസങ്ങളിൽ നിറഞ്ഞ് കവിഞ്ഞൊഴുകുന്ന തോടുകളും പഞ്ചായത്ത് കുളങ്ങളും പള്ളിക്കുളങ്ങളും ഇന്നും ബാല്യങ്ങൾക്ക് ആവേശനിമിഷങ്ങളെ സമ്മാനിക്കുന്നു.            പാരമ്പര്യ ഇസ്ലാമിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ ജാഗ്രത പുലർത്തുന്ന പല വര്ണങ്ങളുടെയും ആശയങ്ങളുടെയും സംഘടനകളുടെയും കൊടികൾ പാറിപ്പറക്കുന്ന എന്റെ ദേശം പരസ്പര സ്നേഹത്തിന്റെയും മത സൗഹാർദ്ദത്തിന്റെയും കാര്യത്തിലും മാതൃകയാണ്.               സാംസ്കാരിക സാമൂഹിക കലാ കായിക പ്രതിഭകൾ വളർന്നു വരുന്ന എന്റെ ദേശത്തിന്റെ ഹൃദയത്തോട് തൊട്ടുരുമ്മി നിന്ന് കൊണ്ട് അത്ഭുത പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന തത്തമ്മക്കൂട്  വാട്സ്ആപ് കൂടായ്‌മയും നാടിന്റെ നന്മക്ക് തിളക്കം കൂട്ടുന്നു.                                       പൂർവസൂരികളുടെ വഴിയേ സഞ്ചരിച്ച് ആ പാരമ്പര്യത്തെ നെഞ്ചിലേറ്റിയ  കോന്തുനായരും  മമ്പുറം തങ്ങളും വച്ചുപുലർത്തിയ സൗഹാർദത്തിന്റെ തനിമ നഷ്ടപ്പെടാതെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു രീതി ഇന്നും നാട്ടുകാർക്ക് സന്തോഷ ജീവിതത്തെ അസ്വാധന പൂർണമാക്കാൻ സഹായിക്കുന്നു...                              മറ്റെല്ലാ ഗ്രാമങ്ങളിലും മാറ്റങ്ങൾ സംഭവിച്ചത് പോലെ എന്റെ ദേശവും മാറിയെങ്കിലും      ജാതിമത വേർതിരിവുകൾ ഇവിടുത്ത്‌കാർക്ക് പരിചയമില്ല..                                   ബാല്യകാലത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ അകതാരിൽ ഒളുപ്പിച്ചു വെച്ച് ഇന്നീ പ്രവാസത്തിന്റെ സന്തോഷം നിറഞ്ഞ ജീവിതത്തിൽ മനസ്സ് നിറയുമ്പോഴും അറബിക്കടലിന്നപ്പുറത്തെ എന്റെ കക്കാടംപുറം ദേശത്തെത്താൻ മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നു...                          നാഥൻ തുണക്കട്ടെ.....                                                                                                                     
✍🏻 മുജീബ് കെസി

💗💓💞 മുഹബ്ബത്ത്💓💗❤

💗💓💞 മുഹബ്ബത്ത്💓💗❤

വാർദ്ധക്യം ഉമ്മറത്ത് എത്തി നിൽക്കുന്നതിന്റെ ലക്ഷണമെന്നോണം താടിയിലും തലമുടികൾക്കിടയിലും നിറമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു.
അതിനെ  പ്രതിരോധിക്കാനെന്നവണ്ണം മൈലാഞ്ചി ഇട്ട് മൊഞ്ചാക്കിയിരിക്കുന്നു.
മൈലാഞ്ചി ഇട്ട് മൊഞ്ചാക്കിയ താടി കണ്ടാൽ ഹാജിയെ ആരും ഒന്ന് നോക്കി പോവും. അതുപോലൊരു നോട്ടത്തിന്റെ അവസാനത്തിലാണ് ഞാനും ഹാജിയും അടുക്കുന്നത്.ആദ്യമാദ്യം പള്ളിയിൽ വെച്ച് കാണുമ്പോൾ ഒരു പുഞ്ചിരിയിൽ ഒതുങ്ങി ഞങ്ങൾ തമ്മിലുള്ള പരിചയം അത് പിന്നീട് ഒരേ നാട്ടുകാരാണന്ന തിരിച്ചറിവൂടെ ദൃഢമായ സൗഹൃദത്തിലേക്ക് വഴിയൊരുക്കി. ആഴ്ചയിൽ ഒരിക്കൽ മാത്രം കാണുന്ന ആ സൗഹൃദം ഇന്നും തുടർന്നു പോരുന്നു ഞങ്ങൾ.

ആണ്ടുകൾ ഇരുപത്തി അഞ്ച് കഴിഞ്ഞിരിക്കുന്നു ഹാജി പ്രവാസം തുടങ്ങിയിട്ട് ഒരു കമ്പനിയിൽ അറബികളുടെ തോപ്പ് കടയിൽ മാനേജരായി ജോലി നോക്കുന്നു.
പെൺമക്കൾ രണ്ടാളെയും കെട്ടിച്ചയച്ചു. ഒരു മകനുള്ളതിനെയും നല്ല പ്രായത്തിൽ വിവാഹം നടത്തി കൊടുത്ത് അവൻ നാട്ടിൽ ബിസിനസുമായി കഴിയുന്നു. തരക്കേടില്ലാത്ത ജീവിത ചുറ്റുപാടിലെത്തിയിട്ടുണ്ട്.എന്നിട്ടും എന്തേ ഹാജി പ്രവാസം നിർത്താത്തത് പലപ്പോഴു ഒരു ചോദ്യമായി എന്നിൽ ഉയർന്ന് വന്നു. എന്തോ ചോദിച്ചില്ല എന്തെങ്കിലും കാര്യമില്ലാതിരിക്കില്ല എന്ന് സ്വയം ഉത്തരം കണ്ടെത്തി ഞാൻ സമാധാനിച്ചു,,,,,

കാലം എന്നെയും മൂപ്പരെയും സൗഹൃദം എന്ന വലയത്തിനുള്ളിലാക്കി മുമ്പോട്ട് നീങ്ങവേ ഹാജിയെ കാണാറുള്ള സ്ഥലങ്ങളിൽ ഒന്നും തിരേ കാണാതായി. അറിയുന്നവരോടൊക്കെ തിരക്കി ആർക്കും വെക്തമായ മറുപടി തരാൻ കഴിഞ്ഞില്ല. ആധുനിക സംവിധാനം ഉപയോഗിച്ചു ഫലമുണ്ടായില്ല.
ആഴ്ചയിലെ കൂടികാഴ്ചക്കുള്ള കാത്തിരിപ്പ് മാസം രണ്ട് കഴിഞ്ഞിട്ടും വെറുതെയായി. എന്റെ കാത്തിരിപ്പിനവസാനമെന്നോണം ഹാജി വീണ്ടും അതാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ങ്ങള് നല്ല ആളാ എന്തൊരു പോക്കാണ് ങ്ങള് പോയത് ഒരു വിവരവും തരാതെ,,,,

ശരിയാണ് എന്തൊരു പോക്കാണ് ഓള് പോയത് ഒരു മുന്നറിയിപ്പും തരാതേ പടച്ചവന്റെ വിളിക്കുത്തരം നൽകികൊണ്ട്,,,,
എന്റെ ചോദ്യത്തിന് മറുപടി എന്നോണം ഹാജി യിൽ നിന്ന് കിട്ടിയ മറുപടി ഇന്നും എന്റെ മനസിൽ തട്ടി നിൽക്കുന്നു,,,,

തന്റെ നല്ലപാതി തന്നെ തനിച്ചാക്കി പോയത് ഹാജിയുടെ മനസിൽ തെല്ലൊന്നുമല്ല ശ്യൂന്യത ഉണ്ടാക്കിയതെന്ന് അയാളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു.

അയാൾ പറഞ്ഞ് തുടങ്ങി.
കാലം ചെറുപ്പത്തിൽ എന്റെ ഇണയായി എന്റെ ഉയർച്ചയിലും താഴ്ചയിലും എനിക്ക് താങ്ങും തണലുമായി എനിക്കു തുണയായി വന്നവൾ. ഓർത്തെടുക്കാൻ ഒരു പാട് സുന്ദര നിമിഷങ്ങൾ ബാക്കിവെച്ച് അവർ എന്നെ തനിച്ചാക്കി ഒരു മുന്നറിയിപ്പുമില്ലാതെ എനിക്കു മുമ്പേ പോയി. എനിക്ക് മുമ്പേ അവൾ പോകുമെന്ന് അവൾ പറഞ്ഞ വാക്കുപാലിച്ചിരിക്കുന്നു. എന്നെയും മക്കളയും തനിച്ചാക്കിയിട്ട്  അവൾ നാഥനിലേക്ക് യാത്രയായിരിക്കുന്നു,,,

ഇടറിയ ഹാജിയുടെ വാക്കുകൾ അവസാനിക്കും മുമ്പ് ഞാൻ കേറി ഇടപെട്ടു....
എന്തേ ഇക്കാ നിങ്ങൾ ധൃതി പിടിച്ച് വീണ്ടും തിരിച്ച് പോന്നത് കാലങ്ങളായി എന്റെ മനസിൽ ഉടലെടുത്ത സംശയത്തിന്ന് ഉത്തരമടങ്ങിയതായിരുന്നു അതിനുള്ള ഹാജിയുടെ മറുപടി,,,,,,

തിരികെ ഒരു മടക്കം ആഗ്രഹിച്ചതല്ല അവളില്ലാത്ത വീട്ടിൽ.
എനിക്ക് ഒരു കുറവുമില്ലാതെ മക്കളും മരുമക്കളും എന്നെ പരിഗണിച്ചാലും ഓൾക്ക് പകരമാവില്ല ഒരാളും,,,,
ഓളില്ലാതെ എന്തോ,,
പറഞ്ഞ് തീർക്കും മുമ്പേ ഹാജിയുടെ ശബ്ദം ഇടറി കണ്ണുകൾ ഈറനണിഞ്ഞു. ഞാൻ വായിച്ചെടുത്തു അയാൾ പറയാതെ തന്നെ അവരുടെ മുഹബ്ബത്തിന്റെ എഴുതി തീരാത്ത അക്ഷരങ്ങളേ എന്നാൽ ആവുംവിധം,,,,,

നല്ലപാതിയെ കുറിച്ച് പറയുമ്പോൾ ഖൽബ് പിടക്കുന്നുണ്ടങ്കിലും കണ്ണുകൾ തുടച്ച് സംസാരം തുടർന്നു.....
ഖൈറുന് ആലോജന വരുന്നുണ്ട് അതും കൂടെ നടത്തണം അവസാനമായി ഒരു ഹജ്ജ് കൂടെ ചെയ്യണം. അവസാനം പറഞ്ഞത് എന്നിൽ ചോദ്യചിഹ്നമായി നിന്നില്ലെങ്കിലും ഖൈറു എന്ന പേര് എന്നിൽ വീണ്ടുംചോദ്യങ്ങൾ തീർത്തു,,,,

ആരാണ് ഇക്കാ ഖൈറു,,,, എല്ലാരെയും കെട്ടിച്ചയച്ചൂ എന്നല്ലേ മുമ്പ് പറഞ്ഞത്....
എന്റെ ചോദ്യം പ്രതീക്ഷിച്ചവണ്ണം ഹാജി പറയാൻ തുടങ്ങി.
ഖൈറു എന്റെ മോളെ പോലെ അല്ല അവൾ എനിക്ക് മോളാണ് ചെറുപ്പത്തിൽ ബാപ്പയെഷ്ടപ്പെട്ട യതീമായ ആ കുട്ടി. ഇന്നേ വരെ എന്നെ ബാപ്പാ എന്നും അവളെ ഉമ്മ എന്നുമാണ് വിളിച്ചിട്ടുള്ളൂ ആ വിളിയുടെ ആത്മാർത്ഥത ഞാൻ അറിഞ്ഞതാവാം ഈ വയസാംകാലത്തും എന്നെ പ്രവാസിയാക്കി ഇവിടെ നിൽക്കാൻ പ്രേരിപ്പിച്ചതും. പലരും കരുതുന്ന പോലെ ദുനിയാവിനോടുള്ള ആർത്തി കൊണ്ടല്ല മറിച്ച് എന്റെ അദ്വാനം കൊണ്ട് ഖൈറുവിനും ഒരു ജീവിതം തരപ്പെടുത്തണം എന്ന ആഗ്രഹം മാത്രണ്.അല്ലലില്ലാതെ പേരമക്കളുമായി കളിച്ചും ചിരിച്ചും കഴിയേണ്ട ഈ വാർദ്ധക്യത്തിലേക്ക് അടുക്കുന്ന ഈ സമയത്ത് എന്നെ ഈ മരുഭൂമണ്ണിൽ നിൽക്കാൻ പ്രേരിപ്പിച്ചത്,,,

പറഞ്ഞ് തീർത്ത സംസാരത്തിെലെവിടെയോ ഞാൻ തേടിയ ചോദ്യത്തിനുള്ള ഉത്തരം ഞാൻ കണ്ടെത്തി എന്നതിലുപരി ഞാൻ കണ്ടു  സ്വാർത്ഥതയുടെ ഈ ലോകത്ത് പണത്തോട് മാത്രം മുഹബ്ബത്ത് കാട്ടുന്ന ഈ ഭൂമിയിൽ സഹജീവികളോട് അടങ്ങാത്ത മുഹബ്ബത്തുള്ള കരുണയുടെ വറ്റാത്ത ഒരു അരുവി എനിക്കരികിലൂടെ ഒഴുകി പോവുന്നതായിട്ട്,,,,,,,,

     😎അന്താവാ അദ്നാൻ

തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല


തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല
➖➖➖➖➖➖
ബസ്സ്  സിനിമാഹാൾ ജംഗ്ഷനിലെത്തി.

മുൻപിൽ ഭയങ്കര ബ്ലോക്ക് സമയം വൈകിയാണ് വരുന്നത് തന്നെ...സ്റ്റാൻ്റിൽ പോലീസു കാരനുണ്ടങ്കിൽ സ്റ്റാൻ്റിൽ കയറൽ നിർബന്തമാണ്.....ഇനി എന്തു ചെയ്യും....

എന്താണ് ബ്ലോക്കിന് കാരണം എന്നറിയാൽ റോഡിൽ ഇറങ്ങിനോക്കി....
ദൂരെ നിന്ന് ഒരു പ്രകടനം വരുന്നത് കണ്ടു
എല്ലാവരുടെ കയ്യിലും ഒരു ബോർഡുണ്ട് എന്താണ് എഴുതിയത് എന്ന് കാണുന്നില്ല....
ബസ്സ് മെല്ലെ ഒന്നനങ്ങി പതുക്കെ നീങ്ങാൻ തുടങ്ങി.
 ബാക്കി കാഴ്ച്ചകൾ ബസ്സിനുള്ളിൽ നിന്നായി....
ബസ്സ് പ്രകടനത്തിനടുത്ത് എത്തി....
മുന്നിലെ ബോർഡിൽ കണ്ടു യുവതയെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ അണി ചേരൂ നാടിനെ രക്ഷിക്കൂ
അപ്പൊ മനസ്സിലായി ലഹരിക്കെതിരെയുള്ളതാണന്ന്...
പിന്നെ പ്രകടനത്തിലെ ഒരോ ബോഡും വായിച്ചു.....എല്ലാം ലഹരിക്കെതിരെയുള്ള  വളരെ നല്ല മുദ്രാവാകൃങ്ങൾ....

അപ്പോഴാണ്  ബോഡ് പിടിച്ച ചിലരെ ആ പ്രകടനത്തിൽ കണ്ടത്....
നല്ല പരിചയമുള്ള മുഖങ്ങൾ.എല്ലാം ടാക്സി ബസ്സ് തൊഴിലാളികൾ ഇരട്ട പേരിൽ അറിയപ്പെടുന്ന
സഹ പ്രവർത്തകർ....

സംഘാടകരും അവരാണന്ന് തോന്നിക്കുമാറ് പോക്കറ്റിൽ ബാഡ്ജ് പതിച്ചിട്ടുണ്ട്

കൂടെ
 കിടക്കുന്നവർക്കല്ലെ രാപനി അറിയൂ..

ഫുൾ ടൈം ഹാൻസ്,പാൻ പരാഗ് കഞ്ചാവ് പോലത്തവ ഉപയോഗിക്കുന്നവരും വിൽപന നടത്തുന്നവരും....
കയ്യിലുള്ള ബോർഡിൽ ലഹരി മുക്ത നാളേക്കായി അണി ചേരൂ.....എന്ന ബോർഡും
 കൂടാതെ  മുദ്രാവാകൃം വളരെ ഉച്ചത്തിൽ ഏറ്റ് വിളിക്കുന്നു....

വീണ്ടും ബസ്സ് മുന്നോട്ടു പോകാൻ കഴിയാതെ നിന്നു....
ഡോറിൽ ഇറങ്ങിനിന്നു അടുത്തു കൂടെ കടന്നു പോവുന്ന പ്രകടന കാഴ്ച്ച കണ്ടു.

 ബോർഡ് പിടിച്ച ഒരുവൻ നേരേ നോക്കി ചിരിച്ചു
അവൻ്റെ പോക്കറ്റിലെ ഹാൻസിൻ്റെ പാക്കറ്റ് തല ഉയർത്തി നിൽക്കുന്നു

 അവൻ്റെ പേര് വിളിച്ചു...
അവൻ മുദ്രാവാകൃത്തിൽ മുഴുകിയിരുന്നു....

മറ്റൊരുവൻ കൂടി അടുത്തു കൂടെ വരുന്നു ആൾക്ക് നടക്കാൻ പ്രയാസമുള്ള പോലെ...

പൂട്ട് കഴിഞ്ഞ പാടത്ത് നീർക്കോലി ഇഴയുന്ന പോലെ ചെറിയ മയക്കത്തിൽ.....
അങ്ങിനെ അങ്ങിനെ..
പല കാഴ്ച്ചകൾ....

  ബസ്സിൻ്റെ യാത്ര
 മുടങ്ങി ഇനി യാത്ര തുടരണമെങ്കിൽ രാത്രി 8മണിക്ക് ശേഷമാവും സ്റ്റാൻ്റിൽ നിർത്തിയിട്ട് അവിടത്തെ കാഴ്ചകൾ വീക്ഷിച്ചു.

അവിടെ ലഹരിക്കെതിരെ സാംസ്ക്കാരിക നായകൻമാർ പങ്കെടുക്കുന്ന പരിപാടിയുടെ സറ്റേജും ഒരുക്കിയിരിക്കുന്നു.

പ്രകടനം കഴിഞ്ഞ് യോദ്ധാക്കൾ താവളത്തിലെത്തി....

 ക്ഷീണിച്ചവശരായ ചിലർ നിർത്തിയിട്ട ബസ്സിനുള്ളിലും അവരുടെ താവളത്തിലുമായി പതിവ് തുടർന്നു...
   വേറെ ഒരുത്തൻ ബീഡിക്കുള്ളിലെ പുകല ഒഴിവാക്കി മരുന്ന് കയറ്റുന്നതിരക്കിലാണ്.
അവൻ്റെ പുറത്ത് തട്ടി  വിളിച്ചു നോക്കി..

ഹെയ് ഹെയ്...സുയ്പാക്കല്ലാ.ഇജ് പോയാ....കൊറെ നേരായി ഒന്ന് വലിച്ചിട്ട് ....അതുവരെ വലിക്കാത്ത വിശമം തീർക്കുന്ന തിരക്കിലാണ് അവൻ...

ആ ദിവസം അങ്ങിനെ കഴിഞ്ഞു.

അടുത്ത ദിവസം രാവിലെ ബസ്സ് സ്റ്റാൻ്റിലെത്തിയപ്പൊ ബസ്സ് കാത്തിരിപ്പ് ഷെഡിന് മുൻപിൽ ഒരാൾ കൂട്ടം പോലീസും ഉണ്ട്.....
  ഒന്ന് ഇറങ്ങി നോക്കി....
ഷെഡിനുള്ളിൽ ഒരാൾ കമിഴ്ന്ന് കിടക്കുന്നു
ഒരു സിറിഞ്ചും ചെറിയ ഒരു കുപ്പിയുമുണ്ട് അടുത്ത്...

സ്റ്റാൻ്റിലെ തട്ടു കടക്കാരനോട് കാരൃം തിരക്കി...
 ലഹരി കുത്തി വച്ച് ഡോസ് കൂടി മരിച്ചതാ......
 ആരാണന്ന് അറിയില്ല

അപ്പോഴേക്കും സ്ഥലം SI എത്തി ബോഡി മറിച്ചിട്ടു....
ആളെ കണ്ടു ഞെട്ടി...

കഴിഞ്ഞ ദിവസത്തെ  ലഹരിക്കെതിരെയുള്ള പ്രകടനത്തിലും ലഹരിക്കെതിരെയുള്ള സതൃപ്രതിജ്ഞയിലും പങ്കെടുത്തവരിൽ ഒരുവനായിരുന്നു അത്....

ഇത്തരം ദുശ്ശീലങ്ങൾ പൂർണ്ണമായി തുടച്ചു നീക്കാൻ  ലഹരിക്ക് അടിമ ആയവർ സ്വയം തീരുമാനമെടുക്കുകയല്ലാതെ  സാധൃമല്ലാ എന്ന് ഇത്തരം സംബവങ്ങൾ തെളിയിക്കുന്നു.
➖➖➖➖➖
kMK

ഓർമ്മത്തുണ്ട്


തത്തമ്മക്കൂട് വാട്സ് ആപ്പ് കൂട്ടായ്മ പ്രസിദ്ധീകരിക്കുന്ന 'ഓർമ്മത്തുണ്ട്' അടുത്ത മാസം പുറത്തിറങ്ങും.  കഴിഞ്ഞ രണ്ട് വർഷക്കാലമായി ഈ വാട്സ് ആപ്പ് കൂട്ടായ്മ ഗ്രൂപ്പിൽ നടന്നു വരുന്ന 'പള്ളിപ്പറമ്പ്' കോളമാണ് ഇങ്ങനെയൊരു ചരിത്രദൗത്യത്തിന് പ്രചോദനമായത്.  ഓർമ്മ മങ്ങാത്ത  ഒട്ടേറെ നാട്ടുകാരുടെ ആത്മാർത്ഥവും ത്യാഗനിർഭരവുമായ പരിശ്രമത്തിലാണിതിന്റെ അണിയറ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. കഴിഞ്ഞ നാൽപ്പത് വർഷത്തിനിടയിൽ നമ്മുടെ പ്രദേശത്ത് നിന്ന് മരണപ്പെട്ടു പോയ മുപ്പത് ചെറുപ്പക്കാരെ കുറിച്ചുള്ള ജീവിതക്കുറിപ്പുകളാണ് ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നത്.  ഒരു ഗ്രാമം കേന്ദ്രീകരിച്ച് ഇങ്ങനെ ഒരു സംരംഭം മലയാളത്തിൽ തന്നെ ആദ്യത്തേതാണ്‌.  നമ്മിൽ നിന്ന് ഒരു മിന്നായം പോലെ മാഞ്ഞു പോയ കൂട്ടുകാരുടെ ഓർമ്മകൾ തലമുറകളിലേക്ക് പകർത്തി വെക്കുന്ന ഈ ചരിത്രദൗത്യം വിജയിപ്പിക്കണമെന്ന്  അഭ്യാർത്ഥിക്കുന്നു.

എന്ന്
വിശ്വസ്തതയോടെ,
അഡ്മിൻസ്,
തത്തമ്മക്കൂട്

Friday, 12 April 2019

അരീക്കൻ മൊയ്തീൻ കുട്ടി



പളളിപ്പറമ്പ് @  
അരീക്കൻ മൊയ്തീൻ കുട്ടി 


മൊയ്തീൻ കുട്ടി; മരണമില്ലാത്ത ഓർമ്മകൾ
--------------------------------------
എന്റെ ആത്മസുഹൃത്തുക്കളിൽ ഒരാളായിരുന്നു മൊയ്തീൻ കുട്ടി. സ്കൂളിലും മദ്രസയിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഒഴിവ് ദിവസങ്ങളും ഞങ്ങളൊന്നിച്ചാണ് ചെലവഴിച്ചിരുന്നത്.
നേരവും കാലവുമില്ലാത്ത കളികൾ. വൈകുന്നേരങ്ങളെ ആവേശഭരിതമാക്കിയ ഫുട്ബോൾ മൽസരങ്ങൾ. അവന്റെ വീടിനടുത്തുള്ള കോർട്ട് തന്നെയായിരുന്നു ഞങ്ങളുടെ പ്രധാന കളിക്കളം. വേനൽ കാലങ്ങളിൽ കുറ്റൂർ പാടത്ത് പന്ത് കളി തുടങ്ങിയാൽ പിന്നെ ഞങ്ങളുടെ തട്ടകം അങ്ങോട്ട് മാറും. അക്കാലത്ത് പല ടൂർണ്ണമെന്റുകൾക്കും കുറ്റൂർ പാടം വേദിയായിട്ടുണ്ട്. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു കുറ്റൂർ ലീഗ് മൽസരങ്ങൾ. പഠനം കഴിഞ്ഞ് കാര്യമായ ജോലിയൊന്നുമില്ലാതെ നാട്ടിൽ വെറുതെ നിൽക്കുന്ന നേരത്താണത്. കുറ്റൂർ നോർത്തിലെ മികച്ച ടീമിനെ കണ്ടെത്താനുള്ള മൽസരമായിരുന്നു. പൂർണ്ണമായും നാട്ടുകാർ മാത്രം കാണികളും കളിക്കാരും സംഘാടകരുമായ ടൂർണ്ണമെന്റ്.
അതിൽ  'യുവധാര' എന്ന ടീമിനെ  കളത്തിലിറക്കിയത് ഞങ്ങളായിരുന്നു. ഫുട്ബോളിന്റെ ബാലപാഠമറിയാത്ത ഞാൻ കോച്ചും മൊയ്തീൻ കുട്ടി മാനേജറും. ആ ടൂർണ്ണമെന്റിൽ ഞങ്ങളുടെ ടീമാണ് ജേതാക്കളായത്. കളിക്കമ്പക്കാരായ നാട്ടുകാർ മുഴുവൻ ഒത്തുകൂടിയ അത്ര ആവേശകരമായ ഒരു ടൂർണ്ണമെന്റിന് നമ്മുടെ നാട് പിന്നീട് സാക്ഷ്യം വഹിച്ചിട്ടില്ല.
കളിക്കളത്തിൽ തുടങ്ങുന്നതും ഒടുങ്ങുന്നതുമായിരുന്നില്ല ഞങ്ങൾക്കിടയിലെ സൗഹൃദം. ഓർമ്മകളെ പിറകോട്ട് കൊണ്ട് പോവുമ്പോൾ ഒരു പാട് കഥകൾ പറയാനുണ്ട്. ബാല്യത്തിന്റെ കുസൃതികളിലെല്ലാം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. തോട്ടിൽ നീന്താൻ പോവലും സൈക്കിൾ വാടകക്കെടുത്ത് ഓട്ടലുമൊക്കെയായിരുന്നു പ്രധാന ഹോബികൾ.
അന്നത്തെ സൗഹൃദത്തിന് വല്ലാത്ത ആത്മാർത്ഥതയായിരുന്നു. ഞങ്ങൾക്കിടയിൽ പങ്ക് വെക്കാത്ത സ്വകാര്യങ്ങളോ പകുത്ത് തരാത്ത സന്തോഷങ്ങളോ ഉണ്ടായിരുന്നില്ല.
ചെറിയ ചെറിയ യാത്രകൾ ഒരുപാട് ഞങ്ങൾ അക്കാലത്ത് നടത്തിയിട്ടുണ്ട്.  കൊണ്ടോട്ടി നേർച്ച അന്നത്തെ അതൃപ്പങ്ങളിലൊന്നായിരുന്നു. അവിടത്തെ കാഴ്ചകളിലും കൗതുകങ്ങളിലും ഒരു പാട് തവണ കറങ്ങി നടന്നിട്ടുണ്ട്.
പിറ്റെ ദിവസം അതിന്റെ രസം കൂട്ടുകാർക്കിടയിൽ പങ്ക് വെക്കാൻ അവന് നൂറ് നാവായിരുന്നു. സ്കൂൾ പഠനം കഴിഞ്ഞതോടെ ഉപജീവന മാർഗങ്ങളെ കുറിച്ച ആലോചനകളായി.
നാട്ടിൽ കുറച്ച് കാലം പണിയില്ലാതെ നിന്നിട്ടുണ്ട്. പ്രവാസം തന്നെയായിരുന്നു ഞങ്ങളുടെ സ്വപ്നം.
ആദ്യം കടൽ കടന്നത് അവനായിരുന്നു. ജോലി ഉദ്ദേശിച്ച് വ്യാപകമായി ഉംറ വിസക്ക് കയറുന്ന കാലമാണത്. അവൻ ആദ്യമായി പോയതും ഉംറ വിസക്കാണ്. ഞങ്ങളുടെ ആത്മബന്ധത്തിന്റെ ആദ്യത്തെ വേർപിരിയലായിരുന്നു അത്.അധികം കഴിയുന്നതിന് മുമ്പ് തന്നെ ഞാനും ഒരു പ്രവാസിയായി. ജിദ്ദയിൽ വെച്ച് ഞങ്ങൾ വീണ്ടും കണ്ടു മുട്ടി. ആ സൗഹൃദം പഴയ തീക്ഷ്ണതയോടെ നില നിന്നു. ഒഴിവ് സമയങ്ങളിൽ ഞങ്ങൾ ഫോണിലൂടെ നാട്ടുവിശേഷങ്ങൾ കൈമാറി.
കിട്ടിയ അവധി ദിനങ്ങളിൽ ഞങ്ങളൊത്തു കൂടി. പ്രവാസത്തിന്റെ വരണ്ട കാലങ്ങളിൽ ആ സൗഹൃദം സമ്മാനിച്ച ഗൃഹാതുരത്വം പറഞ്ഞറിയിക്കാനാവില്ല .അതിനിടയിൽ അവൻ നാട്ടിൽ വന്നു. ഒരു നിയോഗം പോലെ ഞാനും അന്ന് നാട്ടിലായിരുന്നു. ആ സമയത്തായിരുന്നു അവന്റെ കല്യാണം.  നികാഹിന്റെ വേളയിൽ തൊട്ടടുത്ത് തന്നെ ഞാനുമുണ്ടായിരുന്നു. അച്ചനമ്പലത്ത് നിന്നായിരുന്നു അവന്റെ കല്യാണം. അതിലൊക്കെ പങ്കെടുക്കാൻ സാധിച്ചത് വലിയ സന്തോഷം തന്നെയായിരുന്നു. പൊതുവെ പ്രവാസികൾക്ക് ഇത്തരം അനർഘ നിമിഷങ്ങൾ നഷ്ടമാവാറാണ് പതിവ്. എന്നാൽ പ്രവാസത്തിന്റെ അതിരുകൾ പോലും ഞങ്ങളുടെ ആത്മബന്ധത്തിന് മുന്നിൽ വഴി മാറി നിന്നു.
അവന് ഒരു കുഞ്ഞ് പിറന്ന സന്തോഷം ജിദ്ദയിലെ റൂമിൽ വന്ന നേരമാണ് പറഞ്ഞത്. അന്ന് ഒരു പാട് നേരം സംസാരിച്ചാണ് പിരിഞ്ഞത്.
അവന്റെ നടുക്കുന്ന മരണം കേൾക്കുമ്പോഴും ഞാൻ ജിദ്ദയിൽ തന്നെയായിരുന്നു. ആ ആത്മസുഹൃത്ത് ഇത്ര നേരത്തെ പോവുമെന്ന് ഒരിക്കലും കരുതിയതല്ല. ആ മരണ വാർത്ത വല്ലാത്തൊരു ഉൾക്കിടലമാണുണ്ടാക്കിയത്. അവന്റെ മയ്യിത്ത് നിസ്കാരത്തിലും പ്രാർത്ഥനയിലുമൊക്കെ പങ്കെടുക്കാൻ സാധിച്ചു. ഒരു ആത്മ സുഹൃത്ത് എന്ന നിലക്ക് എന്നും അവന്റെ ഓർമ്മകൾ എന്റെ ഉള്ളിലുണ്ടാവും. ആ പ്രിയ സുഹൃത്തിന്റെ പരലോക ജീവിതത്തിന്റെ നൻമകൾക്കായി പ്രാർത്ഥനകൾ നേരുന്നു◼


മജീദ് കാമ്പ്രൻ കുറ്റൂർ



ഇന്നും മരിക്കാത്ത ഓർമ🌿

ഇന്ന് കൂട്ടിലെ പള്ളിപറമ്പിൽ അനുസ്മരിക്കുന്നത് അരീക്കൻ മെയ്തീൻ കുട്ടിയാണെന്നറിഞ്ഞപ്പോൾ എനിക്കാദ്യം ഓർമയിൽ വന്നത്എന്റെ അമ്മവന്റെ മകനായ മെയ്തീൻ കുട്ടി എന്റെ ചെറുപ്പകാലത്ത്  വ്യാഴായ്ച്ചകളിൽ അവന്റെ വീട്ടിലേക്ക് വിരുന്നിന്ന് എന്റെ കൊണ്ട് പോകുവാൻ അവൻ ഞങ്ങളുടെ വീട്ടിലെക്ക് വരുന്നതും എന്റെയും കൂട്ടി ഊക്കത്ത് പാടത്തിലൂടെ അവന്റെ വീട്ടിലെക്ക് ഞങ്ങൾ നടന്ന് പോകുന്നതും വഴിയിൽ വലിയപീടികയിൽ നിന്ന് ഉറഏെസും മറ്റു വാങ്ങി തരുന്നതും ഇപ്പോഴും മരിക്കാത്ത ഓർമയായി നിൽക്കുന്നു.

ഗൾഫിവെച്ചായിരുന്ന അവന്റെ മരണം ഇപ്പോഴും വിശ്വസിക്കാൻ കഴിയില്ല.
അള്ളാഹു ഈ പരിശുദ്ദമായ ശഅബാൻ മാസത്തിന്റെ ബറക്കത്ത് കൊണ്ട് അവന്റെയും നമ്മിൽ നിന്നും മരിച്ച് പോയ എല്ലാവരുടെയും ഖബർ ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ ....🤲🤲


آمِيـــــنْ آمِيـــــنْ آمِيـــــنْ  يَا رَبَّ الْعَالَمِين

മുജീബ് ടി.കെ

കുന്നുംപ്പുറം.😭




Thursday, 4 April 2019

പിൻ നടക്കാൻ കൊതിപ്പിക്കുന്ന മധുരിക്കുംഓർമകൾ


കുരുത്തോല:  'ആരവങ്ങളൊഴിയാത്ത അവധിക്കാലങ്ങൾ'


പിൻ നടക്കാൻ കൊതിപ്പിക്കുന്ന മധുരിക്കുംഓർമകൾ
-------------------------------------------------
കുട്ടിക്കാലം മറക്കാനാവാത്ത ഓർമ്മകളുടെ ഏടുകളാണ്.
കുളത്തിൽ ചാടിയും മീൻ പിടിച്ചും പാടത്ത് കളിച്ചും മരം കയറിയും മാങ്ങാ പറിച്ചും ആഹ്ളാദിച്ചിരുന്ന ആ ബാല്യകാലത്തേയ്ക്ക് ഒരിക്കലെങ്കിലും തിരിച്ചു പോവാൻ കൊതിക്കാത്തവരായി ആരുണ്ട്.!
സ്കൂളിലും മദ്രസയിലും പോവുമ്പോഴും വിരുന്നിന് പോവുമ്പോഴുംമാത്രമായിരുന്നു കാലിൽ ചെരുപ്പിന് സ്ഥാനമുള്ളൂ...
പാടത്തും  പറമ്പിലും തോട്ടിലും കളിക്കളങ്ങളിലും എല്ലാം മണ്ണോട് ചേർന്നുള്ള കാലുകൾ ,
കല്ലും മുള്ളും കാലിനോട്  തോറ്റു പോയ കാലം 
അഥവാ  വല്ല കല്ലിലും തട്ടി കാല് മുറിഞ്ഞാൽ കമ്മ്യൂണിസ്റ്റ് അപ്പയിൽ  സുഖം പ്രാപിച്ചിരുന്ന കാലം അല്ലറ ദാരിദ്ര്യം ഉണ്ടെങ്കിലും  സന്തോഷം നിറഞ്ഞ നാളുകളായിരുന്നു., .

വാഴക്കയറ് കൊണ്ടുണ്ടാക്കിയ ക്ലീനർ  ഇല്ലാതെ ഓടാത്ത ബസ്സിൽ നിന്ന്
ചെരുപ്പ് വട്ടത്തിൽ വെട്ടിയുണ്ടാക്കിയ ഫുൾ ഓപ്ഷൻ വണ്ടിയിലേക്ക് മാറിയപ്പോൾ മനസ്സ് ഒത്തിരിയൊന്നുമല്ല സന്തോഷിച്ചത് ,
ഒരു BMW സ്വന്തമാക്കിയ
ആവേശമായിരുന്നു.

എന്ത് വേണമെങ്കിലും ഇഷ്ടാനുസരണം ലഭിക്കുകയും
 ഉറക്കിൽ നിന്നുണർന്നത് മുതൽ ഉറങ്ങാൻ കിടക്കുന്നത് വരെയും Mobilനോട് ചങ്ങാത്തം പങ്കിടുന്ന പുതു തലമുറക്ക് ഇതൊക്കെ ഉൾകൊള്ളാൻ സാധിക്കുമോ എന്തോ..!
സ്കൂൾ ജീവിതവും  കോമഡികളാണ്
അവസാന പിരീഡ് മുഴുവനും വൈകുന്നേരത്തെ കളിയെക്കുറിച്ചുള്ള പ്ലാനാണ്,
 ജനഗണമന കേൾക്കുമ്പോൾതന്നെ ഓടാൻ റെഡിയായി നിൽക്കും ജയഹേ... എന്ന് പറയുമ്പോൾ തന്നെ ക്ലാസും
 ബെല്ലടികഴിയുമ്പോൾ കോമ്പൗണ്ടും വിട്ടിട്ടുണ്ടാവും എത്ര തിരക്കില്ലാത്തവനും അവസാന ബെല്ലടിക്കുമ്പോൾ ഓടണം എന്ന സ്കൂൾനിയമം പോലെ എല്ലാവരും പാലിക്കും.
മിന്നുന്ന ഓർമകൾ ഒരു പിൻ നടത്തത്തിന് കൊതിയേറുന്നു
ആ കുട്ടിക്കാലം ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലെങ്കിലും ആ മധുരിക്കും ഓർമയിലൂടെ ഒരു ദിവസം സമ്മാനിച്ച തത്തമ്മ കൂടിന് ഒരായിരം നന്ദി
~~~~~~~~~~~~~~~~~~~
ശിഹാബുദ്ദീൻ നാലുപുരക്കൽ



എന്റെ അവധിക്കാല ഓർമ്മകൾ
  🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼   
ഓർതെടുക്കുമ്പോൾ  ഒരായിരം ഓർമ്മകൾ ഓടിയെത്തുന്ന ആ അവധിക്കാലം.
ഏറെ ആനന്ദം നിറഞ്ഞതായിരുന്നു. ഇന്നും  ആ  വണ്ടി ഉരുട്ടിയ മതിലും അണ്ടിതമ്പു കളിച്ച പറമ്പും പാളയിൽ ഇരുന്ന് കീഞ് ട്രൗസർ കീറിയ ചൗടികുന്നും ആലത്താപ്പൂന്റെ കുളത്തിൽ ചാടിയതും അട്ട കടിച്ചപ്പോ കൂട്ടത്തിലുള്ളവർ പൊട്ടിച്ചിരിച്ചപ്പോ ഞാൻ പൊട്ടിക്കരഞ്ഞതും കിട്ടിയ കട്ടയെടുത് കൂട്ടത്തിലുള്ളവനെ എറിഞ്ഞതും പാടത്തും പറമ്പിലും ഓടിനടന്ന് കൊട്ടക്കായി യും ചോക്കിപ്പഴവും പറിച്ചതും.  പ്രകൃതിയോട് വികൃതികൾ  കാട്ടിയതും എത്ര ഓർത്താലും മതിവരാത്ത മറക്കാൻ ശ്രമിക്കുമ്പോളെല്ലാം ഓർക്കാൻ കൊതിക്കുന്ന ഒരുപാട് സ്നേഹവും സന്തോഷവും അടിയും പിടിയും കുളിയും കളിയും ചിരിയും കരച്ചിലും എല്ലാം  കൂടിക്കലർന്ന അതിരുകളില്ലാത്ത സ്നേഹ സൗഹൃദത്തിന്റെ കഥ പറഞ്ഞ. മതിലുകളില്ലാത്ത വീടുകളുടെയും മതിൽ കെട്ടില്ലാത്ത മനസ്സുകളുടെയും സ്നേഹ കൈമാറ്റങ്ങൾ കൊണ്ട് സുന്ദരമായ ആ അവധിക്കാലം.   
  ഇനി വരില്ലല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം.     
  എങ്കിലും ആ ഓർമകളിൽ തത്തിക്കളിക്കുന്ന    നിമിഷങ്ങൾ മനസ്സിനു തരുന്ന ആനന്ദം അത് മതി ഇന്നീ ഒറ്റപ്പെട്ട ജീവിതത്തിൽ ഓർത്തിരിക്കാൻ.   ആ കൂട്ടും ആ കളിയും ആ ചിരിയും ഇരുത്തവും ഒരു രസം തന്നെ അല്ലെ.. 
എല്ലാം പോയി.. ഇന്ന് മക്കൾ പോകുമ്പോൾ തടയാൻ തോന്നാറില്ല. കളിയുടെ ഭാവവും
 കാലത്തിന്റെ കോലവും മാറിയത് കൊണ്ട് ചെറിയ ഒരാദി ഉള്ളിലുണ്ടെങ്കിലും അവരുടെ ആനന്ദത്തിന് ഞാൻ എതിർ നിൽക്കാറില്ല.
 അവർക്കും വേണ്ടേ ഇങ്ങിനെ ഓർക്കാൻ ഒരു കാലം..
 ഇടക്ക് ഇടക്ക് കാലത്തിന്റെ കൊലക്കേടിനെ കുറിച് ഓർമപ്പെടുത്തുന്നുണ്ടെങ്കിലും. നല്ല കൂട്ടുകെട്ടുകൾ നന്മയിലേകെ കൊണ്ടെത്തിക്കൂ എന്ന വിശ്വാസത്തിൽ ഇന്നിവിടെ ഇരുന്ന് തിരിച്ചു വരാത്ത ആരവങ്ങൾ ഒടുങ്ങാത്ത അവധിക്കാലത്തിന്റെ ആ ആനന്ദം മക്കളിലൂടെ തിരിച്ചു പിടിക്കുകയാണ്..  എങ്കിലും ഇരുട്ടത്തിരുന്നുകൊണ്ട് നിറമുള്ള സ്വപ്‌നങ്ങൾ കണ്ട ഇല്ലായ്മയുടെ ഇരുണ്ട  ജീവിതമായിരുന്നേലും.                   ആ..ബാല്യത്തിനോടാണെനിക്ക്.   എന്നും ഏറെ ഇഷ്ട്ടം..
💕       💕       💕    
മുജീബ് കെ സി✍🏻



ഓർമയിലെ അവധിക്കാലം
➖➖➖➖➖
കുട്ടി കാലത്തെ സ്കൂൾ അവധിക്കാല  ഒാർമ്മകൾ മറക്കാൻ കഴിയാത്തവ യാണ്. 

അക്കാലത്ത് എന്നെ പോലെയുള്ള സമ പ്രായക്കാർക്ക് പഠിക്കാൻ പോവുന്നതിനേകാൾ പ്രിയം കളിയോടായിരുന്നു.

വെള്ളിയാഴ്ച്ചയും ഞായറാഴ്ച്ചയും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷ ദിനങ്ങളായിരുന്നു.

ഇന്നത്തെ പോലെ വെക്കേഷൻ ക്ലാസുകളും എൻ്ട്രൻസ് കോച്ചിംങ്ങുകളും സാധാരണക്കാരൻ സ്വപ്നം കാണാൻ പറ്റാത്ത കാലം. 

ഇൻ്റർ നെറ്റും ടാബും കംബൃൂട്ടർ ഗയ്മുകളും.മാതാപിതാക്കളുടെയും ഫ്രൻ്റ്സിൻ്റെയും കൂടെ അവധികാല ടൂറുകളും ഇല്ലാത്ത കാലം.
അന്ന് സ്കൂളിലെ രണ്ട് മാസത്തെ അവധി കാലം എന്ത് രസമായിരുന്നെന്നോ...
.അവസാന ദിവസത്തെ പരീക്ഷയും കൂടി വേഗത്തിൽ കഴിഞ്ഞു കിട്ടിയെങ്കിൽ സ്വതന്ത്രനായി.എന്ന് കരുതിയിരുന്ന പ്രായം

 കീറി പറിഞ്ഞ മൂത്തവരുടെ കള്ളി തുണിയുടെ പകുതിയും മൂട് കീറിയ ട്രൌസറുമാവുു വേശം പൊടി മണ്ണിലും ചെളിയിലും  കിടന്ന് കളി കഴിഞ്ഞ് വീട്ടിലെത്തുംബോ ഒരു കോലമായിട്ടുണ്ടാവും

ചെരിപ്പിടാതെ കല്ലിലും മുള്ളിലും ചവിട്ടി
വിരലിൻ്റെ നഖം പോവലും മുള്ള് കുപ്പി ചില്ല് തറക്കലും നിതൃ സംബവുമായിരുന്നു.

ഒരടി ചെരിപ്പില്ലാതെ ഇന്ന് നടക്കാൻ സാധിക്കുമോ.

ക്രിക്കറ്റ് കളിക്കാരുടെയും ഫ്രീക്കൻമാരുടെയും ഫോട്ടോ വച്ച ടി ഷർട്ടും ബനിയൻ ക്ലോത്ത് പേൻ്റ്സും  ഒന്നും കണി കാണാൻ പറ്റാത്ത കാലം

സമ പ്രായക്കാരും  അയൽ വാസികളും കുടുംബക്കാരുമായ ആൺ പെൺ വൃതൃാസമില്ലാതെ ഒരുമിച്ചായിരുന്നു കളിച്ചിരുന്നത്
. ഒാലയും ഈന്തിൻ പട്ടയും കൊണ്ട്  കുറ്റി പുര ഉണ്ടാക്കി വീട് വെച്ചും, ഇലകൾ കൊണ്ട് പാത്രങ്ങളുണ്ടാക്കിയും ചിരട്ടയിൽ മണ്ണപ്പം ചുട്ടും.
ഒാല പുരകളും ഒാടിട്ട വീടുകളും അരങ്ങു തകർക്കുംബോ മണ്ണ് കുഴച്ച് മൺകട്ട ഉണ്ടാക്കി വാർപ്പിട്ട  അന്നത്തെ  സ്വപ്ന വീട് നിർമ്മിച്ചും.
  
 മദ്രസയും സ്കൂളും  ഉണ്ടാക്കി ഉസ്താതും. ടീച്ചറും  . ഹെഡ്മാസ്റ്ററും സദറുസ്ഥാദുമായുമൊക്കെ കളിച്ചും,
പോലീസും പോലീസ്സ്റ്റേഷനും. കള്ളനായും പോലീസായും. വഹള് പറയുന്ന പണഢിതനായും കളിച്ചിരുന്നു.
  കാഞ്ഞീര വള്ളി കൊണ്ട് വളയവും കയറ് കെട്ടി ബസ്സ് ഉണ്ടാക്കിയും  ഡ്രൈവറും കണ്ടക്ടറും യാത്രക്കാരുമായി കളിച്ചും.  
ഹവായി ചെരുപ്പ് കൊണ്ട് ടയറും,കുട കംബിയും ഉജാല കുപ്പിയും മട്ടലും  കൊണ്ട് വണ്ടി ഉണ്ടാക്കിയും. 
തക്കാളി പെട്ടി കൊണ്ട് ബസ്സും ലോറിയും ഉണ്ടാക്കിയും.
പല തരം  പ്രാവിനെ വളർത്തിയും.
 വായ പിണ്ടി കൊണ്ട് മൈക്ക് ഉണ്ടാക്കി സ്കൂൾ കലാ പരിപാടികളും നബിദിന പരിപാടികളും നടത്തിയും .
കൊത്തം കല്ലും സൈബർ, കണ്ണ് പൊത്തി കളി,അണ്ടി തംബ്,കരു, മോതിരം  കളി,തുടങ്ങിയ അക്കാലത്തെ ഗയ്മുകളായിരുന്നു.

മട്ടലും മരക്കഷ്ണവും കൊണ്ട് ബേറ്റ് ഉണ്ടാക്കി കൊയ്ത്ത് കഴിഞ്ഞ തോടിനോട് ചേർന്നുള്ള പാടത്ത്  ,ക്രിക്കറ്റും പന്ത് കളിച്ചും സമയം കഴിച്ചിരുന്നു.
ഇന്നാ പാടം നല്ല തോട്ടമായി തീർന്നു😥

സ്കൂൾ അവധിക്കാലം അധികവും മാങ്ങാ കാലത്തായിരിക്കും. പഴുത്ത് നിൽക്കുന്ന  മാവിൻ ചുവട്ടിൽ   വീഴാറായ മാംബഴം കാത്ത് നിന്നും. 
പറംബിലുള്ള എരണി മരത്തിൽ നിന്നും കൊഴിഞ്ഞു വീഴുന്ന എരണി പൂവും മുറ്റത്തെ മുല്ല വള്ളിയിലെ മുല്ല പൂവും പെറുക്കി പെൺകുട്ടികൾ മാലയുണ്ടാക്കിയിരുന്നു 

കൂട്ടു കാരുമൊത്ത് കുന്നും മലയും  തോടും  പാടവും ചോലയും ചുറ്റി കണ്ടും. ആരാൻ്റെ പറംബുകളിൽ കാഴ്ച്ച് നിൽക്കുന്ന നെല്ലി മരത്തിൽ കല്ലറിഞ്ഞും.    ഉടമസ്ഥരുടെ  ശകാരങ്ങൾ കേട്ടും.

കുംഭ മാസത്തിൽ തുടങ്ങുന്ന  ഉത്സവ പറംബിലെ ഉത്സവക്കാഴ്ച്ചകൾ കണ്ടും  .വീട്ടു കാരും അയൽ പക്കത്തുള്ളവരും സ്കൂൾ തുറന്നിരുന്നങ്കിൽ ഈ ശല്ലൃം തീർന്നേനെ എന്ന് പറയിപ്പിച്ചും.
സ്കൂൾ തുറക്കുന്ന  ദിവസം  വരെ കളിച്ചു തീർക്കുമായിരുന്നു.

സ്കൂൾ റിസൾട്ട് വരുന്ന ദിവസം മദ്രസ്സ വിട്ട് നേരെ പോവുന്നത് സ്കൂൾ നോട്ടീസ് ബോർഡിൽ തൂക്കിയ ലിസ്റ്റിൽ തൻ്റെപേരുണ്ടോ എന്ന് നോക്കാനാവും . 
പിന്നെ പഴയ പുസ്തകത്തിനായുള്ളള്ള നെട്ടോട്ടമായി. എത്രയോ കുട്ടികൾ കൈമാറി പഠിച്ചപുസ്തകം കയ്യിൽ കിട്ടുംബോൾ അന്നത്തെ ഭാഷയിൽ പറഞ്ഞാൽ എറച്ചീം പത്തിരീം......കുഴച്ച പോലെ ആയിട്ടുണ്ടാവും കീറി പറിഞ്ഞ പുസ്തകങ്ങൾ ശരിയാക്കുന്നതിനായി ഊക്കത്ത്  താമസിച്ചീരുന്ന ജിദ്ദൊട്ടിക്കാരുടെ അടുക്കലേക്ക് ഒാട്ടമായി അവിടെയും കീറിപറിഞ്ഞ പുസ്തകൾ തുന്നിക്കൂട്ടുന്ന തിരക്കാവും.
 പഴയ നോട്ട് ബുക്കിലെ നല്ല പേജുകൾ എടുത്ത് ഒട്ടിച്ച് ബുക്കാകിയും ഉപയോഗിച്ചിരുന്നു 

 പുതിയ യൂണീ ഫോമും മുന്തിയ തരം ബേഗും വാട്ടർ ബോട്ടിലും കുടയും പേനയുമൊന്നും കിട്ടാനില്ലാത്ത കാലം ഇവയും കഴിഞ്ഞ വർശത്തേത് പൊടിതട്ടി എടുക്കുന്ന തിരക്കിലാവും..
പിന്നെ സ്കൂൾ തുറക്കുന്ന ദിവസത്തിനായുള്ള കാത്തിരിപ്പായി .
ചിലർക്ക് സന്തോഷം മറ്റു ചിലർക്ക് ദുഖഃവും.

ഇന്നാ സ്ഥിതി മാറി 

ആ കാലത്തെ കളികൾ ഇന്ന് ടി വി ചാനലുകളിലെ വൈകുന്നേര പ്രോഗ്രാമുകളിലെ  ഗെയിമുകളായി വീടുകളിരുന്ന് കണ്ട് രസിക്കാനെ ഇന്നത്തെ കുട്ടിൾക്ക്  ഭാഗൃമുള്ളൂ.
⭐⭐⭐⭐⭐

കുഞ്ഞഹമ്മദ് കുട്ടി കെഎം



🤺🏑 'ചെറുപ്പകാലത്തെ കളിയോർമ്മ '🏌🏅

വേനലവധികാലം വന്നൽ പിന്നെ കളിയോണ്ട് കളിയാണ്.
ഇന്നത്തെ കാലത്ത് തീരെകാണാൻ കഴിയാത്തരു കളിയാണ് പട്ടം പറത്തൽ കളി.
ഞങ്ങളുടെ തറവാട് വീടിന്റെ അടുത്തുള്ള അത്തംപ്പുറം കണ്ടിയിൽ (പറമ്പ്) രാവിലെ തുടങ്ങും പല നിറങ്ങളിലുള്ള വർണ്ണകടലാസിൽ ഞങ്ങൾ തന്നെ ഉണ്ടാക്കിയ പട്ടങ്ങൾ പറത്തൽ.
  നൂലിൽ കെട്ടി പട്ടത്തെ വലിച്ച് കാറ്റിൽ പറന്ന് പറന്ന് കുറെ മുകളിലെത്തിയാൽ പട്ടത്തെ ചെറുതായി കാണുമ്പോൾ നൂലിന്റെ അറ്റത്ത് നിന്നും കടലാസിൽ എഴുതിട്ട് കത്തയച്ച് വിടും.
അധികം ഉയരത്തിലെത്തിയാൽ വിമാനത്തിൽ തട്ടും എന്ന് പറഞ്ഞ് നൂല് അഴിച്ച് വിടും.
പിന്നെ പട്ടത്തെ കാണില്ല.
കൂടുതൽ നൂൽ കെട്ടി അയക്കുന്നവനാണ് കളിയിലെ കേമൻ....

പിന്നെത്തെ കളിയാണ് (വീണാൽ വീണി ) വർഷാപ്പിലും മറ്റും കിട്ടുന്ന റബ്ബറിന്റെയും ഇരുമ്പിന്റെ ചെറിയ ടയർ (വട്ട്) അത് ഇല്ലിക്കോൽ കൊണ്ടുണ്ടാകിയ വടി കൊണ്ട് ഈ ടയർ വീഴാതെ വീടിന്റെ മുറ്റത്തും ഇടവഴിയിലൂടെയും ഉരുട്ടി വീണാൽ നമ്മുടെ ഒപ്പമുള്ള ആൾ അവിടെ നിന്നും ഉരുട്ടി തുടങ്ങും.
അതിൽ എറ്റവും കൂടുതൽ ദൂരം വീഴാതെ ഉരുട്ടിയ ആൾ ജയിക്കും.
ഇതെക്കെ അന്നത്തെ അവേശം നിറഞ്ഞ കളികളായിരുന്നു.
ഇന്ന് ഈ കളികളെന്നും നാട്ടിൽ പുറങ്ങളിലായാലും എവിടെയും കാണാനില്ല.

   MRC പറഞ്ഞ പോലെ ച്ചുള്ളിം പറിം കളിയും അണ്ടി തമ്പ്കളിയും പ്രധാന കളികളായിരുന്നു.
സ്കൂളിൽ പോകുമ്പോഴും സ്കൂൾ പൂട്ടിയ ഒഴിവ് ദിവസങ്ങളിലും എപ്പോഴും കയ്യിൽ കരികല്ല് കൊണ്ടോ മാർബിൾ കൊണ്ടോ ഉണ്ടാക്കിയ വട്ടത്തിൽ ഉണ്ടാക്കിയ സൂട്ടി ഉണ്ടാവും.
വല്യൂപ്പാനെ കാണാതെ പരിക്കിമുച്ചിയിൽ നിന്നും കുറച്ച് അണ്ടി എടുത്ത് കൂടുക്കാരോടെപ്പം അണ്ടിതമ്പ് കളിക്കാൻ പോകും.
കളിയിൽ കിട്ടിയ അണ്ടി കൊടുത്തിട്ട് കടലയും സർബത്തും വാങ്ങും.

  ഷിഹാബ് സാഹിബ് ഓർമയിലെ പോലെ സ്കൂൾ വിടാൻ അവസാന ബെൽ അടി കുമ്പോഴെക്ക് പുതിയത്ത്പുറായ സ്കൂളി നിന്നും വിട്ടിലെക്ക് ഹവായി ചെരുപ്പിൽ പത്ത് പൈസയുടെ വീതിയുള്ളറബർ ഇട്ട് വള്ളി ചെരുപ്പാക്കി തിരിഞ്ഞും മറിഞ്ഞും നോക്കാതെ ഒറ്റ ഓട്ടമാണ് വീട്ടിൽ എത്തിയതിന് ശേഷമാണ് നിൽക്കുക.

ചെറുപ്പത്തിലെ അവധികാലത്ത് മർമ്മ ചികിത്സാലയം നടത്തുന്നു വൈദ്യമാരുടെ അടുത്ത് കൈയും കാലും ഓടിഞ്ഞതും ചതഞ്ഞതുമായി ചികിത്സിക്കാൻ തിരക്കാവും.

  ചെറുപ്പത്തിൽ ഒരിക്കൽ ഞാന്നും എന്നെ ഒരു സ്നേഹിതനും കൂടി പള്ളിയിൽ നിന്നും ഇറങ്ങി പളളിപറമ്പിൽ ചെറിയ കല്ലെടുത്ത് എറ്റവും ദൂരെക്ക് എറിഞ്ഞ് കളിക്കുന്നതിനിടയിൽ ഞാൻ എറിയുമ്പോൾ കല്ല് അവന്റെ തലയിൽ തട്ടി ചോരയെലിച്ചതും ആളുകൾ കൂടി എന്നെ വഴക്ക് പറഞ്ഞതും വീട്ടിൽ എത്തിയപ്പോൾ ഉമ്മന്റെ അടുത്ത് നിന്ന് തല്ല് കിട്ടിയതും കളിയോർമയിൽ മറക്കാൻ കഴിയില്ല.
▪▫▪▫▪▫▪▫▪▫▪
മുജീബ് ടി. കെ 🖋



മറന്നുപോയ കളിഅടയാളങ്ങൾ
~~~~~~~~~~~~~
മാർച്ചിലെ പരീക്ഷ ചൂട്  കഴിഞ്ഞാൽ പിന്നെ രണ്ടു മാസം കളിയാരവങ്ങൾ തുടങ്ങുകയായി നാടെങ്ങും രാവിലെ മദ്രസ വിട്ട് വന്നാൽ തുടങ്ങുന്ന കളികൾ വൈകുന്നേരം മഗ്‌രിബ് വരെ തുടരും ഒരു  ഒഴിഞ്ഞ സ്ഥലം കിട്ടിയാൽ അവിടെ പന്തുകളിയും ക്രിക്കറ്റും എല്ലാം നടക്കും അതായിരുന്നു പോയകാലത്തെ കളിയോർമ്മകൾ 
നല്ലൊരു പന്തില്ലാത്ത കാലത്തു തുണിപന്തുകൊണ്ടു നമ്മളിൽ എത്രപേർ പന്തുകളിച്ചിട്ടുണ്ടാവും പിന്നീട് രണ്ടാം നമ്പർ പന്തും മൂന്നാം നമ്പർ പന്തും വന്നു പിന്നീട് അത് അഞ്ചാം നമ്പർ പന്തിലേക്ക് എത്തി 

ചെരിപ്പിട്ട് പന്തുകളിച്ച ഒരു തലമുറയും  പോസ്റ്റിന് പകരം കല്ലുവെച്ചതും നമ്മൾ മാത്രമായിരിക്കും പിന്നീട് ചില അഗലേർ ഇട്ട് കളിക്കാൻ തുടങ്ങി ഇന്നത് ബൂട്ടിൽ എത്തിനിൽക്കുന്നു 

പന്തുകളിയുടെ പ്രാന്തിൽ നിന്നും ക്രിക്കറ്റ് കളിയിലേക്ക് മാറി പിന്നീട് മൂന്ന് പൂള കൊമ്പുകൾ ഒരു മട്ടൽ ബാറ്റ് ഒരു റബർ പന്ത് നാലാളും ഉണ്ടായാൽ ഒരു ക്ലബ്ബായി ക്രിക്കറ്റ് കളി തുടങ്ങി 
ഫാസ്റ്റ്‌ ബൗളർമാർ സ്പിൻ ബൗളർമാർ വിക്കറ്റ് കീപ്പർമാർ ഒരു പാട് പേരെ ഇപ്പോഴും ഓർമ്മാവരുന്നു 

പന്ത് പെട്ടന്ന് പൊട്ടതിരിക്കാൻ ചെറിയ സൂചികൊണ്ട് ഓട്ടയിടുന്നതും പന്തു സികസർ അടിച്ചാൽ ഔട്ടാണ് എന്ന വിധിയും നമ്മുടെ നാട്ടിലെ ഉണ്ടാവൂ കാരണമായി പറയുന്നത് അപ്പുറത്തെ കാട്ടിലേക്ക് പന്ത് പോയാൽ ഔട്ട് പിന്നീട് പന്ത് കണ്ടെത്തി കൊണ്ടുവരേണ്ട ചുമതലയും ഈ സികസർ അടിച്ച മഹാന് തന്നെ 
കുറ്റൂർ നോർത്തിലെ കളി സ്ഥലങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു അൽഹുദക്ക് സമീപം ഉള്ള ഗ്രൗണ്ട് പലപ്പോഴും ക്രിക്കറ്റ് ടൂർണമെന്റ് അവിടെ നടക്കും കുറ്റൂരിലെ ക്രിക്കറ്റിലെ മുടിചൂടാമന്നൻ മാരായിരുന്നു കെ ടി പടിക്കാർ പിന്നെ ആലുങ്ങൾപുറായ കാർ നിലപറമ്പിലെ ചില വമ്പന്മാർ 

നിലപറമ്പിലെ ചരിത്രം പറയുകയാണെങ്കിൽ ഒരു പാട് ക്ലബ്ബുകൾ നിലനിന്നിരുന്ന ഒരു പ്രദേശമായിരുന്നു ബിസ്മി ക്ലബ് തവക്കൽ ക്ലബ് ക്ലാസിക് ക്ലബ്ബ് ഇനിയും ഉണ്ടാവും ചിലപ്പോൾ എന്നാൽ ഇവരെയെല്ലാം ഒരു കുടകീഴിൽ കൊണ്ടുവരാൻ പുതുതലമുറയ്ക്ക് സാധിച്ചു അതാണ് ഇന്ന് വളർന്നു പന്തലിച്ചു നാസ്ക് എന്ന ക്ലബ്ബായി കുറ്റൂരിലെ അഭിമാനമായി നിലകൊളുന്നത് 

പണ്ടത്തെ കളിയാരവങ്ങൾ ഓർക്കുമ്പോൾ മറക്കാൻ പറ്റാത്ത കുറെ കാര്യങ്ങൾ ഉണ്ട് ചിലപ്പോൾ ഒക്കെ വീട്ടിൽ നിന്നും രാവിലെ ഇറങ്ങിയാൽ കൂട്ടുകാരുടെ പലരുടെയും വീട്ടിൽ പോയി ഓരോ കളികളിൽ ഏർപ്പെടും അവിടുന്നു വേറെ കൂട്ടുകാരന്റെ വീട്ടിലേക്ക്പോകുന്ന വഴിക്ക് കിട്ടുന്ന പഴുത്ത മാങ്ങകൾ അതും കഴിച്ചു കൂട്ടുകാരുടെ വീട്ടിൽ എത്തുമ്പോൾ ചിലപ്പോൾ ഉച്ച ഭക്ഷണവും അവിടുന്നുതന്നെ പിന്നെയും നടത്തം കുന്നും മലയും കാടും കയറി എവിടെയൊക്കെ എത്താൻ പറ്റും അവിടെയെല്ലാം 
കിളിക്കൂട് തപ്പിയും അണ്ണാൻ കൂട് തപ്പിനോക്കിയും കാട്ടുകനികൾ തിന്നും വെയിലും കൊണ്ട് നടന്ന ഒരു കാലം 

സുന്ദരമാണ് ആ കാലം എത്ര കഴിഞ്ഞാലും അതൊന്നും മനസിൽ നിന്നും മായില്ല 

ഓർത്തു പറയാൻ ഇനിയുമുണ്ടാകും ഒരായിയും കളിയോർമ്മകൾ അത്രക്ക് സുന്ദരമായിരുന്നു ആ കാലം 
-----------------
✍ ജാബ്‌ അരീക്കൻ



💓💓 ബാല്യം ഓർമ്മകളുടെ പറുദീസയാണ് 💗💗💗
~~~~~~~~~~~~~~~~~~
വെറുതെയാണ് എന്നറിയാമെങ്കിലും ഒരുവേള ആരും കൊതിച്ച് പോവും ഒന്നുകൂടി ബാല്യകാലത്തെ തിരികെ ലഭിച്ചിരുന്നെങ്കിലെന്ന്,,,
നമുക്കും ഉണ്ടായിരുന്നു നമ്മുടെ ബാല്യത്തിൽ സ്വതന്ത്രമായ ഒരു അവധിക്കാലം ഇന്നത്തെ തലമുറ ബന്ധിക്കപ്പെട്ടതുപോലെ മൊബൈലിലോ ടാബിലോ ബന്ധിക്കപ്പെടാത്ത സ്വതന്ത്രമായ ഒരു അവധിക്കാലം,,,,
എത്ര ഓടിയാലും കിതച്ചു തളരാത്ത ബാല്യത്തെ ഇന്നു നാം എത്ര കൊതിച്ചാലും അത് തിരികെ ലഭിക്കുകയില്ല,,,
അന്നത്തെ അവധിക്കാലത്തെ കുറിച്ച് ഓർക്കുമ്പോൾ ഇന്നും ഒരു കുളിരാണ് മനസ്സിൽ,,,,,

ഇന്ന് കോഗ്രീറ്റ് കാടായി മാറിയ ഞങ്ങളുടെ അന്നത്തെ കളിസ്ഥലം.   വിശാലമായ മയമുട്ടിഹാജി സ്റ്റേഡിയത്തിന്റെ ഓരോ മുക്കിലും മൂലയിലും കണ്ടിരുന്നു ക്ലാസിക് എന്നും തവക്കൽ എന്നും റിലാക്സ് എന്നും പേരില്ലാതെ വീട്ടുമുറ്റത്ത് മറ്റ് പലരും വ്യത്യസ്ഥങ്ങളായ പേരിൽ ഒരേ വീട്ടിലുള്ളവരുടെ തന്നെ ക്ലബ്ബുകൾ. എല്ലാം ക്ലാസികിന്റെ പിൻമുറക്കാരാണങ്കിലും ഈ ക്ലബ്ബുകളുടെ എല്ലാം രൂപപ്പെടലുകളായിരുന്നു ഏറെ രസകരം. 

രണ്ട് മുളം പലക കഷ്ണവും തരക്കേടില്ലാത്ത MTB എന്ന തെങ്ങിൻ മടലും മൂന്ന് കഷ്ണം ഏതെങ്കിലും മര കുറ്റിയോ ഉണ്ടാങ്കിൽ സ്വന്തമായി ഒരു ക്ലബ്ബ് രൂപീകരണം ആർക്കും എളുപ്പമായിരുന്നു. ആ ബാറ്റിലും സ്റ്റമ്പിലും ഇഷ്ട കളിക്കാരന്റെ ബാറ്റിലെ അതേ പേര് വീട്ടിൽ എന്നെങ്കിലും ബാക്കി വന്ന പെയ്ന്റ് ഉപയോഗിച്ച് വർണ്ണ ശഭളമാക്കാനും മറന്നിരുന്നില്ല.
ഏതൊരു ക്ലബ്ബ് ക്യാപ്റ്റന്റെയും പിന്നാമ്പുറകഥ അന്വേഷിച്ചു പോയാൽ അറിയാം ആ ക്ലബ്ബിന്റെ രൂപീകരണകാരണം.അതിൽ ഏറെയും രൂപീകൃതമായത് ഫസ്റ്റ് ബോളും ഫസ്റ്റ് ബാറ്റും കൊടുക്കാത്തതിന്റെ പേരിലോ അല്ലങ്കിൽ കളിയിൽ തീരെ ബാറ്റോ ബോളോ കിട്ടാത്തതിന്റെ പേരിലോ ആയിരുന്നു.

ഉമ്മച്ചിക്കും ചെറിപ്പാക്കും പടച്ചോൻ കനിഞ്ഞു നൽകിയത് ആറിൽ അഞ്ചും ആണായത് മുൻകൂട്ടി കണ്ടിട്ടാണോ എന്നറിയില്ല ചെറിപ്പ വിശാലമായായ മുറ്റം വീടിനൊപ്പം പണികഴിപ്പിച്ചത്.പലപ്പോഴും ക്രിക്കറ്റിനാലും കാൽപന്തുകളിയാലും വീടിന്റെ മുറ്റം മിനി സ്റ്റേഡിയം ആവാറുണ്ട്. കളിയിലെ നിയമങ്ങൾ ബഹുരസമാണ് ആ നിയമങ്ങൾ പിറവി എടുക്കുന്നത് പലപ്പോയും വയസിൽ ഒരിച്ചിരി മൂത്തവരുടെ നിയ പുസ്തകത്തിൽ നിന്നാവും ഇന്നും വീടിൻമേൽ കാണാം മുറ്റം ബാല്യകാല കളി മൈതാനമാക്കിയതിന്റെ അടയാളങ്ങൾ,,,,,

ഞാറാഴ്ചകളിൽ മദ്രസയും വിട്ട് ചന്ദ്രകാന്തയും കണ്ട് കയ്യിൽ കിട്ടിയത് അകത്താക്കി കളിയാണ് മയമുട്ടിഹാജിയുടെ വിശാലമായ സ്റ്റേഡിയത്തിൽ ഏകദേശം മഗ്രിബിനോടടുക്കമ്പോൾ ഇമ്മച്ചിയുടെ ദൂതൻ വരും കളി നിർത്താനായതിന്റെ സൂചനയുമായി ദൂതനെ കൂസാകാതെ കളി തുടരും അടുത്തത്  ഇമ്മച്ചിയുടെ നേരിട്ടുള്ള വിളിയാണ് ഉമ്മച്ചിയുടെ ആ വിളി ഇന്നും മുഴങ്ങുന്നു എന്റെ കാതുകളിൽ. ഇത് എന്റെ മാത്രം ഇമ്മച്ചിയുടെ വിളി അല്ല മൈതാനത്തിന്റെ പല കോണിൽ നിന്നും ദൂദൻമാർ മുഖാന്തരവും നേരിട്ടും പല ഇമ്മച്ചിമാരുടെ വിളികൾ മൈതാനമാകെ അലയടിക്കുന്നുണ്ടാവും,,,,,

ബാല്യകാലത്ത് പല ഹറാമുകളെയും ഹലാലാക്കിയിരുന്നു സ്വന്തമായോ അതുമല്ലങ്കിൽ കൂട്ടുകാരുടെയോ മസ്അലകൾക്ക് അനുസൃതമായി കൊണ്ട്.അതിൽ ഇന്നും എന്നും ഞങ്ങളിൽ പലർക്കും ഓർമയിൽ വന്നു മറയുന്നതാണ് പാപ്പാട്ടെകുണ്ട്.
പാപ്പാട്ടെ കൈതചക്കയും മാങ്ങയും രുചിക്കാത്തവരായി ആരും ഇല്ലാ എന്ന് തന്നെ പറയാം. 
കട്ടു തിന്നലിന്റെ ബാലപാഠവും അതിന്റെ ഒരു മനസുഖവും ബാല്യകാലത്ത് ആവോളം അനുഭവിച്ചവരാവും ഞങ്ങളുടെ പ്രദേശത്തുകാരിൽ അധികം. അതൊരു പൈതൃക സ്വത്തായി അന്യം നിന്ന് പോവാതെ ഞങ്ങൾ നാട്ടുകാർ തലമുറതലമുറകളായി കൈമാറി പോരാൻ ഏറെ ശ്രദ്ധിച്ചിരുന്നു.

അവധിക്കാലത്ത് എങ്ങും രൂപം പ്രാപിക്കുന്നത് പോലെ നിരനിയായി കുട്ടി കച്ചവടക്കാരുടെ ഒരു നിര തന്നെ കാണാറുണ്ട്.പൈസ ഇല്ലാത്തവരിൽ നിന്ന് പൈസക്ക് പകരമായി അണ്ടി വാങ്ങി സാധനം കൊടുക്കാറാണ് പതിവ്. പലരുംകൊടുക്കുന്ന അണ്ടി ആവലണ്ടി എന്നാണ് പറയാറ് എങ്കിലും അത് ഏതെങ്കിലും ഹാജിയാരുടെ പറമ്പിലെ അണ്ടിയാണ് എന്നത് എല്ലാവർക്കും അറിയുന്ന ഒരു നഗ്നന സത്യമായിരുന്നു.
പത്ത് പൈസയുടെ നറുക്ക് ബോഡിൽ നിന്ന് 20 രൂപ ഒരാൾക്ക് നറുക്കടിച്ചപ്പോൾ പൊട്ടിക്കരഞ്ഞ സൂപ്പർ മാർക്കറ്റ് മുതലാളിയുടെ മുഖം ഇന്നും തെളിയുന്നു മനസിൽ,,,.

പറഞ്ഞാൽ തീരാത്ത അനുഭവങ്ങളുടെ കലവറയായിരിക്കും പലർക്കും ബാല്യവും ബാല്യകാലത്തെ അവധിക്കാലവും,,,,
മനസ് എന്ന വക്കു പൊട്ടിയ സ്ലേറ്റിൽ എന്തിട്ട് മായ്ച്ച് കളയാൻ ശ്രമിച്ചാലും എന്നും മായ്ഞ്ഞ് പോവാത്തതായി ഒന്നേ ഒള്ളൂ അതാണ് ബാല്യം,,,
ഇന്ന് നമ്മൾ ഓർക്കാറുണ്ടാവും വേദനയും പ്രയാസവും വരുമ്പോൾ
എന്നും ആ ബാല്യം തിരികെ കിട്ടിയിരുന്നങ്കിലെന്ന്,,,,,
~~~~~~~~~~~
അദ്നാൻ



വിരുന്നുകാരൻ
🍀🍀🍀🍀🍀🍀🍀🍀
അതിരാവിലെ പത്രവുമെടുത്ത് കസേര മുറ്റത്തിട്ട് വായിക്കാനിരുന്നു. ചെറിയൊരു കുളിർ കാറ്റിൽ ഒന്നു മയങ്ങിയോ എന്നൊരു സംശയം.
"അസ്സലാമു അലൈകും" ഗേറ്റ് തുറന്ന് ഒരു അപരിചിതൻ കടന്നു വരുന്നു. കണ്ടാൽ തന്നെ ഒരു മാന്യന്റെ ലുക്കുണ്ട്.
" എന്നെ മനസ്സിലായി കാണില്ല. കുറച്ച് ദൂരെ നിന്ന് വരികയാണ്.കഴിഞ്ഞ വർഷവും ഈ സമയത്ത് ഞാനിവിടെ വന്നിരുന്നു".
"അതെയോ. കഴിഞ്ഞ വർഷം ഈ സമയത്ത് ഞാൻ ഗൾഫിലായിരുന്നു. ഞാൻ പറഞ്ഞു.
" ഞാൻ ഗൾഫിലും വന്നിരുന്നു'' പുഞ്ചിരി തൂകി അയാൾ പറഞ്ഞു.
"ഇരിക്കൂ.... നിങ്ങളുടെ വരവിന്റെ ഉദ്ദേശം.. വല്ല യതീംഖാന പിരിവോ മറ്റോ...?" ഞാൻ സംശയദൃഷ്ടിയോടെ ആഗതനെ നോക്കി.
"ഏയ്... പിരിവും സംഭാവനയുമൊന്നുമല്ല. ഞാൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഈ നാട്ടുകാരെ അറിയിക്കാൻ വന്നതാ "
"നാട്ടുകാരെ അറിയിക്കാനോ ?!"
"നാട്ടുകാരെന്നു വെച്ചാൽ ഈ നാട്ടിലെ ഓരോ വീട്ടുകാരെയും "
"എന്താപ്പോ ആ കാര്യം" ?
" പറയാം. വിശദമായി പറയാം. അടുത്ത മാസം ഈ നാട്ടിൽ പ്രശസ്തനായ ഒരു അതിഥി വരുന്നുണ്ട്. വളരെ മാന്യനും ഉദാരമതിയുമായ ഒരാൾ. ആ അതിഥിയെ നിങ്ങൾ നാട്ടുകാർ നന്നായി സൽകരിക്കണം. മാന്യമായി സ്വീകരിക്കണം.അത്രയ്ക്ക് പ്രശസ്തനാണദ്ദേഹം."
"ആരാണയാൾ?!". ഞാൻ ഉദ്വേഗത്തോടെ ചോദിച്ചു.
" പറയാം. അദ്ദേഹം നിങ്ങൾക്ക് അമൂല്യമായ സമ്മാനങ്ങൾ കൊണ്ടുവരും. എനിക്കുറപ്പാണ്. അത് കണ്ടാൽ നിങ്ങൾ അതിശയിച്ച് പോകും. അത്ര വിലപിടിച്ച പാരിതോഷികങ്ങളായിരിക്കും അത്. പക്ഷേ ഒരു കാര്യമുണ്ട്. നിങ്ങൾ അർഹിക്കുന്ന മട്ടിൽ അവരെ ആദരിക്കണം." ആഗതൻ പറഞ്ഞു നിർത്തി. അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
"ഓ... എനിക്ക് പിടി കിട്ടി. ശ്രീ. രാഹുൽ ഗാന്ധി !!  നിങ്ങൾ പറഞ്ഞത് നേരാണ്. അദ്ദേഹം ഞങ്ങളുടെ മാന്യനായ അതിഥിയാണ്. അദ്ദേഹത്തെ ഞങ്ങൾ നന്നായി സ്വീകരിക്കാൻ ഒരുങ്ങി കാത്തിരിക്കയാണ് ". ഞാൻ ആവേശത്തോടെ പറഞ്ഞു.
ആഗതൻ പുഞ്ചിരിച്ചു. പിന്നെ പതിയെ പറഞ്ഞു.  "ശരിയാണ്. നിങ്ങളെന്നല്ല, ഈ ഇലക്ഷൻ കാലത്ത് ആരും ഈ ഉത്തരം പറയും. പക്ഷേ.. ഞാനുദ്ദേശിച്ചത് അദ്ദേഹത്തെയല്ല.!!! "
എനിക്കാകെ ദേഷ്യം വന്നു തുടങ്ങി.
"പിന്നെയാരാണ് ഞങ്ങൾക്ക് ഇത്ര സൗഭാഗ്യങ്ങളും കൊണ്ട് വരുന്ന, ഞങ്ങൾ മാന്യമായി സ്വീകരിക്കേണ്ട ആ വ്യക്തി?" എന്റെ ശബ്ദം കുറച്ച് ഉച്ചത്തിലായിരുന്നു.
അപ്പോഴും അയാൾ പുഞ്ചിരി തൂകി പറഞ്ഞു.
" സുഹൃത്തേ.... മാന്യനായ, പ്രശസ്തനായ ആ വ്യക്തിയുടെ പേര് നിങ്ങൾ തന്നെ പറയും. ഞാനൊരു കാര്യം വീണ്ടും ഉണർത്തട്ടെ. നിങ്ങളെത്ര മാത്രം ഗൗരവമായി ആ വ്യക്തിത്വത്തെ സ്വീകരിക്കുന്നോ അതിനേക്കാൾ കൂടുതൽ നിങ്ങൾ മാനിക്കപ്പെടും. നിങ്ങൾ നിസ്സാരമാക്കിയാലോ നഷ്ടം നിങ്ങൾക്ക് തന്നെ. ഇനി ഞാൻ എന്റെ പേര് പറയാം. അപ്പോൾ ആ വിരുന്നുകാരന്റെ പേര് നിങ്ങൾ പറയും. ഞാനാണ് ശഅബാൻ.!!!
ഞങ്ങൾ കാത്തിരിക്കുന്ന അതിഥിയുടെ പേര് എന്റെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു. റമളാൻ കരീം
☘☘☘☘☘☘☘☘☘
✍✍✍ മുഹമ്മദ് കുട്ടി



വെക്കേഷൻ💥
~~~~~~~~~
 ഹായ് സ്കൂൾ പൂട്ടി.....! ൻറെ സൈദ് തുള്ളിച്ചാടി. തലയും കുത്തി മറിഞ്ഞു, സന്തോഷം സഹിക്കാൻ വയ്യാഞ്ഞിട്ട് ഡിങ്കൻ കാണിക്കുന്നത് പോലൊക്കെ കാണിച്ചു.
സൈദേ എന്താ പരിപാടി?
ഞാൻ രാജ്യം വിട്ട് പോകാ......
ൻറെ സൈദിൻറെ മറുപടി കേട്ടപ്പോൾ രാജ്യം വിട്ട് പോകാൻ ആഗ്രഹം തോന്നി. പക്ഷേ.......
   കടലക്ക കച്ചവടവും, മാമാന്റെ കല്ലുണ്ടയും ഏട്ട മുടയും കോലും കച്ചവടം ചെയ്യാനായിരുന്നു ആ ഒഴിവുകാലത്ത് മനസ്സിൽ കരുതിയിരുന്നത്. കൂട്ടത്തിൽ ഈന്ത് പട്ടകൊണ്ടൊരു കുറ്റിപ്പുരയും!
    എന്നെ രാജ്യം വിട്ട് പോകാൻ എന്റെ ഉമ്മ സമ്മതിക്കില്ലെന്നറിയാം. അക്കാലത്ത് ബാക്കറിയിലേക്ക് കുട്ടികളെ ആവശ്യമുണ്ടെന്ന് ആൾക്കാർ പറയുന്നത് കേൾക്കാറുണ്ടായിരുന്നു. അന്നൊന്നും രാജ്യം വിട്ട് പോകാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാലിപ്പോ ൻറെ സൈദ് രാജ്യം വിട്ട് പോകുന്നു!
സമ്മതിക്കില്ലെന്നറിഞ്ഞു കൊണ്ട് തന്നെ ഉമ്മാന്റെ മടിയിൽ അൽപസമയം തല വെച്ചിരുന്നു. ഉമ്മാക്ക് അടക്കയം വെറ്റിലയും ഒക്കെ എടുത്ത് കൊടുത്തു.
മ്മാ ..... ഹു ഹും
എത്താണി :::.
മ്മാ സേൽബി രാജ്യം വിട്ട് പോകാണേലോ......
എങ്ങട്ട്.....?
ച്ച് പുട്യാട്ല്യാ.....
മ്മാ ഹു ഹും ....... ഞാനും പോട്ടെ - .....?
മ്മാൻറെ കുട്ടി പ്പോ പോണ്ട. കാക്ക എങ്ങാനും അറിഞ്ഞാൽ അൻറെ കജും കാലും മുർച്ച് ബ്ടെ കോടീല് ടും ........
എത്ര കരഞ്ഞിട്ടും രാജ്യം വിട്ട് പോകാൻ ഉമ്മ സമ്മതിച്ചില്ല.
     ചക്കക്കൂട്ടാനും കഞ്ഞിയും കുടിച്ച് നേരെ ൻറെ സൈദിന്റെ പൊരീക്ക് പോയി.
സൈദേ ........
മേലാകെ കരിയും കരഞ്ഞ കണ്ണുകളുമായി ൻറെ സൈദ് പുറത്തിറങ്ങി വന്നു.
രാജ്യം വിട്ട് പോകാൻ ൻറെ സൈദിന്റെ ഉമ്മ സമ്മതിക്കാത്തത് കൊണ്ട് തായേരീല് നിലത്ത് തേച്ചിരുന്ന കരിമുഴുവൻ ൻറെ സൈദ് ഉരുണ്ട് മേലാക്കിയതാണ്.
എന്നിട്ടും സമ്മതിച്ചില്ല.
സൈദേ ജ് പോണ് ണ്ടാ.....?
മുണ്ടല്ലേ ....... ഞാമ്പോകും ൻറെ സൈദ് ഉറപ്പിച്ച് പറഞ്ഞു.
ഞാന്നില്ല........
നാളെ പോകും, എങ്ങോട്ടാണെന്നോ ആരുടെ കൂടെയാണെന്നോ ൻറെ സൈദ് പറഞ്ഞില്ല.
ൻറെ സൈദിനെ പിരിയുന്ന സങ്കടവും എനിക്ക് പോകാൻ പറ്റാത്ത വിഷമവും എല്ലാം ഉള്ളിലൊതുക്കി ഈറനണിഞ്ഞ കണ്ണുകളുമായി കയറിപ്പോന്നു. തട്ടാരുടെ ഇടവഴിയിലെത്തിയപ്പോൾ കണ്ണും മുഖവും ഉടുത്ത തുണികൊണ്ട് തുടച്ച് വീട്ടിൽ വന്നു.
അന്നു തന്നെ കുറ്റിപ്പുര കെട്ടാനുള്ള സജ്ജീകരണങ്ങൾ ചെയ്തു ' കൂളാൻ മുഹമ്മദും ഞാനും കൂടി കാലൊക്കെ കുഴിച്ചിട്ടു. നാളെ ഈന്തമ്പട്ട കൊട്ന്നിട്ട് കുറ്റിപ്പുര ണ്ടാക്കാമെന്ന തീരുമാനത്തിൽ പിരിഞ്ഞു.
   പിറ്റെ ദിവസം രാവിലെ ചായ കുടി കഴിഞ്ഞ് ൻറെ സൈദ് പാടത്ത് ക്കാണെന്നും പറഞ്ഞ് ഒരു തുണിയും മുണ്ടും , കുറച്ച് ഉമ്മിക്കരിയും എടുത്ത് പൊതിഞ്ഞ് വെച്ചത് കക്ഷത്തും വെച്ച് നടന്നു.പാക്കട പുറായ വഴി വേങ്ങരയെത്തി.
കുറേ നേരം നിന്നിട്ടും ബസ്സൊന്നും വന്നില്ല. വളരെ കുറച്ച് ബസ്സ് മാത്രമേ അക്കാലത്തള്ളു'
ദൂരെ നിന്നു തന്നെ മലപ്പുറം ഭാഗത്തേക്ക് പോകുന്ന ഒരു ബസ്സ് വരുന്നത് കണ്ടു. തൊട്ടടുത്ത് നിന്നിരുന്ന ഒരാളെ സമീപിച്ച് ൻറെ സൈദ് ചോദിച്ചു;
ഏതാ രാജ്യം വിട്ട് പോണെ ബസ്സ് ........?
അയാൾ ൻറെ സൈദിനെ അടിമുടിയൊന്നു നോക്കി.
നീല കുപ്പായവും മുട്ടിന്റെ നീളമുള്ള കള്ളിത്തുണിയും കാലിൽ തിളങ്ങുന്ന വലിയൊരു വെള്ളിത്തണ്ടയും......!
ഹും: ... രാജ്യം ബ്ട്ട് പോകേ  ജോ ....?
അൻറെ പൊര എവ് ട ടാ" ....?
കുറ്റൂര് .......
ആ മയമുട്ട്യേ ബ നീം കൊണ്ടേയ്ക്കോ ......
തിരിഞ്ഞ് നോക്കിയപ്പോ കണ്ടൻചിറ മുഹമ്മദ് കുട്ടിക്ക !
രാജ്യം വിട്ട് പോകുന്ന പുതി അതോടെ തീർന്നു.
     ഈന്തപ്പട്ട ൻറെ സൈദ് രാവിലെ തന്നെ കൊണ്ടുവന്നു. കുറ്റിപ്പുര റെഡി. ഞങ്ങൾ കടലക്കച്ചോടം ചെയ്തും കുറ്റിപ്പുരയിൽ കളിച്ചും ആ അവധിക്കാലം ആസ്വദിച്ചു.
✍🏼 MRC








Tuesday, 2 April 2019

'ആരവങ്ങളൊഴിയാത്ത അവധിക്കാലങ്ങൾ'


അടുത്ത വ്യാഴാഴ്ച, ഏപ്രിൽ 4 ന് തത്തമ്മക്കൂട്ടിൽ നടക്കുന്ന കുരുത്തോലയിൽ കളിയോർമ്മകൾ പങ്ക് വെക്കുന്നു 




============================

Click Here
പ്രമുഖ എഴുത്തുകൾ 

============================
തത്തമ്മക്കൂട്ടിൽ നടന്നു വരുന്ന 'കുരുത്തോല'യിൽ
ആരവങ്ങളൊഴിയാത്ത അവധിക്കാലങ്ങളെ കുറിച്ച് ഓർമ്മകൾ പങ്ക് വെച്ച പ്രമുഖ കൂടെഴുത്തുകാരായ

ശിഹാബ് നാലുപുരക്കൽ
പിൻ നടക്കാൻ കൊതിപ്പിക്കുന്ന മധുരിക്കുംഓർമകൾ

മുജീബ്.കെ.സി
എന്റെ അവധിക്കാല ഓർമ്മകൾ

കെ.എം.കുഞ്ഞഹമ്മദ് കുട്ടി
ഓർമയിലെ അവധിക്കാലം

മുജീബ്. ടി.കെ
ചെറുപ്പകാലത്തെ കളിയോർമ്മ

ജാബ് അരീക്കൻ
മറന്നുപോയ കളിഅടയാളങ്ങൾ

✒ അരീക്കൻ അദ്നാൻ
ബാല്യം ഓർമ്മകളുടെ പറുദീസയാണ്

അരീക്കൻ മുഹമ്മദ് കുട്ടി

വിരുന്നുകാരൻ


എം.ആർ.സി

വെക്കേഷൻ


ഫൈസൽ മാലിക്.വി.എൻ



എന്നിവർക്കും 
അതി മനോഹരമായി
പോസ്റ്റർ ഡിസൈനിംഗ് നിർവ്വഹിച്ച റാഷിദ് അമ്പിളിപ്പറമ്പൻ
മികച്ച പ്രതികരണങ്ങളിലൂടെ വായനാനുഭവങ്ങൾ പങ്കിട്ട കൂടംഗങ്ങൾ തുടങ്ങി ഈ സർഗാത്മക ദൗത്യത്തിൽ പങ്കാളികളായ എല്ലാ നാട്ടുകാർക്കും
അഡ്മിൻ പാനലിന്റെ കൃതജ്ഞത അറിയിക്കുന്നു.