പളളിപ്പറമ്പ് @
അരീക്കൻ മൊയ്തീൻ കുട്ടി
മൊയ്തീൻ കുട്ടി; മരണമില്ലാത്ത ഓർമ്മകൾ
--------------------------------------
എന്റെ ആത്മസുഹൃത്തുക്കളിൽ ഒരാളായിരുന്നു മൊയ്തീൻ കുട്ടി. സ്കൂളിലും മദ്രസയിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഒഴിവ് ദിവസങ്ങളും ഞങ്ങളൊന്നിച്ചാണ് ചെലവഴിച്ചിരുന്നത്.
നേരവും കാലവുമില്ലാത്ത കളികൾ. വൈകുന്നേരങ്ങളെ ആവേശഭരിതമാക്കിയ ഫുട്ബോൾ മൽസരങ്ങൾ. അവന്റെ വീടിനടുത്തുള്ള കോർട്ട് തന്നെയായിരുന്നു ഞങ്ങളുടെ പ്രധാന കളിക്കളം. വേനൽ കാലങ്ങളിൽ കുറ്റൂർ പാടത്ത് പന്ത് കളി തുടങ്ങിയാൽ പിന്നെ ഞങ്ങളുടെ തട്ടകം അങ്ങോട്ട് മാറും. അക്കാലത്ത് പല ടൂർണ്ണമെന്റുകൾക്കും കുറ്റൂർ പാടം വേദിയായിട്ടുണ്ട്. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു കുറ്റൂർ ലീഗ് മൽസരങ്ങൾ. പഠനം കഴിഞ്ഞ് കാര്യമായ ജോലിയൊന്നുമില്ലാതെ നാട്ടിൽ വെറുതെ നിൽക്കുന്ന നേരത്താണത്. കുറ്റൂർ നോർത്തിലെ മികച്ച ടീമിനെ കണ്ടെത്താനുള്ള മൽസരമായിരുന്നു. പൂർണ്ണമായും നാട്ടുകാർ മാത്രം കാണികളും കളിക്കാരും സംഘാടകരുമായ ടൂർണ്ണമെന്റ്.
അതിൽ 'യുവധാര' എന്ന ടീമിനെ കളത്തിലിറക്കിയത് ഞങ്ങളായിരുന്നു. ഫുട്ബോളിന്റെ ബാലപാഠമറിയാത്ത ഞാൻ കോച്ചും മൊയ്തീൻ കുട്ടി മാനേജറും. ആ ടൂർണ്ണമെന്റിൽ ഞങ്ങളുടെ ടീമാണ് ജേതാക്കളായത്. കളിക്കമ്പക്കാരായ നാട്ടുകാർ മുഴുവൻ ഒത്തുകൂടിയ അത്ര ആവേശകരമായ ഒരു ടൂർണ്ണമെന്റിന് നമ്മുടെ നാട് പിന്നീട് സാക്ഷ്യം വഹിച്ചിട്ടില്ല.
കളിക്കളത്തിൽ തുടങ്ങുന്നതും ഒടുങ്ങുന്നതുമായിരുന്നില്ല ഞങ്ങൾക്കിടയിലെ സൗഹൃദം. ഓർമ്മകളെ പിറകോട്ട് കൊണ്ട് പോവുമ്പോൾ ഒരു പാട് കഥകൾ പറയാനുണ്ട്. ബാല്യത്തിന്റെ കുസൃതികളിലെല്ലാം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. തോട്ടിൽ നീന്താൻ പോവലും സൈക്കിൾ വാടകക്കെടുത്ത് ഓട്ടലുമൊക്കെയായിരുന്നു പ്രധാന ഹോബികൾ.
അന്നത്തെ സൗഹൃദത്തിന് വല്ലാത്ത ആത്മാർത്ഥതയായിരുന്നു. ഞങ്ങൾക്കിടയിൽ പങ്ക് വെക്കാത്ത സ്വകാര്യങ്ങളോ പകുത്ത് തരാത്ത സന്തോഷങ്ങളോ ഉണ്ടായിരുന്നില്ല.
ചെറിയ ചെറിയ യാത്രകൾ ഒരുപാട് ഞങ്ങൾ അക്കാലത്ത് നടത്തിയിട്ടുണ്ട്. കൊണ്ടോട്ടി നേർച്ച അന്നത്തെ അതൃപ്പങ്ങളിലൊന്നായിരുന്നു. അവിടത്തെ കാഴ്ചകളിലും കൗതുകങ്ങളിലും ഒരു പാട് തവണ കറങ്ങി നടന്നിട്ടുണ്ട്.
പിറ്റെ ദിവസം അതിന്റെ രസം കൂട്ടുകാർക്കിടയിൽ പങ്ക് വെക്കാൻ അവന് നൂറ് നാവായിരുന്നു. സ്കൂൾ പഠനം കഴിഞ്ഞതോടെ ഉപജീവന മാർഗങ്ങളെ കുറിച്ച ആലോചനകളായി.
നാട്ടിൽ കുറച്ച് കാലം പണിയില്ലാതെ നിന്നിട്ടുണ്ട്. പ്രവാസം തന്നെയായിരുന്നു ഞങ്ങളുടെ സ്വപ്നം.
ആദ്യം കടൽ കടന്നത് അവനായിരുന്നു. ജോലി ഉദ്ദേശിച്ച് വ്യാപകമായി ഉംറ വിസക്ക് കയറുന്ന കാലമാണത്. അവൻ ആദ്യമായി പോയതും ഉംറ വിസക്കാണ്. ഞങ്ങളുടെ ആത്മബന്ധത്തിന്റെ ആദ്യത്തെ വേർപിരിയലായിരുന്നു അത്.അധികം കഴിയുന്നതിന് മുമ്പ് തന്നെ ഞാനും ഒരു പ്രവാസിയായി. ജിദ്ദയിൽ വെച്ച് ഞങ്ങൾ വീണ്ടും കണ്ടു മുട്ടി. ആ സൗഹൃദം പഴയ തീക്ഷ്ണതയോടെ നില നിന്നു. ഒഴിവ് സമയങ്ങളിൽ ഞങ്ങൾ ഫോണിലൂടെ നാട്ടുവിശേഷങ്ങൾ കൈമാറി.
കിട്ടിയ അവധി ദിനങ്ങളിൽ ഞങ്ങളൊത്തു കൂടി. പ്രവാസത്തിന്റെ വരണ്ട കാലങ്ങളിൽ ആ സൗഹൃദം സമ്മാനിച്ച ഗൃഹാതുരത്വം പറഞ്ഞറിയിക്കാനാവില്ല .അതിനിടയിൽ അവൻ നാട്ടിൽ വന്നു. ഒരു നിയോഗം പോലെ ഞാനും അന്ന് നാട്ടിലായിരുന്നു. ആ സമയത്തായിരുന്നു അവന്റെ കല്യാണം. നികാഹിന്റെ വേളയിൽ തൊട്ടടുത്ത് തന്നെ ഞാനുമുണ്ടായിരുന്നു. അച്ചനമ്പലത്ത് നിന്നായിരുന്നു അവന്റെ കല്യാണം. അതിലൊക്കെ പങ്കെടുക്കാൻ സാധിച്ചത് വലിയ സന്തോഷം തന്നെയായിരുന്നു. പൊതുവെ പ്രവാസികൾക്ക് ഇത്തരം അനർഘ നിമിഷങ്ങൾ നഷ്ടമാവാറാണ് പതിവ്. എന്നാൽ പ്രവാസത്തിന്റെ അതിരുകൾ പോലും ഞങ്ങളുടെ ആത്മബന്ധത്തിന് മുന്നിൽ വഴി മാറി നിന്നു.
അവന് ഒരു കുഞ്ഞ് പിറന്ന സന്തോഷം ജിദ്ദയിലെ റൂമിൽ വന്ന നേരമാണ് പറഞ്ഞത്. അന്ന് ഒരു പാട് നേരം സംസാരിച്ചാണ് പിരിഞ്ഞത്.
അവന്റെ നടുക്കുന്ന മരണം കേൾക്കുമ്പോഴും ഞാൻ ജിദ്ദയിൽ തന്നെയായിരുന്നു. ആ ആത്മസുഹൃത്ത് ഇത്ര നേരത്തെ പോവുമെന്ന് ഒരിക്കലും കരുതിയതല്ല. ആ മരണ വാർത്ത വല്ലാത്തൊരു ഉൾക്കിടലമാണുണ്ടാക്കിയത്. അവന്റെ മയ്യിത്ത് നിസ്കാരത്തിലും പ്രാർത്ഥനയിലുമൊക്കെ പങ്കെടുക്കാൻ സാധിച്ചു. ഒരു ആത്മ സുഹൃത്ത് എന്ന നിലക്ക് എന്നും അവന്റെ ഓർമ്മകൾ എന്റെ ഉള്ളിലുണ്ടാവും. ആ പ്രിയ സുഹൃത്തിന്റെ പരലോക ജീവിതത്തിന്റെ നൻമകൾക്കായി പ്രാർത്ഥനകൾ നേരുന്നു◼
മജീദ് കാമ്പ്രൻ കുറ്റൂർ
ഇന്നും മരിക്കാത്ത ഓർമ🌿
ഇന്ന് കൂട്ടിലെ പള്ളിപറമ്പിൽ അനുസ്മരിക്കുന്നത് അരീക്കൻ മെയ്തീൻ കുട്ടിയാണെന്നറിഞ്ഞപ്പോൾ എനിക്കാദ്യം ഓർമയിൽ വന്നത്എന്റെ അമ്മവന്റെ മകനായ മെയ്തീൻ കുട്ടി എന്റെ ചെറുപ്പകാലത്ത് വ്യാഴായ്ച്ചകളിൽ അവന്റെ വീട്ടിലേക്ക് വിരുന്നിന്ന് എന്റെ കൊണ്ട് പോകുവാൻ അവൻ ഞങ്ങളുടെ വീട്ടിലെക്ക് വരുന്നതും എന്റെയും കൂട്ടി ഊക്കത്ത് പാടത്തിലൂടെ അവന്റെ വീട്ടിലെക്ക് ഞങ്ങൾ നടന്ന് പോകുന്നതും വഴിയിൽ വലിയപീടികയിൽ നിന്ന് ഉറഏെസും മറ്റു വാങ്ങി തരുന്നതും ഇപ്പോഴും മരിക്കാത്ത ഓർമയായി നിൽക്കുന്നു.
ഗൾഫിവെച്ചായിരുന്ന അവന്റെ മരണം ഇപ്പോഴും വിശ്വസിക്കാൻ കഴിയില്ല.
അള്ളാഹു ഈ പരിശുദ്ദമായ ശഅബാൻ മാസത്തിന്റെ ബറക്കത്ത് കൊണ്ട് അവന്റെയും നമ്മിൽ നിന്നും മരിച്ച് പോയ എല്ലാവരുടെയും ഖബർ ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ ....🤲🤲
آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين
മുജീബ് ടി.കെ
കുന്നുംപ്പുറം.😭
No comments:
Post a Comment