Saturday, 24 February 2018

വി. എൻ. മരക്കാർ മൗലവി 1940 - 2011



പളളിപ്പറമ്പ് @ 60   
വി. എൻ. മരക്കാർ മൗലവി 1940 - 2011 Mar. 08


സൗമ്യനായ നാട്ടുകാരണവർ
➖➖➖➖➖➖➖➖➖➖➖➖➖
ജീവിതത്തിന്റെ നിർവചിക്കാനാകാത്ത ചില മുഹൂർത്തങ്ങളിൽ നമ്മുടെ ഇടയിലേക്ക് കയറിവരുകയും കാലത്തിനോ ദേശത്തിനോ ഒരിക്കലും മായ്ച്ചു കളയാൻ കഴിയാത്ത അടയാളങ്ങൾ സൃഷ്ടിച്ച് മടങ്ങിപ്പോവുകയും ചെയ്ത മഹാവ്യക്തിത്വമായിരുന്നു
അറബിമുൻഷികൂടിയായിരുന്നമർഹൂ: മരക്കാർ മൗലവി .

സർവ്വ സമ്മതൻ, വിശ്വസ്ഥൻ, ശാന്ത ഷീലനും, സൗമ്യനും കറതീർന്ന മുസ്ലിം ലീഗ് നേതാവു കൂടിയായിരുന്നു എന്ന ഒട്ടേറെ വിശേഷണങ്ങൾ അദ്ദേഹത്തെ പറ്റി കേട്ടിട്ടുണ്ട്.

കക്കാടം പുറത്തെ പഴയ കാല നേതാക്കളിൽ പ്രഖൽപനായിരുന്നു പക്ഷെ അധികാര രാഷ്ട്രീയത്തോട് ഒരിക്കലും താൽപ്പര്യം കാണിച്ചില്ല.

പ്രലോഭനങ്ങളിൽ വീഴാതെ നീതിക്ക് വേണ്ടി എന്നും നിലകൊണ്ടിട്ടുണ്ട്.

മരണം വരെ നമ്മുടെ കക്കാടംപുറം മസ്ജിദിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഞാൻ കണ്ടിട്ടുള്ളതിൽ കൂടുതലും ഈ പള്ളിയിൽ വെച്ചു തന്നെ.

 പ്രദേശത്തിന് വേണ്ടി ജീവിച്ചു പ്രദേശത്തെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ തന്നെ ഉണ്ടാകുമായിരുന്നു.
കുറച്ച് കാലം ചികിത്സയിലായിരുന്നെങ്കിലും ഇത്രവേഗം ആ സൗമ്യ സാന്നിധ്യം നമ്മെ വിട്ട് പിരിയുമെന്ന് കരുതിയില്ല.
മരണം സുനിശ്ചിത സത്യമാണ്.
 അതിലേക്കുള്ള യാത്രയാണല്ലോ ഈ ജീവിതം .ആയുസിന്റെ അവധിയെത്തിക്കഴിഞ്ഞാൽ നിശ്ചയിക്കപ്പെട്ട ശ്വാസത്തിന്റെ അവസാന വായു ശരീരത്തിൽ തൊട്ടു കഴിഞ്ഞാൽ മരണത്തിനു കീഴടങ്ങുകയല്ലാതെ മറ്റ് വഴിയില്ല.
പൊതുജനത്തിന് മാതൃകയായ അദ്ദേഹത്തിന്റെ വേർപാട് നമ്മുടെ നാടിനും നാട്ടുകാർക്കുമെന്ന പോലെ ഞങ്ങളുടെ കുടുംബത്തിനും തീരാനഷ്ടമാണ്.
ആ മഹാനുഭാവന് കൂടെ  നമ്മെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടാൻ നാഥൻ തൗഫീഖ് നൽകട്ടെ ..

ആമീൻ
〰〰〰〰〰〰〰〰〰〰〰〰〰〰〰〰
🖊.ശിഹാബുദ്ദീൻ.നാലുപുരക്കൽ



കക്കാടം പുറത്തിന്റെ ഇതിഹാസം
💫💫💫💫💫💫💫💫
VN മരക്കാർ മൗലവി ചെറുപ്പം തൊട്ടെ കണ്ട് പരിചയിച്ച മുഖം കക്കാടംപുറത്തങ്ങാടിയിൽ നിറസാനിധ്യമായി എപ്പോഴും അദ്ധേഹത്തിന്റെ മുഖം ഉണ്ടാവും  വളരെ സൗമ്യമായി സംസാരിക്കാറുള്ള അദ്ധേഹം അദ്ധേഹത്തിന്റേതായ സൗമ്യ സ്വരത്തിൽ രാഷ്ട്രീയ സംവാദത്തിൽ ഇടപെടുന്നത് കാണാറുണ്ട്  സജീവ മുസ്ലീം ലീഗ് പ്രവർത്തകനായ അദ്ധേഹം  വാർഡ്തല ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട് നല്ലൊരു തമാശക്കാരനായ അദ്ധേഹം ചെറുപ്പ വലിപ്പമില്ലാതെ എല്ലാവരുമായും ഇടപെടുന്ന പൃകൃതക്കാരനായിരുന്നു  അദ്ധേഹവുമായി ഒരുമിച്ച് കൂട്ടമായി ഇരിക്കുന്ന നേരത്ത് പഴയ ചരിത്രങ്ങളൊക്കെ പറഞ്ഞ് തരുമായിരുന്നു അദ്ധേഹത്തിന്റെ ഖബർ റബ്ബ് വിശാലമാക്കി കൊടുക്കുമാറാവട്ടെ അദ്ധേഹത്തെയും ഞമ്മളിൽ നിന്ന് മരണപെട്ട് പോയവരെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ 
-------------------------
മജീദ് കാമ്പ്രൻ



മരക്കാർ മൗലവി :
ഒരു പ്രദേശത്തിന്റെ നാട്ട് നൻമയുടെ പരിഛേദമായിരുന്നു അദേഹം -
മരണം: എന്റെഈ5 2 വയസിനി ടയിൽഓർമയിൽ തങ്ങിനിൽക്കുന്നവരിൽ നിന്ന് തന്നെമരണപ്പെട്ട് പോയവരുടെ കണക്കെടുക്കാൻ സാധിക്കുന്നില്ല - അത്രക്കധികം ആളുകൾ മരിച്ച് പോയിട്ടുണ്ട് പരിചിതമായിരുന്ന മുഖങ്ങളിൽ നിന്ന് തന്നെ.
പക്ഷെ എന്നിട്ടും മരണ ചിന്ത വേണ്ടത്ര മനസ്സ് കൊതിക്കുന്ന ത്രഖൽബി ലേക്കിറങ്ങുന്നില്ല - പല സമയങ്ങളിലും ഖിന്നനാണിക്കാര്യത്തിൽ ഞാൻ -
നാം വേപഥു വാവേണ്ടതും ഇക്കാര്യത്തിലാണ്.
ഇഹലോക ഭ്രമം അവസാന നാളുകളിൽ വളരെ കുറഞ്ഞ് പോയിരുന്നു മരക്കാർ മൗലവിയിൽ - 
നാട്ടിലെ ആളുകളിൽ കണ്ട് പരിചയിച്ച മുഖങ്ങൾ മനോമുകുരത്തിൽ തപ്പി നോക്കിയിട്ട് ഓർമ വെച്ച നാൾ മുതൽ കണ്ട് പരിചയിച്ച തും സംസാരിച്ചിരുന്നതുമായമുഖമാണ ദേഹത്തിന്റെത്.
കക്കാടം പുറത്ത് താമസമാക്കിയ അന്ന് മുതൽ കുടുതൽ സമയം ഒന്നിച്ചിരുന്നു - ഒരു പാട് സമ്മേളനങ്ങൾക്ക് ഒന്നിച്ച് പോയി. പല നോമ്പ് കാലങ്ങളിലും ദിവസേനയെന്നോണം മഗ് രിബ് ന് ശേഷമുള്ളഅൽപസമയം ഒന്നിച്ചിരുത്തമുണ്ടായിരുന്നു ഞങ്ങൾക്ക്. അൽപം പുക ചുരുളുകൾ സൃഷ്ടിക്കും ഞങ്ങൾ രണ്ടാളും കൂടി - കാലം എത്ര പെട്ടെന്നാണ് നമ്മെ പിന്നിലാക്കി കടന്ന് പോവുന്നത് - ഇനി ഒരു നാൾ കാലത്തെ പിന്നിലാക്കി അദേഹത്തെ പോലെ നമ്മളും കടന്ന് പോവും. നാട്ടിലെ മത രാഷ്ട്രീയ വിഭാഗീയതയിലൊക്കെ തനിക്കൊരു പക്ഷ മുണ്ടായിരുന്നെങ്കിലും കഴിയുന്നത്ര ആരുടെയും വെറുപ്പ് സമ്പാദിക്കാതെനിഷ്പക്ഷത പുലർത്തിയിരുന്നു -
അവസാന നാളുകളിൽ പള്ളിയിൽ ആയിരുന്നു കൂടുതൽ സമയവും' മനസ്സ് റബ്ബിനോടടുത്തിരുന്നു സംസാരം കുറച്ചിരുന്നു - പ്രായം കൊണ്ട് ഒരു പാട് വ്യത്യാസമുള്ള എന്റെ മൂത്ത സഹോദരനെ പോലെ തന്നെഒരു സുഹൃത്തും കൂടിയായിരുന്നു എനിക്ക് അദേഹം.നാളെ സ്വർഗത്തിൽ കണ്ട് മുട്ടാൻറബ്ബ് വിധി നൽകട്ടെ.آمين٠
--------------------------------------
അലി ഹസൻ -പി. കെ.



മരക്കാർ മൗലവി
-------------------------------
ഏത് സമയത്ത് കക്കാടംപുറത്ത് പോയാലും, കൈയിൽ എരിയുന്ന സിഗരറ്റുമായി പുഞ്ചിരിക്കുന്ന മൗലവിയെ കാണുമായിരുന്നു. പ്രായഭേദമന്യേ സുഹൃത്തുക്കളുണ്ടായിരുന്ന വേറിട്ട ഒരു വ്യക്തിത്വത്തിനുടമയായിരുന്നു മരക്കാർ മൗലവി.
ഉറച്ച രാഷ്ട്രീയ പ്രവർത്തകനായിരുന്ന മൗലവി മുസ്ലിം ലീഗിന്റെ കരുത്തനായ പോരാളി തന്നെയായിരുന്നു.
കക്കാടം പുറത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു മൗലവി.
അദ്ദഹത്തിന്റെ ഖബറിടം പ്രകാശപൂരിതമാക്കണേ റബ്ബേ-
അദ്ദേഹത്തെയും ഞങ്ങളെയും ജന്നാത്തൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ - ആമീൻ
---------------------------------------------
എം ആർ സി അബ്ദുറഹ്മാൻ



പാവപെട്ട കുടുംബത്തിൻ്റെ സംരക്ഷകൻ
__-----------__----
മൗലവി എന്നും മാഷ് എന്നും വിളിക്കും എൻ്റെ ചെറുപ്പം മുതലെ കാണുന്ന മുഖം മരക്കാർ മൗലവി
ഞാൻ കാണാറുള്ള സമയം മുതൽ മാഷ് കക്കാടംപുറത്ത്  KC സൈതലവി കാക്കക്ക് ഒരു ഫർണിച്ചർ കട ഉണ്ടായിരുന്നു അതിനടുത്ത് തറി സൈതലവി കാക്കക്ക് ഒരു പല ചിരക്ക് കടയും അവിടെത്തെ ചരിത്രത്തിൽ ഇടം പിടിച്ച നാലുകാലുള്ള ഒരു ഇരിപ്പിടം അവിടെത്തെ നിറസാന്നിന്ത്യം മായിരുന്നു ഇന്തേഹം 
ബാങ്കിൻ്റെ വിളി കേട്ടാൽ പിന്നെ നേരെ പടച്ചവൻ്റെ ഭവനത്തിലേക്ക് 
വളരെ സൗമ്യ സ്വഭാവക്കാരനും നിഷ്കളങ്കനും മറ്റുള്ളവരുടെ വേധന അറിയാനും മനസിലാക്കാനും സംരക്ഷിക്കാനും മനസ് കാണിച്ച മഹാ മനസിൻ്റെ ഉടമ
അദ്ദേഹം ഒരു ഗവ: അദ്ധ്യാപകൻ ആയിരുന്നു വിട പറയുന്ന വരെ പെൻഷ്യൽ കിട്ടിയിരുന്നു. അതിൽ നിന്ന് ഒരു വിഹിതം പാവപ്പെട്ടവൻ്റെ കണ്ണീർ ഒപ്പാൻ അദ്ദേഹം മാറ്റി വെച്ചിരുന്നു. ഒരു പാട് ആളുകളുമായി  നല്ല ബന്ധം സൂക്ഷിച്ചിരുന്ന മഹാ മനുഷ്യൻ സമൂഹത്തിൻ്റെ ഇടയിൽ സ്വീകാര്യനയി ജീവിച്ച പച്ച മനുഷ്യൻ 
കക്കാടംപുറത്ത് സ്കൂളിനോട് ചേർന്ന് കുട്ടികൾക്കായി സൗജന്യ കമ്പ്യൂട്ടർ ലാബ് ഈ ഇടെ ഉണ്ടായിരുന്നു അതിണ് നാട്ടുക്കാർ തെരഞ്ഞടുത്തത് VN മരക്കാർ മ3ലവി സ്മാരകം എന്നായിരുന്നു 
അദ്ദേഹത്തിൻ്റെ വിടവ് കക്കാടം പുറത്തിൻ്റെ സാമൂഹിക സാംസ്കാരിക വിദ്യാഭാസ മേഖലയിൽ തീരനഷ്ടം വിളിച്ചോതുന്നു
അള്ളാഹു സുബ്ഹാൻ അദ്ദേഹം ചൈത അമലുകൾ സ്വീകരിക്കട്ടെ നമ്മെയും അദ്ദേഹത്തിൻ്റെ കൂടെ സ്വർഗപൂന്തോപ്പിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ! 
ആമീൻ
-------------------------------------
സയ്യിദ് ഹസ്സൻ നലാഫ്



വി.എൻ മരക്കാർ മൗലവി
മാതൃകാ യോഗ്യനായ പൊതുപ്രവർത്തകൻ
----------------------------------------------------------------
ചെറുമുക്കിലെ പ്രശസ്ത കുടുംബമായ വളപ്പിൽ കുടുംബത്തിലെ മരക്കാർ എന്ന വ്യക്തിയാണ് വളപ്പിൽ നാലുപുരക്കൽ കുടുംബത്തിന്റെ സ്ഥാപകൻ. മരക്കാർ പാപ്പയുടെ അഞ്ചാമത്തെ തലമുറയിലാണ് മരക്കാർ മൗലവി ജനിക്കുന്നത്.
സ്കൂൾ അധ്യാപകൻ, അടിയുറച്ച രാഷ്ട്രീയ പ്രവർത്തകൻ, തികഞ്ഞ മതനിഷ്ഠ പുലർത്തുന്ന വ്യക്തി, രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ നിറ സാന്നിധ്യം ഇങ്ങിനെയൊക്കെ സജീവമായി പ്രവർത്തിക്കുമ്പോഴും അങ്ങാടി ബഹളങ്ങളിൽ നിന്ന് എങ്ങിനെയാണ് മാറി നിൽക്കാൻ കഴിയുക എന്നതിന്റെ ഏറ്റവും വലിയ തെളിവും ഉത്തരവുമായിരുന്നു
വി.എൻ മരക്കാർ മൗലവി.
ചില വ്യക്തികളെയും സംഭവങ്ങളെയും ഓർത്തെടുക്കുമ്പോൾ നമ്മുടെ മനസിലേക്ക് അറിയാതെ ഒരു കൂട്ടം പേരുകൾ പാഞ്ഞെത്തുന്നതായി കാണാം. അങ്ങിനെയുള്ള ഒരു സംഘത്തിന്റെ അവസാന കണ്ണിയായിരുന്നു അദ്ദേഹം. സഹപ്രവർത്തകരിൽ ഭൂരിഭാഗവും മൺമറഞ്ഞു പോയതോടെ സ്മര്യപുരുഷനും പതുക്കെ പതുക്കെ പൊതുരംഗത്തു നിന്നു ഉൾവലിഞ്ഞതായിട്ടാണ് തോന്നുന്നത്. പിന്നീടുള്ള ജീവിതം ഏറെയും കഴിച്ചു കൂട്ടിയത് കക്കാടംപുറത്തെ മസ്ജിദുറഹ്മാനിലായിരിക്കും. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും അങ്ങോട്ടു ചെന്ന് പരിചയപ്പെടുന്ന ഒരു സംസാര പ്രിയനായിരുന്നില്ല മരക്കാർ മൗലവി. അത് കൊണ്ട് തന്നെ സുപരിചിതനെങ്കിലും വ്യക്തിപരമായ ഇഴയടുപ്പം പലർക്കും കുറവായിരിക്കും. ഒന്നിലധികം തവണ അദ്ദേഹവുമൊന്നിച്ച് എനിക്ക് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. യാത്രയിലങ്ങോളമിങ്ങോളം കുടംബപരമായി പലതും ചോദിച്ചറിഞ്ഞതും അദ്ദേഹത്തിന്റെ കാമ്പുള്ള തമാശകളും ഇന്നുമോർത്തു പോകുന്നു. അതോടെ അദ്ദേഹം ഒരു സംസാര പ്രിയനല്ല എന്ന എന്റെ ധാരണ തിരുത്തേണ്ടി വന്നു. മരക്കാർ  മൗലവിയുടെ ഉപ്പാന്റെ അമ്മായിയുടെ മകനാണ്  ഏറെ കാലം സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന കെ.സൈതാലിക്കുട്ടി. അദ്ദേഹം മരണപ്പെട്ടപ്പോൾ  കൊണ്ടോട്ടിയിലെ സൈതാലി കാക്കാന്റെ വസതിയിലേക്ക് പോയതും ഞങ്ങളൊന്നിച്ചായിരുന്നു. പറമ്പിൽ പീടികക്കടുത്ത ചാത്രത്തൊടിയിലെ യു.പി സ്കൂളിലെ അറബി അധ്യാപകനായിരുന്നു.മക്കളെയൊക്കെ നല്ല നിലയിൽ തന്നെ അദ്ദേഹം വളർത്തി. മൂത്ത മകൻ മുഹമ്മദ് മീഞ്ചന്ത ഗവ: ആർട്സ് കോളേജിൽ അധ്യാപകനാണ്.
1995ലെ തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പ് സമയത്ത് മുസ്‌ലിം ലീഗിലെ ടി.വി ഇബ്രാഹിം അടക്കമുള്ള നേതാക്കൾ താമസിച്ചിരുന്നത് മൗലവിയുടെ വസതിയിലായിരുന്നു.
2011 മാർച്ച് എട്ടിന് എഴുപത്തി ഒന്നാം വയസ്സിൽ ആ സൗമ്യ സാന്നിധ്യം ഈ ലോകത്ത് നിന്നു മറഞ്ഞു പോയി.
അല്ലാഹു പരേതന്റെ പാരത്രിക ജീവിതം സന്തോഷകരമാക്കട്ടെ.
           آمين
---------------------------------
ഫൈസൽ മാലിക്ക് വി. എൻ.



വളപ്പിൽ നാലുപുരക്കൽ മരക്കാർ മൗലവി അനുസ്മരണ കുറിപ്പുകൾ വായിച്ചപ്പോൾ 
ഓർമകളിൽ വന്നത് ചിലത് ഞാനും കുറിക്കുന്നു 
   കൂടുതൽ അടുത്ത് ഇടപഴകിയിട്ടില്ല ആദ്യം മനസ്സിൽ തെളിഞ്ഞു വന്നത് മസ്ജിദു റഹ്മാനിൽ ആ ജനവാതിലിനോട് ചാരി  ഖുർആനുമായിരിക്കുന്ന 
   വെള്ളയും വെള്ളയും ധരിച് ആരാധനയിലും പുണ്യകർമങ്ങളിലും  മനസ്സിനെയും ശരീരത്തെയും പാകപ്പെടുതുന്ന ആ സാന്ത്വനവും സ്നേഹവും കളിയാടുന്ന പുഞ്ചിരിയുള്ള മരക്കാർ മൗലവിഎന്ന കാരണവരെയാണ്... 

      തമാശകളും രാഷ്ട്രീയചർച്ചകളും  അബ്ദുള്ള കാകന്റെ ഹോട്ടലിൽ എന്നും രാവിലെ പതിവ് കാഴ്ച യായിരുന്നു 

      ആ ചിരിയിൽ അല്പം കാര്യം പറച്ചിൽ 
കുറച്ചൊക്കെ കേട്ടു നിന്നിട്ട് ഉണ്ട് ഞാനും 
       എല്ലാം വിട്ട് എന്നെന്നേകുമായി കണ്ണുകൾ ചിമ്മി യാത്രയായിട്ട് വർഷങ്ങൾ 
   കഴിയുമ്പഴും നമുക്ക്
 അദ്ദേഹത്തിന് 
നൽകാൻ പ്രാർത്ഥന മാത്രമാണ് സാധ്യമാകുന്നത് 

  സർവ ശക്തനായ നാഥൻ അദ്ദേഹത്തിന്റെയും നമ്മിൽ നിന്ന് മണ്മറഞ്ഞു പോയവരുടെ യും പരലോക ജീവിതം സന്തോഷതിലാകി സ്വർഗം നൽകി 
അനുഗ്രഹിക്കട്ടെ  ആമീൻ യാ റബ്ബൽ ആലമീൻ.... 
🌿🌿🌿🌿🌿
MRKC



മൗലവി എനിക്ക് ഏറെ പ്രിയപെട്ട വെക്തിത്വമായിരിന്നു. 
--------------------------------------------------------------------------------
സൗദിയിലേക്ക്  വരുന്നതിന് മുമ്പ് വേങ്ങരയിലെ ഉപ്പാന്റെ കച്ചവട സ്ഥാപനത്തിലേക്ക് പോകാനായി എന്നും കക്കാടം പുറത്ത് വരുമ്പോഴും തിരിച്ച് വൈകീട്ട്  ബസ്സിറങ്ങുമ്പോഴും  കണ്ട് മുട്ടിയിരുന്ന മുഖമായിരുന്നു മരക്കാർ മൗലവി. 

ആ കണ്ടുമുട്ടലുകൾ വലിയ സൗഹൃദ്യമായി മാറി പൊതുവെ മുതിർന്നവരുമായി അടുപ്പമുണ്ടാവാറുള്ള എനിക്ക്  പിതാവിന്റെ പ്രായമുണ്ടായിരുന്ന മൗലവി ഒരു സുഹ്രത്തിനെ പോലെയായിരുന്നു...എനിക്കും കക്കാടംപുറത്ത് ഒരുമിച്ച് കൂടുന്ന ഞങ്ങളുടെ ടീമിനും.  

രാഷ്ട്രീയം അതായിരുന്നു ഈ  സൗഹ്രദത്തിന്റ  ആണികല്ല്   രാഷ്ട്രീയത്തേയും  മത സംഘടകളേയും നന്നായി വിശകലനം ചെയ്യാനും നിരൂപണം നടത്താനുമുള്ള  മൗലവിയുടെ  കഴിവ്  കൂടി ഈ ചേരലുകൾക്ക്  കാരണമായി.  

 മുടിക്കുന്നത് മെയ്തീൻ കാക്കാന്റെ  ചായ പീടികയിൽ,അതിന്റെ  മറുതലക്കലുള്ള  ബെഞ്ചിൽ,കുഞ്ഞി മുഹമ്മദിന്റെ മസാല പീടികയിൽ, അലവി കാക്കാന്റെ ചായപീടിക...തുടങ്ങി പലയിടങ്ങളിലായി കൂടിയിരുന്നു.  

കാണുമ്പോൾ തന്നെ മുഖം പൊത്തിയുള്ള ചിരി..പിന്നെ ഒരു പാട് തമാശകൾ..സംസാരത്തിൽ വരുന്ന ആഗ്യ ചലനങ്ങൾ.. ഇതൊക്കെ കൂട്ട ചിരിക്ക് വക നൽകുന്നതായിരുന്നു....തമാശ പറയുക മാത്രമല്ല  മറ്റുള്ളവരുടെ തമാശകൾ നന്നായി ആസ്വദിക്കുകയും ചെയ്യുമായിരുന്നു മൗലവി. 

ശബ്ദമുണ്ടാക്കാത്ത പൊട്ടിച്ചിരി അതായിരുന്നു മൗലവിയുടെ രീതി ....Kk മൂസാക്കാന്റെ കൂടെ ചെറുപ്പകാലത്ത് തന്നെ  ഒന്നിച്ചുള്ള  പാർട്ടി പ്രവർത്തനം നടത്തിയിട്ടുള്ള മൗലവി നേത്ര രംഗത്തേക്ക് ഇടിച്ച് കയറാനൊന്നും നിൽക്കാതെ നല്ലൊരു കേൾവിക്കാരനായി  നിൽക്കാനായിരുന്നു താൽപര്യം.   

പറമ്പിൽ പീടിക ചാത്ര തൊടു  സ്കൂളിലെ  അറബി അദ്ധ്യ പകനായിരുന്ന മൗലവി..എല്ലാ പ്രസിദ്ധീകരണങ്ങളേയും താൽപര്യപൂർവ്വം നോക്കിയിരുന്ന നല്ലൊരു വായനക്കാരനായിരുന്നു.  

നമ്മുടെ പ്രദേശത്ത്  ഏറ്റവും കൂടുതൽ പൊതു യോഗങ്ങളിൽ പങ്കെടുത്തത്  ആരെന്ന് ചോദിച്ചാൽ ആദ്യം വരുന്ന ഉത്തരം മൗലവി എന്നായിരിക്കും...മുസ്ലിം ലീഗ് സമ്മേളനത്തിൽ  മാത്രമല്ല മറ്റുള്ളവരുടെ  സമ്മേളനത്തിലും  മൗലവി ശ്രോതാവായി ഉണ്ടാവും.  

പാർട്ടി സമ്മേളനങ്ങൾക്ക് പോയാൽ അവസാന പ്രസംഗവും കഴിഞ്ഞിട്ടേ  മുൻനിര ഇരിപ്പിടത്തിൽ നിന്ന്  എഴുന്നേറ്റ്  പോരൂ...സെമിനാറുകളും, സിംപോസിയങ്ങളും ഒന്നും ഒഴിവാക്കില്ല..അരേയും കാത്ത് നിൽക്കാതെ  കിട്ടുന്ന  വണ്ടിക്ക്  മൗലവി അവിടെ  എത്തിയിരിക്കും.  

ഒരിക്കൽ കോഴിക്കോട്  ടൗൺ ഹാളിൽ ഒരു സെമിനാർ  നടക്കുന്നു mp വീരേന്ദ്രകുമാർ മുതൽ സമദാനി വരെയുള്ള നല്ല പ്രഭാഷകരുണ്ട്  ഹാൾ നിറഞ്ഞിരുന്നതിനാൽ സൈഡിൽ നിന്ന് പ്രസംഗം കേൾക്കുകയായിരുന്നു..മുന്നിലെ ഇരിപ്പടത്തിലേക്ക് നോക്കിയപ്പോൾ ശ്രദ്ധാപൂർവ്വം പ്രസംഗം കേട്ട് കൊണ്ടിരിക്കുന്ന മൗലവിയെ കാണാനിടയായി...മറ്റൊരിക്കൽ ഒരു യാത്ര കഴിഞ്ഞ്  നാട്ടിലേക്ക് തിരിച്ച് വരികയായിരുന്നു  മഞ്ചേരി എത്തിയപ്പോൾ പോലീസ് അങ്ങിങ്ങായി നിൽക്കുന്നു  കറുത്ത കൊടികളും കണ്ടു...ഇറങ്ങി അന്വാഷിച്ചപ്പോഴാണ് ലീഗ് സെക്രട്ടറി കൊരമ്പയിൽ  അഹമ്മദാജ മരണപ്പെട്ടന്നറിയുന്നത്...ഞങ്ങളും കൊരമ്പയിലിന്റെ  വീട്ടിലേക്ക് പോയി..മയ്യിത്ത കൊണ്ട് വരുന്നതേയുള്ളൂ  ഞങ്ങൾ അവിടെയെത്തി  നിൽക്കുന്നതിന്നിടയിൽ  ആൾ കൂട്ടത്തിൽ  വെച്ച്  മൗലവിയേയും കണ്ടു...സംസാരിച്ചപ്പോൾ പറഞ്ഞു മരണ വാർത്ത കേട്ട ഉടനെ കൊണ്ടോട്ടിയിലേക്ക്  കയറി  പെട്ടെന്ന്  ഇവിടെ എത്തിയതാണെന്ന്. ഇഞ്ഞിനെ ആയിരിന്നു മൗലവി 

അവസാന  കാലത്ത്  'കിതപ്പ്' അദ്ദേഹത്തെ  വല്ലാതെ അലട്ടിയിരുന്നു  കുറച്ച്  സൈലന്റായി പോവുകയും ചൈതു  അള്ളാഹു അദ്ദേഹത്തെ വിജയിച്ചവരിൽ  ഉൾപ്പെടുത്തട്ടെ امين
----------------------------------------
അബ്ദുലത്തീഫ് അരീക്കൻ



മരക്കാർ മൗലവി എനിക്ക് ഒരു ജേഷ്ട സഹോദരനെ പോലെ ആയിരുന്ന ഞാൻ കുറ്റൂർ നോർത്തിൽ 7->  ക്ലാസിൽ അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ ഒരു പുനക്ലാസ് പാലത്തിങ്ങൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് മൗലവിയുടെ കൂടെ പോയത് ഇന്നും മനസ്സിൽ ഓർമ വരുന്ന എത്രയോ പരിപാടികൾ ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട് സെമിനാർ സിംമ്പോസിയം ആരും കൂടെ ഇല്ലങ്കിലും ഒറ്റക്ക് പരിപാടിയിൽ പങ്കെടുക്കും നല്ല ഒരു വ> യനക്കാരനായിരുന്നു'  മൗലവിയുമായി ആരങ്കിലും തർക്കിക്കുകയാഞങ്കിൽ അണ്ണിക്ക് കൊടുക്കുന്ന മറുപടി നൽകുമായിരുന്നു രാഷ്ട്രീയ ചരിത്രങ്ങൾ നല്ലപോലെ വിവരിച്ച് കൊടുക്കുമായിരുന്നു ഭിന്ന ചേരിയിലായിരുന്ന സമയത്തും എല്ലാ വരുമായി നല്ല സൗഹൃദത്തിലായിരുന്നു പെരുമാറ്റത്തിൽ സൗമ്യനായിരുന്നു സ്ഥാനമാനങ്ങൾ ' ആഗ്രഹിക്കാത്ത ഒരു നേതാവായിരുന്ന അദ്ധേഹത്തെ അള്ളാഹു വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തടെ. 

മരക്കാർ മൗലവിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഓർമ്മയിൽ വരുന്നതെല്ലാം എഴുതാനുള്ള അറിവില്ലായ്മയാണ് പ്രശ്നം. അദ്ദേഹത്തിന്റെ അറിവും ഓർമ്മ ശക്തിയും അപാരമായിരുന്നു. സ്ഥാനമാനമാഗ്രഹിക്കാത്ത ഒരു നല്ല പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. രാഷ്ട്രീയമാവട്ടെ മറ്റെന്തുമാവട്ടെ പോയന്റ് മാത്രം സംസാരിച്ച് നമ്മെ മനസിലാക്കി തരുമായിരുന്നു. സെമിനാറുകൾ സിമ്പോസിയം സമ്മേളനങ്ങൾ ഒക്കെ എവിടെ ഉണ്ടായാലും പോകുമായിരുന്നു മഞ്ചേരി കോഴിക്കോട് തുടങ്ങി എത്തിപ്പെടാൻ സാധിക്കുന്ന എവിടെയും ആരെയും കാത്തു നിൽക്കാതെ പോകുമായിരുന്നു ഞങ്ങളൊരുമിച്ച് എത്രയൊ സമ്മേളനങ്ങൾക്ക് പോയിട്ടുണ്ട്. ചിലപ്പോൾ ആദ്യം അദ്ദേഹം എത്തും അപ്പോഴാണ് അദ്ദേഹം വന്നത് നമ്മൾ അറിയുന്നത് തന്നെ.
നല്ലൊരു വായനക്കാരനായിരുന്നു അതിനനുസരിച്ച് വ്യക്തിത്വം രൂപപ്പെടുത്തുകയും ചെയ്തു. എല്ലാവരോടും നല്ല സൗഹൃദം കാത്തു സൂക്ഷിച്ചു പോന്നു
പഴയ കാല ചരിത്ര സംഭവങ്ങൾ അദ്ദേഹം വിവരിക്കുമ്പോൾ ഞാനൊക്കെ സ്തംഭിച്ചു നിന്നിട്ടുണ്ട്. നല്ല ഓർമ്മശക്തിയായിരുന്നു. ആറിലൊ ഏഴിലൊ പഠിക്കുമ്പോൾ ആയിരുന്നു ഞാനാദ്യമായി ഒരു പഠന ക്ലാസ്സിൽ പങ്കെടുത്തത്. പാലത്തിങ്ങൽ വെച്ച് നടന്ന അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ ആ പരിപാടിയിൽ അന്ന് കൊണ്ടുപോയത് മരക്കാർ മൗലവിയും മൂസാക്കയും കൂടിയായിരുന്നു. ചിലവൊക്കെ എടുത്തത് അദ്ദേഹവും കെ.ടി ഹംസ മാഷും ആയിരുന്നു.
എനിക്കദ്ദേഹം ജേഷ്ഠ സഹോദരനും രാഷ്ട്രീയ വഴികാട്ടിയും ആയിരുന്നു.
അദ്ദേഹത്തിന്റെ ഖബർ ജീവിതം അല്ലാഹു വിശാലമാക്കട്ടെ.
ആമീൻ
--------------------------
കെ. സി. ഹംസ 



മർഹും മരക്കാർ മൗലവി.. മാതൃകയാണാ മഹത് ജീവിതം
〰〰〰〰〰〰〰〰〰
മരക്കാർ മൗലവിയെ പറ്റി കക്കാടംപുറത്തിന് പറയാനുള്ള അത്രയും കഥകൾ കുറ്റൂരിനും പറയാനുണ്ടാകും - കുറ്റൂരിന്റെ പഴയ തലമുറക്ക് ഇൽമിന്റെ വെളിച്ചം പകർന്നു കൊടുത്ത ഗുരുവര്യരാണ് അദ്ദേഹം. അത് പോലെ ഒരു വലിയ സുഹൃദ് വലയവും ഇവിടെ അദ്ദഹത്തിനുണ്ടായിരുന്നു.  പഴയ കാല ദർസിൽ കിതാബ് ഓതി പഠിച്ച നല്ല വിവരമുള്ള വ്യക്തിയാണ്. ദൂരദേശങ്ങളിൽ പോയി ദർസ് പഠനം നടത്തിയിട്ടുണ്ട്. ഖാദിർ ഫൈസിയുടെ ഉപ്പ ഷംസുദ്ദീൻ മുസ്ലിയാരുടെ ദർസിൽ പയ്യോളി പോയി പഠിച്ചിട്ടുണ്ട്.
പിന്നീടാണ് അറബിക് മുൻഷിയായത്.
മത രംഗത്തെ പോലെ ഭൗതിക രംഗത്തും നല്ല വിവരമായിരുന്നു. എല്ലാ മത സംഘടനകളോടും നല്ല ബന്ധം കാത്തു സൂക്ഷിച്ചു. നല്ല വായനക്കാരനായിരുന്നു എന്ന് ആ സംസാരത്തിൽ നിന്ന് മനസ്സിലാകും.
ആരെയും കുറ്റം പറയാത്ത പ്രകൃതം. അങ്ങാടി ചർച്ചയിലാണെങ്കിലും മാന്യമായ ഇടപെടൽ. മറ്റുള്ളവർ വലിയ വാക്തർക്കത്തിൽ മുഴുകുമ്പോൾ പുഞ്ചിരിച്ച് സ്വതസിദ്ധ ശൈലിയിൽ സൗമ്യതയോടെയുള്ള സംസാരം വളരെ ആകർഷകമായിരുന്നു.
മക്കളെയൊക്കെ നല്ല നിലയിൽ വളർത്തി. റിയാദിലുള്ള മകന്റെ കൂടെ  വിസിറ്റിംഗിൽ പോയി താമസിച്ചു. ഒരാൾ മീഞ്ചന്ത ആർട്സ് കോളേജിൽ പ്രൊഫസറാണ്.
പള്ളിയുമായി ഖൽബ് ബന്ധിപ്പിച്ചു ജീവിച്ചു.
മാന്യമായ പെരുമാറ്റവും സൗമ്യമായ സംസാരവും ലളിതമയ വേഷവും മരക്കാർ മൗലവിയെ നമുക്കൊക്കെ മാതൃകാ പുരുഷനാക്കി.
അല്ലാഹു അവരുടെ ഖബർ സ്വർഗ പൂന്തോപ്പാക്കട്ടേ..
അവരെയും നമ്മെയും ബന്ധപ്പെട്ടവരെയും ജന്നത്തുൽ ഫിർദൗസിൽ സജ്ജനങ്ങളോടൊപ്പം ഒന്നിച്ചു കൂട്ടട്ടേ എന്ന പ്രാർത്ഥനയോടെ:
---------------------------
✍ മുഹമ്മദ് കുട്ടി



VN മരക്കാർ മാഷ് 
എന്റെ പ്രിയപ്പെട്ട അയല്പക്കത്തെ കാരണവർ 
മയക്കുന്ന ഒരു ചിരിയുമായി കുഞ്ഞഹമ്മദിന്റെ പീടികയിലും സൈദലവിക്കന്റെ പീടികയിലും ഇരിക്കുന്ന ആ ചിത്രം മനസ്സിൽ നിന്ന് മായുന്നില്ല. വീട്ടിലേക്ക് അങ്ങാടിയിൽ നിന്ന് പോകുമ്പോൾ തന്റെ തലയിൽ ഒരു കൈ കൊണ്ട് ഉഴിഞ്ഞു കൊണ്ടുള്ള തുണി മടക്കിക്കുത്തികൊണ്ടുള്ള ആ നടത്തം ഇപ്പോൾ ഒരു ഓർമ മാത്രം.
തന്റെ മക്കളോട് നേരിട്ട് അധികം സംസാരിക്കാറില്ലായിരുന്നു. അത് പലപ്പോഴും അവരുടെ ഉമ്മ മുഖാന്തിരമോ  ചോദിച്ചറിയാലായിരുന്നു. ചിലപ്പോൾ എന്നെപ്പോലുള്ള മക്കളുടെ കൂട്ടുകാരോടും വിവരങ്ങളൊക്കെ ചോദിച്ചറിയും. എന്നാൽ അവരോടുള്ള അദ്യേഹത്തിന്റെ സ്നേഹവും ആകാംഷയും ആ അന്വേഷണത്തിൽ നമുക്ക് കാണാൻ കഴിയും.
അത് പോലെ പള്ളിയിൽ അധിക സമയത്തും ജമാഅത്തിന് ഉണ്ടാകും. ഒരു നാട്ടിൻപുറത്തുകാരന്റെ എല്ലാ വിധ നന്മകളുമായി മരണം വരെ അദ്ദേഹം നമ്മോടൊപ്പമുണ്ടായിരുന്നു. അള്ളാഹു അദ്ദേഹത്തിന്റെ ഖബറിനെ അനുഗ്രഹീതപൂർണമാക്കട്ടെ എന്ന് പ്രാർത്തിക്കുന്നു.
------------------------------
നൗഷാദ് പള്ളിയാളി



VN MARAKAR MOULAVI
............................ 
മുന് തലമുറയുടെ പൂളക്കൽ മറക്കാർ. നമ്മുടെയൊക്കെ മരക്കാർ മൗലവി. മരണം വരെ നിര ബാധിക്കാത്ത തലയും മുഖവും മനസ്സും പുഞ്ചിരിയും. ഒന്നായും രണ്ടായും വീണ്ടും ഒന്നായും ഒക്കെ നമ്മൾ കണ്ട മുസ്ലിം ലീഗ് ന്റെ നിസ്വാർത്ഥ പ്രവർത്തകൻ; സേവകൻ. KK മൂസക്കയുടെ സന്തത സഹചാരി, മനസാക്ഷി സൂക്ഷിപ്പുകാരൻ. ഉറച്ച അനുയായി.എന്റെ വടക്കേ അയൽകാരൻ.
എന്റെ അനുജന്റെ മകളുടെ സമ്മന്തക്കാരൻ ശിഹാബ്ന്റെ  'കാക്ക '(ഉപ്പ ). തത്തമ്മകൂട് അഡ്മിൻ VNM ന്റെ കുടുംബക്കാരന്. മൗലവിയുടെ ഭാര്യ സൈനബ എന്റെ ഉപ്പ കുടുംബത്തിലെ പ്രധാന കണ്ണിയിൽ പെടുന്നു. അദ്ദേഹത്തിന്റെ അനുജൻ അഹമ്മദ് കുട്ടി കാക്ക മരണം വരെ ഇഴ പിരിയാത്ത   സഹോദരങ്ങൾ. മക്കൾ പോലും ഉപ്പാനെ 'കാക്ക ' എന്ന് വിളിക്കാൻ കാരണം ആയ  അഗാധബന്ധം ഉള്ള നമ്മുടെ പരിസരത്തെ അപൂർവം മാതൃക സഹോദരന്മാർ. ചായ  -ഇഷ്ട തൊഴൻ. മരണം വരെ നന്നായി ആസ്വദിച്ചു. സ്കൂളിൽ പോയിരുന്ന കാലത്തു ചാത്തൻ തൊടി, പറമ്പിൽ  പീടിക,P തോട്ടശ്ശേരിയാര, എ .ർ നഗ ർ, കക്കാടം പുറം എന്നീ അങ്ങാടികളിലെ ചായക്കട യിലെ നിത്യ സന്തർശകൻ.

ചാത്തൻ തൊടിയിൽ കോഴിതൊടിക മമ്മതീഷ കുട്ടി കാക്ക മാനേജർ ഉം ഗോപി മാസ്റ്റർ ഹെഡ് മാസ്റ്ററും ആയിരുന്ന കാലത്താണ് മൗലവി അറബി മുൻഷി ആയി ജോലി ചെയ്തിരുന്നത്. അവർ പരിധിയിൽ കവിഞ്ഞ സ്വാതന്ത്ര്യം മൗലവിക്ക് നൽകിയിരുന്നു. 
മഹാനായ CH muhd koya സാഹിബ്‌ ന്റെ അതി മഹത്തായ jihad കളിൽ ഒന്നാം സ്ഥാനം സ്കൂളുകളിൽ അറബി വ്യാപകമാക്കിയത് ആണ്. 
യോഗ്യത sslc എന്നത് 7ആം class ആക്കികൊണ്ട് ഉത്തരവ് വന്നു. 7ആം ക്ലാസും എഴുതി പാസ്സ് ആക്കിയാൽ മതി എന്നും ഉത്തരവ് ഇറക്കി. മരക്കാർ മൗലവി കുറ്റൂർ നോർത്ത് up സ്കൂളിൽ ആണ് പരീക്ഷ എഴുതിയത് എന്നാണ് കേട്ടിട്ടുള്ളതു. മാനേജ്മെന്റ് ന്റെ നല്ല സഹായം അന്ന് മൗലവിക് കിട്ടിയിട്ട് ഉണ്ട്. അധ്യാപകനും പരീക്ഷകനും ഉപദേശകനും ഒക്കെ നമ്മുടെ haider master ആയിരുന്നു. പാവങ്ങളിൽ പാവങ്ങളായ നൂറു കണക്കിന് മുസ്ലിംകൾക്ക് നിയമനം കിട്ടി. 'കുട നന്നാക്കുന്നവരെ 'പിടിച്ചു school അധ്യാപകർ ആകുകയാണ് CH എന്ന വിദ്യാഭ്യാസ മന്ത്രി എന്ന് അസംബ്ലി യിൽ പോലും വിമർശനം ഉണ്ടായി. 
എന്തായാലും അതിന്റെ ഗുണഭോക്താവ ആയ മൗലവിയുടെ പെൻഷൻ ഇന്നും വീട്ടിൽ എത്തുന്നു.. അല്ഹമ്ദുലില്ലാഹ്.. 
അല്ലാഹു നമ്മെയും മൗലവിയെയും അവന്റെ അതിമഹത്തായ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ... 
--------------------------------------
എ. പി. ബീരാൻകുട്ടി 



സ്നേഹ മതിയായ മരക്കാർ മൗലവി വളരെ ചെറിയ വയസിലെ തന്നേ മൗലവിയെ എനിക്കും എന്നേ മൗലവിക്കും അറിയാമായിരുന്നു മകൻ ഹക്കിം ശിഹാബ് നജ്മുദ്ധീൻ എന്നിവർ എന്റെ സുഹൃത്തുക്കളായതുകൊണ്ട് മൗലവിയുമായി അടുത്ത ബന്ധം തന്നേ പുലർത്തിയിരുന്നു ഇദ്ദേഹത്തിന്റെ എളാപ്പ മൊയ്തുട്ടിക്ക എന്റെ വലിയുപ്പ മുഹമ്മദ് ഹാജിയുടെ അടുത്ത സുഹൃത്തായിരുന്നു ഇവരെപറ്റിയുള്ള നല്ല ഓർമകൾ മൗലവി എന്നോട് പലപ്പോഴും പങ്കിട്ടിട്ടുണ്ട് കക്കാടം പുറത്തങ്ങാടിയുടെ നിറസാന്നിധ്യമായിരുന്ന ഇദ്ദേഹത്തിന്റെ വിയോഗം നാട്ടുകാർക്ക് തീരാനഷ്ടമാണ് അല്ലാഹുഖബർ പൂങ്കാവനമാക്കി കൊടുക്കട്ടേ 
ആമീൻ
-------------------------------
റഷീദ് കള്ളിയത് 



VNമരക്കാർ മൗലവി
നമ്മുടെ നാടിന്റെ എല്ലാം
ആണെന്ന് തെന്നെ പറയാം മുസ്ലിം ലീഗ് പാർട്ടിയുടെ ഹരിത കൊടി
നെഞ്ചോട് ചേർത്ത് വെച്ച
മഹാവ്യക്തിത്വമാണ്
മരക്കാർ മൗലവി
ഒരു ചായ പ്രേമികൂടിയാണ് അദേഹം കടയിൽ വന്നാൽ ചിരിയും വർത്തമാനവും പതിവ് കാഴ്ച്ചയാണ് ഈ എളിയവനും ചില സമയങ്ങളിൽ ഇവരുടെ
തമാശയിൽ പങ്കെടുക്കാറുണ്ട്

അദേഹത്തിന് റ കൂടെ
നിഴൽ പോലെ എപ്പോഴും
കണ്ടംച്ചിറ സൈതലവി കാക്കയും കൂടെ ഉണ്ടാവാറുണ്ട്

ഏത് കളിയിലും ചിരിയിലും അഞ്ച് നേരത്തെ ജമാഅത്ത്
നഷ്ട്ടപ്പെടുത്താതെ നോക്കിയിരുന്നു മരക്കാർ
മൗലവി അദേഹത്തിന്റെ
വേർപാട് നമുക്ക് താങ്ങാവുന്നതിലും അപ്പുറത്താണ് അള്ളാഹു വിന്റെ വിളി വന്നാൽ നമുക്ക് പോയല്ലെ പറ്റൂ

ഞാൻ പല മുസിം ലീഗ് പാർട്ടീമീറ്റിങ്ങിലും വളരെ
അച്ചടക്കമുള്ള സംസാരവും സ്നേഹത്തോടെയുള്ള പെരുമാറ്റവും മറ്റൊരാളി ൽ നിന്നും വ്യത്യസ്ഥമാക്കി
നിർത്തുന്നു മരക്കാർ മൗലവിയെ

മരക്കാർ മൗലവലി മരണമടഞ്ഞെങ്കിലും
അദേഹത്തിന്റെ നല്ല ഓർമ്മകൾ നമ്മുടെ ഇടയിൽ ഇന്നും ജീവിക്കുന്നു 

ആ നല്ല കാലത്തിന്റെ ഓർമ്മകൾ എന്നും നമുക്ക്
മുന്നിൽ മരണമില്ലാതെ ജീവിച്ചിരിക്കെട്ടെ 
മരക്കാർ മൗലവിയുടെ
ഖബർ ജീവിതം സുഖത്തിലും സന്തോഷത്തിലും ആക്കി കൊടുക്കെട്ടെ ആമീൻ
------------------
സഫ്വാൻ


Thursday, 22 February 2018

💥സുഖം!💥


ഇരുപത്തിയാറ് മാസത്തെ പ്രവാസത്തിന്ന് ശേഷം നാട്ടിലെത്തിയതാണ്. കാണുന്നവരോടൊക്കെ വിശേഷങ്ങൾ തിരക്കി. എല്ലാവരും സന്തോഷത്തോടെ മറുപടി പറഞ്ഞു സുഖം!
നാട്ടിൽ ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ല. എല്ലാവർക്കും സുഖം! പ്രയാസങ്ങൾ പ്രവാസിക്ക് മാത്രം!!
ഓരോന്നോർത്തു കൊണ്ട് മധുരമിടാത്ത കട്ടൻ ചായ ഗ്ലാസ്സിൽ ബാക്കിയുള്ളതുകൂടി ഒറ്റ വലിക്ക് കുടിച്ച് ഗ്ലാസ്സ് മാഡത്തിനു് കൊടുത്ത് എഴുന്നേറ്റ് പോകുമ്പോഴാണ് മാഡം പറഞ്ഞത്, നിങ്ങൾ വന്നിട്ട് ഒരാഴ്ചയായി. നിങ്ങളുടെ മൂത്തമ്മാന്റെ മകന് തീരെ സുഖമില്ലല്ലോ ഒന്ന് അവിടെ വരെ പോയി നോക്കീ.
ശരിയാണ്, എന്റെ കാക്ക അലവിക്ക. 6 അടിയിലേറെ ഉയരമുള്ള മനുഷ്യൻ!
മൂത്തമ്മയുണ്ടായിരുന്ന കാലത്ത് ആഴ്ചയിലൊരിക്കലെങ്കിലും അവിടെ പോകാറുണ്ടായിരുന്നു. ഇപ്പോ പോയിട്ട് രണ്ടരക്കൊല്ലമായി. ൻറെ ഷർട്ടെവിടെ? ഞാൻ അക്കര ഒന്നുപോട്ടെ.
കുട്ടിക്കാലത്ത് തന്നെ ഞങ്ങൾ മൂത്തമ്മാന്റെ വീട്ടിലേക്ക് അക്കരയെന്നായിരുന്നു പറഞ്ഞിരുന്നത്.. 
ഷർട്ടിട്ട് പുറത്തേക്കിറങ്ങിയപ്പോൾ മാഡം പറഞ്ഞു, നിങ്ങളെക്കൊണ്ട് ആ കയറ്റം കേറാൻ പറ്റൂല, കുട്ട്യാള് ആരെങ്കിലും സ്കൂട്ടർമല് കൊണ്ടോയ്ക്കോളും.
ഞാൻ നടന്നോളാമെന്നു് പറഞ്ഞ് പുറത്തിറങ്ങി.
താഴേക്ക് ചക്കിങ്ങൽ ഇടവഴിയിലൂടെ നടന്നു. പ്രകൃതി രമണീയമായ നമ്മുടെ നാട് .ദൂരേക്ക് നോക്കിയപ്പോൾ ഇടതൂർന്ന് നിൽക്കുന്നതെങ്ങിൻ തോപ്പുകൾ!  ജീവിതത്തിന്റെ 45 ശതമാനവും മണലാരണ്യത്തിൽ കഴിഞ്ഞ എനിക്ക് ചുറ്റുപാടുമുള്ള ഹരിതഭംഗി എത്ര ആസ്വദിച്ചിട്ടും മതി വരുന്നില്ല. 
വെയിൽ ചൂടു തുടങ്ങിയിരിക്കുന്നു. കട്ടിക്കാലത്ത് ഈ സമയത്തൊക്കെ ഞാനും ൻറെ സൈദും കരിയിലകൾ കൂട്ടി തീ കാഞ്ഞിരുന്നത് ഓർത്തപോയി. പാട വരമ്പൊക്കെ ചെളി നിറഞ്ഞിരിക്കുന്നു.
പണ്ടത്തെപ്പോലെയുള്ള കൃഷികളൊന്നും ഇപ്പോഴില്ല. കൂടുതലായി വാഴക്കൃഷി തന്നെയാണ്. പണ്ട് കാളപൂട്ട് മൽസരങ്ങൾ നടന്നിരുന്ന കണ്ടമൊക്കെ ഒരു കൃഷിയുമില്ലാതെ കിടക്കുന്നു. കാളപൂട്ട് മൽസരം നടക്കുമ്പോൾ ഞാനും ൻറെ സൈദും കാളയുടെ പുറകെ പാഞ്ഞതും കാകളെ തല്ലുന്നവ ടി കൊണ്ട് ഞങ്ങളെ തല്ലിയോടിച്ചതും ഓർമ്മയിൽ മിന്നി മറഞ്ഞു. 
ഇനി കയറ്റം കയറണം. കട്ടിക്കാലത്ത് ൻറെ സൈദും ഞാനും വേങ്ങരയിലേക്ക് നടന്നു പോയിരുന്നത് ഈ വഴിയായിരുന്നു. അന്ന് ഇതൊന്നും ഒരു കയറ്റമേ അല്ലായിരുന്നു.
കുട്ടികളെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാ നടന്ന് പൊയ്ക്കോളാമെന്നു് പറഞ്ഞത്.
വാഹനങ്ങൾ വരുമ്പോൾ പേടി തോന്നുന്നു. റോഡൊക്കെ വീതി കുറഞ്ഞിരിക്കുന്നു. ഏതാ ജല പദ്ധതിക്ക് കീറിയതാണത്രേ! കീറിയവർ ഒരിടത്തും നന്നാക്കാറില്ലല്ലോ! കാരണം, അവർ ടാറിംഗ് ജോലി ചെയ്യാറില്ലല്ലോ.....!
വീടൊക്കെ വലുതാക്കി മോടിപിടിപ്പിച്ചിട്ടുണ്ട്. ഒറ്റ മോനേയുള്ളൂ. അവ നങ്ങ് വിദേശത്താ .......
മുറ്റത്തെത്തിയപ്പോൾ തന്നെ ശക്തിയായ ചുമകേട്ടു . ങ്ങും ആള് അകത്തുണ്ട്. എന്നെക്കണ്ടാൽ തന്നെ അപ്പോ തുടങ്ങും ഉപദേശം, സാമ്പത്തിക ഉപദേശം! കേട്ടാൽ തോന്നും മൂപ്പർ മൻമോഹൻ സിംഗിന്റെ സഹപാഠിയായിരുന്നെന്ന്.
കോളിംഗ് ബെല്ലിൽ ചെറുതായൊന്നമർത്തി. വലിയ ശബ്ദത്തിൽ കർണ്ണാനന്ദകരമായ മണി നാദം! ഓപ്പൺ ദ ഡോർ എന്ന് പറഞ്ഞ് കൊണ്ട് നാദം അവസാനിച്ചു. ആരും തുറന്നില്ല. ഞാൻ തന്നെ വാതിൽ പതിയെ തുറന്നു!
ഒരു ചിരി കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ കസേരയിൽ ഒരു രൂപം കയ്യിൽ കട്ടൻ ചായയുമായിരിക്കുന്നു. 
അന്ന ഞാൻ ജനാലൻറെ ചില്ലിൻ റുള്ളിലൂടെ കണ്ടീനു, അനക്ക് ഇങ്ങോട്ട്കാണുല.
കുടിച്ചഗ്ലാസ്സ് അവിടെ വെച്ച് മൂപ്പർ എഴുന്നേറ്റു.
ആറടിയിലേറെ ഉയരമുണ്ടായിരുന്ന ആജാനുബാഹുവായിരുന്ന മനുഷ്യൻ ഇന്ന് വെറും എല്ലും തോലുമായിരിക്കുന്നു!
പുറത്ത് രണ്ട് കസേരയിട്ടു. ഞാനിരുന്നു. മൂപ്പർ ഒരു സിഗരറ്റിന് തീ കൊളുത്തി, .
ജ് തൊടങ്ങീട്ടൊന്നും ഇല്ലല്ലോ?
പരിഹാസച്ചുവയുള്ള ചോദ്യം ഞാൻ പ്രതീക്ഷിച്ചതു തന്നെയായിരുന്നു.
ഇങ്ങള് നിർത്തണ്ടാ......
വലിച്ചോളീന്ന് പറഞ്ഞ് കൊണ്ട് താത്ത കടന്നു വന്നു. എല്ലാ ഡോക്ടർമാരോടും കാക്കാക്ക് ദേഷ്യമാ......
ചിരിച്ച് കൊണ്ട് കാക്ക ചോദിച്ചു,
എന്താപ്പോ സൗദി ന്റെ സ്ഥിതി?
പഴയ മാതിരി തന്നെ മാറ്റമൊന്നും ഇല്ല. ചുമച്ച് കൊണ്ട് തന്നെ സിഗരറ്റ് ആഞ്ഞു വലിച്ചു.
കാക്കാ ഇത് നിർത്തിക്കാളി. ഇതിന്റെ ഫലമാണ് നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ. പണ്ടൊക്കെ ദാരിദ്ര്യമായിരുന്നു. ഇeപ്പാ അൽഹംദുലില്ലാഹ്  മകനെക്കൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു.
എന്നാൽ സുഖ സൗകര്യങ്ങൾ കൂടുമ്പോൾ നിങ്ങൾ ദ്രവിച്ച് ദ്രവിച്ച് ഈ പരുവത്തിലായില്ലേ? സന്തോഷത്തോടെ ഒരു ഗ്ലാസ്സ് ചായ നിങ്ങൾക്ക് കുടിക്കാൻ കഴിയുന്നുണ്ടോ? ഈ നശിച്ച പുകവലി ഒന്ന് നിർത്തി നോക്ക്, നിങ്ങളുടെ ആരോഗ്യം പഴയത് പോലാകും.
ഒരു നെടുവീർപ്പിട്ട് കൊണ്ട് മൂപ്പർ പറഞ്ഞു. ചോറും ബിരിയാണിയും കോഴിയും ഇറച്ചിയുമൊക്കെ വയറു നിറച്ച് തിന്നാൻ പൂതീ ണ്ട്,
പക്ഷേ ഒരു ഉരുളകഴിച്ചാൽ പിന്നെ ഒന്നും വേണ്ട. ആ കണ്ണുകൾ നിറഞ്ഞ് തുളുമ്പുന്നത് ഞാൻ ശ്രദ്ധിച്ചു.
കാശുണ്ടായപ്പോ തിന്നാൻ വയ്യാണ്ടായി.......
ഇപ്പോ കരഞ്ഞിട്ട് ഒരു കാര്യവുമില്ല. കുറേക്കാലം കൂടി ജീവിക്കണേൽ അതങ്ങട്ട് നിർത്തിക്കാളീം.
നിർത്തും മൂപ്പര് നിർത്തും, ഇഞ്ഞ് ബൽച്ചു ല തിന്നൊള്ളൂ......
താത്ത എനിക്ക് ചായകൊണ്ടന്ന eപ്പാഴാണ് അത് പറഞ്ഞത്.
ചായ കുടി കഴിഞ്ഞ് ഞാൻ എണീറ്റ് യാത്ര പറഞ്ഞിറങ്ങിയപ്പോൾ പുറകീന്നൊരു വിളി ......
ഇന്നാ ഇത് കൊണ്ടോയ്ക്കോ ......
ഒരു പൊതി നീട്ടിക്കൊണ്ടാ കാക്ക പറഞ്ഞത്.
എന്താത് ? ഞാൻ പൊതി തുറന്നു നോക്കി...... ഒരു പാക്കറ്റിനുള്ളിൽ നാല് ഡിഗരറ്റും ഒരു ലൈറ്ററും! 
ഞാനാ മുഖത്തേക്ക് നോക്കി, തിളങ്ങുന്ന കണ്ണുകൾ! ശുഭാപ്തി വിശ്വാസത്തോടെയുള്ള പുഞ്ചിരിയും!
പൊതി ചുരുട്ടിക്കെട്ടി ഈറനണിഞ്ഞ കണ്ണുകളുമായി ഞാൻ തിരിഞ്ഞ് നടന്നു.
പുകവലി നിങ്ങളെ നശിപ്പിക്കും......
-----------------------------------------
എം ആർ സി അബ്ദുറഹ്മാൻ

Tuesday, 20 February 2018

അരീക്കൻ മമ്മദ് കാക്ക - എളാപ്പ


പളളിപ്പറമ്പ് @ 
അരീക്കൻ മമ്മദ് കാക്ക - എളാപ്പ 


അരീക്കൻ മമ്മദ് കാക്ക - എളിമയോടെ ജീവിച്ച എന്റെ എളാപ്പ
〰〰〰〰〰〰〰〰〰〰
ഒരു മനുഷ്യന് എത്ര എളിമയോടെ കഴിഞ്ഞുകൂടാൻ പറ്റും എന്നതിന് ഒരു ജീവിക്കുന്ന ഉദാഹരണമായിരുന്നു എന്റെ ഉപ്പയുടെ അനുജൻ മമ്മദാപ്പ എന്ന് ഞങ്ങൾ വിളിച്ചിരുന്ന മമ്മദ് കാക്ക. വേഷത്തിലും നടത്തത്തിലും ഇടപെടലുകളിലും എല്ലാം ആ എളിമത്തം അദ്ദേഹം കാത്തു പോന്നു.
ആദ്യകാലത്തെ കുറ്റൂർ സ്കൂളിലെ പാർട്ടൈം പ്യൂണായി ജോലി നോക്കി. അനുജൻ മുഹമ്മദ് കുട്ടി എളാപ്പയും അതേ കാലത്ത് പാർട്ടൈം പ്യൂണായിരുന്നു. പിന്നെ ആ പോസ്റ്റ് ഫുൾ ടൈം ആയപ്പോൾ ജോലി അനുജന് നൽകി പിരിയുകയായിരുന്നു.

     ഏറെക്കാലം കുറ്റൂർ ചായക്കട നടത്തി. ആദ്യം മദ്രസയുടെ മുമ്പിലുള്ള പോക്കർ കാക്കയുടെ കടയിലായിരുന്നു . വളരെക്കാലം സ്കൂളിന്റെ മുമ്പിലുള്ള കടയിൽ ഹോട്ടൽ നടത്തി. അന്ന് എളാപ്പ ഉണ്ടാക്കിയിരുന്ന പലഹാരങ്ങളുടെ രുചി ഇപ്പോഴും നാവിലുണ്ട്. കലത്തപ്പ സ്പെഷ്യലിസ്റ്റ് ആയിരുന്നു. ഇന്നത്തെപ്പോലെ കുക്കറിൽ മാവ് ഒഴിച്ച് ആളെ പറ്റിക്കലായിരുന്നില്ല. ചീനച്ചട്ടിയിൽ ചെറിയ ഉള്ളി മൂപ്പിച്ച് അടിയിലും മുകളിലും കനൽ വെച്ച് പാകത്തിൽ ചുട്ടെടുക്കുന്ന ആര് എഴുന്നു നില്ക്കുന്ന കലത്തപ്പം!  നല്ല പാചകക്കാരനായിരുന്നു. 
ഏത് സഭയിലും പിൻസീറ്റിലേ ഇരിക്കൂ. എല്ലാതരം ഭക്ഷണം ഉണ്ടാക്കുമെങ്കിലും മൂപ്പർ ഇത്തിരി സാദാ ചോറെടുത്ത് തൃപ്തിപ്പെടും.
നല്ലൊരു കർഷകനായിരുന്നു. തൊടിയിൽ ഒരു തരിമണ്ണ് പോലും തരിശിടില്ല. പൂളയും ഇഞ്ചിയും ഒക്കെ കൃഷി ചെയ്യും. പാടത്ത് നെല്ലും വാഴയും കവുങ്ങും തെങ്ങും ഒക്കെ ഉണ്ടായിരുന്നു. പണിക്കാരെ വിളിച്ചാലും അവരുടെ കൂടെ ജോലി ചെയ്യും.  എല്ലാ കാര്യത്തിലും
ദീർഘദൃഷ്ടിയും ഉറച്ച അഭിപ്രായവും ഉണ്ടായിരുന്നു.
ബാപ്പ ചെറുപ്പത്തിൽ മരിച്ചെങ്കിലും ഉമ്മയെ ഏറെക്കാലം ശുശ്രൂഷിക്കാൻ എളാപ്പാക്ക് ഭാഗ്യം കിട്ടി. ഉമ്മ ജീവിച്ചിരിക്കേ എളാപ്പ വിട പറയുകയും ചെയ്തു.
ജീവിതത്തെ വളരെ ലളിതമായി സമീപിപ്പിക്കുകയും നിസ്സാരമായ ജീവിതം നയിക്കുകയും ചെയ്ത ആ മഹദ് വ്യക്തിത്വം ഒരു വെള്ളിയാഴ്ച ജുമുഅ സമയത്താണ് വിടപറഞ്ഞത്.
ബീരാൻ, മൊയ്തീൻകുട്ടി (മാനി) എന്നീ ആൺമക്കളും 3 പെൺമക്കളുമുണ്ട്. അല്ലാഹു അവർക്ക് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ.. അവരെയും നമ്മെയും നമ്മുടെ മരണപ്പെട്ടവരെയും സജ്ജനങ്ങളുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു ചേർക്കട്ടെ എന്ന പ്രാർത്ഥനയോടെ
✍✍  മുഹമ്മദ് കുട്ടി



മമ്മദളാപ്പ  കാലത്തോട് കലഹിക്കാതെ നിശബ്ദനായി ജീവിച്ച് തീർത്ത വെക്തിത്വം. 
====================
ആർഭാടമില്ലാത്ത വസ്ത്രധാരണ രീതി..തന്റേതായ ശൈലിയിലുള്ള തലയിൽ കെട്ട്..മണ്ണിൽ നിന്നും മരങ്ങളിൽ നിന്നും ആദായമുണ്ടാകുന്നതിൽ വൈ തക്ത്യം..സമാന പ്രായകാരുമൊത്ത് ഒഴിവ് സമയത്ത് കുറ്റൂരിലിരുന്നുള്ള സൊറ പറച്ചിൽ..ഇതെല്ലാമായിരുന്നു  ഞാൻ കണ്ട  മമ്മദളാപ്പ...പരാതികളും  പരിഭവങ്ങളുമൊന്നുമില്ലാതെ നമ്മിൽ നിന്ന് മറഞ്ഞുപോയ  അദ്ധേഹത്തിന്റ പരലോക ജീവിതം അള്ളാഹു വിജയിപ്പിക്കട്ടെ  امين
------------------------------
ലത്തീഫ് അരീക്കൻ



മമ്മദ്ക്ക എന്ന കുടുംബത്തിനേറെയും നാട്ടുകാരുടെയു മമ്മദ് എളാപ്പ എനിക്ക് എന്റെ പ്രിയ സുഹൃത്തിന്റെ പിതാവെന്ന നിലയിൽ അങ്ങേ അറ്റം സുപരിചിതനായിരുന്നു സഹോദര പുത്രൻ പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ കൈ പുണ്യത്തേ പറ്റി മദിരാശിയിലെ വ്യാപാരിയും കൊടുവായൂർ സ്വദേശിയുമായ എന്റെ മുതിർന്ന സുഹൃത്ത് ധാരളം പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട് 60 കളിൽ കൊടുവായൂർ അങ്ങാടിയിൽ മമ്മദ്ക്കയും അദ്ദേഹത്തിന്റെ സഹോദര പുത്രൻ ബീരാൻ ഹാജിയും ചേർന്ന് ഹോട്ടൽ നടത്തിയിരുന്നുവെത്രെ ആ കാലത്ത് ഇദ്ദേഹം പാകം ചെയ്ത ഭക്ഷണ സാധനങ്ങളുടെ രുചിയെ പറ്റിയാണ് വായയിൽ വെള്ളം നിറച്ച് സുഹൃത്ത് വിവരിക്കാറ് മറ്റുള്ളവരെ ആലോസരപ്പെടുത്താതെ കടന്നു പോയ ഇദ്ദേഹം ഒരു മഹാൻ തന്നേയായിരുന്നു മക്കളെ വളർത്തുന്നതിൽ ഇദ്ദേഹത്തിന് വേറിട്ടൊരു നല്ല കാഴ്ച്ചപ്പാടുണ്ടായിരുന്നെന്ന് പ്രിയ സുഹൃത്തമാണിയിൽ നിന്ന് ചെറുപ്പത്തിലെ എനിക്ക് അറിയാൻ സാധിച്ചിരുന്നു മാത്രവുമല്ല നല്ല ഒരു സാമ്പത്തിക നയത്തിന്റെ ഉടമ കൂടിയായിരുന്നു മമ്മദ്ക്ക അല്ലാഹു പ്രിയന്റെ ഖബറിനെ സ്വർഗമാക്കി മാറ്റട്ടേ ആമീൻ
--------------------
റഷീദ് കള്ളിയത്ത്



എളാപ്പ അങ്ങിനെ ആണ് ഞാനടക്കം എല്ലാവരും വിളിക്കാറ് കൂടുതൽ
സംസാരം ഞങ്ങൾ
തമ്മിൽഇല്ല എങ്കിലും ഞാൻ ദിവസവും കാരപറമ്പിൽ പോകുമ്പോൾ കാണും ഒരു ചെറുപുഞ്ചിരി ബസീറെ എന്നനീട്ടിവിളി അത്
ഇപ്പോഴും കാതുകളിൽ ഉണ്ട്
M kutty യുടെ വീട്ടുമുറ്റംവഴി പോകുമ്പോൾ  എളാപ്പാനെ കാണാതെ പോകാനോക്കില്ല Mrc പറയുന്നത് പോലെബീഡി ചുണ്ടിൽ ഉണ്ടാകും
അള്ളാഹു കബറിടം വെളിച്ചമാക്കട്ടെ അതൊടപ്പം അവന്റെ സ്വർഗ്ഗപുന്തോപ്പിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
----------------------
ബഷീർ പി. പി. 



അസ്സലാമു അലൈക്കും....  ഞങ്ങൾ മമ്മദാപ്പ എന്ന് വിളിക്കുന്ന ഞങ്ങളുടെ എളാപ്പ നിഷ്കളങ്ങതയുടെയും ലാളിത്യത്തിന്റെയും ആൾരൂപമായിരുന്നു.     ഉപ്പയുടെ മരണശേഷം ഞങ്ങൾക്ക് എന്തിനും ഏതിനും ആശ്രയിക്കാനും അഭിപ്രായം ആരായാനുമുള്ള ഒരു അത്താണിയായിരുന്നു എളാപ്പ .    ആരോടും  ഒച്ചയിട്ടു സംസാരിക്കുന്നതോ ദേഷ്യപ്പെടുന്ന തോ കണ്ടതായി ഓർക്കുന്നില്ല.     നല്ലൊരു കർഷകനും കച്ചവടക്കാരനുമായിരുന്നു.      പിന്നെ MRC, പൂച്ചാക്ക, ലത്തീഫ് ,റഷീദ്, ബഷീർ, അബ്ദുള്ള മുതലായവർ എളാപ്പ യെ കുറിച്ച് എഴുതിയ അനുസ്മരണക്കുറിപ്പുകൾ ശ്രദ്ധേയമായി.                 നാഥൻ എളാപ്പയുടെ പരലോകജീവിതം വിജയിപ്പിക്കുമാറാകട്ടെ - അവരെയും നമ്മെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടുമാറാകട്ടെ -    ആമീൻ
----------------------------
ഹസ്സൻകുട്ടി അരീക്കൻ



السلام عليكم
ഞങ്ങൾ മമ്മതാപ്പ എന്ന് വിളിക്കുന്ന കുടുംബക്കാരുടെ മമ്മ തെളാപ്പയും നാട്ടുകാരുടെ എളാപ്പയും മമ്മതാ ക്കയും. എനിക്ക് ഓർമ്മ വെച്ച അന്ന് മുതലേ കച്ചവടമാണ്. ചായക്കച്ചവടവും പലചരക്കും. എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ തൊടുവിൽ ഇപ്പോൾ ബാലവാടി നിൽക്കുന്ന സ്ഥലത്ത് ഉപ്പയുടെ കൂടെ. പിന്നെ ഉപ്പ കച്ചവടം EK പോക്കർ കാക്കാന്റെ കടയിലേക്ക് മാറ്റിയപ്പോൾ അവിടെയും ഉണ്ടായിരുന്നു. അതിനിടക്ക് ചെമ്പുപണിക്ക് കുടകിലേക്കും പോയിരുന്നു. ശേഷം കൊടുവായൂർ അങ്ങാടിയിൽ ബീരാൻ കാക്കയും കൂടി ഹോട്ടൽ തുറന്നു.പിന്നെ വീണ്ടും കുറ്റൂരിലേക്ക് .പോക്ക രാക്കാന്റെ കടയിലും ആദ്യം Post Office നിന്നിരുന്ന കടയിലും മാളിയേക്കൽ കാരെ ബിൽഡിങ്ങലും ചായക്കട നടത്തി.പാചകത്തിൽ നല്ല കൈ പുണ്യമായിരുന്നു. എളാപ്പാന്റെ കായപ്പം, കലത്തപ്പം, ചാപ്സ് കറി എന്നിവ വളരെ പ്രസിദ്ധമായിരുന്നു. അതിനിടയിൽ കൃഷിയും കൊണ്ടു നടന്നു.പാടത്തും പറമ്പിലും വാഴയും, ഇഞ്ചിയും പൂളയും ചേമ്പും ചേനയും എല്ലാം സജീവമായിരുന്നു. അണ്ടിത്തോട്ടം പാട്ടത്തിനെടുക്കുമായിരുന്നു. മരിക്കുന്നത് വരെ അദ്ധ്വാനശീല നായിരുന്നു എളാപ്പ .അതു പോലെ ലളിതമായ ജീവിതം നയിച്ചു പോന്നു. വലുപ്പചെറുപ്പമില്ലാതെ എല്ലാവരും എളാപ്പന്റെ കൂട്ടുകാരായിരുന്നു. ഒരു ചെറുപുഞ്ചിരിയോടെ എല്ലാവരെയു സ്വീകരിക്കും. മിതമായ സംസാരം എളാപ്പാന്റെ കൈമുതലായിരുന്നു.എന്റെ ഓർമ്മ ശരിയാണെങ്കിൽ മരിക്കുന്നതിന് എട്ടു പത്ത് വർഷം മുമ്പാണ് എളാപ്പ ചെരുപ്പ് ധരിക്കാൻ തുടങ്ങിയത്‌.അള്ളാഹുവേ.. ഞങ്ങളുടെ മമ്മതാപ്പാന്റെയും ഞങ്ങളിൽ നിന്ന് മരിച്ച് പോയ എല്ലാവരുടെയും പരലോകജീവിതം നീ ധന്യമാക്കണേ.അവരുടെ എല്ലാ പാപങ്ങളും പൊറുത്ത് മാപ്പാക്കിക്കൊടുക്കണേ.അവരെയും ഞങ്ങളെയും നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ.... ആമീൻ
--------------------------
മമ്മുദു അരീക്കൻ



പാപ്പാട് ത്തെ കാക്ക നിങ്ങള മമ്മദ് കാക്ക ഞങ്ങൾക്ക് കാക്ക...
വല്ലിപ്പാന്റെ അനിയൻ.. 

ജീവിതത്തിൽ ആർഭാടം ഒരിക്കലും കാണിച്ചിട്ടില്ല എന്നു തന്നെ പറയേണ്ടിവരും...
ജീവിതത്തിന്റെ ഏറിയ പങ്കും നഗ്നപാദങ്ങളാൽ കുറ്റൂരിന്റെ മാറിലൂടെ തലയിൽ അലസമായി കെട്ടിയ തോർത്തും കള്ളി തുണിയും മുട്ടോളം മടക്കി വെച്ച ഫുൾ കൈ ഷർട്ടും അണിഞ്ഞ് നടന്ന് നീങ്ങി അവർ....

കാക്കയെ കുറിച്ച് അനുസ്മരണ കുറിപ്പെഴുതി ഓർത്തെടുക്കാൻ ഓർമ്മകൾ പങ്കവെക്കാനും സന്മമനസ് കാണിച്ച എല്ലാവർക്കും നന്ദി...

നാഥൻ അവരെയും ഞമ്മളയും അവന്റെ ജന്നാത്തിൽ ഒരുമിച്ച് കൂട്ട്മാറാവട്ടെ..ആമീൻ.
---------------------
അദ്‌നാൻ അരീക്കൻ 



മമ്മദ് എളാപ്പ💥
ഓർമ്മ വെച്ച കാലം മുതൽ അരിക്കൻ മമ്മദ് കാക്കാനെ ഇങ്ങനെ വിളിക്കുന്നതാണ് കേട്ടിരുന്നത്. അരീക്കൻമാരായ ചങ്ങാതിമാരൊക്കെ അന്ന് മുതലേ മമ്മദെളാപ്പ എന്നാണ് വിളിച്ചിരുന്നത്.പിന്നീട് നാട്ടുകാരും അങ്ങിനെ തന്നെ വിളിച്ചു.
കർഷകനും ചായക്കടക്കാരനുമൊക്കെയായി നാട്ടുകാരുടെയിടയിൽ മമ്മദെളാപ്പ നിറഞ്ഞു നിന്നിരുന്നു. ദീർഘകാലം കുറ്റൂരിൽ തന്നെ ചായക്കട നടത്തിയിരുന്നു. കൊടുവാ പാടത്ത് വാഴക്കൃഷിയും പച്ചക്കറിയും ഉണ്ടായിരുന്നു.
പ്രായ വ്യത്യാസമില്ലാതെ എല്ലാവരുമായും മമ്മദ്ക്ക ചങ്ങാത്തം കൂടിയിരുന്നു. അത് അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയായി തന്നെ എടുത്ത് പറയാം.
ഞാനുമായി അടുത്ത ബന്ധം മമ്മദ്ക്കാക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗ സമയത്ത് ഞാൻ നാട്ടിലില്ലായിരുന്നു. അദ്ദേഹത്തിൻറെ ഖബറിടം അള്ളാഹു വെളിച്ചമാക്കട്ടെ -
ജന്നാത്തുൽ ഫിർദൗസിൽ അദ്ദേഹത്തെയും നമ്മളെയും ഒരുമിച്ചുകൂട്ടണെ അള്ളാ- ആമീൻ




കള്ളിയത്ത് അവറാൻ മുസ്ലിയാർ



പളളിപ്പറമ്പ് @ 52
കള്ളിയത്ത് അവറാൻ മുസ്ലിയാർ



കള്ളിയത്ത് അവറാൻ മുസ്ലിയാർ - നാടിന്റെ തീരാ നഷ്ടം
============
ഒരു നാടിന്റെ തന്നെ വെളിച്ചമായിരുന്ന കള്ളിയത്ത് അവറാൻ മുസ്‌ലിയാർ എന്റെ ഉപ്പയുടെ വലിയുപ്പയാണ്.
ഇന്നും മനുഷ്യമനസ്സുകളിൽ അദ്ദേഹം ജീവിച്ചിരിക്കുന്നു.

അദ്ദേഹത്തിന് എപ്പോഴും പുഞ്ചിരിക്കുന്ന ഒരു മുഖമായിരുന്നു.
അറബി,മലയാളം, തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യം നേടിയ അദ്ദേഹം ദിനേന അൽപ്പമെങ്കിലും വായിക്കുകയും എഴുതുകയും ചെയ്യുമായിരുന്നു.ആനുകാലിക പ്രസക്ത ലേഖനങ്ങളും ദിനപത്രങ്ങളും സ്കൂൾ കുട്ടികളുടെ പുസ്തകങ്ങളും ഒക്കെ വായിക്കുമായിരുന്നു.
ഓരോ ദിവസത്തെയും പ്രധാന കാര്യങ്ങൾ തന്റെ ഡയറിക്കുറിപ്പിൽ  കുറിച്ചുവെക്കാനും അദ്ദേഹം മറക്കാറില്ലായിരുന്നു.പൊതു വിജ്ഞാനി കൂടിയായിരുന്നു അദ്ദേഹം.

കാര്യങ്ങൾ ഉത്തരവാദിത്വമനോഭാവത്തോടെ നോക്കി കണ്ടു.നാട്ടുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാർഗം നിർദേശിച്ചു കൊണ്ടും അവ പരിഹരിച്ചു കൊണ്ടും ,നാടിനും നാട്ടുകാർക്കും വേണ്ടി ജീവിച്ചു.
നാടിന്റെ ഓരോ നല്ല പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിച്ചു.
തന്റെ മകളെയും സഹോദരന്റെ മക്കളെയും കുറ്റൂർ നോർത്തിലുള്ള ഓത്ത്പള്ളിയിൽ അക്ഷരങ്ങൾ പഠിക്കാൻ വിട്ടു,ദൂര കൂടുതൽ കാരണം അവിടെ പോയി മടങ്ങി വരാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്ന് കണ്ടറിഞ്ഞു നമ്മുടെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാൻ നമ്മുടെ നാട്ടിൽ തന്നെ ഒരു മദ്രസ എന്ന ആശയം മുന്നോട്ട് വെച്ചു. അങ്ങനെ ആ ആശയത്തിൽ അദ്ദേഹം  പ്രസിഡന്റും അദ്ദേഹത്തിന്റെ സുഹൃത്തും നാട്ടുകാരനുമായിരുന്ന കുറുക്കൻ കുഞ്ഞായീൻ മുസ്‌ലിയാരെ സെക്രെട്ടറി യും ആക്കിക്കൊണ്ട് കക്കാടംപുറത്ത് മള് ഹറുൽ ഉലും  മദ്റസ രൂപം കൊണ്ടു.ഇന്നത്തെ പോലെയുള്ള മദ്രസയല്ല,മറിച്ച് ഓലകൾ കൊണ്ട് മറച്ചു കെട്ടിയ ചെറിയ ഒരു ഹാള്. അതായിരുന്നു അന്നത്തെ മദ്രസ.അവിടേക്ക് പിന്നെ തന്റെ മക്കളെയും നാട്ടിലെ എല്ലാ കുട്ടികളെയും ചേർത്തു.അതിൽ നിന്നാണ് ഇന്നത്തെ പോലോത്ത മദ്രസ ഇവിടെ ഉയർന്നു വന്നത്.
അത് പോലെ തന്നെ കക്കാടം പുറത്തെ പള്ളിയുടെ സ്ഥാപക പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം,അതിന്റെ എല്ലാ കാര്യങ്ങളും വളരെ ഉത്തരവാദിത്വത്തോടെ നോക്കി നടന്ന ആൾ ആയത് കൊണ്ടാണ് അന്നത്തെ നാട്ടുകാർ പള്ളിക്ക് അദേഹത്തിന്റെ പേര് കൂടി ചേർത്തി മസ്ജിദു റഹ്മാൻ എന്ന പേര് വെച്ചത്.

ദീനീ കാര്യങ്ങളിൽ വളരെ അധികം കർക്കശക്കാരനായിരുന്നു അദ്ദേഹം. തെറ്റുകൾ കണ്ടാൽ അത് വളരെ സൗമ്യതയോടെ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതിൽ വളരെ ശ്രദ്ധ ചെലുത്തിയിരുന്നു.

കുറ്റൂർ കുന്നാഞ്ചേരി പള്ളിയിലെ ഖത്തീബും ഖാളിയും ആയി സേവനമനുഷ്‌ടിച്ചു.

നമ്മുടെ നാട്ടിലെ ദീനീപണ്ഡിതനായിരുന്ന അദ്ദേഹം കൊണ്ടോട്ടിക്കടുത്ത് വിളയിൽ എന്ന സ്ഥലത്തായിരുന്നു ദർസ് നടത്തിയത്.
അവിടെ നിന്ന് ഓരോ വ്യാഴാഴ്ചയും വടിയും കുത്തിപ്പിടിച്ചു പാറകളും കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ നടന്നിട്ടായിരുന്നു അദ്ദേഹം നാട്ടിലേക്ക് വന്നിരുന്നത്.
നാട്ടിൽ വന്നാൽ കക്കാടംപുറത്തെ മദ്രസയിൽ കയറി അവിടുത്തെ ഉസ്താദുമാരുമായിട്ട് സൗഹൃദ സംഭാഷണം നടത്താനും മദ്രസ യുടെ സ്ഥിതി വിവരങ്ങൾ ചോദിച്ചറിയുവാനുംഅദ്ദേഹം ഏറെ സമയം കണ്ടെത്തിയിരുന്നു.

വീട്ടിൽ എത്തിയാൽ തന്റെ മക്കൾക്ക് കിതാബ് ഓതിക്കൊടുക്കലും അദ്ദേഹത്തിന്റെ പതിവായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ കോളറ രോഗം ബാധിച്ച് ആദ്യ ഭാര്യ മരണപ്പെടുകയുണ്ടായി,പിന്നെ തന്റെ ചെറിയ മക്കളെ പോറ്റാൻ വേണ്ടി മറ്റൊരു വിവാഹം കഴിച്ചു,അവരും മരിച്ചപ്പോൾ വേറെ ഒന്നും കൂടി വിവാഹം ചെയ്‌തു. പിന്നീട് ആ ഭാര്യയും മരിച്ചപ്പോൾ അവസാനമായി ഒരാളെ കൂടി വിവാഹം ചെയ്തു.അവസാന ഭാര്യ അദേഹത്തിന്റെ മരണശേഷമായിരുന്നു മരണപ്പെട്ടത്.

പരേതനായ കള്ളിയത്ത് മുഹമ്മദ് ഹാജി,മൂസ്സ 
,ഫാത്തിമ കുട്ടി ഹജ്‌ജുമ്മ, എന്നിവരും ഇപ്പോൾ ജീവിച്ചിരിക്കുന്ന കുഞ്ഞായിഷ ഹജ്‌ജുമ്മ എന്നിവരും മക്കളാണ്.ആദ്യ ഭാര്യയിൽ മാത്രമേ മക്കൾ ഉണ്ടായിരുന്നുള്ളു..ഇപ്പോൾ മക്കളും പേര മക്കളുമായി നിരവധി പേര് ഈ കുടുംബത്തിലുണ്ട്.

വാർധക്യ രോഗങ്ങൾ ബാധിച്ചു ചികിത്സയിൽ കഴിയവേ ഒരു ദിവസം ളുഹർ നിസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
ഇപ്പോൾ കുറ്റൂർ കുന്നാഞ്ചേരി പള്ളിയുടെ ചാരത്ത് അന്ത്യ വിശ്രമം കൊള്ളുന്നു.

അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കി കൊടുക്കണേ നാഥാ...

അവരേയും നമ്മെയും അള്ളാഹു (സു.ത) അവന്റെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ...ആമീൻ.
-----------------------------
കക്കാടം പുറത്തെ ആദ്യ കാല സ്‌റാമ്പ്യയിൽ നിന്ന് ഇന്ന് ഉള്ളതിന്റെ മുൻപ് ഉണ്ടായിരുന്ന ഓടിട്ട ഇരുനില കെട്ടിടത്തിലേക്ക് പള്ളി രൂപ മാറ്റം വരുത്തിയപ്പോൾ അതിന്റെ ജോലികളിൽ ആത്മാർത്ഥമായി മുന്നിൽ നിന്ന് നയിച്ച കള്ളിയത്ത് അബ്ദുറഹ്മാൻ എന്ന അവറാൻ മുസ്ലിയാരുടെ ആദര സൂചകമായും പിൽകാലത്ത് അനുസ്മരണമായി മാറാൻ വേണ്ടിയും ആണ് ആ പേര് ഇട്ടത്.
കുറുക്കൻ കുഞ്ഞായീൻ മുസ്‌ലിയാർ ആണ് അബ്ദുറഹ്മാൻ എന്നതിനോട് സാമ്യമുള്ള പേര് നിർദേശിച്ചത്.
ഇതൊക്കെ പഴയ ആളുകളിൽ നിന്നും ലഭിച്ച  കേട്ടറിവുകൾ ആണ്.

അല്ലാതെ മറ്റുള്ള രേഖകൾ ഒന്നും ലഭ്യമല്ല...!!
-----------------------------
ഉപ്പാപ്പയെ പറ്റിയുള്ള വിവരങ്ങൾ എനിക്ക് പറഞ്ഞു തന്ന എന്റെ ഉപ്പയുടെ അമ്മായിയും ഉപ്പാപ്പയുടെ ഇപ്പോൾ ജീവിച്ചിരിക്കുന്ന  മകളുമായ ,ഈ ഗ്രൂപ്പിലെ അംഗം  കാവുങ്ങൾ മുഹമ്മദ് കാക്കയുടെ ഉമ്മ - കുഞ്ഞായിഷ ഹജ്ജുമ്മ എന്നവർ ആണ്.അവരോടുള്ള നന്ദിയും കടപ്പാടും ഇവിടെ അറിയിക്കുന്നു.അവർക്ക് ദീർഘായുസ്സും ആഫിയത്തും നൽകണമേ നാഥാ....
ആമീൻ.
=======================
✍🏻 ജുനൈദ് കള്ളിയത്ത്



അവറാൻ മുസ്ലിയാർ - അറിവും ആർജ്ജവവുമൊത്ത പണ്ഡിതൻ
=============
നമ്മുടെ നാടിനെ പഴയ കാലത്ത് ഇൽമ് കൊണ്ട് - സമ്പന്നമാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത മഹാത്മാക്കൾ ഒരുപാട് കഴിഞ്ഞ് പോയിട്ടുണ്ട്. അതിൽ പ്രമുഖ വ്യക്തിയായിരുന്നു മർഹും. കള്ളിയത്ത് അവറാൻ മുസ്ലാർ. 
അഗാധ പാണ്ഡിത്യം കൊണ്ടും ആർജ്ജവമുള്ള നിലപാട് കൊണ്ടും അദ്ദേഹം മാതൃക കാണിച്ചു.
കുടുംബ പശ്ചാതലവും മറ്റും വിശദമായി പ്രപൗത്രൻ ജുനൈദ് വിവരിച്ചു.
വിളയിൽ പറപ്പൂര് ദർസ് നടത്തിയിരുന്നു. ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാരുമായി നല്ല ബന്ധമായിരുന്നു. ഇടക്കിടെ അവരെ സന്ദർശിക്കും. മകൻ മുഹമ്മദ് ഹാജി മദ്രാസിൽ ആദ്യം തുടങ്ങിയ ഹോട്ടൽ ഉദ്ഘാടനം ചെയ്തത് ബാപ്പു മുസ്ല്യാർ ആയിരുന്നു.
വീട്ടിലെത്തിയാലും എപ്പോഴും കയ്യിൽ കിതാബായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. 
ഉറച്ച സുന്നി ആദർശക്കാരനായിരുന്നിട്ടും അന്നത്തെ ഉത്പതിഷ്ണക്കളെ സഹിഷ്ണുതയോടെ കണ്ടിരുന്നു. പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾക്ക് അദ്ദേഹം എതിരായിരുന്നു.
ഇൽമിനെ സ്നേഹിക്കുകയും അത് തലമുറകൾക്ക് പകർന്നു കൊടുക്കുകയും ആർജ്ജവത്തോടെ നാടിന്റെ നായകത്വം വഹിക്കുകയും ചെയ്ത ആ മഹാന് റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെയെന്ന് ദുആ ചെയ്യുന്നു.
================
മുഹമ്മദ് കുട്ടി അരീക്കൻ



കള്ളിയത്ത് അവറാൻ മുസ്ലിയാർ എന്ന ഞങ്ങളുടെ പിതാമഹനെ വളരെ ഭംഗിയായും ലളിതമായും എന്റെ  അനിയൻ ജുനൈദ് എന്ന ഞങ്ങളുടെ മാനുവും വളരെ ചെറിയ ഓർമകൾ നൗഷാദ് എന്ന ഞങ്ങളുടെ കുഞ്ഞുട്ടിയും വിവരിക്കുകയുണ്ടായല്ലോ. അവർക്കും അവരുടെ വിവരണങ്ങൾ വായിച്ച് ഞങ്ങളുടെ കാരണവർക്ക് ദുആ ചെയ്ത ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ഞാൻ ആദ്യം നന്ദി അറിയിക്കുന്നു. അവറാൻ മുസ്ലിയാരുടെ മൂത്ത പേരമകന്റെ മകനാണ് ഞാൻ എനിക്ക് അഞ്ച് വയസുള്ളപ്പോഴാണ് ഞങ്ങളുടെ ഉപ്പാപ്പ ഇഹലോകവാസം വെടിയുന്നത്. മരണം വരെ നല്ല ഓർമശക്തിയോടെ ഇരുന്ന ഉപ്പാപ്പ എന്റെ തറവാടുവീടായ അരീക്കൻതൊടിയിലെ പൂമുഖത്തായിരുന്നു അവസാന കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നത്. നൂറിൽപരം ഖിതാബുകൾ ആ മുറിയിൽ ഉണ്ടായിരുന്നു ഞാൻ കാണുമ്പോഴൊക്കെ എഴുത്തിലും വായനയിലും തന്നേയായിരുന്നു. ഒട്ടേറെ ആളുകൾ പാപ്പാനെ  കാണുന്നതിന് ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു. അതിൽ അധികവും മുസ്ലിയാക്കൻമാർ തന്നെ. ഇവർക്ക് ചായ പകർന്ന് നൽകാൻ എന്റെ വല്ലിപ്പ മുഹമ്മദ് ഹാജി കക്കാടംപുറം സ്വദേശിനിയായ തിത്തീന്ത എന്ന ഒരു സ്ത്രീയെ (ഇവർ ഈ അടുത്ത കാലത്താണ് മൺമറഞ്ഞത്) ചുമതലപ്പെടുത്തിയിരുന്നു ഞാൻ കാണുമ്പോഴൊക്കെ ഒരു ചായക്കട കണക്കെ ചായ പകരലാണ് ഈ സ്ത്രീയുടെ പണി.    പേരക്കുട്ടി മരുമകളായ എന്റെ ഉമ്മയും എന്റെ വലിയ അമ്മായിയുമാണ് ഉപ്പാപ്പാക്ക് വുളു എടുത്ത് കൊടുത്തിരുന്നത് 1950 കളുടെ മധ്യത്തിലാണ് അവറാൻ മുസ്ലിയാർ ഹജിന് പോയത് ഹജ് കഴിഞ്ഞ് തിരിചെത്തിയപ്പോൾ നാട്ടുപ്രമാണിയായ എടത്തോള മുഹമ്മദ് ഹാജി ആ കാലത്തെ കോഴിക്കോട് നഗരത്തിലെ പ്രശസ്തമായ ഒരു ഹോട്ടലിൽ ഉപ്പാപ്പക്ക് വേണ്ടി സൽക്കാരം വച്ചിരുന്നു. കോഴിക്കോട് നടക്കാവിലുള്ള മുഹമ്മദ് ഹാജിയുടെ വീട്ടിലെ വാടകക്കാരനായ മുൻ മുഖ്യമന്ത്രി മഹാനായ സി എച്ച് മുഹമ്മദ്കോയാ സാഹിബും ഒട്ടേറെ കാരണവൻമാരും ഈ സൽക്കാരത്തിന് എത്തിയിരുന്നെത്രെ. അവിടെ വച്ച് സി എച്ച് ഉപ്പാപ്പയേ ഒരു കറുത്ത ഗൗൺ അണിയിച്ചാണ് സ്വീകരിച്ചിരുത്തിയത്. ഈ ഗൗണും ഇന്ത്യ ഗവൺമെണ്ടിന്റെ ഒറ്റ പേജുള്ള ഒരു പിൽഗ്രിം പാസ്പോർട്ടും ഈ അടുത്ത കാലത്തു വരെ ഞങ്ങളുടെ തറവാട്ടിലുണ്ടായിരുന്നു. വിഭവങ്ങളുടെ ഉപയോഗം വളരെ സൂക്ഷിച്ചാവണമെന്ന കർക്കശക്കാരനായിരുന്നു ഉപ്പാപ്പയെന്നും വുളൂ എടുത്തതിനു ശേഷം പാത്രത്തിൽ ശേഷിക്കുന്ന വെള്ളം കിണറിലേക്ക് തന്നേ ഒഴിക്കുന്ന ശീലവും ഉണ്ടായിരുന്നതായി എന്റെ ചെറിയ വല്ലിമ്മ (അവറാൻ മുസ്ലിയാരുടെ ചെറിയ മകൻ മൂസക്കയുടെ ഭാര്യ) യിൽ നിന്ന് എനിക്ക് അറിയാൻ കഴിഞ്ഞിരുന്നു . ദൂരങ്ങളിൽ ദർസ് നടത്തുന്ന കാലം വ്യായാഴ്ച നാട്ടിലെത്താറുണ്ട് വെള്ളിയാഴ്ച കുന്നാംചേരി ജുമഅത്ത് പള്ളിയിൽ ഖുതുബ പറയാനുള്ളതുകൊണ്ട്  ഈ പതിവിനു ഭംഗം വരുത്താറില്ലത്രെ എന്നാലും വീടെത്തുന്നതിനു മുമ്പ് തനിക്ക് ഭക്ഷണപാനീയങ്ങൾ ഒരുക്കരുതെന്ന് നിർബന്ധം പിടിചിരുന്നു. എത്താൻ പറ്റിയില്ലെങ്കിൽ ആ അന്നപാനീയങ്ങൾ നശിച്ച് പോകുമെന്നും റബ്ബിനോട് നാളെ ഉത്തരം പറയേണ്ടി വരുമെന്നും വേദനയോടെ ഓർമപ്പെടുത്തുമായിരുവെന്ന് ഇവർ പറഞ്ഞ് കേട്ടിട്ടുണ്ട് ആദ്യ കാലങ്ങളിൽ തലശേരിക്കടുത്തുള്ള പാനൂരിലും തിരുനാവായക്കടുത്തുള്ള എടക്കുളം ജുമാ മസ്ജിദിലും   കൊണ്ടോട്ടിക്കടുത്തുള്ള വിളയിലുമാണ് ഉപ്പാപ്പ പ്രധാനമായും ദർസ് നടത്തിയിരുന്നത് ഇതിൽ കൂടുതൽ കാലം വിളയിലായിരുന്നുവെത്രെ നാട്ടിലും മറുനാട്ടിലുമായി ഒട്ടേറെ ശിഷ്യൻമാർ ഇദ്ദേഹത്തിനുണ്ടായിരുന്നു .ഖിതാബുകളുടെ വൻശേഖരം തന്നേ ഉപ്പാപ്പക്കുണ്ടായിരുന്നു മരണാനന്തരം ഈ ഖിതാബുകൾ കുന്നാഞ്ചേരി ജുമമസ്ജിദ് അടക്കമുള്ള പള്ളികളിലേക്ക് നൽകുകയാണുണ്ടായത് .അക്കാലത്തെ കോഴിക്കോട്ടെ പ്രശസ്തനായ ഡോക്ടറായിരുന്നു Mr c v c വാര്യർ. ഇദ്ദേഹത്തേയാണ് ഉപ്പാപ്പ സ്ഥിരമായി സമീപിച്ചിരുന്നത് ഉപ്പാപ്പയുമായി നല്ല സൗഹാർദ്ധം നിലനിർത്തിയിരുന്ന ഇദ്ദേഹം ഖുർആനിന്റെ ഇംഗ്ലീഷ് തർജമ വായിച്ച് വ്യാഖ്യാനം ചോദിച്ച് മനസിലാക്കിയിരുന്ന ത്രെ. ഇതിനുവേണ്ടി ചില ശനിയാഴ്ചകളിൽ ഡോക്റ്റർ ഞങ്ങളുടെ വീട് സന്ദർശിച്ചിരുന്നു. മഹാനായ മർഹൂം CN അഹമ്മദ് മൗലവി ഖുർആൻ തർജമ ചെയ്തപ്പോൾ ഒട്ടേറെ എതിർപ്പുകളുമായി അനേകം  മുസ്ലിയാക്കൻമാർ രംഗത്തു വന്നിരുന്നു. ഇക്കൂട്ടർ പിന്തുണ തേടി ഞങ്ങളുടെ ഉപപ്പയെ സമീപ്പിച്ചപ്പോൾ അന്യമതസ്ഥനായ വാര്യർ ഖുറാൻ അർത്ഥങ്ങളിൾ പഠിക്കുമ്പോൾ നമ്മുടെ സാധാരണ ജനങ്ങൾക്ക് മലയാളത്തിൽ അർത്ഥം മനസിലാക്കാൻ CNന്റെ ശ്രമം ഉപകരിക്കുമല്ലോ എന്ന് പറഞ്ഞ് ഇക്കൂട്ടരെ നേരിട്ട കഥ എന്റെ പിതാവ് പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. പിൽകാലത്ത് ആലുവായ് അബുബക്കർ മുസ്ലിയാർ എന്ന മഹാ പണ്ഡിതൻ ഞങ്ങളുടെ വീട് സന്തർശിച്ചപ്പോൾ CNപിന്തുണ നൽകിയതിൽ ഉപ്പാപ്പയെ പ്രശംസിച്ചതായും കേട്ടിട്ടുണ്ട്. 34 വർഷം മുമ്പ് മരണപ്പെട്ട ഞങ്ങളുടെ ഉപ്പാപ്പയെ നേരിട്ടറിഞ്ഞ് വിവരിക്കാൻ മാത്രം പ്രായമുള്ള വ്യക്തികൾ ഈ ഗ്രൂപ്പിലില്ലാത്തത് നമുക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഇദ്ദേഹത്തേ കുറിച്ച് ഒട്ടേറെ എഴുതാനുണ്ട് ഇവിടം കൊണ്ട് അവസ്സാനിക്കുന്നതല്ല സമയവും സാഹചര്യവും മാനിച്ച് ഞാൻ നിർത്തുന്നു  
==================
കള്ളിയത്ത് റഷീദ് 



അവറാൻ മുസ്‌ല്യാർ ഓർത്തെടുക്കേണ്ട പണ്ഡിത തേജസ്സ്✳
================
വർഷങ്ങൾക്ക് മുമ്പ് എടവണ്ണ കാരനായ സുഹൃത്തിന്റ പിതാവുമായി  [ഏകദേശം 90 വയസ്സുള്ള ] സംസാരിക്കാനിടയായി.

എന്റെ നാടിന്റെ പേര് പറഞ്ഞപ്പോൾ അത് എന്റ ഉസ്താദിന്റ നാടല്ലെ.. ഞാൻ ഇടക്കിടക്ക് ഉസ്താദിന്റെ അടുത്ത് വരാറുണ്ടെന്നും പറഞ്ഞു. 

കൊണ്ടോട്ടി 'വിളയിൽ’അവറാൻ  മുസ്ലിയാരുടെ ദർസ്സിൽ പഠിച്ചതും, ഉസ്താദിന്റെ മകൻ മൂസ്സയും  ഞാനും  ദർസ്സിൽ ഒന്നിച്ചുണ്ടായതുമൊക്ക ഓർഞ്ഞെടുത്ത് അദ്ധേഹം വാചാലനായി. 

കൊയിലാണ്ടി കൊല്ലം,തിരൂർ കൂട്ടായി എന്ന പ്രദേശങ്ങളിലും അവറാൻ മുസ്‌ലിയാർ കുറഞ്ഞ കാലം ഉണ്ടായിട്ടുണ്ട്.  

 അവറാൻ മുസ്ലിയാർ തന്റെ വലിയ ഗ്രന്ധശേഖരണം അലമാരയിൽ ഒരു ലൈബ്രറി കണക്കെ സംരക്ഷിച്ചു പോന്നിരുന്നു.

ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുമായി എപ്പോഴും അടുത്തിടപഴകിയിരുന്നു.  

പാണക്കാട് പൂക്കോയ തങ്ങളുമായി  അടുപ്പമാവാം തങ്ങളുടെ അടുത്ത് എത്തിയിരുന്ന ചില സ്വത്ത്  തർക്കങ്ങൾക്ക് ശറഅിയായ ഉറപ്പ് ലഭിക്കുന്നതിന് കക്ഷികളെ അവറാൻ മുസ്ലിയാരുടെ  അടുത്തേക്ക് വിട്ടിരുന്നതായി  കേട്ടിട്ടുണ്ട്.  

കുണ്ടൂർ അബ്ദുൽഖാദർ മുസ്‌ലിയാർ പലപ്പോഴും അദ്ദേഹത്തെ സന്ദർശിക്കാറുണ്ടായിരുന്നു. 

നാട്ട് പ്രമാണിയായിരുന്ന എടത്തോള  മുഹമ്മദാജി  കുടുംബ തർക്കങ്ങളിലും  പൊതു കാര്യത്തിലും അവറാൻ മുസ്ലിയാരുടേത്  അവസാന വാക്കായി കണ്ടിരുന്നു.

കുന്നാൻചീരി ചുറ്റുവട്ടത്തായി നിരവതി വലിയ പണ്ഡിതർ ജീവിച്ചിരിന്നിട്ടുണ്ട്... ദാരിദ്രയത്തിന്റേയും കഷ്ടപ്പാടിന്റേയും യുഗത്തിൽ അവർ ചെയ്ത ത്യാഗങ്ങളേയും, ദീനിനും,നാടിനും,സമൂഹത്തിനും അവർ നൽകിയ സംഭാവനകളേയും സ്മരിക്കുവാൻ ഇന്നിന്റെ പള പളപ്പിന്റെ യുഗത്തിൽ നാം തയ്യാറാവാത്തത് നന്ദി കേടു കൊണ്ട് മാത്രമല്ലേ?


അള്ളാഹു അദ്ധേഹത്തിന്റ പരലോക ജീവിതം  ധന്യമാക്കട്ടെامين
================
ലത്തീഫ് അരീക്കൻ


കള്ളിയത്ത് അവറാൻ മുസ്‌ലിയാർ എന്ന അരീക്കൻതൊടുവിലെ പാപ്പ 
വളരെ ചെറുതായപ്പോൾ ഉള്ള ഒരു ഓർമ മാത്രമാണ്  എനിക്കുള്ളത്. വലിയുമ്മയുടെ കൈ പിടിച്ചു ഇടക്കിടക്ക് പാപ്പാന്റെ അടുക്കൽ പോകാറുള്ളത്. അവിടെ കയറിച്ചെല്ലുന്ന പൂമുഖത്ത് കട്ടിലിൽ കിടക്കുന്ന എന്നാൽ വല്ലിമ്മയുമായി കുശലം പറഞ്ഞിരിക്കുകയും ചെയ്യുന്ന പാപ്പ അറിവിന്റെ ഒരു നിധി ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

അള്ളാഹു അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ.
================
നൗഷാദ് കള്ളിയത്ത് 


1897 ലാണ് അവറാൻ മുസ്ല്യാരുടെ ജനനം.
1984 ൽ  എൺപത്തി ഏഴാം വയസ്സിലാണ് മരണപ്പെട്ടത്.
കക്കാടംപുറത്തെപള്ളിക്ക് 'മസ്ജിദുറഹ്മാൻ' എന്ന പേരിട്ടത് 
അവറാൻ മുസ്ല്യാരോടുള്ള ആദരസൂചകമാണെന്നത് പുതിയ അറിവാണ്.
ഈ വിഷയത്തിൽ ഒന്നു കൂടി ആധികാരികമായ സാക്ഷ്യപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നു,
നമ്മുടെ നാടിന്റെ നൻമകളായിരുന്നു അവറാൻ മുസ്ല്യാരsക്കമുള്ള പോയ തലമുറയിലെ പണ്ഡിതൻമാർ.

അവരെ ഓർമ്മകൾ നിലനിറുത്തുന്നതിലും പുതിയ തലമുറക്ക് പകർന്ന് കൊടുക്കുന്നതിലും നാട്ടുകാരായ നാം താൽപ്പര്യം കാട്ടിയിട്ടില്ല.
==================
സത്താർ കുറ്റൂർ





കുഞ്ഞയിസുന്ത


കുഞ്ഞൈസുന്തജ്ജുമ്മ
〰〰〰〰〰〰〰〰〰
  ഒരു ദേശത്തെ ഒരുപാട് സ്ത്രീകളുടെ പേറ്റുനോവ് കണ്ടറിഞ്ഞ,ഒരുപാട് കൺമണികളെ ഭൂമിയിലേക്കുള്ള വരവിനെ തന്റെ കൈ കൊണ്ട് താങ്ങി സ്വീകരിച്ച പഴയകാല ഗൈനോകോളജിസ്റ്റ് 
ആ മാന്ത്രിക കൈകളുടെ തലോടൽ ഏറ്റുവാങ്ങാത്ത സ്ത്രീകളും കുട്ടികളും പണ്ടുകാലത്ത് വളരെ കുറവായിരിക്കും 
എന്റെ അയൽവാസിയായിരുന്ന ഹജ്ജുമ്മാനെ കുട്ടിക്കാലം മുതലെ നല്ലോണം അറിയും 
എന്റെ വല്ല്യുമ്മാന്റെ വലിയ കൂട്ടുകാരിയാണ് ഞങ്ങളുടെ വീട്ടിൽ വന്നാൽ വല്ല്യുമ്മയും ഹജ്ജുമ്മയും കൂടിയിരുന്ന് മുറുക്കാൻ തിന്നുന്ന കാഴ്ച്ച ഇന്നും ഓർമ്മയിൽ തെളിയുന്നു
'മുട്ടിപ്പല'യിട്ട് അടുക്കളയിലെ വാതിലും ചാരിയിരുന്ന് രണ്ടാളുംകൂടി മുറുക്കാൻ പരസ്പരം പങ്കുവെച്ച് മുറുക്കിച്ചുവപ്പിച്ച് തമാശയൊക്കെ പറഞ്ഞ് ചിരിക്കുമ്പൊ അജ്ജുമ്മാന്റെയാ ചിരി കാണാൻ നല്ല രസാ ഞാൻ കാണുന്നത് തൊട്ടെ അജ്ജുമ്മാക്ക് മുഴുവൻ പല്ലും ഉണ്ടായിരുന്നു
എന്റെ വല്ല്യുമ്മാക്ക് മുന്നിൽ മൂന്നാല് പല്ലേ ഉണ്ടായിരുന്നുള്ളൂ
പലപ്പോഴും അജ്ജുമ്മാനോട് ഞാൻ പറഞ്ഞിട്ടുണ്ട് 'ഇങ്ങളെ ഒറ്റ പല്ലും പോയിട്ടില്ലല്ലൊന്റെ ബെല്ലിമ്മാക്ക് മുന്ന്ല് മാത്രെ പല്ലുള്ളൂ'
ഇത് കേൾക്കുമ്പോ രണ്ടാളുംകൂടിയൊരു ചിരിയാണ്
കാലം കുറേ കഴിഞ്ഞാണ് ഞാനാ സത്യം അറിഞ്ഞത് അജ്ജുമ്മാന്റെ പല്ല് 'വെപ്പ്പല്ലായിരുന്നു'വെന്നത്.
ചെറിയ പൈതംമക്കളെ എണ്ണ തേക്കാനും കുളിപ്പിക്കാനുമൊക്കെ അജ്ജുമ്മയോളം എക്സ്പ്പീരിയൻസ് മറ്റാരിലും ഞാൻ കണ്ടിട്ടില്ല
മുട്ടിപ്പലമ്മല് രണ്ട് കാലും നീട്ടിയൊരു ഇരിപ്പാണ് എന്നിട്ട് കുട്ടിയെ തന്റെ കാലിൽ കിടത്തി അതിനോടോരൊ വർത്തമാനങ്ങളൊക്കെ പറഞ്ഞ് നല്ലോണം ഉഴിഞ്ഞ് എണ്ണ തേക്കും
എന്റെ ചെറിയ സഹോദരിയെ അതുപോലെ എണ്ണ തേക്കുന്ന സമയത്ത് കുട്ടി കിടന്ന് കരയുമ്പോൾ ഞാൻ കരുതിയിരുന്നത് അതിന് വേദനിച്ചിട്ടാകും കരയുന്നതെന്നാണ് ഞാനപ്പൊ അജ്ജുമ്മാനോട് പറയും
'അജ്ജുമ്മാ ഇങ്ങളൊന്ന് ബെല്ല നെക്കിപ്പീഞ്ഞോളി അയ്ന് ബേദനായിറ്റാണത് നൊളോൾച്ച്ണ്ട്'
 അപ്പൊ അജ്ജുമ്മ പറയും 
'അന്റെ ബാപ്പാന വരേ ഞാം ഇക്കോലത്തില് നെക്കിപ്പീഞ്ഞ്ക്ക്ണ്'
എണ്ണ തേച്ച് കഴിഞ്ഞ് കുട്ടികളെ പ്ലാസ്റ്റിക് ശീറ്റ് വിരിച്ച് അതിലേക്ക് കിടത്തിക്കഴിഞ്ഞാൽ കുട്ടികളോട് അജ്ജുമ്മ  എന്തെങ്കിലുമൊക്കെ പറയും വയറ്റാട്ടിക്കും പൈതങ്ങൾക്കും മാത്രമറിയുന്നൊരു ആശയവിനിമയം
ജാതിമത വിത്യാസമില്ലാതെ സകലരുടേയും ആശ്രയമായിരുന്നു ആമഹതി 
ഇന്നത്തെ കാലത്ത് വയറ്റിലുള്ള കുട്ടിയുടെ കിടപ്പ് ശെരിയല്ല തിരിഞ്ഞാണ് മറിഞ്ഞാണ് എന്നൊക്കെ ഒരു സ്ഥിരം വാർത്തയാണ് അതിനാൽ പലർക്കും സിസേറിയനാണ് നടക്കാറുള്ളത് എന്നാൽ പണ്ടത്തെ പെണ്ണുങ്ങൾക്ക് വയറ്റിലുള്ള കുട്ടി തിരിഞ്ഞാലും മറിഞ്ഞാലും അജ്ജുമ്മ ഗർഭണിയുടെ വയറിൽ എണ്ണയിട്ട് തിരുമ്മി ശെരിയാക്കുമായിരുന്നത്രെ  അത്രത്തോളം തന്റെ ജോലിയിൽ എക്സ്പീരിയൻസ് തെളിയിച്ചവരാണ് അജ്ജുമ്മ
ഗർഭിണിയായ നാൽക്കാലികൾക്ക് പോലും എന്തെങ്കിലും പ്രശ്നം വന്നാൽ അജ്ജുമ്മാനെ തേടി ആള് വന്നിരുന്നത്രെ അക്കാലത്ത്
ഒരു ദേശത്തെ ആളുകൾ സുപരിചിതയായ ആ മഹതിയോട് കടപ്പാടില്ലാത്തവരായി ആരുമുണ്ടാകില്ല.
എല്ലാവരും അറിയുന്ന എല്ലാവരേയും അറിയുന്ന കുഞ്ഞൈസുന്തജ്ജുമ്മ ബിരുധമെടുത്തില്ലെന്നേയുള്ളൂ അവരും ഗൈനോകോളജിസ്റ്റായിരുന്നു 
ആ മാന്ത്രിക കൈകളുടെ തലോടൽ ഏറ്റുവാങ്ങാനുള്ള ഭാഗ്യം പുതു തലമുറക്ക് ഇല്ലാതെപോയി.
ഒരു ദേശക്കാരുടെ മുഴുവൻ പ്രാർത്തനയിലും ഉൾപ്പെട്ടുകൊണ്ടിരിക്കുന്നു ആ മഹതി 
റഹ്മാനായ റബ്ബെ അവരുടെ ഖബറിനെ നീ വിശാലമാക്കണേ
അവരിൽ നിന്ന് എന്തെങ്കിലും തെറ്റുകൾ വന്നുപോയിട്ടുണ്ടെങ്കിൽ നീ പൊറുത്ത് കൊടുക്കണേ
ആമീൻ.
-------------------------------------
അൻവർ ആട്ടക്കോളിൽ



കുഞ്ഞയിശുന്ത - തലമുറകൾ കടപ്പെട്ട ഉമ്മ
〰〰〰〰〰〰〰〰〰
ഒരു നാടു മുഴുവൻ ഒരു ഉമ്മയോട് കടപ്പെട്ടിരിക്കുന്നു. ഒരു തലമുറയല്ല, തലമുറകൾ ആ ഉമ്മയെ ആദരപൂർവ്വം പ്രാർത്ഥനയോടെ സ്മരിക്കുന്നു. വെറ്റിലക്കറ പുരണ്ട പല്ലുകൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന ആ നിറഞ്ഞ പുഞ്ചിരിയും "മോനേ... " എന്ന വിളിയും ഇപ്പോഴും കാതുകൾക്ക് ഇമ്പമായി മാറുന്നു.
നമുക്ക് പത്തമ്പത്, അല്ല, അതിലേറെ കൊല്ലങ്ങൾ പിറകോട്ട് നടക്കാം..പ്രസവ ശുശ്രൂഷക്ക് ആസ്പത്രികൾ ഇല്ലാത്ത കാലം. അന്ന് ഗർഭവും പ്രസവവും ഒരു രോഗമായിരുന്നില്ലല്ലോ
പത്ത് മാസം തികഞ്ഞ ഗർഭിണിക്ക് പേറ്റ് നോവ് തുടങ്ങിയാൽ പിന്നെ എല്ലാ ചുണ്ടിലും ഒറ്റ പേരേ ഉള്ളൂ. കുഞ്ഞയിസുന്തയെ വിളിക്കൂ... പിന്നെ പാതിരയായാലും പെരുമഴ പെയ്താലും ചൂട്ടും കത്തിച്ച ചക്ക് ങ്ങൽ എടായി ഇറങ്ങി ആ വാതിലിൽ മുട്ടും. മുട്ടിയത് ആരെന്ന് നോക്കാതെ സമയം എത്രായിയെന്ന് ചോദിക്കാതെ ആ ഉമ്മ ഇറങ്ങും. 
ഒരേ വീട്ടിൽ തന്നെ എത്രയോ പ്രസവങ്ങൾ.. അവരുടെ കൈകളിലേക്ക് പിറന്ന് വീണ കുട്ടികൾ വലുതായി അവരുടെ കുട്ടികളെയും കൈ നീട്ടി സ്വീകരിക്കാൻ അവർക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്.  അവരെത്തുമ്പോൾ ആ വീട്ടുകാരുടെ ആശ്വാസം ചെറുതായിരുന്നില്ല. എത്രയോ പ്രാർത്ഥനകൾ ജീവിച്ചിരിക്കെ തന്നെ ആ മഹതിക്ക് ലഭിച്ചിരിക്കുന്നു.
പഴയ കാലങ്ങളിൽ വീടുകളിൽ പോയി കുട്ടികളുടെ തല മുണ്ഡനം ചെയ്യാറുണ്ടായിരുന്നു. എന്നാലും പട്ടിണിയുടെയും പരിവട്ടത്തിന്റേയും കാലത്ത് അവരുടെ ജീവിതവും പരുങ്ങലിൽ ആയിരുന്നു.
വയസ്സാകുന്നതിന് മുമ്പേ അവർ പരിശുദ്ധ ഹജ്ജ് നിർവഹിച്ചു.
പിന്നെ മക്കൾക്ക് ഐശ്വര്യം കൈവന്നതോടെ ആ ഉമ്മയും നല്ല ഐശ്വര്യമുള്ള ജീവിതം നയിച്ചു.
വലിയ പാട്ടുകാരിയായിരുന്നു കുഞ്ഞയിശുന്ത ഹജ്ജുമ്മ. അവരുടെ ചെറുപ്പത്തിൽ ഒeട്ടറെ കല്യാണ പുരകളിൽ അവരുടെ പാട്ട് ഉണ്ടായിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.
തലമുറകൾക്ക് സമാശ്വാസം പകർന്ന ആയിരം പ്രസവനൊമ്പരങ്ങൾക്ക് സൂതിക കർമ്മം നിർവഹിച്ച ആ പുണ്യജീവിതത്തോട് നമ്മുടെ നാടിനും നാട്ടുകാർക്കും പൊക്കിൾകൊടി ബന്ധമാണുള്ളത്. 
റബ്ബുൽ ആലമീൻ അവരുടെ ഖബർ ജീവിതം സന്തോഷം നിറഞ്ഞതാക്കട്ടേ എന്ന പ്രാർത്ഥനയാടെ,
അവരുടെ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.
------------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ



കുഞ്ഞയിസുന്ത
〰〰〰〰〰〰〰〰〰
ഒരു ഡോക്ടറൊ അതൊ മാലാഖയോ ഉമ്മയോ? പ്രസവത്തിന് ഒരുകാലം ആശ്രയിച്ചത് ആ ഉമ്മയെ ആയിരുന്നു. എവിടെയും ഓടി എത്തി കാര്യങ്ങൾ നല്ലമനസ്സോടെയും സ്നേഹത്തോടെയും
തെറ്റുകൾ കണ്ടാൽ
അതിന് കർശന നിർദേശം നൽകിയും
ഒരു കുടുംബം പോലെ കുറ്റൂരിന്റെ
നെടുംതൂണായി നമുക്കിടയിൽ പ്രകാശിച്ചു നിന്ന  ഒരു വിളക്കായിരുന്നു.
കഞ്ഞിക്ക് വകയില്ലാത്ത
കാലത്ത് അരിയോ
തേങ്ങയോ കൊടുക്കലായിരുന്നു പതിവ്. ക്യാഷ്
കൊടുക്കാറില്ല
പ്രസവവേദന തുടങ്ങുമ്പോൾ കുഞ്ചയിസുന്ത ഉണ്ടായാൽ ഒരു
സമാധാനമാണ്
വീട്ടുകാർക്ക്. എന്നെ
ഒക്കെ എവിടന്നു കണ്ടാലും ബാവ എന്നൊരു വിളി അന്നൊക്കെ മനസ്സി
ടഞ്ഞാലും പിന്നീട് ആലോചിക്കുമ്പോഴാണ് ആ വിളിയുടെ സ്‌നേഹം മനസ്സിലായത്. ഞാൻ ഗൾഫിൽ പോയി
വരുന്ന സമയത്ത് ഉപ്പ പറയും കുഞ്ഞയിസാക്ക്
ഡ്രസ്സ് കൊണ്ടു വരാൻ വലിയുമ്മയും
അവരും നല്ലകമ്പനി
ആയിരുന്നു. കാലത്തു തുടങ്ങുന്ന
ഓട്ടം വീട്ടിൽ എത്തി
ഏതു രാത്രിയിൽ വിളിച്ചാലും ഒരു മടിയും കൂടാതെ
ഇറങ്ങിവരും ആ സ്‌നേഹ നിധിയായ ധർമണിക്ക്
ഇഹലോകത്ത് ചെയ്ത പുണ്യങ്ങൾ
അവരുടെ ഖബറിൽ
എത്തട്ടെ
ആമീൻ
------------------------
പി പി ബഷീർ



കുഞ്ഞയിസുന്ത:  പരിചരണങ്ങളുടെ ദേശാനുഭവങ്ങൾ
〰〰〰〰〰〰〰〰〰
നാട്ടോർമ്മകളിൽ 
മങ്ങി പോവാത്ത ചിലരുണ്ട്.
ചുറ്റുവട്ടത്തെ സുഖത്തിലും ദു:ഖത്തിലും ചേർന്ന് നിന്നവർ.
അത്തരം ഓർമ്മകളിൽ ചേർത്തെഴുതേണ്ട പേരാണ് കുഞ്ഞയിസുന്തയുടേത്.
ഹൃദ്യമായ പെരുമാറ്റവും ആത്മാർത്ഥമായ പരിചരണവുമായിരുന്നു ആ ജീവിതത്തിന്റെ കൈ മുതൽ. 
ഈ നാട്  സ്വന്തം വീട് പോലെയായിരുന്നു അവർക്ക്.
അവരറിയാത്ത ഒരു വിശേഷവും നാട്ടിലുണ്ടായിരുന്നില്ല.
പ്രതിസന്ധികളിൽ അവർ ഓടിയെത്തി...
അടക്കിപ്പിടിച്ച വേദനകൾക്കവർ കൂട്ടിരുന്നു...
നാട്ടുനടപ്പുകൾ തലമുറകളുടെ കരുതലാണ്.
അവക്ക് നൻമയുടെ നനവുണ്ടായിരുന്നു. ഓരോ ചടങ്ങും ഹൃദയബന്ധങ്ങളെ തളിർത്തു നിർത്തി.
അവിടെയെല്ലാം സേവനനിരതരായി ചിലരുണ്ടായിരുന്നു.
ഇവരായിരുന്നു തലമുറകൾക്കിടയിലെ  കൈവഴികൾ.
കുഞ്ഞയിസുന്ത ഓർക്കപ്പെടുന്നതും ഇത്തരം ഇടങ്ങളിലാണ്.
എല്ലാറ്റിനും വിലയിട്ടൊരു കാലമാണിത്..
വില കിട്ടാത്തതെല്ലാം നമ്മൾ വലിച്ചെറിഞ്ഞു.
പ്രാരാബ്ദങ്ങൾക്കിടയിലും നമ്മെ ചേർത്ത് നിറുത്തിയ വിശേഷങ്ങൾക്ക് നിറം കെട്ട് പോയി.
എല്ലാം വാങ്ങാൻ കിട്ടുമെന്നാണ് നമ്മുടെ ധാരണ.
അങ്ങനെയാണ് പഴഞ്ചനെന്ന് പറഞ്ഞ് പലതും നമ്മൾ കയ്യൊഴിച്ചത്.
ഇനി ആ ഓർമ്മകളുടെ അനുഭൂതി മാത്രമാണ് ബാക്കി.
മുമ്പ് വീടുകൾക്കിടയിൽ ഇന്നത്തേക്കാൾ അകലമുണ്ടായിരുന്നു.
പക്ഷേ  നാം കൂടുതൽ അടുത്തിടപഴകിയത് അന്നാണ്.
വീടുകൾ അടുത്ത് വന്നപ്പോൾ നമ്മൾ വല്ലാതെ അകന്ന് പോയി.
സൗകര്യങ്ങൾ കുറഞ്ഞ പഴയ വീട്ടിൽ പോയതും വന്നതുമാണ് നമ്മുടെ മനസ്സ് നിറയെ.
വീടുകളിൽ സൗകര്യമേറിയപ്പോൾ മൂകത മാത്രമാണ് കൂട്ട്.
ഇന്ന് നമ്മൾ കടന്ന് ചെല്ലാത്ത വീടുകളാണ് നാട്ടിലേറെയും..
പോക്കുവരവുകൾ വിശേഷാവസരങ്ങളിലേക്ക് മാത്രം ചുരുങ്ങിയിരിക്കുന്നു...
കുഞ്ഞയിസുന്ത 
പോയ കാലത്തിന്റെ ജീവിത സാക്ഷ്യമാണ്.
നമ്മൾ ഇങ്ങനെയൊന്നും ആയിരുന്നില്ലെന്ന് അവരുടെ ഓർമ്മകൾ നമ്മെ ഉണർത്തും.
ഊഷ്മളമായ ബന്ധങ്ങളായിരുന്നു ആ ജീവിതത്തിന്റെ സൗന്ദര്യം.
പുതിയ തലമുറക്കിതൊന്നും  മനസ്സിലാവാത്ത വിധം സാഹചര്യങ്ങൾ മാറി.
ഒരു വിളി കേട്ടാൽ ഓടി വരാൻ നമുക്ക് ഒരു പാട് പേരുണ്ടായിരുന്നു.
നമ്മോട് തമാശ പറയാനും കൂടെ സമയം ചെലവഴിക്കാനും അവർക്ക് താൽപ്പര്യമായിരുന്നു.
 കാലം മാറിയപ്പോൾ ഗൾഭം ഒരു രോഗമായി..  പരിചരണങ്ങൾക്ക് വിലയിട്ടു.
നാടൻ കൈക്രിയകളിലായിരുന്നു മുമ്പ് കാര്യങ്ങൾ നടന്നത്. 
വെച്ചും വെരകിയും കുളിച്ചും നനച്ചും കടമ തീർത്തവർ.
പരിചരണങ്ങൾക്ക് പിന്നിൽ അന്ന് സാമ്പത്തിക താൽപ്പര്യങ്ങളില്ലായിരുന്നു.
അത് ബന്ധപ്പെട്ടവരുടെ അവകാശമായിരുന്നു.
വിളി കേട്ടിടത്തേക്കെല്ലാം കുഞ്ഞയിസുന്ത ഓടിയെത്തിയതും അങ്ങിനെയാണ്.
തെരഞ്ഞ് വന്നവർക്കൊപ്പം നേരവും കാലവും നോക്കാതെ അവർ ഇറങ്ങി.
ഒരു മണ്ണെണ്ണ വിളക്കിന്റെ തിരി വെട്ടത്തിൽ നിവർത്തി വെച്ച കൈതോല പ്പായയുടെ അറ്റത്ത് വന്നിരുന്നു.
പേറ്റ് നോവുകളുടെ ആകുലതയിൽ ഇവരുടെ സാന്നിധ്യം  പോയ തലമുറയുടെ വലിയൊരു  ആശ്വാസമായിരുന്നു.
നഫീസത്ത് മാലയുടെ ഈരടികൾ മുഴങ്ങിക്കേട്ട അരണ്ട വെളിച്ചത്തിൽ ഈ ഉമ്മ ഉറങ്ങാതെ കാത്തിരുന്നു..
നോവിന്റെ കരളുരുകിയ പ്രാർത്ഥനകളിൽ ചേർന്നു.
നല്ല വാക്ക് പറഞ്ഞും ധൈര്യം നൽകിയും അവർ ആത്മവിശ്വാസം പകർന്നു..
ഇവരോടുള്ള നമ്മുടെ കടപ്പാടിന്റെ കഥ തുടങ്ങുന്നത് ഇവിടം മുതലാണ്.
വീട്ടിലെ ഒരംഗത്തെ പോലെയാണ് ഈ ഉമ്മ  ഇടപഴകിയത്.
മാമൂലുകളുടെ വിശേഷാവസരങ്ങളിൽ ഇവർ തന്നെയായിരുന്നു എല്ലാ കൈകാര്യത്തിനും.
ചുറ്റുവട്ടത്തിന്റെ പരിചരണം സ്വന്തം അവകാശം പോലെയാണ് ഇവർ നോക്കി കണ്ടത്.
സ്വന്തം പരിധിയിലെ ഒരു വീടും അതിൽ നിന്നൊഴിവായിരുന്നില്ല.
ജീവിതത്തിന്റെ സായാഹ്നത്തിലും ഈ ഓർമ്മകളായിരുന്നു ഇവർക്ക് കൂട്ട് എന്ന് തോന്നിയിട്ടുണ്ട്.
ഉള്ള് തുറന്ന ചിരി പോലും ഇല്ലാതാവുന്നൊരു കാലത്ത്  ചുറ്റുവട്ടത്തിന്റെ വേദനകൾക്കും, വിശേഷങ്ങൾക്കും കൂട്ടിരിക്കാൻ കഴിഞ്ഞ ഒരു ജീവിതം വിലപ്പെട്ട താവുന്നതും ഇങ്ങനെയൊക്കെയാണ്. ഇന്ന് നമ്മൾ സ്വന്തം നാട്ടിൽ പോലും അന്യരാവുകയാണ്.
വഴി കാഴ്ചകളിൽ വിശേഷം ചോദിക്കാൻ പോലും ഒരാൾ വരുന്നില്ല.  ആത്മാർത്ഥമായ പുഞ്ചിരി പോലും കൈമോശം വന്നു.
അകമറിഞ്ഞ ആത്മബന്ധങ്ങൾ ഊർന്ന് പോയതാണ് കാരണം.
കുടുംബ ബന്ധങ്ങൾ ഉലഞ്ഞു പോയി.
അയൽപക്കത്തെ മതിൽ കെട്ടി പുറത്താക്കി. ഗൾഭം രോഗമായി.
മാസാമാസം ടെസ്റ്റുകൾ നടത്തി നാം സായൂജ്യമടയുന്നു.
ആശുപത്രികൾ കൂണുകൾ പോലെ മുളക്കുന്നു.
പരിചരണത്തിന് വിലയിട്ടു. ആശുപത്രി വാർഡിലെ  ഒരു മൂലയിൽ വെച്ച് ഒരു കാര്യവുമില്ലാതെ ഏതോ നഴ്സ് ചിരിച്ചതിന് പോലും പണം ഈടാക്കുന്നു.
 ഈ ചിരി ബില്ലിൽ അക്കങ്ങളുടെ രൂപത്തിൽ വന്ന് നമ്മെ കൊഞ്ഞനം കുത്തുന്നു.
 നമ്മുടെ ആരോഗ്യ സങ്കൽപ്പങ്ങൾ വികലമായിടത്താണ് ആശുപത്രികൾ ചൂഷണത്തിന്റെ റോളിൽ വരുന്നത്.
ഒരു പിൻമടക്കം സാധ്യമാവാത്ത വിധം നമ്മൾ മാറിപ്പോയി.
മാറ്റത്തിന്റെ പേറ്റ് നോവുകൾക്കിടയിൽ
വെറുതെ പഴയ കാലം കൊതിക്കുവാൻ മാത്രമെ ഇനി കഴിയൂ.
അപ്പോഴാണ് കുഞ്ഞയിസുന്തയെ പോലോത്തവർ നിർവ്വഹിച്ച പരിചരണത്തിന്റെ വില നമ്മൾ അറിയുന്നത്.
ഓർമ്മയിൽ 
നടുമുറിയിലെ അരണ്ട വെളിച്ചത്തിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ ഇപ്പോഴും കേൾക്കുന്നുണ്ട്...
മനസ്സറിഞ്ഞ് ചൊല്ലിയ ഒരു തസ്ബീഹിന്റെ ഈണം താരാട്ടായി ഒഴുകുന്നുണ്ട്....
അള്ളാഹു ആ ഉമ്മയുടെ ഖബറിടം വിശാലമാക്കട്ടെ,
--------------------------
സത്താർ കുറ്റൂർ



കുഞ്ഞയിസുന്ത....
〰〰〰〰〰〰〰〰〰
ഓർമ്മവെച്ചനാൾ മുതൽ നമ്മുടെ രണ്ടാനുമ്മ... മറക്കാനാകുമോ ആ നാമം .ഒരു ഉമ്മയായി, ഡോക്ടറായി, നഴ്സായി, ബാർബറായി, ഒരു ശാന്തി ദൂതയായി എത്ര ഉപമിച്ചാലും മതിവരുകയില്ല. നമ്മുടെ ചെറുപ്പത്തിൽ നമുക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത നമ്മുടെ ഒരു കുടുംബാംഗമായിരുന്നു അവർ. ഞാൻ ഒരുപാട് തവണ ആ മലാരം നട്ടപ്പാതിരാക്ക് കയറിയിറങ്ങിയിട്ടുണ്ട്.പല പ്രാവശ്യം അവരെ രാത്രിയിൽ കൊണ്ടാക്കിയിട്ട് അവിടെ പത്തായത്തിന്മേൽ കിടന്നുറങ്ങിയിട്ടുണ്ടു്. അള്ളാഹു അർഹമായ പ്രതിഫലം അവർക്ക് കൊടുക്കട്ടെ. അവരുടെ പാപങ്ങളെല്ലാം പൊറുത്ത് കൊടുത്ത് സ്വർഗ്ഗീയാരാമത്തിൽ നിത്യവിശ്രമം നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
------------------------------
മമ്മുദു അരീക്കൻ



"കുഞ്ഞൈസുന്ത" എന്ന് ഞമ്മൾ കൂറ്റൂര്ക്കാര് വിളിക്കുന്ന '  കുഞ്ഞായിഷ
〰〰〰〰〰〰〰〰〰
ഒരു ദേശത്തെ ഒരു കാലഘട്ടത്തിന്റെ
തുല്യതയില്ലാത്ത ഗൈനക്കോളജിസ്റ്റ്.
തനിക്ക് പടച്ച തമ്പുരാൻ കനിഞ്ഞരുളിയ അപാരമായ കഴിവും പ്രാപ്തിയും സമൂഹനന്മക്ക് വേണ്ടി ആരോഗ്യമുണ്ടായിരുന്ന കാലമത്രയും ഉപയോഗിച്ച നമ്മുടെ പ്രിയപ്പെട്ട കുഞ്ഞൈസുന്താക്ക്
ഖബർ ജീവിതം സന്തോഷത്തിലാക്കുകയും
അവർക്ക് വേണ്ടി ഇന്ന് കൂട്ടിൽ പ്രാർത്തിച്ചതും 
പ്രാർത്തിക്കാനിരിക്കുന്നതുമായ മുഴുവൻ പ്രാർത്തനകളും റബ്ബ് ഖബൂലാക്കുകയും ചെയ്യട്ടെ.
കുഞ്ഞൈസുന്താനെ ഓർക്കുമ്പോഴെങ്ങനെ
നാറേണിനെ ഓർമ്മ വരാതിരിക്കും !!
--------------------------------------
 ഹനീഫ പുലിക്കോടൻ



പേറ്റിച്ചി
〰〰〰〰〰〰〰〰〰
താഴേ കൊളപ്പുറത്തു നിന്നും കുറ്റൂരിന് കിട്ടിയ ഒരു വരദാനമായിരുന്നു   ആയിശ എന്ന കുഞ്ഞായിശ. പിന്നീട് കുഞ്ഞായിശുന്തയായി മാറി. പണ്ട് കാലങ്ങളിൽ പേരിനൊപ്പം താത്ത കൂട്ടിപ്പറയുമ്പോൾ "ന്ത " ചേർക്കുമായിരുന്നു!
കുഞ്ഞായിശുന്തയുടെ ആദ്യ ഭർത്താവ് (മൊയ്തീൻ കുട്ടി മാഷ് കരുളായിയുടെ ഉപ്പ ) മരണപ്പെട്ട ശേഷം ഭർത്താവിന്റെ അനുജൻ മുഹമ്മദ്ക കുഞ്ഞായിശുന്തയെ കല്യാണം കഴിച്ചു. അദ്ദേഹത്തിന് മറ്റൊരു ഭാര്യ ഉണ്ടായിട്ട് പോലും (അലവി, ആലസ്സൻ, അസ്സയിൻ എന്നിവരുടെ ഉമ്മ) ഒരു ത്യാഗത്തിന് ആ മഹതി സമ്മതിച്ചു. ആ ത്യാഗമാണ് കുറ്റൂരിന് വരദാനമായത്. എന്റെ അയൽവാസിയായത് കൊണ്ട് ആ മഹതിയെ പാതിരാക്ക് പോലും ചൂട്ടിന്റെ വെളിച്ചത്തിൽ കാണാറുണ്ടായിരുന്നു.
ഇടക്കാലത്ത് കുഞ്ഞായിശുന്തയെ കേട്ടറിഞ്ഞിട്ടാകണം ആരോഗ്യ വകുപ്പ് വേങ്ങര ഹെൽത്ത് സെന്ററിൽ വെച്ച് രണ്ട് മാസത്തെ ട്രെയിനിംഗ് (പ്രസവമെടുക്കൽ ) നൽകിയിരുന്നു. സ്റ്റൈപ്പൻറോട് കൂടിയായിരുന്നു ട്രെയ്നിംഗ്‌.
മൊയ്തീൻകുട്ടി മാഷ്, ബീരാൻ കുട്ടി, ഹസ്സൻ, ഖദീജ എന്നിവർ മഹതിയുടെ മക്കളാണ്.
ആ മഹതി ചെയ്ത പുണ്യ പ്രവർത്തി മഹതിക്ക് പരലോകത്ത് ഒരു മുതൽക്കൂട്ടാവട്ടെ. 
അവരെയും നമ്മളെയും അള്ളാഹു അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടിത്തരട്ടെ - ആമീൻ
---------------------------------------
എം.ആർ.സി അബ്ദുറഹ്മാൻ



കുഞ്ഞാശുമ്മ  ഹജ്ജുമ്മ
〰〰〰〰〰〰〰〰〰
 ചെറുപ്പത്തിൽ കാണുന്ന നിത്യ ജീവിതത്തിലെ കാഴ്ചകളിൽ ഒരു അവിഭാജ്യ ഘടകമായിരുന്നു കുഞ്ഞാശുമ്മത്ത  ഹജ്ജുമ്മ. ആദ്യം അവരുടെ വീട് ചക്കിങ്ങൽ ഇടവഴിയിലായിരുന്നു. ചെന്ന് വിളിച്ചാൽ എപ്പോഴാണെങ്കിലും ആക്ഷേപം ഒന്നും കൂടാതെ കൂടെച്ചെന്ന് പ്രസവം  എടുക്കുമായിരുന്നു. പിന്നീട് അവർ കുറ്റൂർ ഇരുമ്പ് കമ്പനിയുടെ പിറകിൽ മകന് വീടെടുത്ത് താമസം മാറി. അക്കാലത്ത് പ്രസവ വീടുകളിൽ കണ്ടിരുന്ന മറ്റൊരാളായിരുന്നു നാരായണി. അവര് ഇപ്പോ അടുത്ത കാലം വരെ ആരോഗ്യത്തോടെ ഉണ്ടായിരുന്നു. ഇപ്പഴത്തെ സ്ഥിതി അറിയില്ല.      നമ്മുടെ കുഞ്ഞായിശുത്തയുടെ എല്ലാ സൽകർമ്മങ്ങൾക്കും അല്ലാഹു പ്രതിഫലം നൽകട്ടെ! അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഓരോരുത്തരുടെയും അവർക്ക് വേണ്ടി യുള്ള പ്രാർത്ഥനയും അല്ലാഹു സ്വീകരിക്കട്ടെ ആമീൻ.
-------------------------------------------
മൊയ്തീൻ കുട്ടി പൂവഞ്ചേരി



കുഞ്ഞയിശുന്ത     
〰〰〰〰〰〰〰〰〰
ഒരു നാടിന്റെ എല്ലാമെല്ലാമായിരുന്നു ആ മഹതി.        ഒരുപാടു പ്രാവശ്യം നട്ടപാതിരാക്ക് ചൂട്ടും കത്തിച്ച് ചക്കുങ്ങൽ എടായി ഇറങ്ങിയിട്ടുണ്ട് അവരെ കൂട്ടികൊണ്ടുവരാൻ -                              മുമ്പ് കുറ്റൂരിൽ ബാർബർഷാപ്പ് ഇല്ലാത്ത കാലം തല മൊട്ടയടിക്കാൻ ഇടയക്കിടക്ക് വീട്ടിൽ വരും. LP സ്കൂളിൽ പഠിക്കുമ്പോളൊക്കെ മൊട്ടയടിയായിരുന്നു സ്കൂളിൽ പോയിരുന്നത്. UP യിൽ എത്തിയപ്പോൾ കുട്ടികൾ കളിയാക്കാൻ തുടങ്ങി.  ഒരു ദിവസം അവര് വീട്ടിൽ വന്നപ്പോൾ മൊട്ടയടിക്കേണ്ട എന്ന് പറഞ്ഞു വാശി പിടിച്ചു. പിറ്റേന്ന് കത്രിക കൊണ്ടുവന്നു മുടി വെട്ടി തന്നു.               മഹതിയുടെ മരണസമയത്ത് നാട്ടിൽ ഉണ്ടായിരുന്നു.                 അവർക്കു വേണ്ടി ദുആ ചെയ്ത എല്ലാവരുടെയും പ്രാർത്ഥന റബ്ബ് സ്വീകരിക്കുമാറാകട്ടെ    - آمي
--------------------------------------
ഹസ്സൻകുട്ടി അരീക്കൻ



സ്നേഹ നിധിയായ  കുഞായിശുന്ത
〰〰〰〰〰〰〰〰〰
ചെറുപ്പത്തിൽ വീട്ടിൽ മിക്കപ്പോഴും കണ്ടു വരാറുള്ള സ്നേഹ നിധിയായ, കളി തമാശകൾ പറഞ്ഞ് ചിരിക്കുന്ന കുഞായിശുന്ത. അവരുട മുഖം  ഇന്നും മായാതെ മനസ്സിൽ നിൽക്കുന്നു. 
ബ്രോക്കർമാരില്ലാത്ത എന്റെ വിവാഹത്തിന്റ പ്രപോസൽ കൊണ്ട് വന്നതും കുഞ്ഞായിശുന്തയായിരുന്നു.   
കൂട്ടിൽ അവരെ സ്മരിച്ചതിനും   പ്രാർത്ഥിച്ചതിനും  അള്ളാഹു പ്രതിഫലം നൽകട്ടെ امين
-------------------------------------------
അബ്ദുലത്തീഫ് അരീക്കൻ