K.M.H.S സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്ന രാജശേഖരൻ മാഷെ 'തത്തമ്മക്കൂട് ഗുരുവോർമ്മ' യിൽ അനുസ്മരിക്കുന്നു
ഗുരുവോർമ്മയിലേക്ക് സ്വാഗതം
~~~~~~~~~~~~~~~~~~~~
നാടിന് മറക്കാനാവാത്ത ഒരു അധ്യാപകനായിരുന്നു രാജശേഖരൻ മാഷ്.
തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും ഒരു നാട്ടുകാരനെന്ന പോലെ നമ്മോടൊപ്പം ചെലവഴിച്ചു. കലാലയന്തരീക്ഷത്തിലെ പിരിമുറുക്കങ്ങളില്ലാത്തതായിരുന്നു മാഷിന്റെ പീരിയഡുകൾ. വർണ്ണചിത്രങ്ങൾക്ക് മുന്നിൽ വെച്ചാണ് അദ്ദേഹത്തെ നമ്മൾ അനുഭവിച്ചത്. റോസാ ദളങ്ങൾക്കും പച്ചില തണ്ടുകൾക്കും നിറം കൊടുത്ത് അദ്ദേഹത്തിന്റെ മുന്നിലേക്ക് നീട്ടുമ്പോൾ കിട്ടിയിരുന്ന അംഗീകാരം ആർക്കും മറക്കാനാവില്ല.
ചിത്രകല ജൻമ സിദ്ധമായ കഴിവാണെങ്കിലും നല്ല പ്രചോദനങ്ങൾ ആ കഴിവിനെ വളർത്തിയെടുക്കുന്നതിൽ വലിയ ഘടകമാണ്. പഴയ തലമുറയിൽ വളർന്ന് വന്ന കലാകാരൻമാർക്ക് രാജശേഖരൻ മാഷിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടാവും. മിഴിവുള്ള ചിത്രങ്ങൾക്ക് നടുവിലും മുഴക്കമുള്ള ശബ്ദം കൊണ്ടാണ് അദ്ദേഹം നമ്മോട് സംവദിച്ചത്.വിദ്യാർത്ഥികളോടുള്ള അദ്ദേഹത്തിന്റെ സമീപനങ്ങളിൽ കാർക്കശ്യം ഒട്ടുമുണ്ടായിരുന്നില്ല. മിഴിവുള്ള ഒരു പിടി ചിത്രങ്ങളും അതിന് നേരെ നോക്കി പറഞ്ഞ നല്ല വാക്കുകളുമാണ് നമുക്ക് രാജശേഖരൻ മാഷ്. നമ്മുടെ കലാലയാന്തരീക്ഷത്തിന് മറക്കാനാവാത്ത അധ്യാപകരിലൊരാൾ.
തന്റെ ആയുസ്സിന്റെ നല്ലൊരു പങ്കും അദ്ദേഹം ചെലവഴിച്ചത് ഈ നാട്ടിലാണ്. മാഷിന്റെ ഭാര്യ ശകുന്തള ടീച്ചറെയും നമുക്ക് മറക്കാനാവില്ല. ആ അധ്യാപക കുടുംബത്തെ കുറിച്ചുള്ള നല്ല ഓർമ്മകൾക്ക് ഇടം നൽകുകയാണ് ഇന്ന് തത്തമ്മക്കൂട്.
രാജശേഖരൻ മാഷിന്റെ അയൽപക്കത്ത് ബാല്യം ചെലവഴിച്ച ശിഹാബ് നാലുപുരക്കൽ ആ ഓർമ്മകൾ പങ്ക് വെക്കും. എല്ലാ വായനക്കാരും മാഷിനെ കുറിച്ചുള്ള ഓർമ്മയുടെ വർണ്ണ ചിത്രങ്ങൾ പങ്ക് വെച്ച് ഇന്നത്തെ 'ഗുരുവോർമ്മ'യുടെ ഭാഗമാവണമെന്ന് അഭ്യാർത്ഥിക്കുന്നു,
----------------------
അഡ്മിൻ ഡെസ്ക്ക്
തത്തമ്മക്കൂട് സംഘടിപ്പിച്ച രാജശേഖരൻ മാഷ് അനുസ്മരണത്തിൽ നിന്നും :-
രാജശേഖരൻ മാഷ്
നിറം മങ്ങാത്ത ഓർമ്മകൾ.
------------------------------
ഞങ്ങളുടെ വീടിന്റെ അയൽവാസി ആയിരുന്നു മാഷ്.
കുട്ടികാലം മുതൽ അവരുടെ വീട്ടുമുറ്റവും ഞങ്ങളുടെ കളിസ്ഥലമായതുകൊണ്ടുതന്നെ മറ്റൊരു വീടായി അവിടം തോന്നിയിട്ടേയില്ല.
എന്നേക്കാൾ പ്രായം കൂടിയതും കുറഞ്ഞതുമായ മൂന്ന് മക്കളും മാഷിനും ടീച്ചർക്കും പുറമെ ടീച്ചറുടെ ജേഷ്ടsത്തിയും ജേഷ്ടത്തിയുടെ മകളും അടങ്ങിയ സന്തോഷം നിറഞ്ഞ വീട്, പിന്നീടെപ്പോഴോ ഇവർ ഞങ്ങളുടെ വീട്ടിലെതന്നെ അംഗങ്ങളായി മാറി.
പലപ്പോഴുംഭക്ഷണവും മാഷിന്റ വീട്ടിൽ നിന്നായി, പ്രവാസി ആവുന്നത് വരെ എല്ലാ ഓണത്തിനും മാഷിന്റ വിട്ടിൽ നിന്നല്ലാതെ ഭക്ഷണം കഴിച്ചിട്ടില്ല.
മാഷിന്റെ കുട്ടികളുടെകളികളും ഞങ്ങളോടൊപ്പം തന്നെയായിരുന്നു.
ഒരു അയൽവാസി എന്നതിലുപരി ഞങ്ങളിലൊരാളായി പലപ്പോഴും ഒരു രക്ഷകർത്താവിന്റെ റോളിലും ഇടപെട്ടു.
ഞങ്ങളുടെവലിയുമ്മ മരിച്ച് ഏഴാം നാളിൽ നടക്കുന്ന തഹ് ലീൽ നടക്കുന്ന ദിവസം എല്ലാ ദിവസവും എട്ട് മണിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്ന മാഷോട് രാത്രി പത്തു മണിക്ക് ശേഷമുള്ള പരിപാടി പറയാതിരുന്നിട്ടുപോലും രാത്രി പതിനൊന്ന് മണിക്ക്എല്ലാം പര്യാവസാനിക്കുന്നത് വരെ ഞങ്ങളുടെ കൂടെ നിന്ന് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചു.
ഇന്നും ജീവസുറ്റ ഒരുപാട് ഓർമ്മകൾ മാഷെ ഓർക്കുമ്പോൾ ഉണ്ട്.
വർഷങ്ങൾക്ക് മുമ്പ് സൗദി അറേബ്യയയിലേക്കുള്ള എന്റെ കന്നിയാത്രയിൽ ഒരു മണിക്കൂർ വൈകിവന്ന ബോംബെ ബസ്സ് വരുന്നത് വരെ കുളപ്പുറത്ത് കൂടെ നിന്ന് ധൈര്യവും പല വിലപെട്ട ഉപദേശവും തന്നാണ് മാഷ് മടങ്ങിയത്,
പിന്നീട് താമസം സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് മാറിയപ്പോഴും ഹൃദ്യമായ ബന്ധത്തിന് ഒരിടിവും സംഭവിച്ചില്ല.
ഞങ്ങളുടെ കുടുംബത്തിലെ ചെറിയ സന്തോഷങ്ങളിൽപോലും ഞങ്ങളിലേറെ സന്തോഷിച്ചതും മാഷാണന്ന് തോന്നിയിട്ടുണ്ട്.
മാഷ് നമ്മളിൽ നിന്ന് പിരിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷവുംആ പഴയ ഓർമ്മകളോരോന്നും മനസ്സിൽ നിറഞ്ഞു നൊമ്പരപ്പെടുത്തുന്നു.
പ്രവാസിയായത് കൊണ്ട് അവസാനമായി ഒരു നോക്ക്കാണാൻ പോലും കഴിയാത്ത അവസ്ഥ ഒരു വല്ലാത്ത
കനലായി എരിയുന്നു....
〰〰〰〰〰〰〰〰〰〰
ശിഹാബുദ്ദീൻ.നാലുപുരക്കൽ
ഗുരു ഓർമ്മ
--------------
രാജാ രവിവർമ്മയെ കൊട്ടാരത്തിന്റെ ചുവരുകളിൽ കരിക്കട്ട കൊണ്ട് ചിത്രങ്ങൾ വരക്കാൻ അനുവദിച്ചത് പോലെ, എൻറെ വീട്ടിലെ ചുവരുകളിലും കരിക്കട്ട കൊണ്ടെങ്കിലും ചിത്രം വരക്കാൻ എന്നെ അനുവദിച്ചിരുന്നെങ്കിൽ ഞാനിന്ന് പിക്കാസോ യോ, ലിയനാർഡോ ഡാവിഞ്ചിയോ, സാൽവഡോർ ഡാ ലിയോ, എം എഫ് ഹുസൈനോ, രാജശേഖരൻമാഷോ ആകുമായിരുന്നു!
അഞ്ചാം ക്ലാസ്സുമുതൽ ഒമ്പതാം ക്ലാസ്സുവരെ മാഷിന്റെ ശിക്ഷണത്തിൽ ചിത്രകല അഭ്യസിക്കാൻ കഴിഞ്ഞു. മാഷിൻറെ ശിക്ഷണം എന്നിൽ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. മാഷ് വരക്കുന്ന ഓരോ ചിത്രങ്ങളും ശ്രദ്ധയോടെ വീക്ഷിച്ച് വരക്കുമായിരുന്നു. മാഷിന്റെ ക്ലാസ്സിൽ മാഷിനിഷ്ടപ്പെട്ട കുട്ടികളിലൊരാളാകാൻ എനിക്ക് കഴിഞ്ഞിരുന്നു. ചിത്രകലക്ക് പുറമെ രാജശേഖരൻ മാഷ് നല്ലൊരു കണക്കദ്ധ്യാപകൻ കൂടിയായിരുന്നു. ഘനഗംഭീരമായ ശബ്ദം മാഷിനെ മറ്റദ്ധ്യാപകരിൽ നിന്നും വ്യത്യസ്ഥനാക്കിയിരുന്നു. അത് കൊണ്ട് തന്നെയാവണം മാഷിനെ കുട്ടികൾക്കൊക്കെ പേടിയായിരുന്നു.
പത്താം ക്ലാസ്സിൽ ചിത്രകലയില്ലാത്തത് എന്നെ ഏറെ വേദനിപ്പിച്ചു. ചിത്രകലയെ ഇക്കാലയളവിൽ അങ്ങേയറ്റം ഇഷ്ടപ്പെട്ടു പോയിരുന്നു. ഒപ്പം മാഷിനെയും .
സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം ചിത്രകല യോടുള്ള എൻറെ താൽപര്യം കാരണം, ആട്ടക്കോളി മുഹമ്മദ് സാഹിബ് എന്നെ മദ്രാസ്സിലെ ചിത്രകുള്ളൻ ചിത്തിര വിദ്യാലയത്തിൽ ആറ് മാസത്തെ കോഴ്സിന് എന്നെ കൊണ്ടുപോയി ചേർത്തിരുന്നു.
നിറങ്ങളുടെ ലോകത്ത് പാറിപ്പറന്നിരുന്ന കാലത്ത് എവിടെ വെച്ച് മാഷ് കണ്ടാലും ജോലിയുടെ കാര്യങ്ങളൊക്കെ ചോദിച്ചറിയാറുണ്ടായിരുന്നു.
സ്കൂൾ പഠനം കഴിഞ്ഞിട്ടു തന്നെ ഏതാണ്ട് 39 വർഷത്തോളമായി. എന്നിട്ടും മാഷിനെ ഇന്നലെ കണ്ടതുപോലെ ഓർക്കാൻ കഴിയുന്നു!
അതു തന്നെയാണ് യഥാർത്ഥ ഗുരുശിഷ്യബന്ധം...
രാജശേഖരൻ മാഷിന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് ......
--------------------------------
എം ആർ സി അബ്ദുറഹ്മാൻ
അധ്യാപനത്തേക്കാളുപരി അന്നം തന്ന മാഷും കുടുമ്പവും
----------------------------------------
കൂട്ടിലെ പല തത്തകൾക്കും ചിത്രകലയെ കുറിച്ചും ക്ലാസ്സ് അനുഭവങ്ങളെ കുറിച്ചും ഓർമിച്ചെടുക്കാനുണ്ടാവുമ്പോൾ അയൽവാസികളായ ഞങ്ങൾക്ക് പറയാനുണ്ടാവുക തിർത്തും വ്യത്ഥ്യസ്ഥമായ അനുഭവകഥകളായിരിക്കും. സ്ക്കൂളിൽ മാഷ് ചിത്രകലാ അധ്യാപകൻ എന്നതിലുപരി വർഷത്തിന്റെ തുടക്കത്തിൽ പുതിയ പാഠപുസ്തകത്തിന്റെ ചാർജ്ജും വഹിച്ചിരുന്നല്ലൊ പഴയ പുസ്തകം വാങ്ങിച്ച് ഒപ്പിച്ച് പഠിക്കാൻ വന്നിരുന്ന ഞങ്ങൾക്ക് ചിത്രകലയോട് പേരിന്ന് പോലും ഒട്ടും താൽപര്യം ഇല്ലാത്ത ഞങ്ങൾക്ക് മാഷ് ടീച്ചർ കുടുമ്പത്തിനോട് തിർത്താൽ തീരാത്ത കടപാടാണ് ഉള്ളത്.
അരപട്ടിണിയിലും ദാരിദ്ര്യ ത്തിലും ആയിരുന്ന ഞങ്ങളുടെ ബാല്യം ചായയും എന്തെങ്കിലും കഴിച്ച് മദ്റസ്സയിൽ പോയി തിരിച്ച് വന്ന് സ്ക്കൂളിലേക്ക് പോകാനുള്ള ഇടവേളയിൽ ഉച്ചക്കത്തെ കഞ്ഞിയിൽ നിന്നും അൽപ്പം "വറ്റ് "ഇട്ട് ബാക്കി കഞ്ഞി വെള്ളം ഒഴിച്ച് പ്രസിദ്ധമായ പഴം കഞ്ഞിയായിരുന്നു ചിലപ്പോൾ കിട്ടിയിരുന്നത് അതും കിട്ടാത്ത എത്രയോ ദിനങ്ങൾ ആ സമയത്തായിരിക്കും മാഷുടെ വീട്ടിൽ നിന്നും ടീച്ചറുടെ ജേഷ്ട്ടത്തിയുടെ വിളി എടാ ഹബീബെ ദോശ വേണോടെയ് എന്തായാലും വാങ്ങുമെന്നും കഴിക്കുമെന്നും അറിയാം എന്നാലും അങ്ങിനെ ഒരു ചോദ്യമാണ് ചിലപ്പോൾ ദോശയാകാം ഇഡ്ഡലി യാകാം സാമ്പാറും ചട്ട്ണിയും ഉണ്ടാകും അത് കിട്ടുമ്പോൾ ഞങ്ങളുടെ സന്തോഷം ഇവിടെ അക്ഷരങ്ങൾക്ക തീതമാണ്. പലപ്പോഴും തോന്നീട്ടുണ്ട് ഞങ്ങൾക്കും കൂടി വേണ്ടിയിട്ടാണോ? ഇത്രയും ബാക്കിയാകാൻ മാത്രം കൂടുതൽ ഉണ്ടാക്കുന്നത് എന്ന് ഞങ്ങൾ മദ്റസ്സ വിട്ട് വരുന്ന സമയം ടീച്ചറും മാഷും മക്കളും സ്കൂളിൽ പോയിട്ടുണ്ടാവും പിന്നെ ടീച്ചറുടെ ചേച്ചി മാത്രമാണ് വീട്ടിൽ ഉണ്ടാവാറ് അവരുടെ അടുക്കള പണിയും അലക്കലും തൂക്കലും കഴിഞ്ഞാൽ പിന്നെ നമ്മുടെ വീടായിരുന്നു ടീച്ചറും മാഷും മക്കളും വൈകുന്നേരം സ്ക്കൂൾ വിട് വരുന്നത് വരെ അഭയം ഞങ്ങളും മാഷ് വീട്ട് കാരും തമ്മിലുള്ള സ്നേഹവും ബദ്ധവും അങ്ങിനെയായിരുന്നു എന്ന് വാക്കുകളിലോ അക്ഷരങ്ങളിലോ ഒതുക്കാൻ പ്രയാസമാണ്.
ഒരു ചക്ക ഇട്ടാൽ ഞങ്ങൾ മൂന്ന് കഷ്ണമാക്കി ഒന്ന് തറവാട്ടി (എളാപ്പ ) ലേക്കും ഒന്ന് ടീച്ചർക്കും ഒന്ന് നമുക്കും അതായിരുന്നു ആ ബദ്ധത്തിന്റെ ഊഷ്മളത ആ സ്നേഹത്തിന്റെ സൗഹാർദ്ദത്തിന്റെ ഇതളുകൾ പൊഴിക്കാൻ തുടങ്ങിയാൽ എങ്ങിനെ അവസാനിപ്പിക്കാൻ കഴിയും എന്നത് പ്രയാസമായിരിക്കും
തളിപ്പറമ്പിൽ അലൂമനി കച്ചവടത്തിന് പോയ ഉപ്പ കാശ് അയക്കാൻ വൈകുമ്പോൾ ശനിയാഴ്ച കഴിഞ്ഞാൽ ഈ ആഴ്ച്ചത്തെ റേഷൻ കിട്ടില്ലല്ലൊ എന്ന് മനസ്സിലാക്കി" മാഷ് "പാത്തുട്ടി ഉമ്മാഈ ആഴ്ച്ചത്തെ റേഷൻ മേടിച്ചിട്ടില്ലല്ലൊ ടീച്ചറുടെ അടുത്ത് നിന്ന് പൈസ വാങ്ങി റേഷൻ വാങ്ങിച്ചോളീ ഉപ്പ വന്നിട്ട് തിരിച്ച് തന്നാൽ മതി എന്ന് പറയുന്ന മാഷ് ഇത് പല ആവർത്തി തുടരുന്ന കാരണം മടിച്ച് മടിച്ച് നിൽക്കുന്ന ഉമ്മാന്റെ കയ്യിലേക്ക് ചോദിക്കാതെ തന്നെ പൈസയുമായി വരുന്ന ടീച്ചറെ കാണുമ്പോഴാണ് ഇത് പറഞ്ഞ് ഏൽപ്പിച്ചാണ് മാഷ് അങ്ങാടിയിൽ പോയത് എന്ന് നമ്മൾ അറിയുന്നത് അങ്ങിനെത്തെ നിഷ്ക്കളങ്ക സ്നേഹത്തിന്റെ നിരവധി ഏടുകൾ അയവിറക്കാനുണ്ട് എങ്ങിനെ എഴുതി പരിസമാപ്തി കുറിക്കും എന്ന് ഭീതി ഉള്ളത് കൊണ്ട് മാത്രം തൽക്കാലം നിർത്തുകയാണ്.
ഞങ്ങൾക്ക് ഓർമ്മ വെച്ച അന്ന് മുതലെ ടീച്ചറും മാഷും ഞങ്ങളുടെ അയൽപക്കത്തുണ്ട് ഏകദേശം 30-35 വർഷം നമ്മുടെ നാട്ടിൽ ഉണ്ടായിരിന്നു എന്നാണ് എന്റെ ഒരു നിഗമനം തിരുവനന്തപുരത്തിന്റെ രണ്ട് ഭാഗത്ത് നിന്ന് വന്ന് ഒരാൾ ഒളകരയിലും മറ്റയാൾ പുത്തൂർ പള്ളിക്കലും ജോലിയിരിക്കെ കല്യാണത്തിന് ശേഷം രണ്ട് പേരും കുറ്റൂരിലേക്ക് ട്രാൻസ്ഫർ ആയതിന് ശേഷമാണ് കുറഞ്ഞ കാലം കോർട്ടേഴ്‌സിൽ താമസിച്ചതിന് ശേഷം നമ്മുടെ അയൽപക്കത്ത് സ്വന്തമായി സ്ഥലം വാങ്ങിച്ച് വീട് വെച്ച് താമസമാക്കുന്നത് മക്കളുണ്ടായതും അവർ പഠിച്ചതും ജോലിക്കാരായതും ഒക്കെ നമ്മുടെ നാട്ടിൽ വെച്ച് തന്നെ മൂത്ത മകളെ കല്യണം കഴിച്ചത് വരെ നമ്മുടെ വീട്ടിൽ വെച്ചാണ്, അവർ തൃശ്ശൂരിൽ ഭർത്താവൊന്നിച്ച് അധ്യാപികയായി ജോലി ചെയ്യുന്നു, രണ്ടാമത്തെ മകൾ തിരുവനന്തപുരത്ത് Air force School ൽ ടീച്ചറാണ് അവരുടെ ഭർത്താവ് എയർഫോഴ്സിൽ ഉദ്യോഗസ്ഥ്ൻ, മൂന്നാമത്തെത് മകൻ ഫാമിലി യോടെ ദുബായിൽ printing മേഘല തിരഞ്ഞെടുത്തിരിക്കുന്നു. ഒരു നിമിത്തമെന്നോണം ടീച്ചറും മാഷും താമസിച്ചിരുന്ന വീടും സ്ഥലവും ഞാൻ വിലക്ക് വാങ്ങി അവർ റിട്ടയർ ആയി നാട്ടിൽ വീട് വെച്ച് സെറ്റിലായി വളരെ കുറഞ്ഞ കാലമേ മാഷ്ക്ക് പുതിയ വീട്ടിൽ താമസിക്കാനായുള്ളൂ വിശ്രമജീവിതം ആസ്വധിക്കാനുള്ള സൗഭാഗ്യം ലഭിക്കും മുമ്പേ ദൈവം തമ്പുരാൻ ആ സ്നേഹപൂമരത്തെ ഞങളിൽ നിന്നും അടർത്തികളഞ്ഞു സുകൃതങ്ങൾ കാരുണ്യമായി പൈയ്തിറങ്ങട്ടെയെന്നും മോക്ഷം ലഭിക്കട്ടെ എന്നും പ്രാർത്ഥിക്കാം ടീച്ചർ ഇപ്പോൾ ഒറ്റക്ക് തിരുവനന്തപുരത്തെ വീട്ടിൽ ആയയോടപ്പം താമസം ഞങ്ങൾ പലകുറി പോയിട്ടുണ്ട് പലപ്പോഴും വിളിക്കാറുണ്ട് മക്കളുമായുള്ള സാഹോദര്യബദ്ധം ഇന്നും നിലനിർത്തുന്നു.
ലേഘനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച ടീച്ചറുടെ ജേഷ്ട്ടത്തി ഞങ്ങളെല്ലാവരും സ്നേ ഹത്തോടെ ചേച്ചി എന്ന് വിളിക്കുന്ന ആ അമ്മയും രണ്ട് ദിവസം മുമ്പ് (24.3 2019) ഈ ലോകത്തോട് വിട പറഞ്ഞു
-------------------------------
ഹബീബുല്ല നാലുപുരക്കൽ
ഒരിക്കലും മറക്കാത്ത ഒരു അടിപിടി
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
രാജശേഖരൻ മാഷെ കുറിച്ചു പറയുമ്പോൾ മറക്കാത്ത ഒരു അനുഭവം ഉണ്ടെനിക്ക്. ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അധ്യാപകൻ ഇല്ലാത്ത പിരിയഡ് പുറകിലിരിക്കുന്ന സുഹൃത്തുമായി ഉണ്ടായ കശപിശ അടിപിടിയിൽ കലാശിച്ചു. രണ്ടാളും ബെഞ്ചിനും ടെസ്കിനും ഇടയിൽ ആയതിനാൽ അടി കൈകൊണ്ട് മാത്രമായിരുന്നു. അപ്പുറത്തും ഇപ്പുറത്തും മറ്റുള്ളവർ ഇരിക്കുന്നതിനാൽ കൈവീശി മാത്രമേ അടി സാധ്യമായിരുന്നുള്ളൂ. റോഡിനോട് ചാരിയുള്ള ക്ലാസ് റൂമിൽ രാജശേഖരൻ മാഷ് ഉണ്ടായിരുന്നു, ദൂരെ നിന്നും എതിർ വശത്തെ അര മതിലുള്ള ക്ലാസ് റൂമിൽ നടക്കുന്ന അടിപിടി അദ്ദേഹം കണ്ടു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ അദ്ദേഹം ധൃതഗതിയിൽ ഞങ്ങളുടെ ക്ലാസിലേക്ക് വന്നു. സ്വന്തം മക്കൾ അടിപിടി കൂടുന്നത് പോലെ വളരെ വൈകാരികമായി വഴക്ക് പറയുകയാണ് ചെയ്തത് ആദ്യം, ഇങ്ങനെയൊക്കെ അടിക്കാൻ പാടുണ്ടോ എന്ന് പറയുകയും അടിപിടി കണ്ടുനിന്ന ക്ലാസിലുള്ള മറ്റു വിദ്യാർത്ഥികളെയും ശകാരിച്ചു. കയ്യിൽ ഒരു ചെറിയ വടി ഉണ്ടായിരുന്നെങ്കിലും നിങ്ങൾക്ക് രണ്ടുപേർക്കും ഇത് മതിയാകില്ല എന്ന് അദ്ദേഹത്തിന് ബോധ്യമുള്ളതുകൊണ്ട് ഞങ്ങളെ അദ്ദേഹം ഹെഡ്മാസ്റ്റർ രാജഗോപാലൻ മാഷിൻറെ അടുത്തേക്ക് കൊണ്ട് പോവുകയാണുണ്ടായത്. ഹെഡ്മാസ്റ്ററുടെ അടുത്തു എത്തുംവരെ അദ്ദേഹത്തിൻറെ ഇരുവശത്തുമുള്ള ഞങ്ങളെ ഗുണദോഷിച്ചു കൊണ്ടിരുന്നു, വളരെ വികാരഭരിതമായിട്ടാണ് അദ്ദേഹം വിഷയം ഹെഡ്മാസ്റ്ററുടെ മുമ്പിൽ അവതരിപ്പിച്ചത്. വളരെ സാകൂതം കേട്ട ഹെഡ്മാസ്റ്റർ ഞങ്ങളെ രണ്ടു പേരെയും വിളിച്ച് വിഷയം ചോദിച്ചു. രാജശേഖരൻ മാഷ് അദ്ദേഹത്തിന് ക്ലാസിലേക്ക് പോവുകയും ചെയ്തു.
ഈ വിഷയം രണ്ട് അധ്യാപകരും കൈകാര്യം ചെയ്തത് വളരെയധികം അത്ഭുതപ്പെടുത്തുകയും ഇന്നും മറക്കാനാവാത്തതും ആണ്.
രാജശേഖരൻ മാസ്റ്റർ സ്വന്തം മക്കളോട് എന്നപോലെ വളരെ വൈകാരികമായി സമീപിക്കുകയും ഗുണദോഷിക്കുകയും ഇനി ആവർത്തിക്കരുത് താക്കീത് നൽകുകയും ചെയ്തു. അദ്ദേഹം ഓടി വന്നതും മുഖഭാവത്തിൽ ഉള്ള വിഷമവും അദ്ദേഹത്തിന്റെ ശബ്ദത്തിൻറെ ഒരിക്കലും കേൾക്കാത്ത ടോണും ജീവിതത്തിൽ പലപ്പോഴും ചിന്തകളിലൂടെ കയറിയിറങ്ങി പോയിട്ടുള്ള ഒന്നാണ്.
വയറുനിറച്ച് അടി പ്രതീക്ഷിച്ച് ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറായി നിൽക്കുന്ന ഞങ്ങളോട് ഹെഡ്മാസ്റ്റർ അദ്ദേഹത്തിൻറെ ഓഫീസിൻറെ പുറത്ത് വാതിലിന് ഇരുവശത്തുമായി നിർത്തുകയാണ് ഉണ്ടായത്. ഒരടി പോലും കിട്ടിയില്ലെങ്കിലും അരമണിക്കൂറോളം വാശിയിൽ മസിൽ പിടിച്ച് നിന്ന ഞങ്ങൾ കീഴടങ്ങേണ്ടിവന്നു. വാശി കുറഞ്ഞതോടെ പരസ്പരം സംസാരിക്കേണ്ടിയും, അടിപിടി മറന്നു പഴയ സൗഹൃദത്തിലേക്ക് തിരിച്ചു പോകേണ്ടിയും വന്നു. മുക്കാൽ മണിക്കൂറിനുള്ളിൽ അടിപിടി കൂടിയ രണ്ടുപേർ തോളിൽ കയ്യിട്ടു ക്ലാസിലേക്ക് തിരിച്ചു വരുന്ന കാഴ്ചയാണ് സഹപാഠികൾ കാണുന്നത്. മനശാസ്ത്രപരമായി വിഷയത്തെ സമീപിച്ച രാജഗോപാലൻ മാസ്റ്റർ അന്ന് ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.... ഒപ്പം കിട്ടിയ സമ്മാനം ആഘോഷിക്കാൻ പാകത്തിൽ കാത്തുനിന്ന സഹപാഠികൾ നിരാശരാകേണ്ടിയും. ഓർമ്മകളിൽ ഇന്നും ഈ അധ്യാപകർ വഴികാട്ടികളായി നിലകൊള്ളുന്നു.
രാജ ശേഖരൻ മാഷിന് നിത്യ ശാന്തി നേരുന്നു.
-------------------------------
മുസ്തഫ ശറഫുദ്ധീൻ അരീക്കൻ
എന്റെ പ്രിയ ഗുരു..
------------------
കലാലയ ജീവിതത്തിൽ എന്നും ഓർമ്മിക്കുന്ന നാമമാണു രാജശേഖരൻ മാഷ്.
എന്റെ കലാവാസനകളെ നിറഞ്ഞു പ്രോൽസാഹിപ്പിച്ച ഒരാൾ.
ഗൗരവക്കാരെനെന്നു തോന്നുമെങ്കിലും മനസ്സിൽ നിറയെ സ്നേഹം മാത്രമായിരുന്നു അദ്ദേഹത്തിനു.
മാഷെ ഓർക്കുമ്പോൾ വർഷങ്ങൾക്ക് മുന്നെ നടന്ന ഒരു ശാസ്ത്ര മേളയാണു ഓർമ്മ വരുന്നത്. അന്ന് അവിടെ (പഴയ ലൈബ്രറി റൂമിൽ) ഒരു ദിനോസറിനെ നിർമ്മിച്ചു വെച്ചിരുന്നു.
അത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു എന്നാണു എന്റെ ഓർമ്മ.
----------------------------
മുസ്തഫ കെ. സി
പുസ്തകവും നിറവും കൊണ്ട് വരാത്തവർ നിൽക്വാ....
ഉച്ചത്തിലുള്ള ആ സ്വരം ഇന്നും കാതുകളിൽ മുഴങ്ങുന്നു
വരക്കാൻ ഇഷ്ടമുള്ളത് കൊണ്ട് മാഷെ ക്ലാസുകൾ എനിക്ക് കൗതുകമായിരുന്നു.
ഒരു വൃത്തം വരച്ച് മുകളിലും താഴെയും അൽപം മായ്ച് ഒന്ന് വളച്ച് വരച്ച് ആപ്പിൾ വരച്ചതും ദീർഘവൃത്തത്തിന്ന് താഴെ ഒരു വശത്ത് ചെരിച്ച് മാമ്പഴം വരച്ചതും ,ചെമ്പരത്തിയും ഇലകളും.... ... പിന്നെ പലതരം നിറങ്ങളും.
ഇന്നും മനോമുകുരത്തിൽ തെളിയുന്നു, ആ നിറങ്ങളിലൂടെയാണ് നാം മാഷിനെ ഓർക്കുന്നതും.
ഇന്നത്തെ ഓർമ പുതുക്കലിൽ മാഷെ ക്കുറിച്ച് കൂടുതൽ വിശേ ങ്ങൾ അറിയാൻ കഴിയുമെന്ന പ്രതീക്ഷിക്കാം
-------------------------------
മൊയ്‌ദീൻ കുട്ടി അരീക്കൻ
മാഷെ ഓർക്കൂമ്പോൾ
എനിക്കോർമ വരുന്നത്.
സാറിന്റെ ഒരു സ്ഥിരം ഡയലോഗാണ്.😃
നിറം.
പെനസിൽ.
ബുക്ക്
എന്നിവ
കൊണ്ട് വരാത്തവർ
എഴുന്നേറ്റ് നിൽക്കുക.
--------------
ഹനീഫ പി. കെ.
രാജശേഖരൻ മാഷെ ക്കുറിച്ച് ഒരുപാട് ഒർമ്മകളുമായി കൂട്ടിൽ വന്നവർക്കെല്ലാം അഭിനന്ദനങ്ങൾ നേരുന്നു. Upയിലും Hs ലും ഞാനും അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. അന്ന് സ്ക്കൂൾ മേനേജരായിരുന്ന KP മൊയ്തീൻ കുട്ടി ഹാജിയുടെ മാഷ് വരച്ച ഒരു ചിത്രം ഇന്നും ഓഫീസ്സിലെ ചുമരിലുണ്ടാകും. ഇന്നും ഞാനോർക്കുന്നു. അത്രക്കും കഴിവുറ്റതായിരുന്നു അദ്ദേഹത്തിന്റെ രചന. നർമ്മസല്ലാപത്തിലൂടെ സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും നാട്ടുകാരെയും ആകർഷിച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മാഷ്.
--------------------------------
മമ്മുദു അരീക്കൻ
#*#*#*#*#*#*#*#*#*#*#*#*#*#*#*#*