🚛🚛🚛87/88
പടിഞ്ഞാർ മാനം ചുവന്നു തുടങ്ങുന്നുണ്ട്. സൂര്യന്റെ വിടവാങ്ങലിന്റെ സങ്കടം കൊണ്ടാവും പകലിന്റെ മുഖഭാവവും മാറാൻ തുടങ്ങി. റോഡിന്റെ ഇരുവശവും ഉള്ള തണൽ മരചില്ലകൾ ഇളം തെന്നലിന് താളത്തിൽ നിന്ന് കിണുങ്ങുന്നുണ്ട്.. ചീനിമരകൊമ്പിലെ കാക്കക്കിളിക്കൂട്ടിൽ നിന്ന് കരയുന്ന കുഞ്ഞിന് തീറ്റയുമായെത്തിയ അമ്മക്കിളിയെനോക്കി അട്ടിയിട്ട മരത്തടിയിൽ ഇരിക്കുന്ന എന്നെ ആരോ വിളിച്ചതു പോലെ തോന്നി.. അപ്പോഴാണ് അങ്ങകലെ ആകാശ ഉയരങ്ങളിലൂടെ ഒരു മത്സര പ്രതീതി നൽകി പറന്നകലുന്ന അരയന്ന കൂട്ടങ്ങളുടെ മനോഹര കാഴ്ച ഞാൻ കണ്ടത്, കൂടണയാൻ പോവുന്ന ആ അരയന്നങ്ങളെ നോക്കി ഇരിക്കുന്ന എന്റെ ശ്രദ്ധ പെട്ടെന്ന് വിളിവന്ന ദിശയിലേക്ക് തിരിഞ്ഞു . ഗുരുജിയാണ് വിളിച്ചതെന്ന് മനസ്സിലായി. മുഹമ്മദ്ക്ക എന്റെ ഗുരുജി (ഡ്രൈവിങ്) ഇന്നെന്താണാവോ പ്ലാൻ മനസ്സിൽ വെറുതെ പറഞ്ഞു. മുഹമ്മദ്‌ക വിളിച്ചാൽ എനിക്ക് മറു ചോദ്യമില്ല എന്താണേലും അനുസരിക്കുക. അതാണ് പതിവ്.. എന്റെ വീട്ടുകാർക്കും വീട്ടിലെത്താൻ വൈകിയാൽ മുഹമ്മദ് കാകന്റെ വണ്ടിയിൽ പോയതായിരുന്നു എന്ന് പറഞ്ഞാൽ പിന്നെ ശകാരമോ ചോദ്യമോ ഇല്ല..
ഞാൻ അവരുടെ അടുത്തേക്ക് നടന്നടുത്തു വാ പോകാം.. ഞാനും ഗുരുജിയും വണ്ടിയിൽ കയറി. ഗുരുജി ഹീറ്റർ ബട്ടനിൽ വിരൽ അമർത്തി. നിമിഷങ്ങൾക്ക് ശേഷം ഞങ്ങളുട വണ്ടി ഒന്ന് തലകുലുക്കി യാത്രക്ക് സമ്മതമാണെന്ന മട്ടിൽ സ്റ്റാർട്ടായി.. മറ്റഡോർ 305 പുറമെ കാണാൻ പ്രൌഡി കുറവാണെങ്കിലും അകമേ ഹൃദയം ശുദ്ധമായിരുന്നു.. യാത്ര തുടങ്ങുകയായി. വണ്ടി മുന്നോട്ട് നീങ്ങുമ്പോൾ ഗുരുജി പറഞ്ഞു നമ്മൾ തൃശൂരിലേകാണ് പോകുന്നത് തിരിച്ചെത്താൻ വൈകും. വണ്ടി പോകുന്നത് കൊണ്ടോട്ടി റൂട്ടിൽ ഗുരുജി പറയുന്നത് തൃശൂരിലേക്ക്.. ഞാൻ ഒന്നും മിണ്ടിയില്ല ഇനി തമാശയാണെങ്കിലോ.. വണ്ടി അല്പം മുന്നോട്ട് നീങ്യപ്പോൾ ഗുരുജി ചോദിച്ചു. വീട്ടിൽ പറയണ്ടേ.. അവർ നിന്നെ തിരയില്ലേ. ഗുരുജിയുടെ ആ ചോദ്യത്തിൻ ഇല്ല എന്ന് മറുവടി നൽകി. അപ്പൊ പിന്നെ എന്താ അന്വേഷിക്കാത്തത് എന്നായി അടുത്ത ചോദ്യം. വീട്ടിൽ എത്താൻ വൈകിയാൽ അവർകറിയാം നിങ്ങളുടെ കൂടെയാവും എന്ന്. അത് കൊണ്ട് പ്രശ്നമൊന്നും ഇല്ല. അതിൽ ഗുരുജി സംതൃപ്തനായി. പകലിന്റെ ചിരി മാഞ്ഞു മുഖം കറുത്ത് തുടങ്ങി. ഞങ്ങളുടെ വണ്ടി അടക്കി വെച്ച വാഴക്കുല കൂട്ടത്തിന്റെ അരികിൽ ചേർത്ത് നിർത്തി.. മിനിട്ട്കൾ കൊണ്ട് വണ്ടി ലോഡ് ചെയ്ത് തൃശൂരിലേകുള്ള യാത്ര തുടർന്നു.
ഇതിന് മുമ്പൊരിക്കലും ദൂരയാത്ര പോയിട്ടില്ല ആ സന്തോഷവും ഉള്ളിലുണ്ട്. കൊല മുതലാളിയും ഗുരുജിയും (മുഹമ്മദ് ക) ഓരോ വർത്തമാനങ്ങൾ പറഞ്ഞുകൊണ്ട് യാത്ര തുടരുകയാണ് ഞാൻ ഡോർഅരികിൽ ചേർന്നിരുന്ന് ഓടുന്ന വണ്ടിയെയും സംസാരിക്കുന്ന ഗുരുജിയെയും ശ്രദ്ധിക്കാതെ കാണാകാഴ്ചകൾ കാണാൻ ശ്രദ്ധ മുഴുവൻ പുറത്തെക്ക് ആയിരുന്നു.. കാറ്റിനു അല്പം തണുപ്പുണ്ട്.. ഗുരുജി യാത്രക്ക് കുറച്ച വേഗതകൂട്ടി.. കുറെ ദൂരം പോയി പുറം കാഴ്ച മങ്ങിതുടങ്ങി എന്റെ മുഖത്ത് വന്നടിക്കുന്ന കുളിർ കാറ്റ് എന്റെ കൺപീലികളെ തലോടികൊണ്ടിരുന്നു. വണ്ടിക്ക് ലൈറ്റ് തെളിഞ്ഞു.. കാഴ്ചകൾക്ക് പകലിന്റെ തിളക്കമില്ല.. കുറച്ചുകൂടി മുന്നോട്ട് പോയി ഗുരുജി ഒരു ഡീസൽ പമ്പിന്റെ അടുത്തേക്ക് കൊണ്ട് നിർത്തി ഇറങ്ങി ബില്ലെടുക്കാൻ ഓഫീസിലേക്ക് എന്നെ പറഞ്ഞയച്ചു.. ഡീസലടിച് തൊട്ടടുത്ത തട്ടുകടയിൽ നിന്ന് തൊട്ടാൽ പൊള്ളുന്ന ഓരോ കട്ടനും കുടിച് യാത്ര വീണ്ടും തുടർന്നു. !!
ഏകദേശം എവിടെ എത്തി എന്നൊരു പിടിത്തവും ഇല്ല വണ്ടി പായുകയാണ്..😂 ഗുരുജിയുടെ ചുണ്ടിൽ നിന്ന് നീറുന്ന ബീഡിക്കുറ്റിയിലേക്ക് നോക്കി ഞാൻ ചോദിച്ചു നേരം ഇപ്പൊ എത്രയായി. ഗുരുജി ചുണ്ടിലിരുന്നെരിയുന്ന ബീഡിക്കുറ്റി എടുത്ത് പുറത്തേക്കെറിഞ്ഞു. എന്നിട്ട് പറഞ്ഞു. ഇശാ ബാങ്ക് കൊടുത്തിട്ടുണ്ടാകും. കൃത്യമായി പറയാൻ വാച്ചില്ലായിരുന്നു മൂന്നു പേരുടെ കയ്യിലും. വിജനമായ റോഡിലൂടെയാണ് ഇപ്പോൾ വണ്ടി പോയിക്കൊണ്ടിരിക്കുന്നത്. വണ്ടിയുടെ വേഗത പിന്നെയും കുറഞ് വന്നു. ഗുരുജി അടുത്ത ബീഡിക്ക് തീ കൊളുത്താൻ തീപ്പെട്ടി എടുത്തു പലവട്ടം ഉരസിയപ്പോൾ ഒരുവട്ടം കത്തിയ കൊള്ളി ബീഡിക്ക് തീ പിടിപ്പിച്ചു. പതുക്കെ പോയിരുന്ന വണ്ടി കുതിക്കാൻ തുടങ്ങി.. പ്രക്രതിയെ തഴുകി പുറത്തുനിന്ന് വരുന്ന കാറ്റിന്റെ മൂളലും എഞ്ചിൻ ബോണ്ടിന്റെ വിടവിലൂടെവരുന്ന ചൂട് കാറ്റിന്റെ ശല്യപ്പെടുത്തലും ഗുരുജിയുടെ ബീഡിയുടെ പുകയും ഒരു വല്ലാത്ത സുഖം. യാത്ര ആനന്ദകരം.. അനുഭവിച്ചല്ലേ പറ്റൂ.. തൃശൂർ കാണാനല്ലേ... കൂരിരുട്ടിന്റെ ക്രൂരമായ നോട്ടം ചുറ്റുനിന്നും എന്നെ പേടിപ്പെടുത്തി ഇടവിട്ടുവരുന്ന അണ്ണാച്ചി ലോറിയുടെ ലൈറ്റ് കാണുമ്പോൾ ഗുരുജി വേഗത കുറയ്ക്കും പൊതുവെ ഗുരുജി പതുക്കെ പോക്കിന്റെ ആളാണ്.. അത് കൊണ്ട് ആവാം അധികമൊന്നും അപകട കഥ ഗുരുജി പറഞ്ഞു കേട്ടിട്ടില്ല. നല്ല ക്ഷമാശീലനും അധ്വാനിയും സുമുഖനുമായ ഗുരുജി ചില സമയം വലിയ ദേഷ്യക്കാരനും ആണ്.. ചിരിയാണെങ്കിൽ ഗുരുജിയെ ഒന്നുകൂടി സുന്ദരനാകും.. വണ്ടി കുറച് തിരക്കുള്ള റോട്ടിലൂടെയാണ് ഇപ്പൊ പോയിക്കൊണ്ടിരിക്കുന്നത്. കൊല മുതലാളി തോളിലുള്ള മുണ്ടെടുത്തു തലയിൽ കെട്ടി.. അൽപനേരത്തെ മുന്നോട്ടുള്ള യാത്രയിൽ റോഡരികിൽ ഉടനീളം വാഴക്കുലയുമായി വന്ന വണ്ടികൾ കുറച്ചപുറത്തെ ഒരു കടക്കു മുമ്പിൽ ഗുരുജി വണ്ടി നിർത്തി..
മുതലാളി ഇറങ്ങി ഞാൻ വണ്ടിയിലേക് തന്നെ കേറി ഗുരുജി ഒരു ചിരി എന്നിട്ട് ഒരു ചോദ്യം നീ തൃശൂർ കണ്ടോന്ന്.. അപ്പൊ പള്ള പയ്ച്ചിട്ട് എന്തൊക്കെയോ പറയാൻ തോന്നി. ഗുരുജിയോട് അങ്ങിനെ പറയാൻ കഴിയില്ലല്ലോ.. മിനിറ്റുകൾ കഴിഞ്ഞു മുതലാളിയും തൊഴിലാളികളും വന്നു.. പെട്ടെന്ന് വണ്ടി കാലിയാകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.. ഞാനവിടെ ഒക്കെ ഒന്ന് നടന്നു നോക്കി കുറച്ചപ്പുറത്തെ ഇരുട്ടിന്റെ മറവിലേക്ക് മാറിനിന്നു ചുറ്റും ഒന്ന് കണ്ണോടിച്ചു ആരും വരുന്നില്ല എന്നുറപ്പു വരുത്തി.. ഹൗ... എന്തോരാശ്വാസം ..ഇനി എന്തെങ്കിലും കഴിച്ചാല് കയ്യിലാണെങ്കിൽ അഞ്ചു പൈസയും ഇല്ല എന്തൊക്കെയോ സ്വയം പറഞ്ഞ് തല ചൊറിഞ് ഗുരുജിയോട് അഞ്ചു രൂപ വാങ്ങാൻ തീരുമാനിച്ചു വണ്ടിയുടെ അടുത്തെത്തി. മുതലാളിയും ഗുരുജിയും കാര്യമായ എന്തോ സംഭാഷണത്തിലാണ്. ഞാൻ അല്പം മാറി വണ്ടിയിൽനിന്ന് കുല ഇറക്കുന്ന മല്ലന്മാരെ നോക്കി നിൽക്കെ പിറകിൽ വന്നൊരാൾ തട്ടി ഞാൻ തിരിഞ്ഞു നോക്കി ഒരു കറുത്ത മനുഷ്യൻ ആ വേഷം കണ്ടപ്പോൾ അവിടെ ജോലി ചെയ്യുന്ന ആളാണെന്നു മനസ്സിലായി അയാൾ എവിടുന്ന് വന്നു പേരും വിവരവും എല്ലാം ചോദിച്ചു. ഞാൻ മെല്ലെ ഗുരുജിയുടെ അടുത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ അയാളുടെ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ നിന്ന് രണ്ട് പഴുത്ത പഴം എനിക്ക് നേരെ നീട്ടി ആദ്യം നിരസിച്ചെങ്കിലും പിന്നെ സ്വീകരിച്ചു. വിശപ്പുണ്ടായിരുന്നു ഫ്രീയാണെന്നറിഞ്ഞപ്പോൾ പിന്നൊന്നും ചിന്തിച്ചില്ല. ആ മനുഷ്യൻ പിന്നെ ദൂരെ ഇരുട്ടിലേക്ക് മറയും വരെ ഞാൻ നോക്കിനിന്നു ഞാൻ അതിൽ നിന്നൊരുപഴം തോലുരിച്ചു കഴിക്കാൻ തുടങ്ങുമ്പോൾ ഗുരുജിപിന്നിൽ നിന്നും ചോദിച്ചു.
എന്താ.... എന്തെങ്കിലും കഴിക്കണ്ടേ.. ഗുരുജിയുടെ ആ ചോദ്യത്തിന് വേണ്ടി കാതോർക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ആയി ആവണം. ഞാൻ ഒരു താഴ്മയോടെയാണ് അത് പറഞ്ഞത്. ഇപ്പൊ കഴിയും പോകുന്ന വഴിയിൽ നിർത്തി എന്തെങ്കിലും കഴിച്ചിട്ട് പോവാം.. അപ്പൊ ഒരു പഴം മതി മറ്റേത് പിന്നെ കഴിക്കാം ഞാനത് വണ്ടിയുടെ രണ്ട് സീറ്റിന്റെ ഇടയിലുള്ള മരപ്പെട്ടിയിൽ കൊണ്ട് വെച്ച് ഗുരുജിയോട് ചോദിച്ചു. ഇതാ..... തൃശൂർ.. എന്റെ ചോദ്യം കേട്ട കൊല മുതലാളി അല്ല ഇത് തൃശൂരിന്റെ മാർക്കറ്റ്.. അങ്ങാടിയിൽ ഇപ്പൊ ആരും ഉണ്ടാവൂല. വാ നമുക്കെന്തെങ്കിലും കഴിക്കണം ഇവന്റെ കണ്ണൊക്കെ ചെറുതാകുന്നുണ്ട്.. ഗുരുജിയോടാണ് ചേട്ടൻ പറഞ്ഞത്. അത് ഒന്ന് മുഖം കഴുകിയാൽ ശെരിയാകും. എന്നും പറഞ്ഞ് ഗുരുജി വണ്ടിയിൽ കേറി നീ ഉറങ്ങും എന്ന് പറഞ്ഞ് എന്നെ നടുവിൽ ഇരുത്തി. ഇനി തിരിച്ചുള്ള യാത്രയാണ്. ഞങ്ങളുടെ വണ്ടി തിരിച്ചു അല്പം മുന്നോട്ട് നീങ്ങിയപ്പോൾ കണ്ട തട്ട് കടയുടെ കുറച്ചപ്പുറത് ഞങ്ങളുടെ വണ്ടി നിർത്തി ഞങ്ങൾ ആ പട്രോൾമാക്സ്ന്റെ പ്രകാശം ലക്ഷ്യമാക്കി നടന്നു.. നാല് സ്റ്റൂളും ഒരു ബെഞ്ചും കുറെ ആളുകളും. ചിലരൊക്കെ നിന്നും നടന്നും കഴിക്കുന്നുണ്ട് ഗുരുജി എന്റെ കയ്യിൽ ഒരു കപ്പ് തന്നു ആ ബക്കറ്റിൽ ഉണ്ട് വെള്ളം പോയ് മുഖം ഒന്ന് കഴുകിക്കളെ അതും പറഞ്ഞ് ഗുരുജി ഇട്ട്ലി ഓർഡർ ചെയ്തു ഞാൻ തട്ടുകടയുടെ പരിസരവും ഇരുൾ മൂടിക്കിടക്കുന്ന വിജനതയിൽ നിന്ന് കേൾക്കുന്ന നായകളുടെ ഓരിയിടലുകളും ശ്രദ്ധിക്കുന്നതിനിടെ കയ്യിലുള്ള കപ്പ് മുക്കിയത് വേസ്റ്റ് വെള്ളത്തിന്റെ ബക്കറ്റിലായിരുന്നു . പറ്റിയ അമളി മറ്റാരും കാണ്ടിട്ടില്ലെന്ന് കരുതി ഞാൻ കപ്പവിടെ വെച്ച് അവിടെ നിന്നൊരു സ്റ്റീൽ ക്‌ളാസെടുത്തു.. വീണ്ടും മറ്റൊരു ബക്കറ്റിൽ നിറച്ചുവെച്ച വെള്ളം ഉപയോഗിച്ച് മുഖം കഴുകി വരുമ്പോൾ ഗുരുജി ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ഗുരുജി ആരോടും പറയില്ല എന്നെനിക്കുറപ്പുള്ളത് കൊണ്ട് ഞാൻ ഒരു ചിരിയോടെ അടുത്തിരിക്കാൻ തുനിഞ്ഞപ്പോൾ ഗുരുജി ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ കണ്ടു ഞാനേ...... കണ്ടുള്ളൂ... ഞാൻ ചമ്മി നില്കുന്നത് കണ്ട ഗുരുജി ന്നാ അത് വാങ്ങി കഴിക്ക്... ചേട്ടൻ നീട്ടിയ ഇട്ടിലി പെട്ടെന്ന് വാങ്ങി ചട്ടിണിയിൽ കുത്തി കട്ടൻ ചായയും കൂട്ടി തട്ടി.... അപ്പോഴും സമയം എത്രയായെന്ന് ഒരു അറിവും ഇല്ല ഇനി സമയം അറിഞ്ഞിട്ടെന്തു കാര്യം... കഴിയാനുള്ളതൊക്കെ കഴിഞ്ഞു.. ഇനി ഒന്നുറങ്ങണം... ഈ പാതിരാവിൽ ഇനി എന്ത് കാണാൻ ഞാൻ എന്നോട് തന്നെ പറഞ്ഞ് സങ്കടം തീർത്തു..നടന്നു... നടത്തത്തിനിടെ ചേട്ടനും ഗുരുജിയും ബീഡിക്ക് തീ കൊടുത്തു.. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. ആകാശം ശാന്തമാണ്.. പ്രകൃതി ഉറങ്ങുകയാണോ.എന്ന് തോന്നി എവിടെയും ഒരു മൂകത ഒന്ന് തിരിഞ്ഞു നോക്കി ഇരുട്ടിനു നടുവിൽ തെളിയുന്ന പെട്രോൾ മാക്സിന്റെ വെളിച്ചത്തിൽ തെളിയുന്ന ആ തട്ടുകടയിലെ കഥ ഓർത് ഞാൻ ഉള്ളിൽ ഊറി ചിരിച്ചു.. നിമിഷങ്ങൾ കൊണ്ട് ഞങ്ങൾ നാട്ടിലേക്കുള്ള യാത്ര പുറപ്പെട്ടു... ആ യാത്ര പോലെ ഒരു യാത്ര പിന്നൊരിക്കലും പോയിട്ടില്ല... ഇന്നും ഓർമയിൽ ഓടുന്നു ആ വണ്ടി.... മനസ്സിൽ ഗുരുജിയും... സംഭവിച്ചതെല്ലാം നല്ലതിന്.. ഇനി സംഭവിക്കാനുള്ളതും നല്ലതിനാവട്ടെ...... ശുഭം.....
-----------------------
മുജീബ് കെ സി
No comments:
Post a Comment