Friday, 1 March 2019

മാങ്ങ ഓർമ്മ


മാങ്ങ ഓർമ്മ
 🥭🥭🥭🥭🥭
ഇത്തവണ നാട്ടിലെത്തിയത് മാങ്ങ കാലത്തായിരുന്നു.

 സ്കൂളിൽ മധുരം മലയാളം പരിപാടിയിൽ പങ്കെടുക്കുന്നതിനായി  പണ്ട് സ്കൂളിലേക്ക് പോയിരുന്ന വഴിയിലൂടെ പുറപ്പെട്ടു.

  മലാരത്തെ പഞ്ചാര മാവിൻ്റെ ചുവട്ടിലെത്തിയപ്പൊ തൊട്ടുമുൻപിലായി രണ്ട് പഴുത്ത മാങ്ങ വന്നു വീണു നല്ല മധുരമുള്ള ചെറിയ മാങ്ങ താഴത്തേക്ക് നോക്കിയപ്പൊ അങ്ങിങ്ങായി ഒരു പാട് വീണ് കിടക്കുന്നു.
ഒരു കാലത്ത് ഈ മാങ്ങക്ക് എന്ത് പഞ്ഞമായിരുന്നു 
ഒരു മാങ്ങ കിട്ടാൻ എത്രസമയം കാത്തിരുന്നിട്ടുണ്ട് ഇപ്പൊ ആർക്കും വേണ്ട.

കുറെ കേട് വന്നതും കിളികൾ തിന്നതുമായമാങ്ങകൾ കിടക്കുന്നു.
ഇവ എല്ലാം പെറുക്കി തിന്നിരുന്നില്ലേ....
എത്ര കണ്ണിമാങ്ങകൾ എറിഞ്ഞു വീഴ്ത്തിയിരുന്നു...

പിന്നെ മാവിലേക്ക് നോക്കി. മാവ് ഇപ്പഴും പഴയ പോലെ തന്നെ നിൽക്കുന്നു.
 പരിചയമുള്ളതുപോലെ  ചില്ലകൾ ഒന്ന്  ഇളകി അഞ്ചാറ് മാങ്ങകൾ വീണ്ടും വീണു, എല്ലാം പെറുക്കി എടുത്തു.

 മാവിൻ ചുവട് നിറയേ കാട് കേറി കിടക്കുകയാണ്‌ അതിനടുത്തായ വേറെ വലിയ  ഒരു മാവ് കൂടിയുണ്ട്, അതിൻ്റെ പേര് തന്നെ പുളിക്കത്തേരൻ എന്നാണ്.

അതിലെ പച്ച മാങ്ങ നല്ല പുളിയായിരിക്കും
 പഴുത്താൽ നല്ല മധുരമുള്ളതാണ്..

 ചെറുപ്പത്തിൽ ഈ രണ്ട് മാവിൻ ചുവട്ടിൽ നിന്നും പോവാറില്ലായിരുന്നു.

 ഉമ്മ പറയും കുറ്റി കാട്ടില് തണുപ്പ് കൊള്ളാൻ പാംബ് വന്ന് കിടക്കുന്നുണ്ടാവും അൻ്റെ മാങ്ങ പെറുക്കല് ഇങ്ങട്ട് പോരെ എന്ന്.

അത് ശ്രദ്ധിച്ച് കൊണ്ട് വീണു കിടക്കുന്ന മാങ്ങപെറുക്കി  പൊടിയണി ഇലയിൽ പൊതിഞ്ഞ് മുൾചെടിക്കുള്ളിൽ വച്ചു.

പണ്ട് സ്കൂളിൽ പോവുംബോ മാങ്ങ കടിച്ച് ഒാടി കയറിയിരുന്ന കാര പറംബിലേ കയറ്റം പതുക്കെ കയറി മുകളിലെത്തിയപ്പോഴേക്കും കിതച്ചു
മാങ്ങ വീഴുന്നത്  കാത്തിരുന്ന കല്ലിൽ ഇരുന്നു.

 അന്ന്
ഒാടി കയറിയിരുന്ന മലാരം ഇപ്പൊ കാണുംബോ പേടി തോന്നുന്നു...

സ്കൂളിൽ പോയിരുന്ന കാലത്ത്
 വഴിയിൽ നിറയെ കായ്ച്ച് നിൽകുന്ന മാവുകളും പറങ്കി മാവുകളുമായിരുന്നു.....

 രാവിലെ മദ്രസയിലേക്ക് പോവുംബോ മാവിൻ ചുവട്ടിൽ വീണ് കിടക്കുന്ന മാങ്ങ പെറുക്കി കുറ്റി കാട്ടിൽ ഒളിപ്പിച്ച് വെക്കും....
പിന്നെ ക്ലാസിലിരിക്കുംബോൾ ശ്രദ്ധമുഴുവൻ ആ മാങ്ങയിലായിരിക്കും....
ഉസ്ഥാദ് പഠിപ്പിക്കുന്നതും എഴുതി കൊണ്ടു വരാൻ പറഞ്ഞതും ഒന്നും  കേട്ടിട്ടുണ്ടാവില്ല...

അടുത്ത ദിവസം നല്ല തല്ലും കിട്ടും...

സ്കൂള് വിട്ടാൽ ജയഹേ......എന്ന് പറയുംബോഴേക്ക് രണ്ട് ചാട്ടത്തിന്ന് റോഡിലെത്തും പിന്നെ ഒാട്ടമായി... വഴിയിലുള്ള എല്ലാ മാവിൻ ചുവട്ടിലും വീണ് കിടക്കുന്ന മാങ്ങ മറ്റുള്ളവർ വരുന്നതിന് മുൻപെ പെറുക്കണം എന്നിട്ട് തുണിയുടെ മടിക്കുത്തിലിട്ടാണ് വീട്ടിലെത്തുക.... തുണി നിറയെ മാങ്ങാ കറയും ഉണ്ടാവും....

ൻ്റെ കുട്ടൃാ ഈ കറ തിരുംബൃാ പോവോ ഉമ്മ പറയും

മാങ്ങക്കുള്ള ഒാട്ടത്തിൽ എത്രയോ വട്ടം കാര പറംബിലെ ചെരലിൽ വീണ് കാലിൻ്റേ നഖം പോവലും കാൽമുട്ട് പൊട്ടലും പതിവായിരുന്നു.....

മാങ്ങാ കാലങ്ങളിൽ മിക്ക കുട്ടികളുടെയും 
 ചുണ്ടുകളിൽ പച്ച മാങ്ങയുടേ ഞെട്ടിയിൽ നിന്നുള്ള കറ പൊള്ളിയ പോലെ മുറിവും ഉണ്ടായിരുന്നു...

കിതപ്പ് മാറി സ്കൂളിലേക്ക് നടന്നു ചുറ്റു പാടും ഒന്ന് നിരീക്ഷിച്ചു....
പണ്ട് കോമാങ്ങ ഉണ്ടായിരുന്ന കാര പറംബിലെ കോവോച്ചി ഇല്ല.

അതിനടുത്തായി വലിയ മധുരമുള്ള നേന്ത്രപുവൻമാങ്ങയുണ്ടായിരുന്ന മാവിൻ്റെ സ്ഥാനത്ത് ഒരു വീട്...
വൈകോലൂച്ചി മറ്റൊരുവീടിൻ്റെ മറവ് കൊണ്ട് കാണുന്നില്ല.
 ഒളര് മാങ്ങ ഉണ്ടായിരുന്ന ബാവുട്ടൻ്റെ വീട്ടിലെ മൂച്ചിയും ഇല്ല.
അങ്ങിനെ
 പണിക്കരെ ഇടവഴിയിലെത്തി പണിക്കരെ തൊടുവിലേക്ക് എത്തി നോക്കി അവിടെയും വീടിൻ്റെ മറവ് കൊണ്ട് അവിടെ ഉണ്ടായിരുന്ന വലിയ മാവ് കാണുന്നില്ല.

കുറച്ച് മുന്നോട്ട് നടന്നു.... 
മത്തൻ മാങ്ങ ഉണ്ടായിരുന്ന മുറ്റം നിറയെ പടർന്ന് പന്തലിച്ച് നിന്നിരുന്ന വലിയ മാവുണ്ടായിരുന്നു...

എന്ത് രസമായിരുന്നു ആ മാങ്ങക്ക് സ്കൂൾ വിട്ട് വരുംബോ അതിൻ്റെ ചുവട്ടിലൂടെ  വന്നാൽ അവിടുത്തെ ഉമ്മ മാങ്ങ എടുത്തു തരും 
ആ മാവും കാണുന്നില്ല.

 മുന്നോട്ട് നടക്കവെ ആ ഉമ്മ അടുത്ത വീട്ടിൽ നിന്നും വരുന്നു. വഴിയിൽ  നിൽക്കുന്ന എന്നെ നോക്കി. എന്നെ അറിയോ ഞാൻ ചോദിച്ചു... അവർ ഒന്ന് കൂടി നോക്കി.
ഞാൻ പരിചയപ്പെടുത്തി..
സുഖ വിവരങ്ങൾ അനൃേഷിച്ചു... ഇവടത്തെ ആ വലിയ മൂച്ചി എന്തൃേ..... ഞാൻ ചോദിച്ചു......
ആ അത് ൻ്റെ മോൻ മുറിച്ചു... വലിയ സംഘടത്തോടെ അവർ പറഞ്ഞു 

ആ മാവ് നല്ല തണൽ തന്നിരുന്നു ഇപ്പൊ ഇപടെ ഭയങ്കര ചൂടാണ് എന്നും അവർ പറഞ്ഞു....  

സ്കൂളിലെത്തി.
അപ്പോഴേക്കും പരിപാടികൾ തുടങ്ങിയിരുന്നു. 

തിരിച്ചു വരുംബോ നേരത്തേ പെറുക്കി വച്ച മാങ്ങ തിന്നു കൊണ്ടാണ് വീട്ടിലെത്തിയത്

മായം ചേർക്കാത്ത നല്ല മധുരമുള്ള മാങ്ങയുടെ സ്വാദ് കൊണ്ട് മാങ്ങയുട നീര് ഒലിച്ച് തുണിയിലും ഷർട്ടിലും ഒക്കെ ആയിട്ടുണ്ട്.

ഇതു കണ്ട ഭാരൃ '''''എത്താങ്ങള് കുട്ടൃാേളെ മാതിരി മാങ്ങമുഴുവനും തുണീലും അത് തിരുംബിയാ പോവോ....
പണ്ട് ഉമ്മ ചോദിച്ച അതേചോദൃം.
➖➖➖➖➖➖➖
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:

Post a Comment