ഇണ്ണീൻകാക്ക: ഓർമ്മയിലെ ചൂട്ടു വെളിച്ചങ്ങൾ
-------------------------------------------------------
പോക്കുവരവുകളുടെ കാലടയാളങ്ങളിൽ നിന്നാവും ഇടവഴികളുണ്ടായത്. ഒരു പാട് ഇടവഴികൾ നിറഞ്ഞൊരു പ്രദേശമായിരുന്നു നമ്മുടെ നാട്. പാടത്തേക്ക് നീണ്ടിറങ്ങുന്ന ഈ വഴികളോരോന്നും നാടിന്റെ കാർഷിക ജീവിതത്തിന്റെ ഭാഗം കൂടിയായിരുന്നു. എന്റെ ബാല്യത്തിന്റെ ഓർമ്മകളിലിപ്പോഴും ഒരു കുണ്ടനിടവഴി നീണ്ടു നിവർന്ന് കിടക്കുന്നുണ്ട്. വീടിന്റെ പൂമുഖത്തിരുന്നാൽ അതു വഴി പോവുന്നവരെയെല്ലാം വ്യക്തമായി കാണാം. അക്കരെ ഭാഗത്തുള്ളവരുമായി ഇപ്പോഴത്തതിനേക്കാൾ അടുപ്പവും സമ്പർക്കവും അന്ന് നമുക്കുണ്ടായിരുന്നു. ഈ വഴിയോരങ്ങളിൽ നിഷ്കളങ്കമായ നാട്ടു സൗഹൃദങ്ങൾ പൂത്ത് നിന്നിരുന്നു. മലാരം കയറി വന്ന ആ വഴിപോക്കരുടെ മിണ്ടിപ്പറച്ചിലുകളിൽ നിന്നാണ് പല ജീവിതങ്ങളെയും അടുത്തറിഞ്ഞത്. അവരിൽ കർഷകരും കച്ചവടക്കാരും സ്കൂൾ കുട്ടികളും വഴിവാണിഭക്കാരുമുണ്ടായിരുന്നു.
രാത്രി കാലങ്ങളിൽ മിന്നി പോവുന്ന ചൂട്ടു വെളിച്ചങ്ങൾ കാണാം. ആ നടത്തത്തിന്റെ രീതി കണ്ടാൽ തന്നെ ആളെ തിരിച്ചറിയാനാവും. അത്രക്കും പരിചിതമായിരുന്നു ഈ വഴികളും വഴിപോക്കരും.
ഇങ്ങനെയൊരു ചൂട്ടു വെളിച്ചത്തിലാണ് ഇണ്ണീൻ കാക്കയെ ആദ്യമായി കാണുന്നത്. എന്റെ വീടിന്റെ നേരക്കരെയായിരുന്നു അവരുടെ വീട്. അക്കരയും ഇക്കരയും ഒരു പോലെ സമ്പർക്കം പുലർത്തിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. വളരെ അടുത്ത ചില ബന്ധുക്കൾ അവർക്ക് ഇവിടെ ഉണ്ട്.. അദ്ദേഹത്തിന്റെ ഉപ്പയുമായും എന്റെ വീടിന് നല്ല അടുപ്പമുണ്ടായിരുന്നു. അത് തറവാട് വീടുകൾ തമ്മിലുള്ള അയൽപക്കത്തിൽ നിന്നും തുടങ്ങിയതാണ്.
ഇണ്ണീൻ കാക്ക ഒരു ഹോട്ടൽ വ്യാപാരിയായി പറമ്പ് കയറി വന്നതോടെ അദ്ദേഹവുമായി കൂടുതൽ അടുത്തിടപഴകാനായത്.ഏറെ ജനകീയമായിരുന്ന കുട്ട്യാലി കാക്കാന്റെ ഹോട്ടലിന്റെ പിന്തുടർച്ചയായിരുന്നു ഇണ്ണീൻ കാക്കാന്റേത്. കുട്ട്യാലി കാക്കയെ പോലെ തന്നെ സ്വന്തം കുടുംബാംഗങ്ങളെ ഇണ്ണീൻ കാക്കയും ഹോട്ടൽ വ്യാപാരത്തിന്റെ ഭാഗമാക്കി മാറ്റി. കൃത്രിമങ്ങളില്ലാത്ത തനി നാടൻ വിഭവങ്ങളായിരുന്നു ഈ ഹോട്ടലിന്റെ വ്യതിരക്തത. നമ്മുടെ പ്രദേശവുമായി അദേഹം കുറഞ്ഞ കാലം കൊണ്ട് തന്നെ അടുത്തിടപഴകി.
ഏത് പ്രായത്തിലുമുള്ള ആളുകളുമായും സൗഹൃദം പുലർത്തി. കുടുംബത്തോടൊപ്പം ഹോട്ടൽ തുറക്കാൻ പോവുന്നതും രാത്രി ഏറെ വൈകി കടയടച്ച് ചൂട്ട് മിന്നി തിരിച്ച് പോവുന്നതും ആദ്യകാലങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. ഈ പോക്ക് വരവിന്റെ അസൗകര്യം തന്നെയാവും അദ്ദേഹത്തെ കുടുംബത്തോടൊപ്പം ഇവിടെ തന്നെ സ്ഥിരതാമസമാക്കാൻ പ്രേരിപ്പിച്ചതും. പിന്നീട് അദേഹത്തിന്റെ എല്ലാമെല്ലാം ഈ ഹോട്ടൽ തന്നെയായിരുന്നു. തൊഴിലാളികളും, സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരുമെല്ലാം ഒരു പോലെ ആശ്രയിച്ച ഈ ഹോട്ടൽ നല്ല നിലയിൽ തന്നെ വർഷങ്ങളോളം അദ്ദേഹത്തിന് നടത്തിക്കൊണ്ട് പോവാൻ സാധിച്ചു. ആസ്വദിച്ച് ഭക്ഷണം കഴിക്കാവുന്ന ഗൃഹാന്തരീക്ഷമായിരുന്നു ഈ ഹോട്ടലിന്. ചായ മക്കാനികൾ നാടിന്റെ പരിച്ഛേദമായി മാറിയ ഒരു കാലമുണ്ടായിരുന്നു. നാട്ടുവിശേഷങ്ങൾ പങ്ക് വെച്ചും ചായ മധുരങ്ങൾ പങ്കിട്ടുമാണ് അത്തരം സ്ഥാപനങ്ങൾ നിലനിന്നുപോന്നത്. ആ കണ്ണിയിലെ അവസാനത്തെ സംരംഭമായിരുന്നു ഇണ്ണീൻ കാക്കാന്റെ ന്യൂ കേരള ഹോട്ടൽ.
ഏറെ നിഷ്കളങ്കമായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. ആരെയും വെറുക്കാനറിയാത്ത മനുഷ്യൻ.. മധുരമൂറിയ വിഭവങ്ങൾ കൊണ്ടും
നല്ല വാക്കുകൾ പറഞ്ഞുമാണ് അദ്ദേഹം നമുക്കിടയിൽ ചെലവഴിച്ചത്. തന്റെ ആരോഗ്യം അനുവദിക്കും വരെ അത്യധ്വാനം ചെയ്താണ് അവർ കുടുംബത്തെ പോറ്റിയത്. രോഗം കാരണം തീരെ വയ്യാതായപ്പോൾ മാത്രമാണ് ആ ഹോട്ടലിന്റെ വാതിലുകൾ അടഞ്ഞുകിടന്നത്. കുറച്ച് കാലം രോഗിയായി കിടന്നു. മാരക രോഗമാണെന്നറിഞ്ഞിട്ടും മാനസികമായി അദ്ദേഹം തളർന്ന് പോയിരുന്നില്ല. പെൺമക്കളെയെല്ലാം നല്ല രീതിയിൽ കെട്ടിച്ച് അയക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പലപ്പോഴും പങ്ക് വെക്കാറുണ്ടായിരുന്നു. വയലോരത്ത് പണി പൂർത്തിയായി വരുന്ന വീടിനെ കുറിച്ചും കണ്ടപ്പോഴെല്ലാം പറഞ്ഞ് കൊണ്ടിരുന്നു.
മരിക്കുന്നതിന്റെ രണ്ട് ആഴ്ച മുമ്പ് പോയപ്പോഴും ആ സ്വപ്നഭവനം പൂർത്തിയാവുന്നതിന്റെ സന്തോഷം ആ മുഖത്ത് കണ്ടു. ശയ്യാവലംഭിയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വേർപാട് ഇത്ര പെട്ടൊന്ന് ഉണ്ടാകുമെന്ന് കരുതിയില്ല. മനസ്സിന്റെ നൻമ കൊണ്ടും ഉള്ള് തുറന്ന വർത്തമാനങ്ങൾ പറഞ്ഞും ഈ നാടുമായി അടുത്തിടപഴകിയ ഇണ്ണീൻ കാക്കയുടെ വേർപാടോടെ തലമുറകളെ ചേർത്ത് നിറുത്തിയ ഒരു കണ്ണിയാണ് നമുക്ക് നഷ്ടമായത്.
അദ്ദേഹത്തിന്റെ പരലോക ജീവിതത്തിന്റെ നൻമക്കായി പ്രാർത്ഥനകൾ നേരുന്നു.
------------------------
സത്താർ കുറ്റൂർ
പ്രിയപ്പെട്ട മർഹും ഉണ്ണീൻകാക്കയെ പലരും അനുസ്മരിച്ചത് കണ്ടു
സാധാരണ കൂട്ടിലെ പരിപാടികൾ ആസ്വദിക്കാറേ ഉള്ളൂ. ഇടപെടൽ കുറവാണ്...
എന്നാൽ ഉണ്ണീൻ കാക്കയെ അനുസ്മരിക്കുമ്പോൾ നിർവികാരമായി നോക്കി നിൽക്കാൻ കഴിയില്ല.
കുറ്റൂരിലെ ദീർഘമായ സേവന കാലത്ത് ഏറ്റവും കൂടുതൽ അടുത്തിടപഴകിയവരിൽ പെട്ട ഒരു വെക്തിത്വമാണദ്ദേഹം
എന്റെ ഒരു കുടുംബവീടുപോലെയാണ് എനിക്ക് അനുഭവപ്പെട്ടിരുന്നത്
പരസ്പര സ്നേഹ വർത്തമാനങ്ങളും തർക്കങ്ങളും തമാശകളും പങ്കുവെച്ചു
ദിവസം രണ്ടു നേരമെങ്കിലും അദ്ദേഹത്തിന്റെ ഹോട്ടലിൽ പോകാതിരിക്കില്ല - നമ്മുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് പോലെയാണ് അനുഭവപ്പെട്ടിരുന്നത്.
പല രാത്രികളിലും വളരെ വൈകിയും എന്നെ കാത്ത് ഇരിക്കുമായിരുന്നു
സാധാരണ രാത്രി ഭക്ഷണം അദ്ദേഹം തെയ്യാറാക്കലില്ല. എന്നാൽ ഞങ്ങൾ (അൽഹുദ യിലെ ഉസ്താദുമാർ)ക്ക് വേണ്ടി പല ദിവസവും രാത്രി ഭക്ഷണം തെയ്യാറാക്കലുണ്ട്. വ്യാഴാഴ്ചകളിലൊക്കെ ഞാൻ മമ്പുറം സ്വലാതും കഴിഞ്ഞ് വളരെ വൈകി വന്നാലും എനിക്ക് ഭക്ഷണം നൽകിയിരുന്നു. സ്വന്തം മകനെപ്പോലെ കണ്ട് എന്ത് കാര്യവും തുറന്ന് പറയുമായിരുന്നു
കളങ്കമെന്തന്നറിയാത്ത പച്ചമനുഷ്യനായിരുന്നു അദ്ദേഹം. ഒരു പാട് ജീവിത പ്രയാസങ്ങൾക്കിടയിലും എല്ലാ സങ്കടങ്ങളും മനസ്സിലൊതുക്കി പുറമേ പുഞ്ചിരിച്ച് നമ്മെ അത്ഭുതപ്പെടുത്തി അദ്ദേഹം തികഞ്ഞവിശ്വാസിയായ അദ്ദേഹം തന്റെ പരാതീനധകൾ പറഞ്ഞു ആരുടെ മുമ്പിലും ചെറുതായില്ല. ഉള്ളതിൽ തൃപ്തിപ്പെട്ട് വിധിയെ പഴിക്കാതെ അന്തസ്സായി ജീവിച്ചു.
ഹോട്ടലിൽ പാചകവും വിതരണവും വൃത്തിയാക്കലും വെള്ളവും, വെറകും കൊണ്ട് വരലും എല്ലാം അധികവും അദ്ദേഹം തന്നെയാവും. എന്നാലും വൈകുന്നേരങ്ങളിൽ ശാന്തനായി പള്ളിയിൽ വരാനും നാട്ടിലെ കല്യാണങ്ങളിലും മരണവീടുകളിലും എത്തിപ്പെടാനും സമയം കണ്ടെത്തി.
മത വിജ്ഞാന സദസ്സുകളും പ്രാർത്ഥനാ സദസ്സുകളിലും അദ്ദേഹം വളരെ താൽപര്യത്തോടെ പങ്കെടുത്തു.
വഴി പോക്ക രായ പലർക്കും ആശ്വാസവും വിശ്രമകേന്ദ്രവുമായിരുന്നു ന്യൂ കേരള കാലമെത്ര കഴിഞ്ഞാലും കുറ്റൂർ പ്രദേശം ഉണ്ണീൻകാക്കയെ ഓർക്കും
പകയും വിദ്വേശവുമില്ലാതെ സ്നേഹത്തോടെ പെരുമാറിയ ഉണ്ണീൻകാക്കയോട് കാരുണ്യവാനായ അല്ലാഹു അവന്റെ ദയയും കരുണയും നൽകി അനുഗ്രഹിക്കട്ടെ
ജീവിതത്തിൽ ലഭിക്കാതെ പോയ സുഖ സൗകര്യങ്ങൾക്ക് പകരം നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
അവരെയും നമ്മെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെآمين
---------------------------
അൻവർ റശീദ് ബാഖവി
ഉണ്ണീൻ കാക്ക - എളിമ ജീവിതത്തിന്റെ ഉത്തമ മാതൃക
~~~~~~~~~~~~
നമ്മളൊക്കെ മിക്കവാറും എളിമയോടെ ജീവിക്കുന്നവർ തന്നെയാണ്. പക്ഷേ, എത്രത്തോളം? നാം കൂട്ടുകാരോട് എളിമയോടെ പെരുമാറുന്നെങ്കിലും വീട്ടുകാരോട് അത്ര തന്നെ ഉണ്ടാവില്ല. സംസാരത്തിൽ മാന്യന്മാരാണെങ്കിലും പ്രവൃത്തിയിൽ അത്രത്തോളം കാണണമെന്നില്ല. എന്നാൽ നടത്തത്തിലും പെരുമാറ്റത്തിലും വീട്ടിലും നാട്ടിലും സംസാരത്തിലും വരെ എളിമ കാഴ്ചവെച്ച് നമുക്കെല്ലാം മാതൃകയായി ജീവിച്ച ഒരു പച്ച മനുഷ്യനായിരുന്നു ഉണ്ണീൻ കാക്ക. നാട്ടു സൗഹൃദങ്ങളുടെ കേന്ദ്രമായിരുന്ന ചായക്കടകളിൽ കുറ്റൂരിലെ അവസാന കണ്ണിയായിരുന്നു അദ്ദേഹത്തിന്റെ ഹോട്ടൽ. സുബ്ഹിക്ക് ശേഷം സജീവമാകുന്ന കടയിലേക്ക് കുറ്റൂര് അങ്ങാടിയിൽ നിന്നു വരെ രാവിലെ കാരണവന്മാരടക്കം ഒട്ടേറെ പേർ എത്തിയിരുന്നു. അലമാരിയിൽ നിറച്ചു വെച്ച ബന്നും നുറുക്കും ബിസ്കറ്റും ഈസികുക്കിൽ തിളപ്പിച്ച ചായയും ആ നീണ്ടു ശോഷിച്ച കൈവിരലുകളിൽ നിന്ന് പകരുമ്പോഴും വളരെ പതിഞ്ഞ സ്വരത്തിൽ അദ്ദേഹം നാട്ടുവർത്തമാനങ്ങളിൽ പങ്കുകൊണ്ടു.
ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകും മുമ്പ് അദ്ദേഹം വിട പറഞ്ഞു. മൂത്ത മകന്റെ അസുഖവും അദ്ദേഹത്തെ വളരെ അസ്വസ്ഥനാക്കിയിരുന്നു. അസുഖം വന്നു കിടപ്പിലാക്കുന്നത് വരെ ചെറുതെങ്കിലും ഒരു ഏർപ്പാട് കൊണ്ടു നടക്കാൻ അദ്ദേഹത്തിനായി. ഭൂമിയെ പോലും നോവിക്കാതെ എളിമയോടെ നടന്നു ആരോടും പരിഭവം പറയാതെ കഴിഞ്ഞ് ലളിത ജീവിതത്തിന്റെ മഹനീയ മാതൃക കാണിച്ചു തന്ന് നമുക്ക് മുമ്പേ നടന്നു പോയ ഉണ്ണീൻ കാക്കയുടെ ബർസഖീ ജീവിതം സ്വർഗ്ഗീയമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.آمين
---------------------------
മുഹമ്മദ് കുട്ടി അരീക്കൻ
ജീവിതം സമ്പന്നമാകാൻ ജനനം ശ്രേഷ്ഠമാകണമെന്നില്ല.
ജനിച്ച ഇടം പുൽകൂടാകാം മണിമാളികയാവാം ജന്മസ്ഥലത്തിന്റെ മാഹാത്മ്യം ആരെയും സവിശേഷ പ്രതിഭകൾ ആകിയിട്ടില്ല. എവിടെ ജനിച്ചു എന്നതിനേക്കാൾ എന്തിനു വേണ്ടി ജനിച്ചു എന്നതാണ് പ്രസക്തം. സ്വന്തം
ചെയ്തികളാണു ജന്മതത്ത സാധൂകരിക്കുന്നത്.
ഉണ്ണീൻ കാക്ക പരിചയമില്ല സത്താർ കുറ്റൂരിന്റെ ഈ എഴുത്തിലൂടെ അറിഞ്ഞു. ശുദ്ധ ഹൃദയത്തിന്റെ അടയാളപ്പെടുത്തലുകൾ നടത്തി വിട പറഞ്ഞ അദ്ദേഹത്തിന് നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.آمين
--------------------------
ഷറഫു കണ്ണഞ്ചിറ
No comments:
Post a Comment