കൊളപ്പുറം - കൊണ്ടോട്ടി സ്റ്റേറ്റ് ഹൈവേയുടെ അരികുപറ്റി ഒരു ഏക്കറയോളം വിശാലമായി കിടക്കുന്ന പറമ്പിൽ ചെറിയ രണ്ടു വീടുകൾ. പൊന്തക്കാടുകൾക്കിടയിൽ അങ്ങിങ്ങായി പൊന്തി നിൽക്കുന്ന ഏതാനും പാറക്കൂട്ടങ്ങൾ. അതിരിന്റെ മൂലയിൽ രണ്ട് വലിയ മുളങ്കൂട്ടങ്ങൾ. ബാക്കിയായ ചരിത്ര ശേഷിപ്പു പോലെ ഒരു നാലുമൂല കിണർ.
ബാക്കിയുള്ള ഭൂമിയിൽ പൂള ചേമ്പ് മഞ്ഞൾ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നു. തെങ്ങും പ്ലാവും മാവും വേണ്ടുവോളം. കോമാങ്ങയും, നാടൻ മാങ്ങയും, പുളിച്ചിയും തുടങ്ങി എത്രയെത്ര പേരുകളിലാണ് അവ വളർന്ന് തണലേകി നിന്നിരുന്നത്. അതിർവരമ്പുകളൊ വേലിക്കെട്ടുകളൊ തടസ്സം നിൽക്കാത്ത നടവഴികൾ. ഇതായിരുന്നു എന്റെ കുട്ടിക്കാലത്തെ വീട്ടുപരിസരത്തിന്റെ ഏകദേശ ഓർമ്മച്ചിത്രം.
ഉറവു വറ്റാത്ത മധുരോർമകളാണ് ഓരോ മാമ്പഴക്കാലവും നമുക്ക് സമ്മാനിക്കുക ഫെബ്രുവരി മാസത്തോടെ പൂത്തുലഞ്ഞു തുടങ്ങുന്ന മാവുകൾ കൊല്ലപ്പരീക്ഷ കഴിഞ്ഞ് സ്കൂൾ പൂട്ടുന്നതോടെ നിറയെ മാങ്ങയുമായി തന്നെ തേടിയെത്തുന്ന കുട്ടികളെ കാത്തിരിപ്പുണ്ടാകും.
പിന്നെ ഓരോ പുലരിയും തുടങ്ങുന്നത് മാവിൻ ചുവട്ടിലായിരിക്കും അന്തിമയങ്ങിയിട്ടെ അവിടെ നിന്ന് മടങ്ങൂ. മാവിൻ ചുവട് കേന്ദ്രീകരിച്ചാണ് ഓരോ കളികളും രൂപപ്പെടുക. ഇന്നതെല്ലാം ഗ്രഹാതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമായി.
ഓലമേഞ്ഞ അടുക്കളയോട് ചേർന്ന് മുറ്റത്ത് ഒരു ചക്കരമാവും റോഡ് വക്കിന് ഒരു പഞ്ചാരമാവും ഞങ്ങൾക്കുണ്ടായിരുന്നു. ദാരിദ്രത്തിന്റെ നെരിപ്പോടിൽ പുതുക്കി മേയാൻ കഴിയാതെ ഉണങ്ങി നുരുമ്പിയ ഓലകൾക്കിടയിലൂടെ നല്ല പഴുത്ത മാങ്ങകൾ അടുക്കളയിലേക്ക് വീഴൽ പതിവായിരുന്നു. വർഷക്കാലത്ത് പെയ്യുന്ന ഓരോ മഴത്തുള്ളിയും ചോർന്നിറങ്ങുന്നതും ഇതിലൂടെയായിരുന്നു. അന്ന് അടുക്കളയും മുറ്റവും തമ്മിൽ വലിയ വ്യത്യാസമൊന്നും ഉണ്ടാവാറില്ല. വീട് വികസിപ്പിക്കാൻ ചക്കരമാവിനെ വെട്ടിമാറ്റി. ഈയടുത്ത കാലത്ത് പഞ്ചാരമാവിനെയും അവസാനിപ്പിച്ചു. നിയന്ത്രണങ്ങളില്ലാതെ കിടന്നിരുന്ന തറവാട് ഭൂമി ഓരോരുത്തർക്കുമായി വീതം വെച്ചതോടെ മാവുകൾക്കും പ്ലാവുകൾക്കുമൊക്കെ അവകാശികളായി.
ഓരോ വീടുകൾ പുതുതായി വരുമ്പോഴും ഇഷ്ടത്തോടെ നോക്കിക്കണ്ടിരുന്ന ഓരോ മാവുകളും മുറിച്ച് മാറ്റപ്പെട്ടു കൊണ്ടേയിരിക്കുന്നു.
അപ്പോഴും ആ പഴയ സിനിമാ ഗാനം അന്തരീക്ഷത്തിൽ ഈണമിടുന്നുണ്ട്.
ഓർമ്മകൾ ഓടിയൊളിക്കുവാനെത്തുന്ന മുറ്റത്തെ ചക്കരമാവിൻചുവട്ടിൽ...
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ.
-----------------------------------
ഫൈസൽ മാലിക്ക് വി.എൻ
No comments:
Post a Comment