കടമ
🌹🌹🌹🌹
ഒരു യാത്രക്കായി കാറിൽ കയറാൻ മുറ്റത്തേക്കിറങ്ങുകയായിരുന്നു നിയാസ്. അപ്പോഴതാ ഗേറ്റ് കടന്ന് മൂത്താപ്പാന്റെ മകൻ അബു കാക്ക വരുന്നു. പണം കടം ചോദിക്കാനാകും. രണ്ട് മാസം മുമ്പ് വാങ്ങിയ രണ്ടായിരം മടക്കി തന്നിട്ടില്ല.
'അസ്സലാമു അലൈകും രാവിലെ തന്നെ എങ്ങോട്ടാ. പിന്നെ, ചെറിയാനെ നാളെ മെഡി.കോളേജിൽ കാണിക്കണം നീ ഉണ്ടെങ്കിൽ ഒരു മൂവായിരം തരണം. പഴേതും കൂടി ഉടനെ മടക്കി തരാ..."
രാവിലെ തന്നെ വല്യ ശല്യമായല്ലോ എന്ന് കരുതി കുറച്ച് ദേഷ്യത്തോടെ നിയാസിന്റെ മറുപടി:
"ഞാനൊരു വഴിക്കിറങ്ങിയതാ.. ഇപ്പോ ഒന്നുമില്ല, പഴയത് പിന്നെ തന്നാ മതി". മറുപടിക്ക് കാക്കാതെ അവൻ സ്പീഡിൽ കാറെടുത്തു പോയി .
വടകരക്കടുത്ത് കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ മോളെ കല്യാണത്തിനാണ് പോകുന്നത്. വഴിയിൽ നിന്ന് റഷീദും മനോജും കേറാനുണ്ട്. എല്ലാരും റിയാദിൽ ഒരുമിച്ചാണ്.
കേറിയ ഉടനെ മനോജ് സംസാരം തുടങ്ങി. രാഷ്ട്രീയവും സാമൂഹ്യവും മറ്റുമായി മാനത്തിന്റെ ചോട്ടിലുള്ളതൊക്കെ അവന് വിഷയമാണ്. 'പറഞ്ഞ് പറഞ്ഞ് നാട്ടിലെ അവസ്ഥകളും പറഞ്ഞു 'തുടങ്ങി. "പാവങ്ങൾ ഇപ്പോഴും പാവങ്ങൾ തന്നെ.
എന്നാലും നിങ്ങടെ ആളുകൾക്ക് ബുദ്ധിമുട്ടില്ല. കഷ്ടപ്പെടുന്നോരെ സഹായിക്കാൻ നിങ്ങളെ കഴിഞ്ഞിട്ടേയുള്ളൂ. ഞങ്ങടെ ആൾക്കാരെ കാര്യം പറയണ്ട. സ്വന്തം 'കാര്യം മാത്രം."
മനോജിന്റെ സംസാരം നിയാസിന്റെ മനസ്സിൽ തറച്ചു. രാവിലെ അബു കാക്ക പണം കടം 'ചോദിച്ചതും കൊടുക്കാതെ ദേഷ്യപ്പെട്ടു പോന്നതും മനസ്സിലെന്തോ ഒരു നീറ്റലായി അവന് തോന്നി. അബു കാക്ക ഗൾഫിൽ പോയിട്ട് പച്ച പിടിക്കാതെ തിരിച്ച് പോന്നതാണ്. ഇപ്പോൾ 'നാട്ടിൽ ചായക്കട നടത്തുന്നു. ഛെ! കൊടുക്കാമായിരുന്നു.
"പണ്ട് തിരുനബി സംഭാവന ചോദിച്ചപ്പോൾ ഖലീഫ അബൂബകർ സമ്പാദ്യം മുഴുവനും കൊടുത്ത ചരിത്രം നാലാം തരത്തിൽ പഠിച്ചിട്ടുണ്ട്. ആ പാരമ്പര്യമല്ലേ നിങ്ങൾക്ക്. പാവങ്ങളെ സഹായിക്കൽ ഒരു നിർബന്ധ കടമയാണല്ലോ മതത്തിൽ " മനോജ് സംസാരം തുടരുകയാണ്.
നിയാസിന് വളരെ കുറ്റബോധം തോന്നി. തന്റെ കടമ മറ്റൊരാളുടെ പക്കൽ നിന്ന് കേൾക്കേണ്ടി വരിക. അവൻ ഫോണെടുത്തു വീട്ടിലേക്ക് വിളിച്ചു. മോളാണ് ഫോണെടുത്തത്.
"നീ ഉമ്മാനോട് നമ്മുടെ അബു കാക്കാക്ക് ഒരു മുവായിരം രൂപ കൊണ്ട് പോയി കൊടുക്കാൻ പറയ്"
" ഉപ്പാ... അതിന് രാവിലെ അബു കാക്കാക്ക് ഞാൻ പൈസ കൊടുത്തല്ലോ "
"നിനെക്കെവിടുന്നാ പൈസ കിട്ടിയത് ?
" നിങ്ങളെനിക്ക് സ്കൂളിൽ ടൂർ പോകാൻ തന്ന മുവായിരം ഞാൻ കൊടുത്തു. മുനീർ പാവമാ ഉപ്പാ... എന്റെ ക്ലാസ്സിലാ. കഴിഞ്ഞാഴ്ച അസംബ്ലില് അവൻ തല ചുറ്റി വീണു. ഡോക്ടർമാർ പറഞ്ഞത് അവന് വലിയ അസുഖാന്നാ ... ഓപറേഷന് വല്യ സംഖ്യാകും. നാളെ അവനെ അഡ്മിറ്റ് ചെയ്യും. ഞാൻ എന്റെ ക്ലാസ്സിലെ കുട്ടികൾക്കൊക്കെ വിളിച്ചു പറഞ്ഞു. ആരും ടൂർ പോണില്ല. എല്ലാ പൈസയും കൂടി കൂട്ടി നാളെ ഹെഡ്മാസ്റ്റർ അവന്റെ ഉപ്പാക്ക് കൊടുക്കും"
നിയാസിന് ഒരു വാക്ക് മറുപടി പോലും പറയാൻ കഴിഞ്ഞില്ല. അവനാകെ ചെറുതായപോലെ. കാറിൽ നിന്നും ചെക്ക് ബുക്കെടുത്ത് അബുവിന്റെ പേരെഴുതുമ്പോൾ അവന്റെ കണ്ണിലുരുണ്ടുകൂടിയ രണ്ട് തുള്ളിയുറ്റി ചെക്ക് ലീഫിലെ മഷി പരന്നത് അവനറിഞ്ഞില്ല.
🍀🍀🍀🍀🍀🍀
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment