ആദിൽ മോൻ പുതിയ ഡ്രസ്സുകൾ എടുത്ത് ധരിച്ച് നോക്കി.
ഉപ്പച്ചി മരിച്ചതിന് ശേഷം ആദ്യത്തെ പെരുന്നാളായിരുന്നു അവനന്ന്.
രാത്രി വല്ലിപ്പ പെരുന്നാൾ കോടിയുമായി വരുമെന്ന് വല്ലിമ്മ പറഞ്ഞിരുന്നെങ്കിലും പിന്നീട് എപ്പോഴോ ഉറക്കിലേക്ക് വീണു.
പെരുന്നാൾ പുലരിയിൽ വല്ലിപ്പയും വല്ലിമ്മയും തട്ടി വിളിച്ചപ്പോഴാണ് പിന്നെ ഉറക്കുണർന്നത്.
പെട്ടൊന്ന് മുഖം കഴുകി വന്നു.
പെരുന്നാളിന്റെ മൊഞ്ചും, മണവുമുള്ള പ്ലാസ്റ്റിക് കവർ തുറന്നു.
വല്ലിപ്പയും,വല്ലിമ്മയും, ഉമ്മയും, താത്തയും അത് കാണാൻ കാത്ത് നിന്നു.
ആറ് മാസമായി ജീവിതത്തിന്റെ നിറങ്ങൾ നഷ്ടമായ ആ വീട്ടിൽ അന്ന് ആദ്യമായി സന്തോഷത്തിന്റെ വർണ്ണ പൂക്കൾ വിരിഞ്ഞു.
പെരുന്നാൾ കോടിയുടെ പുതു മണം പരന്നു.
ആദിൽ മോന്റെ താത്ത മൈലാഞ്ചി ചോപ്പിന്റെ മൊഞ്ചുള്ള കുഞ്ഞി കൈകൾ അവർക്ക് നേരെ നീട്ടി.
ചായ കുടിച്ച് വന്ന ആദിൽ മോന് അവന്റെ ഉമ്മയും വല്ലിമ്മയും കൂടി പുതു വസ്ത്രങ്ങളണിയിച്ചു.
അവർക്ക് സ്നേഹത്തിന്റെ ചുടു ചുംബനങ്ങൾ മാറി മാറി നൽകി.
പിന്നെ വല്ലിപ്പാന്റെ കൈ പിടിച്ച് തൊട്ടടുത്ത പള്ളിയിലേക്ക് നടന്നു.
ഉമ്മയും വല്ലിമ്മയും താത്തയും പൂമുഖവാതിൽക്കൽ അവരിറങ്ങുന്നത് നോക്കി നിന്നു.
ആ ഉമ്മയുടെ ഉള്ളിൽ അപ്പോഴും തന്റെ മരിച്ച് പോയ മകൻ ഫാസിലിനെ കുറിച്ച മരിക്കാത്ത കിനാവുകളായിരുന്നു.
അവനും ഒരുനാൾ ഇതുപോലെ വീട്ടിൽ നിന്നിറങ്ങിപ്പോയതാണ്.
പിന്നീട് വെളള പുതപ്പിച്ച അവന്റെ മയ്യിത്താണ് തിരിച്ച് വന്നത്.
ഓർമ്മകൾ തികട്ടി വന്നപ്പോൾ ആ ഉമ്മ കണ്ണ് തുടച്ചു.
വല്ലിപ്പയും പേരക്കുട്ടിയും നടന്നകലുന്നത് വരെ അവർ നോക്കി നിന്നു.
ആദിൽ മോൻ വല്ലിപ്പാന്റെ തൊട്ടടുത്ത് തന്നെയാണ് പള്ളിയിൽ ഇരുന്നത്.
തന്റെ ഉപ്പച്ചിയുടെ കൂട്ടുകാരെല്ലാം അവരുടെ മക്കളുടെയും കൈപിടിച്ച് പള്ളിയിൽ വരുന്നതും അടുത്തിരിക്കുന്നതും ആദിൽ മോനിൽ ഉപ്പച്ചിയെ കുറിച്ച ഓർമ്മകളുണർത്തി.
കഴിഞ്ഞ പെരുന്നാളിന് പള്ളിയിൽ പോവും നേരം കൂടെ കൂടിയപ്പോൾ നിന്നെ അടുത്ത പെരുന്നാളിന് ഞാൻ കൊണ്ട് പോവുമെന്ന് പറഞ്ഞ ഉപ്പച്ചി ഇപ്പോൾ എന്റെ കൈ പിടിക്കാനില്ലല്ലോ
യെന്നോർത്ത് ആ കുഞ്ഞു മനസ്സിൽ വേദന പടർന്നു.
ഉസ്താദിന്റെ പ്രസംഗം നീണ്ടു പോവുമ്പോഴും ആ കുഞ്ഞു മനസ്സിൽ വിരഹ വേദനകളുടെ ചുരുൾ നിവരുകയായിരുന്നു.....
അതിനിടയിൽ അവനെപ്പോഴോ ഒന്ന് മയങ്ങി.
കണ്ണുകൾ മാളി ...
പിന്നെ അടുത്തിരുന്ന വല്ലിപ്പ തട്ടി വിളിച്ചപ്പോഴാണ്
ഉപ്പച്ചിയുടെ ഓർമ്മകളും കിനാവുകളും കൂട് കൂട്ടിയ മയക്കം അവനെ വിട്ടൊഴിഞ്ഞ് പോയത്.
ഉസ്താദ് ദുആക്കുള്ള ഒരുക്കത്തിലായി.
ആളുകൾ ഒന്നിളകിയിരുന്നു.
വല്ലിപ്പ അവന്റെ കൈകൾ മേൽപോട്ട് ഉയർത്തി പിടിപ്പിച്ചു.
നീണ്ട ദുആ...
അതിനിടയിൽ ആദിൽ മോന്റെ ഉപ്പച്ചിയും കടന്നു വന്നു.
'നമ്മുടെ പള്ളിയുടെ സമീപത്തെ ഫാസിൽ ഈ പെരുന്നാളിന് നമ്മോടൊപ്പമില്ല.
അവനിന്ന് ആറടി മണ്ണിലാണ്.
പടച്ചോനേ.....
അവന്റെ പരലോകം നീ വെളിച്ചമാക്കണേ....
ഉസ്താദിന്റെ കണ്ഠമിടറി.
ആദിൽ മോന്റെ മനസ്സിൽ വീണ്ടും നോവിന്റെ നനവ് പരന്നു..
അടുത്തിരുന്ന വല്ലിപ്പ അവന്റെ തലയിൽ തലോടി
ഒന്നുകൂടി അവനെ അടുത്തേക്ക് ചേർത്തിരുത്തി.
പള്ളി പിരിഞ്ഞു .
സൗഹൃദത്തിന്റെ ആശ്ലേഷങ്ങൾ.....
സ്നേഹ സല്ലാപങ്ങൾ......
അതിനിടയിൽ പലരോടും കുശലം പറഞ്ഞും സന്തോഷം പങ്ക് വെച്ചും
ആ പേരക്കുട്ടിയും വല്ലിപ്പയും നടന്നു........
🌿🌿🌿🌿🌿🌿🌿🌿
കുറച്ചപ്പുറത്തുള്ള പള്ളിക്കാട് ...
റോഡിൽ വണ്ടിയിറങ്ങി കുറച്ച് നടക്കാനുണ്ട്.
ആദിൽ മോൻ വല്ലിപ്പയോടൊപ്പം നടന്നു.
കുത്തനെയുള്ള ഇറക്കത്തിൽ അവന്റെ കൈ മുറുക്കി പിടിച്ചു.
മൈലാഞ്ചി ചെടികൾ പൂത്ത് നിൽക്കുന്ന മീസാൻ കല്ലിനടുത്തേക്ക് വല്ലിപ്പ അവനെ ചേർത്ത് നിർത്തി.
കൈകൾ മേലോട്ട് ഉയർത്തി പിടിപ്പിച്ചു.
കരളുരുകിയ പ്രാർത്ഥനയിൽ വല്ലിപ്പാന്റെ മുഖത്ത് കണ്ണീർതുള്ളികൾ ഒലിച്ചിറങ്ങുന്നത് അവൻ കണ്ടു.
വല്ലിപ്പ പ്രാർത്ഥനയുടെ നിർവൃതിയിൽ സലാം പറഞ്ഞ് തിരിഞ്ഞ് നടന്നു.
ഖബറിന് പുറത്ത് കിളച്ചിട്ട മണ്ണിന് അപ്പോഴും മരണത്തിന്റെ മണം മാറിയിട്ടില്ലായിരുന്നു.
ആദിൽ മോൻ മീസാൻ കല്ലിൽ തന്റെ കൈവിരൽ കൊണ്ട് തൊട്ടു.
കഴിഞ്ഞ പെരുന്നാളിന് കളിപ്പാട്ടവുമായി വന്ന ഉപ്പച്ചി ഇന്നത്തെ പെരുന്നാൾ ചോറ് തിന്നാൻ ഈ ഖബറിനുള്ളിൽ നിന്ന് എണീറ്റ് വരുന്നത് അവൻ കിനാവ് കണ്ടു.
വാടിയ പനിനീർ പൂവ് പോലെ
മൗനിയായി......
തല താഴ്ത്തി......
മ്ലാന മുഖവുമായി അവൻ നിന്നു.
ഓർമ്മയുടെ ഒരു കണ്ണീർ തുള്ളി ഒലിച്ചിറങ്ങാനിരിക്കെ വല്ലിപ്പ അവന്റെ കൈ പിടിച്ച് മെല്ലെ തിരിച്ച് നടന്നു.......
---------------------------
സത്താർ കുറ്റൂർ