Tuesday, 16 August 2016

കത്ത്


മനസ്സിൽ മായാതെ കിടക്കുന്ന ചില ഓർമ്മകൾ എത്ര പങ്കുവച്ചാലും ഒരു നെരിപ്പോടുപോലെ ഉള്ളിൽ എരിഞ്ഞുകൊണടിരിക്കും.
നാട്ടിൽ ടെലിഫോൺ വ്യാപിപ്പിക്കുന്നതിനു മുമ്പ് കത്തുകൾ (പ്രത്യേകിച്ച് പ്രവാസിയുടെ) വരികളിലെ വാചാലതയായിരുന്നു. അതിൽ ആശകളും പ്രതീക്ഷകളുമായിരുന്നു. നൊമ്പരരങ്ങളും വിരഹ ദുഃഖവും ആവാഹിച്ചിരുന്നു. ആശയവിനിമയത്തിനപ്പുറം ഹൃദയങ്ങൾ തമ്മിൽ ബന്ധിപ്പിച്ചിരുന്ന കണ്ണിയാരുന്നു.
ഇനി എന്നിലുണ്ടായ അനുഭവത്തിലേക്ക് കടക്കാം. ഞാൻ PDC ഫ്ളാറ്റായി ബാപ്പയുടെ കടയിൽ നിൽക്കുന്ന കാലം. പഴയ വീടിനടുത്ത് (സ്കൂളിന് പിന്നിൽ ) ഒരു ഷെഡിൽ പെട്ടിക്കട . ഉച്ചഭക്ഷണത്തിന് സ്കൂൾ വിട്ട സമയം സാധാരണ കടയിൽ വരുന്ന അയൽ പ്രദേശത്ത്കാരനായ ഒരു കുട്ടിയും (8 ലോ 9 ലോ ആണ്) കൂടെ രണ്ടുമൂന്നു കുട്ടികളും. വന്നപാടെ ഒപ്പമുള്ളവർക്ക് അവരാവശ്യപ്പെട്ട മിഠായി എടുത്തു കൊടുത്ത് അവരെ വിട്ടു. എന്താ ഇന്ന് പതിവില്ലാത്ത ഒരു ചെലവാക്കൽ, ഞാൻ ചോദിച്ചു. ഉപ്പ ഗൾഫിൽന്ന് വന്ന ചെലവാ.. പിന്നെ കടയുടെ സൈഡിലുള്ള ബഞ്ചിലിരുന്ന് അരയിൽ നിന്നും ഒരു ഫോറിൻ കീസ് എടുത്തു. അതെന്താണെന്ന് ചോദിച്ചപ്പോൾ ഉപ്പ പോസ്റ്റ് ചെയ്യാൻ ഏൽപ്പിച്ച കത്തുകളാ.. ഒരു പത്തു പതിനഞ്ചു കത്തുകളുണ്ട്. ഇത്പ്പഞ്ഞ് പോസ്റ്റെയ്യിണൊന്നുല്ല എന്ന് പറഞ്ഞ് ഒരു കത്തെടുത്ത് പൊട്ടിച്ചു അതെന്തിനാ പൊട്ടിച്ചത് (ആ ചെയ്യുന്നത് തെറ്റാണെന്ന് അറിയാമെന്നല്ലാതെ കത്തിൻറെ മൂല്യം അന്നെനിക്ക് അറിയില്ലായിരുന്നു.) എൻറെ ചോദ്യത്തിന് ഒരു ഒഴുക്കൻമട്ടിൽ .ആ.. വെറുതെ എന്ന് പറഞ്ഞ് കടയുടെ പിന്നിൽ പോയി കത്തുകൾ ഓരോന്നും പൊട്ടിച്ചു വായിക്കാൻ തുടങ്ങി. കച്ചവടത്തിനിടയിൽ ഇടയ്ക്കിടെ ഞാൻ അവനെ നോക്കുമ്പോൾ അവനതിൽ മുഴുകിയിരിക്കുന്നത് കാണാമായിരുന്നു. വായിച്ചു കഴിഞ്ഞ കത്തുകൾ കീറി ചെറിയ കഷണങ്ങളാക്കി അടുത്തുളള തെങ്ങിൻ തടത്തിലേക്കറിഞ്ഞു.
എന്തോ പിന്നെ ഞാനൊന്നും പറഞ്ഞില്ല.
താമസിയാതെ പ്രവാസിയായ ഞാൻ എഴുതിത്തുടങ്ങിയപ്പോഴാണ് അതിന്റെ വില മനസിലാകുന്നത്. ആ സംഭവം ഇന്നും മനസ്സിൽ നിന്നും പോയിട്ടില്ല......

-------------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ

No comments:

Post a Comment