ഇപ്പോഴത്തെ നമ്മുടെ കുറ്റൂരങ്ങാടിയുടെ അവസ്ഥ കണ്ടാൽ ഏറെകാലമായി ഇവിടെ വസിക്കുന്ന ഒരാളെന്ന നിലക്ക് ഈ ചോദ്യം ഇടക്കൊക്കെ മനസിൽ വരാറുണ്ട്. എൻറെ ചെറുപ്പത്തിലെ കുറ്റൂരിൻറെ കഥ പറയാം. അന്ന് നാട്ടിൽ ഇത്ര ബിൽഡിംഗുകൾ
ഇല്ല. സ്കൂളിന് ഇത്രയധികം കെട്ടിട സമുച്ചയങ്ങളില്ല. നമ്മുടെ റോഡിലൂടെ ചീറിപായുന്ന വാഹനങ്ങളില്ല. പക്ഷെ പകലും രാത്രിയും കുറ്റുരങ്ങാടി നിറയെ ആളുണ്ടായിരുന്നു. സുബ്ഹിക്ക് മുമ്പേ കുട്ട്യാലികാക്കാൻറ(اللهم اغفر له وارحمه) സമാവറിൽ വെള്ളം തിളച്ചിരുന്നു . ശങ്കരേട്ടൻ പുട്ടുംറവ വറുത്ത് ഉപ്പുമാവും റെഡിയാക്കിയിരുന്നു. താമുവിൻറെചായകട വേറെയും. ആ കടയിൽ ഒരുപാട് പേർ ചായകച്ചോടം ചെയ്തിട്ടുണ്ട്. ഏതായാലും സ്ബ്ഹി നിസ്കാരത്തോടെ കുറ്റൂർ ഉണർന്നു. കുട്ട്യാലിക്കയുടെ ചായകടയുടെ കൂടെ മസാല കടയും. രാവിലെ തന്നെ നിറയെ ആളുകൾ... കാരണവൻമാർ മുൻവശത്ത്. ചെറുപ്പക്കാർ പിറകിൽ. പിന്നീട് പരന്ന പത്ര വായനയാണ്. മാതൃഭൂമി വായിക്കാൻ ശങ്കരേട്ടൻറടുത്ത് പോണം വായനശാലയിൽ ചന്ദ്രികയും മനോരമയും. കുറ്റൂരിൽ മാത്രം നാലോ അഞ്ചോ മസാലക്കട. ഇന്നോ?!
വൈകുന്നേരമാണ് അങ്ങാടിയുടെ നിറവ്. കുറ്റൂരിൻറെ ചെറുപ്പവും ബാല്യവും സ്കൂൾ ഗ്രൗണ്ടിലെത്തും. ബാറ്റ്മിൻറണും വോളിബോളും കള്ളിവളപ്പിൽ ഫുട്ബോളും. കളിക്കാരും കാഴ്ചക്കാരുമായി നല്ലൊരു ജനക്കൂട്ടം. മഗ് രിബോടെ വോൾടേജ് കുറവെങ്കിലും എല്ലായിടത്തും ലൈറ്റ് തെളിഞ്ഞു. വോൾടേജ് പ്രശ്നം 110 ൻറെ ബൾബിട്ട് ഞങ്ങൾ പരിഹരിച്ചു. രാത്രി 10 മണിയോടെ അതൂരി വെച്ടില്ലെങ്കിൽ ഫ്യൂസ്!!. വായനശാലയിൽ രാത്രിവരെ നീളുന്ന കേരംസ്. ഒരുപാട് ടൂർണമെൻറുകൾ. . കഥാപ്രസംഗം...വഅള് പരമ്പര...കളരി പരിശീലനം... നമ്മുടെ ഐക്യപെടലിൻറെ നൂറുനൂറ് അടയാളങ്ങൾ... സൊറ പറഞ്ഞിരിക്കാൻ മതിലുകളില്ലാത്ത സ്കൂൾ വളപ്പിലെ വിശാലമായ പാറപ്പുറങ്ങൾ . സുബ്.ഹിക്കുണരുന്ന കുറ്റൂർ അന്നുറങ്ങിയിരുന്നത് ഏല്ലാ ജോലിയും തീർത്ത് അൽപം ക്ഷീണത്തോടെയെങ്കിലും പിറ്റേന്നത്തെ നല്ല പുലരിയും സ്വപ്നം കണ്ടായിരുന്നു.
---------------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment