മദ്രസ്സയിൽ പഠിക്കുന്ന കാലത്താണ് പാരിക്കാടിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നത് . ന്റെ സൈദിന്റെ കൂടെ വൈകുന്നേരം തോട്ടിൽ ചാടാൻ കുറ്റൂർ തോട്ടിലേക്ക് പോയി. ചാടിക്കളിക്കുന്നതിനിടയിൽ ഒരു തേങ്ങ ഏകനായി തോട്ടിലൂടെ ഒഴുകി വരുന്നത് കണ്ടു, ൻറെ സൈദ് നീന്തിപ്പോയി തേങ്ങാ കൈക്കലാക്കി. കല്ലിൽ എറിഞ്ഞ് തേങ്ങാ പൊളിച്ചു. അക്കാലത്ത് കല്ലിൽ തേങ്ങ എറിഞ്ഞ് പൊളിക്കുന്നതിൽ വിദഗ്ദനായിരുന്നു ൻറെ സൈദ്.
സൈദേ തേങ്ങ ഇനിയും വരോ? വായിലുള്ള ചവച്ച തേങ്ങ തുപ്പാതെ ൻറെ സൈദ് പറഞ്ഞു, തേങ്ങ പാരിക്കാട്ട് ന്ന് ബെരെയ്ക്കാരം...... പറഞ്ഞു തീർന്നപ്പോഴേക്കും തോട്ടിലെ മീനുകൾക് തേങ്ങാ ചാകര ! പാരിക്കാട്ട് നിന്നാണ് തോട് തുടങ്ങുന്നതെന്ന് ൻറെ സൈദ് പറഞ്ഞു. കുറ്റൂർ തോടിന്റെ ഉൽഭവവും പാരിക്കാടും കാണാനുള്ള ആഗ്രഹം മനസ്സിൽ കുടിയേറി.പിറ്റേന്ന് ഞാനും ൻറെ സൈദും CV ഖാദറിന്റെ കൂടെ മദ്രസ്സ വിട്ടപ്പോൾ പാരിക്കാട് കാണാൻ പോയി. ഇരിങ്ങളത്തുർ പാടത്ത് നിന്ന് പാരിക്കാട്ടേക്കെത്തുന്ന വെള്ളം ഒഴുകി പാടത്തേക്കെത്തി തോട്ടിലൂടെ ഒഴുകുന്നു. മുകളിൽ (ഇന്നത്തെ റോഡ്) നിന്ന് തന്നെ പറ്റിക്കാടിന്റെ മനോഹാരിത ഞങ്ങൾ ആവോളം നുകർന്നു. കൊടും കാടായിട്ടായിരുന്നു അന്ന് തോന്നിയത്. ഞമ്മള് താഴേക്ക് പോകാ..... ഭയം അൽപം പോലുമില്ലാത്ത ൻറെ സൈദ് പറഞ്ഞു. ഖാദറിന്റെ സഹായത്തോടെ താഴേക്കിറങ്ങി ' തിരിഞ്ഞ് നിന്ന് മുകളിലേക്ക് നോക്കി. ഹായ്....... വെള്ളച്ചാട്ടം! ടീച്ചർ പറഞ്ഞില്ലേ നയാഗ്ര വെള്ളച്ചാട്ടം ന്ന് അതാണി തെന്ന് ൻറെ സൈദ് പറഞ്ഞു. അത് അമേരിക്കിലല്ലേ സൈദേ :? അതിലൊന്ന് ഇതാണ് എന്ന് ൻറെ സൈദ് പഠിപ്പിച്ചു. വീണ്ടും ഞങ്ങൾ താഴോട്ടിറങ്ങി. മുത്തുകൾ ചിതറിത്തെറിക്കന്ന പോലെ വെള്ളം പാറയിൽ വീണ് ചിന്നിച്ചിതറുന്നു! പക്ഷികളുടെ കളകളശബ്ദങ്ങൾ ! കുറുക്കനും അവന്റെ കുടുംബങ്ങളും അവിടെ താമസിക്കുന്നുണ്ടെന്ന് ഖാദർ പറഞ്ഞു. വീണ്ടും താഴേക്ക്, എവടക്കാ നായ്ക്കളേ ങ്ങള് ബര്ണ് പോയിനെടാ ...... സ്ത്രീകളുടെ കൂട്ടത്തോടെയുള്ള ശബ്ദം കേട്ട് ഞങ്ങൾ തിരിഞ്ഞോടി......
-----------------------------------------------------------
🖊 എം ആർ സി അബ്ദുറഹ്മാൻ,
No comments:
Post a Comment