Thursday, 17 May 2018

കാണാൻ മോഹിച്ച വെള്ളച്ചാട്ടം


കുറ്റൂർ സ്കൂളിൽ എട്ടാം ക്ലാസ്സ്‌ പഠിക്കുന്ന സമയം. സി വി റഹൂഫിന്റെ കഥകളിലെ പാരിക്കാടും പാരിക്കാട്ടെ വെള്ളച്ചാട്ടവും കാണാൻ മോഹിച്ച്‌ ഒരു ഞായറാഴ്ച ഉച്ചക്ക്‌ ശേഷം വീട്ടിൽ നിന്നും ചാടി. കൂട്ടിന്‌ അന്നത്തെയീ കന്നാസിന്റെ കടലാസായിരുന്ന ലത്തീഫും(മാട്ടിൽ കെ.സി.ലത്തീഫ്‌). പാരിക്കാട്ടേക്ക്‌ ഒരു പാട്‌ നടക്കാനുണ്ട്‌. കുറ്റൂരും കഴിഞ്ഞ്‌ പോവണം. റഹൂഫിന്റെ വിവരണങ്ങളിലെ അടയാളങ്ങൾ നോക്കി പാരിക്കാട്ടേക്കിറങ്ങുന്ന വഴി കണ്ടെത്തി. ഉരുളൻ കല്ലുകൾ കൊണ്ടുള്ള നടപ്പാതയിൽ കൂടി നടക്കുമ്പോൾ തന്നെ താഴെ നിന്നും  ജല മേളം കേൾക്കാനായി. അതിനോട്‌ മൽസരിക്കാനെന്നവണ്ണം കിളികൾ പാടിത്തിമിർക്കുന്നുണ്ടായിരുന്നു.... ചുറ്റുമുള്ള പച്ചപ്പിനിടയിൽ നിന്നും പാൽനുര പകർത്തി താഴേ കല്ലിലേക്കു പതിക്കുന്ന പാരിക്കാട്ടെ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആവോളം നുകർന്നു. ഐസിന്റെ തണുപ്പുള്ള വെള്ളത്തിൽ മുഖവും കയ്യും കഴുകി നിൽക്കുമ്പോൾ, "വെള്ള ച്ചാട്ടത്തിൽ ഇംഗ്ലീഷ്‌ മീൻ ഉണ്ടാവോലോ...."എന്ന ലത്തീഫിന്റെ അറിവു വെച്ച്‌ ഒരു പാട്‌ തപ്പിയെങ്കിലും ഒന്നിനെ പോലും കിട്ടാത്തതിന്റെ നിരാശയിൽ തിരിച്ചു കയറുമ്പോൾ, "എവിടെയായിരുന്നു ഇത്രേം നേരം" എന്ന ഉമ്മാന്റെ ചോദ്യത്തിന്‌ മറുപടി ആലോചിക്കുകയായിരുന്നു. വർഷങ്ങൾക്ക്‌ ശേഷം ഈ കഴിഞ്ഞ അവധി നാളുകളിൽ വിരസമായ പകലുകളിലൊന്നിൽ പാരിക്കാടിന്റെ വഴികളിലേക്കിറങ്ങിയെങ്കിലും ഒറ്റക്കാണെന്നുള്ളതും ഒരപരിചിതന്റെ സാന്നിധ്യം കണ്ട പരിസരവാസികളുടെ കണ്ണുകളിൽ നീണ്ട  സംശയമുനയും മനസ്സിലാക്കിയപ്പൊ ഒരു ചെറിയ ഉൾഭയം. (പേടി അല്ല, പേടി ഞമ്മക്ക്‌ പണ്ടെ ഇല്ല.) വണ്ടി തിരിച്ചു പഴയ കാല പ്രതാപമില്ലെങ്കിലും പാരിക്കാടിന്റെ വെള്ളച്ചാട്ടത്തെ വീണ്ടുമൊന്നു കാണാനുള്ള മോഹം പാതി വഴിയിലുപേക്ഷിച്ചു.
ഇനി മറ്റൊരിക്കൽ വരുമ്പോൾ കാണാനാകുമെന്ന പ്രതീക്ഷയോടെ....
----------------------------------------------------------------------------------------------------------------------------
🖊  അഷ്‌കർ പി. പി.

No comments:

Post a Comment