പ്രകൃതി രമണീയമായ കാഴ്ചകൾ കൊണ്ട് മനസ്സിലിപ്പോഴും പച്ച പിടിച്ച് നിൽക്കുകയാണ് പാരിക്കാടെന്ന പ്രദേശം. കുറ്റൂർ നോർത്ത് പടപ്പറമ്പ് റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഒരു നൂറ് മീറ്റർ നടന്നാൽ പാരിക്കാട്ടെ ഈ പച്ചപ്പിലെത്താം. പാറകൾ നിറഞ്ഞ പ്രദേശമായതിനാൽ 'പാറക്കാട്' എന്ന പ്രയോഗം ലോപിച്ചായിരിക്കും 'പാരിക്കാട്'എന്ന പേര് വന്നത്.
കണ്ണമംഗലത്തെ ഇരങ്ങളത്തൂർ വയലിൽ നിന്നാണ് ഇവിടേക്ക്ള്ള വെള്ളമൊഴുകി വരുന്നത്. വയൽ വക്കത്തെ കൈതോടിലൂടെ ശാന്തമായി ഒഴുകുന്ന ഈ നീരൊഴുക്കിന് കടുപ്പം ചാലിലെ ഓവു പാലം കടന്നാൽ വല്ലാത്ത വേഗമാണ്. ഈ കടുപ്പം കൊണ്ട് തന്നെയാവും ഇവിടേക്ക് 'കടുപ്പംചാല് ' എന്ന് പേര് വന്നതും. പാരിക്കാട്ടെ കാഴ്ചകൾ തുടങ്ങുന്നത് ഇവിടെ നിന്നാണ്. ആർത്തലച്ചൊഴുകുന്ന ഈ വെള്ളമൊഴുക്ക് റോഡിൽ നിന്ന് കാണാൻ നല്ല രസമാണ്. പരന്ന് കിടക്കുന്ന കരിമ്പാറകളിൽ ശക്തമായി വന്ന് വീഴുന്ന വെള്ളം കുറച്ച് കൂടി താഴോട്ടിറങ്ങിയാൽ നല്ല മര്യാദയോടെ ശാന്തമായൊഴുകുന്നത് കാണാം. ആ ഒഴുക്ക് കാഞ്ഞിരക്കുറ്റിയിലെത്തിയാൽ വീണ്ടും കടുപ്പംചാലിലെ രൗദ്ര ഭാവം കാട്ടും. ഈ കാഞ്ഞീരക്കുറ്റിയാണ് പാരിക്കാട്ടെ പ്രധാന കുളിക്കടവ്. ഒരു കാലത്ത് കള്ളിവളപ്പ് മുതൽ പടപ്പറമ്പ് വരെയുള്ള വീട്ടുകാർ ആശ്രയിച്ചിരുന്നത് ഈ കുളിക്കടവിനെയായിരുന്നു.
കരിമ്പാറക്കൂട്ടങ്ങൾക്കിടയിലൂടെ വെളളിയരഞ്ഞാൺ പോലെ ഒലിച്ചിറങ്ങുന്ന വെള്ളത്തിന് താഴെ തല കാട്ടി കുളിക്കുന്നതിന്റെ രസം പറഞ്ഞറിയിക്കാൻ കഴിയില്ല. ആഴമല്ല ഒഴുക്കിന്റെ സൗന്ദര്യമാണ് പാരിക്കാട്ടെ കുളിക്കടവുകളെ വിത്യസ്തമാക്കുന്നത്. തിരിമുറിയാത്ത മഴ പെയ്ത് തണുത്തുറഞ്ഞ പ്രഭാതങ്ങളിൽ മീൻ പിടിക്കാൻ വരുന്ന നാട്ടുകൂട്ടങ്ങൾ ഇവിടെ എമ്പാടുമുണ്ടായിരുന്നു. ഇരുൾ കനത്ത നേരത്ത് പെട്രോമേക്സിന്റെ വെളിച്ചത്തിലും ഇവർ വരും. കാഞ്ഞീരക്കുറ്റിയിൽ നിന്ന് പാരിക്കാട്ടെ ഏറ്റവും താഴ്ചയുള്ള പ്രദേശത്തേക്ക് വെള്ളമൊഴുകുന്നത് കാണാൻ വല്ലാത്ത രസമാണ്. ഇതിന്റെ ശബ്ദം ഒരു പാട് അകലെ വരെ കേട്ടിരുന്നു. മഴ വരുന്നതിന്റെ ശബ്ദം പാരിക്കാട്ടെ ഒഴുക്കിന്റേതാവുമെന്ന് കരുതി അവഗണിച്ചതിനാൽ നനഞ്ഞൊട്ടിയ ബാല്യം ഓർമ്മയിൽ നിന്ന് മായില്ല.
പാരിക്കാട്ടെ ഓർമ്മകളിൽ എടുത്തു പറയേണ്ട ഒന്നാണ് അവിടത്തെ കരിങ്കൽ ക്വാറികൾ. അവിടെ വെടി പൊട്ടിക്കുന്നത് കാണാൻ മുപ്പത് വർഷങ്ങൾക്കപ്പുറത്തെ കൗതുകക്കൂട്ടങ്ങളിൽ ഈയുള്ളവനുമുണ്ടായിരുന്നു.
വെടിക്ക് തീ കൊടിക്കുന്നതിന് മുമ്പ്
വെടിയേ.......
എന്ന് വലിയ ശബ്ദത്തിൽ ആർത്ത് വിളിക്കുന്നതും നീട്ടി കൂവുന്നതും കേൾക്കാം. കേട്ടവരെല്ലാം ഭീതിയോടെ ഓടി മറയുന്നതും കാണാം.
തമിഴൻമാരായിരുന്നു അവിടത്തെ തൊഴിലാളികളിൽ നല്ല പങ്കും. അവർ കുടുംബ സമേതം താമസിച്ചിരുന്നതും ഇവിടെ തന്നെ. അതിനായി കരിമ്പാറപ്പുറത്ത് നിരനിരയായി കെട്ടിയുണ്ടാക്കിയ കൂരകളിലെ ജീവിതം കണ്ട് അൽഭുതം കൂറി നിന്നിട്ടുണ്ട്. ജീവിത പ്രാരാബ്ദത്തിന്റെയും അത്യധ്വാനത്തിന്റെയും പാരിക്കാട്ടെ പരുക്കൻ കാഴ്ചകൾ അന്നെന്റെ കുഞ്ഞു മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. ഈ ക്വാറിക്ക് വേണ്ടിയാണ് പാരിക്കാട്ടേക്ക് റോഡ് വെട്ടിയത്. ഈ റോഡിലൂടെ വലിയ ലോറികൾ കരിങ്കല്ലുമായി കയറ്റം കയറി പോവുന്നത് അക്കാലത്തെ പതിവ് കാഴ്ചയായിരുന്നു. പ്രകൃതിയുടെ പച്ചപ്പും, ചെങ്കുത്തായ ഭൂപ്രകൃതിയും, ഉറവ വറ്റാത്ത കരിമ്പാറകളും ഇവിടത്തെ സവിശേഷതകളാണ്. മഴക്കാലത്ത് പച്ച സാരിയുടുത്ത സുന്ദരിയെ പോലെ പാരിക്കാട് ചമഞ്ഞ് നിൽക്കുകയാണെന്ന് തോന്നും. ഇവിടത്തെ പാറയിടുക്കിലൂടെ ഒഴുകുന്ന ഉറവകൾക്ക് വല്ലാത്ത തണുപ്പും തെളിയുമാണ്. വെള്ളച്ചാട്ടത്തിന്റെ കനത്ത ശബ്ദം മഴക്കാലം മുഴുവൻ നീണ്ടു നിൽക്കും. അതിനിടയിലും തൊട്ടപ്പുറത്തെ നിരവധി കരിങ്കൽ പാളികൾക്കിടയിലൂടെ കിനിഞ്ഞിറങ്ങുന്ന ഉറവകളും, കളകളാരവം മുഴക്കി പോവുന്ന ആണികളുമൊക്കെ ഈ പ്രദേശത്തിന് സംഗീത സാന്ദ്രമായ ഒരന്തരീക്ഷം പകരുന്നു. കനത്ത വെള്ളമൊഴുക്കിന്റെ അട്ടഹാസങ്ങൾക്കിടയിലും ഇവ നമ്മെ ചേർത്ത് പിടിച്ച് എന്തൊക്കെയോ സ്വകാര്യം പറയുകയാണെന്ന് തോന്നും. അത്രക്കും ഹൃദ്യമാണ് ഈ നീരൊഴുക്കുകൾ ഇടതൂർന്ന് വളർന്ന പാഴ്ചെടികളും, പാകമായി നിൽക്കുന്ന കായും, പുഞ്ചിരിച്ച് നിൽക്കുന്ന വർണ്ണ പൂക്കളും സമ്മാനിക്കുന്ന വസന്തം കൂടിയാണ് പാരി ക്കാട്ടെ മഴക്കാലങ്ങൾ.ഇവിടത്തെ ചുള്ളിക്കയുടെ രുചി അറിയാത്ത നാട്ടുകൂട്ടങ്ങളുണ്ടാവില്ല. വലിയ മരങ്ങളിലല്ല പാഴ്ചെടികളിലും കുറ്റിക്കാടുകളിലും പാറക്കെട്ടുകളിലുമൊക്കെയാണ് പാരിക്കാടിന്റെ സൗന്ദര്യം വഴിഞ്ഞൊഴുകുന്നത്. വൈകുന്നേരങ്ങളിൽ ഇവിടത്തെ പാറക്കൂട്ടങ്ങളിലിരുന്ന് കിഴക്കോട്ട് പറക്കുന്ന പക്ഷിക്കൂട്ടങ്ങളെ കാണാൻ നല്ല രസമാണ്. കിഴക്ക് ഭാഗത്തെ പനക്കൂട്ടങ്ങളിൽ നിറയെ വവ്വാലുകൾ തൂങ്ങി നിൽക്കുന്നതും ഇവിടത്തെ കൗതുക കാഴ്ചയാണ്. നെടിയാരം ബംഗ്ലാവും, മലബാർ കലാപകാലത്തെ സ്മരണകൾ തുടിക്കുന്ന തോന്നിയിൽ തറവാടും ഈ പാറക്കെട്ടുകളിലിരുന്നാൽ കാണാൻ കഴിയും. കീരിയും, പാമ്പും, കൊളക്കോഴിയും, മയിലും, മൊച്ചയും,കുരങ്ങൻമാരുമെല്ലാമുള്ളതായിരുന്നു ഒരു കാലത്ത് ഈ പ്രദേശം. അയൽനാടുകളിൽ നിന്നെല്ലാം നായാട്ടു നായ്ക്കളുമായി ഇവിടെ എത്തുന്നവരുമുണ്ടായിരുന്നു.വേനൽ കാലങ്ങളിൽ പാരിക്കാടിന് വല്ലാത്തൊരു മൗനമാണ്. അന്നേരം വെള്ളച്ചാട്ടത്തിന്റെ അട്ടഹാസങ്ങൾ നിലച്ചിരിക്കും. ഇട തൂർന്ന് വളർന്നിരുന്ന പാഴ്ചെടികൾ ഉണങ്ങി കരിഞ്ഞിരിക്കും. ജലമൊഴുക്കിന്റെ ശബ്ദം നഷ്ടപ്പെട്ടാലും ആ നീരുറവകൾ വറ്റുമായിരുന്നില്ല. അപ്പോഴും ഇവിടെ അലക്കാനും കുളിക്കാനും വരുന്നവരുടെ നാട്ടുവർത്താനങ്ങളും, കളിതമാശകളും, നീട്ടി കൂവലുകളുമൊക്കെ കേൾക്കാം. പാഴ്ചെടികൾ ഉണങ്ങി തീർന്നാൽ കരിമ്പാറ കൂട്ടങ്ങളിൽ വെള്ളമൊലിച്ചതിന്റെ എച്ചിൽ പാടുകൾ തെളിഞ്ഞു കാണാം. അസ്തമയ സൂര്യന്റെ കിരണങ്ങൾ തട്ടുമ്പോൾ ഈ പാറക്കൂട്ടങ്ങൾക്ക് വല്ലാത്ത തിളക്കം തോന്നിക്കും. പട്ട ചാരായം മോന്താൻ വന്നവർ അന്നേരം മൂളിപ്പാട്ടും പാടി തിരിച്ച് കയറുന്നുണ്ടാവും. പണി കഴിഞ്ഞ് കുളിച്ച് പോവുന്നവരും, മേക്കാൻ കൊണ്ട് വന്ന ആടിനെയുംവലിച്ച് ഇരുട്ടു മുമ്പേ വീടണയാൻ തിടുക്കപ്പെടുന്നവരെയും കാണാം....
പശുവിന് പുല്ലരിയാൻ വന്നവർ തലച്ചുമടുമായി തിരിഞ്ഞ് നടന്നിരിക്കും... നമ്മുടെ നാട്ടു സായാഹ്നങ്ങൾ അന്ന് ഇങ്ങനെയൊക്കെയായിരുന്നു. സമ്പർക്കങ്ങളുടെ തണലിടങ്ങളായിരുന്നു ഇവിടം. നാട്ടുകാരുടെ നിരന്തര നടത്തത്തിൽ നിന്നാണ് നടവഴികൾ വന്നത്. നമ്മൾ നടത്തം നിറുത്തിയപ്പോൾ ഇത്തരം നടവഴികളും അടഞ്ഞുപോയി. പാരിക്കാട്ടെ നീരാഴുക്ക് കാണാനോ പഴുത്ത് പാകമായ അവിടത്തെ ചുള്ളിക്ക പറിക്കാനോ ആരും ഇന്നിതു വഴി വരുന്നില്ല. ആൾ പെരുമാറ്റമില്ലാതായപ്പോൾ ഈ നടവഴികളും ഇല്ലാതായി. പ്രകൃതിയുടെ പച്ചപ്പിലേക്കുള്ള വഴിയടയാളങ്ങളെ കണ്ടെത്താൻ നമുക്കുമാവണം. നാട്ടു സമ്പർക്കങ്ങളുടെ നനവും നൻമയും തിരിച്ച് പിടിക്കാൻ കൊതിക്കുന്നവർക്ക് മുന്നിൽ ഇത്തരം നടവഴിയോർമ്മകൾ മാത്രമാണ് ബാക്കിയുള്ളത്. പഴയ പച്ചപ്പും നീരുറവകളും നഷ്ടപ്പെട്ട് പോവുന്ന കാലത്ത് പാരിക്കാടിന്റെ ഓർമ്മ തരുന്ന ഗൃഹാതുരത്വം പോലും വല്ലാത്തൊരു അനുഭൂതിയാണ് നമുക്ക് പകർന്ന് തരുന്നത്.
-------------------------------------------------------------------------------------------------------------------------
🖊 സത്താർ കുറ്റൂർ
No comments:
Post a Comment