Thursday, 17 May 2018

ഞാൻ കണ്ട പാരിക്കാട്


പാരിക്കാട് എന്ന സ്ഥലം കേട്ടറിവ് അല്ലാതെ കണ്ടറിവ്‌ എനിക്കില്ലായിരുന്നു.പേരിൽ തന്നെ പ്രകൃതിയുടെ മനോഹാരിത വിളിച്ചോതുന്ന പാരിക്കാട്‌ ഞാൻ  സന്ദർശിച്ചത് ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമായിരുന്നു. ഒരത്യാവശ്യ കാര്യത്തിന് കുന്നുംപുറത്തേക്ക് പോയ ഞാനും എന്റെ സുഹൃത്തും പോയ കാര്യം സാധിക്കാതെ മടങ്ങുമ്പോൽ നമുക്ക് എവിടെയെങ്കിലും പോയി ഇരിക്കാം എന്ന സുഹൃത്തിന്റെ അഭിപ്രായത്തിന് ഞാൻ ലൈക്ക് ചെയ്യുകയായിരുന്നു.അങ്ങനെ കുറ്റൂർ പാടത്ത് പോയി ഇരിക്കാമെന്ന് തീരുമാനിച്ച ഞങ്ങൾ കുറ്റൂർ നോർത്തിൽ എത്തി. സംസാരത്തിനിടക്ക് കൊറിക്കാൻ  വേണ്ടി പൂളപ്പൊരി വാങ്ങി തിരിച്ചു വണ്ടിയിൽ കയറുമ്പോൾ പെട്ടെന്ന് എന്റെ തീരുമാനം മാറ്റി ഞാൻ പറഞ്ഞു. നമുക്ക് പാരിക്കാട് പോയാലോ എന്ന്; സുഹൃത്തിന്റെ സമ്മതപ്രകാരം ഞങ്ങൾ വണ്ടി പാരിക്കാട്ടേക്ക് തിരിച്ചു. പ്രകൃതി രാമണീയമായ പാരിക്കാട്‌ റോഡിൽ തന്നെ ഇരുവശവും കുറ്റിക്കാടുകൾ കൊണ്ട് മൂടിയിരുന്നു. അവിടെ എത്തിയപ്പോൾ സൈഡിൽ കണ്ട കനാലിന്റെ അടുത്ത് വണ്ടി നിർത്തി കുറെ സമയം അവിടെ തന്നെ ഞങ്ങൾ നിന്നു. കള കളാരവം മുഴക്കി ഒഴുകുന്ന കനാലിലെ വെള്ളത്തിൽ കിടന്ന് പുളകം കൊള്ളുന്ന മത്സ്യക്കൂട്ടങ്ങളെ കണ്ട് രസിച്ചു. അല്പപം കഴിഞ്ഞപ്പോഴാണ് അടുത്ത് കണ്ട പാറക്കൂട്ടത്തിന്റെ അടുത്തേക്ക് ഞങ്ങൾ നീങ്ങിയത്. അവിടെ കണ്ട രണ്ട് കല്ലുകൾ മുഖാമുഖം ഇട്ട് അതിൽ ഞങ്ങൾ ഇരുന്നു.

     സുഹൃത്തിന്റെ സങ്കടങ്ങളും പരിഭവങ്ങളും വളരെ ആകാംക്ഷയോടെ ഞാൻ കേട്ടിരുന്നു. ഞങ്ങളുടെ സൗഹൃദവും അങ്ങനെ തന്നെ ആണ്. പ്രശ്‌നങ്ങൾ പരസ്പരം പങ്കുവെച്ചു കൊണ്ട് അവ തരണം ചെയ്യാനുള്ള പോംവഴികൾ കണ്ടെത്തുകയും ചെയ്ത്  കൊണ്ടുമാണ് ഞങ്ങൾ ഓരോ കൂടിക്കാഴ്ചയും പിരിയാറുള്ളത്. കയ്യിൽ കരുതിയിരുന്ന പൂളപ്പൊരിയുടെ അളവ് കുറയുന്തോറും അവന്റെ പ്രശ്നങ്ങളുടെ ഭാരവും കുറഞ്ഞിരുന്നു. നല്ലൊരു മഴയുടെ സാധ്യതകൾ മാനത്ത് കാണാമെങ്കിലും അതിലൊന്നും ഞങ്ങൾ ശ്രദ്ധിച്ചില്ല. തൊട്ടപ്പുറത്തുള്ള വെള്ളച്ചാട്ടത്തിലെ വെള്ളം  വീഴുന്ന മധുരശബ്ദം  വാക്കുകൾക്കിടയിലുള്ള മൗനത്തെ കീറിമുറിച്ചു കൊണ്ട് കാതുകളെ കീഴടക്കിയിരുന്നു.(അവിടെ വെള്ളച്ചാട്ടം ഉണ്ടെന്ന് പറഞ്ഞു തന്നത് കൂടെ ഉണ്ടായിരുന്ന സുഹൃത്തായിരുന്നു) മഴയുടെ മുന്നോടിയായി വന്ന ഇളം തെന്നൽ പോലും സുഹൃത്തിന്റെ മനസ്സിലെ സങ്കടഭാരം കുറയ്ക്കുന്നത് ഞാൻ കണ്ടറിഞ്ഞു. ആ ഇരുത്തം അങ്ങനെ നീളുമ്പോൾ തൊട്ടപ്പുറത്തെ വെള്ളച്ചാട്ടത്തിൽ നിന്ന് കുട്ടികൾ ചാടിക്കുളിക്കുന്ന ശബ്ദവും അവരുടെ ആർപ്പു വിളികളും കേൾക്കാമായിരുന്നു. പ്രകൃതിയുടെ ശീതീകരിച്ച തോപ്പിൽ  പാറക്കെട്ടുകൾ കൊണ്ടും ഇടതൂർന്ന് വളർന്ന മരങ്ങൾ കൊണ്ടും അലങ്കരിച്ച പാരിക്കാട്ട്  അങ്ങനെ ഇരിക്കുമ്പോഴാണ് മാനത്ത് നിന്നും ജല കിരണങ്ങൾ ദേഹത്തെ പുളകം കൊള്ളിച്ചു കൊണ്ട് ചുംബനങ്ങൾ നൽകിയത്. ആദ്യമൊക്കെ മഴയെ അതുജീവിച്ചു കൊണ്ടും ആസ്വദിച്ചു കൊണ്ടും അവിടെ തന്നെ നിന്നെങ്കിലും രക്ഷയില്ലെന്ന് കണ്ടപ്പോൾ തിരിച്ചു പോന്നു. തിരിച്ചു വീട്ടിൽ എത്തിയപ്പോൾ മനസ്സിന്  ആശ്വാസം പകരുന്ന കാഴ്ചകൾ സമ്മാനിച്ച  പാരിക്കാടിനോട്  യാത്ര പറയാതെ പോന്നതിലുള്ള ആവലാതി മാത്രം ശേഷിച്ചിരുന്നു.
-----------------------------------------------------------
🖊  ജുനൈദ് കള്ളിയത്ത്

No comments:

Post a Comment