Sunday, 27 May 2018

അയൽവാസി


സലീമിന്റെ അയൽവാസിയാണ് ചങ്ങരൻ. രണ്ട് കുടുംബങ്ങളും തമ്മിൽ സന്തോഷത്തിലും അതിലേറെ സ്നേഹത്തിലും കഴിയുന്നവരാണ്.
    നല്ല തണപ്പുള്ള മഞ്ഞ് കാലം, കലപില കൂട്ടുന്ന കിളികൾ. ഇപ്പുറത്തെ കൂട്ടിൽ നിന്നുംപൂവൻകോഴിയുടെ നീട്ടിയുള്ള കൂവലും ചങ്ങരന്റെ തൊഴുത്തിൽ നിന്നും പശുവിന്റെ കർണ്ണാനന്ദകരമായ    ശബ്ദവും എല്ലാം കൂടി ഒരു ഗ്രാമീണ അന്തരീക്ഷം! ഇതൊക്കെ ശരിക്കും ആസ്വദിച്ച് ജീവിക്കുന്നവരാണ് സലീമിന്റെയും ചങ്ങരൻറെയും കുടുംബങ്ങൾ . ഒരു ദിവസം സലീം സുബ്ഹി നമസ്കാരം കഴിഞ്ഞ്വരുമ്പോൾ സാധാരണ കാണാത്ത തന്റെ നാട്ടുകാരനും മൂന്ന് നാല് വീടിനപ്പുറം താമസിക്കുന്ന അയമു ഹാജിയുടെ മകൻ അസ്ലമിനെ കണ്ടത്. അവൻ ഉത്തരേന്ത്യയിൽ എവിടെയോ പഠിക്കുകയാണ്. സലീമിനെ എന്നോകണ്ടതാണ്. രണ്ട് പേരും സലാം പറഞ്ഞ് പരസ്പരം പല കാര്യങ്ങളും സംസാരിച്ചു. ഉത്തരേന്ത്യ കാണാത്ത സലീം ഉത്തരേന്ത്യയിലെ വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു. സംസാരിച്ച് കൊണ്ട് രണ്ട് പേരും യാത്ര തുടർന്നു: വീടെത്തുന്നതിന് മുമ്പായി അസ്ലം സലീമിനോട് പറഞ്ഞു, നിങ്ങളുടെ ചെറിയ മകൾ എപ്പോ നോക്കിയാലും നിങ്ങളുടെ അയൽവാസി ചങ്ങരൻറെ പേരമക്കളുടെ കൂടെയാണല്ലോ കളിക്കുന്നത്, ഇതൊന്നും നമ്മൾക്ക് ചേർന്നതല്ല. അവർ ഹരിജനങ്ങളല്ലേ? അവരോടൊന്നും ബന്ധപ്പെടരുത്'. നമ്മൾ മുതിർന്നവർ ശ്രദ്ധിക്കണം. ഇത്രയും കേട്ടപ്പോൾ സലീമിന്റെ മനസ്സ് വേദനിച്ചു. അവനൊന്നും തിരിച്ച് പറയാൻ കഴിയാത്ത വിധം തൊണ്ട വരണ്ടു. ഇങ്ങനെയൊന്നു പ്രതീക്ഷിച്ചതേയല്ലായിരുന്നു. സലീം ജനിച്ചതു മുതൽ വളർന്നതെല്ലാം ഈ അയൽവാസികളുടെ കൂടെ തന്നെയായിരുന്നു.അങ്ങനെ വളർന്ന സലീമിനെ എങ്ങനെയാണ് അസ്ലമിന്റെ വാക്കുകൾ വേദനിപ്പിക്കാതിരിക്കുക......? അവർ രണ്ട് പേരും പരസ്പരം വാഗ്വാദങ്ങൾ വരെ നടത്തി. അവസാനം സലീം പറഞ്ഞു, അയൽവാസി അരായാലും അവരുമായി നല്ല ബന്ധം പുലർത്താനും സഹകരിക്കാൻ പറ്റുന്ന മേഖലകളിൽ സഹകരിക്കാനുമാണല്ലോ നമ്മോട് നമ്മുടെ മതത്തിന്റെ കൽപന. അതൊക്കെ നീ മറന്ന പോലെയാണല്ലോ നിന്റെ സംസാരം: ...നീയൊക്കെ എവിടെയോ പോയി പുതിയ മതം പഠിച്ച്ത്തിരിക്കുന്നു - സലീമിന് ദേഷ്യവും സങ്കടവും വന്നു. നമ്മുടെ നാടിനും നമ്മുടെ മതത്തിന് ഉൾക്കൊള്ളാനും പറ്റുന്ന സംസ്കാരത്തിലേക്ക് നീ മാറണം എന്നാണ് എനിക്ക് പറയാനുള്ളത്. അവർ നടന്ന് സലീമിന്റെ വീടിനടുത്തെത്തി. സമയം ഒരു പാടായി. മോളെ മദ്രസ്സയിൽ കൊണ്ടാക്കാനുണ്ടു്. നീ കേറുന്നോ ഒരു കട്ടൻ കുടിച്ചിട്ട് പോകാം. സലീം അസ്ലമിനോടായി പറഞ്ഞു. ഇർശാ അള്ളാ പിന്നീടാകാം എന്ന് പറഞ്ഞ്  അസ്ലം യാത്ര പറഞ്ഞ് പോകാൻ നേരം അതാ വരുന്നു ചങ്ങരേട്ടൻ!  വൃദ്ധനായ ചങ്ങരേട്ടൻ മോണകാട്ടിച്ചിരിച്ച് കൊണ്ട് അവരുടെ അടുത്ത് വന്ന് നിന്നു.വടിയും കുത്തിപ്പിടിച്ച് നിൽക്കുന്ന ചങ്ങര നോട് സലീം ചോദിച്ചു ചങ്ങരേട്ടനെവിടെ പോയതാ രാവിലെ തന്നെ? മോണകാട്ടിച്ചിരിച്ച് കൊണ്ട് ചങ്ങരേട്ടൻ പറഞ്ഞു, മോളൂന് ഇന്നു് മദ്റസ്സിൽ പരീക്ഷയാണെന്ന് പറഞ്ഞു, നിങ്ങ വരാൻ നേരം വൈകിയപ്പോ മ്മച്ചി പറഞ്ഞു മോളൂനെ കൊണ്ടാക്കാൻ. പരീക്ഷയായത് കൊണ്ട് മോളുന് നേരത്തെ പോണമെന്നു് പറഞ്ഞു. സ്നേഹത്തോടെയുള്ള ആ വാക്കുകൾ കേട്ട് സലീം അസ്ലമിന്റെ മുഖത്തേക്ക് നോക്കി. കണ്ടാ ഞങ്ങൾ അയൽവാസികൾ ' എന്ന ചോദ്യവും ചോദിച്ചു. അസ്ലം തലതാഴ്ത്തി. അപ്പോഴതാ പാർവ്വതിയമ്മ വരുന്നു. പുഞ്ചിരി തൂകിക്കൊണ്ട് പാർവ്വതിയമ്മ ചോദിച്ചു, അല്ലാ മൂന്നാളും കൂടി എന്തേ ഗൈറ്റിങ്ങൽ തന്നെ നിന്നത്? മറുപടി പറയാതെ തന്നെ സലീം ചോദിച്ചു, ചേച്ചിയെങ്ങോട്ടാ.....? കൊറച്ച് കരിവേപ്പിന്റെല വേണം. പാർവ്വതി നേരെ സലീമിന്റെ പറമ്പിൽ കയറി കറിവേപ്പില ഒടിച്ചു. പുറത്തിറങ്ങി നന്ദിയോടെ പുഞ്ചിരിച്ച് കൊണ്ട് ചങ്ങരേട്ടനെയും കൂട്ടി അവരുടെ വീട്ടിലേക്ക് നടന്നു.ഇതും കൂടി കണ്ടപ്പോൾ അസ്ലമിന് ശരിക്കും മനസ്സിലായി, അയൽപക്ക ബന്ധത്തിന്റെ ആഴവും സേ നഹവും!
അസ്ലം സലീമിൻറെ കൈ പിടിച്ച് സലാം ചൊല്ലി യാത്ര പറഞ്ഞു. "നല്ല അയൽവാസിയും സുഹൃത്തുക്കളുമാണ് ഞങ്ങൾ. അതിന് മതത്തിന്റെയോ അല്ലെങ്കിൽ മറ്റെ ന്തിന്റെയെങ്കിലും പേരിൽ അകറ്റി നിർത്തേണ്ടവരല്ല അയൽവാസിയെന്ന് " നഗ്നനേത്രങ്ങളെക്കൊണ്ട് കണ്ട് ബോധ്യപ്പെട്ട് സന്തോഷത്തോടെയാണ് അസ്ലം മടങ്ങിയത്. ഇങ്ങനെയാണ് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം, അല്ലാതെ ജാതിയും മതവും നോക്കിയല്ല അയൽവാസിയെ സ്നേഹിക്കേണ്ടത്. "തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ച് തിന്നുന്നവൻ എന്നിൽ പെട്ടവനല്ല എന്നാണല്ലോ തിരുവചനം"
(അയൽവാസിയായ മുസ്ലിം എന്നു പറഞ്ഞിട്ടില്ലെന്ന് ഓർക്കണം )
------------------------------------------------------------------------
✍🏻 ഹനീഫ പി. കെ

No comments:

Post a Comment