സ്കൂൾ പൂട്ടിയ സന്തോഷത്തോടെയാണ് മദ്രസ്സ വിട്ട് പുറത്തേക്കോടിയത്.
ൻറെ സൈദിനെ കാണുന്നില്ലല്ലോ .......?
കുട്ടികളൊക്കെ പോയിക്കഴിഞ്ഞു. ൻറെ സൈദിനെ കാണാനില്ലല്ലോ ......!
എല്ലാ കുട്ടികളും പോയിക്കഴിഞ്ഞപ്പോൾ മോല്യേര് ചെവിക്ക് പിടിച്ച് പുറത്തേക്ക് കൊണ്ടു വരുന്നു ൻറെ സൈദിനെ !
സൈദേ എന്താടാ....?
ഞാനാ ആദ്യം പുറത്തേക്ക് ബന്നീനത്, മൈമാലി മുന്നിച്ചാടീപ്പോ ഞാൻ കാല് വള്ള്യച്ച് തളളിട്ടു. അത് അയാള് കണ്ടു. ഇന്നോട് പറഞ്ഞു ഒടുക്കം പോയാ മതീന്ന്.....
സാരമില്ല. ചെവിവേദനിക്കുന്നുണ്ടെങ്കിലും എന്റെ വാക്കുകൾ ൻറെ സൈദിനെ ആശ്വസിപ്പിച്ചു.
ജ്ജ് ൻറോട്ക്ക് പോരേ, അനക്ക് ഞാൻ ഒരു വണ്ടി കാണിച്ച് തരാം.
എന്ത് വണ്ടിയാ സൈദേ ?
എണ്ണവണ്ടി, മക്കത്തക്ക് എണ്ണ കൊണ്ടോണെ വണ്ടിയാ.......
അൽഭുതം തോന്നി!
വണ്ടി കാണാനുള്ള മോഹം മനസ്സിലുദിച്ചു.
രണ്ട് പേരും എന്റെ വീട്ടിലൂടെ പോയി. ശർക്കരച്ചായയും തേങ്ങയിട്ട് ഇലയിൽ പരത്തി ചുട്ട കട്ടിപ്പത്തിരിയും കഴിച്ചു.
പിന്നെ ഒരോട്ടമായിരുന്നു.
ൻറെ സൈദിന്റെ പുരയിലാണ് ഓട്ടം നിന്നത്.
അകത്ത് പോയി ഒരു തീപ്പെട്ടിയുമായി വന്നു.
തീപ്പെട്ടി തുറന്നു .... കാവിയും കറുപ്പും നിറത്തിലുള്ള, കണ്ണികൾ അടുക്കിയ പോലൊരു പുഴു പുറത്തുചാടി.
ഇതാണ് മക്കത്ത്ക്ക് എണ്ണ കൊണ്ടോണ എണ്ണ വണ്ടി...... ൻറെ സൈദ് ആർത്തു ചിരിച്ചു.
ൻറെ സൈദിന്റെ നിർദ്ദേശം അനുസരിച്ച് കൊണ്ട് ഞാൻ ആ പുഴുവിന്റെ പുറത്ത് തലോടി' അൽഭുതം! വിരൽ നിറയെ എണ്ണ!
നിനക്കിതിനെ എവിടുന്നാ കിട്ടീത്?
" മക്കത്ത്ക്ക് എണ്ണ കൊണ്ടോകുമ്പോ ഞാൻ പിടിച്ചതാ"
പുഴുവിനെ സ്വതന്ത്രമാക്കി.
അത് പടിഞ്ഞാറോട്ട് പ്രയാണം തുടങ്ങി.
പിന്നീട് ഞാൻ കണ്ടു, എന്റെ വീടിനടുത്തു കൂടിയും എണ്ണ വണ്ടി ഓടുന്നത്.
മാസങ്ങളും വർഷങ്ങളും കടന്നു പോയി .....
മക്കത്ത് എണ്ണ മതിയായതുകൊണ്ടാണോ ആവോ....
പിന്നീട് എണ്ണ വണ്ടി ഇതുവഴി കടന്നു പോകാറില്ല.
----------------------------------------------------------------------------------------------
✍🏻 എം ആർ സി അബ്ദുറഹ്മാൻ