Thursday, 24 March 2016

നോവൽ "കള്ളിത്തുണി" - ( ഭാഗം -02 )


.....അടുക്കളയിൽ ഉമ്മ തിരക്കിട്ട പണിയിലായിരുന്നു.

സൈദും താത്തയും ഉമ്മറപ്പടിയിൽ ഇരുന്നു.

ഉമ്മാ...
എന്നാ
ബുധനാഴ്ച

ചോദിച്ചത് സൈദു ആയിരുന്നു.

എന്താടാ

അന്നല്ലെ കുന്നുംപുറം ചന്ത

ഉമ്മ ഒന്ന് മൂളി

പിന്നെ പറഞ്ഞു
അതിന് രണ്ടീസം കൂടിണ്ട്
ന്റെ സൈദോ

ഉമ്മയുടെ അടുക്കള പണിയുടെ തെരക്ക് കണ്ടിട്ട് കൂടുതലൊന്നും സംസാരിക്കാൻ രണ്ട് പേർക്കും തോന്നിയില്ല.
അതു കൊണ്ട് തന്നെ കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയതുമില്ല.

ഈ മൗനത്തിനിടയിലും അടുക്കളയിലെ അലുമിനി പാത്രങ്ങൾ ഇടക്കിടെ ഒച്ച വെച്ചു.
കിണറ്റിൻകരയിൽ നിന്ന് കപ്പി കരഞ്ഞു.

സമയം മെല്ലെ നീങ്ങുന്നതിനിടയിൽ ഒന്ന് രണ്ട് തവണ താത്ത സൈദുവിന്റെ ചെവിയിലെന്തോ പറഞ്ഞു.
പിന്നെ ഉമ്മാന്റെ മുന്നിലേക്ക് ചെറിയൊരു തള്ള് കൊടുത്തു.

ഉമ്മ അമ്മിയിൽ തേങ്ങ അരക്കുകയായിരുന്നു.

സൈദു ആ അമ്മിത്തിണ്ട് ചാരി നിന്നു.
ഉമ്മാ...
എന്തെടാ
ഞാനൊരു കാര്യം പറട്ടെ
ബോം  പറെടാ
ച്ച് അന്നേറ്റ് മാഞ്ഞാളം കൊഞ്ചി നിക്കാൻ നേരംല്യ.

മമ്പോറ്ത്ത്ക്ക് യാറം മൂടാൻ പോവുമ്പോ
താ ത്താനെ കൊണ്ടോവൂലേ

അത് ചോയിച്ചാനാ ജ് ഇത് വരെ ഒരുങ്ങിനിന്നീണ്ട്
ഞമ്മക്ക് എല്ലാർക്കും പോവ ന്റെ സൈദോ

ജ് പോയി പല്ല് തേച്ച് വാ

സൈദു സന്തോഷത്തോടെ എറയത്ത് തൂക്കിയിട്ടിരുന്ന തകരപ്പാട്ടയിൽ നിന്ന് ഇമ്മിക്കരി എടുക്കാൻ പോയി

പിന്നാലെ താത്തയും വന്നു

കൊട്ടത്തളത്തിൽ നറച്ച് വെച്ച കിണ്ടി എടുത്ത് പുതുതായി വെച്ച തെങ്ങിൻ തെയ്യിന്റെ അടുത്ത് പോയി രണ്ടാളും കൂടി പല്ല് തേച്ചു
അയലിൽ നിവർത്തിയിട്ടിരുന്നതോർത്ത് കൊണ്ട് മുഖം തുടച്ചു

പിന്നെ
നേരെ പൂമുഖത്തേക്ക് ചെന്ന് വല്ലിപ്പാന്റെ ചാരുകസേരക്ക് അടുത്ത് നിന്നു

വല്ലിപ്പ രാവിലത്തെ പ്രാദേശിക വാർത്ത കേൾക്കുകയായിരുന്നു

റേഡിയോ വെച്ച മേശക്കടുത്ത് ചാരി നിന്ന രണ്ടാളോടും  വല്ലിപ്പ തൊള്ളയിട്ടു

ഇങ്ങള് രണ്ടാളും കൊറച്ച് അപ്പൊറത്ത്‌ക്ക് മാറിക്കാണി

ആറേഡിയോ ഇപ്പ ങ്ങള് തള്ളിടും.

സൈദും പെങ്ങളും കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു

വല്ലിപ്പ എറയത്ത് തൂക്കിയിട്ടിരുന്ന പാനീസ് ബെള്ക്ക് തൊട്ച്ച് വൃത്തിയാക്കാനുള്ള പൊറപ്പാടിലാണ്.
രണ്ട് പേരും അത് കൗതുകത്തോടെ നോക്കി നിന്നു.


ഗ്ലാസ് ഊരി ഒരു നാടൻ തുണികൊണ്ട് തുടച്ചപ്പോൾ പാനീസിന് വല്ലാത്ത തെളിച്ചം

അതിനിടെ അടുക്കളയിൽ നിന്ന് ഉമ്മാന്റെ ചായക്കുള്ള വിളി വന്നു

ബേം ചായ കുടിച്ചാൻ പോയി
ഉമ്മാക്ക് വേറെ പണിയുണ്ടാവും
വല്ലിപ്പ താക്കീത് ചെയ്തു.

മനമില്ലാ മനസ്സോടെ
തെളിയുള്ള ആ പാനീസ് കാഴ്ചയിൽ നിന്ന് സൈദുവും പെങ്ങളും കണ്ണ് വലിച്ച് ചായ കുടിക്കാൻ പോയി

      
     
  (തുടരും)
-------------------------------
സത്താർ കുറ്റൂർ

No comments:

Post a Comment