Monday, 21 March 2016

******* നടപ്പാതകൾ ********


തൊള്ളായിരത്തി എമ്പത്തി രണ്ടിലെ ഡിസംമ്പർ മാസത്തെ മഞ്ഞുള്ള ഒരു ബുധനാഴ്ച...

കാരപറമ്പിലെ പുതിയ മാള്യെപുരയിൽ പാർത്തിട്ടു മാസങ്ങളെ ആയുള്ളൂ... വീട്ടു സാധനങ്ങൾ വാങ്ങാൻ കുന്നുംപുറം ചന്തക്കു പോകുന്ന ജേഷ്ടൻ ബാവാക്കാനോടൊപ്പം  ഞാനും കൂടി...
നാലു വയസ്സുക്കാരന്റെ നാടു കാണാനുള്ള ആഗ്രഹത്തിനു ഉമ്മയുടെ പച്ചക്കൊടി...  കള്ളിത്തുണി കൊണ്ടുവന്നു അരയിലെ അന്നച്ചരടിൽ കോർത്തുകെട്ടി, അശയിൽ കിടന്ന ബനിയെനുടുത്തുടുപ്പിച്ചു, വലിപ്പം കുറഞ്ഞ ഹവായി ചെരിപ്പിൽ കയറി നിന്നപ്പോ എനിക്കു ഞാൻ തന്നെ ഒരു ശുജായിയായി ത്തോന്നി...

"
കീപ്പട്ടോക്കി നടന്നോളെണ്ടിം.. ഏടായി നെറച്ച് മുള്ളാ"
ഉമ്മാന്റെ നിർദേശവും നെറ്റിയിൽ തന്ന സ്നേഹച്ചുംബനവും വാങ്ങി ഞാനിറങ്ങി...

കയകടന്നു ഇടുങ്ങിയ ഇടവഴിയിലെക്കിറങ്ങി. ഹസ്സൻകുട്ടി ഹാജിയുടെ വിശാലമായ പറമ്പിനു ചുറ്റുമുള്ള മൺ മതിലിന്നു മുകലിൽ മുള്ളു വേലികെട്ടുന്ന വേലുവിനോട്‌ കുശലം പറഞ്ഞു ബാവാക്ക മുമ്പേ നടന്നു.

ഇടവഴി വക്കിലുള്ള അയൽകാരെല്ലം വിശേഷം ചോദിച്ചു. എല്ലാരോടും മറുപടി
നാണം കുണുങ്ങിയ ഒരു ചിരിയിലൊതിക്കി.

ഓലപ്പുരയുടെ മുറ്റത്ത്
കള്ളിത്തുണി മാത്രം ഉടുത്തു നെല്ലിക്കയും പച്ചപ്പുളിയും കൊട്ടയിലാകുന്ന അബ്ദുറഹ്മാൻ കാക്കയും ഭാര്യ പാത്തുന്തയും എന്നെ നോക്കി ചിരിക്കുന്നു..

പറങ്കി മാവിന്റെ ഉണങ്ങിവീണ ഇലകൾ നടത്തത്തിന്നു താളം പിടിച്ചു.

നീളമുള്ള ബാവാക്കയുടെ കൂടേ എത്താൻ എനിക്ക് ഇടക്കിടക്ക് ഓടേണ്ടി വന്നു.

ഓട്ടത്തിനിടയിൽ ഒരു ഇല്ലികോലു ചെരിപ്പും തുളച്ചു പെരുവിരലിന്റെ  അടിയിൽ ചെന്നു തറച്ചു.
വേധന കൊണ്ടു പുളഞ്ഞ ഞാൻ അറിയാതെ അലറി

"
ആവൂ..."

കണ്ണുതള്ളി ഇളിച്ചു നിൽകുന്ന എന്നെ കണ്ട ബവാക്ക പതുക്കെ മുള്ളു പറിച്ചെടുത്തു ചെരിപ്പു തന്നിട്ടു ചോദിച്ചു
"
നല്ല വെധന്യുണ്ടോ"
"
ഊംഉം"
വേദന കടിച്ചമർത്തി ഇല്ലാന്നു തലയാട്ടി.

ഉണ്ടെന്നു പറഞ്ഞാൽ തിരിച്ചു വീടിലാകുമോ എന്ന പേടി.

""
നോകി നടന്നോ, മുള്ള് ഞ്ഞും ണ്ടാകും... വേലു വേലി കെട്ടിണേയുള്ളൂ""

"
ഊൗം"

കൊക്കിചാടിയാണെങ്കിലും ബാവാക്കന്റൊപ്പം വലിഞ്ഞു നടന്നു. ആവേശത്തിന്റെ അത്രിപ്പത്തിൽ വേദന അറിയതെയായി...

കുട്ട്യാല്യാക്കാന്റെ വീടും ന്റെ  കൂട്ടുക്കാരൻ യഖൂബിന്റെ വീടും കഴിഞ്ഞു മലാരിത്തെക്കിറങ്ങി.

ധാരാളം കൊമാങ്ങ മാവുകളും, പറങ്കി മാവുകളും അവിടം ഒരു കാനനമാക്കിയിരിക്കുന്നു... പഴുത്ത  കൈത ചക്കയുടെ മണം മൂക്ക് തുളച്ചു കയറി വായിൽ ഉറവ പൊട്ടിച്ചു..
പാറ കെട്ടുകൾ നിറഞ്ഞ കുത്തനെയുള്ള ഇറക്കം ശ്രദ്ധയോടെ ഇറങ്ങി ചേലാട്ടിലെത്തി.

ചെലാട്ടിലെ നടപ്പാതയുടെ വക്കിൽ കാടു മൂടിക്കെടുക്കുന്ന കിണർകിണറിന്നടുത്ത് പാറക്കെട്ടിനടിയിൽ വലിയ ഗുഹ... ഇരുട്ടു മൂടിയ ഗുഹാമുഖം മനസ്സിൽ ഭീതിയുണ്ടാക്കി...

ആലാഞ്ചീരിയും ച്ചേലാടും കഴിഞ്ഞ് ഞങ്ങളുടെ തറവാട്ടിലെത്തി...

അവിടെ പാട വക്കിലെ വിശാലമായ AKH ന്റെ തോട്ടത്തിൽ മോട്ടറിട്ടു നനക്കുന്നത് കൗതുകത്തോടെ നോകി നിന്നു...
ചെറിയ കൊട്ടത്തളതിലേക്ക് വയലിയ പൈപിലൂടെ വെള്ളം ചാടുനത് കണ്ടപ്പോൾ അതിൽ ചാടിക്കുളിക്കാൻ പൂതി തോന്നി.

മുറ്റത്ത് മൂത്താപ്പനോട് സംസാരിച്ചു നിന്ന ബാവാക്കനെ തോണ്ടി കാര്യം പറഞ്ഞു.
"
ഇച്ച് കുൽച്ചണം"

ബാവകാന്റെ മൌന സമ്മദത്തോടെ ഞാൻ തോട്ടത്തിലെക്കോടി..

ചെറിയ കെട്ടിൽനിന്നൊലിക്കുന്ന വെള്ളം ചാലു കീറി തെങ്ങിൻ ചുവട്ടിലേക് നീക്കുന്ന നീലാണ്ടനെ കണ്ടപ്പോൾ ഞാൻ ചാട്ടാം ബ്രേക്കിട്ടു നിന്നു.

"
ഊം?" എന്നു നീലാണ്ടൻ

"
ഊംഉം" എന്നു ഞാനും

അന്താളിച്ചു നിന്ന എന്നെ ചൂണ്ടി ബാവാക്ക വിളിച്ചു പറഞ്ഞു

"
ഓനു അയ്ലൊന്നു ചാടിക്കോട്ടേ"

"
ആയ്കോട്ടെ"

കേൾക്കേണ്ട താമസം, തുണിയും ബനിയനും അഴിച്ചു, അടുത്ത ഈന്തു മരത്തിന്റെ ചുവട്ടിലെകിട്ടു.
പിന്നെ അമാന്തിച്ചില്ല, ഒറ്റ ചാട്ടം. ആഴമില്ലാത്ത സിമന്റ്‌ കെട്ടിലെക്ക് ചാടിയ എന്റെ കാൽമുട്ടിൽ നിന്നു ചോര പൊടിഞ്ഞു...
അതൊന്നും കാര്യമാകാതെ
വലിയ ഒരു കുളിത്തിൽ ചാടിയ പ്രദീതിയിൽ അങ്ങോട്ടുമിങ്ങോട്ടും നീന്തി...
വെള്ളം ചാടുന്ന പൈപിന്റെ ചുവട്ടിൽ തലപിടിച്ചങ്ങിനെ കുറേ നേരമിരുന്നു.
ഇളം ചൂടുള്ള വെള്ളം മേലിലൂടെ ഒഴുകിയപ്പോൾ നല്ല സുഖം തോന്നി...

കഴിഞ്ഞ മാസം ചെമ്മാട് അഹമ്മദ്കൊയ ഡോക്റെരുടെ അടുത്തു കൊണ്ടുപോയി മിനുക്കി കൊണ്ടു വന്ന എന്റെ കുഞ്ഞുണ്ണിയെ കണ്ടു നീലാണ്ടൻ ബവാകനോട് ചോദിച്ചു.

"
യെ, ഇബന്റെ സുന്നതല്ല്യാണം കയിഞ്ഞോ".

"
ആ.."

മറുപടി ഒരു മൂളലിൽ ഒതുക്കി ബാവാക്ക എന്നോട് കേറാൻ പറഞ്ഞു...
കേൾക്കാതായപ്പോ അടുത്തു വന്നു പോകിയെടുത്തു, കയ്യിലുണ്ടായിരുന്ന ഉറുമാലെടുത്തു തല ത്തോതി തന്നു.

തുണിയും ബനിയനുമിട്ട് ചന്തയിലെക്കുള്ള യാത്ര തുടർന്ന്.

ഏടായികുണ്ടിന്റെ വക്കത്തെത്തിയപ്പോൾ വയറ്റിൽ എന്തൊക്കെയോ ഉരുണ്ടുകൂടി... പിടിച്ചു നിറുതിയിട്ടും രക്ഷയില്ല...

"
ബാവാ, ച്ച് തൂറാൻ മുട്ടണ്."

ഏടായികുണ്ടിനു കുറുകേയിട്ട തെങ്ങിൻ തടിയിൽ പാതി എത്തിയ ബവാക തിരിഞ്ഞുനിന്നു ആൾമറയില്ലാത്ത കിണറിനപ്പുറത്തേക്ക് ചൂണ്ടി പറഞ്ഞു "ആ പോന്തക്കാട്ടീ പോയി ഇരുന്നോ"..

എന്നിട്ടു കപ്പിയിൽ കോർത്ത പാളയും കയറും ആഴം കുറഞ്ഞ ആ കിണറ്റിലെക്കിട്ടു. എണ്ണയിടാത്ത കപ്പി ഉറക്കെ കരഞ്ഞു... ആഞ്ഞു കോരിയപ്പോൾ കപ്പി എന്തൊക്കെയോ പരാതി പറയുന്ന പോലെ തോന്നി.

കിണറിനടുത്തു ഒരാളുയരത്തിൽ മണ്ണു കൊണ്ടുണ്ടാക്കിയ കുളിപ്പുര. മുളകൾ കൊണ്ടു അലകു വെച്ചു ഓലമേഞ്ഞ കുളിപ്പുരക്ക് വാതില്ലയിരുന്നു.

അകത്തു കേറി വെള്ളവും കാത്ത് പൊന്തിച്ചിരുന്നു...
കാൽമുട്ടിലെ തൊലി പോയ മുറിവിൽ നിന്നു നീറ്റെലുടുക്കുന്നു...

എച്ചിലു പറ്റിയ ഓവിൽക്കൂടി അരിച്ചു വരുന്ന കറുത്ത ചേരാട്ട എന്നെ തുറിച്ചു നോക്കി...
"
മേം   കയ്കിക്കോ"
ഊക്കോടെ ഒഴിച്ച വെള്ളത്തിൽ ചേരാട്ട ഒലിച്ചുപോയി...

യാത്ര തുടർന്നു...
എടായിക്കുണ്ട് കടന്നു പാപ്പാട്ടെ കയക്കിലെത്തി. വെള്ള കുമ്മായമടിച്ച സിമന്റ് കൊണ്ടുണ്ടാകിയ നല്ല ഭംഗിയുള്ള കയ. രണ്ടു ഭാഗത്തും ഇരിക്കാൻ പാകത്തിൽ വീതിയുള്ള തറ.  സിമന്റ്‌ പടികൾ കടന്നു ഇറങ്ങിച്ചെല്ലുന്നത് പാടത്തേക്ക്.

പാടത്തേക്ക് തൂങ്ങിക്കിടക്കുന്ന കാടുതിങ്ങിയ പപ്പാട്ടെ കാവ് നല്ല വെയിലിലും ഇരൂട്ടു മൂടിക്കിടന്നു.

കയ കടന്നു പാടതെക്കിറങ്ങിയപ്പോഴും മണ്ണെണ്ണ മോട്ടറിന്റെ ഒച്ച അക്കരിന്നു പ്രതിധ്വനിച്ചു കൊണ്ടിരിന്നു.

ഈർപ്പം മാറാത്ത പാടവരംബിലൂടെ അക്കരയ്ക്കു നടന്നു... വയലിന്നരുവിലൂടെ ഒഴുകുന്ന തോട്ടിൽ അലക്കികൊണ്ടിരുന്ന നാരായണി എന്തൊക്കെയോ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.

തിരിഞ്ഞു നോകാതെ നടന്നു. ശ്രദ്ധതെറ്റിയാൽ വെള്ളത്തിൽ വീഴും. വഴുവഴുപ്പുള്ള വരമ്പിലൂടെ ഹവായി ചെരുപ്പിട്ട് നടക്കാൻ നല്ല മിടുക്ക് വേണം.


കുന്ന് കയറി ടാറിട്ട റോഡിലെത്തി. റോഡിലൂടെ ഇടക്കിടക് പോകുന്ന വാഹനങ്ങൾ...
കൂണുപോലെ പാറകൊണ്ടുണ്ടാക്കിയ കൊടക്കല്ല് കാഴ്ചക്ക് കൌതുകമുളവാക്കി...

തിരിഞ്ഞും മറിഞ്ഞും മേലോട്ടുംനോകി ഓടിയും നടന്നും അങ്ങിനെ ചന്തയിലെത്തി....

അമ്പിട്ടാന്റെ ബാർബർ ഷോപ്പ് കഴിഞ്ഞാൽ ചന്ത ആരംഭിച്ചു...

കൽ കാലിൽ നീട്ടിയ ഓടിട്ട നീണ്ട കെട്ടിടം കണ്ടാൽ കുറ്റൂർ സ്കൂളാണെന്നു തോന്നും...

ചന്തയിലേക് കയറുന്ന വലതു ഭാഗത്ത് പാട്ടുകാരൻ കുഞ്ഞറമുട്ടിക്കന്റെ പുസ്തകക്കട. വലിയ ഷീറ്റിൽ നിരത്തി വെച്ചിരിക്കുന്ന ഒരു പാടു പുസ്തകങ്ങൾ...
പാട്ടു പാടി അദ്ദേഹം ആളുകളുടെ ശ്രദ്ധ ക്ഷണിക്കുന്നു...
കളർ ചിത്രങ്ങളുള്ള പുറംച്ചട്ടകൾ
വായിക്കാൻ അറിയാത്തതോണ്ട് അല്പ നേരം നോകിയിരുന്നു...
മെലിഞ്ഞു നീണ്ട ഒരു പയ്യൻ അടുത്തു നിന്നു വയിക്കുനത് കേട്ടു
"
കുഞ്ഞായീം മുസ്ലിയാരും മങ്ങാട്ടച്ചനും"
"
താരാട്ടു പാട്ടുകൾ"
"
ഹോജാ ഫലിതങ്ങൾ"
"
നാലു സ്വഹാബിമാർ"
"
നബിദിന ഗാനങ്ങൾ"
പിന്നെ അല്പം മെല്ലേ ചില ബുക്കുകളുടെ പേരും വായിച്ചു അതിലൊന്നുംവാങ്ങി അവൻ സ്ഥലം വിട്ടു.

വലത്തോട്ടു നടന്നപ്പോൾ നിരനിരയായി ഇരിക്കുന്ന ഇറച്ചി കച്ചവടക്കാർ...

തൂക്കിയിട്ടിരിക്കുന്ന കൊറുകിൽ ഉഴിഞ്ഞും അടിച്ചും അവർ ആളെ കൂട്ടുന്നു.

"
ഹജ്യാരെ നല്ല മിടുക്കൻ പോത്താ, ഇങ്ങട്ട് ബരീം" ഒരുത്തൻ ഉഷാറാക്കിപ്പറഞ്ഞു.

"
ഹാജ്യരെ അതു കറവ ബറ്റ്യ പജ്ജാ. പോത്തർച്ചി മാണെങ്കി ഇതിമ്മന്നെടുത്തോളീ" മറ്റവൻ പാര പണിതു.

വാങ്ങാൻ വന്ന ഹാജ്യാർ തോളിലെ മുണ്ടെടുത്ത് ഒന്നു കുടഞ്ഞു. തിരിച്ചു തോളിലെക്കിട്ട് അടുത്ത കച്ചവടക്കാരന്റെടുത്തെക്കു പോയി.

ചന്തക്കു നടുവിൽ മുളക്കാലിൽ കെട്ടിയ ഓല പന്തിലിൽ നിറയെ ഒണക്കമീൻ കച്ചവടക്കാർ...
കിഴക്ക് ഭാഗത്തെ വലിയ ആൽമരത്തിന്നു ചുറ്റും ആടുകളെയും പശുക്കളെയും കെട്ടിയിരിക്കുന്നു..

അതിനടുത്തു നല്ല പുള്ളികളുള്ള ചൊകന്ന നാടൻ കോഴികൾ, കാലു കെട്ടിയതു കൊണ്ടു ഓടിപോകില്ല.

കവാടത്തിന്റെ ഇടതു വശത്ത് ഒരാളിരിക്കുന്നു, മുമ്പിൽ ഒരു പേപ്പറിൽ കുറേ ഫോട്ടോ നിരത്തിയിട്ടുണ്ട്. സിനിമാ നടിമാരുടെയും മറ്റും ഫോട്ടോ ആണെന്നു  ബാവാക പറഞ്ഞു, അതു നോകി നിന്ന എന്നെ പിടിച്ചു വലിച്ചു.

"
ഒന്നു വെച്ചാൽ രണ്ട്, രണ്ടു വെച്ചാൽ നാലു, വേഗം വരീ..ഹലൂ കൂയി"
അയാൾ വിളിച്ചു കൂവുനുണ്ടായിരുന്നു.

അതിനപ്പുറം മഴുവും അരിവാളും വിൽകുന്നവർ. ചിലർ തീ ഊതി മൂർച്ച കൂട്ടിക്കുന്നവർ... അങ്ങിനെ നീണ്ടു പോകുന്നു കാഴച്ചയുടെ ലോകം.

മീശ പിരിച്ചു വെച്ച കേളു വൈദ്യരുടെ നെരപ്പലകയിട്ട കടയിൽ നിന്നു തൈലവും ബാക്കി സാധനങ്ങളും വാങ്ങി തിരിച്ചുപോരാൻ നേരത്താണ് ആ കാഴ്ച കണ്ടത്.

ആളുകൾ കൂട്ടം കൂടിനിൽകുന്നു.. ഞാൻ  തിരക്കിനിടയിലൂടെ വിധക്തമായി നുഴഞ്ഞു കയറി മുന്നിലെത്തി...
തകരപ്പാത്രം കമിഴ്ത്തി വെച്ചു ഈണത്തിൽ കൊട്ടുന്ന ഒരു വ്രദ്ധനും അതിനനുസ്സരിച്ചു നിർത്തം വെക്കുന്ന രണ്ടു പെൺകുട്ടികളും....

ചെറിയ പ്രായം തോന്നിക്കുന്ന രണ്ടു കൊച്ചു മിടുക്കികൾ...
ചുകന്ന പാവാടയും ഇളംനീല ബ്ലൗസും തലയിലെ വട്ടത്തോപ്പിയും അവരെ കൂടുതൽ മൊഞ്ചുള്ളവരാക്കി... കഴുത്തിൽ നല്ല വീതിയിൽ ഭംഗിയുള്ള പട്ട, ലിപ്സ്റ്റികിട്ട ചുണ്ടുകൾ, കണ്മഷിയിട്ട വെള്ളാരം കണ്ണുകൾ എല്ലാം നോകിയിരിക്കാൻ തന്നെ നല്ല ചന്തം...
കറുത്തു മെലിഞ്ഞ അയാളുടെ നീണ്ട താടി മൊത്തം നരച്ചിട്ടുണ്ട്...

കൊട്ടിനിടയിൽ അയാൾ പടുന്നുമുണ്ട്... ഇടക്കിടകുള്ള ശബ്ദങ്ങളിലൂടെ നിർത്തത്തിന്റെ ഗതി അയാൾ
നിയന്ത്രിക്കുന്നു.

ദൈന്യത തളംകെട്ടിയ മുഖമാണെങ്കിലും മിടുക്കികൾ ഒരു മടുപ്പും കൂടാതെ കളിക്കുന്നുണ്ട്....

കുട്ടികളുടെ അടുത്തുതന്നെ ഞാൻ നിന്നു... എന്നെ കണ്ണെടുക്കാതെ നോകിക്കൊണ്ടവർ ഡാൻസ് തുടർന്നു..

കൊട്ടു നിന്നു..
ഡാൻസ് നിറുത്തി തലയിലെ തൊപ്പി മലർത്തിപ്പിടിച്ചു പെൺകുട്ടികൾ ആളുകളുടെ മുമ്പിൽ നിട്ടാൻ തുടങ്ങി. 

ഓരൊർതരു ചില്ലറതുട്ടുകൾ അതിലേക്കിട്ടു... അതിലൊരു മിടുക്കി എന്റെ നേരെയും തൊപ്പി നീട്ടി. കയ്യിലൊന്നുമില്ലത്ത ഞാൻ അവളുടെ കണ്ണുകളിലേക്ക് നോകി... ദേഷ്യമോ... സന്താപമോ... അറിയില്ല. അവൾ മുഖം തിരിച്ചു നടന്നു...

തിരിഞ്ഞു നടന്ന അവളുടെ പിന്നിൽ ഞാൻ കണ്ടു.....


പാവടക്കടിയിലൂടെ പുറത്തേക്ക് വളഞ്ഞു നിൽക്കുന്ന വാലും, കഴുത്തിലെ പട്ടയിൽ തൂങ്ങുന്ന ചങ്ങല കൊളുത്തും

------------------------------
അമ്പിളി പറമ്പൻ മുനീർ


No comments:

Post a Comment