Sunday, 27 March 2016

🚌✈ആ യാത്രയിൽ🚌✈


            പൂച്ചാക്കാ..... ഒരലർച്ചയായിരുന്നു. ഞെട്ടിയുണർന്നപ്പോൾ കൂരിരുട്ട്. എന്തോ ദുഃസ്വപ്നം കണ്ടതാണ്. ഒരെത്തും പിടിയും കിട്ടുന്നില്ല. അപ്പോഴേക്കും അടുത്ത് കിടന്നവരൊക്കെ ഉണർന്നിരിക്കുന്നു. ഒരാൾ തീപ്പെട്ടിയുരച്ചു, വേറൊരാൾ തപ്പിത്തടഞ്ഞ് ലൈറ്റിട്ടു സ്ഥലകാല ബോധമുണ്ടായതപ്പോഴാണ്.
            ബോംബെ നഗരത്തിലെ ടെങ്കർമുല്ല സ്ട്രീറ്റിൽ ഒരു പഴയ നാലുനില കെട്ടിടത്തിലെ ചെറിയ മുറി.  മുറിയിൽ അഞ്ചാറു ചെറിയ കട്ടിലുകൾ അതിലൊക്കെ ആളുമുണ്ട്.  എന്റെയൊപ്പമുള്ള രണ്ടാളും (ഒരാൾ നാട്ടുകാരനും മറ്റേത് കുന്നുംപുറത്തുള്ള ഒരു  ബന്ധുവും) വേറെ മൂന്നാളും.
"യൗടേണീബട പൂച്ചാക്കഒപ്പംവന്ന ഒരാൾ ചോദിച്ചു. സാരല്ല ഒർക്കത്തിക്കണ്ടതേക്കാരംആദ്യായിപൊരവിട്ട് പോന്നതല്ലേ... മറ്റവൻ സമാധാനിപ്പിച്ചു. ഞങ്ങള് പേടിച്ചുപോയി മറ്റുള്ളവർ പറഞ്ഞു. ആരാ ഈ പൂച്ചാക്ക... അതോന്റെ കാർനോലാ.. അവർ പിന്നെയും പലതും ഒപ്പമുള്ളോരോട് ചോദിച്ചുകൊണ്ടിരുന്നു. "ഇപ്പത്തും ങ്ങള് ഒർങ്ങിക്കോളീ..നേരം 11 മണി ആയീട്ടുണ്ടാവും.  എന്നോട്  ഉറങ്ങാൻ പറഞ്ഞ് അവരും കിടന്നു.  പിന്നെയും ഇരുട്ട്. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ഓർമ്മകൾ ഓരോന്നും മനസ്സിൽ  മിന്നിമറയുന്നു. നാടും വീടും പള്ളിയും പരിസരവും ഉപ്പയും ഉമ്മയും,യാത്രയയക്കുമ്പോൾ ഉമ്മ നൽകിയ ഉമ്മ. പെങ്ങൻമാരുടെ വിതുമ്മലുകൾ... അറിയാതെ കണ്ണുനിറഞ്ഞു.

        1991മാർച്ചിലാണ്,(19 ംവയസ്) ഒരു നോമ്പ്കാലം. ഗൾഫിലേക്കൂള്ള  കന്നിയാത്ര.  കൊണ്ടോട്ടീന്നാണ് ബോംബെ ബസ്സ് .  ഒമ്പതരക്ക് കോഴിക്കോട്. ആരൊക്കെയോ  കേറാനുണ്ട്. കുറേ നേരം ബസ് അവിടെ നിന്നു. ഇടക്ക് ഓരോരുത്തര് ഇറങ്ങി എന്തൊക്കെയോ വാങ്ങുന്നുണ്ട്, എന്റെ കൂടെയുള്ളവർ  ബത്തക്ക കഷ്ണങ്ങളുമായി വരുന്നു.  ഒന്ന് എന്റെ നേരേ നീട്ടി.
ച്ച് മാണ്ട... നോമ്പോറ്റക്ക്വാ.!  ജ്ജ്  ത് പുട്ച്ച്.. അവർ നിർബന്ധിച്ചു.  ബൈക്കന്ന് നോമ്പർക്കാനൊന്നും കരുതി വാങ്ങി.  ഓർമവെച്ചത് മുതൽ നോമ്പ് ഒഴിവാക്കീട്ടില്ല. ഒടുവിൽ അവർ  പറഞ്ഞു: ഹലാലായ യാത്രയിൽ നോമ്പ് മുറ്ച്ചാ... പിന്നെ വീട്ട്യാമതി.  മനസ്സില്ലാമനസ്സോടെ വാങ്ങി. ബത്തക്ക മധുമാണെങ്കിലും കൈപ്പോടെ തിന്നു. പിന്നീടങ്ങോട്ട് നോമ്പെന്താന്നറിയാത്ത സ്ഥലങ്ങൾ... ബോംബെയെത്തിയിട്ടും നോമ്പിന്റെ ലക്ഷണങ്ങളില്ല. ഞങ്ങൾ താമസിക്കുന്ന സ്ട്രീറ്റിൽ മലയാളികളുടെ ഒരു ഹോട്ടലിൽ നിന്നാണ് ഭക്ഷണം കൊണ്ടുവന്നിരുന്നത്. ഇവിടെ പള്ളിയുണ്ടോന്ന് ചോദിച്ചപ്പോൾ ഈ റോഡിന്റെ ലാസ്റ്റ്ണ്ട് എന്ന് പറഞ്ഞു. നേരത്തിന് പള്ളിയിൽ പോകും. കുറച്ചു മുസ്ലീങ്ങളുള്ള സ്ഥലമാണ്.
     
         രണ്ടു ദിവസം കഴിഞ്ഞു, കുടുമ്പക്കാരൻ പോയി, മസ്കത്ത്ക്കായിരുന്നു. ഞങ്ങൾക് ജിദ്ദയിലേക്ക് ടിക്കറ്റ് ശരിയായില്ല വെയ്റ്റിങ് ലിസ്റ്റ് ആയിരുന്നു. എന്നും ട്രാവൽസിൽ പോകും. നാളെ ശരിയാകും എന്ന് പറയും. മൂന്ന് ദിവസം കഴിഞ് ഞങ്ങളുടേതും ശരിയായി. രാവിലെ എയർപോർട്ടിൽ പോകാൻ ലോഡ്ജ്കാര് തന്നെ വണ്ടി ഒപ്പിച്ച് തന്നു. ബോർഡിംഗ് പാസിന് ക്യൂ നിൽക്കുമ്പോൾ,  ഒരു സ്തീ വന്ന് ചോദിക്കുന്നു. ഞനും ങ്ങളപ്പം നിക്കട്ടെ? ന്റൊപ്പം ആരുല്ല. ന്റെ ആങ്ങളമാർ കൊണ്ടന്നാക്കീതാണ്. ഞങ്ങക്കൊന്നും അറീല്ല ഞങ്ങൾ പുത്യെതാണ്, ഞങ്ങൾ പറഞ്ഞു. ങ്ങളൊന്നും അറ്യണ്ട ങ്ങള് ചെയ്യ്ണ മാതിരി ചെയ്യാലോ... ഞങ്ങൾ  മുഖത്തോട്മുഖം നോക്കി. ന്നാ നിന്നോളീ.. ഒപ്പമുള്ളവൻ പറഞ്ഞു.  അതൊരു കുരിശായിത്തീരുമെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല.

ബോർഡിങ്പാസും ഇമിഗ്രേഷനും ചെക്കപ്പുമൊക്കെ ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു, പാസഞ്ചർ ലോഞ്ചിലിരിക്കുമ്പോഴാണ് പരീചരപ്പെട്ടത്. അരീക്കോട്ടുകാരിയാണ്. ഭർത്താവിന്‌ കൂലിപ്പണിയാണ് അസുഖം കാരണം എന്നും പണിക്ക് പോകാറില്ല. വീട്ടുജോലിക്കാണ് വരുന്നത് ജിദ്ദ എയർപോർട്ടിൽ അറബി കാത്തുനിൽക്കും എന്നൊക്കെ പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ സ്ഥലവും കാര്യങ്ങളും പറഞ്ഞു. 

       
ഗൾഫ്എയർ ആയിരുന്നു ഫ്ലൈറ്റ്. ബഹ്‌റൈൻ വഴി ജിദ്ദ. ജിദ്ദയിലിറങ്ങിയാൽ ഫോൺ ചെയ്യണം ഞാൻ വണ്ടിയുമായി വരാമെന്ന് വലിയ ജേഷ്ടൻ (സിറൂവിന്റെ ഉപ്പ)പറഞ്ഞിരുന്നു. ബഹ്‌റൈൻ എത്തി, കുറേനേരം കഴിഞ്ഞപ്പോൾ കേട്ടു, ഫ്ലൈറ്റ് കേടാണെന്ന്. പിന്നെയും ഇരുന്നു. ഒടുവിൽ സൗദിയയുടെ ഒരു ഡൊമസ്റ്റിക് ഫ്ലൈറ്റിൽ ജിദ്ദയിലെത്തി. ഫോൺ ചെയ്യണം ടെലഫോൺ എന്ന് പറഞ്ഞ് ബാക്കി ആംഗ്യം കാണിച്ചു. ഒരാൾ ഒരു ചൂമരിലേക്ക് ചൂണ്ടിക്കാട്ടി. അവിടെ കോയൻസിട്ട് വിളിക്കുന്ന കാബിനുണ്ട്. നമ്പറെഴൂതിയ കടലാസും കൊണ്ട് അങ്ങോട്ട് പോയി. എങ്ങനെ വിളിക്കും.... ഞങ്ങളുടെ പരവേശം കണ്ട് ഒരു ഹിന്ദിക്കാരൻ വന്നു. (ബംഗാളിയാണോ ആവോ..) എയർപോർട്ടിലെ ജോലിക്കാരാണ് അവൻ തന്നെ കോയൻസെടുത്ത് നമ്പറടിച്ച് റിസീവർതന്നു. കടയിൽ  ഫോണെടുത്തത് ജോലിക്കാരനാണ്. ബാപ്പുല്യേ ഔട. ല്ല..പൊർത്ത് പോയതാ...പ്പബരും. ങ്ങളാരാ..  ഞാൻ അൻജനാ.. ഞങ്ങള് എർങ്ങീക്ക്ണ്ന്ന് പർഞ്ഞാളി..  ആയ്ക്കോട്ടെ. ഫോൺ വെച്ച് ഹിന്ദിക്കാരന് കാശും കൊടുത്ത് പുറത്തിറങ്ങി. സ്ത്രീ ഞങ്ങളുടെ പിന്നാലെയുണ്ട്. ഞങ്ങളെക്കണ്ടതും ഒരു അറബി  (ടാക്‌സിക്കാരൻ) വന്നു എന്തൊക്കെപ്പറഞ്ഞു കൂടെ വരാൻ വിളിക്കുന്നു ഞങ്ങൾ ഇല്ല എന്ന് ആംഗ്യം കാട്ടി അപ്പോഴേക്കും കൂടെയുള്ള താത്ത"അതേക്കാരം ന്റ അർബി" എന്ന് പറഞ്ഞ് കയ്യിലുള്ള അറബിയുടെ അഡ്രസെഴുതിയ കാർഡ് അയാൾക്ക് നേരെ നീട്ടി അത് കാണേണ്ട താമസം വേറെ നാല് ടാക്‌സിക്കാരും വന്ന് കാർഡ് വായിക്കാൻ തുടങ്ങി.
ഇതൊക്കെ ടാക്സിക്കാരാണെന്ന് ആദ്യം ഞങ്ങൾക്കും അറിയില്ലായിരുന്നു. ആകെ കൺഫ്യൂഷനായി, താത്ത ബേജാറായി. ഒരുവിധം കാർഡ് തിരികെ വാങ്ങി ഞങ്ങൾ താത്താനെ ഒരു മൂലക്ക് വിളിച്ച് കൊണ്ടുപോയി പറഞ്ഞു, കാർനോല് ഇപ്പം ബരും പഴേ ആളാണ് ഓൽക്ക് എല്ലാം അറ്യാ...  ന്റെ അർബി ബരാത ങ്ങള് പോകര്ത്ട്ടാ.. താത്ത ഞങ്ങളെ പിന്നീന്ന് മാറുന്നില്ല. പുലിവാലു പിടിച്ച പോലെയായി. 


         ഇനി എന്ത് ചെയ്യും അര മണിക്കൂറോളമായി ബാപ്പൂനെയും കാണുന്നില്ല. ജ് ഒന്നൂടിം ഫോൺ ചെയ്തോക്കാ..ഞാൻ ബട നിന്നോളാ.. കൂടെയുള്ളവൻ പറഞ്ഞു. ഞാൻ ഫോൺ ചെയ്യാൻ പോയി, ഹിന്ദിക്കാരൻ അവിടെ തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്. ഫോൺ ചെയ്തപ്പോൾ കുറച്ച് മുമ്പ് പോന്നിട്ടുണ്ട് ഇപ്പൊ ഔടത്തും എന്ന് പറഞ്ഞു. ഞങ്ങൾക്ക് ചെറിയൊരാശ്വാസമായി.
    

         കുറച്ചുകഴിഞ്ഞപ്പോൾ ജേഷ്ഠൻ എത്തി. സലാമും മുസാഫഹാത്തും കഴിഞ്ഞ് വണ്ടിയിൽ കയറാൻ പറഞ്ഞു. ഞങ്ങളൊന്ന് മടിച്ചു, സ്ത്രീയെ നോക്കി. അതാരാ.. ജേഷ്ഠന്റെ ചോദ്യം ഞങ്ങൾക്ക് മിണ്ടാട്ടമില്ല. ചോദ്യം ഗൗരവത്തിലായി കൂടെയുള്ളവൻ ഒരുവിധം പറഞ്ഞൊപ്പിച്ചു. കാർഡ് വാങ്ങി നോക്കി. ങ്ങളൗട നിക്കീ.. എന്നും പറഞ്ഞ് ഞങ്ങളെ രണ്ടാളെയും ഒരു ഭാഗത്തേക്ക് വിളിച്ച് പിന്നെ ശകാരമായിരുന്നു., കണ്ട പെണ്ണുങ്ങളെയൊക്കെ ഒപ്പം കൂട്ട്വാ.. ഇതേതാ നാടെന്നറിയോ.. പിന്നെ എന്തൊക്കെപ്പറഞ്ഞെന്ന് എനിക്കൊരു ബോധ്യവുമില്ല. പിന്നെയാണ് കാര്യങ്ങളുടെ നിജസ്ഥിതിയറിഞ്ഞത്. ഞങ്ങൾ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങേണ്ടവരാണെന്നും ഏത് എയർപോർട്ടിലാണെന്ന് പറയാത്തത് കൊണ്ട് അടുത്തുള്ള ഡൊമസ്റ്റിക്കിൽ നോക്കിയിട്ട് അങ്ങോട്ട് പോകാമെന്ന് കരുതി ഇവിടെ വന്നതാണെന്നും അവരുടെ കഫീൽ അവിടെ   കാത്തുനിൽക്കുന്നുണ്ടാവുമെന്നും. ഏതായാലും ബണ്ടീക്കേരീ.. ബജ്ജ്ണ്ടാക്കാ.. ഫോൺ. വിളിക്കണെങ്കിലും കടീപ്പോണം.  ഇടക്ക് ചോദിച്ചു, ങ്ങള് നോൽമ്പോറ്റ്ക്ക്ണാ. (അപ്പോഴാണ് ഞങ്ങൾ നോമ്പിനേപ്പറ്റിപ്പോലും ചിന്തിക്കുന്നത് ) ഇല്ല. ഞങ്ങൾ പറഞ്ഞു. ന്നാല് ന്ന്ന്റെ റൂമില് നോമ്പെർപ്പിച്ചലാണ് മഗ്രിബ് ബരെ ഒന്നും തിന്നണ്ട. ഊം ഞങ്ങൾ മൂളി കടയിലെത്തി അവരുടെ കഫീലിന്ന് വിളിച്ച് സ്ഥലം പറഞ്ഞാൽ വന്നു കൊണ്ടു പോയ്ക്കോള്ളും എന്ന് കരുതി കടയുടെയരുകിൽ വണ്ടിനിർത്തി. നേരം അസറായിത്തുടങ്ങി. ഫോൺ ചെയ്ത് തിരികെ വന്ന ജേഷ്ഠന്റെ മുഖം ദേശ്യത്തിലാണ്. ഞ്ഞ്പ്പൊ റൂമില് ബെര്നോരോട് എന്താ പറ്യാ... അയാള് ന്ന് ബെരൂല്യേലോ... കൊറേ കാത്ത് നിന്ന് അയാള് പോയേലോ.. ന്തായാലും റൂമ്ക്ക് പോകെന്നേ... ഇബട ഇടാൻ പറ്റ്വോ.. (പിന്നെയും കുരിശ്) 

         റൂമിലെത്തി ഇറങ്ങി താത്താനെ സധനങ്ങളൊക്കെ വെക്കുന്ന റൂമിലേക്കാക്കി. വേണ്ടപ്പെട്ട രണ്ട്മൂന്നാളുകൾ നേരത്തേതന്നെ വന്നിരുന്നു, വിഭവങ്ങൾ തയ്യാറാക്കാൻ. ആരാത്... ങ്ങള് മുണ്ടര്ത് എന്ന്‌ പറഞ്ഞ് അവരോട് കാര്യങ്ങൾ പറഞ്ഞു. മഗ്രിബായപ്പോഴേക്ക് ആളുകളെത്തിത്തുടങ്ങി. ആരെങ്‌കിലും കാണുമൊയെന്ന ബേജാറിൽ ഞങ്ങൾ വാതിക്കത്തെന്നെ നിന്നു.ഓരോരുത്തര് വന്ന് ഞങ്ങളെ പരിചയപ്പെട്ടു അധികവും ബന്ധുക്കൾ തന്നെ. ബാങ്ക് കൊടുത്തു, എല്ലാരും ഇരുന്നു. അവർക്ക് വേണ്ടി എടുത്തുവച്ച സാധനങ്ങൾ കൊടുക്കണമല്ലോ. ഒരു സൈഡീക്കൂടെ ഞാനത് കൊണ്ടുപോയിക്കൊടുത്തു ചിലരത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇവരൊപ്പംവന്നതാ നാട്ടുകാരിയാ..  നോമ്പ്തുറ കഴിഞ്ഞു പോകുന്നവരൊക്കെ ജനവാതിലിലൂടെ നോക്കുന്നു. നാട്ടുകാരുണ്ടോ വിടുന്നു അവർ വിവരങ്ങളറിഞ്ഞേ പോയുള്ളൂ. ഏതായാലും ആകെ ചളമായി. പിറ്റേന്ന് അറബി വന്ന് കൊണ്ട്പോകുന്നത് വരെ മനസ്സിൽ ആധിയായിരുന്നു


----------------------------------
മൊയ്ദീൻ കുട്ടി അരീക്കൻ

No comments:

Post a Comment