Sunday, 27 March 2016

നോവൽ "കള്ളിത്തുണി" - ( ഭാഗം -04 )


....... മദ്റസ വിട്ട് വന്നത് മുതൽ സൈതു ഒരേ നിൽപ്പാണ്.
ഉമ്മ ചായക്ക് വിളിച്ചിട്ട് പോലും അവൻ തിരിഞ്ഞ് നോക്കിയില്ല.

നടവഴിക്കരികിലെ പനമ്പുല്ല് കൂട്ടത്തോടെ തല താഴ്ത്തി.

സമയം പത്ത് മണിയേ ആയിട്ടൊള്ളുവെങ്കിലും
വെയിൽ നാളങ്ങൾക്ക് നല്ല ചൂടുണ്ടായിരുന്നു.

ഇടക്കിടക്ക് കയറി വന്ന ഇളം കാറ്റ് കുപ്പായമിടാത്ത സൈദുവിന് വല്ലാത്ത ആശ്വാസമായിരുന്നു.
അവൻ പടിഞ്ഞാറെ വേലിക്കരികിൽ നിന്ന് കണ്ണ് വലിക്കാതെ നിന്നു.
കയ കടന്ന് ഇപ്പ ഇപ്പൊ വരും എന്ന് തന്നെ അവൻ കരുതി.
വെയിൽ നാളങ്ങളും ഇളം കാറ്റും ഇണചേരുന്ന ആ നേരത്ത് കള്ളിത്തുണി യുടെ പുത്തൻ മയങ്ങാത്ത മണം മാത്രമായിരുന്നു ആ മനസ്സ് നിറയെ.

അതിന്നിടയിൽ കയ കടന്ന് വന്ന ഉപ്പാന്റെ കാല് സൈ ദൂന്റെ കണ്ണിൽ ഉടക്കി.
സൈദു ചാടി എഴുന്നേറ്റു.
താത്താനിം ഉമ്മാനിം വിളിച്ച് സൈദു അകത്തേക്ക് പാഞ്ഞു.
അടുക്കളയിലെ തിരക്കിൽ നിന്ന് അവർ രണ്ട് പേരും പുറത്ത് വന്നു.
വിയർത്തൊലിച്ച് പടി കയറി വന്ന ഉപ്പ കയ്യിലെ ഇറച്ചി പൊതി ഉമ്മാക്ക് നേരെ നീട്ടി.
അരയിൽ നിന്നെടുത്ത കടലമിഠായിയുടെ പൊതിയെടുത്ത്
സൈദു വിനും
പെങ്ങൾക്കും നൽകി.
കടല മിഠായിയുടെ മധുരം നുണയുമ്പോഴും സൈദുവിന്റെ കണ്ണ് ഉപ്പാന്റെ കയ്യിലുള്ള കളളിത്തുണിയുടെ പൊതിയിലായിരുന്നു.

ഉപ്പ വീടിന്റെ തിണ്ട് കയറി.
വിയർപ്പ് നനഞ്ഞ ഷർട്ട് ഊരി.
എറയത്ത് തിരുകി വെച്ച വീശി പ്പാള വലിച്ചെടുത്ത് ചാരുകസേരയിലേക്ക് മലർന്ന് കിടന്നു.
ഉമ്മ ഒരു തൂക്കുപാത്രം നിറയെ ഉപ്പിട്ട കഞ്ഞി വെള്ളവുമായി വന്നു.
ഒറ്റ വലിക്ക് ഉപ്പ അത് വലിച്ച് കുടിച്ചു.

പടിഞ്ഞാറ് നിന്ന് വന്ന കാറ്റിൽ മുറ്റത്ത് കിടന്ന ആപ്പിലകൾ പാറി .
വീശി പ്പാളയെടുത്ത് ഉപ്പ വീശിത്തുടങ്ങി.
വിയർപ്പ് വറ്റി
കിതപ്പ് മാറി തുടങ്ങിയപ്പോൾ ഉപ്പ ആ കവർ എടുത്തു പൊട്ടിച്ചു.
അത് കാണാൻ സൈദു ഉമ്മാനെ നീട്ടി വിളിച്ചു.
ചന്തത്തുണിയുടെ മണം പരന്ന പൂമുഖത്തേക്ക് ഉമ്മയും വന്നു.

       (തുടരും)
-------------------------------
സത്താർ കുറ്റൂർ

No comments:

Post a Comment