Saturday, 12 March 2016

"ലഹരിയെ നാട് കടത്തുന്നു"


സഹോദരാ
സുഖമാണല്ലോ?
തത്തമ്മക്കൂട് വാട്സ് ആപ്പ് കൂട്ടായ്മ കഴിഞ്ഞ ഒരാഴ്ചയിലേറെയായി നടത്തി വരുന്ന ലഹരി വിരുദ്ധ കാമ്പയിനിൽ നിങ്ങൾ കാണിച്ച താൽപ്പര്യത്തിനും സഹകരണത്തിനും ആദ്യമായി നന്ദി പറയട്ടെ.


       
ഇതുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങളുടെ ആസൂത്രണത്തിനായി
മാർച്ച് 13ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് കക്കാടംപുറം പാവു തൊടിക സലീം സാഹിബിന്റെ വീട്ടുമുറ്റത്ത് ഒരുക്കുന്ന ടേബിളിനടുത്ത് നിങ്ങൾക്കും ഒരു ഇരിപ്പിടം ഒരുക്കിയ വിവരം സന്തോഷ പൂർവ്വം അറിയിക്കട്ടെ.

നമ്മുടെ നാട്ടിലെ പണ്ഡിതൻമാർ ,സാമൂഹിക പ്രവർത്തകർ, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾഅധ്യാപകർ, മാധ്യമ പ്രവർത്തകർ, യുവജന സംഘടനാ പ്രതിനിധികൾതുടങ്ങി ഒരു ദേശത്തെ ധിഷണാ ശാലികൾ മുഴുവൻ മുഖാമുഖം ഇരിക്കുന്ന ടേബിൾ നമ്മുടെ നാടിന്റെ നല്ലൊരു ഭാവിയിലേക്കുള്ള ബൗദ്ധിക തയ്യാറെടുപ്പാണ്.


അതിനാൽ ആ ചരിത്ര നിമിഷത്തിന് സാക്ഷിയാവാൻ സമയത്തിന് തന്നെ നിങ്ങളുണ്ടാവണം.


നൻമയുടെ ഓരോ തുരുത്തിലും ഇരുട്ട് കയറി ഒളിക്കുന്ന വല്ലാത്തൊരു കാലത്ത് വെളിച്ചത്തിന്റെ ചെറിയൊരു കൈത്തിരിയെങ്കിലും ഇവിടെ വെച്ച് നമുക്ക് കൊളുത്തിവെക്കാനാവും. ആ ഒരു നല്ല മനസ്സ് മാത്രമാണ് ഈ കൂട്ടായ്മക്ക് പിന്നിലുള്ളത്. ഇത്തരം നല്ല മനസ്സിന്റെ നല്ല വിചാരങ്ങൾ ഈ നാട്ടിലാകെ നമുക്ക് പരത്താൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ....


തത്തമ്മക്കൂട്
അഡ്മിൻ ഡസ്കിൽ നിന്നും
നിങ്ങളുടെ സഹോദരങ്ങൾ


<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ്  ക്ലിക്ക് ചെയ്യുക >>>>
--------------------------------------------------------------------------------------------------------------------------


3 comments:

  1. ലഹരിക്കെതിരെയുള്ള കാംപയിൻ ലഹരി ഉപയോഗിക്കു ന്നവന്റെ ഒരാളുടെയെങ്കിലും ശ്രദ്ധയിൽ കൊണ്ട് വരാൻ സാധിച്ചാൽ തന്നെ തത്തമ്മക്കൂട്_ വിജയിച്ചു. ആ ഒരു സംസ്കാരം - മദ്യം - മയക്ക് മരുന്ന് -സംസ്ക്കാരം ഒരു സാധാരണ സംഗതിയാന്നെന്ന് - ഒരു തെറ്റല്ലെന്ന് - സമൂഹത്തിലെ - സമുദായത്തിലെ-ഒരു വിഭാഗത്തിനെ യെങ്കിലും ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു ഏറ്റവും ചുരുങ്ങിയത് ഈ ചിന്താഗതിയെ എങ്കിലും ഇല്ലാതാക്കാൻ കഴിഞ്ഞാൽ, ഇനി ഒരാളെയെങ്കിലും ഇതൊരു
    നിസാരവൽക്കരിക്കുന്നതിൽ നിന്നും തടുത്ത് നിർത്താൻ കഴിഞ്ഞാൽ അതൊക്കെ ലഹരിക്കെതിരെയുള്ള പോരാ ട്ടത്തിൽ വിജയത്തിന്റെ തുടക്കം തന്നെയാണ്, മനസ്സിൽ കുറ്റബോധം, അൽപമെങ്കിലും തോന്നുന്നവരുമുണ്ടാവുമല്ലൊ. അവരുടെയൊക്കെ ഹൃദയങ്ങളിലേക്ക് എനിക്കെതിരെയാണ് ഇവിടെ എന്റെ നാട്ടുകാർ ഒരുമിച്ച് കൂടിയിരിക്കുന്നത് എന്നൊരു
    തോന്നൽ ഉണ്ടാക്കാൻ കഴിഞ്ഞാൽ തന്നെ ഈ കൂട്ടായ്മ യുടെ ലക്ഷ്യത്തിലേക്കുള്ള വിജയത്തിലേക്കുള്ള,കാൽവെപ്പായി.

    ലോകത്തിനാകമാനം മാതൃകയായി തീരേണ്ട ഒരു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ നമ്മളിൽ നിന്ന് -ഇസ്ലാം വളരെ നീചമായിക്കണ്ട നിഷിദ്ധമാക്കിയ മദ്യം ഉപയോഗിക്കുന്നവനെ ലഹരി ഉപയോഗിക്കുന്നവനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ നടത്തുന്ന ഏതൊരു ശ്രമവും ഇസ്ലാമിക ദഅവത്ത് തന്നെയാണല്ലൊ, ഇതിന്റെയൊക്കെ മുന്നിൽ നിൽക്കാൻ നാട്ടിൽ ഇരുത്തം വന്ന പണ്ഡിതൻമാർ ബാധ്യസ്ഥരാണ്, മൈക്കും സ്റ്റേജും കെട്ടി ആളെക്കൂട്ടാൻ ആവേശംകാണിക്കുന്ന നമ്മൾ ഒരാളെങ്കിലും ഇത് പോലെയുള്ളതിൻ മയിൽ നിന്നും മാറിയിട്ടുണ്ടൊ എന്ന് കൂടി പരിശോധിക്കേണ്ടതാണ്' - അല്ലെങ്കിൽ നമ്മുടെയൊക്കെ ഇസ്ലാമിക പ്രവർത്തനത്തിൽ - പ്രയോഗവൽക്കരിക്കുന്നതിൽ പാളിച്ചകൾ പറ്റുന്നില്ലെ എന്ന് നാം ഒന്ന്
    ചിന്തിക്കേണ്ടി വരും,

    ബോധവൽക്കരണത്തിന് തന്നെയാണ് മുൻതൂക്കം നൽകേണ്ടത് നാളത്തെ കൂട്ടായ്മ -

    എല്ലാ വിധ ആശംസകളും
    ---------------------------------
    അലി ഹസ്സൻ പി. കെ.

    ReplyDelete
  2. കൊണ്ടും കൊടുത്തും
    കളിച്ചും ചിരിച്ചും കഴിഞ്ഞ്പോന്നൊരു നാട്ടിൽ എന്നാണ് പരസ്പരം വെള്ളം ചേരാത്ത അറകളുണ്ടായതെന്നറിയില്ല.
    എന്നാൽ അന്നു മുതൽ തന്നെ നമ്മുടെ നാട്ടിൽ ഇരുട്ട് ഒളിച്ച് പാർക്കാനും തുടങ്ങിയിട്ടുണ്ടാവും.
    അസമയത്ത് നാട്ടിലൂടെ നടക്കുന്നവനോട് അതാരാ എന്ന് ചോദിച്ചിരുന്ന കാരണവൻമാർ നമുക്കേറെയുണ്ടായിരുന്നു.
    അനാവശ്യം കണ്ടാൽ അവർ കയ്യോങ്ങിയിരുന്നു.

    നമ്മുടെ കുടുംബഘടനയും നാട്ടുനടപ്പുകളും ഇവരുടെ ശാസനകൾ കണ്ടും കേട്ടുമാണ് വികസിച്ചത്. ഇപ്പോൾ ഓരോ വെളിച്ചവും അണഞ്ഞ് തീർന്നിരിക്കുന്നു. വെളിച്ചം അണഞ്ഞിടത്തെല്ലാം ഇരുട്ടാണ് കയറി വന്നത്. വന്ന് വന്ന് അത് നമ്മെ മുഴുവനായി വിഴുങ്ങാൻ വായ പിളർത്തി നിൽക്കുകയാണ്. നമ്മുടെ മൗനമായിരുന്നു ഈ ഇരുട്ടിന്റെ കനം. ഉത്തരവാദിത്തങ്ങളില്ലാത്ത സാമൂഹിക ക്രമമാണിതിന് കാരണമായത്. അഴിഞ്ഞാട്ടം ഒരു ആഘോഷമായി മാറുന്നതാണ് ഏറ്റവും ഒടുവിലായി നമ്മിലുണ്ടായ വേദന.

    ഈ നാട്ടിലെ എല്ലാ അനാശാസ്യവും നമ്മുടെ മൗനത്തെ കൂട്ട് പിടിച്ചാണ് വളർന്നത്. അതു കൊണ്ട് തന്നെ നാട്ടിൽ പാർക്കുന്ന വിശുദ്ധ പശുക്കൾക്ക് ഇതിന്റെ കുറ്റബോധത്തിൽ നിന്ന് തൊടയൂരി പോവാൻ കഴിയില്ല.
    ഈ പശ്ചാത്തലത്തിലാണ് നാല് മാസം മാത്രം പ്രായമുള്ള തത്തമ്മക്കൂട് വാട്സ് ആപ്പ് കൂട്ടായ്മ ചില ഇടപെടലുകൾക്ക് തയ്യാറായത് .

    അകാലവാർധക്യം വന്ന നമ്മുടെ നാടിന്റെ യൗവ്വനത്തെ തിരിച്ച് പിടിക്കുകയാണ് തത്തമ്മക്കൂടിന്റെ പ്രഥമ ദൗത്യം.
    കക്കാടം പുറത്തെ ടേബിൾ അതിന്റെ മുന്നൊരുക്കമാണ്. നാട് മറന്ന് പോയ ചില നാട്ടുശീലങ്ങളെ ഈ ടേബിൾ ഇന്ന് പുനരാവിഷ്കരിക്കും. നാട്ടുകാരെന്ന നിലയിൽ യോജിച്ച് നിൽക്കാനുളള പ്രതിജ്ഞ ഈ ടേബിളിൽ വെച്ചുണ്ടാവും.
    നഷ്ടപ്പെട്ടു പോയ പൊതു ഇടങ്ങളുടെ വീണ്ടെടുപ്പ് അജണ്ടയായി വരും. നിറമില്ലാത്തതായിരിക്കും ഇവിടെ ഉയർത്തുന്ന പതാക. സംഘടനാ ശാഠ്യങ്ങളുടെ പുളിച്ച് നാറിയ വർത്തമാനങ്ങൾ ഇവിടെയുണ്ടാവില്ല. ഒന്ന് മുഖത്ത് നോക്കി ചിരിക്കാൻ പോലും മടിച്ചവർ ഈ ടേബിളിനടുത്തിരുന്ന് മനസ്സ് തുറന്ന് ചിരിക്കും. ഇവിടെ നടക്കുന്ന ഹസ്തദാനങ്ങൾക്ക് സഹകരണത്തിന്റെ സ്പർശനാനുഭൂതിയുണ്ടാവും. ഒരു നാടിന്റെ നല്ല മനസ്സും നൻമയുടെ വിചാരങ്ങളും മാത്രമാവും ഈ ടേബിളിൽ വട്ടം കൂടിയിരിക്കുക.

    അതു കൊണ്ട് തന്നെ ഇന്നത്തെ സായാഹ്നം നല്ലൊരു നാളെയെ സ്വപനം കാണും. ഇവിടെ വട്ടം കൂടിയിരുക്കുന്നവരെ നോക്കി നക്ഷത്രങ്ങൾ പുഞ്ചിരിക്കും. മാലാഖമാർ ഈ നാട്ടു നൻമയെ കുറിച്ച് അടക്കം പറയും. സായാഹ്ന കിരണങ്ങളുടെ വെളിച്ചം വീണ് കിടക്കുന്ന ഈ ടേബിളിലേക്ക് ആകാശം പോലും ഇന്ന് കുനിഞ്ഞ് നോക്കും.

    ഇനി നിങ്ങൾ തീരുമാനിക്കുക ഈ ചരിത്ര സായാഹ്നത്തിന് സാക്ഷിയാവാനുള്ള നിങ്ങളടെ സന്നദ്ധത.
    -----------------------------
    സത്താർ കുറ്റൂർ

    ReplyDelete
  3. തത്തമ്മക്കൂട് വാട്സ് ആപ്പ് കൂട്ടായ്മ നടത്തിയ ടേബിൾ ടോക്ക് പരിപാടിയിൽ എടുത്ത മുഖ്യ തീരുമാനങ്ങൾ:-
    -----------------------------------------------------------------------------------------------------------------

    >>> ലഹരി വിമുക്ത ഗ്രാമമായി പ്രഖ്യാപിക്കും
    >>> ഏപ്രിൽ ആദ്യവാരത്തിൽ ബഹുജന സദസ്സ്
    >>> ഡോക്യൂമെന്ററി പ്രദർശനം
    >>> നിയമ പാലകർ ,യുവജന സംഘടനാ നേതാക്കൾ, തുടങ്ങിയവരെ ചടങ്ങിൽ പങ്കെടുപ്പിക്കും
    >>> സംഘാടനത്തിനായി നാട്ടിലെ അംഗീകൃത ക്ലബ്ബുകളെ സഹകരിപ്പിക്കും
    >>> പരിപാടിയെ വിളംബരപ്പെടുത്തിക്കൊണ്ടുള്ള ലഘുലേഖ, ഫ്ലക്സ് ബോർഡുകൾ, എന്നിവയുണ്ടാവും
    >>> ഈ പരിപാടിയുമായി നാട്ടിലെ സമാനമനസ്കരായ സഹോദര സമുദായംഗങ്ങളെയും സഹകരിപ്പിക്കും

    ##> തത്തമ്മക്കൂടിന്റെ ലഹരി വിരുദ്ധ പ്രചരണ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ ഒരു സബ് കമ്മിറ്റിക്ക് രൂപം നൽകി.
    > ചെയർമാൻ: അബ്ദുൽ ഖാദർ ഫൈസി ഊക്കത്ത്
    > ജന: കൺവീനർ: അരീക്കൻ അബ്ദുൽ ജലീൽ
    > പതിനഞ്ച് പേരെ സബ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.

    ------------------------
    തത്തമ്മക്കൂട്
    അഡ്മിൻ ഡസ്കിൽ നിന്നും

    ReplyDelete