Tuesday, 1 March 2016

തത്തമ്മക്കൂട്; ദേശാനുഭവങ്ങളുടെ വർണ്ണ കാഴ്ചകൾ

ഒന്നിച്ചിരിക്കാനും ഉള്ള് തുറക്കാനും മടിയുളളവരായിരുന്നു നമ്മിൽ പലരും.
എന്നാൽ തത്തമ്മക്കൂട് നമ്മുടെ ഓർമ്മകളെ ഉണർത്തിയിരിക്കുന്നു.
അത് വഴി ഒരു ദേശം മുഴുവൻ നൻമയുടെ നനവ് പരന്നു തുടങ്ങിയിരിക്കുന്നു.

ഓവുപാല സല്ലാപങ്ങളാൽ
കൂട് സദാ സജീവമായി നിൽക്കുന്നു.

നാട്ടു മാവിലെ കത്തിച്ചൂണ്ടൻ മാങ്ങ  ഈ കൂട്ടിൽ നിന്ന് നമ്മൾ ആർത്തിയോടെ തിന്നു.  കൂട്ടിൽ നിന്ന് കിട്ടിയ ഓർമ്മയുടെ വെളിച്ചത്തിൽ
കളി മൈതാനത്തിലേക്കുള്ള ഊട് വഴികളിലൂടെ നാം  വരിയായി
നടന്ന് നീങ്ങി.
കളിയാരവങ്ങൾ
വീണ്ടും പെയ്തിറങ്ങി.

കളി കഴിഞ്ഞ അന്തിമയങ്ങിയ
നേരത്ത് ഓരോരുത്തരായി
കുളി കടവിലേക്കോടി.

ഒരു ചെറുമുണ്ട് മാത്രമെടുത്ത് കുള പടവിൽ നിന്ന്  ആ നിലയില്ലാ വെള്ളത്തിലേക്ക് എടുത്ത് ചാടി.

സ്കൂളും മദ്റസയും ഓർമ്മയുടെ വാതിൽ തുറന്നു.

കൂട്ട ബെല്ലടിച്ചു.

ഓർമ്മയുടെ മണവുമായി അധ്യാപകർ വന്നു.

ഹാജർ വിളിച്ചു.

ചെറുപ്പത്തിന്റെ നിഷ്കളങ്ക ഭാവങ്ങൾ തിരിച്ച് വന്നു .
മറന്നു തുടങ്ങിയിരുന്ന
കുസൃതികളിൽ ഒരിക്കൽ കൂടി പൊട്ടിച്ചിരി ഉയർന്നു കേട്ടു .

ഉപ്പുമാവിന്റെയും
പൊതിച്ചോറിന്റെയും മണം പരന്നു.

പഴയ നെരപ്പലയിട്ട പെട്ടി പീടികകൾ തുറന്ന് വെച്ചു.

ഓർമ്മയിൽ അലിഞ്ഞ് തീരാത്ത മിഠായി മധുരങ്ങൾ ഒരിക്കൽ കൂടി പങ്ക് വെച്ചു.

പിന്നെ ജീവിതത്തിന്റെ
നാൽക്കവലകളിൽ നിന്ന്
പിരിഞ്ഞത് മുതൽ ഓരോരുത്തരായി പറഞ്ഞു തുടങ്ങി.
തീക്ഷ്ണമായിരുന്നു ആ അനുഭവങ്ങൾ.
നിറമുള്ളതായിരുന്നു
ആ സ്വപ്നങ്ങൾ.
ജീവിത പരിസരം പറഞ്ഞ് തുടങ്ങിയപ്പോൾ
നമ്മുടെ ദേശം മുഴുവൻ
ഈ കൂട്ടിലേക്ക്
വലിഞ്ഞ് കയറിയ
അനുഭൂതിയായിരുന്നു'

നാടിന്റെ ചരിത്രം പരതി നsത്തിയ സെമിനാർ വല്ലാത്തൊരു അനുഭവമായി.

പിന്നെ
കൂടൊരുമ എന്ന പേരിൽ
ഒത്തുകൂടി.
തോളുരുമ്മി നിന്ന് സെൽഫിയെടുത്തു.
കഥ പറഞ്ഞു.
പാട്ട് പാടി.
വിവിധ വിഷയങ്ങളിൽ ഗഹനമായ ചർച്ചകൾ നടത്തി.
നാട്ടു നായകരെ ഓർത്തു.
പ്രാർത്ഥന നടത്തി.
ഒന്നിച്ച് കൂടിയതിന്റെ ഇമ്പമുണ്ടായിരുന്നു
തത്തമ്മക്കൂട്ടിലെ ഓരോ ദിനങ്ങൾക്കും .

മുഷിപ്പ് വന്ന ഒരു നിമിഷം പോലും ഇവിടെ ഉണ്ടായില്ല.

മുന വെച്ച വർത്തമാനം ആരും പറഞ്ഞതുമില്ല.

ഇവിടത്തെ സംസാരങ്ങൾക്കെല്ലാം ഹൃദയത്തിന്റെ ഭാഷയായിരുന്നു.

പാട്ട് പാടിയതും
കഥ പറഞ്ഞതും അങ്ങിനെ തന്നെ.
അങ്ങിനെ തത്തമ്മക്കൂടിന്റെ
വർണ്ണ ചിറകിലേറിയ ഓരോരുത്തർക്കും
മറക്കാനാവാത്തതായി ഈ കൂടനുഭവങ്ങൾ.

ഇത് വഴി പെരുമാറ്റത്തിന്റെ വശ്യതയും ഹൃദയബന്ധങ്ങളുടെ
കുളിർമ്മയും  നമുക്ക് നൽകി
ഈ തത്തമ്മക്കൂട്.
---------------------------

സത്താർ കുറ്റൂർ

No comments:

Post a Comment