കോളിങ് ബെല്ലടിച്ചത് കേട്ടാണ് ഞാൻ വാതിൽ തുറന്നത്. വിരുന്നുകാരനെ കണ്ട് അമ്പരന്നു പോയി. ഒരു മുന്നറിയിപ്പുമില്ലാതെ ! എന്നെങ്കിലും വരുമെന്നറിയാമായിരുന്നു . എന്നാൽ ഇന്ന് പ്രതീക്ഷിച്ചില്ല. അല്ലെങ്കിലും ചിലയാളുകൾ അങ്ങനെയാണ്. എന്റെ മുഖത്തെ അമ്പരപ്പ് കണ്ടിട്ടാവും ആഗതൻ ഒന്നു ചിരിച്ചു. അപ്പോഴാണ് കയറിയിരിക്കാൻ പോലും പറഞ്ഞില്ലല്ലോ എന്നോർത്തത്. " ഞാനിപ്പോൾ ഇങ്ങോട്ട് വന്നതല്ല, ഇവിടെയടുത്ത് ഒരാളെ കാണാൻ വന്നതാ. അപ്പോ ഒന്ന് ഓർമ പുതുക്കാം എന്ന് കരുതി വന്നതാ. ഏതായാലും കാണാൻ പറ്റിയല്ലോ? അടുത്ത് തന്നെ ഇങ്ങോട്ട് നിങ്ങളെ കാണാനായി മാത്രം വരുന്നുണ്ട്. എന്നാൽ വരട്ടെ"
സത്യത്തിൽ എനിക്ക് ആശ്വാസമാണ് തോന്നിയത്. വന്നയാൾ ചില്ലറക്കാരനല്ല. മുതലാളിയുടെ കാര്യസ്ഥനാ .. ഞാൻ വലിയ കടം വീട്ടാനുണ്ട് മുതലാളിക്ക് - വാങ്ങിയതൊക്കെ ധൂർത്തടിച്ച് കളഞ്ഞു. ആള് തിരഞ്ഞു വരും എന്നറിയാഞ്ഞല്ല - കടത്തിന് മേൽ കടം പെരുകി. മുതലാളി പിന്നെയും തന്നുകൊണ്ടിരുന്നു.
"ഇനി വരുമ്പോൾ കുറച്ച് മുമ്പ് അറിയിക്കണേ" എന്ന് പറഞ്ഞ് ഞാൻ കാര്യസ്ഥനെ യാത്രയാക്കി - ശരിക്ക് പറഞ്ഞാൽ ഇതെനിക്കൊരു പാഠമാകേണ്ടതാണ്. ഇനി അയാൾ വെറും കയ്യോടെ പോകില്ല. എല്ലാ കടവും വീട്ടി സ്വസ്ഥമായി ഇരിക്കണം. അയാൾ എപ്പോ വന്നാലും സന്തോഷത്തോടെ സ്വീകരിക്കണം. ഞാൻ ചില ഉറച്ച തീരുമാനങ്ങളെടുത്തു -
കാലചക്രം പിന്നെയും കറങ്ങി. ഞാൻ വീണ്ടും മുതലാളിയെയും കാര്യസ്ഥനെയും മറന്നു. ജീവിതം കുശാലാക്കി - കടം പെരുകി വന്നു - ഏതായാലും കാര്യസ്ഥൻ വരും മുമ്പ് വിവരമറിയിക്കുമല്ലോ എന്ന സമാധാനത്തിലാണ് ഞാൻ.
പെട്ടെന്നൊരു രാത്രി ബെല്ലടി കേട്ട് വാതിൽ തുറന്ന ഞാൻ ഞെട്ടിപ്പോയി. കാര്യസ്ഥൻ !! വളരെ ഗൗരവത്തിലാണ്. "വരും മുമ്പ് വിവരം അറിയിക്കുമെന്ന് പറഞ്ഞിരുന്നില്ലേ?" ഞാൻ പരിഭ്രമത്തോടെ ചോദിച്ചു.
"ഞാൻ അറിയിച്ചല്ലോ ... പണ്ട് ഞാൻ വന്നപ്പോൾ നിന്റെ മുടി നരച്ചിരുന്നില്ല. മുഖത്തും കൈകളിലും ചുളിവ് വീണിരുന്നില്ല. ഇന്ന് നീ നരച്ചു. പ്രായാധിക്യത്താൽ ശരീരം ചുളിഞ്ഞു . ഇതൊക്കെയാണ് ഞാൻ വരാനായി എന്നതിന്റെ ലക്ഷണങ്ങൾ, ഞാനാണ് നിന്റെ റൂഹ് പിടിക്കാൻ ഏല്പിക്കപ്പെട്ട മല കുൽ മൗത്ത്.: നിന്റെ യജമാനന്റെ കാര്യസ്ഥൻ! ഇനി നമുക്ക് പോകാം. ഒരു പാട് ബാധ്യതകൾ ബാക്കിവെച്ച് . അനുവദിച്ച സമയം തീർന്നു പോയി "
എനിക്ക് തൊണ്ട വരളുന്നുണ്ടായിരുന്നു.
----------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment