Wednesday, 7 December 2016

വാരിക്കുഴി

ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റമളാന്‍ നോമ്പ്കാലം കോഴിക്കോട് കടപ്പുറത്ത് സമദാനിയുടെ പ്രഭാഷണം നടക്കുന്നു 'മദീനയിലേക്കുള്ള പാഥ'
 ഞങ്ങള്‍ കുറച്ച് കൂട്ടുകാര്‍ ചേര്‍ന്ന് ഒരു ജീപ്പ് വിളിച്ച് കോഴിക്കോട്ടേക്ക് പുറപ്പെട്ടു 
അറബിക്കടലിന്റെ തിരമാലകള്‍ കരയോട് കിന്നാരം പറയുന്ന വിശാലമായ മണല്‍പരപ്പിലെ ജനസാഗരങ്ങള്‍ക്കിടയില്‍ ഞങ്ങളും ശ്രവണ സുന്ദരമായ സമദാനിയുടെ ഭാഷണത്തിന് ശ്രോതാക്കളായി ഇരുന്നു  
ആയിരക്കണക്കിന് സ്വലാത്തുകളെകൊണ്ട് ധന്യമാക്കപ്പെട്ട മഹനീയ സദസ്സ്
സദസ്സിനിടയിലൂടെ ഇടക്കിടക്ക് കടലയും ചായയും കപ്പിയുമൊക്കെയായി കച്ചവടക്കാര്‍ വരുന്നു 
ഇടക്കെപ്പെഴോ ഞങ്ങള്‍ സദസ്സില്‍ നിന്നെണീറ്റ് ജനസാഗരങ്ങള്‍ക്കിടയിലൂടെ സദസ്സിന്റെ പുറകോട്ട് നടന്നു 
ഞങ്ങളുടെ  കൂട്ടത്തില്‍ അല്‍പ്പം തടിയുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു   രണ്ടാള് അവനേയുംകൊണ്ട് അല്‍പ്പം മാറി നിന്നു
ഞങ്ങള്‍ ബാക്കിയുള്ളവര്‍ നില്‍ക്കുന്നതിന്റെ കുറച്ചപ്പുറത്ത് ഓംലെറ്റ് കച്ചവടക്കാരുമുണ്ട്
ഞങ്ങള്‍ മണലില്‍ വട്ടത്തിലിരുന്നു അപ്പൊ കൂട്ടത്തിലൊരാളുടെ കുരുട്ടുബുദ്ധിയിലൊരു ഓളമുണ്ടായി മണലില്‍ ഒരു കുഴിയുണ്ടാക്കാന്‍ 
മറ്റേ മൂന്നുപേരിലെ തടിയനെ കുഴിയില്‍ ചാടിക്കാനുള്ള കുസൃതി
ഞങ്ങള്‍ എല്ലാവരുംകൂടി കുഴി കുത്തി മണലായതുകൊണ്ട് നല്ല വലിയൊരു കുഴി കുത്താന്‍ വലിയ പ്രയാസമില്ലായിരുന്നു
കുഴിയുടെ അവസാന മിനുക്ക്പണിയായി കുഴിയുടെ മുകളില്‍ വലിയൊരു പേപ്പര്‍ വിരിച്ച് അതിന് മുകളില്‍ അല്‍പ്പം മണലും വിതറി വാരിക്കുഴി റെഡിയാക്കി 
ഒരാള്‍ ആ മൂന്ന് പേരുടെ അടുത്ത്പോയി അവരേയും കൂട്ടി ഞങ്ങളുടെ അടുത്തേക്ക് വരികയാണ് അപ്പോഴതാ
അവരേയെല്ലാം ഓവര്‍ടേക്ക് ചെയ്ത് വേറൊരാള്‍ അര്‍ജന്റായി കടന്നു വരുന്നു കയ്യില്‍ അഞ്ചാറ് മുട്ട ഡ്രൈയുമായിട്ടാണ് വരവ് അയാളുടെ രണ്ട് കയ്യിലുമായി താങ്ങിപ്പിടിച്ച ഡ്രൈകളില്‍ എല്ലാത്തിലും മുട്ടയുമുണ്ട് 
അയാളുടെ വരവാണെങ്കി ഈ വാരിക്കുഴിക്ക് നേരെയും ഞങ്ങളയാളെ കുഴിയുടെ അടുത്ത് നിന്നും വഴി തിരിച്ച് വിടാനൊരു ശ്രമം നടത്താനൊരുങ്ങി പക്ഷെ ഇവിടെ ഇങ്ങിനെയൊരു കുഴിയുണ്ടെന്ന് പറയാനും വയ്യ 
വെള്ളത്തിലിട്ട ബ്ലൈഡ് പോലെ വന്ന ആ മുട്ടക്കാരന്‍ അതാ കിടക്ക്ണു കുഴിയില്‍ 
കൊക്കിന് വെച്ചത് കുളക്കോഴിക്ക് കൊണ്ടു എന്ന് പറഞ്ഞപോലെയായി
പിന്നെ അയാളാ മുട്ടോളം ആഴത്തിലുള്ള കുഴിയിലിരുന്ന് ഭയങ്കര പൂരപ്പാട്ടായിരുന്നു
ഞങ്ങള്‍ ഒന്നും അറിയാത്തവരെപ്പോലെ അയാളെ കുഴിയില്‍ നിന്ന് പിടിച്ച് കേറ്റി
ഭാഗ്യത്തിന് ആ മുട്ടക്കാരന്റെ മുട്ടകളൊന്നും പൊട്ടിയില്ല.
ഭൂതകാല ഓര്‍മ്മകളിലെ മാപ്പര്‍ഹിക്കാത്ത ആ കുസൃതിയോര്‍ത്ത് അന്നത്തെ വാരിക്കുഴിയൊരുക്കലിന് പങ്കാളികളായവരില്‍ ചിലര്‍ ഒരുപക്ഷെ തത്തമ്മക്കൂട്ടിലിരുന്ന് ചിരിക്കുന്നുണ്ടാവു.

--------------------------------------
അന്‍വര്‍ ആട്ടക്കോളില്‍

No comments:

Post a Comment