"സാഹിബാക്ക; ഓർമ്മയിലെ അണയാത്ത തിരിനാളം"
➖➖➖➖➖➖➖➖
"സാഹിബ്" അഥവാ കുറ്റൂർക്കാരുടെ സ്വന്തം സാഹിബാക്ക, ആ പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്കോടിയെത്തുന്ന ഒരു വാക്കുണ്ട്, "ചാമ". സാഹിബാക്കാന്റെ ചാമ പ്രയോഗം നടുപ്പുറത്ത് വാങ്ങിവെക്കാത്ത കുട്ടികൾ (അന്നത്തെ കുട്ടികൾ ഇന്നത്തെ യുവാക്കൾ) വളരെ വിരളമായിരിക്കും.
സ്‌കൂൾ വിട്ട് വരുമ്പോൾ ഉച്ചക്കും വൈകീട്ടും ളുഹറും അസറും നിസ്കരിക്കാനായി കൂട്ടുകാർക്കൊപ്പം സാഹിബാക്കാന്റെ സ്രാമ്പ്യയെയായിരുന്നു ഞങ്ങൾ ആശ്രയിച്ചിരുന്നത്. കുറ്റൂർനോർത്തിൽ നിന്നും അല്പം വടക്കോട്ട് നടന്നാൽ റോഡിനോട് ചാരി തലയെടുപ്പോടെ നിൽക്കുന്ന ഇരുനില കെട്ടിടം കാണാം. മസ്ജിദുന്നൂർ എന്നാണതിന്റെ ഇന്നത്തെ നാമമെങ്കിലും "സാഹിബിന്റെ പള്ളി" എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ആ "സ്രാമ്പ്യക്ക്" പൗരാണികതയുടെ ഒരുപാട് കഥകൾ പറയാനുണ്ടാകും. നാട്ടിലെ ചില കാരണവന്മാരൊക്കെ ഇപ്പോഴും ആ പള്ളിയെ സാഹിബിന്റെ പള്ളി എന്ന് വിശേഷിപ്പിക്കാറുണ്ട്. പണ്ട് സ്രാമ്പ്യ ആയിരുന്നെങ്കിലും ഇന്നത് ഒരു ജുമാമസ്ജിദായി മാറിക്കഴിഞ്ഞിരിക്കുന്നു.
സ്‌കൂളിൽ കൂട്ടബെല്ലടിച്ചാൽ ക്ലാസ്സിൽ നിന്നും തുടങ്ങുന്ന ഓട്ടം സ്വന്തം വീടെത്തിയാൽ മാത്രം നിറുത്തുന്ന വിദ്വാൻമാരുണ്ട്. ആദ്യം ഗെറ്റ് കടന്ന് പുറത്തെത്തുക എന്നതാണവരുടെ ലക്ഷ്യം. ചിലപ്പോഴൊക്കെ ഞങ്ങളും അത് പരീക്ഷിക്കാറുണ്ട്. പക്ഷെ അതെത്തിനിൽക്കുക സാധാരണ സ്രാമ്പ്യയിലായിരിക്കും. കിതച്ച്-ദാഹിച്ച്-ക്ഷീണിച്ചെത്തുന്ന ഞങ്ങളെ കാത്ത് നില്കുന്നത് ഹൌദിലെ നല്ല തണുത്ത വെള്ളമായിരിക്കും. ആരോ പറഞ്ഞ് പറ്റിച്ച ഹൌദിലെ വെള്ളത്തിന്റെ പോരിഷ മനസ്സിൽ ഓർത്ത് ഞങ്ങളാ വെള്ളം മോന്തിക്കുടിക്കും.
ഇറയത്ത് പെയ്യുന്ന മഴ കണങ്ങളെ പാത്തിക്കുള്ളിലൂടെ ഹൌദിലേക്ക് ചാടിക്കുന്ന സാഹിബാക്കാന്റെ വിദ്യ കണ്ട് അന്നത്തെ ഞാനെന്ന ബാലൻ അത്ഭുതം കൂറിയിട്ടുണ്ടാവാം. സാഹിബാക്കാന്റെ നിഴലാട്ടം കണ്ടാൽ പിന്നെ ഒരു നിമിഷം അവിടെ നിൽക്കാറില്ല. കണ്ടുകഴിഞ്ഞാൽ പിന്നെ ചാമ വാങ്ങിക്കാതെ പോകാനും പറ്റില്ല. അതുകൊണ്ട്‌തന്നെ വരുന്നു-നിസ്കരിക്കുന്നു-തിരിച്ച് പോകുന്നു. അതിലപ്പുറം ഒരുനിമിഷം പോലും അവിടെ ചിലവഴിക്കാറില്ല.
ആ മഹാനുഭാവൻ അല്ലാഹുവിന്റെ ഭവനത്തിനായ് ഒരല്പം സ്ഥലം മാറ്റിവെക്കുകയും പിന്നീട് അവിടെ ഒരു നിസ്കാരപ്പള്ളി പണിയുകായി ചെയ്തു. സാഹിബാക്കാന്റെ കാലശേഷം അദ്ദേഹത്തിന്റെ വീടിനോട് ചേർന്നു നിൽക്കുന്ന ഈ സ്ഥലത്ത് ജനങ്ങൾക്ക് അല്പം കൂടി സൗകര്യപ്രദമായ രീതിയിൽ ഈ പള്ളിയെ പുതുക്കിപ്പണിയണമെന്ന തീരുമാനം വന്നപ്പോൾ സാഹിബാക്കാന്റെ മകൻ പരേതനായ ഖാദർഹാജി തന്റെ പിതാവിന്റെ പാത പിന്തുടർന്ന് പള്ളിക്കായുള്ള സർവ്വ സഹായങ്ങളും ചെയ്തു കൊടുക്കുകയുണ്ടായി.
മസ്ജിദുന്നൂർ കണ്ണിൽ പെടുന്ന ഏതൊരു പ്രദേശവാസിയുടെ മനസ്സിലേക്കും സാഹിബാക്ക എന്ന മനുഷ്യസ്നേഹി കടന്നുവരുമെങ്കിലും സാഹിബ് എന്ന നാമം കുറ്റൂരിന്റെ മണ്ണിൽ ഉയർന്നു നിൽക്കാൻ പിന്നെയും വർഷങ്ങളെടുത്തു. ഈയടുത്തതാണ് "സാഹിബ് പാലക്കാതുമ്പ് റോഡ്" എന്നെഴുതി ഒരു ബോഡെങ്കിലും കുറ്റൂരിൽ ഉയർന്നുകണ്ടത്.
അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം നന്നാക്കികൊടുക്കുമാറാകട്ടെ. ആമീൻ.
---------------------------
അബൂദിൽസാഫ്
സാഹിബാക്ക സമ്മിശ്ര വ്യക്തിത്വത്തിനുടമ
➖➖➖➖➖➖➖➖
കിണറ്റിൻവക്കത്തെ ഉറുളിന്റെ ഓരോ അറ്റത്തും ചുളിവ് വീണ രണ്ടു കൈകളുടെ ചടുലതാളത്തിനനുസരിച്ച് കയററ്റത്തെ ബക്കറ്റും വെള്ളവും ഉയർന്ന് പൊങ്ങി കൊണ്ടേയിരുന്നു. കാലം ദൃഢത മാറ്റിയ കൈ മസിലുകളുടെ ആട്ടവും ചലനത്തിനനുസരിച്ച് രൂപപ്പെടുന്ന തോളെല്ലിലെ കുഴികളും മുമ്പിലെ റോഡിലൂടെ നടന്ന് പോയ മാലോകരെല്ലാം കണ്ടിരിക്കുമെങ്കിലും ഒരു പക്ഷെ ആരും കേട്ടോ അറിഞ്ഞോ കാണില്ല ഉറുളിന്റെ കരകര ശബ്ദത്തിൽ അലിഞ്ഞല്ലാതെ പോയ ആ വയോവൃദ്ധന്റെ കിതപ്പും ശ്വാസോഛോസവും. അതെ, ഒരു ഇന്തോനേഷ്യൻ കള്ളിത്തുണിയുമുടുത്ത് അർദ്ധമേനി യും കാണിച്ച് വി.ടി കുഞ്ഞിമുഹമ്മദ് എന്ന സാഹിബാക്ക തിരക്കിലായിരുന്നു -ബാങ്ക് കൊടുത്താൽ പള്ളിയിലെത്തുന്നവർക്ക് വുളു വെടുക്കാൻ ഹൗളിൽ വെള്ളം നിറക്കണം.!
കഴിഞ്ഞവാരം കക്കാടം പുറത്തെ Kp. മുഹമ്മദാജി അനുസ്മരിക്കപ്പെട്ടപ്പോൾ സാഹിബാക്ക എന്ന നാമവും മനസ്സിലേക്കോടിയെത്തിയിരുന്നു. ഒരു കാര്യത്തിൽ പൊതുവായ സാമ്യം അവരിരുവരിലും ഉണ്ടായതായിരുന്നു കാരണം.പള്ളിയും അതിന്റെ പരിപാലനവും. ആകസ്മികമായാണെങ്കിലും പള്ളിപ്പറമ്പിൽ ഓർമ്മയുടെ കെട്ടഴിക്കാൻ ആ പേര് തന്നെ നിശ്ചയിക്കപ്പെട്ടത് ഇപ്പോൾ അർത്ഥവത്തായ പോലെ!
എൺപതുകളുടെ ഒടുക്കത്തിലും തൊണ്ണൂറ്റിന്റെ തുടക്കത്തിലും മാത്രം ഞാനടക്കമുള്ള അന്നത്തെ കൗമര പ്രായക്കാർ അടുത്ത് കണ്ട സാഹിബാക്ക പ്രായം ചെന്ന ആളായിരുന്നു. സാഹിബ് എന്ന ഇരട്ട ഷേര് ആരിട്ടു?എങ്ങിനെ വന്നു? അറിയില്ല. അദ്ദേഹത്തിന്റെ ബാല്യവും യൗവനവും അതും അജ്ഞാതം. പക്ഷെ ഒന്നറിയാം റ്വാർദ്ധക്യത്തിൽ ഞങ്ങൾ കണ്ട സാഹിബാക്ക സുകൃതം ചെയ്ത വ്യക്തിയായിരുന്നു.
ചില കര്യങ്ങളിൽ കഠിന മനസ്ഥിതിയും മറ്റു ചിലതിൽ മൃദുല ഹൃദയത്വവും സമജ്ഞസമായി സമ്മേളിച്ച ഇരട്ട വ്യക്തിത്വത്തിനുടമായി രുന്നു അദ്ദേഹം.ധൈര്യം സിരകളിലോടിയിരുന്നു അദ്ദേഹത്തിലെ കാർക്കശ്യം ഒരിക്കലും മറ്റുള്ള ആളുകളോട് പ്രയോഗിച്ചതായി അറിവിലില്ല. അതേസമയം പേപിടിച്ച് കടിക്കാൻ കുരച്ച് ചാടുന്ന പട്ടികളും പത്തി വിരിച്ച് നിന്ന് ആളുകളുടെ മാഉറക്കം കെടുത്തിയിരുന്ന മൂർഖൻ പാമ്പുകളുടെ കാര്യത്തിലും സാഹിബാക നാട്ടുകാർക്ക് ഒരാശശ്വാസമായിരുന്നു എന്നതായിരുന്നു വസ്തുത. എന്ന് വെച്ചാൽ ഒരു കൂസലുമില്ലാത്ത ഒന്നാം തരം പാമ്പുപിടിത്തക്കാരൻ കൂടിയായിരുന്നു മൂപ്പർ .ഒരു സഹതാപവും അവക്ക് അദ്ദേഹത്തിൽ നിന്ന് ലഭിച്ചതുമില്ല.
ഒരു നാൾ എന്റെ പടിഞ്ഞാറെ അയൽവാസിയായിരുന്ന ചൂലൻ കുട്ടിയുടെ വീട്ടിൽ നിന്നും അതിരാവിലെ തന്നെ ഒരു ബഹളം ! പോയി നോക്കുമ്പോൾ കഞകുഞി കൊററിയും മക്കളും മുറ്റത്ത് നിന്ന് പേടിച്ച് ഒച്ചവെക്കുന്നു...ആളുകൾ ഓടിക്കൂടുന്നു... പേടിച്ച് വിറച്ച കുഞ്ഞികൊറ്റി വിറയലോടെ തന്നെ കോഴിക്കൂട് ചൂണ്ടി കാര്യം വിവരിച്ചു. മുട്ടയെടുക്കാൻ കോഴിക്കൂട്ടാൽ കയ്യിട്ടതാണ് ... ഒരു തണുപ്പ്! പൊടുന്നനെ കൈ പിൻവലിച്ച് സൂക്ഷിച്ച് നോക്കിയപ്പോൾ കണ്ട കാഴ്ച ... അറിഞ്ഞ സത്യം .. കൈ വെച്ചത് സഖാവ് മൂർഖാന്റെ പുറത്താണ്. അന്നേരം പുറത്ത് വന്ന ആർപ്പ് വിളിയിലാണ് ആളുകൾ അങ്ങോട്ട് പാഞ്ഞ് വന്നത്.കോഴിക്കൂടിൽ നിന്ന് പാമ്പിനെ പുറത്ത് ചാടിച്ച് പിടിക്കാനോ കൊല്ലാനോ ' ആർക്കും ധൈര്യമില്ല. ഉടൻ ആളെ വിട്ടു.
പോയ ആളോടൊത്ത് ഒരൽപം വളഞ്ഞ് ധൃതിയിൽ നടന്ന് സാഹിബാക്കയെത്തിയപ്പോൾ ആൾക്കൂട്ടം മാറി നിന്ന് വഴിയൊരുക്കി ' എ ..എഉടെ പാ ... പാമ്പ്? സ്വതസിദ്ധമായ വിക്കോടെ സാഹിബാക്ക ചോദിച്ചു. ജനം കോഴിക്കൂട്ടിലേക്ക് വിരൽ ചുണ്ടി.ഒരു കൂസലുമില്ലാതെ കൂട്ടിൽ കയ്യിട്ട് പാമ്പിനെ വാലിൽ പിടിച്ച് പുറത്തെടുക്കുന്നു. ആളുകൾ ശ്വാസം അടക്കിപിടിച്ചാണ് ഈ കാഴ് ച്ച കാണുന്നത്.ഒന്നാം ക്ളാസ് മൂർഖൻ സാഹിബാക്കാന്റെ കയ്യിൽ തൂങ്ങിയാടി നൃത്തം വെച്ചു. വാലിൽ പിടിച്ച് തന്നെ രണ്ട് വീശൽ വീശി പാമ്പിനെ നിലത്തിട്ടപ്പോൾ ആളുകൾ ചിതറിയോടി. മുറ്റത്തിട്ട് തന്നെ തല്ലിക്കൊന്ന പാമ്പിനെയും കയ്യിൽ തൂക്കി ഹീറോയെ പോലെ നടന്നകലുന്ന് സാഹിബാക്കയുടെ രൂപം ഇന്നും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല.മാന്തളിന്റെ തൊലിയുതിർക്കുന്ന ലാഘവത്തോടെയായിരുന്നു പാമ്പിൻ തോലെടുത്തിരുന്നത്!
ഇതേ ആൾ തന്നെയാണ് പ്രായം ചെന്ന ഒരു കാരണവരാണെന്ന ഢംപോ വമ്പോ കാണിക്കാതെ കൊച്ച് കുട്ടികളോട് പോലും സല്ലപിച്ചിരുന്നത്.പലരും ഇവിടെ അനുസ്മരിച്ച പോലെ അവരുടെ നടുപ്പുറത്ത് വേദനിപ്പിക്കാതെ വാൽസ്യത്തോടെ തന്നെ ചാമയളന്നിരുന്നത്. ബന്ധുവീട്ടിൽ വരുന്ന വന്ന കുട്ടികളൊക്കെ പൊടുന്നനെ ലഭിക്കുന്ന ചാമയിൽ ആദ്യം അമ്പരക്കുമെങ്കിലും പിന്നീടാ രസത്തിൽ അവരും പങ്കു ചേരും.
പച്ചയായ ഒരു നാടൻ കർഷകനായിരുന്നു അദ്ദേഹം. പെരുമാറ്റത്തിലോ സമീപനത്തിലോ ഒരു നാടകീയതയും വെച്ച് പുലർത്താത്ത ഒരാൾ . ഞാനടക്കമുള്ള ഒരു പറ്റം അന്നത്തെ കൗമാരക്കാർ പുത്ര സമാനമായ അദ്ദേഹത്തിന്റെ വാൽസല്യം വേണ്ടുവോളമനുഭവിച്ചിട്ടുണ്ട്. പേ രല്ല അരീക്കാ എന്നായിരുന്നു വിളിച്ചിരുന്നത്.
കറച്ചധികം ഭൂസ്വത്തുണ്ടെന്നെ തൊഴിച്ചാൽ വലിയ സമ്പന്നനൊന്നുമല്ലാതിരുന്ന അദ്ദേഹം സ്വന്തം സ്ഥലത്ത് സ്വന്തമായി തന്നെ പള്ളി പണിതു. പഴയ പള്ളികൾ പൊളിച്ചിടത്ത് നിന്ന് സാധനങ്ങൾ സ്വരൂപിച്ചായിരുന്നു നിർമ്മാണം.പരിപാലനവും അരേയും കാത്ത് നിൽക്കാതെ സ്വയം തന്നെ ചെയ്തു. അങ്ങിനെ അതിന്ന് സാഹിബിന്റെ സ്രാമ്പ്യയെന്ന പേരും കിട്ടി. അന്ന് ഹyളിലേക്ക് വെള്ളം കോരുമ്പോൾ പറയാതെ തന്നെ ചിലപ്പോഴെങ്കിലും ഒരു കൈ സഹായം ഞങ്ങൾ അദ്ദേഹത്തിന് നൽകിയതിൽ ഇന്നിപ്പോൾ അഭിമാനം തോന്നുന്നു. അതദ്ദേഹത്തെ സ6ന്താഷിപ്പിച്ചു. ' ആ ബന്ധം അങ്ങിനെ വല്ലാതെയടുത്തു.എത്രത്തോളമെന്നാൽ പോത്ത്‌ഇറച്ചി കുന്നുംപുറത്ത് നിന്ന് ഞങ്ങൾ കൊണ്ട് വന്നാൽ സ്വന്തം പറമ്പിലെ പൂള പറിച്ച് ഇറചിയും പൂളയും വെച്ച് വിളമ്പിത്തരും.
വലിപ്പച്ചെറുപ്പമില്ലാത്ത ഇത്തരം പെരുമാറ്റ രീതികൾ ഒരു വശത്ത് നടക്കുമ്പോൾ ഗൗരവതരമായ ചില സന്നിഗ്ദ തീരുമാനങ്ങളിൽ പാറപോലെ ഉറച്ച് നിന്ന് ഉള്ളിലെ ഉൾക്കരുത്തും അദ്ദേഹം എടുത്ത് കാട്ടി. അത്തരം ഒരു തീരുമാനമായിരുന്നു പള്ളിയും അതിന്റെ പരിപാലനവും അൽ ഹുദാ ട്രസ്റ്റിനെ ഏൽപിച്ചത്.ഒരു ഉപചാപക വൃന്ദത്തിനും അതിൽ നിന്നദ്ദേഹത്തെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല.ആ തീരുമാനം എത്രത്തോളം ശരിയായിരുന്നെന്ന് ഒരു ജുമുഅത്ത് പള്ളിയായി പരിലസിച്ച് നിൽക്കുന്ന മസ്ജിദുന്നൂറിലൂടെ ഇന്ന് കാലം തെളിയിക്കുകയും ചെയ്തു.
മരണ ചിന്ത വെച്ച് പുലർത്തിയ അദ്ദേഹം അതിന് വേണ്ടി സ്വയം ഖബർ പണിത് കാത്തിരുന്നയാളാണ്. അവിടെത്തന്നെ മറചെയ്യപ്പെടാൻ വിധി അനുവദിച്ചില്ലെങ്കിലും എവിടെയായി രുന്നാലും അവിടേക്ക് ഇന്ന് മസ്ജിദുന്നൂറിലെ ഓരോ ആരാധനകളുടേയും പ്രതിഫലം എത്തപ്പെടാതിരിക്കില്ല. അല്ലാഹു അദ്ദേഹത്തിന്റേയും നമ്മുടേയും ആഖിറം നന്നാക്കട്ടെ _ ആമീൻ
--------------------------------
ജലീൽ അരീക്കൻ
സാഹിബാക്ക;
ഓർമ്മകളിൽ തെളിയുന്ന നാട്ടുകാരണവർ
➖➖➖➖➖➖➖➖
ചെറുപ്പത്തിൽ വല്യുമ്മയോടൊപ്പം കുന്നുംപുറം ചന്തക്ക് പോയപ്പോഴാണ് ആദ്യമായി സാഹിബിന്റെ പള്ളി കണ്ടത്.
വാഖിഫിന്റെ പേര് ചേർത്ത് വിളിച്ച നമ്മുടെ നാട്ടിലെ ഒരേ ഒരു പളളി.
സാഹിബാക്ക എന്ന വിളിപ്പേര് അദ്ദേഹത്തിന് എങ്ങനെ വന്നതാണെന്നറിയില്ല.
പള്ളിയിലേക്ക് വന്നിരുന്ന ആരുമായും അടുത്തിടപഴകുന്ന ഒരു പ്രകൃതമായിരുന്നു ഇദ്ദേഹത്തിന്റേത്. പള്ളിയുടെ പുറത്തും ഇങ്ങനെയൊക്കെ തന്നെയായിരുന്നു.
ഏതോ ഒരു മഗ് രിബിന്റെ നേരത്താണ് ഞാൻ ആദ്യമായി സാഹിബിന്റെ പള്ളിയിലേക്ക് പോയത്.
എൺപതുകളുടെ അവസാന കാലം.
അവിടെയെത്തുമ്പോൾ പാനീസിന്റെ മങ്ങിയ ഒരു തിരിനാളം ഇറയത്ത് തൂങ്ങുന്നുണ്ടായിരുന്നു.
ഞാനും കൂടെയുള്ളവരും വുളു എടുത്ത് അകത്ത് കയറി.
എന്റെ കൂടെയുള്ളവരുമായി സാഹിബാക്ക കുശലാന്വേഷണങ്ങൾ നടത്തി.
ഒരു പ്രത്യേകമായ ശബ്ദത്തിനുSമയായിരുന്നു അദ്ദേഹം.
ആ സംസാരത്തിന് ചെറിയ ഒരു വിക്കിന്റെ പ്രയാസങ്ങൾ ഉള്ളത് പോലെ തോന്നിച്ചിരുന്നു.
എനിക്ക് സാഹിബാക്കയുമായി ഒരു മുഖ പരിചയം മാത്രമെ ആ കാലത്ത് ഉണ്ടായിരുന്നൊള്ളൂ.
പതിവ് കൂട്ടത്തിൽ അപരിചിത മുഖം കണ്ട സാഹിബാക്ക കൂടെയുള്ളവരോട് എന്നെ പറ്റി തെരക്കി.
ഞാൻ എന്റെ മേൽവിലാസം പറഞ്ഞപ്പോൾ ആ മുഖത്ത് കണ്ട സന്തോഷം മോന്തി നേരത്തെ പാനീസിന്റെ അരണ്ട വെളിച്ചത്തിൽ ഞാൻ തെളിഞ്ഞ് കണ്ടു.
അപ്പോൾ എന്റെ കൂടെയുള്ളവരുടെ കമന്റ്,
സാഹിബാക്കാ,
ഓനൊരു ചാമകൊടുക്കീ....
ചാമ സാഹിബാക്കാന്റെ ഒരു തമാശയായിരുന്നു.
നടുപ്പുറത്ത് വലിയ ശബ്ദത്തോടെ എന്നാൽ തെല്ലും വേദനിക്കാതെ അദേഹം നടത്തിയ കൈ പ്രയോഗത്തിനാണ് ചാമ എന്ന് പറഞ്ഞിരുന്നത്.
കുട്ടികൾക്കൊക്കെ സാഹിബാക്കാന്റെ ചാമ കിട്ടുന്നത് വലിയ രസമായിരുന്നു.
അങ്ങനെ എനിക്കും ആദ്യമായി അന്നൊരു ചാമകിട്ടി.
ഒരു നാട്ടുകാരണവരുടെ നിഷ്കളങ്ക ഭാവവും തലമുറകളിലേക്ക് കിനിയുന്ന സൗഹൃദത്തിന്റെ കരുതലും ആ ചാമകൾക്കുണ്ടായിരുന്നു.
നാട്ടിൻ പുറത്തെ പള്ളി കാരണവർ എങ്ങനെയാവണമെന്നതിന് സാഹിബാക്ക നമുക്ക് മുന്നിലെ വലിയൊരു ഉത്തരമായിരുന്നു.
സ്ഥിരമായി പളളിയിൽ കയറാത്തവരാരെങ്കിലും പള്ളിയിൽ വന്നാൽ കണ്ണെടുക്കാത്ത നോട്ടം കൊണ്ട് അവരെ അസ്വസ്ഥരാക്കുന്ന കാരണവൻമാരെ നമ്മളേറെ കണ്ടിട്ടുണ്ട്.
ഫാൻ ഉപയോഗിച്ചാൽ ശകാരിക്കുന്ന പങ്ക മന്ത്രിമാർ നമ്മുടെ പള്ളികളിലുണ്ടാവാറുണ്ട്.
അകത്തെ പള്ളിയിൽ മാത്രമല്ല ഹൗളിൻകരയിലും മൂത്രപ്പുരയിലും വരെ കടന്ന് ചെന്ന് അധികാരത്തിന്റെ ഗർവ്വും ചെറുപ്പക്കാരോടുളള അസഹിഷ്ണുതയും കാട്ടുന്നവരെയും നമ്മൾ സഹിക്കാറുണ്ട്.
എന്നാൽ ഇത്തരം കാരണവൻമാരുടെ കൂടെ എണ്ണാൻ പറ്റിയ ആളല്ല സാഹിബാക്ക.
അങ്ങനെ ചെയ്യുന്നവരെ സാഹിബാക്ക് ഇഷ്ടവുമായിരുന്നില്ല.
സമൂഹത്തിലെ ഏത് തരത്തിലുള്ളവരോടും ഇണങ്ങി ചേരാൻ കഴിയുന്ന പ്രകൃതമായിരുന്നു അദേഹത്തിന്റേത്.
നല്ലൊരു കർഷകനായിരുന്നു അദ്ദേഹം.
മോശമല്ലാത്ത ഭൂസ്വത്തിനുടമയായിരുന്നു.
കഠിനാധ്വാനിയായിരുന്നു.
അതിനൊക്കെ അപ്പുറം ധൈര്യ ശാലിയും നല്ലൊരു രസികനുമായിരുന്നു.
പ്രായഭേദമന്യേ എല്ലാവരുമായും അടുത്തിടപഴകുകയും സൗഹൃദം പങ്കിടുകയും ചെയ്തു.
കണ്ടുമുട്ടുമ്പോഴൊക്കെ
കൈതൾപ്പാ......
എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്.
ഒറ്റ കാഴ്ചയിൽ ആളെ മനസ്സിലാക്കുകയും ആ അറിവ് കൂടെ കൊണ്ട് നടക്കുകയും ചെയ്തു.
കുറ്റൂർ നോർത്ത് ജംഗ്ഷനിലെ എന്റെ എളാപ്പയുടെ കടയിൽ സഹായിയായി നിന്നിരുന്ന നാളുകളിൽ പലപ്പോഴും മഗ് രിബ് നിസ്കാരത്തിന് സാഹിബിന്റെ പള്ളിയിലേക്കായിരുന്നു പോയിരുന്നത്.
ഗൃഹാതുരത്വമുണർത്തുന്ന
അന്നത്തെ ഓർമ്മകളിൽ ഈ നിഷ്കളങ്കനായ നാട്ടുകാരണവർ ഇപ്പോഴും ചാമ അടിക്കാനായി വന്ന് നിൽക്കുന്നുണ്ട്.
പൂപ്പൽ പിടിച്ച
ഹൗളിൻ കര.........
പടിഞ്ഞാറ് ഭാഗത്ത് ഒരാൾക്ക് മാത്രം ഇരിക്കാൻ സൗകര്യമുള്ള മൂത്രപുര..........
അവിടത്തെ
വെള്ളം നിറച്ച് വെച്ച ചാടി........
അത് അsച്ച് വെച്ച മരപ്പലക........
വെള്ളമെടുക്കാൻ ഉപയോഗിച്ച
തുരുമ്പ് പിടിച്ച തകരപ്പാട്ട........
അകത്തെ പള്ളിയിലെ
നൂല് വലിഞ്ഞ പുൽപായ.......
തെക്കേ മൂലയിൽ
കത്തിച്ച് വെച്ച മണ്ണെണ്ണ വിളക്ക്......
അതിനടുത്ത് വെച്ച
ഉപയോഗിച്ച് തീരാനായ
ഒട്ടക മാർക്ക് തീപ്പെട്ടി......
ചെറിയ അലമാരയിലെ
ജിദ്ദ് ഒട്ടിച്ച മുസ്ഹഫ് .....
എല്ലാം
മാറാല കെട്ടിയ ഓർമ്മകളായി ഇന്നും മനസ്സിലുണ്ട്.
കാഴ്ചയുടെ സൗന്ദര്യം കൊണ്ട് മനസ്സിൽ തങ്ങി നിൽക്കുന്ന മറ്റെന്തെങ്കിലും അവിടെ ഉള്ളതായി എനിക്കറിയില്ല.
അന്നത്തെ എല്ലാ സ്രാമ്പികളുടെയും അകവും പുറവും ഇങ്ങനെയൊക്കെ തന്നെയായിരുന്നു.
അവിടത്തെ ഹൗളിലെ തെളിവെള്ളം പോലെ ശുദ്ധമായിരുന്നു അത്തരം സ്രാമ്പികളുടെ ഉദ്ദേശ്യ ശുദ്ധിയും.
നമ്മുടെ ഗ്രാമീണ ജീവിതത്തിന്റെ നടപ്പിലും നൻമയിലും വലിയ പങ്ക് ഉത്തരം സ്രാമ്പികൾക്കുണ്ട്.
കൃഷിക്കാരുടേയോ, താമസക്കാരുടേയോ സൗകര്യം മാത്രമാണ് സ്രാമ്പികളുടെ നിർമ്മാണത്തിന് കാരണമായത്.
സ്വന്തം വീടിനടുത്ത് തനിക്ക് പരിചരിക്കാൻ ഒരു സ്രാമ്പി പണിയുകയും അതിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ മുഖപ്രസന്നതയോടെ മുന്നിൽ നിൽക്കുകയും ചെയ്തു.
അവസാനം രോഗങ്ങളും പ്രായത്തിന്റെ അവശതകളും അലട്ടിത്തുടങ്ങിയപ്പോൾ ഒരു ദീനീ സ്ഥാപനത്തിന് അതിന്റെ കൈകാര്യം ഏൽപ്പിച്ചു.
താൻ തുടങ്ങി വെച്ച നൻമയുടെ ഇത്തിരി വെളിച്ചം ഒരു ദേശമാകെ പരന്ന് തുടങ്ങുന്നത് കണ്ടാണ് സാഹിബാക്ക കണ്ണടച്ചത്. നമ്മുടെ നാടിന് ഒരു കാലത്തും മുറിയാത്ത കുറെ നൻമകളുടെ പേരിൽ കാലമെത്ര കഴിഞ്ഞാലും ഇദ്ദേഹം ഓർമ്മിക്കപ്പെടും.
അള്ളാഹു അദേഹത്തിന്റെ നൻമകൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ.
♦♦♦♦♦♦♦♦
✍സത്താർ കുറ്റൂർ
സാഹിബ് മസ്ജിദ്:
വാകൃതെടിക കുഞിമുഹമ്മദ് ക്കാക(സാഹിബാക്ക)വളരെ ചെറുപ്പംമുതൽ കേൾക്കുന്ന നാമം.
കുററൂർ നേർത്തിൽ അദ്ദേഹത്തിന്റെ വീടിന്റെ മുൻഭാഗത് ഒരു പളളി നിർമിച്ചു ആപളളിയാണ് മസ്ജിദ് നൂർ എന്ന പേരിൽ ഇപ്പോൾ അറിയാപെടുന്നത്്‌ഒരിക്കൽ മദ്റസ കമ്മററി സാഹിബാക്കാ മദ്റസക്ക് ഒരു തെങ് വേണം എന്ന് പറഞ്ഞപ്പേൾ നിങ്ങൾക്ക് ഇഷ്ട മുള്ള തെങ് തെരഞ്ഞെടുക്കാൻ അദ്ദേഹം പറഞ്ഞു.
കുട്ടികൾക്ക് അദ്ദേഹം പുറത്ത് സ്നേഹതേടെ ഒരു(ചാമ) അടി കെടുത്തിരുന്നു.
അള്ളാഹു അദ്ദേഹത്തെയും നമ്മെയും നമുക്ക് ബന്ധപെട്ട വരെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടടെ ആമീൻ
------------------------
സൈദു കെ പി
എന്റെ കുട്ടി കാലത്തെ അയൽപക്ക വീടായിരുന്നു സാഹിബാക്കയുടെ ത്. അദ്ദേഹത്തിന് ഒരു പാട് ഭൂസ്വത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പക്കൽ നിന്ന് സ്ഥലം മേടിച്ചാണ് തറവാട് വീട് വെച്ചതെന്ന് മുതിർന്നവർ എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്ക് ഏഴ് വയസുള്ള തുവരെ ഞങ്ങൾ അവിടെയാണ് താമസിച്ചിരുന്നത്.സാഹിബാക്കയെ കുറിച്ച് ഓർക്കുകയണെങ്കിൽ ആദ്യമായി ഓർമ്മ വരുന്നത് അദ്ദേഹം എനിക്ക് തന്നിട്ടുള്ള ഒത്തിരി ചാമകളാണ്. ചാമ എന്നത് കൂട്ടിലെ പലർക്കും അറിയില്ലെന്നാണ് എനിക്ക് തോന്നുന്നത്.സാഹിബാക്കയുടെ ചാമ എന്ന് പറഞ്ഞാൽ ചെറിയ കുട്ടികളെ അടുത്ത് വിളിച്ച് വരുത്തിയിട്ട് കുനിച്ച് നിറുത്തി സ്നേഹത്തോടെ കൈ കൊണ്ട് പുറത്തിട്ട് മൂന്നോ നാലോ അടി തരും. ഇതാണ് ചാമ. അക്കാലത്ത് അദ്ദേഹത്തിൽ നിന്ന് ചാമ കിട്ടാത്തവർ അപൂർവ്വമായിരിക്കും .എന്റെ കുട്ടിക്കാലത്ത് സാഹിബാക്കയെ എനിക്ക് പേടിയായിരുന്നു. കാരണം എവിടെ നിന്ന് കണ്ടാലും എനിക്ക് ചാമതരുമായിരുന്നു.പലപ്പോഴും ഞാൻ ഓടി രക്ഷപ്പെടുമായിരുന്നു. അന്നൊന്നും എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു എന്തിനാണ് എനിക്ക് ചാമ തരുന്നതെന്ന്. ക്രമേണ പിന്നീട് ഞാൻ അങ്ങോട്ട് ഓടിച്ചെന്ന് എനിക്കൊരു ചാമ തരി സാഹിബാക്കാ എന്ന് പറഞ്ഞ് ചാമമേടിച്ചിട്ടുണ്ട്. അദ്ദേഹം വാത്സല്യത്തോടെ ഹും ഹും എന്ന് ശബ്ദമുണ്ടാക്കി എനിക്ക് ചാമ തന്നത് ഞാനിപ്പോഴും ഓർക്കുന്നു. പിൽക്കാലത്ത് അദ്ദേഹത്തിന്റെ സ്ഥലത്ത് പള്ളി പണിയിച്ച് അതിന്റെ പരിപാലനവുമായി അദ്ദേഹം ശിഷ്ടകാലം ജീവിച്ചതും ഇന്നും ഞാൻ ഓർമ്മിക്കുന്നു. ആ പള്ളി സാഹിബിന്റെ പള്ളി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം പള്ളി പുനർനിർമ്മിക്കുകയുണ്ടായി.( മസ്ജിദ് നൂർ). എവിടെ നിന്ന് കണ്ടാലും വീട്ടിലെ വിശേഷങ്ങൾ ചോദിക്കുമായിരുന്നു. അദ്ദേഹം ധരിച്ചിരുന്ന കള്ളിത്തുണിയും വെള്ളതോർത്ത് മുണ്ടും ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു .അദേഹം നമ്മിൽ നിന്ന് വിട പറഞ്ഞിട്ട് വർഷങ്ങളായി. സർവ്വ ശക്തനായ അല്ലാഹു അദ്ദേഹത്തേയും നമ്മളേയും സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
------------
സാലിം
സാഹിബാക്കനെ ഓർക്കുമ്പോൾ എല്ലാവരും പറഞ്ഞ പോലെ ചാമ തന്നെയാണ് ആദ്യം ഓർമയിലേക്ക് വരുന്നത് . ഞങ്ങളുടെ എട്ടാം ക്‌ളാസ് മദ്രസ്സ സാഹിബാക്കന്റെ പള്ളിയിൽ വെച്ചായിരുന്നു നടന്നിരുന്നത് .
അതുകൊണ്ടു തന്നെ ആ കൈകൾ കൊണ്ടു എനിക്കും കിട്ടിയിട്ടുണ്ട് ഒരുപാട് ചാമ .
ആദ്യമൊക്കെ പേടി തോന്നി എങ്കിലും പിന്നെ അതൊരു സ്നേഹ തലോടൽ പോലെയായിരുന്നു .
ഒരാൾക്കു കിട്ടിയാൽ മറ്റുള്ളവർക്കൊക്കെ ചാമ വാങ്ങി കൊടുക്കൽ ഒരു തമാശ ആയിരുന്നു അന്ന് .
സാഹിബാക്ക , ഓന് ഒരു ചാമ വേണേലോ എന്ന് പറഞ്ഞ മതി , അതോടെ ഓനും കിട്ടും ഒന്ന് .
ഇന്നത്ത പോലെ ഇറച്ചികോഴി ഇല്ലാത്ത പഴയ കാലത്തു വീട്ടിൽ വളർത്തിയ ഒരുപാടു നാടൻ കോഴികളെ അറുക്കാൻ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട് .
എന്റെ ഓർമ മുതൽ അദ്ദേഹത്തിന്റെ ജീവിതം ആ സ്രാമ്പി യുമായി ബന്ധപ്പെട്ടു തന്നെയായിരുന്നു.
അള്ളാഹു ആ മഹാമനുഷ്യന് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ , അദ്ദേഹത്തെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ . ആമീൻ .
--------------------------------
നജ്മുദ്ധീൻ അരീക്കൻ
ഓർമ്മകളിലെ സായിബാക്ക
എന്റെ അയൽവാസിയായ സായിബാക്കയെ എന്റെ ചെറുപ്പം മുതലേ എനിക്ക് സുപരിജിതനാണ്, നമ്മുട നാട്ടിൽ അദ്ധേഹത്തെയും, അദ്ധേഹത്തിന്റെ ' ചാമ ' യെയുമറിയാത്തവർ കുറവായിരിക്കും.
കുട്ടികൾ,യുവാക്കൾ, മുതിർന്നവർ ,എല്ലാവരോടും സൗഹൃദം പുലർത്തിയിരുന്ന സായി ബാക്ക എല്ലാർക്കും ഒരു ഹരമായിരുന്നു.
സ്വന്തം സ്ഥലത്ത് ഒരു കൊച്ചു സ്രാമ്പ്യ നിർമിക്കാൻ അദ്ധ്യേ ഹം മുന്നിട്ടിറങ്ങി. തുടക്കത്തിൽ രാത്രി മദ്രസ കുട്ടികൾക്ക് ദർസ് ഒകെ ഉണ്ടായിരുന്നു സ്രാമ്പ്യയിൽ .
സ്രാമ്പ്യ ഞങ്ങൾകൊക്കൊ ഒരു ലാന്റ് മാർക്ക് പറയാൻ പറ്റുന്ന സ്ഥലപ്പേരുമായി "സായിബിന്റെ സ്രാമ്പ്യ" ന്റെ അവിടേണ് പെര എന്നൊക്കെ പറയാനും പറ്റി.
സ്രാമ്പ്യയിൽ വരുന്നവർകൊക്കെ അദ്ധ്യഹം ചാമ യടി നൽകും, ഞാനാദ്യമായി ചാമ യ ടി കിട്ടിയപ്പോൾ പേടിച്ച് കരഞ്ഞു .പിന്നീട് പേടിയൊക്കെ മാറിയപ്പോ വീണ്ടും വീണ്ടും കിട്ടാൻ നിന്ന് കൊടുക്കലായി പതിവ്.
ധാരാളം സ്വത്തുണ്ടായിരുന്ന സായി ബാക്ക വളരെ എളിയ ജീവിതമാണ് നയിച്ചു പോന്നത്. വളരെ കഠിനാദ്യോനിയായിരുന്ന അദ്ധ്യേഹം പശു, ആട്, പോത്ത്, മുഴൽ എന്നിവയൊക്കെ വീട്ടിൽ വളർത്തിയിരുന്നു.
പള്ളി പരിപാലനത്തിൽ തൽപരനായിരുന്ന അദ്ധേഹം വേനൽകാലത്തൊക്കെ കിണറ്റിൽ നിന്ന് വെള്ളംകോരി ഹൗള് നിറക്കുമായിരുന്നു. കിണറ്റിൻറരി കെ ഒരു തിണ്ട് കെട്ടി അതിൽ ചെറിയ ടാങ്ക് ഉണ്ടാക്കി അതിൽ നിന്ന് കവുങ്ങിന്റെ പാത്തി വഴി ഹൗളിൽ വെള്ളം ചാടിക്കുന്ന ഒരു സാങ്കേതിക വിദ്ധ്യയും അതിനായി മൂപ്പര് കണ്ടെത്തിയിരുന്നു.
വളരെ ധൈര്യശാലിയായിരുന്നു സായി ബാക്ക ,ഞങ്ങളൊക്കെ വീട്ടിൽ പാമ്പിനെ കണ്ടാൽ സായി ബാക്കാനെയാണ് വിളിക്കാറ്, മൂപ്പര് പാമ്പിനെ പിടിക്കുമെന്ന് ചെറു പ്പത്തിലേ കേൾ കാറുണ്ട്, ഒരു ദിവസം വീട്ടിൽ വിറക് പു രയുടെ തറയുടെ ഉള്ളിൽ പാമ്പിനെ കണ്ടപ്പോ മൂപ്പര് വന്ന് വാലീ ൽ പിടിച്ച് വലിച്ച് പുറത്തിട്ടത് ഓർത്തു പോവുന്നു.
ഞങ്ങൾ അടുത്ത വീട്ടുകാരൊക്കെ വീട്ടിൽ അള്യേങ്കാരും മറ്റും വിരുന്ന് വന്നാൽ കോഴിന അറക്കാൻ കൊണ്ടോകലും മൂപ്പരെ അടുത്തേക്കാണ്. മൂപ്പര് ചിറകും കാലും കൂട്ടി പിടിച്ച് കയ്യിൽ തരും എന്നിട്ട് മുറുക്കിപ്പിച്ചോ വിടരുതെന്ന് പറയും, പിന്നീട് അറുത്ത് കഴിയുവോളം പേടിയാണ് ഇതെങ്ങാനും കയ്യീന്ന് പോവോ എന്ന് കരുതി.
നാട്ടുകാരെ പോലെ തന്നെ വീട്ടുകാർ കും, കുടുംബക്കാർക്കും വളരെ പേടിയും ഭ ഹുമാനവുമുള്ള വ്യക്തിയായിരുന്നു സായി ബാക്ക .
സ്രാമ്പ്യയുടെ അടുത്ത് സായി ബാക്ക അദ്ധ്യേഹത്തിനു വേണ്ടി ഒരു ഖബർ കുഴിച്ചിട്ടിച്ചിരുന്നു. വർഷങ്ങളോളം അത് അവിടെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് തൂർകുകയായിരുന്നു.
കണ്ണമംഗലം എടക്കാപറമ്പ് ജുമാ മസ്ജിദിലാണ് മഹാനവർകൾ അന്ത്യ വിശ്രമം കൊള്ളുന്നത്.
അദ്ധ്യേഹത്തിന്റെ സ്രാമ്പ്യ ഇന്ന് വലിയ ഒരു മസ്ജിദ് ആയി രൂപാന്തരപ്പെട്ടിരിക്കുന്നു, അദ്ധ്യേഹത്തിന്റെ മകൻ കാദർ ഹാജിക്കും ഇതിൽ വലിയ പങ്കുണ്ട് ,രണ്ട് പേർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ, അവന്റെ ജന്നാതുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ... ആമീൻ...
---------------------------------
ബാസിത് ആലുങ്ങൽ
വന്ന്യരായ മർഹൂം വാകിയേതൊടിക സാഹിബ് കാക്ക الله മഅഫിറത് നന്നാകി കൊടുക്കട്ടെ. എനിക്കെഴുതാനുള്ള ഒട്ടുമുക്കാൽ വിശയവും ബാസിത് ന്റെ വിവരണത്തിലുണ്ട്. എന്റെ ജേശ്ടൻ കെരീം മുസ് ലിയാർക് 12.5 സെന്റ് സ്ഥലം 12000/ രൂപക്ക് കൊടുത്തതും വീടു വെക്കാനുള്ള സഹായങൾ ചൈതതും അദ്ധേഹമാണ് . നല്ല സ്നേഹ സംബന്നനും ദൈര്യശാലിയുമായിരുന്ന അദ്ധേഹം മണ്ണിനേ അറിയുന്ന ക്രിശിക്കാരനും കൂടിയായിരുന്നു ഇന്ന് കണ്ടമാനം വീടുകളുള്ള അദ്ധേഹത്തിന്റെ പറംപിൽ അക്കാലത്ത് നെല്ലും എള്ളും നന്നായി വളർന്നിരുന്നു.
-----------------------------
അബ്ദുള്ള കാമ്പ്രൻ
സാഹിബാക്ക :
അദ്ദേഹവുമൊത്തുള്ള സ്രാമ്പിയയിലെ സുന്ദര നിമിശങ്ങൾ അയവിറക്കി കുറിച്ച് തുടങ്ങിയതാണു ...
അതാ വരുന്നു ഞാൻ എഴുതി ഉണ്ടാകിയത് കോപി അടിച്ച പോലെ അന്നത്തെ ഞങ്ങളുടെ ടീമിന്റെ നെടും തൂണും എന്റെ കാരണവരും ആയ ജലീൽ ....!
ഇപ്പൊ സത്താറും .....!
എന്തു ചെയ്യും മാറ്റി എഴുതുക തന്നെ .......
അന്ന് മഗ്രിബ് മുതൽ ഇശാ വരേ ഞങ്ങൾ അഞ്ചാറു പേർ ഉണ്ടാകും സ്രാമ്പിയയിൽ ......
കൂട്ടത്തിൽ കൗമാരക്കാരനല്ലാത ആലുങൽ മുഹമ്മദ് കുട്ടി കാക്കയും ഉണ്ടാകും ...
അന്നത്തെ ജമാ'അത്ത് നിസ്കാരങ്ങൾക് നേതൃത്വം നൽകിയിരുന്നത് മയമുട്ടിയാക്ക ആയിരുന്നു ..
റമളാനിനേ വരവേൽകാൻ ഞങ്ങൾ സ്രാമ്പിയയും ഹൗളും ഒക്കെ വൃത്തിയാക്കാൻ ഏതെങ്കിലും ഒഴിവു ദിവസം തിരഞ്ഞെടുക്കും ...ഞങ്ങളൊക്കെ അന്ന് വിദ്ധ്യാർഥികൾ ആയിരുന്നല്ലൊ ....
അന്ന് ഞങ്ങൾക് ഇറച്ചിയും പൂളയും ഉണ്ടാകി തന്ന് എല്ലാവരും കൂടി കഴിക്കുമായിരുന്നു ....
അങ്ങനേ സ്വറ പറഞ്ഞിരിക്കുമ്പോഴാണു നമുക്ക് സ്രാമ്പിയക്ക് ഒരു പരിപാലന കമ്മറ്റി വേണമെന്ന് ഞങ്ങൾക് തോന്നിയത് ...
ഞങ്ങൾ അഞ്ചാറു കൗമാരക്കാരും സാഹിബാകയും മയമുട്ടി കാക്കയും ഒന്നിച്ചിരുന്ന് ഒരു പ്രസിഡന്റും സെക്രട്ടറിയും മറ്റ് കമ്മറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു ..
പ്രസിഡന്റ് മയമുട്ടി കാക്ക ..
ബാക്കി ഞങ്ങളൊക്കെ തന്നെ ആരൊക്കെയെന്ന് കൃത്യമായ ഓർമയില്ല ..
സ്രാമ്പിയക്ക് മസ്ജിദ് നൂർ എന്ന് നാമകരണം ചെയ്തത് ഞങളുടെ ആ കമ്മറ്റിയായിരുന്നു ....
ഒരു ചെറിയ നോട്ട് ബുക്ക് ഉണ്ടായിരുന്നു അതിന്റെ ആദ്യ പേജിൽ ഇങ്ങനേ എഴുതിയിരുന്നു "മസ്ജിദ് നൂർ പരിപാലന കമ്മറ്റി "..
എല്ലാറ്റിനും സാഹിബ് കാക്ക എന്ന ആ വലിയ മനുശ്യന്റെ നിഷ്കളങ്കമായ പിന്തുണയുണ്ടായിരുന്നു .
അവിടെയുള്ള ഖബർ അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു ...
അത് എപ്പോഴും പ്രകടിപ്പിക്കുമായിരുന്നു .
അദ്ദേഹത്തിന്റെ യൗവന കാലഘട്ടത്തിലേ കഥകൾ ആവേശ പൂർവ്വം കേട്ടിരിക്കലായിരുന്നു ഞങ്ങളുടെ പ്രധാന പരിപാടി ...
ഓരൊ ദിവസം ഓരൊ പുതിയ കഥകൾ പറയാനുണ്ടാകും അദ്ദേഹത്തിനു ......
നിഷ്കളങ്കനായ , നിസ്വാർഥനായ , ഒട്ടും അഹങ്കാരമോ കിബ് റൊ ഇല്ലാത്ത വലിയ നല്ല ഒരു മനസ്സിനുടമ അതാണു സാഹിബ് കാക്ക .
എനിക്ക് മുംബ് ഓർമിച്ച പ്രിയപ്പെട്ടവർ പങ്കു വെച്ചത് തന്നെയാണു എനിക്കും പറയാനുള്ളത് ...
അള്ളാഹു അദ്ദേഹത്തിന്റെ ദോഷങ്ങൾ മുഴുവൻ പൊറുത്ത് കൊടുക്കുകയും എല്ലാ പ്രവർത്തികളും സ്വാലിഹായ അമലായി സ്വീകരിക്കുകയും ചെയ്യുമാറാകട്ടെ .....امين
മസ്ജിദു നൂറിന്റെ ഇന്നത്തെ അവസ്ഥ കാണാൻ അദ്ദേഹത്തിനു ഭാഗ്യമില്ലാതെ പോയെങ്കിലും അവിടെ നടക്കുന്ന ഓരൊ ഇബാദത്തിനും ഉള്ള പ്രതിഫലം അദ്ദേഹത്തിന്റെ ഖബറിലേക് അള്ളാഹുവേ നീ എത്തിച്ച് കൊടുക്കേണമേ ..امين
അദ്ദേഹത്തൊട് കൂടെ ഞങ്ങളേയും നീ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണേ امين
-----------------------
ശരീഫ് പി കെ
സാഹിബാക്ക!!! ആദ്യം പേടിയോടെ കാണുന്ന സാഹിബാക്കയും ചാമയും! പിന്നീട് അത് ബഹുമാനത്തിലക്കും, ഓർക്കുമ്പോൾ ആദരവിലേക്കും വഴിമാറും. കുനിച്ചു നിർത്തി പുറത്തു തരുന്ന "ചാമ അളക്കൽ". "ഫും ഫും". പ്രത്യേക ശബ്ദത്തിൽ. കൈപ്പടം വളച്ച് പിടിച്ച്! കിട്ടിക്കഴിയുമ്പോഴണറിയുന്നത് പേടിച്ച പോലെ വേദനയില്ലെന്ന്. അദ്ദേഹത്തിന്റെ പേരമക്കൾ ജഅഫറും കുഞ്ഞിമുഹമ്മദും കൂട്ട് കാരായിരുന്നു. അവർ പോത്ത് മേക്കുമ്പോൾ അവരതിന്റെ പുറത്തിരിക്കാനും ധൈര്യം കാണിച്ചിരുന്നു. الله സാഹിബാക്കാക്കും ഖാദറാജിക്കും ആഖിറം നന്നാക്കിക്കൊടുക്കട്ടെ. ആമീൻ.
------------------------------------
മൊയ്‌ദീൻ കുട്ടി പി. കെ.
സാഹിബ് കാക്കാന്റെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ വാരൽ അദ്ദേഹത്തിന്റെ പ്രായ വ്യത്യാസം ഇല്ലാത്ത സ്നേഹ വാത്സല്യ ചാമ തന്നെയാണ്, അന്നത്തെ ആ സ്റാമ്പ്യായും അതിന്റെ പരിപാലനവും എല്ലാം മനസ്സിൽ ഓടി വരുന്നു, കുന്നുംപുറത്തേക്കുള്ള ഷോട്ട് കട്ടിൽ അദ്ദേഹത്തിന്റെ തൊടുവിലൂടെ യാണ് വഴി നടന്നിരുന്നത്, നിറച്ചു സർവത്തിൻ കായ വീട്ടു മുറ്റത്തു പന്തൽ കെട്ടിയതും കാണാമായിരുന്നു, അദ്ദേഹത്തെയും നമ്മെയും അല്ലാഹു വിജയികളിൽ ഉൾപ്പെടുത്തട്ടെ ആമീൻ. അസ്‌ലം ആലുങ്ങൽ
--------------
അസ്‌ലം
വല്ലിപ്പാനെ കുറിച്ച് (സാഹിബാക്ക) എല്ലാവരും എഴുതിയത് വായിക്കുകയാണ് ഓരോർ ത്തരും ഓർമിച്ച് എഴുതുന്നത് വായിക്കുമ്പോ സങ്കടവും അഭിമാനവും ഞങ്ങൾ പേരക്കുട്ടികൾ പാപ്പ എന്നാണ് വിളിച്ചി ഒന്നത് ജീവിച്ചിരുന സമയത്ത് തന്നെ വലിപ്പാന്റെ ധൈര്യത്തേക്കുറിച്ചും മറ്റുളളവരോടുളള സമീപനവും പറഞ്ഞ് കേട്ടിട്ടുണ്ട് കൂട്ടിലെ ഓർമ്മപെടുത്തൽ സ്നേഹത്തിന്റെ ആഴം കൂട്ടുന്നു ഒപ്പം സങ്കടവും സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു لله മഗ്ഫിറത്ത് പ്രധാനം ചെയ്യട്ടേ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ امين يا رب العالمين
-----------------------------
വി ട്ടി കെ മുഹമ്മദ്
മർഹൂം സാഹിബ് കാക്കയെ ഓർക്കുമ്പോൾ എല്ലാവരും പറഞ്ഞപോലെ ചാമയടി തന്നെയാണ് ആദ്യം മനസ്സിൽ തെളിഞ്ഞുവരുന്നത്. മികച്ച കർഷകനും കഠിനാദ്ധ്വാനിയും ഉദാരമനസ്കനുമായിരുന്നു പള്ളിപ്പറമ്പിലൂടെ അദ്ദേഹത്തിനെക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. അവരെയോർക്കുമ്പോൾ തന്നെ മകൻ ഖാദർ ഹാജിയേയും ഓർക്കാതിരിക്കാൻ കഴിയില്ല. പടച്ചവൻ അവരെയും നമ്മേയും സ്വാലിഹീങ്ങളെ കൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ.... ആമീൻ
-----------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ
വാക്യേ തൊടിക കുഞ്ഞിമുഹമ്മദ്ക്ക
എങ്ങിനെയാണ് അദ്ദേഹത്തിന് സാഹിബ് എന്ന പേരു് വന്നതെന്നറിയില്ല. കാർഷിക മേഖലയായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. വലിയ ശബ്ദത്തിൽ സംസാരിക്കുമെങ്കിലും കുഞ്ഞിമുഹമ്മദ്ക്ക പരോപകാരിയും സ്നേഹമുള്ളവനുമായിരുന്നു. അദ്ദേഹത്തിന്റെ ഒരു സ്വപ്നമായിരുന്നു വീടിനടുത്ത് ഒരു മസ്ജിദ് . അദ്ദേഹം തുടങ്ങി വെച്ച ആ ചെറിയ സ്റാമ്പ്യ ഇന്ന് അഹംദുലില്ലാഹ് ഒരു വലിയ ജുമാ മസ്ജിദ് തന്നെയായി വളർന്നു. മസ്ജിദുന്നുർ.
അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കിക്കൊടുക്കട്ടെ, അദ്ദേഹത്തെയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കുട്ടട്ടെ -ആമീൻ യാ റബ്ബൽ ആലമീൻ
------------------------------------------------
എം ആർ സി അബ്ദുറഹ്മാൻ
السلام عليكم വളരെ വൈകിപ്പോയി.സാഹിബാക്കാന്റെ സ്മരണ നിലനിർത്താൻ ആ പളളി മാത്രം മതി.കുറ്റൂർക്കാർക്ക് ഇപ്പോഴും അത് സാഹിബിന്റെ പള്ളിയാണ്, അദ്ദേഹം സ്വന്തമായി ഖബറ് കുഴിച്ച് അതിൽ പല പ്രാവശ്യം കിടന്നിട്ടുണ്ട്. സാഹിബ് എന്ന പേരിന്റെ ഉറവിടം സൈതലവി വിശദീകരിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു. സൗഹൃദ ബന്ധം ഉണ്ടാക്കാൻ അദ്ദേഹത്തിന് പ്രായ വ്യത്യാസമില്ലായിരുന്നു അദ്ദേഹത്തിന് പടച്ച റബ്ബ് സ്വർഗ്ഗത്തിൽ ഒരു മണിമാളിക നൽകുമാറാകട്ടെ _ ആമീൻ
-----------------------------------
ഹസ്സൻ കുട്ടി അരീക്കൻ
മറ്റൊരാൾക്കും ഇല്ലാത്ത കുറേ പ്രതേഗതകൾ ഉണ്ടായിരുന്ന സാഹിബാക്കാനെ [കുഞ്ഞിമുഹമ്മദ് ] പുതു തലമുറക്ക് പരിജയപ്പെടാൻ ഈ അനുസ്മരണം കൊണ്ട് കഴിഞ്ഞിട്ടുണ്ട്.
അദ്ധേഹത്തിന്റെ ധൈര്യം, ഉറച്ച നിലപാട്, മനുഷ്യനെ ഉപദ്രവിക്കുന്ന എന്തിനേയും പാമ്പായാലും, നായ ആയാലും, കടന്നൽ ആയാലും നാമാവശേഷമാക്കൽ,സ്വയം കബറ് കുഴിച്ച് അതിൽ കിടന്ന് ട്രൈൽ നോക്കുന്ന രീതി,ശബ്ദവും, ആംഗ്യങ്ങളും, തുടങ്ങി മൂപ്പരുടെ എല്ലാ കാര്യങ്ങളും ഒരു " വേറിട്ട കാഴ്ച " തന്നെയായിരുന്നു.
അരീക്കാ എന്ന വിളി അടുത്ത് നിന്ന് കേൾക്കുമ്പോൾ ഒരറ്റ പാച്ചിലാണ് പക്ഷെ അപ്പോഴേക്കും നടുപ്പുറത്ത് ചാമ കിട്ടിയിരിക്കും.
അദ്ധേഹത്തെ അള്ളാഹു അനുഗ്രഹിക്കട്ടെ.امين
----------------------------------------------
അബ്ദുലത്തീഫ് അരീക്കൻ
കണ്ടോ കേട്ടോ ഒരു പരിചയവുമില്ലാത്ത സാഹിബാക്കാക്ക് നൽകാൻ എന്റെ കയ്യിൽ പ്രാർത്ഥനകൾ മാത്രം...വെള്ളിയാഴ്ചത്തെ പള്ളിപ്പറമ്പ് ഓർത്തെടുക്കൽ ശനിയാഴ്ചയും തുടരുന്നു, ഇതിൽ നിന്നെല്ലാം ആ മഹാനുഭാവന്റെ ജീവിത നന്മകൾ വിളിച്ചോതുന്നു.അല്ലാഹു അദ്ധേഹത്തിന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ.അവരേയും നമ്മളെയും അവന്റെ ജന്നാത്തുൽ ഫിർദ്ദൗസിൽ ഒരുമിച്ച് കൂട്ടട്ടെ..ആമീൻ യാ റബ്ബൽ ആലമീൻ.
------------------------------------------
അബ്ദുൽ നാസർ കെ പി
സാഹിബാക്ക اللهم اغفر له وارحمه
ചെറുപ്പത്തിൽ സാഹിബാകനെ കുറിച്ച ഒരുപാടു കേട്ടിട്ടുണ്ട്, പേര മകൻ ജാഫർ എന്നും ഓരോ വിശേഷം പറയാനുണ്ടാവും, കൃഷി യും പോത്തിനെ നോക്കലുമൊക്കെയായി, എന്നാലും അടുത് അറിയില്ലായിരുന്നു. ചാമ എനിക്ക് കേട്ട് കേൾവി മാത്രമായിരുന്നു. കൂട്ടിലെ വലിയ സ്മരണ കുറിച്ച ജലീലാണ് ആദ്യമായി എന്നെ സാഹിബാക്കക്കു പരിചയപ്പെടുത്തിയത്, അദ്ദേഹത്തിന്റെ തന്നെ സ്രാമ്പ്യയിൽ വെച്ച്, ആദ്യമായിട്ടാണോ എന്നറിയില്ല എനിക്ക് ചെറിയ ചാമയും ജലീലിന് വലിയ ചാമയും..... പള്ളിയുമായി ബന്ധപ്പെട്ടു അവസാനകാലം മുഴുകിയ ഒരു വ്യക്തിത്വമായിരുന്നു, അള്ളാഹു അദ്ദേഹത്തിന്റെ പരലോകം സുഖത്തിലാക്കിക്കൊടുക്കുമാറാകട്ടെ🌹
----------------------------------------------------
മുസ്തഫ ശറഫുദ്ധീൻ അരീക്കൻ
സാഹിബാക്കാൻറെ സ്രാമ്പ്യയാണ് ഇന്നത്തെ മസ്ജിദുന്നൂർ എന്ന് ഈ അടുത്ത കാലത്താണ് മനസ്സിലായത്
അതിനപ്പുറം ഇദ്ദേഹത്തെ കുറിച്ച് ഒരറിവും ഈയുള്ളവനില്ല.
ഇന്നലെ പള്ളിപ്പറമ്പ് പോസ്റ്ററിൽ കണ്ട ചാമ എന്നത് ഞാൻ കരുതിയത് അദ്ദേഹത്തിന് ചാമ കൃഷി ഉണ്ടായിരിക്കാം എന്നായിരുന്നു
ഏതായാലും ഇതൊരു പുതിയ അറിവാണ്
അദ്ദേഹത്തിൻറെ പരലോകജീവിതംഅല്ലാഹു ഖൈറിലാക്കട്ടെ
ആമീൻ...
രാവിലെ മൂന്നാല് പേരുടെ അനുസ്മരണ കുറിപ്പുകൾക്കപ്പുറം വളരെ ശുഷ്കമായിരുന്ന ഇന്നത്തെ പള്ളിപറമ്പ് പ്രോ ഗ്രാം വൈകിയാണെങ്കിലും വളരെ സജീവമായി തന്നെ അവസാനിച്ചു.
Voice ൽ കൂടിയും ടൈപ്പിങിൽ കൂടിയും മർഹൂം സാഹിബാക്കയെ
അനുസ്മരിച്ച എല്ലാവർക്കും അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു.
🍀☘🌿🌺🌾🌴🍃💐🌳🌲🎄🌵🌹
---------------------------
ഫൈസൽ മാലിക്
തത്തമ്മക്കൂട്
അഡ്മിൻ ഡെസ്ക്ക്
No comments:
Post a Comment