Saturday, 3 December 2016

ശാപ്പാട്


സൈതൽബി അതാ ബെര്ണ്, അനക്ക്പ്പോ എങ്ങട്ടെങ്കിലും പോകാന്ണ്ടാകും ...... എന്റെ സഹോദരി പറഞ്ഞപ്പോൾ ഞാൻ പുറത്തേക്ക് നോക്കി, ഹായ് ൻറെ സൈദ്!
ന്ത്യേ?
അന്നാട് ൻറെ ഒപ്പം ബേങ്ങരക്ക് പോരാർ പറഞ്ഞ്ക്ക്ണ് ......
എത്തിനാ സേൽബ്യേ ബേങ്ങരക്ക് പോണ്?
കൊറച്ച് ചില്ലാനം മാങ്ങണം, ഉണ്ടച്ചക്കീം കരിഞ്ചിം മാങ്ങണം.
പോത്തിന്റെ ആമാശയത്തിന് ഉണ്ടച്ചക്ക എന്നായിരുന്നു അക്കാലത്ത് പറഞ്ഞിരുന്നത്.
ൻറെ സൈദിന്റെ കയ്യിൽ ഒരു പത്തു രൂപാ നോട്ടും കുറച്ച് ചില്ലറിം ണ്ടായിരുന്നു. ബസ്സിന് പോകാനാ ബാപ്പു പറഞ്ഞത്, പോരുമ്പോ നടന്ന് പോരണം.! നേരം ഒരു പാടായി, ഉണ്ടച്ചക്ക കിട്ടൂല്ലട്ടാ....
ന്നാ ഞമ്മക്കും ഒരു ഉണ്ടച്ചക്ക മാങ്ങിക്കോ,50 പൈസ തന്നത് കോന്തലയിൽ കെട്ടി ൻറെ സൈദിന്റെ പിന്നാലെ കക്കാടംപുറം ലക്ഷ്യമാക്കി നീങ്ങി.
സൈദേ കാല് വെച്ച് കുത്തുന്നത് നോക്കിക്കോ, അതൊക്കെ ഞാൻ നോക്കിക്കോളാം ബസ്സ് പോകും.
കക്കാടംപുറത്ത് വന്ന് ബസ്സ് കാത്ത് നിന്നു '
ളുഹ്ർ ബാങ്ക് കൊടുത്തിട്ടും ബസ്സ് വന്നില്ല.
സൈ ദേ പയ്ച്ച്ണ്ണ്ണ്ട്ട്ടാ.....
ബസ്സൊന്നും വരുന്നില്ല.
അപ്പോഴാണ് ഞങ്ങൾ ശ്രദ്ധിച്ചത്, ആളുകൾ കൂട്ടത്തോടെ ഒരു വീട്ടിലേക്ക് പോകുന്നു, ചിലർ തിരിച്ച് പോരുന്നു! എന്താണെന്ന് മനസ്സിലായില്ല.
കുറ്റൂരിലുള്ള ഒരാൾ ചോദിച്ചു, ആ :: സേൽ ബിം അദ്രാമാനും കൂടി എങ്ങട്ടാ?
ബേങ്ങരക്കാ....:
സൈദിന്റെ മറുപടി കേട്ടപ്പോൾ അയാൾ പറഞ്ഞു, ഞാൻബിചാരിച്ചു കല്യാണത്തിന് പോകാന്ന് - ...
ആളുകൾ പോകുന്നത് കല്യാണത്തിനാണെന്ന് അപ്പഴാ മനസ്സിലായത്.
അനക്ക് പൈച്ച്ണ്ണ് ണ്ടാ?
ഉം
സൈദേ അനക്കോ?
ച്ചും .....
കല്യാണപ്പുരയിലെ നെയ്ചോറിന്റെ മണം കാറ്റിലൂടെ ഞങ്ങളെ തഴുകിയപ്പോൾ ൻറെ സൈദ് പറഞ്ഞു, ജ്ബാ....
പിന്നെ എത്ര പെട്ടെന്നാ കല്യാണപ്പുരയിൽ എത്തിത്!
മുറ്റം നിറയെ ഓലപ്പന്തൽ, ആളുകൾ നന്നേ കുറവ്, മുറ്റത്തെ കസേരയിൽ ഞങ്ങളും ഇരുന്നു'
ചോറ് ബെയ്ച്ചാത്തോലൊക്കെ നീച്ചാണീ ഒരു കാക്ക പറഞ്ഞു.
പിന്നെ നേരെ ചോറിന്റെ മുന്നിൽ !
ഞങ്ങളുടെ ഇഷ്ട ഭക്ഷണമായ നെയ്ച്ചോറും പോത്തർച്ചീം!
അകത്ത് കൊള്ളുന്ന അത്ര കുത്തിനിറച്ചു'
ഏമ്പക്കം വിട്ട് എണീറ്റ് കൈ കഴുകി.
കല്യാണമല്ലേ അഞ്ച് മിനിറ്റ് ഇരുന്നിട്ട് പോകാമെന്നു് ൻറെ സൈദ് പറഞ്ഞു. ചൊർക്കുളള ഇരുമ്പ് കസേരയിൽ ഞങ്ങൾ ഇരുന്നു.
അപ്പോഴാണ് ഞങ്ങൾ അത് ശ്രദ്ധിച്ചത്. 👀 രണ്ട് കണ്ണകൾ ഞങ്ങളെ തന്നെ നോക്കുന്നു. മുറ്റത്ത് ഒരു മൂലയിൽ ഒരു മേശ ഇട്ടിട്ടുണ്ട്. അടുത്തുള്ള സ്റ്റൂളിലിരുന്ന് ആളുകൾ കൊടുക്കുന്ന നോട്ടുകൾ എണ്ണി പുസ്തകത്തിൽ എഴുതിതളികയിൽ നോട്ടിടുന്നു!
തളിക നിറയെ നോട്ടുകൾ! ഞങ്ങൾ ക്ഷണിക്കാതെ വന്നത് LIC ( കുഞ്ഞാപ്പു) മനസ്സിലായി! ഒന്നും പറയാതെ ഞങ്ങളെ തന്നെ നോക്കുന്നു!
സൈദേ അന്റെ കയ്യില് കായിണ്ട ?
ൻറെ സൈദ് ഉടനെ എണീറ്റ് എന്റെ കൈ പിടിച്ച് മേശക്കരികിലേക്ക് നീങ്ങി.....
കീശയിൽ കയ്യിട്ട് 10 രൂപാ നോട്ട് LIC ക്ക് നേരെ നീട്ടി. ഞങ്ങളെ നോക്കി ചിരിച്ച് കൊണ്ട് ൻറെ സൈദിന്റെ ബാപ്പൂന്റെ പേരിൽ 10 ₹ എഴുതി.
ചിരിച്ച് കൊണ്ട് ഞങ്ങളും റോഡിലേക്ക് വന്നു -
അല്ല സൈദേ ഉണ്ടച്ചക്ക .....
ജ് മേം പോര്ണ്ണ്ടാ
ന്റെ സൈദ് തുണി മടക്കിക്കുത്തി ധൃതിയിൽ കുറ്റൂരിലേക്ക് നടന്നു, പുറകെ ൻറെ സൈദിന്റെ കാലിലെ തിളങ്ങുന്ന തണ്ടയും നോക്കി ഞാനും നടന്നു......

-----------------------------------------
എം ആർ സി അബ്ദുറഹ്മാൻ

No comments:

Post a Comment