ചെറിയ പെരുന്നാൾ അവധി ദിനങ്ങൾ മിക്കവാറും റൂമിൽ ഉറങ്ങി തീർക്കേണ്ടി വരുമെന്ന ചിന്തയിൽ ഇരിക്കുമ്പോഴാണ് തലേ ദിവസം വന്ന അരീക്കൻ ലത്തീഫ്കയുടെ കാൾ മൊബൈലിൽ മിസ്ഡ് കാൾ ആയി കിടക്കുന്നത് കണ്ടത്. അദ്ദേഹം വിളിച്ചത് ഞാൻ അറിഞ്ഞിരുന്നില്ല ഉടനെ തിരിച്ചു ബന്ധപെട്ടു. അദ്ദേഹമാണ് അൽ ഖുർമ യാത്രയെ പറ്റി പറയുന്നത്. ഫൈസൽ മാലിക് സാഹിബിലൂടെ നമ്മൾ നിരന്തരം കേട്ടറിഞ്ഞ അൽ ഖുർമ. ഫ്രീ ആയിട്ട് വിളിക്കൂ വൈകുന്നേരം പോകാം എന്നു പറഞ്ഞു. മഗ്രിബിന് ശേഷം ഞങ്ങൾ സഹയാത്രികരായ തത്തമ്മക്കൂട്ടിലെ മറ്റൊരു അംഗം കാമ്പറൻ ഷമീറിനെയും പാവിൽ അഷ്റഫിനെയും എടുക്കാൻ പോയി. ജിദ്ദയിലെ കുറച്ച് കറക്കത്തിന് ശേഷം ഭക്ഷണവും കഴിച്ചു വീണ്ടും ഗുലൈലിലെ ലത്തീഫ്കയുടെ റൂമിലേക്ക്. അവിടെ നാട്ടുകാരോടൊത്തു കുറച്ച് സൊറ പറച്ചിൽ. ഇതിനിടയിൽ രാവിലെ പോയാൽ മതിയോ എന്ന ഒരു ചർച്ചയുണ്ടായി. രാത്രി വെളിച്ചത്തിലാണ് തായിഫ് ചുരത്തിന്റെ സൗന്ദര്യം കൂടുതൽ മിഴിവോടെ കാണാൻ കഴിയുക എന്നുള്ളത് കൊണ്ട് യാത്ര രാത്രി തന്നെയാക്കി.
ഫൈസൽ സാഹിബിനെ വിളിച്ച് വിവരം പറഞ്ഞു റൂട്ട്മാപ് അയപ്പിച്ചു. രാത്രി കുറച്ച് വൈകി കൃത്യം 1.45 നാണു ഞങ്ങൾ പുറപ്പെട്ടത്. ജിദ്ദയിൽ നിന്നും നാനൂറ് കിലോമീറ്റർ ദൂരമുള്ള ഖുർമയിലേക്ക് മക്ക തായിഫ് വഴിയാണ് ഞങ്ങളുടെ യാത്ര. തായിഫ് ചുരമായിരുന്നു ആദ്യ ലക്ഷ്യം,ചുരം കയറുന്നതിനു മുൻപ് അടിവാരത്തു നിന്നും നല്ല അറേബ്യൻ ഗാവയും ഈത്തപ്പഴവും കഴിച്ച് യാത്ര തുടർന്നു. ചുരം ഇറങ്ങുമ്പോൾ വലതു വശം ചേർന്നാണ് കാഴ്ചകൾ കൂടുതൽ കാണാൻ സാധിക്കുന്ന വ്യൂ പോയിന്റുകളെങ്കിലും കയറ്റത്തിനിടയിലും രാത്രിയിലെ ചുരത്തിന്റെ വെളിച്ചം വിതറിയ ആ മായാ കാഴ്ച പിന്നിലേക്ക് നോക്കി ഞാൻ കൺ കുളിർക്കെ കണ്ടാസ്വദിച്ചു. വെള്ളി വെളിച്ചം പരത്തി കയറിവരുന്ന വാഹനങ്ങളുടെ നീണ്ട നിര മുകളിൽ നിന്നും നോക്കുമ്പോൾ മിന്നാമിനുങ്ങുകൾ ഒഴുകി നടക്കുന്ന പോലെ.. പന്തം മിന്നുമ്പോൾ വളഞ്ഞു പുളഞ് കെട്ടു പിണഞ്ഞു പുറത്തേക്ക് വരുന്ന പ്രകാശമുണ്ടല്ലോ പല തവണ നമ്മൾ കണ്ടാസ്വദിച്ചിട്ടുള്ള ആ തീ നാളങ്ങളുടെ കിരണങ്ങൾ കാണുന്ന പോലെ മുകളിലേക്ക് കയറി വന്നുകൊണ്ടിരിക്കുന്നു.ചുരത്തിനു മുകളിലെ ഷഫാ പാർക്കിനെ പിന്നിലാക്കി ഞങ്ങളുടെ വാഹനം തായിഫ് റിയാദ് എക്സ്പ്രസ്സ് വേ യിലേക്ക് കടന്നു.
തായിഫ് എയർപോർട്ട് റോഡും ക്രോസ്സ് ചെയ്ത് യാത്ര തുടർന്നു പിന്നീടങ്ങോട്ട് വിജനമായ മരുഭൂവിലൂടെയുള്ള യാത്ര നൂറ്റമ്പത് കിലോമീറ്റർ അപ്പുറത്ത് റിദ്വാൻ എന്ന ചെറിയ പട്ടണത്തിന്റെ പ്രദേശത്താണ് നിറുത്തിയത്.ചെറിയ തണുപ്പുണ്ടായിരുന്നു അവിടെ അപ്പോൾ. കുറച്ച് നേരം അവിടെ ചിലവഴിച്ച ശേഷം യാത്ര തുടർന്നു.റോഡ് സൈഡിൽ ഇടയ്ക്കിടെ അൽ ഖുർമ യുടെ സൈൻ ബോർഡ് ദൃശ്യമായി തുടങ്ങി ഇടയ്ക്കിടെ ഫൈസൽ സാഹിബിന്റെ ഫോൺ വരുന്നുണ്ടായിരുന്നു. അൽ ഖുർമയിലേക്ക് എഴുപതു കിലോമീറ്റർ എന്ന ബോർഡ് കണ്ടു വണ്ടി വലതു വശത്തേക്ക് തിരിഞ്ഞു.
ഈ റോഡിന്റെ തുടക്കം മുതൽ പുറം കാഴ്ചകൾ വളരെ വിജനമായ ഒട്ടും ആർഭാടമില്ലാത്ത മരു പ്രദേശമായാണ് അനുഭവപെട്ടതെങ്കിലും പതിയെ പതിയെ ചെറിയ മസ്‌റകളും പച്ചപ്പും കണ്ടു തുടങ്ങി. ചെറിയ ചെറിയ വാലികളും നിറയെ ഒട്ടക ക്കൂട്ടങ്ങളും ആട്ടിൻ പറ്റങ്ങളുംകൃഷിയിടങ്ങളും നിറഞ്ഞ സ്ഥലങ്ങളിൽ കൂടി മരുഭൂഗ്രാമങ്ങളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് സൗദിയുടെ യഥാർത്ഥ ആത്മാവുകളായ ഗ്രാമീണ സൗന്ദര്യം തേടിയിറങ്ങിയ ഞങ്ങൾ അവസാനം അൽ ഖുർമയുടെ തിരുമുറ്റത്തേക്ക് പ്രവേശിച്ചു. നൂറ്റി അമ്പത് കിലോമീറ്റർ അപ്പുറത്തുള്ള റാണിയാ എന്ന സ്ഥലത്തേക്ക് തിരിയുന്ന ജംഗ്ഷൻ തൊട്ട് വലത്തോട്ട് ഏകദേശം ഏഴു കിലോമീറ്റർ വരുന്ന റോഡിന്റെ ചുറ്റുവശമാണ് അൽ ഖുർമ എന്ന കൊച്ചു പ്രദേശം. നല്ല വീതിയുള്ള റോഡിന്റെ ഇടതു വശം കച്ചവട സ്ഥാപനങ്ങളും വീടുകളും കോളേജുകളും മറ്റു അനുബന്ധ സൗകര്യങ്ങളും നിറഞ്ഞ പട്ടണപ്രദേശമാണ്. റോഡിന്റെ വലതുവശം മൊത്തത്തിൽ ഒഴിഞ്ഞ പ്രദേശവുമാണ്. പട്ടണത്തിന്റെ ഉള്ളിലേക്ക് കടന്നാൽ ചെറിയ ചെറിയ റോഡുകൾ വഴി എല്ലാ തെരുവുകളും ബന്ധിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ വഴി തെറ്റിയാലും തിരിച്ചുവരാതെ തന്നെ മറ്റൊരു വഴിയിലൂടെ ലക്ഷ്യസ്ഥാനത്ത് എത്താം.കൊച്ചു കൊച്ചു ഗ്രാമങ്ങളാൽ ചുറ്റപ്പെട്ട തിരക്കൊ ട്രാഫിക് ബ്ലോകോ മറ്റു ബഹളമോ ഇല്ലാത്ത ഒരു പട്ടണം.
ഗൂഗിൾ മാപ്പിന് പിറകെ പോയ വണ്ടി ചെന്ന് നിന്നത് ഏതോ ഒരു വീടിന്റെ മുന്നിലാണ്. പിന്നീട് ഫോൺ വിളിച്ചു ചോദിച്ചു അധികം അകലെയല്ലാതെ മറ്റൊരിടത്തു വെച്ചു ഫൈസൽ സാഹിബിനെ കണ്ടുമുട്ടി. ഞാൻ അദ്ദേഹത്തെ ആദ്യമായാണ് കാണുന്നത്. കുശലം പറച്ചിലിന് ശേഷം ഞങ്ങളെ കൊണ്ടുപോയത് അവിടത്തെ പ്രശസ്ത മലയാളി ഹോട്ടൽ ആയ "ഹറമൈൻ" ഹോട്ടലിലേക്കാണ്.രാവിലത്തെ സ്പെഷ്യൽ കൂടുതലും അറബി വിഭവങ്ങൾ ആയതോണ്ട് കഴിക്കാൻ വന്നവരിലും കൂടുതൽ അന്നാട്ടുകാരായിരുന്നു. ഉച്ചയ്ക്കും രാത്രിയിലും മലയാളികളുടെ പൂര തിരക്കാണത്രെ. അവിടുത്തെ പ്രധാന വിഭവമായ ഫ്രഷ് ഒട്ടക ലിവർ ഞങ്ങൾക്ക് വേണ്ടി സ്പെഷ്യൽ ആയി മസാലയും പച്ചമുളകും ഒക്കെ ചേർത്ത് ഉണ്ടാക്കി തന്നു. കൂടെ പൊറോട്ടയും ബീഫും.നല്ല വിശപ്പ് ഉള്ളത് കൊണ്ട് എല്ലാരും നന്നായി കഴിച്ചു .മുൻപ് ഒട്ടകം കഴിച്ചപ്പോൾ ഇത്രയും രുചി ഉള്ളതായി തോന്നിയിരുന്നില്ല.
ഹോട്ടലിൽ നിന്നിറങ്ങി നഗരത്തിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി.നഗരം എന്ന് പറയുമ്പോൾ ജിദ്ദ പോലോത്ത മെട്രോ സിറ്റി കളിൽ നിന്ന് വരുന്നവർക്ക് ഒരു അതിശയോക്തിയായി തോന്നാം.ഒരു പോലീസ് സ്റ്റേഷൻ ഒരു ബലദിയ ഓഫീസ്(മുനിസിപ്പാലിറ്റി) രണ്ടു മൂന്നു ഹോസ്പിറ്റലുകൾ മറ്റു അനുബന്ധ ഗവണ്മെന്റ് അതോറിറ്റികളും മാത്രമുള്ള സ്ഥലമാണെങ്കിലും മദ്രസകളും കോളേജുകളും ഒരുപാട് ഉണ്ട് ഇവിടെ .ഈ നഗരത്തിൽ മൂന്നോ അതിൽ കൂടുതലോ നിലയുള്ള ഒരു ബിൽഡിംഗ് പോലും കണ്ടതായി തോന്നിയില്ല. മറ്റിടങ്ങളിലെ പോലെ ഫ്ലാറ്റുകളും തീരെ കണ്ടില്ല. മലയാളികളുടേതായി ഒരുപാട് കച്ചവട സ്ഥാപനങ്ങൾ ഉണ്ട് ഇവിടെ. മെയിൻ റോഡുകളിൽ നിന്ന് ഉള്ളിലേക്കുള്ള ചെറു റോഡുകളുടെ ഇരു വശങ്ങളിലും സ്വദേശി വീടുകളാണ്.അത്യാവശ്യം നല്ല രീതിയിലുള്ള മണി മാളികകൾ. വീടിനു പുറത്തു വലിയ കാറുകളും മസ്‌റയിലെ ആവശ്യത്തിന് ഉപയോഗിക്കുന്ന മറ്റു ചെറു വാഹനങ്ങളും യഥേഷ്ടം കാണാൻ കഴിഞ്ഞു. ഇവിടത്തെ മാർകറ്റിൽ ലഭിക്കുന്ന പച്ചക്കറി ആട് ഒട്ടക ഇറച്ചികൾ ഒക്കെ കൂടുതലും ഇവിടത്തെ തോട്ടങ്ങളിൽ നിന്നും ഫാമുകളിൽ നിന്നും മാത്രം വരുന്നവയാണത്രെ.ഒട്ടകത്തിന്റെ മാംസം ഫ്രഷ് ആയി ഏതു സമയത്തും ലഭിക്കുമത്രേ.
നമ്മുടെ പഞ്ചായത്ത് റോഡിനു സമാനമായ ചെറിയ റോഡിലൂടെ വണ്ടി കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ ഖുർമ പട്ടണത്തിന്റെ പിന്നിലായുള്ള പച്ചപ്പോടു കൂടിയ ഗ്രാമീണ വഴിയിൽ എത്തി . മസ്‌റകൾക്ക് നടുവിലൂടെ നീളത്തിൽ ഒരുപാട് സ്ഥലംതരിശ് ഭൂമി പോലെ കിടക്കുന്നു. ഇതിനു കുറുകെയുള്ള ചെമ്മൺ പാത മുറിച്ചു കടന്നപ്പോഴാണ് ഈ തരിശു ഭൂമി ഇവിടുത്തുകാരുടെ നൈൽ നദി ആണെന്ന് ഫൈസൽ സാഹിബ് പറയുന്നത് കേട്ടത്.പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ് പ്രദേശത്തെ കൃഷികളൊക്കെ എന്ന് തോന്നുന്നു. ഇത് ഇപ്പോൾ നമ്മുടെ ഭാരത പുഴ പോലെ വറ്റി വരണ്ടു കിടക്കുകയാണെങ്കിലും ഒരു മഴ പെയ്താൽ നിറഞ്ഞൊഴുകുമത്രേ. ഇരു കരകളിലും നമ്മുടെ നാട്ടിലേത് പോലെയുള്ള ധരാളം കിണറുകൾ കാണാൻ കഴിഞ്ഞു. ഫലഭൂഷ്ടമായ മണ്ണാണെന്നു തോന്നും വിധം പ്രദേശം കൃഷിയിടങ്ങളാൽ സമ്പന്നമാണ്. കിലോമീറ്ററുകൾ ദൂരെയാണ് പുഴയുടെ ഉത്ഭവമെന്നും ഏറ്റവും വീതിയിൽ പുഴ ഒഴുകുക ഖുർമയുടെ പ്രാന്തപ്രദേശത്ത് കൂടിയാണെന്നും പിന്നീട് ഗൂഗിൾ മാപ് നോക്കിയപ്പോൾ മനസിലാക്കാൻ കഴിഞ്ഞു. കുറച്ചു ദൂരെയായി പുഴക്ക് സമാന്തരമായി ഒരു റോഡ് പോകുന്നുണ്ട്. ജനവാസം കുറഞ്ഞ അവിടെ നിന്നങ്ങോട്ടെല്ലാം കുറച്ചു ഉള്ളിലേക്കായി ഒറ്റപ്പെട്ട ബദു ഗ്രാമങ്ങൾ ആണ്. പല ഗോത്രങ്ങളിലായി വസിക്കുന്ന അവരെല്ലാം ആശ്രയിക്കുന്നത് അൽ ഖുർമ പട്ടണത്തെയാണ്.
റോഡിന്റെ ഇരു വശത്തുമായി കിടക്കുന്ന പച്ചപ്പട്ടുടുത്ത വയലേലകളുടെ സുന്ദരമായ ഗ്രാമീണ ഭംഗി നുകർന്ന് കൊണ്ട് ചെറിയ ഊടു വഴികളിലൂടെ സഞ്ചരിച്ച ഞങ്ങൾ എത്തപ്പെട്ടത് ഒരു ഫാം ഹൌസിൽ ആണ്.അവിടുത്തെ നോട്ടക്കാരനായ സ്വദേശി യുവാവിനോട് അനുവാദം വാങ്ങി അകത്തു കടന്നു. നല്ല സുഖമുള്ള കാറ്റായിരുന്നു ആദ്യം ഞങ്ങളെ സ്വാഗതം ചെയ്തത്. ജിദ്ദയിലെ ചൂടിൽ നിന്ന് വന്ന ഞങ്ങൾക്ക് അവിടെ ചിലവഴിച്ച മുഴുവൻ സമയവും വീശി അടിച്ചുകൊണ്ടിരുന്ന കുളിർ കാറ്റ് ഗംഭീര അനുഭവമായിരുന്നു. നാട്ടിലെ പാടവക്കത്തു നിന്നാൽ കിട്ടുന്ന കാറ്റിന്റെ ഒരു അനുഭൂതി എന്നിൽ തികട്ടി വന്നു. മുൻവശത്തായി ഒന്ന് രണ്ടു റസ്റ്റ് ഹൌസ്കളും പിന്നാലെ പച്ചക്കറി തോട്ടവും കിണറും കുളവും കാണാൻ കഴിഞ്ഞു. തക്കാളി മുളക് ചിരങ്ങ ഉള്ളി പുതിന മല്ലി ജെർജീർ പിന്നെ പേരറിയാത്ത വിവിധ തരം ഇലകളും കൃഷി ചെയ്യുന്നതായി കണ്ടു. തോട്ടത്തിൽ പൂത്തുലഞ്ഞ ഈന്തപ്പനകളും മാവും മുന്തിരി തോട്ടവും എല്ലാം നടന്നു കണ്ടു ഫാമിന്റെ അവസാനത്തിലാണ് ചെമ്മരിയാടുകളും മുട്ടനാടുകളും ജമ്നാപ്യാരി ആടുകളും കോഴികളും വിവിധ ഇനം പ്രാവുകളും അടങ്ങിയ ഒരിടംകണ്ടത്. പെയിന്റ് ബക്കറ്റുകൾ തട്ടു തട്ടായി അടുക്കി വെച്ചാണ് പ്രാവുകൾക്ക് കൂടൊരുക്കിയിരിക്കുന്നത്. അതിൽ മുട്ടയിട്ടു അടയിരിക്കുന്ന ധരാളം പ്രാവുകളെ കാണാമായിരുന്നു. എല്ലാം നടന്നു കാണുന്നതിനിടയിൽ തോട്ടത്തിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച മൺ കൂജകളിൽ നിന്നും നല്ല തണുത്ത വെള്ളം കുടിക്കാൻ മറന്നിരുന്നില്ല.
റൂമിൽ പോയി അൽപം വിശ്രമിച്ച ശേഷം ഫൈസൽ സാഹിബ് ഞങ്ങളെ മറ്റൊരു മസ്‌റ കാണിക്കാൻ കൊണ്ടുപോയി. ആ തോട്ടത്തിലെ പണിക്കാരനായ ബംഗാളി മുസ്തഫയെ വിളിച്ച് വരുന്ന വിവരം അറിയിച്ചിരുന്നു. നേരത്തെ പോയ സ്ഥലത്തു നിന്നും കുറച്ചു ദൂരം കൂടെ ഉണ്ടായിരുന്നു അങ്ങോട്ടേക്ക്. വഴിയരികിലെ ഹിജ്‌റ മസ്ജിദിനോട് ചേർന്ന ചെറിയ നാട്ടു വഴിയിലൂടെ അൽപം മുന്നോട്ട് പോയപ്പോൾ മസ്‌റയുടെ മുൻപിലെത്തി.മുസ്തഫ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. വിവിധ ഇനങ്ങളിലുള്ള വലിയ ഈന്തപ്പനകൾ ഉള്ള ഒരു തോട്ടമാണ് ഇവിടെയുള്ളത്. പഴുത്തു പാകമാകുന്നതേയുള്ളൂ. മരത്തിൽ കയറാനുള്ള വലിയ ഒരു കോണിയും അവിടെ കണ്ടു. ഞങ്ങൾ എല്ലാരും ഒന്ന് കയറി നോക്കി. ആഴമേറിയ വലിയ ഒരു കിണർ ഉണ്ട് അവിടെ നനക്കാനായി ഈ കിണറ്റിലെ വെള്ളം പമ്പു ചെയ്യുന്നത് കാണാമായിരുന്നു. വിവിധങ്ങളായ പച്ചക്കറികളും ഇലകളും അവിടെ കൃഷി ചെയ്യുന്നുണ്ട്. പിന്നീട് ഞങ്ങൾ തൊട്ടടുത്തുള്ള മറ്റൊരു ഫാം ഹൌസ് സന്ദർശിച്ചു. സുന്ദരമായി ഒരുക്കിയ തോട്ടവും കോട്ടേജുകളും അടങ്ങിയ ഇവിടം പാകമായി തുടങ്ങിയ ഈന്തപ്പനകളാൽ സമ്പുഷ്ടമായിരുന്നു. പലതരത്തിലുളള പഴങ്ങളും പച്ചക്കറികളും ഇവിടെയും ധാരാളം കാണാമായിരുന്നു. നല്ല രീതിയിൽ നനച്ചു പരിപാലിക്കുന്നതിനാൽ നല്ല പച്ചപ്പ് ഉണ്ടായിരുന്നു ഈ തോട്ടവും പരിസരവും മാത്രമല്ല ചെറിയ തണുപ്പും. എല്ലാം നടന്നു കാണുന്നതിനിടയിലും തഴുകലും തലോടലുമായി നല്ല കുളിർ കാറ്റും ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. തോട്ടത്തിനോട് അനുബന്ധിച്ച ഫാമിൽ കുതിരകളെ വളർത്തുന്നുണ്ട്. നന്നായി പോസ് ചെയ്ത അവറ്റകളുടെ കൂടെ നിന്ന് കുറെ ഫോട്ടോയും എടുത്ത് ഞങ്ങൾ അവിടുന്ന് തിരിച്ചു.
ഉച്ചക്ക് റൂമിൽ മട്ടൺ കബാബ് ഒരുക്കി ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു ആതിഥേയർ.അതും കഴിച്ച് അൽപം ഉറങ്ങി. രാത്രിയിൽ കൂട്ടിലെ അംഗം ശിഹാബുദ്ധീൻ നാലുപുരക്കലിനെയും പരിചയക്കാരായ മറ്റു ചിലരെയും സന്ദർശിച്ചു. പന്തല്ലൂർ കാരൻ അഷ്‌റഫ് കാക്ക ഉണ്ടാക്കിയ ചൂടുള്ള ഒന്നാന്തരം പുട്ടും ഒട്ടക കറിയും കഴിച്ച് മടക്കയാത്രക്ക് ഒരുങ്ങി. തിരിച്ചു വരവിൽ തായിഫ് ചുരം ഒഴിവാക്കി സൈൽ അൽ കബീറിലൂടെ തായിഫിന്റെ മല മടക്കുകളും താഴ്വാരങ്ങളും പിന്നിട്ട് വീണ്ടും ജിദ്ദയിലേക്ക്. മുമ്പ് സന്ദർശിച്ച ഒരുപാട് സ്ഥലങ്ങളെക്കുറിച്ചുള്ള മുൻധാരണകളും മനസ്സിൽ പേറിയാണ് അവിടെ എത്തിയതെങ്കിലും ആ പ്രതീക്ഷകൾ ഒക്കെ ആസ്ഥാനത്താക്കുന്ന തരത്തിലുള്ള വ്യത്യസ്തമായ അനുഭവങ്ങളും കാഴ്ചകളുമാണ് അൽ ഖുർമ ഞങ്ങൾക്ക് സമ്മാനിച്ചത്.
കൂടുതൽ വീഡിയോകൾക്കും ഫോട്ടോസിനും ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾക്കും ഫോട്ടോസിനും ഇവിടെ ക്ലിക്ക് ചെയ്യുക
----------------------------------------------------------------------------------------------------------
✍ ബാസിത് ആലുങ്ങൽ.