പറമ്പിലൂടെ നടന്ന് വരുന്ന മൊയ്തീൻ ഹാജിയെ നോക്കിക്കൊണ്ട് നബീസുമ്മ തായേരീലെ ബെഞ്ചിലിരിക്കയായിരുന്നു. വായിലിട്ട് ചവച്ചിരുന്ന വെറ്റില മുറുക്ക് തുപ്പിക്കൊണ്ട് ഹാജിയാർ കയറി വന്നു. എൺപതാമത്തെ വയസ്സിലും ഒന്നു പോലും കൊഴിഞ്ഞ് പോകാത്ത വെറ്റിലക്കറപിടിച്ച പല്ലും കാട്ടി ചിരിച്ച് കൊണ്ട് നബീസുമ്മാ നോടായി പറഞ്ഞു, നല്ല കാറ്ണ്ട് പെയ്യ്ണ് ല്യാ..... കയ്യിലുണ്ടായിരുന്ന കാലൻ കുട കഴുക്കോലിൽ തൂക്കി, ചാരുകസേരയിൽ നീണ്ടു നിവർന്ന് കിടന്നു. ബല്ലാത്ത ചൂട്.... '' നബീസുമ്മ പാള കൊണ്ടുണ്ടാക്കിയ വിശറിയെടുത്ത് കൊടുത്തു.
ഹസീനാ ........
പേരക്കുട്ടി ഹസ്നയെയാണ് ഹാജിയാർ ഹസീനയെന്ന് വിളിച്ചത്. ഹാജിയാർക്കങ്ങനെയേ വരൂ, കൂടെ ഒരു 'ഷെറിൻ' എന്ന വാലുള്ളത് ഹാജിയാർക്ക് പറയാനേ അറിയില്ല. ഹസ്ന വാതിൽക്കൽ തല കാട്ടി.
മോളേ ഹസീനാ പ്പാക്ക് ബള്ളം കൊട്ന്നാ ...... ഒരു മൊന്ത നിറയെ ഇളം ചൂടുള്ള കഞ്ഞിവെള്ളവുമായി ഹസ്ന വന്നു. മൊന്ത കാലിയാക്കി പാത്രം നബീസുമ്മാന്റ കയ്യിൽ കൊടുത്തു.
ആരാ ബര്ണ്..... കുഞ്ഞാല്യാക്കല്ലേ അത്? നബീസുമ്മ അകത്തേക്ക് പോയി.
കുഞ്ഞാലി കുത്തറക്കേ....... മൊയ്തീൻ ഹാജിയും കുഞ്ഞാലിയും വിസ്തരിച്ചൊന്നുമുറുക്കി. കുഞ്ഞാലിയാണ് ഹാജിയാരുടെ കൃഷിപ്പണികളൊക്കെ നോക്കി നടത്തിയിരുന്നത്. ഞാറൊക്കെ പൗക്കാൻ തൊടങ്ങീക്ക്ണ്...... കുഞ്ഞാലി പറഞ്ഞു. ഉം, ഉണങ്ങിക്കരിഞ്ഞ കൃഷിയിടങ്ങളൊക്കെ ചുറ്റിക്കറങ്ങിക്കണ്ടാണ് ഹാജിയാർ വന്നിരിക്കുന്നത്. കുഞ്ഞാലിയേ...... കാറും കോളും എന്നുണ്ട്, മഴ മാത്രം ല്ലല്ലോ ......
ഹാജിയാരുടെ ഓർമ്മകൾ പുറകോട്ട് പാഞ്ഞു, പണ്ടൊക്കെ സമയാസമയങ്ങളിൽ മഴ പെയ്തീനു, കൃഷിപ്പണിക്കൊന്നും ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. പാടത്ത് കന്ന് പൂട്ടി ,തോല് കണ്ടത്തിൽ കൊണ്ടേയിട്ട് പൂട്ടി ഉർച്ച നടത്തി ഞാറ് പറിച്ച് നടുമായിരുന്നു. പുഞ്ചകൃഷിക്ക് മാത്രമാണ് വെള്ളത്തിനൽപം ബുദ്ധിമുട്ടുണ്ടായിരുന്നത്. കുഞ്ഞാലിന്റെ കാരണോല് ഏത്തക്കൊട്ടമ്മെ തേവാനുണ്ടായിരുന്നത് കൊണ്ട് പുഞ്ചകൃഷിയും നടന്നിരുന്നു. ഇന്നിപ്പോ തോൽവെട്ടിട്ടില്ല, എല്ലാം കാട് പിടിച്ചിരിക്കുന്നു. വെട്ടണമെങ്കിൽ മഴ പെയ്യണം. പാടം ശരിയാക്കാതെ തോൽ എന്ത് ചെയ്യും?പറമ്പിലും ഒരു കൃഷിയുമില്ല. എല്ലാ വഴികളിലൂടെയും നീർചാലുകൾ പാടത്തേക്കൊഴുകേണ്ട സമയമാണിത്. പാള കൊണ്ടുണ്ടാക്കിയ വിശറി വീശിക്കൊണ്ട് ഹാജിയാർ കുഞ്ഞാലിയോട് ചോദിച്ചു, ഞാറ് അരിഞ്ഞ് മൂര്യാക്ക് കൊടുത്താലോ......? അത് നാശാക്കണ്ടല്ലോ....... അല്ല ഹാജിയാരേ മഴ ഇന്നോ നാളേ ണ്ടാവും, കുഞ്ഞാലിക്ക പറഞ്ഞു.
പറമ്പ് ല് പാർക്ക് ണോൽക്കൊക്കെ കുട്ച്ചാമ്പള്ളം കിട്ട്ണ്ണ്ടാ.....?
കേറൊക്കെ ബറ്റീക്ക്ണ്, പഞ്ചായത്തിന്റെ ബണ്ടി രണ്ടീസം കൂടുമ്പോ ബന്ന് മൂന്ന് നാല് കൊടംബളളം കൊടുക്കും: അതേണ്ടെന്താകാനാ - ....?
സാധാരണയിൽ നിന്ന് മഴ ഒരു മാസം വൈകി. ചൂട് സഹിക്കാൻ പറ്റാതായിത്തുടങ്ങി. പണ്ടൊക്കെ പാടത്തിന്റെ വക്കത്ത് മാത്രമേ പൊരണ്ടായിരുന്നുള്ളൂ. പാടത്തിന്റെ വക്കത്ത് താമസിക്ക്ണ ഞങ്ങൾക്കിത്ര ചൂടുണ്ടാകുമ്പോ പറമ്പ് ലെ ആൾക്കാരെ സ്ഥിതി യെന്താ? ഹാജിയാർ ആരോടെന്നില്ലാതെ പറഞ്ഞു. കുഞ്ഞാലിയേ എന്തോണ്ടാ മഴ പെയ്യാത്തത്?
ൻറെ കുട്ട്യാള് പറഞ്ഞു മരങ്ങളൊക്കെ ബെട്ടിറ്റാ....... അപ്പോഞ്ഞ് ബളം ഇടണങ്കി തോല് വെട്ടേണ്ടേ? അല്ല തോലല്ലാ, മരം ഒന്നായിറ്റ്.....
ഹാജിയാരുടെ ഓർമ്മകൾ വീണ്ടും പുറകോട്ട് പോയി.
തന്റെ കുട്ടിക്കാലത്തൊക്കെ കൃഷിണ്ടാക്കാത്ത സ്ഥലമെല്ലാം മരങ്ങൾ ഇടതൂർന്ന് നിന്നിരുന്നു. മൃഗങ്ങളും പക്ഷികളും യഥേഷ്ടം ഉണ്ടായിരുന്നു. ഇന്നെല്ലാം പോയി. ഒക്കെ മൊട്ടക്കുന്നുകളായി. കൃഷി ചെയ്യാൻ സ്ഥലമില്ലാണ്ടായി. ഒക്കെ നെരപ്പാക്കി പൊരകള് ണ്ടാക്കല്ലേ....... അങ്ങാടീലൊന്നും ബളളല്ലാന്ന് പേരക്കുട്ടി ഹസ്ന പത്രം വായിച്ചിങ്ങാണ്ട് പറഞ്ഞു. ആഫ്രിക്കീല് കേപ്ടൗൺ എന്ന നാട്ടില് ഒരീസം ഒര് കുടുംബത്തിനു് ഒരീസം 49 ലിറ്റർ ബളളം അളന്ന് കൊടക്കാണേലോ.....! കൊറച്ചീസം കൂടി കഴിഞ്ഞാല് ഓൽക്ക് തീരെ ബള്ളം ണ്ടാവൂലാന്ന് ശാസത്രജ്ഞൻമാരൊക്കെ പറഞ്ഞിനേ ലോ..... അള്ളാൻറെ ഓരോ വിധി......!
അത് പ്പന്താ ചെയ്യാ? അപ്പോഴാണ് ഹസ്സ ഇന്നത്തെ പത്രം കക്ഷത്ത് വെച്ച് ബല്ലിപ്പാന്റ ട്ത്ത്ക്ക് വന്നത് .....,
ന്താ മോളേ.....?
മിഞ്ഞാന്ന് താത്ത വന്നപ്പം മ്മാനോട് പറഞ്ഞിന് മുറീലൊക്കെ AC വെക്കാൻ ബല്ലിപ്പാനോട് പറയണംന്ന്, മറുപടിക്ക് കാത്ത് നിൽക്കാതെ മാണിക്യ മലർ പാട്ടും പാടി ഹസ്ന അകത്തേക്ക് പോയി. ശരിയാ, ഇക്കണക്കിന് ചൂടാണെങ്കിൽ എല്ലാ പൊരീലും A/C വെക്കേണ്ടി വരും.
കുഞ്ഞാലിയേ മഴക്ക്പ്പന്താ ചെയ്യാ? ഞ്ഞ് പ്പൊന്നും ചെയ്യാനില്ല. ൻറെ കുട്ട്യാള് പറഞ്ഞു, എല്ലോട്ത്തും മരം നട്ട് പിടിപ്പിച്ച ണം ന്നാ മഴ ണ്ടാവൂത്രേ!
പണ്ടൊക്കെ ഒരു കിണ്ടി വെള്ളം ണ്ടായിരുന്നെങ്കി പറമ്പീ പോയി ഒന്ന് വെളിക്കിരുന്ന് ശുദ്ധിയാക്കി പോന്നാലും അരക്കിണ്ടി വെള്ളം ബാക്കിണ്ടേയ്ന്. ഇന്ന് കക്കൂസിൽ പാരാൻ എത്ര വെള്ളം വേണം? ഒരു പാട് വെള്ളം ആൾക്കാര് വെറുതെ കളയാണ്. നമ്മളിന്ന് സൂക്ഷിച്ച് ചില വാക്കിയില്ലെങ്കിൽ അടുത്ത തലമുറ വെള്ളം കിട്ടാതെ അലയേണ്ടി വരും.
വെളളം അമൂല്യമാണ് , അത് പാഴാക്കിക്കളയരുത്.
------------------------------------------------------
✍🏼 എം ആർ സി അബ്ദുറഹ്മാൻ,