നമ്മുടെ നാട്ടുകാർ എന്നാണ് സ്വന്തമായി കത്ത് എഴുതാൻ പഠിച്ചത് എന്നറിയില്ല. നാട്ടിൽ വിരലിൽ എണ്ണാവുന്നവർക്ക് മാത്രം എഴുതാനും വായിക്കാനും അറിയുന്ന ഒരു കാലത്തെ കണ്ടിട്ടില്ലെങ്കിലും കേട്ടിട്ടുണ്ട്.
അന്ന് കത്ത് എഴുതാനും വായിക്കാനും നാട് ഓടിയത് അവരുടെ അടുക്കലേക്കായിരുന്നുവെത്രെ.
അന്യസംസ്ഥാനങ്ങളിലായിരുന്നു അക്കാലത്തെ കാര്യമായ പ്രവാസി ജീവിതം. എഴുപതുകളുടെ അവസാനത്തിലാണ് ഗൾഫിന്റെ വാതിലുകൾ നമുക്ക് മുന്നിൽ തുറക്കപ്പെടുന്നത്.
പതിനഞ്ച് പൈസയുടെ പോസ്റ്റ് കാർഡിലും എഴുപത്തിയഞ്ച് പൈസയുടെ ഇൻലൻഡിലും കത്തെഴുതി ശീലിച്ചവർ പിന്നെ ഏഴ് രൂപയുടെ ഇൻലെൻഡും
പതിനഞ്ച് രൂപയുടെ സ്റ്റാമ്പുമൊക്കെ ഉപയോഗിച്ച് ഗൾഫ് കത്തു കൾ പോസ്റ്റ് ചെയ്ത് തുടങ്ങി. ഗൾഫിൽ നിന്ന് വന്നവരുടെയും പോവുന്നവരുടെയും പ്രധാന സേവനം കത്ത് വാങ്ങലും കൊടുക്കലുമൊക്കെയായിരുന്നു.
ഒരു പ്രവാസിയുടെ ആദ്യത്തെ കത്തിന് വല്ലാത്ത പ്രാധാന്യമായിരുന്നു.
ഒരു പ്രവാസി നിശ്ചിത സ്ഥലത്തെത്തിയാൽ ചെയ്യുന്ന ആദ്യത്തെ പണി ബന്ധുക്കൾക്ക് കത്ത് എഴുതുക എന്നതാവും .
അത് കിട്ടിയാലെ ബന്ധുക്കൾക്കും സമാധാനമാവൂ.
അന്നത്തെ കത്തുകൾക്കുള്ളിൽ ഏറെയും കൂട്ടുകുടുംബത്തിന്റെ വിശേഷങ്ങളായിരിക്കും.
വീട്ടിലെ കാരണവർ പറഞ്ഞ് കൊടുക്കുകയും പേരക്കുട്ടികൾ എഴുതാനിരിക്കുകയും ചെയ്യുന്ന പൂമുഖ കാഴ്ചകൾ ഈയുള്ളവന്റെ മനസ്സിൽ നിന്ന് ഇപ്പോഴും മാഞ്ഞ് പോയിട്ടില്ല.
കുടുംബാംഗങ്ങൾ മുഴുവൻ വട്ടമിട്ടിരുന്നാണ് കത്തിന്റെ മാറ്റർ പറയുക.
ഉദവിയാൽ ഞങ്ങൾക്കെത്രയും പ്രിയപ്പെട്ട മകൻ അറിയുന്നതിന് ഉപ്പയും ഉമ്മയും മറ്റ് എല്ലാവരും കൂടി എഴുതുന്നത്..........
എന്നിങ്ങനെയായിരുന്നു അന്നത്തെ കത്തിന്റെ വരികൾ തുടങ്ങിയിരുന്നത്.
അവസാനം
ഇനി പ്രിയത്തിൽ സലാം
എന്ന് പറഞ്ഞു അവസാനിപ്പിക്കുകയും ചെയ്യും.
കൂട്ടുകുടുംബങ്ങൾ ക്ഷയിച്ച് തുടങ്ങിയതോടെയാവണം ഭാര്യാ ഭർത്താക്കൻമാർ തമ്മിൽ നേരിട്ട് കത്തുകളെഴുതാൻ തുടങ്ങിയത്. സ്വന്തമായി കത്ത് എഴുതാൻ അറിയാത്തതിനാലും വീട്ടിലെ മറ്റുള്ളവരിൽ നിന്ന് മറച്ച് വെക്കാൻ കാര്യമായ സ്വകാര്യങ്ങൾ ഇല്ലാത്തതിനാലും ആവണം അത്തരം കത്തുകൾ നേരത്തെ പോസ്റ്റ് ചെയ്യപ്പെടാതെ പോയത് .
ഒരു വീടിന്റെ പൊതു ആവശ്യങ്ങളായിരുന്നു അന്നത്തെ കത്തുകളെല്ലാം.
കൂടിയിരുന്നാണ് കത്ത് എഴുതിയതും വായിച്ചതും.
കത്ത് പോസ്റ്റ് ചെയ്യാൻ പോസ്റ്റ് ഓഫീസിലേക്ക് കത്തുമായി പോയ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തുന്നു.
പോസ്റ്റ് ചെയ്യുമ്പോൾ നന്നായി ശ്രദ്ധിക്കണമെന്നും
അല്ലെങ്കിൽ അത് തപാൽ പെട്ടിയിൽ കുടുങ്ങിക്കിടക്കുമെന്നുമുള്ള ശാസനയുളളതിനാൽ കത്ത് പോസ്റ്റ് ചെയ്യുന്നിടത്ത് വല്ലാത്ത ശ്രദ്ധയാണ് കാട്ടിയിരുന്നത്.
നവ മാധ്യമങ്ങളുടെ കാലത്ത് ചെറുപ്പത്തിന്റെ അക്ഷര മധുരമുള്ള കത്തോർമ്മകൾ വായിച്ച് തീർന്ന ജീവിതമായി മനസ്സിൽ തെളിഞ്ഞ് വന്നുകൊണ്ടേയിരിക്കുന്നു
-------------------------------
സത്താർ കുറ്റൂർ
No comments:
Post a Comment