ബന്ധങ്ങൾക്കിടയിൽ നിരന്തരമായ വിരുന്ന് പോക്കുകൾ നില നിന്ന് പോന്ന നാടാണ് നമ്മുടേത്.
ഇന്നത്തെ പോലെ മെച്ചപ്പെട്ട വിഭവസമൃദ്ധിയോ മറ്റ് സൗകര്യങ്ങളോ ഇല്ലാതിരിന്നിട്ടും വിരുന്നൂട്ടുകളിൽ പോയ തലമുറ വല്ലാത്ത നിർവൃതിയാണനുഭവിച്ചത്.
അവധിക്കാലങ്ങളെ വിരുന്ന് പോകാനായി കുട്ടികൾ കാത്തിരിക്കുമായിരുന്നു.
ആതിഥേയ വീട് മാത്രമല്ല ആ നാട് മുഴുവൻ വിരുന്നു കുട്ടികളെ ഹൃദ്യമായി സ്വീകരിച്ച് പോന്നു.
ഇത്തരം ബന്ധങ്ങളിലൂടെ തങ്ങളുടെ നാടിനപ്പുറത്ത് വലിയൊരു സൗഹൃദവലയം വളർത്തിയെടുക്കാൻ വിരുന്നു പോക്കുകൾക്കായി .
നെല്ലിമരത്തിൽ കല്ലെറിഞ്ഞും
മാവിൻ ചോട്ടിലെ പൊന്തക്കാട്ടിൽ തുടുത്ത മാമ്പഴം തിരഞ്ഞും അവർ നടന്നു.
കക്ക് കളിച്ചും, ഉപ്പ് കളിച്ചും, കയർ ചാടിയും, മഞ്ചാടിക്കുരു ശേഖരിച്ചും, എരണി പൂവ് പൊറുക്കി മാല കോർത്തും അവർ ഉല്ലസിച്ചു.
പുതിയ കാഴ്ചകൾ കണ്ടും
പുതിയ കഥകൾ കേട്ടും
പുതിയ ചുറ്റുപാടുകളോട് ഇണങ്ങി ചേർന്നും
നിൽക്കുന്നതായിരുന്നു അന്നത്തെ വിരുന്നു കാലങ്ങൾ.
ഒരു ബന്ധു വീട്ടിലേക്ക് ഒരേ ഡ്രസ്സിൽ ഒരിക്കൽ മാത്രം പോവുന്ന കാലമാണ് നമ്മുടേത്.
എന്നാൽ പോയ കാലത്തെ വിരുന്നോർമ്മകളിൽ വസ്ത്രങ്ങളുടെ പകിട്ടും ധാരാളിത്തവും കാണാൻ കഴിയില്ല.
വിരുന്നിനും കല്യാണത്തിനുമൊക്കെ പോവാൻ ഒരു ജോഡി വസ്ത്രം മാത്രമേ അന്നുണ്ടായിരുന്നൊള്ളൂ.
പഴകുവോളം അത് ഉപയോഗിച്ച് പോന്നു.
ഇന്നത്തെ നില വെച്ച് നോക്കുമ്പോൾ അകന്ന ബന്ധുവീടുകളിൽ വരെ വിരുന്ന് പാർത്ത അനുഭവങ്ങൾ പോയ തലമുറക്കുണ്ടാവും.
ബന്ധങ്ങൾക്കിടയിലെ ആഴം അറിയണമെങ്കിൽ വിരുന്നു പാർക്കുക തന്നെ വേണം.
എല്ലാ വിശേഷങ്ങളും ബന്ധുക്കൾക്കിടയിൽ പങ്ക് വെക്കുന്നൊരു നൻമ അന്നുണ്ടായിരുന്നു.
അറിഞ്ഞും
അനുഭവിച്ചും
കൊണ്ടും
കൊടുത്തും
സ്നേഹത്തിന്റെ അടരുകൾ തീർക്കാൻ അവർക്കായി .
വിശേഷമറിയാൻ വന്നിട്ട്
വിരുന്ന് പാർക്കാതെ പോവുന്ന ബന്ധുക്കളെ തടയാൻ അവരുടെ ചെരുപ്പും കുടയുമൊക്കെ ഒളിച്ച് വെക്കുന്ന കുസൃതികൾ വരെ അന്നൊപ്പിക്കുമായിരുന്നു.
വിശേഷങ്ങളുടെ കെട്ടഴിക്കാനും
വിരുന്ന് പാർപ്പിന്റെ നിർവൃതി അനുഭവിക്കാനുമുള്ള മനസ്സിന്റെ വല്ലാത്ത ഇഷ്‌ടമായിരുന്നു അവരെ ഇതിന് പ്രേരിപ്പിച്ചത്.
ഓരോ അതിഥികൾക്കും അവരുടേതായ നൻമകൾ ഉണ്ടായിരുന്നു.
നന്നായി പാട്ട് പാടിയിരുന്ന കുട്ടികളും,
മടിയിൽ തല ചായ്ച്ച് കഥ പറഞ്ഞ് തന്നിരുന്ന വല്ല്യുമ്മമാരും,
തുടുത്ത മാമ്പഴത്തിന് ഉന്നം പിഴക്കാതെ കല്ലെറിയാൻ കഴിഞ്ഞിരുന്ന കൗമാരക്കാരും അവരിലുണ്ടായിരുന്നു.
സ്നേഹം പൂത്ത് നിന്ന ഈ വിരുന്ന് കാലങ്ങൾ കൂട്ടുകുടുംബങ്ങൾ ശിഥിലമായതോടെയാണ് നമ്മിൽ നിന്ന് ഇല്ലാതെയായത്.
വരവും പോക്കും ഇല്ലാത്ത അണുകുടുംബ വ്യവസ്ഥിതിയിൽ വീർപ്പ് മുട്ടുകയാണ് നമുക്കിപ്പോൾ.
പഴയ തറവാട് വീടുകളിൽ ബന്ധക്കാർക്ക് കടന്ന് ചെല്ലാൻ ഒരവകാശം ഉള്ളത് പോലെയായിരുന്നു.
പൂമുഖത്തെ ചാരു കസേരയിലിരുന്ന് ബന്ധ ക്കാരുടെ കാലൊച്ചക്ക് കാതോർത്തിരുന്ന കാരണവൻമാരും നമുക്കുണ്ടായിരുന്നു.
അവരൊക്കെ പോയി.
അവർ കിടന്ന ചാരുകസേരകൾ നാം മടക്കി വെച്ചു.
ആ തറവാടുവീടുകൾ
ഭാഗം ചെയ്ത് പോയി.
ഇപ്പോൾ മൗനം മൂടിക്കെട്ടിയ കോൺക്ലീറ്റ് കൂടിനകത്ത് നാം വല്ലാത്ത ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നു
-------------------------------
സത്താർ കുറ്റൂർ
No comments:
Post a Comment