പ്രഭാതത്തിൽ അമ്പലത്തിൽ നിന്നുള്ള ശ്ളോകങ്ങൾ കേട്ടുകൊണ്ടാണ് പത്ത് പതിനഞ്ച് ദിവസം സുബ്ഹിക്ക് ഉണർന്നിരുന്നത്. അടുത്തൊന്നും പള്ളികളില്ലായിരുന്നു.
85 ൽ PDC ക്ക് EMEA യിൽ പഠിക്കുന്ന കാലം. (ഇന്നത്തെ പ്ലസ് ടു. അതിനപ്പുറം പോയിട്ടില്ല.😢) NSSക്യാമ്പിൽ ഞങ്ങൾ താമസിച്ചിരുന്നത് പഴയൊരു ഇല്ലത്തായിരുന്നു. കുറച്ചപ്പുറത്തായി അമ്പലവും. ഇല്ലത്ത് നിന്നും ഇടവഴിയിലൂടെ കുറച്ചു നടന്നാൽ പാടവക്കത്ത് വലിയൊരു കുളവും.
ഐക്കരപ്പടിക്കടുത്ത് കുറിയേടം എന്ന സ്ഥലത്തുനിന്ന് പള്ളിക്കൽ ബസാറിലേക്ക് പാടവക്കത്തുകൂടെ ഒരു റോഡ്. റോഡെന്ന് പറയാൻ പറ്റില്ല. കുണ്ടും കുഴിയുമായി കാടുപിടിച്ചും രണ്ട് കിലോമീറ്ററോളം വരും. ചിലസ്ഥലത്ത് നടന്ന്പോകാനുള്ള വഴിയേയുള്ളൂ.. അത് നന്നാക്കിയെടുക്കലാണ് ജോലി.
ഞങ്ങൾ പത്തിരുപത് കുട്ടികളുണ്ട്. രണ്ട് മാഷന്മാരും. പ്രശാന്ത സുന്ദരമായ സ്ഥലം. എങ്ങും വയലേലകളും തെങ്ങിൻ തോപ്പുകളും. കുളം കഴിഞ്ഞിറങ്ങുന്നത് പാടത്തേക്ക്. പാടത്തിന്ന് നടുവിൽ തോട്. തോട്ടുവക്കിൽ കൈത നിറഞ് നിൽക്കുന്നു. 30 കൊല്ലം മുമ്പത്തെ അവസ്ഥയാണ് ഇപ്പോൾ ആ പ്രകൃതി രമണീയത അവിടെ ഉണ്ടോ ആവോ.....
ജോലിയിൽ അന്ന് നാട്ടുകാരും സഹായിച്ചിരുന്നു. വഴിവക്കിലെ വീടുകളിൽ നിന്നും ചില സമയങ്ങളിൽ നാരങ്ങ വെള്ളവും അവിലുംവെള്ളവും കിട്ടും വൈകുന്നേരങ്ങളിൽ കുളത്തിലെ കുളിയും കഴിഞ്ഞ് പാടത്തുകൂടി നടക്കും അല്ലെങ്കിൽ കുറിയേടത്ത് പോയി സൈക്കിൾ വാടകയ്ക്ക് എടുക്കും. ഒരു ദിവസം സൈക്കിളിൽ ഐക്കരപ്പടി ലക്ഷ്യമാക്കി അത്യാവശ്യം സ്പീഡിൽ പോവുകയാണ്. രണ്ടു പേർ വേറെ സൈക്കിളുമായി കൂടെയുണ്ട്.(ഇന്നത്തെപ്പോലെ വാഹനങ്ങളുടെ ആധിക്യമൊന്നും അന്നില്ല.) ടൗണെത്തിയപ്പോൾ, നിറുത്തിയിട്ടിരിക്കുന്ന ജീപ്പിന്റെ പിന്നിൽ നിന്നും പ്രായമായ ഒരാൾ നടന്നു വരുന്നു. ജീപ്പിന്റെ മുന്നിലൂടെ
വന്ന ഞാൻ അത് കണ്ടില്ല. ഹാന്റിലിന്റെ
വക്കൊന്ന് തട്ടി കിഴവൻ വീണു.
"വിട്ടോ..." ഒപ്പമുള്ളവർ
വിളിച്ച്പറഞ്ഞു. സർവ്വ ശക്തിയുമുപയോഗിച്ച് ചവിട്ടി. കൂറേ ദൂരെച്ചെന്ന് തിരിഞ്ഞു
നോക്കി. ആരുമില്ല... ആശ്വാസമായി. എന്നാലും സൈക്കിൾ തിരികെ കൊടുക്കാൻ നേരമാണ്
അതിലൂടെ തിരിച്ചു പോന്നത്. അന്ന് അയാൾക്ക് എന്തെങ്കിലും പറ്റിയിരിരുന്നോ... ഞാൻ
നോക്കിയില്ലല്ലോ എന്നൊരു ചിന്ത ഇന്നും എന്റെ മനസ്സിനെ അലട്ടുന്നു....
-------------------------------
✍ മൊയ്തീൻ കുട്ടി അരീക്കൻ,
✍ മൊയ്തീൻ കുട്ടി അരീക്കൻ,
No comments:
Post a Comment