Tuesday, 24 May 2016

സ്ത്രീധനം കൊണ്ട് പോലും വെളുക്കാത്ത കറുത്ത കുട്ടിയുടെ രോദനം


ഇരുണ്ട ജീവിതത്തിന്റെ ഓർമ്മകൾ പതുങ്ങിയിരിക്കുന്ന ആ റൂമിൽ കയറി അവൾ വാതിലടച്ചു.
തലയിണയിൽ മുഖം അമർത്തി മെല്ലെ തേങ്ങി.
തേങ്ങലിന് തെല്ല് ശമനമായപ്പോൾ ആ ഓർമ്മകൾ അവളെ  ചുറ്റി പിണഞ്ഞ് കിടന്നു .

എസ്.എസ്.എൽ.സി എഴുതി രണ്ട് വർഷം കഴിഞ്ഞാണ് കല്യാണം ശരിയായത്.
ഒരു പാട് പേർ ആലോചനയുമായി വന്നിരുന്നു.
കാണാൻ വരുന്ന ചെറുക്കൻമാർക്ക് മുന്നിൽ ചായ കൊണ്ട് പോയി കൊടുക്കൽ ഒരു ദിനചര്യ പോലെ തുടർന്ന നാളുകൾ.
വിവരം പറയാമെന്നു പറഞ്ഞു വന്നവരെല്ലാം തിരിച്ച് പോവും.
വിവരം മാത്രം കിട്ടാറില്ല.

അങ്ങനെ ഒരു നാൾ ഒരാൾ വന്നു.
ആ ബന്ധം ശരിയായി.
ആൾ സുമുഖനായിരുന്നു.
വീട്ടുകാർക്കെല്ലാം അതിശയമായിരുന്നു.
എങ്ങെനെ ആ ചെറുക്കന് ഇവളെ ഇഷ്ടപ്പെട്ടു എന്നവർ അടക്കം പറഞ്ഞു .

കല്യാണം കഴിഞ്ഞു,
എന്നാൽ ആ സന്തോഷത്തിന് അൽപ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ.

കുറ്റപ്പെടുത്തലുകൾ,
കുച്ചിപ്പുറ്റുകൾ,
ആ വീട്ടിൽ അധികം തുടരാനായില്ല.
സൗന്ദര്യം ഇല്ലാത്തതിന്റെ പേരിൽ അവിടന്ന് പടിയിറങ്ങേണ്ടി വന്നു .

ഓർമ്മകൾ ഒളിച്ചിരിക്കുന്ന ഈ റൂമിലേക്ക് തിരിച്ച് വന്ന തങ്ങനെയാണ്.

ബാപ്പാന്റെ വലിയൊരു ആഗ്രഹമായിരുന്നു അവളുടെ പുനർവിവാഹം.

അന്ത്യാഭിലാഷം എന്ന് തന്നെ പറയണം.

മോളെ ഒരാളുടെ കൈയിൽ ഏൽപ്പിക്കാൻ കഴിയാത്ത വേദനയോടെ ബാപ്പ മരിച്ചു.

കഴിഞ്ഞ ദിവസം ബാപ്പയുടെ രണ്ടാമത്തെ ആണ്ടായിരുന്നു.
പളളിയിൽ നിന്ന് ഉസ്താദിനെ വിളിച്ച് പ്രാർത്ഥന നടത്തി.

ഉമ്മയുടേത് വല്ലാത്തൊരു സ്ഥിതിയാണ് .
ഏത് നേരവും കണ്ണീരൊലിപ്പിച്ചുള്ള പ്രാർത്ഥനയാണ്.
ആരെക്കണ്ടാലും പറയും.

ഇജ് ഇന്റെ മോൾക്ക് ഒരു കെട്ട് കൊണ്ട് വരോന്ന് .

ഞാൻ നോക്കട്ടേ
അതും പറഞ്ഞ് അവർ പടിയിറങ്ങും.
എന്നാൽ ഒരു ബന്ധവുമായി ആരും പടി കയറി വന്നില്ല.

കറുപ്പ്.

അത് തന്നെയാണ് പ്രശ്നം.
പിന്നെ രണ്ടാം കെട്ടും.

ചിലപ്പോൾ അവൾ ഉമ്മയോട് പറയും.

എന്റെ കാര്യം ഇനി ആരോടും പറയണ്ട ഉമ്മാ

ഇത് എന്റെ വിധിയായി ഞാൻ കരുതിക്കോളാം.

അത് കേൾക്കുമ്പോൾ
ഉമ്മാന്റെ മനസ്സ് വേദനിക്കും.
കണ്ണ് കലങ്ങും.
അത് കാണാതിരിക്കാൻ ഉമ്മ മുഖം തിരിക്കും.

ഓർമ്മകൾ അവിടെ നിന്നു.
മുന്നോട്ട് ഒഴുകാത്ത ജീവിതത്തിന് കണ്ണീരുണങ്ങാത്ത ഓർമ്മകളാവും കൂട്ട് .
അവൾ മെല്ലെ എഴുന്നേറ്റു.
ഓർമ്മയുടെ പിടി വിട്ടു.

കണ്ണീർ തുടച്ചു.
മുഖ കണ്ണാടിയിൽ മുഖം നോക്കി .

മുഖം മുമ്പത്തേക്കാൾ ഇരുണ്ടതായി തോന്നി.
നിറം മങ്ങി മങ്ങി
അത് ഇരുട്ടിനോളമായി ഞാൻ ഇല്ലാതാവുകയാണെന്ന് അവൾക്ക് തോന്നി.
വെളുപ്പ് തോന്നിക്കും വരെ ചമഞ്ഞ് നിന്നിരുന്നൊരു കാലമുണ്ടായിരന്നു.
കറുപ്പിന്റെ പേരിൽ ഉപേക്ഷിക്കപ്പെട്ടതോടെ അത്തരം ചമയങ്ങൾക്കൊന്നും സമയം കളഞ്ഞിട്ടില്ല.
നിറമുള്ള ഒരു ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ടത് തന്നെ കാരണം.
ഓർമ്മയും ഇരുട്ടും  കറുപ്പും
ഇണചേർന്ന ആ റൂമിന്റെ വാതിൽ തുറന്ന് അവൾ മെല്ലെ പുറത്തിറങ്ങി.
അന്നേരം കൊലായിൽ വിരിച്ച നിസ്കാരപ്പായയിൽ ഇരുന്ന് ഉമ്മ കണ്ണീരൊലിപ്പിക്കുകയായിരുന്നു.

--------------------
സത്താർ കുറ്റൂർ

No comments:

Post a Comment