റോഡുകളും വാഹന സൗകര്യങ്ങളും ഇത്രയൊന്നും വ്യാപകമാവാത്ത കാലത്തെ കൈ വെളിച്ചമായിരുന്നു "ചൂട്ട് .
ഇടവഴികൾ നിറഞ്ഞതായിരുന്നു നമ്മുടെ നാട് .
രാത്രി പുറത്തിറങ്ങുമ്പോൾ ഒരു കൈ വെളിച്ചം കരുതുക എന്നത് അന്നത്തെ പതിവായിരുന്നു.
അതിലേറ്റവും സ്വീകാര്യത ഉണ്ടായിരുന്നത് ചൂട്ടിന് തന്നെ.
ഉണങ്ങിയ ഓലക്കൊടികൾ കൊണ്ടാണ് ചൂട്ടുണ്ടാക്കുക.
ഇങ്ങനെ കെട്ടിയുണ്ടാക്കിയ ചൂട്ടുകൾ ചന്തകളിലും അങ്ങാടികളിലുമൊക്കെ വിൽപ്പന നടത്തുന്നവരും ഉണ്ടായിരുന്നെത്രെ.
ചൂട്ട് കത്തിക്കുന്നിSത്തും
വീശി നടക്കുന്നിടത്തുമൊക്കെ നല്ല കൈ വഴക്കം ആവശ്യമായിരുന്നു.
ചൂട്ടു കത്തിച്ച് നടക്കുന്നവരുടെ അശ്രദ്ധ കൊണ്ട് തീ പടർന്ന് പിടിക്കുന്നതും അന്ന് സാധാരണമായിരുന്നു.
അതിനാൽ യാത്രകളിൽ കുട്ടികൾക്ക് ചൂട്ട് നൽകാൻ മുതിർന്നവർ തയ്യാറാവില്ലായിരുന്നു .
ചൂട്ട് പോലെ മറ്റൊരു കൈ വെളിച്ചമാണ് സുറൂംകുറ്റി.
കറുമത്തി തണ്ട് മുറിച്ചെടുത്ത് അതിൽ മണ്ണെണ്ണയൊഴിച്ച് ഒരു തിരിയുമിട്ടാൽ
സുറൂം കുറ്റിയായി.
കത്തിക്കുന്നതിന്
ചൂട്ട് പോലെ ഇത് വീശേണ്ടതില്ല.
ഒരു സുറൂം കുറ്റി ഉണ്ടാക്കിയാൽ അത് ആഴ്ചകളോളം ഉപയോഗിക്കാനുമാവും.
വീടിന്റെ അകത്തളങ്ങളിൽ മണ്ണെണ്ണ വിളക്കുകളാണ് ഉപയോഗിച്ചിരുന്നത്.
പൂമുഖത്ത് പാനീസ് വിളക്കുകളും.
കറന്റിന്റെ വരവാണ്
നമ്മുടെ നാട്ടിൽ നില നിന്ന് പോന്ന നാട്ടു വെളിച്ചങ്ങൾ അണഞ്ഞ് പോവാൻ കാരണമായത്.
ബാറ്ററി ഉപയോഗിച്ചുള്ള ടോർച്ചുകളാണ് ആദ്യം വന്നത്.നമ്മൾ കണ്ട ആദ്യത്തെ വെളിച്ചത്തിന്റെ ടെക്നോളജിയും ഇത് തന്നെ.
കറന്റ് വന്നതോടെ കറന്റിന്റെ ടോർച്ചും വന്നു.
ബാറ്ററി ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ടോർച്ചുകളെ അപേക്ഷിച്ച് നല്ല തെളിച്ചം നൽകുന്നതായിരുന്നു കറന്റ് ടോർച്ചുകൾ .
ബാറ്ററി വാങ്ങാനുള്ള സാമ്പത്തിക ബാധ്യതകൾ ഇത് വരുത്തുന്നില്ല എന്നതും കറന്റ് ടോർച്ചുകൾക്ക് കൂടുതൽ സ്വീകാര്യതയുണ്ടാക്കി.
ഇപ്പോൾ കാൽനടയാത്രകൾ തീരെ നിലച്ച് പോയ ഒരു നാടാണ് നമ്മുടേത്.
ഇട വഴികളെല്ലാം റോഡുകൾക്ക് വഴിമാറിയിരിക്കുന്നു.
അതിന് പിറകെ റോഡ് സൈഡിലേക്ക് നാം മാറി താമസിക്കുകയും ചെയ്തു.
യാത്രാ സൗകര്യങ്ങളോടൊപ്പം വാഹന സൗകര്യങ്ങളും വർധിച്ചു.
ഇപ്പോൾ ഒരു വാഹനമെങ്കിലും ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ കുറവാണ്.
ഇങ്ങനെയൊക്കെയാണ് നമ്മുടെ കാൽനടയാത്രകൾ നിലച്ച് പോയത്.
ടാർ ചെയ്ത് മിനുസപ്പെടുത്തിയ റോഡിൽ
ഹെഡ് ലൈറ്റുകൾ വെളിച്ചം പരത്തുന്നു.
ഇലക്ട്രിക് പോസ്റ്റുകളിൽ
സ്ട്രീറ്റ് ലൈറ്റുകളും, ഹൈമാസ് ലൈറ്റുകളും കണ്ണ് ചിമ്മാതെ നമ്മെ തന്നെ നോക്കുന്നു.
അങ്ങാടികളും, വീടുകളുടെ പൂമുഖ പടികളും, വെളിച്ചത്തിൽ കുളിച്ച് നിൽക്കുന്നു.
ഇങ്ങനെ വെളിച്ചം വിരുന്ന് വന്ന ഈ കാലത്ത് ഉപയോഗിക്കപ്പെടാത്ത ഉപകരണമായി ടോർച്ച് പോലും നമ്മുടെ വീടിന്റെ മൂലയിൽ പൊടി പാറി കിടക്കുന്നത് .
ഈ മാറ്റത്തിന്റെ മേൻമയിൽ നാം അഭിരമിക്കുമ്പോഴും
കടന്നു വന്ന നാട്ടുവഴികളും, വീടുകളിലെ ചിമ്മിനി വിളക്കും, ചൂട്ടും,
സുറൂംകുറ്റിയും, ചിരട്ടയിൽ കത്തിച്ച് വെച്ച മെഴുക് തിരി വെട്ടവും ,
മൂന്ന് കട്ട ടോർച്ചിന്റെ ഒറ്റപ്പുള്ളിയും, പുതിയാപ്ല പോവുമ്പോൾ തലയിൽ വെച്ചിരുന്ന പെട്രോൾ മാക്സും ,പൂമുഖ പടിയിലെ പാനീസ് വെളിച്ചവുമൊക്കെ ഓർമ്മയിൽ അണഞ്ഞു തീരാത്ത നാട്ടു വെളിച്ചങ്ങളാണ്.
-------------------------------
സത്താർ കുറ്റൂർ
No comments:
Post a Comment