Wednesday, 4 May 2016

പ്രകൃതി

 
        രാവിലെ ചായകുടി കഴിഞ്ഞ് വീട്ടുകാരി നബീസു താത്ത പാത്രങ്ങള്‍ കഴുകാനായി കിണറ്റിന്‍കരയിലെ കൊട്ടത്താളത്തിനടുത്തെത്തി പൈപ്പ് തുറന്നപ്പോള്‍ കുറേശ്ശെ വെള്ളം വന്നു കൊണ്ടിരുന്ന പൈപ്പില്‍ നിന്ന് പിന്നീടൊരു കാറ്റ് മാത്രം        നബീസു താത്ത വീട്ടിലേക്ക് നോക്കി വിളിച്ചു പറഞ്ഞു  ''ആ മോട്ടറ് ഇട്ടാണീ പൈപ്പില് ബള്ളം കയ്ഞ്ഞ്ക്ക്ണു''    വീട്ടുകാരാരോ മോട്ടോര്‍ ഓണ്‍ ചെയ്തു   ഏതായാലും പൈപ്പില് വെള്ളം വരുംബോഴേക്ക് ഒരു ബക്കറ്റ് വെള്ളം കോരി പാത്രങ്ങള്‍ കഴുകി തുടങ്ങാമെന്ന് കരുതി നബീസു താത്ത കിണറിനരികിലെത്തി കപ്പിയിലുള്ള കയറും ബക്കറ്റും കിണറിലേക്കിട്ട് കിണറ്റിലേക്കൊന്ന് നോക്കിയ നബീസു താത്താന്റെ കണ്ണ് തള്ളിപ്പോയി കിണറ്റില്‍ ബക്കറ്റ് മുങ്ങാന്‍ പോലും വെള്ളമില്ല നബീസു താത്ത കിണറ്റിന്‍ പടവില്‍ തൂങ്ങുന്ന മോട്ടോറിലേക്ക് നോക്കി അത് വലിയ ശബ്ദത്തില്‍ ഓടി കൊണ്ടിരിക്കുന്നു ഉടനെ വീട്ടിലേക്ക് നോക്കി ഒരലര്‍ച്ചയായിരുന്നു                 ''ആ മോട്ടറ് ഓഫാക്കീ കേറ്റില് ബള്ളല്ലാാാാ''     കയറും ബക്കറ്റും കിണറിന്റെ പടവില്‍ വെച്ച് നബീസു താത്ത ആരോടെന്നില്ലാതെ പറഞ്ഞു ''ഞ്ഞെത്താപ്പൊ ബള്ളത്തിന് കാട്ട്ആ''                           അപ്പോഴാണ് തൊട്ടപ്പുറത്തുള്ള കുളിമുറിയില്‍ നിന്ന് കുളി കഴിഞ്ഞ് പുറത്തിറങ്ങുന്ന പരിഷ്ക്കാരിയും ശുദ്ധമലയാളം മാത്രം സംസാരിക്കുന്നവനും സര്‍വോപരി പ്രകൃതി സ്നേഹിയുമായ തന്റെ സല്‍പുത്രന്‍ സുലൈമാന്‍ ഇറങ്ങി വരുന്നത് കണ്ടത്            വെള്ളം തീര്‍ന്ന അന്ധാളിപ്പില്‍ നില്‍ക്കുന്ന ഉമ്മയെ നോക്കി സുലൈമാന്‍ ചോദിച്ചു      ''എന്താ ഉമ്മാ കിണറ്റിലെ വെള്ളമെല്ലാം തീര്‍ന്നോ''                   വെള്ളമില്ലാത്ത വിഷമത്തോടൊപ്പം സുലൈമാന്റെ ശുദ്ധമലയാളത്തിലെ ആ ചോദ്യവും കൂടിയായപ്പൊ ഓള്‍ഡ് ജനറേഷനായ നബീസു താത്തക്ക് കലി കയറി അവര്‍ തന്റെ സല്‍പുത്രനെ നോക്കി പറഞ്ഞു         ''ഓന്റെ ജാത്യേ അന്റൊരു വസിവാസിന്റെ കുളി ഇള്ള ബള്ളം മിമ്മനും തീര്‍ത്ത്ക്കാണ്ട് അന്റൊരു ഒലക്കമ്മലെ ചോദ്യും''                    സുലൈമാന്‍ കയ്യിലെ തോര്‍ത്ത് മുണ്ട് തോളിലേക്കിട്ട് തന്റെ ഉമ്മയോട് വെള്ളത്തിന് ക്ഷാമമുണ്ടാകാനുള്ള കാരണമെന്നോണം പറയാന്‍ തുടങ്ങി           ''ഉമ്മാ നാട്ടിലുള്ള കുന്നുകളും മലകളുമെല്ലാം ഇടിച്ച് നിരത്തി ജലാശയങ്ങളെല്ലാം മണ്ണിട്ട് മൂടി മരങ്ങളും കാടുകളും വെട്ടി നിരത്തി പ്രകൃതിയെ നാം ചൂശണം ചെയ്യുന്നത് കൊണ്ടാണ് വെള്ളത്തിന് ക്ഷാമം വരുന്നത്''             സുലൈമാന്റെ ശുദ്ധഭാഷയിലുള്ള വിശദീകരണം കേട്ട് നബീസു താത്താന്റെ ദേഷ്യം ഇരട്ടിയായി അവര്‍ സുലൈമാനോട് പറഞ്ഞു                      ''ഏത് കുന്നും മല്യേടാ ഞാം പൊള്‍ച്ചത് അന്റൊരു പ്രസംങ്ങം ഇള്ള ബള്ളം മിമ്മനും തീര്‍ത്ത്ക്കാണ്ട് ഓം നിന്ന് ചെലക്ക്ണ് കണ്ടീലെ''                       സുലൈമാന്‍ വീണ്ടും തന്റെ ഉമ്മയെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ച് കൊണ്ട് പറയാനാരംഭിച്ചു             ''ഉമ്മാ നിങ്ങള്‍ ചെയ്തു എന്നല്ല ഞാനുദ്ദേശിച്ചത് ഞാന്‍ മൊത്തത്തില്‍ പറഞ്ഞതാണ് പ്രകൃതിയെ നാം....''                     സുലൈമാന്‍ ബാക്കി പറയുന്നതിന് മുംബേ നബീസു താത്ത കഴുകാന്‍ വെച്ച കറിച്ചട്ടി കയ്യിലെടുത്തിട്ട് സുലൈമാന്റെ നേരെ ഓങ്ങിയിട്ട് പറഞ്ഞു                    ''ഈ ചട്ട്യോണ്ട് ഏറ് കിട്ടണ്ടങ്കില് മുണ്ടാത പൊയ്ക്കൊജ്ജ്ന്റെ മുന്ന്ന്ന്''                           ഇനിയും ഉമ്മയോട് പറഞ്ഞ് മനസ്സിലാക്കാന്‍ നിന്നാല്‍ ചട്ടി കൊണ്ട് ഏറ് കിട്ടുമെന്ന് ഉറപ്പായ സുലൈമാന്‍ വേഗം വീട്ടിലേക്ക് നടന്നു                                         .                                        വെള്ളയില്‍ നീല വരകളുള്ള ഫുള്‍കൈ ഷര്‍ട്ട് ചാര നിറത്തിലുള്ള പാന്റിലേക്ക് ഇന്‍ ചെയ്ത് കറുത്തൊരു ഷൂ ധരിച്ച് പുറത്ത് പോകാനുള്ള തയ്യാറെടുപ്പോടെ കൊലായിലെ ചുമരില്‍ തൂക്കിയ കണ്ണാടിയില്‍ നോക്കി മുടി ചീകുന്നതിനിടെ കൊലായിലെ ചാരു കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സുലൈമാന്റെ ഉപ്പ പത്രം മടിയിലേക്ക് വെച്ച് ഷര്‍ട്ട് അഴിച്ച് കൊണ്ട് പറഞ്ഞു                        ''നേരം ബെള്‍ത്തപ്പോത്ത്നെന്നെ എന്തോര് ചൂടാണ്''                          തന്റെ ഉപ്പയുടെ പരിഭവം പറച്ചില് കേട്ട സുലൈമാന്‍ പറഞ്ഞു                    ''എങ്ങിനെ ചൂടില്ലാതിരിക്കും നാം പ്രകൃതിയെ നശിപ്പിച്ച് കൊണ്ടിരിക്കുകയല്ലെ''                               അദ്ധേഹം പരിഷ്ക്കാരിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സുലൈമാനെ അടിമുടിയൊന്ന് നോക്കിയിട്ട് ചോദിച്ചു             ''ന്റോന് യൗട്ക്കാപ്പൊ    അന്റെ ഒര്ക്കാനം കണ്ടാ ബല്ല്യ ഏതോ ആപ്പീസിലെ പണിക്കാണ് പോണ്ട്ന്ന് തോന്നും''                                      തന്റെ ഉപ്പയുടെ ആക്കിയുള്ള ആ പറച്ചില് കേട്ട് സുലൈമാന്‍ പറഞ്ഞു                       ''ഉപ്പാ നാം നല്ല വൃത്തിയോടെയും വെടിപ്പോടെയും വേണം വസ്ത്രം ധരിക്കാന്‍''                 പത്രം വായന തുടര്‍ന്ന് കൊണ്ട് സുലൈമാന്റെ ഉപ്പ പറഞ്ഞു                   ''ജ്ജാ ബീസിപ്പാളങ്ങട്ട്ട്ത്താ''                        സുലൈമാന്‍ അകത്ത് പോയി ജനല്‍ കമ്പികള്‍ക്കിടയില്‍ തിരുകി വെച്ച വിശറിയെടുത്ത് തന്റെ ഉപ്പയുടെ കയ്യില്‍ കൊടുത്തു കൊണ്ട് പറഞ്ഞു                  ''നാം ചൂടിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പ്രകൃതിയുടെ വരദാനങ്ങളായ എത്രയെത്ര മരങ്ങളും കാടുകളുമാണ് വെട്ടി നശിപ്പിച്ചത്  നമ്മുടെ പറമ്പിലെ മാവ് മുറിക്കരുതെന്ന് എത്ര തവണ ഞാന്‍ പറഞ്ഞു അന്നെന്റെ വാക്കുകള്‍ ഈ വീട്ടിലെ ആരും തന്നെ മുഖവിലക്കെടുത്തില്ല എന്നിട്ടിപ്പൊ ചൂടെന്നും പറഞ്ഞ് വിലപിക്കുന്നു''                   പത്രം മടക്കി വെച്ച് ഉപ്പ സുലൈമാനെ നോക്കിയിട്ട് പറഞ്ഞു                            ''ഓന്റെ സുലൈമാനെ ജ്ജ്പ്പൊ എങ്ങട്ടാ പോണ്ട്ന്നെച്ചാ ബേം പൊയ്ക്കാ ഇച്ചന്റീ ബര്‍ത്താനം കേട്ട്ട്ട് ചൊര്‍ഞ് ബെര്ണ്ണ്ട്''                ഉപ്പയുടെ ആ പറച്ചില് കേട്ട് കൊണ്ടാണ് നബീസു താത്ത കൊലായിലേക്കെത്തിയത്    അവര്‍ പറഞ്ഞു                    ''ഓം രാവില്‍തന്നെ തൊട്ങ്ങീക്ക്ണ് ആള  മക്കാറാക്ക്ണൊരു ബര്‍ത്താനം''                                 മുടിയൊക്കെ നല്ല മട്ടത്തില് ചീകിയൊതുക്കി സുലൈമാന്‍ നല്ല സ്റ്റൈലായിട്ട് കൊലായിയുടെ പടികളിറങ്ങി പുറത്തേക്ക് നടന്ന് പോയി                                                             വൈകുന്നേരം ടീവിയില് വാര്‍ത്ത കണ്ടിരിക്കുകയായിരുന്നു സുലൈമാന്റെ ഉമ്മയും ഉപ്പയും                             അതിനിടെ ഉമ്മ നബീസു താത്ത പറഞ്ഞു        ''ഇങ്ങളാ ബാര്‍ത്ത മാറ്റിക്കാണ്ട് ബേറ ബല്ല പര്പാടിം ഇട്ടാണീ''            രണ്ട്മൂന്ന്  തവണ നബീസു താത്ത ഇതു തന്നെ പറയാന്‍ തുടങ്ങിയപ്പൊ സഹികെട്ട് അദ്ധേഹം തന്റെ സഹധര്‍മ്മിണിക്ക് വേണ്ടി ടീവി ചാനല്‍ മാറ്റി ആ ചാനലില്‍ വേനല്‍ ചൂടിനെ പറ്റിയും ജലക്ഷാമത്തെ പറ്റിയും പ്രകൃതിയെ നശിപ്പിക്കുന്നതിനെ കുറിച്ചെല്ലാമുള്ള ഒരു പരിപാടിയാണ് നടക്കുന്നത് അതങ്ങനെ ശ്രദ്ധയോടെ കണ്ടി കൊണ്ടിരിക്കുംബോള്‍ ആ മാതാപിതാക്കള്‍ ചിന്തിച്ചു തങ്ങളുടെ സല്‍പുത്രന്‍ രാവിലെ പറഞ്ഞ കാര്യങ്ങളാണല്ലൊ ഈ പറയുന്നതെന്ന്     അതിനിടയിലാണ് സുലൈമാന്‍ വീട്ടിലേക്ക് കയറി വന്നത് ടീവിയിലെ ആ പരിപാടി കണ്ട സുലൈമാനും ഒരു കസേയില്‍ അവര്‍ക്കൊപ്പമിരുന്നു      താന്‍ രാവിലെ പറഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള ടീവിയിലെ പരിപാടി കണ്ട് സുലൈമാന്‍ അഭിമാന പുളകിതനായി കൊണ്ട് തെല്ല് ഗമയോടെ ഉമ്മാനെയും ഉപ്പാനെയും ഒന്ന് നോക്കിയിട്ട് വെളുക്കെ ചിരിച്ച് കൊണ്ട് ഒന്ന്കൂടി ഞെളിഞ്ഞിരുന്നു        നബീസു താത്ത മൂക്കത്ത് വിരല്‍ വെച്ച് ആശ്ചര്യത്തോടെ ടീവിയിലേക്കും നോക്കിയിരിക്കുകയാണ്    സുലൈമാന്റെ ഉപ്പ തന്റെ സ്വാര്‍ഥത കൊണ്ട് വെട്ടി മാറ്റിയ മാവിനെ കുറിച്ചോര്‍ത്ത് കൊണ്ടാണ് ടീവിയിലേക്കും നോക്കിയിരിക്കുന്നത്     ടീവിയിലെ ആ പരിപാടി കഴിഞ്ഞപ്പൊ സുലൈമാന്‍ തന്റെ ഉമ്മയെ നോക്കി ചോദിച്ചു    ''ഉമ്മാ ഈ പരിപാടി കണ്ടിട്ട് എന്ത് തോന്നുന്നു''     നബീസു താത്ത സുലൈമാനെ നോക്കി കസേരയില്‍ നിന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു        ''അന്റെ ബര്‍ത്താനം കേട്ടാ തോന്നും ഞാനാണിക്കണ്ട അലാക്കൊക്കണ്ടാക്കീത് ന്ന്''       അതും പറഞ്ഞ് നബീസു താത്ത അടുക്കളയിലേക്ക് പോയി    സുലൈമാന്‍ തന്റെ ഉപ്പയോട് ചോദിച്ചു         ''ഉപ്പാ നിങ്ങളെന്ത് പറയുന്നു മരങ്ങള്‍ മുറിച്ച് പ്രകൃതിയെ വികൃതമാക്കിയതിനെ കുറിച്ച്''                അദ്ധേഹം ഒന്നും മിണ്ടാതെ കൊലായിലെ ചാരു കസേരയില്‍ മുറ്റത്ത് കൂട്ടിയിട്ട മുറിച്ചു മാറ്റിയ മാവിന്റെ തടികളേയും നോക്കി കുറ്റബോധത്തോടെ വിശറിയും വീശി കൊണ്ടിരുന്നു.                               
------------------------                                 
അന്‍വര്‍ ആട്ടക്കോളില്‍.                          

മരങ്ങളും കാടുകളും വെട്ടി കുന്നുകളും മലകളും ഇടിച്ച് നിരത്തി ജലാശയങ്ങളെ മണ്ണിട്ട് മൂടി പ്രകൃതിയെ നശിപ്പിക്കാതിരിക്കുക.                                             
**************************

No comments:

Post a Comment