Thursday, 5 May 2016

വീണ്ടും ചില തപാൽ വിശേഷങ്ങൾ


1940തിന് ശേഷമാണ് നമ്മുടെ നാട്ടിലെ പോസ്റ്റൽ രംഗത്ത് പുതിയ പരിഷ്ക്കാരങ്ങൾ വന്ന് തുടങ്ങിയത്.
സ്വാതന്ത്ര്യത്തിന് ശേഷം അത് കൂടുതൽ വേഗതയിലായി.

അന്യസംസ്ഥാനങ്ങളിലും,
ബർമ്മയിലും,
സിലോണിലുമൊക്കെയാണ് നമ്മുടെ നാട്ടുകാർ അന്ന് പ്രവാസ ജീവിതം നയിച്ചിരുന്നത്.
അന്യനാട്ടിലേക്ക് അന്നം തേടി പോയ അവർക്ക് വിനിമയത്തിനുള്ള ഏക ആശ്രയം ഈ പോസ്റ്റ് ഓഫീസുകൾ തന്നെയായിരുന്നു.
വളരെ അടിയന്തിര ഘട്ടങ്ങളിൽ മാത്രമാണീ സംവിധാനം അവർ ഉപയോഗപ്പെടുത്തിയത്.
എഴുതാനും വായിക്കാനും അറിയുന്നവർ കുറവായതിനാൽ കത്തെഴുത്ത് അപൂർവ്വമായിരുന്നു.
എഴുതാനറിയുന്നവർ എഴുതിയാൽ തന്നെ മേൽവിലാസക്കാരന് വായിക്കാനറിയണമെന്നില്ല.
നേരെ മറിച്ചും ആവാം.

ടെലഗ്രാമുകളായിരുന്നു അന്ന് വിനിമയ മാർഗമായി ഉപയോഗിച്ചിരുന്ന മറ്റൊരു പ്രധാന സംവിധാനം.
മരണമോ മറ്റ് കാര്യമായ വിവരങ്ങളോ എളുപ്പത്തിൽ അറിയിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലക്ക് ടെലഗ്രാം സ്വീകാര്യത നേടി.
ഇതിന് കമ്പിയടിക്കുക എന്നായിരുന്നു പറഞ്ഞിരന്നത്.
കുറ്റൂർ പ്രദേശത്തേക്കുള്ള തപാൽ സേവനങ്ങൾ ലഭിച്ചിരുന്നത് പരപ്പനങ്ങാടിയിൽ നിന്നായിരുന്നു.
പിന്നീടാണ് വെളളക്കാട്ടെ പടിയിൽ (vk പടി) യിൽ പോസ്റ്റ് ഓഫീസ് വന്നതും നമ്മുടെ പ്രദേശം അതിന്റെ പരിധിയിൽ വന്നതും. അതിന് ശേഷമാണ്
കുറ്റൂർ നോർത്ത് പോസ്റ്റ് ഓഫീസ് വന്നത്.
ARനഗർ പോസ്റ്റ് ഓഫീസിൽ നിന്നാണ് ഇപ്പോൾ ഇവിടേക്ക് തപാൽ ഉരുപ്പടികളെത്തുന്നത്.
കുറ്റൂർ നോർത്തിന് പുറമെ
കുന്നുംപുറം, ചെപ്യാലം, പുതിയത്ത് പുറായ, കൊടക്കല്ല് പ്രദേശങ്ങളൊക്കെ നമ്മുടെ തപാൽ പരിധിയിലുള്ള പ്രദേശങ്ങളാണ്.
--------------------------
സത്താർ കുറ്റൂർ


No comments:

Post a Comment