Thursday, 5 May 2016

സൗഹൃദക്കൂട്ടം


സൗഹൃദങ്ങളുടെ സായാഹ്ന സല്ലാപങ്ങൾ നമ്മുടെ നാടിന്റെ വല്ലാത്തൊരു നൻമയാണ്.
അത്തരമൊരു സൗഹൃദക്കൂട്ടം കുറച്ച് നാളുകളായി എന്റെ മനസ്സിൽ തട്ടി നിൽക്കുന്നു .

എന്റെ കാഴ്ചയെ കുറിച്ച് ആദ്യം പറയാം.
ഏകദേശം പതിനഞ്ച് വയസ്സിന് താഴെ അഞ്ചോ ആറോ പേരുളള ഒരു കൗമാരക്കൂട്ടം .
അവർക്ക് നടുവിൽ അതേ പ്രായത്തിലുള്ള അരക്ക് താഴെ സ്വാധീനമില്ലാത്ത ഒരു കുട്ടി മുച്ചക്ര സൈക്കിളിൽ ഇരിക്കുന്നു.
അവർ മൊബൈലിൽ കളിക്കുന്നതും കളിതമാശകൾ പറഞ്ഞ് പൊട്ടി ചിരിക്കുന്നതും കുറച്ച് നാളുകളായി എന്റെ പതിവ്  സായാഹ്ന കാഴ്ചകളിലൊന്നായി ഇപ്പോൾ മാറിയിരിക്കുന്നു.
അംഗ പരിമിതനായ ഈ കുട്ടിയെ അവന് ചുറ്റുമുള്ള ഈ കളിക്കൂട്ടുകാർ ആ മുച്ചക്ര സൈക്കിളിൽ കുറച്ച് അപ്പുറത്തുള്ള കളി മൈതാനങ്ങളിലേക്ക് ഉന്തിക്കൊണ്ട് പോവുന്നതും പലപ്പോഴും കാണാനിടയായി.
ഇവരുടെ ഈ ചങ്ങാത്തമാണ് ഞാൻ നമ്മുടെ നാട്ടിലെ കൗമാരക്കു ക്കൂട്ടങ്ങളിൽ ഈ അടുത്ത കാലത്ത് കണ്ട നൻമയുടെ നനവു ള്ളൊരു കാഴ്ച.
തങ്ങളുടേതായ ലോകത്തേക്ക് ചുരുണ്ട് കൂടി മൊബൈൽ ഫോണിൽ സമയം കൊല്ലുന്നവരും നാട്ടിൽ അനാവശ്യമായ ബഹളങ്ങൾ സൃഷ്ടിച്ച് ബൈക്കിൽ ചെത്തുന്ന ഫ്രീക്കൻമാരും നിറഞ്ഞാടുന്ന നാട്ടിൽ ഞാൻ കണ്ട സ്നേഹ സല്ലാപങ്ങൾ മനസ്സിൽ തട്ടി നിൽക്കുന്നു.
അവരുടെ സൗഹൃദ വട്ടത്തിൽ
ബഹളങ്ങളോ
പരിഹാസങ്ങളോ ഇല്ല. ആ കുട്ടികൾ വല്ലാതെ അടുത്ത് നിന്നാണ് സംസാരിക്കുന്നത്. ഞാൻ കണ്ടപ്പോഴെല്ലാം ചെറിയൊരു പുഞ്ചിരിയുടെ തെളിച്ചം ആ മുഖങ്ങളിലുണ്ടായിരുന്നു.
മഴക്കാലത്ത് ശക്തമായ ഒഴുക്കോടെ വെള്ളം വരുന്ന തോടിന് മീതെ ഒരു ഓവുപാലത്തിന്റെ അടുത്താണ് ആ കൗമാരം കളിതമാശകൾ പങ്കിടാനെത്തുന്നത് .
ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ എന്നോ വരണ്ട് ഉണങ്ങി പോയ ആ തോടും നല്ലൊരു മഴക്കാലം സ്വപ്നം കാണുകയാണെന്നെനിക്ക് തോന്നി.
ഓടി ചാടി നടക്കേണ്ട പ്രായത്തിൽ ഒരു മുചക്ര വാഹനത്തിൽ ഇങ്ങനെ ജീവിതം വരണ്ട് തീരാതിരിക്കാൻ ആ കുട്ടിയും  അവന്റെ ആത്മമിത്രങ്ങളും നല്ലൊരു കാലത്തെ സ്വപ്നം കാണുന്നുണ്ടാവും.
എനിക്ക് വല്ലാത്ത ഇഷ്ടം തോന്നിയത് അംഗ പരിമിതനായ ആ കുട്ടിക്ക് ഒരു കമ്പനി കൊടുത്ത് അതിൽ ആത്മനിർവൃതി കണ്ടെത്തുന്ന ആ സ്നേഹിതൻമാരോടാണ്
-------------------------------

സത്താർ കുറ്റൂർ

No comments:

Post a Comment