Wednesday, 4 May 2016

കടയിലെത്തിയ കുടിയന്മാർ


ഞാൻ കക്കാട് ബസ് സ്റ്റോപ്പിൽ നാട്ടിലേക്കുള്ള ബസ് കാത്ത്നിൽക്കുമ്പോൾ ആ ആൽത്തറയിലിരുന്നൊരാൾ എന്നെ മാടിവിളിച്ചു. ഒറ്റനോട്ടത്തിൽ തന്നെ ആളെ മനസ്സിലായി. അടുത്ത് ചെന്നപ്പോൾ അയാൾ പറഞ്ഞു  അന്നെ ഗൾഫിൽ പോകാൻ സമ്മതിക്കൂല അൻക്കെതിരെ കേസ് കൊടുക്കും. അല്ലെങ്കിൽ ആ കേസ് പിൻവലിച്ചാളാ.. സേൽബ്യാക്കാ(മുതലാളി)നോട് ചോയ്ക്കട്ടെ. എന്ന് ഞാനും പറഞ്ഞു. ആരോട് ചോയ്ച്ചാലും മേണ്ടീല..  അപ്പോഴേക്കും കൊണ്ടോട്ടി ബസ് വന്നു. കൂടുതെലൊന്നും പറയാതെ ഞാനതിൽ കയറി അയാളെന്നെ പേടിപ്പിച്ചതാണെങ്കിലും അയാളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ എനിക്കും ചെറിയൊരു ആശങ്കയുണ്ടായിരുന്നു.(വിസവന്നു അടിക്കാൻ കൊടുത്തിരുന്നു) ബസിളകിത്തുടങ്ങിയപ്പോൾ ഓരോന്നായി മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു.
  ഞാൻ ആദ്യെത്ത വിസയിൽ എക്സിറ്റിൽ വന്ന് കക്കാട് ബ്രോസ്റ്റ്കടയിൽ പണിയെടുക്കുന്ന കാലം. അടുത്ത് തന്നെ അതിനനുബന്ധമായി ഹോട്ടലുമുണ്ടായിരുന്നു. അന്നാണ് നമ്മുടെ ആൾക്കാരിൽ ഇത്രയധികം കുടിയൻമാർ ഉണ്ടെന്ന് ഞാനറിയുന്നത്. കടയിൽ വന്ന് ഓർഡർ ചെയ്തു അര മണിക്കൂർ കഴിഞ്ഞു വരാമെന്ന് പറഞ്ഞു പോകും, ചെമ്മാട്ടെ ബാറിലേക്ക്. അത് പോട്ടെ, കേസിനാസ്പതമായ സംഭവം പറയാം.
   പതിവുപോലെ രാത്രി കച്ചവടം നടക്കുന്ന സമയം, രണ്ടാൾക്കാർ വന്ന് കസേരയിലിരുന്നു. ഒരാൾ  കക്കാട്ടെ ഒരുഹോട്ടൽ മുതലാളി മറ്റെയാളെ എനിക്ക് പരിചയമില്ല. രണ്ടാളും നല്ല മൂഡിലാണ്. ഹോട്ടൽ മുതലാളി പൂക്കുറ്റിയായി ടേബിളിൽ തലവെച്ച് കിടക്കുന്നു. ഞങ്ങൾ മൈന്റ് ചെയ്യാതിരുന്നപ്പോൾ മറ്റേയാൾ ചോദിച്ചു ബ്രോസ്റ്റില്ലേ... (അയാളും കക്കാട്ടെ ഒരു പൈസക്കാരനാണ്, മക്കളില്ല എന്ന് പിന്നീടറിഞ്ഞു.) ഉണ്ടെന്ന് പറഞ്ഞപ്പോൾ ഒരു മുക്കാൽ ബ്രോസ്റ്റെടുക്ക് എന്നയാൾ. മുക്കാലില്ല, ഹാഫും ഫുള്ളും മാത്രമെ കൊടുക്കൊള്ളൂ എന്ന് ഞങ്ങളും പറഞ്ഞു.

(സാധാരണ അങ്ങനെയാണ് കൊടുത്തിരുന്നത്) മുക്കാൽ തരാൻ പറ്റ്വോ... അയാളുടെ സ്വരം മാറിത്തുടങ്ങി. പറ്റൂല എന്ന് ഞാനും. ഒച്ചകേട്ട് മറ്റേയാളും തലപൊക്കി. അയാളും ഓരോന്ന് പറഞ്ഞുതുടങ്ങി. അതിലേറെയും തെറിയായിരുന്നു. അവിടെ ഹോട്ടൽ തുറന്നതിന്റെ ദേഷ്യം അയാൾക്കുണ്ടായിരുന്നു. അവർ കച്ചറക്കായി വന്നതാണെന്ന് മനസ്സിലായി. പിന്നീടവർ കൗണ്ടറിനടുത്തേക്ക് വന്നു. അവിടെ ബ്രോസ്റ്റ് കഴിക്കാൻ കൊടുക്കുന്ന വെളുത്ത പിഞ്ഞാണത്തിന്റെ പ്ലേറ്റുണ്ടായിരുന്നു. അതിലൊന്ന് കയ്യിലെടുത്ത് അയാൾ ചോദിച്ചു മുക്കാല് തര്വോ.. ഇല്ല എന്ന് ഞാൻ ഉറപ്പിച്ച് പറഞ്ഞു. ച്ലിം... പാത്രം തറയിൽ വീണ് പൊട്ടി. വീണ്ടും വേറൊരു പാത്രമെടുത്ത് അതുപോലെ ചോദിച്ചു. ഇല്ല ഞാൻ പറഞ്ഞു. ച്ലിം... അതും നിലത്തിട്ടു പൊട്ടിച്ചു. അപ്പോഴേക്കും കക്കാട്ടുള്ള ആളുകളെകൊണ്ട് ഹോട്ടൽ പരിസരം നിറഞ്ഞിരുന്നു. ഹോട്ടലിലെ പണിക്കരിലാരോ മുതലാളിക്ക് വിളിച്ചു. ആരോ പോലീസിലേക്കും. സംഭവമറിഞ്ഞ് അവിടുത്തെ ഏതോ വലിയ കുടുംബത്തിലുള്ളതും, ഇവരുടെ സുഹൃത്തുമായ ഒരാളും എത്തി. (ആരുടെയും പേര് പറയുന്നില്ല) അയാൾ അവരെ മാറ്റാൻ നോക്കി. അതിനിടെ നാല് വലിയ പ്ലേറ്റും ഏതാനും ചെറിയ പ്ലേറ്റുകളും കുറച്ചു സോഡാകുപ്പികളും പൊട്ടിയിരുന്നു. ആരും പിടിച്ചുമാറ്റുന്നില്ല. കലിതീരാതെ  അവർ ജ്യൂസിന് വെച്ചിരുന്ന ഓറഞ്ചും ആപ്പിളും എന്റെ നേരെ എറിയാൻ തുടങ്ങി. ഞാൻ ഒഴിഞ്ഞുമാറിയതു കൊണ്ടും, അവർ ആടുന്നത് കൊണ്ടും ഒന്നും ലക്ഷ്യം കണ്ടില്ല. (പിറ്റേന്ന് എണ്ണയൂറ്റിയപ്പോൾ ബ്രോസ്റ്റ് മെഷീനിൽ വെന്ത നാരങ്ങയും ആപ്പളുമായിരുന്നു.) മുതലാളി ലീവ് കഴിഞ്ഞ് ഗൾഫിൽ പോയിരുന്നു. അതിനിടെ പോലീസെത്തി. ജനം വഴിമാറിക്കൊടുത്തു. തിരൂരങ്ങാടി SI യും പോലീസുകാരും. കാര്യങ്ങൾ അന്വേഷിച്ചു. ഞങ്ങൾ ഉണ്ടായത് പറഞ്ഞു. കണ്ടവരാരൊക്കെ എന്ന് പോലീസ്. ആരും ഒന്നും മിണ്ടുന്നില്ല. അപ്പോൾ ഇവരുടെ കൂട്ടുകാരൻ

നാട്ടുകാരോടായി നിങ്ങളാരെങ്കിലും എന്തേം കണ്ടോ. അവർ ഇല്ല എന്ന് തലയാട്ടി. ഒടുവിൽ ഞങ്ങൾ ഹോട്ടലിലേയും ബ്രോസ്റ്റിലേയും പണിക്കരുടെ പറച്ചിലും തെളിവുകളാലും അവർ കുടിച്ചിട്ടുണ്ടെന്ന് കണ്ടതിനാലും അവരോട് ജീപ്പിൽ കയറാൻ പറഞ്ഞു. മൂന്നാമൻ മധ്യസ്ഥനായി വന്നു. നാളെ സ്റ്റേഷനിൽ ഹാജരാക്കം ഇപ്പോൾ കൊണ്ടുപോകരുത് എന്നൊക്കെ പറഞ്ഞു. SI കൂട്ടാക്കിയില്ല. അവരെ വണ്ടിയിൽ കയറ്റി, കടപൂട്ടാനും നാളെ പോലീസ് വന്നിട്ട് തുറന്നാൽ മതിയെന്നും രാവിലെ എന്നോട് സ്റ്റേഷനിൽ വന്ന് പരാതി തരാനും പറഞ്ഞ് പോയി.

പിറ്റേന്ന് രാവിലെ പോലീസ് വന്നുകട തുറന്നു. മുതലാളിയുടെ ഭാര്യയും മകനും വന്നിരുന്നു. നഷ്ടപ്പെട്ട സാധനങ്ങളുടെ കണക്കെടുത്തു. കുറച്ച് കഴിഞ്ഞു ഞാൻ സ്റ്റേഷനിൽ പോയി. അതുവരെ ഒരു കേസുമായും സ്റ്റേഷൻ കയറാത്ത ഞാൻ ചെറിയൊരങ്കലാപ്പോടെയാണ് കയറിച്ചെന്നത്. ചെന്നപ്പോൾ പുറത്തുള്ള സെല്ലിൽ ട്രൗസർ മാത്രമിട്ട് രണ്ടാൾ നിൽക്കുന്നു. ഒന്നേ നോക്കിയുള്ളൂ.. അതവർ തന്നെ. നേരെ അകത്തേക്ക് നടന്നു. എന്തേ.. ഒരു പോലീസ് ചോദിച്ചു. കക്കാട്ടെ ഹോട്ടലിലെ പ്രശ്ന... ഞാൻ പറഞ്ഞുതീരുന്നതിന്ന് മുമ്പേ അവിടെ കസേരയിലിരുന്ന പോലീസുകാരൻ പറഞ്ഞു അവന്റെ പരാതി എഴുതി വാങ്ങിക്കോ. പോലീസുകാരൻ കടലാസും പേനയുമായി വന്നു എന്നോട് സംഭവം ആദ്യം മുതൽ പറയാൻ പറഞ്ഞു. ഞാൻ പറയുന്നത്  അദ്ദേഹം എഴുതാൻ തുടങ്ങി. അവർ തെറി വിളിച്ചു. എന്നു പറഞ്ഞപ്പോൾ എന്താണ് വിളിച്ചതെന്ന് പോലീസുകാരൻ. അവർ പറഞ്ഞത് അതുപോലെ പറയണമെന്ന് മറ്റേ പോലീസ്. ഞാൻ ജീവിതത്തിൽ പറയാത്ത വാക്കുകൾ പറയേണ്ടിവന്നു.  ഒരുവിധം പറഞ്ഞു തീർത്ത് ഞാൻ  പോന്നു. പിന്നീട് അധിക നാൾ അവിടെ നിൽക്കേണ്ടി വന്നിട്ടില്ല. വിസവന്നപ്പോൾ ഹെൽപറെ പണി പഠിപ്പിച്ച് ഞാൻ പോന്നു. ഗൾഫിലെത്തി ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ആ കേസ് പിൻവലിച്ചത്.
-------------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ


No comments:

Post a Comment