Saturday, 14 May 2016
ഓർമ്മയിലെ സ്കൂൾ
സ്കൂൾ കാലഘട്ടം അയവിറക്കുംബോൾ ഏറ്റവും അധികം മനസ്സിൽ തങ്ങി നിൽക്കാറുള്ളത് എൽ.പി.സ്കൂൾ കാലഘട്ടമാണു. ഒന്ന് ബിയിലെ ആലീസ് ടീച്ചറും നബീസ ടീച്ചറെയുമൊക്കെ ഇന്നും ആ ഇരിപ്പിടത്തിലങ്ങനെ കാണുന്നു. മലയാളത്തിന്റെ ബാലപാഠം നുകർന്നുതന്ന ബിന്ദു ടീച്ചറെയും മറക്കാൻ കഴിയില്ല. അധികം പഴക്കമൊന്നുമില്ലെങ്കിലും അന്നത്തെ ക്ലാസ്സും ആ ചുറ്റുപാടുകളും ഇന്നും അവിടെ തന്നെ നിൽക്കുന്നതായി തോന്നാറുണ്ട്.
മറവി പറ്റിയതവിടെയാണു, രണ്ടാം ക്ലാസ്സിനെകുറിച്ച് നേരിയൊരു ഓർമ്മയേ ഉള്ളൂ, ക്ലാസ് ടീച്ചറെപ്പോലും ഓർമ്മയിൽ കിട്ടുന്നില്ല, ഒന്നിൽ നിന്നും നേരെ മൂന്നിലേക്ക് കയറിയപോലെയാണു ഓർമ്മകൾ.
മൂന്നാം ക്ലാസ്സിലെ ക്ലാസ് ടീച്ചറും സയൻസ് അധ്യാപകനും രാജുമാഷ് ആയിരുന്നു, ഈ ഭൂലോകത്തെ മുഴുവൻ കോറിയിട്ട ഗ്ലോബെന്ന് പേരായ ഉരുണ്ട ഗോളം ഒരു സ്റ്റാന്റിലിരുന്ന് കറങ്ങുന്നത് ആദ്യമായി കണ്ടത് ശകുന്തള ടീച്ചറുടെ മേശയിൽ നിന്നാണു, എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ എൽ.പി സ്കൂളിലെ നാലു വർഷങ്ങൾക്കിടയിൽ ശകുന്തള ടീച്ചറുടെ റൂമിൽ കയറിയിട്ടുള്ളൂ. ഒരിക്കൽ രാജു മാഷ് ഗ്ലോബുമായി ക്ലാസ്സിൽ വന്നു, കുട്ടികളെല്ലാം ആകാംക്ഷയോടെയും അൽഭുതത്തോടെയും ഗ്ലോബിനെ വളഞ്ഞിരിക്കുന്നു. രാജു മാഷ് ചോദിച്ചു, ഇതിൽ നമ്മുടെ രാജ്യമായ ഇന്ത്യ എവിടെ?
പലരും പല സ്ഥലങ്ങൾ കാണിച്ചു കൊടുത്തു, തിരക്കിനിടയിലൂടെ കൈ ഇട്ട് ഞാനും കാണിച്ചു കൊടുത്തു ഒരിടം. പെട്ടെന്ന് ആരോ എന്റെ കൈക്ക് പിടിച്ചു, രാജു മാഷ് എല്ലാവരെയും മാറ്റി എന്നെ മാത്രം അവിടെ നിറുത്തി, എന്തിനെന്നറിയാതെ അന്താളിച്ചു നിൽക്കേ രാജു മാഷ് പറഞ്ഞു, ഇതാണു നമ്മുടെ രാജ്യം.……അത് തൊട്ട് കാണിച്ചു കൊടുത്തതിനാലാണു അദ്ദേഹമെന്നെ അവിടെ പിടിച്ചു നിറുത്തിയതെന്ന് അപ്പോഴെനിക്ക് ബോധ്യമായി.
നാലാം ക്ലാസ്സിലെ ക്ലാസ് മാഷ് ഉണ്ണി മാഷ് ആയിരുന്നു, (അത് പറഞ്ഞപ്പോഴാണു രണ്ടാം ക്ലാസ്സിലേക്ക് വീണ്ടും പോയത്, വല്യുണ്ണി മാഷ്, ചെറിയുണ്ണി മാഷ് എന്നീ രണ്ട് ഉണ്ണി മാഷ് ഉണ്ടായിരുന്നു, എങ്കിൽ പിന്നെ രണ്ടാം ക്ലാസ്സിലെ മാഷ് ചെറിയുണ്ണി മാഷ് തന്നെ, സംശയമില്ല.) ഇംഗ്ലീഷിന്റെ ബാലപാഠം സ്കൂളിൽ നിന്നും പഠിപ്പിച്ചുതന്നത് ഉണ്ണിമാഷ് ആയിരുന്നു, എന്റെ താഴെയുള്ള പെങ്ങൾ ഇംഗ്ലീഷ് മീഡിയത്തിലായതിനാൽ അൽപസ്വൽപം ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം ആദ്യമേ നേടിയിരുന്നു, അക്ഷരമാലയും മറ്റുമൊക്കെ. അതുകൊണ്ടുതന്നെ നാലാം ക്ലാസ്സിലെ ഇംഗ്ലീഷ് എനിക്ക് വലിയ ഈസിയായി തോന്നി. പക്ഷെ പീന്നീടുള്ള പ്രയാണത്തിൽ ഇംഗ്ലീഷിൽ വളരെ പിന്നോക്കമായിരുന്നു എന്നത് പരമ സത്യം.
ഇന്നും നാട്ടിലൂടെ ബൈക്കിൽ അങ്ങോട്ടുമിങ്ങോട്ടും ചീറി പായുംബോഴും ആദ്യകാല അധ്യാപകരെ കാണുംബോൾ ഒന്ന് പരിചയം പുതുക്കാനോ ഒന്ന് മുഖത്ത് നൊക്കി ചിരിക്കാനോ ശ്രമിക്കാറുണ്ട്.. അന്ന് എൽ.പി സ്കൂളിൽ പഠിപ്പിപ്പിച്ചവരിൽ ഇന്നും അവിടെ തന്നെ തുടർന്നു പോരുന്നത് രാജു മാഷും വല്യുണ്ണി മാഷും ആണെന്നാണു എനിക്ക് തോന്നുന്നത്. അവരെ മാത്രമേ സ്ഥിരം കാണാറുള്ളൂ. പിന്നെ കാണാറുണ്ടായിരുന്നത് നാട്ടുകാരികൂടി ആയ നബീസ ടീച്ചറെയാണു.
മദ്രസാ അധ്യാപകരായ പലരെയും പലസ്ഥലത്തുനിന്നും കണ്ടുമുട്ടാറുണ്ട്, അവിടെയും ആ ഗുരു ശിഷ്യ ബന്ധം പുതുക്കാൻ ശ്രമിക്കാറുമുണ്ട്.
പറഞ്ഞു വരുംബോൾ എന്റെ ഗുരുക്കന്മാരായ മൂന്നു പേർ ഇന്നീ ഗ്രൂപ്പിലും ഇരിപ്പിടം ഉറപ്പിച്ചിട്ടുണ്ട്. ഒന്ന് എന്റെ ജേഷ്ട കാരണവർ ഷരീഫ് കുറ്റൂർ തന്നെയാണു, മദ്രസയിൽ രണ്ടാം ക്ലാസ്സിൽ എന്നെ വിദ്യ അഭ്യസിപ്പിച്ചിരുന്നത്, ഒപ്പം അരീക്കൻ ഷറഫുദ്ദീൻ എന്ന ഗുരുനാഥനും രണ്ടാം തരത്തിൽ തന്നെയാണെന്നെ വിദ്യ അഭ്യസിപ്പിച്ചത്. മൂന്നാമത്തെ ഗുരു ആയ ആലുങ്ങൽ മാലിക് മഖ്ബൂൽ സാർ, അദ്ദേഹമെന്നെ മലയാളം പഠിപ്പിച്ചത് ശാന്തി വയൽ അൽഫുർ ഖാനിലെ 9 ആം ക്ലാസ്സിലാണു. നാലു വരെ മലയാളം പഠിച്ച ഞാൻ പിന്നീട് മലയാളം പഠിക്കുന്നത് ഒമ്പതിൽ മാലിക് സാറിന്റെ ശിക്ഷണത്തിലാണു.
എന്റെ എല്ലാ ഗുരുവര്യർക്കും ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിച്ചുകൊണ്ട് തൽക്കാലം നിറുത്തുന്നു.
---------------------------
അബൂ ദിൽസാഫ്
Subscribe to:
Post Comments (Atom)
No comments:
Post a Comment