അന്നൊരു ഞായറാഴ്ചയായിരുന്നു പതിവിലും നേരത്തെ എണീറ്റ ദിവസം കാരണം അന്നെനിക്കൊരു യാത്രയുണ്ട് യാത്രകളെന്നും എനിക്ക് ഹരമാണ് പക്ഷെ അന്നത്തെ യാത്ര ജീവിത നാടകക്കളരിയിലെ പുതിയ വേഷവുമായിട്ടായിരുന്നു പരന്ന് വിശാലമായി കിടക്കുന്ന അറബിക്കടലിന്റെ ഓളപ്പരപ്പിന് മുകളിലൂടെ പ്രതീക്ഷയുടെ ഭൂമികയിലേക്ക് വിരഹനൊമ്പരങ്ങളുടെയും കദനകഥകളുടെയും വിജയപരാജയങ്ങളുടെയും ചരിത്രങ്ങളുറങ്ങുന്ന മരുമണ്ണിലേക്ക് പ്രവാസിയെന്ന വേഷപ്പകര്‍ച്ചയോടെ പുതിയൊരു വേദിയിലേക്ക്. സാധാരണ രാവിലെ വീട്ടില്‍ നിന്ന് കാലിചായ മാത്രം കുടിച്ചിരുന്ന ഞാന്‍ അന്ന് ഉമ്മയും വല്ല്യുമ്മയും അമ്മായിമാരും സഹോദരിമാരുടെയും കൂടെ ദോശയും ചട്ണിയും കൂട്ടി നാസ്ത കഴിക്കുംബോള്‍ ഉമ്മയെന്നെ ഇടക്കിടെ സഹതാപത്തോടെ അതില്‍പരം സ്നേഹത്തോടെ നോക്കുന്നുണ്ടായിരുന്നു അത് കാണുംബോള്‍ എന്റെ മനസ്സ് കരയുകയാണ് പക്ഷെ ഒന്നും ഞാന്‍ പുറത്ത് കാണിച്ചില്ല ഉമ്മയുടെ വിവര്‍ണ്ണമായ മുഖത്ത് നിന്നും ആ മാതൃഹൃദയത്തിന്റെ നൊമ്പരം ഞാന്‍ വായിച്ചറിഞു എന്റെ മടിയിലിരിക്കുന്ന ഒന്നര വയസ്സുകാരിയായ സഹോദരീപുത്രിയുടെ (എന്റെ 'പെണ്ണുമണി') കളികൊഞ്ചലുകള്‍ കണ്ട് കൊണ്ട് വീടും കുടുംബവും വിട്ട് പോകുന്നതിലെ മനോവിഷമം മറക്കാന്‍ ശ്രമിച്ചു ഉമ്മയുടെയും വല്ല്യുമ്മയുടെയും ഇടയിലിരുന്ന ഞാന്‍ ആ രണ്ട് സ്നേഹത്തിന്‍ നിറകുടങ്ങളിലെ പരിലാളനയേറ്റ് ചായ കുടിച്ച് കൊണ്ടിരുന്നു അതിനിടെ വല്ല്യുമ്മ ചോദിച്ചു ''എപ്പളാടാ ജ്ജ് എറങ്ങല്'' വല്ല്യുമ്മയുടെ സങ്കടത്തോടെയുള്ള ചോദ്യം കേട്ട് എന്റെ മനസ്സിലെ സങ്കടം മുഴുവന്‍ കണ്ണുകളില്‍ നിറയുന്നത് ഞാനറിഞ്ഞു കണ്ണില്‍ നിറഞ സങ്കടതുള്ളികള്‍ പുറത്തേക്കൊഴുകാതെ നന്നേ പാട്പ്പെട്ട് പിടിച്ച് നിര്‍ത്തി കൊണ്ട് ഞാന്‍ പറഞു ''വൈകുന്നേരം നാല് മണിക്ക് എറങ്ങണം ഏഴ് മണിക്കാണ് ഫ്ലൈറ്റ്'' അതും പറഞ് വേഗം ചായ കുടിച്ച് ഞാന്‍ എണീറ്റു കൈ കഴുകി വരുന്ന എന്നെ നോക്കി ഉമ്മ ചോദിച്ചു ''ഉച്ചക്ക് എത്താടാ ഇണ്ടാക്കണ്ടീത്'' അത് കേട്ട അമ്മായി പറഞു ''ഓനെത്താ ഏറ്റവും പൂതിള്ളത് അതെന്നെ ഇണ്ടാക്കാ'' അങ്ങനെ ബെറുംചോറും കര്‍മത്തിക്കറിയും പോത്ത് വെരട്ടിയതും ഉണ്ടാക്കാമെന്ന് തീരുമാനമായി കൊടുവായൂരങ്ങാടിയില്‍ പോയി ഇറച്ചിയും മറ്റു സാധനങ്ങളും വാങ്ങി വീട്ടില്‍ കൊടുത്തിട്ട് കുറ്റൂര്‍പ്പാടം വഴി കുന്നാഞ്ചേരി പള്ളി ലക്ഷ്യമാക്കി നടന്നു വല്ല്യുപ്പയുടെ ഖബറിങ്ങല്‍ ചെന്ന് സിയാറത്ത് ചെയ്തു പിന്നീട് ഉമ്മയുടെ വീട്ടില്‍ പോയി അവിടുത്തെ വല്ല്യുമ്മയുടെ അടുത്തേക്ക്‍ തലേ ദിവസം പോയപ്പോള്‍ വല്ല്യുമ്മ പറഞിരുന്നു ''എടാ ജ്ജ് പോണീന്റെ മുമ്പ് ഒന്നൂടി ബെരോ'' വരാമെന്നുള്ള വാക്ക് പാലിക്കാനും സ്നേഹനിധിയായ വല്ല്യുമ്മയുടെ കരങ്ങള്‍ പിടിച്ച് ഒരിക്കല്‍ കൂടി യാത്ര പറയാനും വേണ്ടിയായിരുന്നു വല്ല്യുമ്മയോട് യാത്ര പറയുംബോള്‍ എന്റെ കണ്ഢമിടറി നിയന്ത്രണം വിട്ട് ശെരിക്കും കരഞ് പോയ വികാര നിര്‍ഭരമായ നിമിഷങ്ങള്‍ തിരിച്ച് നാട്ടിലെത്തി സുഹൃത്തുക്കളോട് ഒരിക്കല്‍ കൂടി യാത്ര പറഞ് വീട്ടിലെത്തിയപ്പോഴേക്കും ഉച്ചഭക്ഷണത്തിനുള്ള സമയമായിരുന്നു അന്നെന്തോ സമയം ഒത്തിരി വേഗത്തില്‍ പോയോയെന്നൊരു തോന്നല്‍ ഭക്ഷണം കഴിച്ച് കഴിഞ് കൊണ്ട് പോകാനുള്ള ഡ്രസ്സും സാധനങ്ങളുമെല്ലാം ബാഗില്‍ ഒതുക്കി വെച്ചു നാലു മണിയോടെ പുറപ്പെടാനൊരുങ്ങി എല്ലാവരോടും യാത്ര പറഞു ഉമ്മയോടും വല്ല്യുമ്മയോടും യാത്ര പറയുംബോള്‍ പിടയുന്ന മനസ്സിന്റെ വേദനകള്‍ മുഴുവന്‍ കരച്ചിലോടെ കണ്ണീര്‍ തുള്ളികളായി പുറത്തേക്കൊഴുകി വിതുംബുന്ന ചുണ്ടുകളാലെ എല്ലാവരോടും കൂടി സലാം പറഞ് പുറപ്പെട്ടു.
എയര്‍പ്പോര്‍ട്ടിലെത്തി വണ്ടിയില്‍ നിന്നിറങ്ങി അകത്തേക്ക് കയറാന്‍ നേരം ഫ്ലൈറ്റിന്റെ സമയം കാണിക്കുന്ന ബോര്‍ഡിലേക്ക് നോക്കിയ ഞാന്‍ ഒരു നിമിഷം പകച്ച് പോയി യാതൊരു മുന്നറിയിപ്പുമില്ലാതെ അപ്രതീക്ഷിതമായി എയര്‍ ഇന്ത്യ യാത്ര റദ്ധാക്കിയിരിക്കുന്നു അങ്ങനെ എയര്‍ ഇന്ത്യയുടെ ക്രൂരത ആദ്യ യാത്ര തുടങ്ങും മുംബേ ഞാന്‍ ഏറ്റുവാങ്ങി ഒരുപാടാളുകള്‍ അങ്ങിങ്ങായി നിന്ന് അടക്കം പറയുന്നു ഞാന്‍ മൂന്നാലാളുകളുമായി പരിചയപ്പെട്ടു അവരെല്ലാം ആ ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ വന്നവരായിരുന്നു ഞങ്ങളൊരുമിച്ച് അകത്തേക്ക് കയറി ഓഫീസുമായി ബന്തപ്പെട്ട് വിവരങ്ങളറിയാനായി ഓഫീസിന് മുന്നിലെത്തിയപ്പൊ അവിടെയാകെ യാത്രക്കാരുടെ ബഹളമാണ് ചിലര്‍ക്ക് അന്ന് സഊദിയിലെത്തിയില്ലെങ്കില്‍ ലീവ് തീര്‍ന്ന് വിസ കേന്‍സലാവുന്നവരുമുണ്ട് ആളുകള്‍ ബഹളം വെക്കുകയല്ലാതെ ഓഫീസ് ജീവനക്കാര്‍ കൃത്യമായൊരു മറുപടി പറയുന്നില്ല അതിനിടെ ഒരു മണ്ണാര്‍ക്കാട് സ്വദേശി പറഞു ''ഞങ്ങള് പെരക്കാരോടും നാട്ടുകാരോടും യാത്ര പറഞ് കെട്ടിപ്പിടുത്തവും കരച്ചിലുമൊക്കെ കഴിഞ് വന്നതാണ് ഇനിയൊന്ന് തിരിച്ച് പോയി നാളെ ഒന്നൂടി അതിനൊക്കെ വല്ല്യ ബുദ്ധിമുട്ടാണ് നിങ്ങള് ഇന്നു തന്നെ എന്തേലുമൊരു മാര്‍ഗമുണ്ടാക്കി തരണം'' അത് കേട്ട് എല്ലാരുംകൂടി ചിരിച്ചു കൂട്ടത്തില്‍ എയര്‍ ഇന്ത്യയുടെ ഓഫീസ് ജീവനക്കാരും ചിരിച്ചു പക്ഷെ തിരൂരങ്ങാടിക്കാരനായ ഒരാള്‍ക്ക് ഓഫീസ് ജീവനക്കാരുടെ ചിരി അത്രക്കങ്ങ് രസിച്ചില്ല അയാള്‍ അവരോടായി പറഞ്ഞു ''അന്റെയൊക്ക ചിറി ഞാം കാണിച്ചെരാ ഞാം ചാനലുകാരെ വിളിച്ച് വരുത്തും നാട്ടുകാര് മൊത്തം അറിയട്ടെ ഇങ്ങളെയീ മാഞ്ഞാളം'' ഏതായാലും ഒരുപാട് നേരത്തെ വാക്ക്തര്‍ക്കത്തിനൊടുവില്‍ എയര്‍ ഇന്ത്യയുടെ ഓഫീസില്‍ നിന്നൊരു അറിയിപ്പ് കിട്ടി ലീവ് തീര്‍ന്ന് വിസ കേന്‍സലാവാന്‍ സാധ്യതയുള്ളവരെ കണക്ഷന്‍ ഫ്ലൈറ്റില്‍ ഇന്ന് തന്നെ കയറ്റി വിടാം ബാക്കിയുള്ളവര്‍ക്ക് മറ്റന്നാള്‍ ഇതേ സമയത്തുള്ള ഫ്ലൈറ്റിലും പോകാമെന്ന് അങ്ങനെ ഞങ്ങള്‍ പുറത്തിറങ്ങി ഏതായാലും രണ്ട് ദിവസവും കൂടി വീട്ടുകാരോടൊപ്പം കഴിയാമെന്ന് ആശ്വസിച്ച് കൊണ്ട് വീട്ടിലേക്ക് തന്നെ തിരിച്ചു പോയി അന്ന് രാത്രി ഒമ്പത് മണിയോടെ നാട്ടുകാരാനായൊരു സുഹൃത്ത് വിളിച്ച് പറഞ്ഞു നിന്നോട് തിരൂരങ്ങാടിയിലുള്ള ഒരാള് വിളിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും പറഞ് ഒരു നമ്പര്‍ തന്നു ഞാനാ നമ്പറില്‍ വിളിച്ചു എയര്‍പ്പോര്‍ട്ടില്‍ നിന്ന് പരിചയപ്പെട്ട ആളാണ് അദ്ധേഹവും എന്റെ സുഹൃത്തും ഒരേ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരായത് കൊണ്ട് അവര്‍ നല്ല തമ്മില്‍ നല്ല പരിചയക്കാരാണ് ഞാന്‍ എയര്‍പ്പോര്‍ട്ടില്‍ വെച്ച് അവരോട് പറഞിരുന്നു ഞാന്‍ കുറ്റൂര്‍ക്കാരനാണെന്നും പേര് അന്‍വറാണെന്നുമൊക്കെ അങ്ങനെയാണ് അവര്‍ നാട്ടുകാരനായ എന്റെ സുഹൃത്തിനെ വിളിച്ച് ഞാനുമായി ബന്തപ്പെടാന്‍ ശ്രമിച്ചത് ഞാനയാളോട് വിളിക്കാന്‍ പറഞതിന്റെ കാര്യങ്ങളന്വേശിച്ചപ്പൊ അദ്ധേഹം പറഞു ഇന്ന് യാത്ര കേന്‍സലായ പലര്‍ക്കും നാളെ രാവിലെ ആറരക്കുള്ള ഫ്ലൈറ്റില്‍ പോകാനുള്ള അവസരം കൊടുത്തിട്ടുണ്ട് അതുകൊണ്ട് നമുക്കും അതേ ഫ്ലൈറ്റില്‍ തന്നെ പോകണം ഞങ്ങള്‍ രാത്രി രണ്ട് മണിക്ക് എയര്‍പ്പോര്‍ട്ടിലെത്തും നീ വരുമോയെന്ന് ചോദിച്ചു വരാമെന്ന് ഞാന്‍ പറഞ്ഞു അങ്ങനെ രാത്രി രണ്ട് മണിയോടെ ഞാനും എയര്‍പ്പോര്‍ട്ടിലെത്തി തലേന്ന് വൈകുന്നേരത്തെ പോലെ വലിയ ബഹളം ആ പാതിരാത്രിയിലും നടക്കുന്നുണ്ട് ഒരുപാട് നേരത്തെ സംസാരങ്ങള്‍ക്കൊടുവില്‍ എല്ലാവര്‍ക്കും ബോഡിംഗ് പാസ്സ് തരാമെന്ന് ഉറപ്പ് നല്‍കി പുലര്‍ച്ചെ നാലര മണിയോടെ ബോര്‍ഡിംഗ് പാസ്സ് കിട്ടി പുറത്തേക്കുള്ള ഡോറിനടുത്ത് ചെന്ന് എന്റെ കൂടെ വന്നവരോട് ബോര്‍ഡിംഗ് പാസ്സ് കിട്ടിയ വിവരം പറഞ് ഒരിക്കല്‍ കൂടി അവരോട് യാത്ര പറഞ്ഞ് ഞാന്‍ അകത്തേക്ക് പോയി ആറരക്കെന്ന് പറഞിട്ട് ഏഴു മണിയോടെ ഫ്ലൈറ്റ് പുറപ്പെട്ടു മരുമണ്ണിലെ പ്രവാസത്തിന്റെ പുതിയൊരു ജീവിതത്തിലേക്ക്. .
---------------------------------------
അന്‍വര്‍ ആട്ടക്കോളില്‍
No comments:
Post a Comment