ഓർമ്മ വെച്ച നാൾ മുതൽ അവൻ കണ്ട ലോകം ഇഷ്ടികച്ചൂള യാണ്. സ്വന്തം വയസ്സെത്ര എന്ന് കൃത്യമായി അവനറിയില്ലെങ്കിലും ഇഷ്ടിക ഫാക്ടറിയിൽ നാട്ടിവെച്ച ഒരു മരക്കഷ്ണത്തിന്റെ പ്രായമാണവന് എന്ന് ഫാക്ടറിയിലെ ഏതോ സ്ത്രീ പറയുന്നതവൻ കേട്ടിട്ടുണ്ട്.
പകലിന്റെ ഭൂരിഭാഗവും തീച്ചൂളയുടെ അരികിലും ചുവന്ന കളിമണ്ണിലും വെന്തും കുഴഞ്ഞും ജീവിക്കുന്ന ഏതോ ഒരോ ഉദരമാണ് അവന്റെ അമ്മ. പെറ്റു വീണ ദിവസം മുഷിഞ്ഞു നാറിയ തുണികൊണ്ട് തൊട്ടിൽ കെട്ടാൻ വേണ്ടിയാണ് ഇഷ്ടിക കമ്പനിയുടെ ആളൊഴിഞ മൂലയിൽ ആ മരക്കഷ്ണം നാട്ടിയിട്ടുള്ളത്. ഇനിയും ഭൂമിക്ക് ശാപമായി കുറേ ജന്മങ്ങളെ കാത്തിരിക്കുകയാണ് ആ തൊട്ടിൽ വടി.
ചൂളയിൽ നിന്നെടുത്ത് തണുപ്പിക്കാൻ വെച്ച ഇഷ്ടികകളെ ലോറിയിൽ കയറ്റാൻ പാകമാക്കി വെക്കലാണവന്റെ ജോലി.തന്റെ ജോലിയിൽ എന്നും വൈവിധ്യം കണ്ടെത്തി രസകരമാക്കൽ അവനൊരു ഹോബിയാണ്. ഇഷ്ടികയുടെ എണ്ണം കൂട്ടിയും വ്യത്യസ്ത രീതിയിൽ ബാലൻസ് ചെയ്തും.........
കൂട്ടിയിട്ട ചെമ്മണ്ണ് അവന്റെ ലോകത്തെ വൻമലകളായിരുന്നു. അഴുക്ക് ജലമൊഴുകുന്ന ഓട അവന്റെ തേനാറായിരുന്നു.ഇഷ്ട്ടിക ഫാക്ടറിയുടെ അങ്ങിങ്ങായി തലയുയർത്തിയ പച്ചക്കതിരുകൾ അവന്റെ ലോകത്തെ " കണ്ണെത്താ " പുൽമേടുകളും. ബാല്യത്തിന്റെ നിഷ്കളങ്കത വഴി മാറി ചുറ്റുപാടിന്റെ തിരിച്ചറിവുകൾ ഉള്ള ഒരു ചെറുപ്പക്കാരനായപ്പോൾ ചിലതെല്ലാം അവൻ അവനോട് തന്നെ ചോദിക്കാൻ തുടങ്ങി. പകൽ വെയിലിൽ ചൂളയിൽ വെന്തുരുകുന്ന ശരീരങ്ങൾ സമ്പാദിക്കുന്നത് മതിയാവാതെ വരുമ്പോൾ രാത്രിയിൽ അവർ സ്വയം വിൽപ്പന ച്ചരക്കാവുന്നതും വയസ്സറിയാത്ത ഇത്രയും കാലം തന്റെ അദ്ധ്വാനം ഫാക്ടറി മുതലാളിക്ക് ലാഭമാണെന്നും ചൂഷണം എന്ന പദം, അതിന്റെ അർത്ഥമെന്താണെന്നും.......... അങ്ങനെ ഒരു പാട് .
ചുറ്റുപാടുകൾ തിരിച്ചറിയാൻ തുടങ്ങിയ ശേഷം അവൻ ഏറ്റവും വെറുത്തിരുന്നത് "കൊച്ചുമുതലാളി " എന്ന വിളിയായിരുന്നു. ഫാക്ടറിയിലുള്ള മിക്ക ജോലിക്കാരും അങ്ങനെ വിളിക്കുന്നതിന് അവർക്ക് ന്യായവുമുണ്ടായിരുന്നു.... മുഖസാ ദ്യശ്യമായിരുന്നുവത്രെ അത്. ജോലിക്കാരുടെ രക്തം ലാഭമാക്കി ഊറ്റി കുടിക്കുന്നവനാണ് മുതലാളി എന്ന അവന്റെ തിരിച്ചറിവാണ് "കൊച്ചുമുതലാളി " എന്ന വിളി അവൻ വെറുക്കാൻ കാരണം.
വർഷത്തിൽ രണ്ട് പ്രാവശ്യം വരുന്ന അയാളെ അവൻ ഇത്രയും കാലത്തിനിടക്ക് അപൂർവമായേ കണ്ടിട്ടുള്ളൂ. അതും അവജ്ഞയോടെ... മറ്റു തൊഴിലാളികൾ എല്ലാമാസവും അയാളെ കാണാറുണ്ടത്രെ .കാരണം മാസാന്ത്യം ലഭിക്കുന്ന തുച്ഛ വേതനം വാങ്ങാൻ എല്ലാവരുംഫാക്ടറിക്കപ്പുറത്തുള്ള അയാളുടെ റെസ്റ്റ് ഹൗസിൽ ചെല്ലണം.
----- ............ -----
കഴിഞ്ഞാഴ്ച വിളമ്പിയ ഉച്ചഭക്ഷണത്തിലാണ് വിഷബാധയെന്നാണ് എല്ലാവരും പറയുന്നത്. ഫാക്ടറി അടഞ്ഞു കിടക്കുകയാണ്.... മിക്ക തൊഴിലാളികളും ചർദിയും പനിയുമായി ചിത്സയിലാണ്.... അന്നാണവൻ ആദ്യമായി മൈക്കും കാമറയും ഒക്കെ കാണുന്നത്...... രണ്ട് പുരുഷൻമാരും ആറ് സ്ത്രീകളും മരണപ്പെട്ടു. ഒരു സ്ത്രീയുടെയും ഒരു പുരുഷന്റെയും വീട്ടുകാർ ജഡം കൊണ്ടു പോയി... ബാക്കിയുള്ളവരെ മറ്റു ജോലിക്കാരെല്ലാം കൂടി പൊതുശ്മശാനത്തിലാക്കി......
അവർ കൂട്ടുകുടുംബമില്ലാത്തവരോ? എന്തോ അവനറിയില്ല.
കൂട്ടുകുടുംബമില്ലാത്തവരുടെ കാര്യം അവനെ വല്ലാത്ത സങ്കടത്തിലാക്കി. തൊട്ടടുത്ത ദിവസം ഒരു സ്ത്രീ കൂടെ മരിച്ചു. സ്വീകരിക്കാൻ ആരും വന്നില്ല. ഒടുവിൽ അതും പൊതു ശ്മശാനത്തിലായി.അവൻ ആ കുഴിമാടത്തിനു മുകളിൽ ഒരു റീത്ത് സമർപിച്ചു. തനിക്ക് ഫാക്ടറിയിലെ തൊട്ടിൽ വടിയുടെ പ്രായമാണെന്ന് പറഞ്ഞ ആ സ്ത്രീയോട് അവന് അതേ ചെയ്യാനുണ്ടായിരുന്നുള്ളൂ....
------------------------------------------
മുഹമ്മദ് ഇഖ്ബാൽ വാഫി
No comments:
Post a Comment