നേരം വെളുത്ത് വരുന്നേയുള്ളൂ, തൊഴുത്തിൽ ഉമ്മയും പശുവും ശണ്ട തുടങ്ങി. സുലൈമാന്റെ ദിവസം തുടങ്ങുകയായി. പാല് ഉപ്പയുടെ ചായക്കടയിൽ കൊടുത്തിട്ട് മദ്രസയിൽ പോണം. ഉമ്മയുടെ വിളിക്ക് കാത്തുനിൽക്കാതെ എണീറ്റു. ചെറുപ്പം മുതേല അങ്ങനെയായിരുന്നു. ആരോടും പറയിപ്പിക്കാതെ, അനുസരണയോടെയേ പെരുമാറിയിട്ടുള്ളൂ.. വീട്ടിലെന്നല്ല നാട്ടിലും അവനെ എല്ലാവർക്കും നല്ല മതിപ്പാണ്. ഉമ്മാക്ക് തന്നെയാണ് അതിന്റെ ക്രഡിറ്റ്. പക്ഷെ, ജേഷ്ഠൻ ഉപ്പാനെപ്പോലെ അധികം മിണ്ടാത്ത പ്രകൃതമാണ്. എന്നാലും വീട്ടിലെ അവസ്ഥ അവനുമറിയാം. ജോലിക്ക് പോയി കിട്ടുന്നതിൽ കുറച്ചെന്തെങ്കിലുമെടുത്ത് ബാക്കി ഉമ്മാന്റെ കൈയിൽ കൊടുക്കും. രണ്ടാൾക്കും നടുവിൽ ഒരു പെണ്ണ്, സുലൈമാന്റെ രണ്ട് വയസിന് മൂത്തത്. ഏഴാം ക്ലാസിലാണ്. വളർന്നുവരുന്തോറും ഉമ്മാക്ക് ആധിയാണ്. ഉപ്പാന്റെത് ഓട്ടക്കയ്യാണെന്ന് ഉമ്മ പറയാറുണ്ട്, കയ്യിൽ കാശ് നിക്കൂല. ആദ്യം ഒരു പലചരക്കുകട നടത്തിയിരുന്നു. നഷ്ടം വന്നപ്പോൾ ഒഴിവാക്കി. പിന്നെ ചില്ലറ മുതൽ മുടക്കിൽ ചായക്കട തുടങ്ങുകയായിരുന്നു.
പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞു. ഡ്രസ് മാറി പുസ്തകവുമെടുത്ത് അടുക്കളയിൽ ചെന്നപ്പോഴേക്കും കൊണ്ടുപോകാനുള്ള പാൽ റെഡി. ചായ കടയിൽ നിന്നാണ്. ഉമ്മയോട് സലാം പറഞ്ഞിറങ്ങി.
ഒരു കുന്നിൻചെരുവിലാണ് സുലൈമാന്റെ ചെറിയവീട്. കുന്ന് കയറിയാൽ നിറയെ കശുമാവിൻ തോട്ടമാണ്. വീടിന്റെ താഴേക്ക് തെങ്ങിൻ തോപ്പുകൾ കഴിഞ്ഞാൽ പാടമാണ്. പാടത്തിനക്കരെ പള്ളിയും മദ്രസയും LPസ്കൂളും മൂന്ന് നാല് കടകളും. അവിടെയാണ് ഉപ്പാന്റെ ചായക്കട. കടയുടെ മുമ്പിലൂടെയുള്ള ടാറിടാത്ത റോഡ് ചെന്ന് അവസാനിക്കുന്നത് കവലയിലാണ്. അവിടെയാണ് മെയിൻറോഡും ഹൈസ്‌കൂളും മറ്റ് സൗകര്യങ്ങളും.
മുറ്റവും കടന്ന് തെങ്ങിൻതോപ്പിലൂടെ പാടത്തേക്കിറങ്ങി, പാടവരമ്പിൽ ഉയർന്ന്നിൽക്കുന്ന പുൽനാമ്പുകളിൽ പാൽപാത്രം ഉരസി നനടന്നു. വരമ്പിന്റെ താഴെ ചെറിയ ചാലിലൂടെ ഒഴുകുന്ന വെള്ളത്തിൽ നീന്തുന്ന കുഞ്ഞുമീനുകളെ കാണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. പക്ഷെ സമയമില്ല, അവൻ വലിഞ്ഞു നടന്നു.
ചായക്കടയിൽ രാവിലെ ജോലിക്ക് പോകുന്നവർ ചായ കുടിച്ചിരിക്കുന്നുണ്ട്. സുലൈമാന്റെ ഉപ്പ പുട്ട് ചുടുന്ന തിരക്കിലാണ്. രണ്ടാൾ എണീറ്റതിൽ ഒരാൾ കാശ് കൊടുത്തു. അയാളുടെ കാശ് വാങ്ങി മേശയിലിട്ടു. മറ്റേയാൾ "എഴുതിക്കാളീ" എന്ന് പറഞ്ഞു. പറ്റുകാരിൽ ചിലർകൊടുക്കും, ചിലത് പുസ്തകത്തിൽ തന്നെ കിടക്കും. ചോദിച്ചു നോക്കും കിട്ടിയില്ലെങ്കിൽ ഇഷ്ടമില്ലാത്തൊരു നോട്ടം നോക്കും അത്രതന്നെ. രാവിലത്തെ കച്ചവടം തന്നെയാണ് കാര്യമായുള്ളത് ഉച്ചയ്ക്ക് തുറക്കാറില്ല പിന്നെ വൈകുന്നേരം. ഇപ്പോൾ പഴയത് പോലെ പണിയെടുക്കാനും വയ്യാതായി, ശരീരം ക്ഷീണിച്ചിരിക്കുന്നു. എന്നാലും ബീഡിവലിക്ക് ഒരു കുറവുമില്ല. കുരച്ച് കഫം തുപ്പലാണ്. ആരു പറഞ്ഞിട്ടും അതുമാത്രം നിറുത്തില്ല.
സുലൈമാൻ കടയുടെ മൂന്നിലെത്തിയതും ഉപ്പാന്റെ പതിവു പരിഭവം. ബേം പോര്... മദ്രസ തുടങ്ങാനായില്ലേ.. അവൻ പാൽപാത്രം വെച്ച് ബെഞ്ചിൻമേലിരുന്നു. ഉപ്പ പുട്ടും ചായയും കൊണ്ടുവന്നു വെച്ചു, പഞ്ചസാര ഡബ്ബയെടുത്ത് കുറച്ചു കുടഞ്ഞുകൊടുത്തു. കഴിച്ചു കഴിഞ്ഞു പുസ്തകവുമെടുത്ത് അവൻ മദ്രസയിലേക്ക് നടന്നു.
വർഷങ്ങൾ രണ്ട് കടന്ന്പോയി. സുലൈമാൻ ഏഴാം ക്ലാസ്സിലെത്തി. മദ്രസ്സ ഏഴിൽ നിർത്തി. സ്കൂളിൽ പോകുന്നത് വരെ പശുവിനെ നോക്കലും വീട്ടിലെ പണികളുമായി കഴിയും. ഒരു ദിവസം സ്കൂൾ വിട്ടുവരുന്ന വഴി കടയുടെ അടുത്തെത്തി നോക്കിയപ്പോൾ കട അടഞ്ഞു കിടക്കുന്നു. ഉപ്പ എവിടെപ്പോയി..? അവൻ ശങ്കിച്ച് നിൽക്കുമ്പോൾ ഒരാൾ വന്നു പറഞ്ഞു, ഉപ്പ തലമിന്നി വീണു ആസ്പത്രീക്ക് കൊണ്ടോയി. കേട്ടത്പാതി കേക്കാത്തത്പാതി അവൻ വീട് ലക്ഷ്യമാക്കി ഓടി.
വീട്ടിൽ പെങ്ങൾ മാത്രമേയുള്ളൂ. അവൻ വിവരങ്ങൾ തിരക്കി. ഉച്ചക്ക് കടയടക്കുന്നതിന്റ കുറച്ചു മുമ്പ് തലമിന്നീന്നോ നെഞ്ഞ് വേദന വന്നൂന്നോ ഒക്കെ പറഞ്ഞു. കാക്കാനെ പണിസ്ഥലത്ത് നിന്ന് വിളിച്ച് വരുത്തി, ഉമ്മയും കൂടെപോയി. നമ്മളോട് ഇവടെ നിക്കാനും പറഞ്ഞു. കൂടുതലൊന്നും അവൾക്കുമറിയില്ല. സുലൈമാനാകെ അസ്വസ്ഥനായി. പതിവുപോലെ പശുവിന് പുല്ലരിയണം, അഴിച്ചു കെട്ടണം ഉമ്മയില്ലാത്തതാണ്. ഓരോന്നാലോചിച്ച് അവൻ അകത്തേക്ക് കയറി.
നാലാമത്തെ ദിവസം ഡിസ്ചാർജായി. ഹാർട്ടിന് ചെറിയ ബ്ലോക്കുണ്ടായിരുന്നു.
ആശുപത്രിയിൽ ബില്ലടക്കാൻ പലരിൽ നിന്നായി കടം വാങ്ങയിരുന്നു പശുവിനെ വിറ്റാൽ കാശ് തികയും അല്ലാതെ വേറെ മാർഗമില്ല. അയൽവാസിയോട് പറഞ്ഞപ്പോൾ അതയാളേറ്റു. ഇവരെപ്പോലെ പാവപ്പെട്ട കുടുംബമാണ് അയൽവാസിയുടേതും. അടുത്ത് വേറേ വീടൊന്നുമില്ല. പിന്നെയുള്ളത് ആ തെങ്ങിൻ തോപ്പുകളുടെ ഉടമയായ ഒരു ഹാജിയാരാണ്. ഗൾഫുകാരനായ അദ്ദേഹത്തിന്റെ സഹായം ഇടക്ക് രണ്ടു കുടുംബത്തിനും കിട്ടാറുണ്ട്. സുലൈമാന്റെ ഉമ്മ അവരുടെ വീട്ടിൽ ചിലപ്പോഴൊക്കെ സഹായത്തിന് പോകാറുണ്ട്.
റെസ്റ്റ് വേണം പുകവലി നിർത്തണം, പിന്നെ തിന്നാൻ പറ്റുന്നതും പറ്റാത്തതുമായി ഒരു ലിസ്റ്റും. ചുരുക്കിപ്പറഞ്ഞാൽ ഉപ്പ ഒരു രോഗിയായി. കുടുംബത്തിന്റെ ഭാരം ജേഷ്ഠന്റെ തലയിലും. തന്നാലാവുന്നത് ചെയ്യാൻ സുലൈമാനും മനസ്സിലുറപ്പിച്ചു. രാവിലെയും വൈകുന്നേരവും കശുമാവിൻ തോട്ടത്തിൽ പോവുകതന്നെ. സ്കൂളില്ലാത്ത ദിവസങ്ങളിൽ പാട്ടത്തിനെടുത്ത ആളെകൂടെ അണ്ടി പെറുക്കാൻ പോകാറുണ്ടായിരുന്നു. മടിയില്ലാതെ പണിയെടുക്കുന്ന സുലൈമാനെ അയാൾക്കിഷ്ടമായിരുന്നു. സ്ത്രീകളായിരുന്നു ബാക്കി പണിക്കാര്. അണ്ടിച്ചാക്ക് ചുമന്ന് കുന്നിറങ്ങി റോട്ടിലെത്തിക്കുന്നത് സുലൈമാനായിരുന്നു,
ചിലവിനും ഉപ്പാന്റെ മരുന്നിനും കൂടി ജേഷ്ഠന്റെ അദ്ധ്വാനം കൊണ്ട് തികയാതായി. അങ്ങനെയിരിക്കെ ഒരു ദിവസം ഹാജിയാരുടെ ഭാര്യ വന്നു ഉമ്മാനോട് പറഞ്ഞു: നിങ്ങൾക്ക് അവിടെ സ്ഥിരമായി വന്നൂടെ..? ഉച്ച കഴിഞ്ഞു തിരിച്ചു പോരാം. അങ്ങിനെ ഉമ്മ അവിടെപോയിത്തുടങ്ങി. വരുമ്പോൾ ഹാജിയുടെ ഭാര്യ കുട്ടികൾക്ക് ഭക്ഷണം കൊണ്ടുപോഹാൻ പറയും.
അതിനിടെ പെങ്ങൾ പത്ത് കഴിഞ്ഞു, പഠിത്തം നിർത്തി. രണ്ട്കൊല്ലം കഴിഞ്ഞാൽ അവെള കെട്ടിച്ചയക്കണം. കാര്യമായൊന്നും നീക്കിയിരിപ്പില്ല. ഉമ്മാക്ക് അവരുടെ വിഹിതമായി കിട്ടിയ കുറച്ചു സ്ഥലമുണ്ട്. എന്നാലും വേണം സ്വർണം. ആകുലമായ മനസുമായി കാലം കഴിയവേ അവരുടെ മനസ്സിൽ കുളിർമഴയായി ആ സന്തോഷവാർത്ത ഹാജിയാരുടെ ഭാര്യ പറഞ്ഞത്. ഹാജിയാർ അടുത്തമാസം വരുന്നു, ജേഷ്ഠനൊരു വിസയുണ്ട് പെട്ടെന്ന് പാസ്പോർട്ട് എടുക്കാനും പറഞ്ഞു.
തുടരും...
-----------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ
No comments:
Post a Comment