Tuesday, 24 May 2016
ഇവിടെ രാഷ്ട്രീയം പറയരുത്
ഒരു കാലത്ത് നമ്മുടെ നാടുകളിൽ വ്യാപകമായി കണ്ടിരുന്ന ഒരു ചുമരെഴുത്താണിത്👆.
അങ്ങാടിയിലെ ചായ മക്കാനി മുതൽ സ്കൂളിലെ സ്റ്റാഫ് റൂമിൽ വരെ ഞാൻ ഈ ചുമരെഴുത്ത് വായിച്ചിട്ടുണ്ട്.
അതോടൊപ്പം അവിടെ നിന്നെല്ലാം വലിയ ശബ്ദത്തോടെയുള്ള രാഷ്ട്രീയ ചർച്ചകൾ കേട്ടിട്ടുമുണ്ട്.
ചായ പീടികകളായിരുന്നു അക്കാലത്തെ രാഷ്ട്രീയ ചർച്ചകളുടെ പ്രധാന കേന്ദ്രങ്ങൾ.
അതിരാവിലെ സമാവർ ചൂടാക്കുന്നതോടെ തുടങ്ങും ഈ രാഷ്ട്രീയം പറച്ചിൽ.വിഷയത്തിനോ അവതരണ രീതികൾക്കോ
കാര്യമായ നിയന്ത്രണമില്ലാത്തതിനാൽ ചായപ്പീടികകൾ ഓരോ ഗ്രാമത്തിന്റെ യും രാഷ്ട്രീയ പാo ശാലകളായി മാറി. ഓരോ പ്രസ്ഥാനത്തിന്റെ യും രാഷ്ട്രീയ നിലപാടുകളിൽ ഊന്നുന്നതായിരുന്നു ആ ചർച്ചകൾ.
വിവര സാങ്കേതികവിദ്യകളോ ഇന്നത്തെ പോലെ നവ മാധ്യമങ്ങളോ ഇല്ലാത്ത അക്കാലത്ത് പത്രങ്ങളേയും, റേഡിയോയുമാണ് വാർത്തകളറിയാനുള്ള ആശ്രയങ്ങൾ.
ഇതോടൊപ്പം പാർട്ടി ക്ലാസുകളും പൊതുയോഗങ്ങളും
രാഷ്ട്രീയ പ്രവർത്തകർക്ക് അറിവും ആവേശവും പകർന്നു.
രാഷ്ട്രീയം പറയുക എന്ന മികച്ച സംവേദന രീതിക്ക് കക്ഷിത്വത്തിന്റെ ഞൊണ്ടി ന്യായങ്ങൾക്കപ്പുറം നിലപാടുകളുടെ സമർത്ഥന സൗന്ദര്യവുമുണ്ടായിരുന്നു.
അറിവ് മാത്രമല്ല അവതരണവും ഈ രംഗത്ത് പ്രധാന ഘടകമാണ്.
നല്ല ശബ്ദവും വാചാലതയും മാത്രമല്ല ശരീരഭാഷ പോലും ഇവിടെ നിർണ്ണായകമാവും.
എഴുത്തും പ്രസംഗവും മാത്രമല്ല രാഷ്ട്രീയം പറച്ചിലും മികച്ചൊരു കലയായി വിലയിരുത്തപ്പെട്ടു.
ഇന്നത്തെ പോലെ ഉൾപാർട്ടി ഗ്രൂപ്പുകൾ ഇല്ലാത്തതിനാൽ വ്യക്തിവിദ്വേഷം അന്നത്തെ രാഷ്ട്രീയം പറച്ചിലുകൾക്കുണ്ടായിരുന്നില്ല.
എന്നാലും രാഷ്ട്രീയം പറഞ്ഞ് തമ്മിൽ തെറ്റുന്നതും തല്ല് കൂടുന്നതും കുറവായിരുന്നില്ല.
താൻ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളിലുള്ള ആത്മാർത്ഥത മാത്രമായിരുന്നു അതിനെല്ലാം കാരണം.
ഇന്ന് രാഷ്ട്രീയം പറയുക എന്ന പൊതു സംവേദന രീതി നമുക്കിടയിൽ നിന്ന് ഇല്ലാതെയായിരിക്കുന്നു.
പൊതു ഇടങ്ങൾ നഷ്ടപ്പെട്ടതോടൊപ്പം തന്നെ പൊതു സംസാരങ്ങളും നിന്നു പോയി എന്ന് വേണം കരുതാൻ.
--------------------
സത്താർ കുറ്റൂർ
Subscribe to:
Post Comments (Atom)
No comments:
Post a Comment