Sunday, 29 May 2016
28/05/2016 ക്വിസ് മൽസര വിജയി...
ഈ ആഴ്ചയിലെ (28-05-2016) ക്വിസ് മൽസര ജേതാവ് അബ്ദുൽ നാസർ KP
ക്വിസ് 28-05-2016 ശനി
=======================================
1⃣ മനുഷ്യർക്ക് വേണ്ടി ആദ്യമായി ഭൂമിയിൽ നിമ്മിക്കപെട്ട ഭവനമാണ് *കഅബാ ശരീഫ്* 🕋 അത് ആദ്യമായി പുതുക്കിപ്പണിഞ്ഞത് ആരാണ്...❓
✅ സയ്യിദുനാ ആദം നബി(അ)...
2⃣ രാജി പ്രഖ്യാപിച്ച നിലവിലെ തുർക്കി പ്രധാന മന്ത്രി ആര്❓
✅അഹമദ ദാവൂദ് ഒഗ്ലു
3⃣ അറബി സാഹിത്യത്തിൽ നോബൽ സമ്മാനം നേടിയ പ്രഥമ വ്യക്തി ആര്❓
✅നജീബ് മഹഫൂസ്
4⃣ ഈ കഴിഞ്ഞ 14മത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ എത്ര സ്ഥാനാർഥികൾ ഉണ്ടായിരുന്നു❓
✅1203
5⃣ സ്വാലിഹ് നബിയെനിയോഗിക്കപ്പെട്ടത് ഏത് സമുദായാതിലീക്കായിരുന്നു
✅സമൂദ് ഗോത്രം
6⃣ പുതിയ ലണ്ടൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട പാകിസ്ഥാൻ വംശജൻ ആര്❓
✅സാദിഖ് ഖാൻ
7⃣ ഹിജ്റ കലണ്ടർ ആരംഭിക്കുന്നത് A D എത്രാം വർഷം❓
✅ AD 622ൽ
8⃣ ഇന്ത്യൻ ഗണിതശാസ്ത്രം യൂരോപ്യന്മാർക്ക് പരിചയപ്പെടുത്തികൊടുത്ത അറബി ശാസ്ത്രജ്ഞൻ ആര്❓
✅ അൽഖ വാരിസ്മി
ഇദ്ധേഹമാണ് *അൾജിബ്ര*(അൽജബർ വൽ മുഖാബല) യുടെ കർത്താവ്.
9⃣ ദാറുൽ ഉലൂം ദയൂബന്തിന്റെ സ്ഥാപകൻ ആര്❓
✅മൌലാന ഖാസിം നാനാത്തവി
🔟 യഅഖൂബ് നബിയുടെ ഇളയ പുത്രന്റെ പേര്❓
✅ബിൻയാമീൻ
1⃣1⃣ ഖദീജ (റ) യുടെ നിര്യാണത്തെ തുടർന്നു നബി (സ) വിവാഹം ചെയ്ത പ്രഥമ വനിത ആര്❓
✅സൗദ ബിൻത് സംഅ
1⃣2⃣ ഇന്തയിലെ അടിമവംശത്തിലെ പ്രശസ്തയായ സുൽത്താന❓
✅റസിയ
1⃣3⃣ ഇന്ത്യയിൽ ആദ്യമായി മുസ്ലിം ഭരണത്തിനു അടിത്തറ പാകിയ മഹാൻ❓
✅മുഹമ്മദ് ഗോറി
1⃣4⃣ സുലൈമാൻ നബിയുടെ പിതാവിന്റെ പേര്❓
✅ദാവൂദ് നബി(അ)
1⃣5⃣ കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രി ആര്❓
✅ ജി സുധാകരൻ
**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി
കുറ്റൂർനോർത്ത്
Friday, 27 May 2016
തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം 28-05-2016
=================
മുനീർ പരേതനായ അമ്പിളി പറമ്പൻ അലവികുട്ടി മുസ്ലിയാരുടെ ഏക മകനാണ്. കുറ്റൂർ നോർത്ത്, പടപ്പറമ്പ് എന്നിവിടങ്ങളിൽ സ്കൂൾ പഠനം. തിരൂരങ്ങാടി PSMO കോളേജിൽ ഉപരിപഠനം. ഏറെ വർഷക്കാലമായി പ്രവാസിയാണ്.റിയാദിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. സർവ്വോപരി ഒരു സാമൂഹ്യ പ്രവർത്തകനും നല്ല ഒരു കൂട്ടുകാരനുമാണ്. മറ്റുള്ളവരുടെ എന്ത് ആവശ്യങ്ങൾക്കും തന്നാൽ കഴിയുന്ന രീതിയിൽ സഹായിക്കാൻ ശ്രദ്ധിക്കാറുള്ള ഒരു വ്യക്തിയാണ്. ഒരു ആണും മൂന്നു പെണ്ണുമായി നാല് മക്കളുണ്ട്.
**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി
കുറ്റൂർനോർത്ത്
Wednesday, 25 May 2016
ഖുർആൻ പഠനം
ഖുർആൻ പഠനം;
എനിക്കും ചിലത് പറയാനുണ്ട്
------------------------------------------------
അർത്ഥം അറിഞ്ഞുള്ള ഖുർആൻ പലനത്തിന് നിലവിൽ നമ്മുടെ നാട്ടിൽ സംവിധാനങ്ങളില്ല എന്നാണ് എന്റെ അഭിപ്രായം.
അതിലൊന്നും ആളുകൾക്ക് താൽപ്പര്യമില്ല എന്നതാണ് സത്യം .
നമ്മൾ എല്ലാം കുട്ടികൾക്ക് വേണ്ടി മാത്രമാണ് ഒരുക്കി വെക്കുന്നത്.
മുമ്പൊക്കെ റമദാൻ മാസത്തിൽ മദ്രസകളിൽ കുട്ടികൾക്കായി ഹിസ്ബ് ക്ലാസുകൾ നടന്നിരൂന്നു .
മദ്രസയിലെ മുഴുവൻ കുട്ടികളും അതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇന്ന് പല മദ്രസകളിലും അത്തരം ക്ലാസുകൾ പൂർണമായും നിലച്ചു.
നടക്കുന്നിടത്താവട്ടെ പേരിനുമാത്രവും.
ഇരുനൂറിലേറെ പഠിക്കുന്ന മദ്രസയിൽ ഇരുപത് കുട്ടികൾ പോലും ഹിസ്ബ് ക്ലാസുകളിലെത്തുന്നില്ല .
ഖുർആൻ ക്ലാസുകളെന്ന പേരിൽ പൊതുജനങ്ങൾക്കായി നാട്ടിൽ നടക്കുന്ന വേദികളാവട്ടെ ഖുർആൻ അടിസ്ഥാനമാക്കിയുളള പൊതു പ്രഭാഷണങ്ങൾ മാത്രമാണ്.
എം.ആർ.സി പറഞ്ഞത് മദ്രസ കുട്ടികളെ ഖുർആന്റെ അർത്ഥം പഠിപ്പിക്കാനാണ് എന്നാൽ എന്ത് കൊണ്ട് മുതിർന്നവർക്ക് ആയിക്കൂടാ?
ഖുർആൻ തെറ്റില്ലാതെ പാരായണം ചെയ്യാൻ അറിയാത്തവരാണ് നമ്മിൽ പലരും. പള്ളിയും മദ്രസയും ബഹുജന ഖുർആൻ പഠനത്തിനായി ഉപയോഗപ്പെടുത്തിയാൽ എത്ര പേരെ അതിന് കിട്ടും❓❓❓❓❓❓❓❓
വാൽകഷ്ണം;
നമ്മുടെ നാട്ടിലെ ഒരു ജുമുഅത്ത് പള്ളിയിൽ കഴിഞ്ഞ രണ്ട് വർഷമായി റമദാൻ മാസത്തിൽ അവിടത്തെ ഉസ്താദ് ബഹുജനങ്ങൾക്കായി ഖുർആൻ പാരായണ പരിശീലന സദസ് ഒരുക്കുന്നുണ്ട്.
ഇരുനൂറിലേറെ ആളുകൾ ജുമുഅക്ക് പങ്കെടുക്കുന്ന ആ പള്ളിയിൽ ഈ സദസ്സിൽ പങ്കെടുക്കുന്നത് ഇരുപത്തി അഞ്ചോളം പേർ മാത്രം.
-----------------------
സത്താർ കുറ്റൂർ
<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ് ക്ലിക്ക് ചെയ്യുക >>>>
Tuesday, 24 May 2016
നമ്മുടെ പോസ്റ്റോഫീസ്
നമ്മുടെ പൂർവികർ ചെയ്ത പുണ്യങ്ങളിലൊന്നാണ് നമ്മുടെ പോസ്റ്റോഫീസ്. പണ്ട് എൻറുപ്പാൻറെ പീടികയിലായിരുന്നു. 25 പൈസയായിരുന്നു ദിവസവാടക. അന്നേ കുന്നുംപുറത്തുകാർ നല്ല ബിൽഡിംഗ് ഓഫർ ചെയ്ത് അങ്ങോട്ട് മാറ്റാൻ ശ്രമം നടത്തിയിരുന്നു. പക്ഷേ.. നാട്ടുകാരുടെ ഒരുമയിൽ അതെല്ലാം പാഴായി. നമ്മുടെ നാട്ടിൽ എഴുപതുകളുടെ മധ്യത്തോടെ തുടങ്ങിയ പ്രവാസ കുടിയേറ്റം പോസ്റ്റോഫീസുകളിലും പ്രതിഫലിച്ചിരുന്നു. പോസ്റ്റ്മാന് വലിയ നിലയുംവിലയും കൽപിച്ചിരുന്നു. തപാലുമായി രാവിലെ 11മണിയോടെ ഏആർ നഗറീന്ന് സൈക്കിൾ വരുന്നതും കാത്ത് ആളുകളിരിക്കും. തപാൽകെട്ടിൻറെ പിന്നാലെ ജനം പോസ്റ്റോഫീസിലേക്ക്. നിമിഷംകൊണ്ട് ആ ഇടുങ്ങിയവരാന്ത നിറയും. ഇടം കിട്ടാത്തവർ പുറത്ത് നിൽക്കും പിന്നെ പോസ്റ്റ്മാൻറെ നീട്ടിയുള്ള വായന. പേര് വായിച്ചവർ റാങ്ക്ജേതാവിനെപോലെ കത്ത് കൈപറ്റും കിട്ടാത്തവർ അയൽവാസിയുടെ കത്ത് വാ ങ്ങി സമാധാനമടയും. ഏതായാലും കുറ്റൂർപ്രദേശത്തെ കത്തെല്ലാം ചൂടപ്പം പോലെ കഴിയും. വീണ്ടും നാളത്തെ തപാലിൽ കത്തുണ്ടാകുമെന്ന പ്രതീക്ഷയോടെ
ഞങ്ങൾ നാട്ടുകാർ പിരിഞ്ഞ്പോകും. രജിസ്റ്റേഡ് കത്ത് കിട്ടുന്നവർക്ക് രാജാവിൻറെ ഗമയാ..ഡ്രാഫ്റ്റുള്ള കത്തായിരിക്കും. ഇന്ന് തപാൽവണ്ടി കാണുമ്പോൾ ആ പഴയകാലം ഓർമ്മയിലോടിയെത്തും.
----------------------------
മുഹമ്മദ് കുട്ടി അരീക്കൻ
<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ് ക്ലിക്ക് ചെയ്യുക >>>>
സ്കൂൾ കാലത്തെ മറക്കാനാവാത്ത ഗുരുവോർമ്മയാണ് അരുണ ടീച്ചർ
സ്കൂൾ കാലത്തെ മറക്കാനാവാത്ത ഗുരുവോർമ്മയാണ് അരുണ ടീച്ചർ
ഏറെ ആകർഷണീയമായിരുന്നു അവരുടെ ക്ലാസുകൾ .അതിനാൽ മുശിപ്പില്ലാത്തതായിരുന്നു ആ പീരിയഡുകൾ .
ഏത് വിഷയവും ഹൃദ്യമായി അവതരിപ്പിക്കാൻ അവർക്കാവുമായിരുന്നു.
അവർ വടി ഉപയോഗിക്കാത്ത അപൂർവ്വം അധ്യാപകരിൽ ഒരാളായിരുന്നു ഈ ടീച്ചർ.
ശാസനകൾ പോലും അവരുടെ ക്ലാസ് സമയത്ത് ആവശ്യമില്ലായിരുന്നു.
വിദ്യാർത്ഥികളുമായി ആത്മാർത്ഥമായ സ്നേഹ ബന്ധം അവർ പുലർത്തി.
അക്കാലത്തെ കലാലയാന്തരീക്ഷത്തിൽ പല അധ്യാപകർക്കും വളരെ പരിഹാസ്യമായ ഇരട്ട പേരുകളുണ്ടായിരുന്നു.
എന്നാൽ അരുണ ടീച്ചറെ അത്തരം പേരിട്ട് ആരും വിളിച്ചില്ല.
അവർ നന്നായി കഥ പറഞ്ഞ് തരുമായിരുന്നു.
പാട്ട് പാടുകയും കവിത ചൊല്ലുകയും ചെയ്തിരിന്നു എന്നാണ് എന്റെ ഓർമ്മ.
തികഞ്ഞനിശബ്ദതയിലായിരുന്നു അവരുടെ ക്ലാസുകൾ.
നന്നായി പഠിക്കുന്നവർ മാത്രമല്ല
പ0നത്തിൽ പിന്നോക്കം നിൽക്കുന്നവരും ആ ക്ലാസുകൾ നന്നായി ആസ്വദിച്ചു.
വാൽകഷ്ണം:
ഇന്നലെ കണ്ട
അരുണ ടീച്ചറുടെ ഒരു ഫേസ് ബുക്ക് പോസ്റ്റാണ്
എന്നെ ഈ ഓർമ്മകളിലേക്ക് തിരിച്ച് നടത്തിയത്
----------------------
സത്താർ കുറ്റൂർ
<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ് ക്ലിക്ക് ചെയ്യുക >>>>
എന്റെ ഉമ്മ
എന്നിലെ തീരാത്ത
നന്മനിറഞ അറിവ്
അത് എന്റെ ഉമ്മ തന്നെ
ഞാൻ പിറന്ന് വീണത് മുതൽ ആദ്യം ഉരിയാടിയ ഒരെ വാക്ക് 'ഉമ്മാ'...
അത് കൊണ്ട് തന്നെ എന്റെ ജീവിതത്തിലെ അറിവിന്റെയും സ്വഭാവത്തിന്റെയും പെരുമാറ്റ രീതിയുടെയും ഒരു പങ്ക് ഉമ്മയിലാണ് .
ഉമ്മയിൽ ഇല്ലാത്ത തീനീയായ അറിവ് നേടാൻ വേണ്ടി മദ്രസയിൽ പറഞ് വിട്ടു അവിടെ നിന്ന് ലഭിച്ച അറിവിന്റെ കൂടെ പുറത്ത് നിന്ന് സിഗ്ററ്റ് വലിക്കുന്ന ഉസ്താദിനെ കണ്ടു അന്ന് മുതൽ സിഗ്ററ്റ് വലി ഒരു തെറ്റാണെന്ന് തോന്നീട്ടുമില്ല അതിനെക്കാൾ കൂടുതൽ അറിവിനായി സ്കൂളിൽ പറഞ് വിട്ടു അവിടുത്തെ അറിവിന്റെ കൂടെ മദ്രസയിൽ കാണാത്ത പുതിയ കാഴ്ചകളാണ് അവിടെ കണ്ടത് ആണും പെണ്ണും എന്ന വെത്യാസമില്ലാതെ ഇടപഴകുന്നു ശരീരം മുഴുവൻ മറയാത്ത വസ്ത്രണൾ ധരിച് ടീചേഴ്സ്ഞങ്ങളുടെ ക്ലാസിലേക്ക് വന്ന് അവർ തന്നെ ഞങ്ങളെ പടിപ്പിച്ചു 'മാതാ പിതാ ഗുരു ദൈവം' എന്ന് മൂന്നാമതെ ഞതൾക്ക് നിങ്ങളുടെ ജീവിതത്തിൽ സ്ഥാനമൊള്ളൂ എന്ന്...
ഇത് പോലുള്ള ചെറിയ തെറ്റ് പോലും മക്കളുടെ കണ്ണിൽ പെടാതെ നമ്മളെ നോക്കിയ നമ്മുടെ ഉമ്മമാർ.
എങ്ങൾ എത്ര വലിയവനായാലും ലോകത്തിന്റെ ഏത് കോണിൽ പോയാലും നിങ്ങൾ നിങ്ങളുടെ ഉമ്മയെ മറക്കല്ലെ ..
നമ്മുടെ ജനനത്തിനെ 10 മാസം മുൻപ് മുതൽ അവരുടെ മരണം വരെ നന്മയുടെ വഴികാട്ടിയും നമ്മുടെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത നമ്മുടെ ഉമ്മമാർക്ക് അള്ളാഹു സ്വർഗ്ഗം നൽകുമാറാകട്ടെ ആമീൻ....
------------------------------
എം. ആർ .സി ഷാഫി
ഇവിടെ രാഷ്ട്രീയം പറയരുത്
ഒരു കാലത്ത് നമ്മുടെ നാടുകളിൽ വ്യാപകമായി കണ്ടിരുന്ന ഒരു ചുമരെഴുത്താണിത്👆.
അങ്ങാടിയിലെ ചായ മക്കാനി മുതൽ സ്കൂളിലെ സ്റ്റാഫ് റൂമിൽ വരെ ഞാൻ ഈ ചുമരെഴുത്ത് വായിച്ചിട്ടുണ്ട്.
അതോടൊപ്പം അവിടെ നിന്നെല്ലാം വലിയ ശബ്ദത്തോടെയുള്ള രാഷ്ട്രീയ ചർച്ചകൾ കേട്ടിട്ടുമുണ്ട്.
ചായ പീടികകളായിരുന്നു അക്കാലത്തെ രാഷ്ട്രീയ ചർച്ചകളുടെ പ്രധാന കേന്ദ്രങ്ങൾ.
അതിരാവിലെ സമാവർ ചൂടാക്കുന്നതോടെ തുടങ്ങും ഈ രാഷ്ട്രീയം പറച്ചിൽ.വിഷയത്തിനോ അവതരണ രീതികൾക്കോ
കാര്യമായ നിയന്ത്രണമില്ലാത്തതിനാൽ ചായപ്പീടികകൾ ഓരോ ഗ്രാമത്തിന്റെ യും രാഷ്ട്രീയ പാo ശാലകളായി മാറി. ഓരോ പ്രസ്ഥാനത്തിന്റെ യും രാഷ്ട്രീയ നിലപാടുകളിൽ ഊന്നുന്നതായിരുന്നു ആ ചർച്ചകൾ.
വിവര സാങ്കേതികവിദ്യകളോ ഇന്നത്തെ പോലെ നവ മാധ്യമങ്ങളോ ഇല്ലാത്ത അക്കാലത്ത് പത്രങ്ങളേയും, റേഡിയോയുമാണ് വാർത്തകളറിയാനുള്ള ആശ്രയങ്ങൾ.
ഇതോടൊപ്പം പാർട്ടി ക്ലാസുകളും പൊതുയോഗങ്ങളും
രാഷ്ട്രീയ പ്രവർത്തകർക്ക് അറിവും ആവേശവും പകർന്നു.
രാഷ്ട്രീയം പറയുക എന്ന മികച്ച സംവേദന രീതിക്ക് കക്ഷിത്വത്തിന്റെ ഞൊണ്ടി ന്യായങ്ങൾക്കപ്പുറം നിലപാടുകളുടെ സമർത്ഥന സൗന്ദര്യവുമുണ്ടായിരുന്നു.
അറിവ് മാത്രമല്ല അവതരണവും ഈ രംഗത്ത് പ്രധാന ഘടകമാണ്.
നല്ല ശബ്ദവും വാചാലതയും മാത്രമല്ല ശരീരഭാഷ പോലും ഇവിടെ നിർണ്ണായകമാവും.
എഴുത്തും പ്രസംഗവും മാത്രമല്ല രാഷ്ട്രീയം പറച്ചിലും മികച്ചൊരു കലയായി വിലയിരുത്തപ്പെട്ടു.
ഇന്നത്തെ പോലെ ഉൾപാർട്ടി ഗ്രൂപ്പുകൾ ഇല്ലാത്തതിനാൽ വ്യക്തിവിദ്വേഷം അന്നത്തെ രാഷ്ട്രീയം പറച്ചിലുകൾക്കുണ്ടായിരുന്നില്ല.
എന്നാലും രാഷ്ട്രീയം പറഞ്ഞ് തമ്മിൽ തെറ്റുന്നതും തല്ല് കൂടുന്നതും കുറവായിരുന്നില്ല.
താൻ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളിലുള്ള ആത്മാർത്ഥത മാത്രമായിരുന്നു അതിനെല്ലാം കാരണം.
ഇന്ന് രാഷ്ട്രീയം പറയുക എന്ന പൊതു സംവേദന രീതി നമുക്കിടയിൽ നിന്ന് ഇല്ലാതെയായിരിക്കുന്നു.
പൊതു ഇടങ്ങൾ നഷ്ടപ്പെട്ടതോടൊപ്പം തന്നെ പൊതു സംസാരങ്ങളും നിന്നു പോയി എന്ന് വേണം കരുതാൻ.
--------------------
സത്താർ കുറ്റൂർ
സുലൈമാന്റെ ലോകം
നേരം വെളുത്ത് വരുന്നേയുള്ളൂ, തൊഴുത്തിൽ ഉമ്മയും പശുവും ശണ്ട തുടങ്ങി. സുലൈമാന്റെ ദിവസം തുടങ്ങുകയായി. പാല് ഉപ്പയുടെ ചായക്കടയിൽ കൊടുത്തിട്ട് മദ്രസയിൽ പോണം. ഉമ്മയുടെ വിളിക്ക് കാത്തുനിൽക്കാതെ എണീറ്റു. ചെറുപ്പം മുതേല അങ്ങനെയായിരുന്നു. ആരോടും പറയിപ്പിക്കാതെ, അനുസരണയോടെയേ പെരുമാറിയിട്ടുള്ളൂ.. വീട്ടിലെന്നല്ല നാട്ടിലും അവനെ എല്ലാവർക്കും നല്ല മതിപ്പാണ്. ഉമ്മാക്ക് തന്നെയാണ് അതിന്റെ ക്രഡിറ്റ്. പക്ഷെ, ജേഷ്ഠൻ ഉപ്പാനെപ്പോലെ അധികം മിണ്ടാത്ത പ്രകൃതമാണ്. എന്നാലും വീട്ടിലെ അവസ്ഥ അവനുമറിയാം. ജോലിക്ക് പോയി കിട്ടുന്നതിൽ കുറച്ചെന്തെങ്കിലുമെടുത്ത് ബാക്കി ഉമ്മാന്റെ കൈയിൽ കൊടുക്കും. രണ്ടാൾക്കും നടുവിൽ ഒരു പെണ്ണ്, സുലൈമാന്റെ രണ്ട് വയസിന് മൂത്തത്. ഏഴാം ക്ലാസിലാണ്. വളർന്നുവരുന്തോറും ഉമ്മാക്ക് ആധിയാണ്. ഉപ്പാന്റെത് ഓട്ടക്കയ്യാണെന്ന് ഉമ്മ പറയാറുണ്ട്, കയ്യിൽ കാശ് നിക്കൂല. ആദ്യം ഒരു പലചരക്കുകട നടത്തിയിരുന്നു. നഷ്ടം വന്നപ്പോൾ ഒഴിവാക്കി. പിന്നെ ചില്ലറ മുതൽ മുടക്കിൽ ചായക്കട തുടങ്ങുകയായിരുന്നു.
പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞു. ഡ്രസ് മാറി പുസ്തകവുമെടുത്ത് അടുക്കളയിൽ ചെന്നപ്പോഴേക്കും കൊണ്ടുപോകാനുള്ള പാൽ റെഡി. ചായ കടയിൽ നിന്നാണ്. ഉമ്മയോട് സലാം പറഞ്ഞിറങ്ങി.
ഒരു കുന്നിൻചെരുവിലാണ് സുലൈമാന്റെ ചെറിയവീട്. കുന്ന് കയറിയാൽ നിറയെ കശുമാവിൻ തോട്ടമാണ്. വീടിന്റെ താഴേക്ക് തെങ്ങിൻ തോപ്പുകൾ കഴിഞ്ഞാൽ പാടമാണ്. പാടത്തിനക്കരെ പള്ളിയും മദ്രസയും LPസ്കൂളും മൂന്ന് നാല് കടകളും. അവിടെയാണ് ഉപ്പാന്റെ ചായക്കട. കടയുടെ മുമ്പിലൂടെയുള്ള ടാറിടാത്ത റോഡ് ചെന്ന് അവസാനിക്കുന്നത് കവലയിലാണ്. അവിടെയാണ് മെയിൻറോഡും ഹൈസ്‌കൂളും മറ്റ് സൗകര്യങ്ങളും.
മുറ്റവും കടന്ന് തെങ്ങിൻതോപ്പിലൂടെ പാടത്തേക്കിറങ്ങി, പാടവരമ്പിൽ ഉയർന്ന്നിൽക്കുന്ന പുൽനാമ്പുകളിൽ പാൽപാത്രം ഉരസി നനടന്നു. വരമ്പിന്റെ താഴെ ചെറിയ ചാലിലൂടെ ഒഴുകുന്ന വെള്ളത്തിൽ നീന്തുന്ന കുഞ്ഞുമീനുകളെ കാണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. പക്ഷെ സമയമില്ല, അവൻ വലിഞ്ഞു നടന്നു.
ചായക്കടയിൽ രാവിലെ ജോലിക്ക് പോകുന്നവർ ചായ കുടിച്ചിരിക്കുന്നുണ്ട്. സുലൈമാന്റെ ഉപ്പ പുട്ട് ചുടുന്ന തിരക്കിലാണ്. രണ്ടാൾ എണീറ്റതിൽ ഒരാൾ കാശ് കൊടുത്തു. അയാളുടെ കാശ് വാങ്ങി മേശയിലിട്ടു. മറ്റേയാൾ "എഴുതിക്കാളീ" എന്ന് പറഞ്ഞു. പറ്റുകാരിൽ ചിലർകൊടുക്കും, ചിലത് പുസ്തകത്തിൽ തന്നെ കിടക്കും. ചോദിച്ചു നോക്കും കിട്ടിയില്ലെങ്കിൽ ഇഷ്ടമില്ലാത്തൊരു നോട്ടം നോക്കും അത്രതന്നെ. രാവിലത്തെ കച്ചവടം തന്നെയാണ് കാര്യമായുള്ളത് ഉച്ചയ്ക്ക് തുറക്കാറില്ല പിന്നെ വൈകുന്നേരം. ഇപ്പോൾ പഴയത് പോലെ പണിയെടുക്കാനും വയ്യാതായി, ശരീരം ക്ഷീണിച്ചിരിക്കുന്നു. എന്നാലും ബീഡിവലിക്ക് ഒരു കുറവുമില്ല. കുരച്ച് കഫം തുപ്പലാണ്. ആരു പറഞ്ഞിട്ടും അതുമാത്രം നിറുത്തില്ല.
സുലൈമാൻ കടയുടെ മൂന്നിലെത്തിയതും ഉപ്പാന്റെ പതിവു പരിഭവം. ബേം പോര്... മദ്രസ തുടങ്ങാനായില്ലേ.. അവൻ പാൽപാത്രം വെച്ച് ബെഞ്ചിൻമേലിരുന്നു. ഉപ്പ പുട്ടും ചായയും കൊണ്ടുവന്നു വെച്ചു, പഞ്ചസാര ഡബ്ബയെടുത്ത് കുറച്ചു കുടഞ്ഞുകൊടുത്തു. കഴിച്ചു കഴിഞ്ഞു പുസ്തകവുമെടുത്ത് അവൻ മദ്രസയിലേക്ക് നടന്നു.
വർഷങ്ങൾ രണ്ട് കടന്ന്പോയി. സുലൈമാൻ ഏഴാം ക്ലാസ്സിലെത്തി. മദ്രസ്സ ഏഴിൽ നിർത്തി. സ്കൂളിൽ പോകുന്നത് വരെ പശുവിനെ നോക്കലും വീട്ടിലെ പണികളുമായി കഴിയും. ഒരു ദിവസം സ്കൂൾ വിട്ടുവരുന്ന വഴി കടയുടെ അടുത്തെത്തി നോക്കിയപ്പോൾ കട അടഞ്ഞു കിടക്കുന്നു. ഉപ്പ എവിടെപ്പോയി..? അവൻ ശങ്കിച്ച് നിൽക്കുമ്പോൾ ഒരാൾ വന്നു പറഞ്ഞു, ഉപ്പ തലമിന്നി വീണു ആസ്പത്രീക്ക് കൊണ്ടോയി. കേട്ടത്പാതി കേക്കാത്തത്പാതി അവൻ വീട് ലക്ഷ്യമാക്കി ഓടി.
വീട്ടിൽ പെങ്ങൾ മാത്രമേയുള്ളൂ. അവൻ വിവരങ്ങൾ തിരക്കി. ഉച്ചക്ക് കടയടക്കുന്നതിന്റ കുറച്ചു മുമ്പ് തലമിന്നീന്നോ നെഞ്ഞ് വേദന വന്നൂന്നോ ഒക്കെ പറഞ്ഞു. കാക്കാനെ പണിസ്ഥലത്ത് നിന്ന് വിളിച്ച് വരുത്തി, ഉമ്മയും കൂടെപോയി. നമ്മളോട് ഇവടെ നിക്കാനും പറഞ്ഞു. കൂടുതലൊന്നും അവൾക്കുമറിയില്ല. സുലൈമാനാകെ അസ്വസ്ഥനായി. പതിവുപോലെ പശുവിന് പുല്ലരിയണം, അഴിച്ചു കെട്ടണം ഉമ്മയില്ലാത്തതാണ്. ഓരോന്നാലോചിച്ച് അവൻ അകത്തേക്ക് കയറി.
നാലാമത്തെ ദിവസം ഡിസ്ചാർജായി. ഹാർട്ടിന് ചെറിയ ബ്ലോക്കുണ്ടായിരുന്നു.
ആശുപത്രിയിൽ ബില്ലടക്കാൻ പലരിൽ നിന്നായി കടം വാങ്ങയിരുന്നു പശുവിനെ വിറ്റാൽ കാശ് തികയും അല്ലാതെ വേറെ മാർഗമില്ല. അയൽവാസിയോട് പറഞ്ഞപ്പോൾ അതയാളേറ്റു. ഇവരെപ്പോലെ പാവപ്പെട്ട കുടുംബമാണ് അയൽവാസിയുടേതും. അടുത്ത് വേറേ വീടൊന്നുമില്ല. പിന്നെയുള്ളത് ആ തെങ്ങിൻ തോപ്പുകളുടെ ഉടമയായ ഒരു ഹാജിയാരാണ്. ഗൾഫുകാരനായ അദ്ദേഹത്തിന്റെ സഹായം ഇടക്ക് രണ്ടു കുടുംബത്തിനും കിട്ടാറുണ്ട്. സുലൈമാന്റെ ഉമ്മ അവരുടെ വീട്ടിൽ ചിലപ്പോഴൊക്കെ സഹായത്തിന് പോകാറുണ്ട്.
റെസ്റ്റ് വേണം പുകവലി നിർത്തണം, പിന്നെ തിന്നാൻ പറ്റുന്നതും പറ്റാത്തതുമായി ഒരു ലിസ്റ്റും. ചുരുക്കിപ്പറഞ്ഞാൽ ഉപ്പ ഒരു രോഗിയായി. കുടുംബത്തിന്റെ ഭാരം ജേഷ്ഠന്റെ തലയിലും. തന്നാലാവുന്നത് ചെയ്യാൻ സുലൈമാനും മനസ്സിലുറപ്പിച്ചു. രാവിലെയും വൈകുന്നേരവും കശുമാവിൻ തോട്ടത്തിൽ പോവുകതന്നെ. സ്കൂളില്ലാത്ത ദിവസങ്ങളിൽ പാട്ടത്തിനെടുത്ത ആളെകൂടെ അണ്ടി പെറുക്കാൻ പോകാറുണ്ടായിരുന്നു. മടിയില്ലാതെ പണിയെടുക്കുന്ന സുലൈമാനെ അയാൾക്കിഷ്ടമായിരുന്നു. സ്ത്രീകളായിരുന്നു ബാക്കി പണിക്കാര്. അണ്ടിച്ചാക്ക് ചുമന്ന് കുന്നിറങ്ങി റോട്ടിലെത്തിക്കുന്നത് സുലൈമാനായിരുന്നു,
ചിലവിനും ഉപ്പാന്റെ മരുന്നിനും കൂടി ജേഷ്ഠന്റെ അദ്ധ്വാനം കൊണ്ട് തികയാതായി. അങ്ങനെയിരിക്കെ ഒരു ദിവസം ഹാജിയാരുടെ ഭാര്യ വന്നു ഉമ്മാനോട് പറഞ്ഞു: നിങ്ങൾക്ക് അവിടെ സ്ഥിരമായി വന്നൂടെ..? ഉച്ച കഴിഞ്ഞു തിരിച്ചു പോരാം. അങ്ങിനെ ഉമ്മ അവിടെപോയിത്തുടങ്ങി. വരുമ്പോൾ ഹാജിയുടെ ഭാര്യ കുട്ടികൾക്ക് ഭക്ഷണം കൊണ്ടുപോഹാൻ പറയും.
അതിനിടെ പെങ്ങൾ പത്ത് കഴിഞ്ഞു, പഠിത്തം നിർത്തി. രണ്ട്കൊല്ലം കഴിഞ്ഞാൽ അവെള കെട്ടിച്ചയക്കണം. കാര്യമായൊന്നും നീക്കിയിരിപ്പില്ല. ഉമ്മാക്ക് അവരുടെ വിഹിതമായി കിട്ടിയ കുറച്ചു സ്ഥലമുണ്ട്. എന്നാലും വേണം സ്വർണം. ആകുലമായ മനസുമായി കാലം കഴിയവേ അവരുടെ മനസ്സിൽ കുളിർമഴയായി ആ സന്തോഷവാർത്ത ഹാജിയാരുടെ ഭാര്യ പറഞ്ഞത്. ഹാജിയാർ അടുത്തമാസം വരുന്നു, ജേഷ്ഠനൊരു വിസയുണ്ട് പെട്ടെന്ന് പാസ്പോർട്ട് എടുക്കാനും പറഞ്ഞു.
തുടരും...
-----------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ
സ്ത്രീധനം കൊണ്ട് പോലും വെളുക്കാത്ത കറുത്ത കുട്ടിയുടെ രോദനം
ഇരുണ്ട ജീവിതത്തിന്റെ ഓർമ്മകൾ പതുങ്ങിയിരിക്കുന്ന ആ റൂമിൽ കയറി അവൾ വാതിലടച്ചു.
തലയിണയിൽ മുഖം അമർത്തി മെല്ലെ തേങ്ങി.
തേങ്ങലിന് തെല്ല് ശമനമായപ്പോൾ ആ ഓർമ്മകൾ അവളെ ചുറ്റി പിണഞ്ഞ് കിടന്നു .
എസ്.എസ്.എൽ.സി എഴുതി രണ്ട് വർഷം കഴിഞ്ഞാണ് കല്യാണം ശരിയായത്.
ഒരു പാട് പേർ ആലോചനയുമായി വന്നിരുന്നു.
കാണാൻ വരുന്ന ചെറുക്കൻമാർക്ക് മുന്നിൽ ചായ കൊണ്ട് പോയി കൊടുക്കൽ ഒരു ദിനചര്യ പോലെ തുടർന്ന നാളുകൾ.
വിവരം പറയാമെന്നു പറഞ്ഞു വന്നവരെല്ലാം തിരിച്ച് പോവും.
വിവരം മാത്രം കിട്ടാറില്ല.
അങ്ങനെ ഒരു നാൾ ഒരാൾ വന്നു.
ആ ബന്ധം ശരിയായി.
ആൾ സുമുഖനായിരുന്നു.
വീട്ടുകാർക്കെല്ലാം അതിശയമായിരുന്നു.
എങ്ങെനെ ആ ചെറുക്കന് ഇവളെ ഇഷ്ടപ്പെട്ടു എന്നവർ അടക്കം പറഞ്ഞു .
കല്യാണം കഴിഞ്ഞു,
എന്നാൽ ആ സന്തോഷത്തിന് അൽപ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ.
കുറ്റപ്പെടുത്തലുകൾ,
കുച്ചിപ്പുറ്റുകൾ,
ആ വീട്ടിൽ അധികം തുടരാനായില്ല.
സൗന്ദര്യം ഇല്ലാത്തതിന്റെ പേരിൽ അവിടന്ന് പടിയിറങ്ങേണ്ടി വന്നു .
ഓർമ്മകൾ ഒളിച്ചിരിക്കുന്ന ഈ റൂമിലേക്ക് തിരിച്ച് വന്ന തങ്ങനെയാണ്.
ബാപ്പാന്റെ വലിയൊരു ആഗ്രഹമായിരുന്നു അവളുടെ പുനർവിവാഹം.
അന്ത്യാഭിലാഷം എന്ന് തന്നെ പറയണം.
മോളെ ഒരാളുടെ കൈയിൽ ഏൽപ്പിക്കാൻ കഴിയാത്ത വേദനയോടെ ബാപ്പ മരിച്ചു.
കഴിഞ്ഞ ദിവസം ബാപ്പയുടെ രണ്ടാമത്തെ ആണ്ടായിരുന്നു.
പളളിയിൽ നിന്ന് ഉസ്താദിനെ വിളിച്ച് പ്രാർത്ഥന നടത്തി.
ഉമ്മയുടേത് വല്ലാത്തൊരു സ്ഥിതിയാണ് .
ഏത് നേരവും കണ്ണീരൊലിപ്പിച്ചുള്ള പ്രാർത്ഥനയാണ്.
ആരെക്കണ്ടാലും പറയും.
ഇജ് ഇന്റെ മോൾക്ക് ഒരു കെട്ട് കൊണ്ട് വരോന്ന് .
ഞാൻ നോക്കട്ടേ
അതും പറഞ്ഞ് അവർ പടിയിറങ്ങും.
എന്നാൽ ഒരു ബന്ധവുമായി ആരും പടി കയറി വന്നില്ല.
കറുപ്പ്.
അത് തന്നെയാണ് പ്രശ്നം.
പിന്നെ രണ്ടാം കെട്ടും.
ചിലപ്പോൾ അവൾ ഉമ്മയോട് പറയും.
എന്റെ കാര്യം ഇനി ആരോടും പറയണ്ട ഉമ്മാ
ഇത് എന്റെ വിധിയായി ഞാൻ കരുതിക്കോളാം.
അത് കേൾക്കുമ്പോൾ
ഉമ്മാന്റെ മനസ്സ് വേദനിക്കും.
കണ്ണ് കലങ്ങും.
അത് കാണാതിരിക്കാൻ ഉമ്മ മുഖം തിരിക്കും.
ഓർമ്മകൾ അവിടെ നിന്നു.
മുന്നോട്ട് ഒഴുകാത്ത ജീവിതത്തിന് കണ്ണീരുണങ്ങാത്ത ഓർമ്മകളാവും കൂട്ട് .
അവൾ മെല്ലെ എഴുന്നേറ്റു.
ഓർമ്മയുടെ പിടി വിട്ടു.
കണ്ണീർ തുടച്ചു.
മുഖ കണ്ണാടിയിൽ മുഖം നോക്കി .
മുഖം മുമ്പത്തേക്കാൾ ഇരുണ്ടതായി തോന്നി.
നിറം മങ്ങി മങ്ങി
അത് ഇരുട്ടിനോളമായി ഞാൻ ഇല്ലാതാവുകയാണെന്ന് അവൾക്ക് തോന്നി.
വെളുപ്പ് തോന്നിക്കും വരെ ചമഞ്ഞ് നിന്നിരുന്നൊരു കാലമുണ്ടായിരന്നു.
കറുപ്പിന്റെ പേരിൽ ഉപേക്ഷിക്കപ്പെട്ടതോടെ അത്തരം ചമയങ്ങൾക്കൊന്നും സമയം കളഞ്ഞിട്ടില്ല.
നിറമുള്ള ഒരു ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ടത് തന്നെ കാരണം.
ഓർമ്മയും ഇരുട്ടും കറുപ്പും
ഇണചേർന്ന ആ റൂമിന്റെ വാതിൽ തുറന്ന് അവൾ മെല്ലെ പുറത്തിറങ്ങി.
അന്നേരം കൊലായിൽ വിരിച്ച നിസ്കാരപ്പായയിൽ ഇരുന്ന് ഉമ്മ കണ്ണീരൊലിപ്പിക്കുകയായിരുന്നു.
--------------------
സത്താർ കുറ്റൂർ
Sunday, 22 May 2016
21/05/2016 ക്വിസ് മൽസര വിജയി...
ഈ ആഴ്ചയിലെ (21-05-2016) ക്വിസ് മൽസര ജേതാവ് അബ്ദുൽ നാസർ KP
**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി
കുറ്റൂർനോർത്ത്
തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം 21-05-2016
തത്തമ്മക്കൂട് വാട്സ് ആപ്പ് ഗ്രൂപ്പിൽ 21/05/2016 ശനിയാഴ്ച നടക്കാൻ പോകുന്ന ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് നജ്മുദ്ധീൻ അരീക്കൻ
**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി
കുറ്റൂർനോർത്ത്
ആലുങ്ങൽ പുറായയിലെ പരി മുഹമ്മദാക്ക
ഒരു തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾ കൂടി പെയ്തൊഴിഞ്ഞു.
പത്ത് വർഷം മുമ്പ് ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് നാളിൽ ഉച്ചവെയിൽ കനം വെക്കുന്ന നേരത്താണ്
ആലുങ്ങൽ പുറായയിലെ പരി മുഹമ്മദാക്ക നമ്മോട് വിs പറഞ്ഞത്.
നല്ല സ്നേഹസമ്പന്നനും
സേവനമനസ്കനുമായിരുന്നു അദ്ദേഹം.
പത്ത് വർഷങ്ങൾക്കിപ്പുറവും
തീരാത്തൊരു വേദനയായി ആ ശുഭ വസ്ത്രധാരി എന്റെ മനസ്സിലൊരിsത്ത് പുഞ്ചിരിച്ച് നിൽക്കുന്നുണ്ട്.
ഒരു നാട്ടിൻ പുറത്തുകാരന്റെ നിഷ്കളങ്കതയായിരുന്നു ആ മനസ്സിന് .
ആ ജീവിതം സദാസമയവും സേവന സന്നദ്ധമായിരുന്നു.
ഒന്നിന് പിറകെ ഒന്നായി രോഗങ്ങളും മറ്റ് പ്രയാസങ്ങളും മുഹമ്മദാക്കയെ അലട്ടിയപ്പോഴും എല്ലാ വേദനകളും അദ്ദേഹം മറ്റുള്ളവരിൽ നിന്ന് ബോധപൂർവ്വം മറച്ച് വെച്ചു.
അതിനിടയിലും മറ്റുള്ളവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്ത് കൊടുത്തു .
തന്റെ പ്രായക്കാർക്ക് മാത്രമല്ല കാരണവൻമാർക്കിടയിലും
ചെറുപ്പക്കാർക്കിടയിലും അദേഹം നല്ല ഇടപെടലുകൾ നടത്തി.
വാക്കിലും പ്രവൃത്തിയിലും
പക്വത കാട്ടി.
ഇതിലൂടെ നല്ലൊരു സൗഹൃദവലയം മുഹമ്മദാക്ക വളർത്തിയെടുത്തു.
നല്ല പെരുമാറ്റത്തിലൂടെ ചുറ്റുവട്ടത്തെ പൊതു സ്വീകാര്യനായി.
ഒരു സംസാര പ്രിയൻ മാത്രമല്ല നല്ലൊരു കേൾവിക്കാരൻ കൂടിയായിരുന്നു മുഹമ്മദാക്ക.
അൽ-ഹുദയുടെ പ്രവർത്തനങ്ങളിലും
തന്റെ വീടിനടുത്തെ പളളി പരിപാലനത്തിലും വല്ലാത്ത താൽപ്പര്യം കാട്ടി.
ഉറച്ച മുസ്ലിം ലീഗുകാരനായിരുന്നു.
എന്നാൽ പാർട്ടിയുടെ ഒരു വാർഡ് ഭാരവാഹിത്വത്തിൽ നിന്ന് പോലും ബോധപൂർവ്വം ഒഴിഞ്ഞ് നിന്നു.
നാടിന് നൻമയുള്ള പൊതു കൂട്ടായ്മകളിൽ അദ്ദേഹത്തിന് വലിയ താൽപ്പര്യമായിരുന്നു .
ഇതു കൊണ്ടൊക്കെ തന്നെ ഈ നല്ല മനുഷ്യൻ നല്ലൊരു ഓർമ്മയായി നമുക്കിടയിൽ എന്നും ജീവിക്കും.
അദ്ദേഹത്തിന്റെ പരലോകജീവിതം അല്ലാഹു വെളിച്ചമാക്കട്ടെ
--------------------
സത്താർ കുറ്റൂർ
Sunday, 15 May 2016
14/05/2016 ക്വിസ് മൽസര വിജയി...
ഈ ആഴ്ചയിലെ (14-05-2016) ക്വിസ് മൽസര ജേതാവ് ഇസ്മായിൽ ആലുങ്ങൽ
**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി
കുറ്റൂർനോർത്ത്
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി
കുറ്റൂർനോർത്ത്
Subscribe to:
Posts (Atom)