Saturday, 12 November 2016

👻👺👿☠💀 ജിന്ന് 👻👺👿☠💀

ൻറെ സൈദും പാലശ്ശേരിയും മദ്റസ്സ വിട്ടപ്പോൾ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
അ ദ്രാ മാനേ ജ് ന്ന് അന്തിക്ക് ൻറെ പു രീ ക്ക് ബെരോ? 
ന്താ സൈദേ എന്ത്യേം പരിപാടിണ്ടാ?
വന്നാൽ ജിന്നിനെ കണ്ച്ച് തരാ, പാലശ്ശേരിണ്ടാകും .....
ജിന്നിനെ കാണാൻ ഉള്ള ആഗ്രഹം മനസ്സിൽ നിറഞ്ഞു തുളുമ്പി.
മഗ്രിബിന്റെ ശേഷം ബാ ട്ടാ...
ൻറെ സൈദിന്റെ ക്ഷണം തള്ളാൻ എനിക്കൊരിക്കലും കഴിയാറില്ല.
വൈകുന്നേരം ആയതൊന്നും അറിഞ്ഞതേയില്ല. ഉമ്മാനോട് മീനിന് കാശും വാങ്ങി  110 സ്പീഡിൽ  ഓടി, മിനുട്ടകൾക്കകം മീൻ കൊണ്ടുവന്നു. ചട്ടി നിറയെ മീനുകൾ, മനസ്സുനിറയെ ജിന്നുകൾ!
ഉമ്മാനോട് എങ്ങനെയാ പറയാ: ?
മ്മാ സൈതലവി മഗ് രിബിന്റെ ശേഷം ഓൻറോട് ക്ക് ചെല്ലാൻ പറഞ്ഞ്ക്ക്ണ്.
ഓന്റോടെ എത്താ?
എത്താന്നറീല്ല.
ൻറെ സൈദ് വിളിച്ചുന്ന് പറഞ്ഞാൽ ഉമ്മാക്ക് സമ്മതം!
ഇ ശാ ബാങ്കിൻറെ മുമ്പേ തന്നെ ചോറ് കഴിച്ചു, ഓലക്കൊടി ചുരുട്ടി ചൂട്ടുണ്ടാക്കി. നേരെ പോയത് കുന്നാ ഞ്ചേരി പള്ളിയിലേക്ക്.
ബാങ്ക് കൊടുത്തിട്ടുണ്ട്. ൻറെ സൈദും പലശ്ശേരി യും പള്ളിയിൽ ഉണ്ടാകും.... 
ചൂട്ട് കുത്തിക്കെട്ട ത്തി പള്ളിയിലേക്ക് കയറി.
നിസ്കാരം തുടങ്ങിയിട്ടുണ്ട്.
വുളു എടുത്ത് നേരെ ജമാഅത്തിൽ പങ്കെടുത്തു. നിസ്കാരം കഴിഞ്ഞയുടനെ തന്നെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു, ൻറെ സൈദിനെ.
ഹാവൂ ആശ്വാസമായി. സൈ ദേ പാലശ്ശേരി എവിടെ? പാലശ്ശേരിയെ അവന്റെ ബല്ലിപ്പ വിട്ടില്ല. വിഷമമുണ്ടെങ്കിലും മനസ്സിൽ ആശ്വസിച്ചു ൻറെ സൈദുണ്ടല്ലോ.....
അ ദ്രാ മാനേ ജ് ഇവിടെ ഇരിക്ക്, ഞാൻ ൻറെ പു രീ പോയി കുറച്ച് കട്ടൻ ചായ കൊണ്ടു വരാം, പിന്നെ ൻറെ ഉമ്മാനോട് പറീം മാ ണം.
സൈദേ ച്ച് പേട്യാവും മേം ബരണം. തല കുലുക്കി ൻറെ സൈദ് വീട്ടിലേക്ക് പോയി. നിസ്കാരം കഴിഞ്ഞ് ആളുകളൊക്കെ പോയിക്കഴിഞ്ഞിരുന്നു. മൊല്ലാക്ക അഞ്ചുകട്ടൻറെ ടോർച്ച് എടുത്ത് മണ്ണെണ്ണ വിളക്കുകളൊക്കെ കെടുത്തി അവുത്താപ്പള്ളിൻറെ വാതിലും പൂട്ടി പൂമുഖത്തേക്ക് വന്നു. ഏതാടാ ജ്? പൊരീ പോണില്ലേ? ഘനഗംഭീര ശബ്ദം. പേടിച്ച് വിക്കി വിക്കി ഞാൻ പറഞ്ഞു, കാമ്പ്രൻ ആലസ്സൻകുട്ടീന്റെ മോനാ....
MRC മിതീന്റെ അൻജനാ? 
ങ്ങൂം.
ജ് ന്താടാ പോകാത്തത്? 
പരിന്റോടത്തെ സേൽ ബി ഇപ്പ ബരും. ന്നാ ബടെ ഇരുന്നോ.....
അതും പറഞ്ഞ് എന്നെ സൂക്ഷിച്ചൊന്ന് നോക്കീട്ട് മൊല്ലാക്ക ഇറങ്ങി -
മൊല്ലാക്ക പോകുന്നതും നോക്കി ഞാനിരുന്നു. പാടത്തിന്റെ വരമ്പിലൂടെ ടോർച്ചിന്റെ വെട്ടത്തിൽ നടന്നു നീങ്ങുന്നു. അകന്നകന്ന് അപ്രത്യക്ഷമായി.
ൻറെ സൈദിനെ കാണുന്നില്ലല്ലോ .... കട്ടൻ ചായ ഉണ്ടാക്കാൻ ഇത്ര നേരമോ? വരാതിരിക്കില്ല.ൻറെ സൈദ് വരും.
എങ്ങും നിശബ്ദത തളം കെട്ടി നിൽക്കുന്നു! അതിനൊരപവാദമെന്നോണം പാടത്തു നിന്ന് തവളകളടെയും ചീവീടുകളുടെയും സംയുക്ത ഓർക്കസ്ട്ര നടക്കുന്നു! 
എനിക്ക് പേടിയാകുന്നു, ൻറെ സൈദ് വന്നില്ലല്ലോ ....
പള്ളിയുടെ അകത്തും പുറത്തും കൂരിരുട്ട്, ആകാശത്ത് ഉറക്കച്ചടവുകാരണം നക്ഷത്രക്കുഞ്ഞുങ്ങൾ കണ്ണുകൾ ചിമ്മിത്തുറക്കുന്നു! പള്ളിപ്പറമ്പിലെ മീസാൻ കല്ലുകൾ എന്നെ നോക്കി ചിരിക്കുന്നു! പേടിയാകുന്നു.
ൻറെ സൈദ് വരാതിരിക്കില്ല. ൻറെ സൈദ് വരുന്നതിന് മുമ്പ് ജിന്ന് വരുമോ?
വിറക്കാൻ തുടങ്ങിയിരിക്കുന്നു. ശബ്ദം പുറത്ത് വരുന്നില്ല.
ൻറെ സൈദെവിടെ? ജിന്ന് വന്നാൽ? 
പാടത്തേക്ക് നോക്കിയിരിക്കുന്നതിനിടയിൽ ഞാൻ കണ്ടു, ഒരു ചൂട്ട് മിന്നി ക്കൊണ്ട് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വരുന്നു. ചൂട്ടിന്റെ വെളിച്ചം മാത്രമേ കാണുന്നുള്ളൂ ആളെ കാണുന്നില്ല.
ൻറെ സൈദ് വന്നില്ലല്ലോ .....
പേടിയുണ്ടെങ്കിലും ധൈര്യം സംഭരിച്ച് ചൂട്ടിനെ തന്നെ നോക്കിയിരുന്നു. ശ്രദ്ധ മുഴുവൻ ചൂട്ടിൽ!
ആരായിരിക്കും അത്? ജിന്നായിരിക്കുമോ? 
പെട്ടെന്ന് ചൂട്ട് അപ്രത്യക്ഷമായി! ഞാൻ പേടിച്ചു വിറച്ചു, എങ്ങും ആ വെളിച്ചം കാണുന്നില്ല!
പെട്ടെന്നാണ് ഹൗളിൽ വെള്ളം ഇളകുന്നു? ഹൗളിൽ ആരോ വുളു എടുക്കുന്ന ശബ്ദം!
എണീക്കാൻ കഴിയുന്നില്ല.
എന്നാലും ൻറെ സൈദ്: ...?
ഒരു വിധേനെ എണീറ്റ് അകത്തേക്ക് പോയി ഹൗളിലേക്ക് നോക്കി....
വെള്ള വസ്ത്രം ധരിച്ച ഉയരമുള്ള ഒരു മനുഷ്യരൂപം! ഇരുട്ടിൽ ഞാൻ കണ്ടു, ജിന്ന് തന്നെ! ൻറെ സൈദ് പറഞ്ഞ ജിന്ന് തന്നെ.
ൻറെ സൈദ്.....!??
എവിടെ നിന്നോ ധൈര്യം സംഭരിച്ച് വുളു എടുത്ത് അകeത്തക്ക് വന്ന ജിന്നിനെ ഞാൻ അണഞ്ഞു കൂട്ടി പിടിച്ചു.
ജിന്ന് മലയാളത്തിൽ ചോദിച്ചു ആരാ ത്? എത്താ?
ഉടനെ തന്നെ ജിന്ന് പോക്കറ്റിൽ നിന്ന് ഒരു തീപ്പെട്ടിയെടുത്ത് പാനീസ് കത്തിച്ചു.
പാനീസിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു, പള്ളിയുടെ പടിഞ്ഞാറ് ഒന്നു രണ്ട് വീടിനിനപ്പുറത്തുള്ള ഞാനറിയുന്ന ഒരു മുസല്യാ രായിരുന്നു അത്. അപ്പോഴും എന്റെ പിടി ഞാൻ വിട്ടിട്ടില്ലായിരുന്നു! ആളെ വ്യക്തമായതോടെ എന്റെ പിടി അയഞ്ഞു, ഞാൻ ബോധമില്ലാതെ താഴെ വീണു.
സുബ്ഹി നമസ്കാരത്തിന് വന്നവരാരോ എന്നെ വെള്ളം കുടഞ്ഞ് എണീപ്പിച്ചു, ബോധം തെളിഞ്ഞപ്പോഴും ഞാൻ ചോദിച്ചു ൻറെ സൈദെവിടെ?

------------------------------------------
എം ആർ സി അബ്ദുറഹ്മാൻ

No comments:

Post a Comment