Saturday, 19 November 2016

സാങ്കോള

കുളിരണിഞ്ഞ പുലര്‍കാല കാഴ്ച്ചയില്‍ സാങ്കോളയുടെ തെരുവുകള്‍ക്ക് നല്ല ഭംഗിയാണ്,  പലവിധ ജീവിതങ്ങളേയാണ് സാങ്കോളയുടെ ഓരോ ഗല്ലിയിലും കാണാനാവുക.  നായകളും കഴുതകളും സ്ഥിരം കാഴ്ച്ചയാണ്   കമ്പിളിയും പുതച്ച് കയ്യിലൊരു പാല്‍ പാക്കറ്റുമായി നീങ്ങുന്ന വൃദ്ദരായവര്‍ ചെറിയൊരു കുപ്പിയിലോ മൊന്തയിലോ വെള്ളവുമായി രണ്ടിന് പോകുന്നവര്‍ ഗല്ലികളുടെ പാഥയോരത്ത് കാര്യം സാദിക്കാനിരിക്കുന്ന കുട്ടികള്‍ ശെരിക്കും സാങ്കോളയിലെ ദൈനംദിന ജീവിതത്തിലെ നിത്യ കാഴ്ച്ചകളായിരുന്നു.. 

ബേക്കറിയില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്ററിലധികമുണ്ട് ദങ്കര്‍ ഗല്ലിയിലേക്ക് അവിടെയാണ് ബേക്കറിയുടെ മെയിന്‍ സ്റ്റാള്  രാവിലെ ആറ് മണിക്ക് സ്റ്റാള് തുറക്കണം..  കടയില്‍ ആദ്യമുണ്ടായിരുന്ന ജോലിക്കാരന്‍ പോയതിനാല്‍ കടയില്‍ നില്‍ക്കുന്ന ജോലി എനിക്കാണ്
ദിവസവും  അതിരാവിലെ മേസ്തിരി മൈദ കുഴക്കുന്ന മെഷീന്‍ ഓണാക്കിയാല്‍ താനെ ഞാന്‍ ഉണരും ബേക്കറിക്കകത്ത് തന്നെയാണ് എല്ലാവരും ഉറങ്ങിയിരുന്നത്. ആ മെഷീന്റെ ശബ്ദമാണ് എനിക്കവിടെ എന്നുമുള്ള അലാറം. പ്രഭാത കര്‍മ്മങ്ങള്‍ക്ക് വെള്ളമില്ലാതെ പറ്റില്ലല്ലൊ പക്ഷെ വെളുപ്പാന്‍കാലത്ത് വെള്ളത്തിന് കൊടും തണുപ്പായിരിക്കും  വായിലേക്കൊക്കെ വെള്ളമാക്കിയാല്‍ പല്ലൊക്കെ നുറുങ്ങി പോകുന്ന പോലുള്ള ഒരുതരം കടച്ചിലാണ്.  ദിവസവും ഒരു ബക്കറ്റ് വെള്ളമെടുത്ത് അല്‍പ്പനേരം വെള്ളത്തിനോടൊന്ന് കിന്നാരം പറഞ്ഞ് പതിയെ പതിയെ ഉപയോഗിച്ച് തുടങ്ങാറാണ് പതിവ്. പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിഞ്ഞ് പോകാനൊരുങ്ങുംബോഴേക്ക് മേസ്തിരിയുടെ കിടിലന്‍ ചായ റെഡിയായിട്ടുണ്ടാവും അതും ഒര് ക്ലാസ് കുടിച്ചാണ് പോക്ക്.  

കടയിലേക്കുള്ള സാധനങ്ങള്‍  വലിയ കര്‍ട്ടൂണിലും വലിയ സഞ്ചിയിലുമൊക്കെ ഒതുക്കി വെച്ച്  സൈക്കളിന്റെ പുറകില്‍ സാധനം നിറച്ച വലിയൊരു കര്‍ട്ടൂണും.  ഹാന്റലിന്റെ രണ്ട് വശത്തും ഓരോ സഞ്ചിയും ചെറിയൊരു കര്‍ട്ടൂണ്‍ സൈക്കളിന്റെ നടുത്തണ്ടില്‍ വെച്ച് നെഞ്ചിലേക്ക് ചായ്ച്ച് പിടിച്ച നിലയിലും ശെരിക്കും പറഞ്ഞാല്‍ ഒരു സാഹസികമായ പോക്കാണ്.  ഗല്ലികളിലൂടെയുള്ള രാവിലത്തെ പോക്ക് ദുര്‍ഗടം പിടിച്ചതാണ് കാരണം ഗല്ലി റോഡുകളില്‍ രാവിലെ ഒരു സൈഡിലൂടെ സൈക്കള് ചവിട്ടിയാല്‍ പലതും ടയറിലൂടെ തെറിക്കാനുള്ള സാധ്യത കൂടുതലാണ് നടക്കാനാണെങ്കി തീരെ പറ്റില്ല  ആജാതി ലോഡാണ് ഇറക്കി വെച്ചിട്ടുണ്ടാവുക ഒടുക്കത്തെ വാസനയും. 
അതുകൊണ്ട് എന്നും മെയിന്‍ റോഡിലൂടെയാണ് പോക്ക്
ചെവിയും മൂക്കും ചുറ്റി കെട്ടിയ മഫ്ലറിനകത്ത് കൂടി അടിച്ച് കയറുന്ന തണുത്ത കാറ്റ് കാരണം പതുക്കെയാണ് പോകാറ്
അതിരാവിലെ ആയതോണ്ട് കൂടുതല്‍ വാഹനത്തിരക്കൊന്നും ഉണ്ടാവില്ല കാര്യമായിട്ട് ശ്രദ്ധിക്കേണ്ടത് കഴുതകളെയാണ് അവറ്റകള് എവിടുന്നാണ് വരുന്നതെന്ന് ഒരു പിടിയും കിട്ടില്ല  ഒരുമാതിരി ലക്കും ലവാനുമില്ലാത്ത വരവാണ്. ഞമ്മളോ ഒരു അഡ്ജസ്റ്റ്മെന്റിലാണ് ഈകണ്ട സാധനങ്ങളുമായി പോകുന്നത്. ഒരു ദിവസം കഴുതകളുടെ പരക്കം പാച്ചിലിനിടയില്‍ കുടുങ്ങാതെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. 

മുള്ളുള്ള ഒരുതരം മരമുണ്ട് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മരം
പോകുന്ന വഴിയില്‍ ചിലയിടങ്ങളിലൊക്കെ ആ മരത്തിന്റെ കാട് തന്നെയുണ്ട് അവിടെയെത്തുംബൊ വല്ലാത്തൊരു തണുപ്പാണ് പല്ലുകള്‍ തമ്മില്‍ കൂട്ടിയടിക്കുകയും നെഞ്ചിലൂടെയൊക്കെ വല്ലാത്തൊരു വേദനയുമൊക്കെയാണ്  ആ തണുപ്പിന്.  ആറ്മണി കറക്റ്റിന് കടയുടെ അടുത്തെത്തണം അല്ലെങ്കില്‍ പാല്‍ക്കാരന്‍ സഞ്ചിയിലാക്കി വെച്ച പാലില്‍ നായകള്‍ വന്ന് വികൃതി കാണിക്കും. പാല്‍ക്കാരന്റെ ടൈമിംങ് കറ കറക്റ്റാണ്. നുമ്മ ഒരു വിധത്തിലൊക്കെ കടയിലേക്കെത്തുംബോഴേക്ക് തണുത്ത് വിറച്ച് ഒരു വിധമായിട്ടുണ്ടാകും. സാദനങ്ങളൊക്കെ അടുക്കി വെച്ച് കഴിയുംബോഴേക്ക് തൊട്ടപ്പുറത്തെ ചായക്കടയിലെ മറാത്തി പയ്യന്‍ നല്ല ചൂട് ചായയുമായെത്തും.  തുടക്കത്തില്‍ രണ്ട് തവണ മാത്രമേ അവന്റെ കടയിലേക്ക്  പോയി ചായക്ക് പറഞ്ഞിരുന്നുള്ളൂ പിന്നീടൊക്കെ അവന്‍ തന്നെ കണ്ടറിഞ്ഞ് സമയത്തിന് കൊണ്ട് തരും. 

സമയം കടന്ന് പോകുംതോറും ഗല്ലികളിലൊക്കെ തിരക്കായിത്തുടങ്ങും
കടയുടെ നേരെ മുന്നില്‍ റോഡിന്റെ അപ്പുറത്തുള്ള പാന്‍പെട്ടിയിലെ വികലാങ്കനായ മറാത്തിയുണ്ട്.  അവന്‍ ആ ചെറിയ പാന്‍പെട്ടിക്കുള്ളില്‍ ഇരിക്കുന്നത് കണ്ടാല്‍ വികലാങ്കനാണെന്ന് തോന്നുകയേയില്ല
അവന്‍ പാന്‍പെട്ടി തുറന്ന് അകത്തിരുന്നാല്‍ എന്നെ നോക്കി വിളിച്ച് പറയും  'ഹേ പൊര്‍ഗാ' പിന്നെ കുറേ തെറിയുമുണ്ടാവും അതവന്‍ എല്ലാവരോടും അങ്ങനെയാണ് അതിനകത്തിരുന്ന് ഭയങ്കര ദാദാഗിരി സംസാരമാണവന്‍. അവനെ ആരും ഒന്നും ചെയ്യില്ലായെന്ന ധൈര്യമാണവന് അവനേയെന്നല്ല ആ ഗല്ലിയിലെ ഒരാളെയും ആരും ഒന്നും ചെയ്യുക പോയിട്ട് കടുത്തൊരു വാക്ക് പോലും പറയില്ല അതാണ് ദങ്കര്‍ ഗല്ലി   സാങ്കോളയിലെ വില്ലാളി വീരന്മാരുടെ ദങ്കര്‍ ഗല്ലി.  

പാന്‍പെട്ടിയുടെ തൊട്ടടുത്ത്  കണ്ണൂര്‍ക്കാരുടെ ഹോട്ടലുണ്ട്. 
ഹോട്ടലില്‍ അടി നടക്കാത്ത ദിവസങ്ങള്‍ കുറവാണ്   പ്രശ്നങ്ങള്‍ മദ്യം പറയാന്‍ സാങ്കോളയിലെ വല്ല്യ ദാദയായ വീരുദേവ്മാണെയുടെ അനിയനായ ദങ്കര്‍ ഗല്ലിയിലെ ദാദ സഞ്ചുമാണെയാണ് വരാറ്.  
ഒരു ദിവസം രാത്രി സഞ്ചുമാണെ തന്നെ ഹോട്ടലില്‍ വന്ന് മൊത്തം കശക്കിയെറിഞ്ഞു പണിക്കാരെല്ലാം ഓടി തടിയെടുത്തു  ഹോട്ടലിനകത്ത് വെള്ളം നിറച്ച് വെച്ച ട്രമ്മെല്ലാം ചവിട്ടി മറിച്ച് മേശയും ബെഞ്ചുമൊക്കെ അടിച്ച് തകര്‍ത്തു. 
ആറ് ട്രമ്മ് വെള്ളമാണന്ന് ചവിട്ടി മറിച്ചത് ഹോട്ടലിനകത്ത് മുഴുവനും വെള്ളമായിരുന്നു.  നരനായാട്ട് കഴിഞ്ഞ് സഞ്ചുമാണെയുടെ ഒരു കല്‍പ്പനയും വന്നു നാളെ മുതല്‍ ഹോട്ടല്‍ തുറക്കരുതെന്നും തുറന്നാല്‍ പെട്രോളൊഴിച്ച് കത്തിച്ച് കളയുമെന്നും.    ഹോട്ടലിന്റെ വല്ല്യ മുതലാളി നാട്ടിലായിരുന്നു അദ്ധേഹത്തിന്റെ അനിയന്മാരും ഗല്ലിയിലെ സഞ്ചുമാണെയുടെ കൂട്ടുകാരായ കുറച്ച് മറാത്തികളും ചേര്‍ന്ന് സഞ്ചുമാണെയുടെ ബംഗ്ലാവില്‍ ചെന്ന് ഒരുപാട് കെഞ്ചി പറഞ്ഞ് ഒരു വിധത്തില്‍ ആ കല്‍പ്പന ചില ഉപാദികളോടെ പിന്‍വലിച്ച് വീണ്ടും ഹോട്ടല്‍ തുറന്നു.  

സങ്കോളയിലെ പഴയ വല്ല്യ ദാദയെ വീട്ടില്‍ കയറി രണ്ട് കയ്യും രണ്ട് കാലും തല്ലിയൊടിച്ച ടീമാണ്.  ചില അടികളൊക്കെ ഹിന്ദി സിനിമയിലും തമിഴ് സിനിമയിലുമൊക്കെ കാണുംപോലെ നല്ല റങ്കുള്ള സീനാണ്
അടി തുടങ്ങീന്ന് കണ്ടാല്‍ കടകളൊക്കെ ഷട്ടര്‍ താഴ്ത്തും അല്ലെങ്കി പലതും നട്ടം വരും.    ഞായാഴ്ച്ച ചന്തയുടെ ദിവസം നല്ല തിരക്കായിരിക്കും  മറാത്തി കിളവികളും കിളവന്മാരും കടയില്‍ വന്നാല്‍ അവര്‍ നമ്മളേയൊന്ന് വട്ടം കറക്കും മറാത്തി ഭാഷ നുമ്മക്ക് പുടിയില്ലാത്തോണ്ട് നുമ്മ ശെരിക്കും കൊയങ്ങും എന്താന്നറിയില്ല മറാത്തി നുമ്മടെ തലീലങ്ങ്ട് കേറീല.   ചിലരെങ്കിലും ഹിന്ദിയില്‍ പറയുന്നോണ്ട് ഒരു വിധം പിട്ച്ച് നില്‍ക്കും
ചന്ത ദിവസം ഹിജഡകളുടെ ഒരു ഘോഷയാത്ര തന്നെ വരും പിരിവിന് പിച്ചക്കാര് വേറെയും പിച്ചക്കാര്‍ക്ക് അമ്പത് പൈസ കൊടുത്താല്‍ അതും വാങ്ങി പോവും പക്ഷെ ഹിജഡകള്‍ ഹൗ ബല്ലാത്ത ജാത്യാളാണ് ഒന്നായിട്ട് കടയെ പൊതിഞ്ഞ് നിന്ന് തോണ്ടലും മാന്തലും ആകപ്പാടെ ഒരു ബഹളമാണ് അഞ്ച് രൂപയാണ് അവരുടെ കണക്ക് ഒരാളുടെ കയ്യില്‍ കൊടുത്താല്‍ മതി അത് കിട്ടുന്നതോടെ അവര് പോകും.   മൊത്തം കളക്ഷന്‍ അവര്‍ വീതിച്ചെടുക്കാറാണെന്ന് ഹോട്ടലുകാരെന്നോട്‍ പറഞ്ഞു. 

എന്തെല്ലാം തരം ജീവിതങ്ങളേയാണവിടെ ഓരോ ദിവസവും കാണുന്നത്
ചില കെളവന്മാര്‍ വരും ബര്‍ത്ത്ഡെ കേക്കിന് അവര്‍ക്ക് മുട്ടയിടാതെ ഉണ്ടാക്കിയ കേക്ക് തന്നെ വേണം.  മുട്ടയിടാതെ എങ്ങിനെ കേക്കുണ്ടാക്കും അതൊന്നും അവര്‍ക്കറിയണ്ട അവര്‍ക്ക് മുട്ടയിടാതെ ഉണ്ടാക്കിയ കേക്ക് തന്നെ വേണം അവരോട് അങ്ങനെയുള്ള കേക്ക് ഇല്ലായെന്നൊന്നും നുമ്മ പറയാറില്ല കടയിലപ്പൊ കേക്ക് ഉണ്ടോ എന്നാ അപ്പോഴത് മുട്ടയില്ലാതെ ഉണ്ടാക്കിയതാണ് വേഗം പേരെഴുതി പേക്ക് ചെയ്ത് കൊടുക്കും. 
ശെരിക്കും രസമുള്ള ജീവിതമായിരുന്നു സാങ്കോളയില്‍ പക്ഷെ രണ്ടിന് പോകണമെങ്കിലാണ് ഇത്തിരി പ്രയാസം. 
വിശാലമായ പറമ്പിലേക്ക് പോകണം ഒരു കുപ്പി വെള്ളവുമെടുത്ത് സൈക്കളില്‍ പോണം. 
ഇടക്കൊന്ന് ബസ്റ്റാന്‍ന്റിലെ ബാത്ത്റൂമില്‍ പോയി രണ്ട് രൂപയാണ് ചാര്‍ജ് അവിടെയൊരു സമാദാനമില്ലാത്ത കാര്യം സാധിക്കലാണ് ഓരോ മറാത്തികള് വന്ന്  മുട്ട് സഹിക്കാതെ ഡോറില്‍ തട്ടലും മുട്ടലും തുടങ്ങും അതിനേക്കാളും നല്ലത്  നല്ല കാറ്റും വെളിച്ചവും ചെറിയ മരത്തണലും പുല്‍കാടുകളും നിറഞ്ഞ പരന്ന് വിശാലമായ പറമ്പാണ്
നമ്മുടെ മുന്നിലൂടെ രണ്ടിന് വരുന്ന ആരെങ്കിലും പോയാല്‍ നമുക്കൊരു ശല്ല്യവുമില്ലാതെ അവര് അവരുടെ വഴിക്ക് പോയിക്കോളും. 
മറാത്തികളില്‍ പലരും ഒരു കുപ്പി വെള്ളം കൊണ്ട് നാലാള് ഉപയോഗിക്കും രണ്ടിന് പോകുന്നിടത്തും അവരുടെയാ ഒരുമ ഭയങ്കരമാണ് നാട്ടുവര്‍ത്തമാനമൊക്കെ പറഞ്ഞ് നല്ല രസത്തിലങ്ങനെ... ഹൗ ബല്ലാത്ത ജാത്യാള്....

 മാതൃഭാഷ പറയാനും വായിക്കാനും എഴുതാനും ക്ഷമയുടേയും സഹനത്തിന്റെയുമൊക്കെ നല്ല പാഠങ്ങള്‍ സമ്മാനിച്ച സാങ്കോള ഇന്നും മനസ്സിലെ മായാത്ത ഓര്‍മ്മകളാണ്.

-----------------------------------
അന്‍വര്‍ ആട്ടക്കോളില്‍.

No comments:

Post a Comment