Saturday, 19 November 2016

"മാമ..." മുറുക്കാൻ ചുവപ്പിന്റെ നിറമുള്ള ഓർമ്മകൾ..

വ്യാഴായ്ച്ച വൈകുന്നേരം   കൂട്ടമണി മുഴങ്ങുമ്പോ വീട്ടിലോട്ടൊരു ഓട്ടമുണ്ടു.... ഉമ്മാന്റോട്ക്കുള്ള വിരുന്നു പോക്കിനു നേരത്തെ എത്താൻ... അന്നുമ്മാന്റെ മുഖത്തിനൊരു പ്രതേക ചന്തമായിരിക്കും... പെരുന്നാളമ്പിളി കണ്ട ഇരുപത്തൊമ്പാതാം രാവു പോലെ. സന്തോഷംകൊണ്ടു തിളങ്ങും... പുതേ കുപ്പായമിട്ടു  ഒരു പോക്കുണ്ടു ഉമ്മാന്റോട്ക്കു.... ഞങ്ങളെത്തുമ്പോൾ പിന്നാമ്പുറത്തെ ഉമ്മറത്തിണ്ടിൽ കാലും നീട്ടി വെച്ചു മുറുക്കാൻ ചെല്ലവും അടുത്തു വെച്ചു തൊടീന്നു പറിച്ചെടുത്ത കൊള്ളി പൂളയുടെ തൊലി പൊളിക്കുന്നുണ്ടാവും.. മാമ   ഞങ്ങളെ കാണുമ്പോ  മുറുക്കാൻ ചുവപ്പിച്ച മോണ കാട്ടി ഒരു ചിരിയുണ്ടു.. ന്നിട്ടൊരു ചോദ്യവും ന്തേടീ നേരം വൈകീ... 

വിശേഷങ്ങളതികവും പറഞ്ഞു തീരുമ്പോഴേക്കു പൂള വെന്തു കാണും... ഒപ്പം മാമ പറയും ന്റെ കുട്ട്യാൾക്കു പള്ള നിറച്ചു കൊട്ക്കെ...പിന്നെ ഉമ്മോ നാത്തൂന്മാരും അനിയത്തിമാരും വട്ടം കൂടിയിരിന്നു... ഒരു വട്ട സമ്മേളനം അങ്ങട്ടു കൂടും... കുടുമ്പത്തിലെ കല്യാണങ്ങൾ ... മുടികളച്ചിലുകൾ.... ഗൾഫിൽ പോകൽ... തുടങ്ങി അന്തിയാവും വരെ തുടരും .. അപ്പോ മാമയായിരിക്കും ഞങ്ങക്കു കൂട്ടു.... പാടിപറമ്പിലെ നിധി... ചെയ്ത്താൻ കൂട്ടം... അങ്ങനെ അങ്ങനെ മാമ .. കതകളുടെ കോന്തലകെട്ടയിക്കും... ഒപ്പം മുറുക്കാൻ ചെല്ലത്തിൽ നിന്നൊരുപാടു വെറ്റിലകൾ മാമയുടെ വായിലായിരിക്കും...  പിറ്റേന്നു വെള്ളിയാഴ്ച്ച കൂട്ടിലെ ഒരു കോഴി കുറയും ബിരിയാണി ചെമ്പിലേക്കു കോഴി ജീവനറ്റു കിടക്കുമ്പോൾ.
.. ആരെയും കാണിക്കാതെ മാമാന്റെ കണ്ണു നിറയും... പിന്നേ ആണുങ്ങ ളെല്ലാം പള്ളീക്കു പോക്കാണു... നേരത്തെ പള്ളീക്കു പോവണം അതു മാമക്കു നിർബന്ധമാണു... അപ്പോയാണത്രെ പള്ളികാട്ടിലെ കബറുകളിൽ ഉറങ്ങുന്നോൽക്കു സന്തോഷാവൂ... പള്ളീന്നു വന്നു ചോറും തിന്നു എല്ലാരും മയങ്ങുമ്പോ ഞാൻ മാ മയുടെ അടുത്തേക്കു പോവും... 

മാങ്ങാകാലമാണെങ്കിൽ... ചക്കര കോമാങ്ങയുണ്ടാവും മാമാന്റെ ഭരണിയിൽ അതു മതിയാവോളം തിന്നാം... ആളു കൂടിയാ എണ്ണം കുറയുന്നെ കൊണ്ടു ആരൊടും മിണ്ടാതെ ഞാൻ ചെല്ലും വരവു കാണുമ്പോ തന്നെ എന്തോലും നുമ്മക്കായി തരും... പിറ്റേന്നു മദ്രസയുള്ളീണ്ടു വൈകുന്നേം തന്നെ വീട്ടിലോട്ടു മടങ്ങും.. മടങ്ങുംന്നേരം.. മാമ സങ്കടപ്പെടും എന്നാ ഞിന്റെ കുട്ട്യാളെ കാണാന്നു ചോയ്ച്ചു കണ്ണു നിറക്കും... അതു കാണുമ്പോ നിക്കും കണ്ണു നിറയും അതോണ്ടു പോക്കു പറയാൻ നിൽക്കാതെ ഞാൻ മുന്നേ നടക്കും.. അപ്പോ മാമ പറയും ഓൻക്കു ഓന്റോട്ക്കു എത്തായ്ട്ടു നേരം വൈകി കാണും... മാമ പടച്ചോന്റെ സ്വർഗ്ഗ്ത്തിലേക്കു പോയിട്ടു വർഷങ്ങളൊരുപാടായെങ്കിലും... മാമ ഇപ്പോഴും മുന്നിൽ വന്നു നിൽക്കുന്നെ പോലെയാ... പ്രവാസത്തിലേക്കു യാത്ര തിരിക്കും നേരം... പോക്കു പറയാൻ ഞാൻ പള്ളി കാട്ടിലെ മീസാൻ കല്ലുകൾക്കടുത്തെത്തിയപ്പോൾ... എല്ലാ യാത്ര പറച്ചിലിലും കരഞ്ഞ മാമ അന്നും കണ്ണു നിറച്ചിട്ടുണ്ടാവും ല്ലെ..?
അന്നു മാത്രം യാത്ര പറയാതെ എനിക്കു പോരാനായില്ല.. കണ്ണു നിറക്കാതെയും...

------------------------
അജ്‌മൽ പി. പി

No comments:

Post a Comment