Saturday, 30 September 2017

💥 കല്ലായി💥


ഇസ്തിരിയിട്ട് മടക്കി വെച്ചിരുന്ന തുണിയുടുത്ത് ഷർട്ടിടുമ്പോഴാണ് മാഡത്തിന്റെ ചോദ്യം, എങ്ങോട്ടാ......?
ഹേയ് പൊറായ്ക്കാ.... ളുഹ്ർ നിസ്കരിച്ചിട്ട് വരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ മാഡം വീണ്ടും! നിസ്കാരം കഴിഞ്ഞ് വരുമ്പം ബപ്പടം കൊണ്ട് രിട്ടോ ''.'
ഉം ഒന്ന് ഇരുത്തി മുളിക്കൊണ്ട് ഞാൻ നടന്നു.
കുറ്റൂർ അങ്ങാടിയിൽ വന്നു ആരോടൊക്കെയോ കുശലാന്യേഷണങ്ങൾ നടത്തി .
സമയം പതിനൊന്നു മണി കഴിഞ്ഞിട്ടേയുള്ളു. ഒരു സ്വിഫ്റ്റ് കാർ എൻറെ അടുത്ത് നിന്നു. ഡോറിലെ ഗ്ലാസ്സ് താഴ്ന്നു. സൈഡ് സീറ്റിൽ ൻറെ സൈദും ഡ്രൈവിംഗ് സീറ്റിൽ ലത്തീഫും!
കേറിക്കോളിൻ ലത്തീഫ് പറഞ്ഞു. ൻറെ സൈദും നിർബന്ധിച്ചു. പക്ഷേ എങ്ങോട്ടാണെന്ന് പറയുന്നില്ല.
ബാങ്ക് കൊടുക്കാനായി. എനിക്ക് സാധനങ്ങൾ വാങ്ങിക്കൊണ്ടോണം. ചോറിനുള്ളതാ......
ൻറെ സൈദിന്റെയും ലത്തീഫിന്റെയും നിർബന്ധത്തിന് വഴങ്ങി ഞാനും കാറിൽ കയറി.
ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്ന് ഞാൻ ൻറെ സൈദിനോട് ചോദിച്ചു...... അല്ല, സൈദേ നമ്മളെങ്ങോട്ടാ.......? സസ്പെൻസ് എന്നും ൻറെ സൈദിന് ഒരു ഹരമായിരുന്നു.
തലപ്പാറ പമ്പിൽ നിന്ന് ഇന്ധനം നിറച്ചു. ലത്തീഫ് പറഞ്ഞു നമുക്ക് കോഴിക്കോട് കല്ലായി വരെ ഒന്നു പോകണം.
കല്ലായി എന്ന് കേട്ടപ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തിയത് കല്ലായിയിലെ മരക്കച്ചവടമാണ്. ൻറെ സൈദിന്റെ ഓരോ തമാശകൾ കേട്ട് സമയം പോയതറിഞ്ഞില്ല. കാർ കല്ലായിപ്പാലം കടന്നു. ൻറെ സൈദിന്റെ നിർദ്ദേശപ്രകാരം ഒരു മരത്തിന്റെ ചുവട്ടിൽ കാർ പാർക്ക് ചെയ്തു.
അപ്പോഴും എന്താണിവരുടെ പരിപാടിയെന്നോ, എന്നെ എന്തിനാണ് കൊണ്ടുവന്നതെന്നോ എനിക്ക് മനസ്സിലായില്ല. 
ആകാണുന്ന ബോർഡാണ് ലത്തീഫേ .....
ൻറെ സൈദ് ചൂണ്ടിയ ബോർഡ് ഞാൻ നോക്കി."കാലിക്കറ്റ് യൂനാനി റിസേർച്ച് സെന്റർ" എന്നാണ് ബോർഡിലുള്ളത്.
ഒരു ചെറിയ ഇടയിലൂടെ കയറി റിസർച്ച് സെന്ററിൽ എത്തി. ഒരു വീട് പോലെയുള്ള പഴയ കെട്ടിടം. നന്നായി പോളിഷ് ചെയ്ത തൂണുകൾ! അടുത്തിടെ പെയ്ന്റ് ചെയ്ത ഭിത്തികൾ !! ആകെ കൂടി സുന്ദരമായ ഒരന്തരീക്ഷം.. എന്നാൽ നൂറ് കണക്കിനാളുകൾ അവിടെയുമിവിടെയുമായി നിൽക്കുന്നു. ൻറെ സൈദ് ആരെയും കൂസാതെ റിസപ്ഷനിൽ ചെന്നു. റിസപ്ഷനിസ്റ്റായ തരുണീമണിയോട് ൻറെ സൈദ് പറഞ്ഞു, ഞാൻ വിളിച്ചിരുന്നു.....
ൻറെ സൈറ്റിനെ ആ സ്ത്രീ തറപ്പിച്ചൊന്നു നോക്കി. എന്നിട്ട് ചോദിച്ചു പേരെന്താ? ൻറെ സൈദ് മൂന്ന് പേരുകൾ പറഞ്ഞു. ഒന്ന് ൻറെ സൈദ്, ലത്തീഫ് ,മൂന്നാമത്തേത് ഞാനല്ല.
അൽപം വെയ്റ്റ് ചെയ്യു, ഞാൻ ശ്രമിക്കാമെന്ന് ആ സ്ത്രീ പറഞ്ഞു.
മൂന്നു പേരും പുറത്തിറങ്ങി. 
എം.ആർ.സീപോഷകാഹാരം കഴിക്കേണ്ടേ?
പപ്പടവുമായി വരുന്ന എന്നെയും കാത്തിരിക്കുന്ന മാഡത്തിനെ ഞാനോർത്തു, പാവം.
സുപ്രസിദ്ധ സിനിമാ താരം മാമുക്കോയയുടെയും മറ്റ് പല കോയ മാരുടെയും പാദസ്പർശനമേറ്റ മണൽത്തരികളിലൂടെ ഞങ്ങൾ താഴോട്ട് നടന്നു. പല മരക്കടകളും നാഥനില്ലാതെ കിടക്കുന്നത് പോലെ തോന്നി.
ഹോട്ടലൊന്നും കണ്ടില്ല. കാറിൽ കയറി കല്ലായിയുടെ ഉൾഭാഗത്തു കൂടി മിംസിനോടടുത്തുള്ള ഒരു ഹോട്ടലിലെത്തി. 
വെജിറ്റേറിയനും നോൺ വെജും ഉണ്ട്. ഞങ്ങൾ വെജിൽ കയറി. ഫുൾ എ സി. നല്ല തണുപ്പ്. മൂത്രമൊഴിച്ച് കൈ കഴുകി വന്നപ്പോഴേക്കും ലത്തീഫ് ഫുഡിനുള്ള ഓർഡർ നൽകിയിരുന്നു. തൊട്ടപ്പുറത്തെ ടേബിളിനരികെ രണ്ട് അറബികളിരിക്കുന്നു.
ചോറ് വന്ന് ആറേഴ് കൂട്ടാനകളുള്ള നല്ല ഒന്നാന്തരം ഊണ്. അടുക്കളയിൽ പാകം ചെയ്യുന്നതും വിളമ്പുന്നതുമൊക്കെ CCTV യിൽ കാണാം.
ഒരു പ്ലൈയ്റ്റ് നിറയെ കോഴി പൊരിച്ചതു പോലെയുള്ള ഒരു സാധനം വന്നു. ചൂടോടെ ഒരു കഷണം ൻറെ സൈദ് എടുത്ത് വായിലിട്ടു.
ഞാനും ലത്തീഫും ഓരോ കഷ്ണം എടുക്കാൻ തുനിഞ്ഞപ്പോൾ, വായിലുള്ളത് തുപ്പിക്കളഞ്ഞ് കൊണ്ട് പറഞ്ഞു. ആരും ഇടക്കല്ലീ ...... കോഴികേട് വന്നതാണ് !
ലത്തീഫ് എന്റെ മുഖത്തേക്ക് നോക്കി. 
ലത്തീഫ് ഒത കഷ്ണം എടുത്ത് തിന്നു. ഞാൻ ഒന്നു തിന്നു. ഞങ്ങൾ രണ്ട് പേരും തപ്പിക്കളയാതിരുന്നപ്പോൾ ന്റെ സൈദിന് സംശയം?
വെജിറ്റേറിയൻ ഹോട്ടലല്ലേ ......!
കോളി ഫ്ലവർ പൊരിച്ചാലെങ്ങനെ കോഴിയുടെ രുചിയുണ്ടാകുമോ !!
പോഷകാഹാരം കഴിഞ്ഞ് തിരിച്ച് റിസർച്ച് സെന്ററിലെത്തി -
അപ്പോഴും തിരക്കിനൊ കുറവുമില്ല. 
ൻറെ സൈദ് വീണ്ടും റിസപ്ഷനിസ്റ്റിനോട് എന്തൊക്കെയോ പറഞ്ഞു. അടുത്തത് ഞമ്മളാണ് എന്ന് പറഞ്ഞ് മൂന്ന് ഫയലുകളുമായി ൻറെ സൈദ് ഞങ്ങളുടെ അടുത്ത് വന്നു. റിസർച്ചല്ലേ മൂന്നു പേർക്കും കൂടി ഒരുമിച്ച് കടക്കാം.
ഞങ്ങളുടെ ഊഴമായി. മൂന്നു പേരും ഒരുമിച്ച് കയറി. 
അവിടത്തെ പ്രധാന ഡോക്ടർ, തൊട്ടടുത്തുള്ള ബെഞ്ചിൽ (ഡെസ്ക് ഉണ്ട്.) മൂന്നു പെൺകുട്ടികൾ !
ഒത സൈഡിലെ ബെഞ്ചിൽ ഞങ്ങൾ മൂന്നു പേരും ഇരുന്നു. ൻറെ സൈ ദിനോട് ഡോക്ടർ സംസാരിക്കുന്നതിനോടൊപ്പം പെൺകുട്ടികളോട് ഉറുദുവിലും എന്തൊക്കെയോ പറയുന്നു. അതായിരിക്കും റിസർച്ച് എന്ന് എനിക്ക് മനസ്സിലായി. എന്തോ രണ്ട് മിനിറ്റിന് ശേഷം ഡോക്ടറും ഈ കുട്ടികളും എണീറ്റു. ഡോക്ടർ പറഞ്ഞു, രണ്ട് മിനിറ്റ് വെയ്റ്റ് ചെയ്യു ഇപ്പോ വരാമെന്ന് പറഞ്ഞ് ഉള്ളിലേക്ക് അവർ പോയി.
ലത്തീഫ് പറഞ്ഞു. ഞങ്ങളെ രണ്ടാളെയും ഇയാളെ കാണിച്ച് കുറച്ച് മരുന്ന് കഴിക്കാൻ തീരുമാനിച്ചു. യൂനാനിയല്ലേ... നല്ലതാണ്.
ഉം: ഞനൊന്നു മൂളി.
പെട്ടെന്നാണ് ഞാനത് ശ്രദ്ധിച്ചത്. ഒരു പെൺകുട്ടി മൊബൈൽ അവിടെ മറന്ന് വെച്ചിരിക്കുന്നു!
ന്റെ സൈദ് പറഞ്ഞു, MRC ആ ഫോണിൽ നിന്ന് നിങ്ങളെ ഫോണിലേക്ക് ഒരു മിസ് കോൾ വീടിം.
അത് വേണ്ടെന്ന് ഞാൻ പറഞ്ഞു. പെൺകുട്ടികളെക്കുറിച്ച് പല കമന്റുകളും ഞങ്ങൾ പറഞ്ഞു.
പെട്ടെന്ന് ഞാൻ ചാടിയെണീറ്റു, ഒന്നും മിണ്ടാതെ ഞാൻ ൻറെ സൈദിനും ലത്തീഫിനും അത് കാണിച്ചു കൊടുത്തു.
ആ ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക് കോൾ പോയിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾ സംസാരിച്ചത് മുഴുവനും അപ്പുറത്തെ റൂമിലിരുന്ന് ഡോക്ടറും കുട്ടികളും കേട്ട് റിസർച്ച് നടത്തുകയാണ്. മൂന്നു പേരും മെല്ലെ എണീറ്റു, പുറത്തേക്ക് കടക്കാൻ തുനിഞ്ഞപ്പോൾ ഡോക്ടർ മാത്രം വന്ന് മൊബൈൽ ഫോൺ എടുത്ത് ഓഫ് ചെയ്തു. ഒന്നുമറിയാത്ത പോലെ ൻറെ സൈദിനും ലത്തീഫിനും മരുന്നുകൾ കുറിച്ച് നൽകി. പുറത്തിറങ്ങി. മരുന്നും വാങ്ങി കാറിനടുത്തേക്ക് നടക്കുമ്പോൾ ലത്തീഫ് പറഞ്ഞു നമുക്കൊരു ചായ കുടിക്കാം. ചൂട് ചായ മൊത്തിക്കുടിക്കുമ്പോഴും എന്റെ മനസ്സ് നിറയെ പപ്പടവും കാത്തിരിക്കുന്ന മാഡമായിരുന്നു!
-------------------------------------------
എം ആർ സി അബ്ദുറഹ്മാൻ

ഓർത്ത് ചിരിക്കാൻ


നെച്ചികാട്ട് കുണ്ടിൽ മോട നെല്ല് വിളഞ്ഞ് പാകമായി നിൽക്കുന്ന സമയം.

ആഴ്ചകൾക്കഴിഞ്ഞാൽ കൊയ്തടുക്കാനാവും.
അതിന്റെ മുന്നെ തന്നെ വിള നശിപ്പിക്കാൻ വരുന്ന ഒരു കൂട്ടം (അവർ നശിപ്പിക്കുകയല്ല അവരുടെ അന്നം തേടുകയാണ് ) തത്തകൾ വരും.
അതിന്ന് കാവൽ പട്ടാളക്കാരനായ് നിയോകിക്കാർ ഈ സാധുവായ എന്നെയായിരുന്നു. ദിവസവും രണ്ട് നേരം രാവിലേയും 'വൈ കുന്നേരവും'
പട്ടാളമുറ എന്തെന്നറിയേണ്ടേ? രസകരമായതും
ഇന്ന് ഓർക്കുമ്പോൾ )
അന്ന് ദേശ്യം പിടിച്ചതുമായിരുന്നു.
തപ്പ് (ട്ടി ന്ന്) അതിൻമേൽ വടികൊണ്ടടിച്ച് ശബ്ദമുണ്ടാക്കുകയാണ് മുറ.

ആ ശബ്ദം കേട്ട് തത്തകൾ ഓടുമായിരുന്നു
ആ അടിയുടെ ശബ്ദം നെച്ചിക്കാട്ടുകുണ്ട് മുഴുവനും മുഴങ്ങും'
ഇന്നത്തെ പോലെ നിറയെ വീടില്ലാത്ത കാലമായത് കൊണ്ടാവാം ആരും എന്നെ ചീത്ത പറയാൻ വരാതിരുന്നത്.
ആ പറമ്പിന്റെ തെക്ക് ഭാഗത്ത് കുരിക്കളെ വീടും
കിഴക്ക് ഭാഗത്ത്
ഫൈസലിന്റെ ഒരു വീടുമാത്രമാണു കാണാനുണ്ടായിരുന്നത്.

അങ്ങിനെ എന്റെ അടി കൊണ്ട് ഒരു പാട് തപ്പ് വേതന കൊണ്ട് പുളഞ്ഞിട്ടുണ്ടാവും.

ഇന്നത്തെ മക്കളോട് തത്തന ആട്ടാൻ പോവാൻ പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം.

ഇന്ന് ആ തത്തകളുടെ കൂട്ടത്തോടെ വരുന്നവരവ് ഓർക്കുമ്പോൾ മനസിന്ന് വല്ലാത്തൊരു ആനന്ദം തോന്നുന്നു.

അന്ന് ദേശ്യം പിടിച്ച് തപ്പ് അടിച്ച് പൊട്ടിക്കലായിരുന്നു'😀😀😀😀
-----------------------------
ഹനീഫ പി. കെ., 

🌺🌺അബൂട്ടിയുടെ കിനാക്കൾ🌺🌺 (അദ്ധ്യായം:10)


(അദ്ധ്യായം:10)

'ആയിശോ' - ഹാജിയാർ നീട്ടി വിളിച്ചു.
ഇതാ വരുന്നു ...എന്നും പറഞ്ഞു ഹാജിയാരുടെ ഭാര്യ ആയിഷ ഇറങ്ങി വന്നു. ഹാജിയാരുടെ കൂടെ ഒരു കുട്ടിയെ കണ്ട് ഒന്ന് ഞെട്ടുകയും ചെയ്തു.
'എന്താ നീ നോക്കുന്നത്' ഞാൻ ടൗണിൽ പോയപ്പോൾ അവിടെ ഹോട്ടലിൽ ജോലിക്കു നിൽക്കുകയായിരുന്നു ഈ കുട്ടി. ഞാനിങ്ങോട്ട് കൂട്ടി കൊണ്ട് വന്നു.'
'വാ -മോനെ - വന്ന് കുളിക്ക്- എന്നിട്ട് എന്തെങ്കിലും കഴിക്കാം..ആയിഷുമ്മ  അവനെ അകത്തേക്ക് കൊണ്ട് പോയി.
ദേ -കുളിമുറിയിൽ വെള്ളം ചൂടാക്കി വെച്ചിട്ട് നേരം കുറെയായി. വേഗം കുളിച്ചോളൂ. എന്ന് ഹാജ്യാരെ ഓർമിപ്പിച്ചു അവർ അകത്തേക്ക് പോയി.
അങ്ങനെ അന്ന് മുതൽ അവൻ ആ വീട്ടിലെ ഒരംഗത്തെ പോലെയായി. ഇടക്കിടക്ക് അവന്റെ മുഖത്തു കാണപ്പെടുന്ന വിഷാദ ഭാവം മനസ്സിലാക്കി ഹാജിയാർ തന്ത്രപൂർവം കാര്യം ചോദിച്ചറിഞ്ഞു. അവൻ എല്ലാം പറഞ്ഞു.    ഒപ്പം ഉമ്മയെയും ഉപ്പയെയും അനിയത്തിമാരെയും കാണാത്തതിലുള്ള വിഷമവും തുറന്നു പറഞ്ഞു. ഹാജിയാർ അവനെ അവന്റെ വീട്ടിലേക്കു കൊണ്ട് പോകാമെന്നേറ്റു.

അന്നൊരു ഞായറാഴ്ചയായിരുന്നു. അബൂട്ടി പതിവിലേറെ സന്തോഷത്തിലാണ്. ഇന്നാണ് ഹാജിയാർ അവനെ വീട്ടിലേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞ ദിവസം  അവൻ അതിരാവിലെ എഴുന്നേറ്റ് കുളിച്ചു മുടി ചീകി ഒരുങ്ങി നിന്നു. ആയിഷുമ്മ അവന് മറ്റു മക്കളുടെ കൂടെ തന്നെ ചായ കൊടുത്തു. ഹാജിയാർ മുമ്പിലും അവൻ പിറകിലുമായി നടന്ന് നീങ്ങി. ബസ്സുകൾ കയറിയിറങ്ങി അവന്റെ ഗ്രാമത്തിലെത്തി. തന്റെ സ്വന്തം ഗ്രാമത്തിലെ കാഴ്ചകളും വീടടുക്കാറായി എന്നതും അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷമുളവാക്കി. 
വീടെത്തിയതും -ഉമ്മാ - എന്ന് വിളിച്ചു കൊണ്ട് ഹാജ്യാരെയും പിറകിലാക്കി കൊണ്ട് അവൻ മുന്നോട്ട് ഓടി. ശബ്ദം കേട്ട് വാതിൽ തുറന്നതു അപരിചിതയായ ഒരു സ്ത്രീയാണ്.
ആരാണ് ??
-ഉമ്മ .. ഉമ്മയെവിടെ ..എന്റുമ്മയെവിടെ ..?
തന്റെ വീട്ടിൽ ഉമ്മയെ കാണാത്ത ജിക്‌ഞാസയോടെ അബൂട്ടി വിക്കി വിക്കി തിരക്കി.
'കുട്ടി ഏതാ ? കുട്ടിക്ക് വീട് തെറ്റിയതായിരിക്കും,-
- അല്ല ..ഇതെന്റെ വീടാണ് - പറ -  ,എന്റെ ഉമ്മ എവിടെ ??
അബൂട്ടി വീണ്ടും ചോദിച്ചു കൊണ്ടേയിരുന്നു.
അബൂട്ടിയുടെ കൂടെ ഉണ്ടായിരുന്ന ഹാജിയാർ നിർന്നിമേഷനായി എല്ലാം നോക്കി മനസ്സിലാക്കുകയായിരുന്നു.
- ആരാ അവിടെ - എന്ന് ചോദിച്ചു അകത്തു നിന്നും ആ സ്ത്രീയുടെ ഭർത്താവെന്നു തോന്നിക്കുന്ന ഒരു മധ്യവയസ്‌കൻ ഇറങ്ങി വന്നു.
-ആരാ - എന്താ കാര്യം -
'ഞങ്ങൾ കുറച്ചു ദൂരെ നിന്നാണ് - ഹാജിയാരുടെ മറുപടി 
'എന്നാൽ വരൂ. നമുക്ക് അകത്തിരുന്നു സംസാരിക്കാം. ഹാജിയാർ വരാന്തയിൽ കയറിയിരുന്നു കാര്യങ്ങളെല്ലാം പറഞ്ഞു. 
അബൂട്ടി പോയതിനു ശേഷം അവന്റുപ്പ അവനെ അന്വേഷിക്കാത്ത സ്ഥലമുണ്ടായിരുന്നില്ല. ആ വിഷമം കാരണം കച്ചവടത്തിലെ ശ്രദ്ധ കുറയുകയും ചെയ്തു. വീടും കച്ചവടവും വിറ്റ് അവരെങ്ങോട്ടോ പോവുകയാണുണ്ടായത്. കുട്ടിഹസ്സന് പോലും അവരെങ്ങോട്ടാണ് പോയതെന്ന് അറിവില്ലായിരുന്നു.
വിവരങ്ങൾ കേട്ട അബൂട്ടിയുടെ കണ്ണിലൂടെ ചാലുകൾ ഒഴുകി. അവൻ എങ്ങി എങ്ങി കരഞ്ഞു. അവന്റെ സങ്കടം ആ വീട്ടുകാരിലും ഹാജ്യാരിലും അതിയായ വിഷമമുണ്ടാക്കി. എന്ത് ചെയ്യാനാണ് - അവർ എവോടെക്കാണ്‌ പോയതെന്ന് ആർക്കും അറിയില്ല. 
ഹാജിയാർ ആ വീട്ടിൽ നിന്നും ഇറങ്ങി. മെല്ലെ അവനെ തലോടി പറഞ്ഞു.
- സാരമില്ല മോനെ - അവരെവിടെയെങ്കിലുമുണ്ടാകും- നമുക്ക് കണ്ടെത്താം - ഇപ്പോൾ മോനോന്റെ കൂടെ വാ ,- അവിടെ മോന് ഉമ്മയും മറ്റെല്ലാവരുമുണ്ടല്ലോ- എന്നും പറഞ്ഞു അവനെ കൂട്ടി കൊണ്ട് തിരിഞ്ഞു നടന്നു.
ആഴിക്കടലിൽ കൊടുങ്കാറ്റും പേമാരിയും മൂലം ആടിയുലയുന്ന കപ്പലിന്റെ കപ്പിത്താന്റെ മനസ്സിൽ കാറ്റിന്റെയും തിരമാലകളുടെയും ശക്തി കുറയുമ്പോൾ ഉണ്ടാവുന്ന ഒരു ശാന്തതയും ഉണർവും ആ ബാലന്റെ നിഷ്കളങ്കമായ മുഖത്തും മനസ്സിലും ഹാജിയാരുടെ ഈ വാക്കുകൾ കേട്ടപ്പോൾ പ്രകടമായി. എന്നെങ്കിലും തന്റെ കുടുംബത്തെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയോടെ ഹാജിയാരുടെ കൂടെ വീട്ടിലേക്ക് തിരിച്ചു.

                 (   തുടരും )

(അദ്ധ്യായം: 1) 
(അദ്ധ്യായം: 2) 
(അദ്ധ്യായം: 3) 

(അദ്ധ്യായം: 4) 

കോലം നോക്കി നാം ആരെയും വിലയിരുത്തരുത്


------------------
രംഗം ഒന്ന്
------------------
പ്രശസ്ത ട്രെയിനർ മധു ബാലകൃഷ്ണന്റെ ക്ലാസ് ആരംഭിക്കുന്നു...
സ്വയം പരിചയപ്പെടുത്തി മധു സാർ സദസ്സിനോടൊന്നാകെ  എഴുന്നേൽക്കാൻ പറഞ്ഞു.. "ഇനി വെറും രണ്ടു മിനിറ്റിൽ ഇതുവരെ പരിചയമില്ലാത്ത രണ്ടു പേരെ പരിചയപ്പെടുക.... " 

പാതി മനസ്സോടെയാണെങ്കിലും ഞാനും തൊട്ടടുത്തിരുന്ന ചെറുപ്പക്കാരനുമായി പരിചയപ്പെട്ടു...
ആൾ കേരളത്തിൽ അറിയപ്പെടുന്ന ഫർണിച്ചർ കമ്പനിയുടെ ഓണറുടെ മകൻ...
പരിചയപ്പെട്ടു വന്നപ്പോൾ എന്നോ പരിചയപ്പെടേണ്ടതായിരുന്നു എന്ന തോന്നൽ.... അടുത്തിരിന്നിട്ടും മനസ്സിലായില്ലല്ലോ എന്ന കുറ്റബോധം...

‌രണ്ടാമത് പരിചയപ്പെട്ടത് തലശ്ശേരിയിലെ അറിയപ്പെടുന്ന ആർക്കിടെക്റ്റ്... 
‌മുമ്പേ പരിചയപ്പെടാതിരുന്നതിൽ പിന്നെയും നഷ്ടബോധം...
‌ഇവിടെ കൂടിയ എല്ലാവരും പരിചയപ്പെടേണ്ടവർ തന്നെ എന്ന ഒരു ഉൾചിന്ത....! 

‌ഇങ്ങിനെ ഒരു ഇന്റട്രാക്ഷൻ ഒരുക്കിയ മധുസാറോട് ബഹുമാനം തോന്നി. അദ്ദേഹം പരിചയം കൊണ്ട് ഉണ്ടാക്കി എടുത്ത  നേട്ടങ്ങളെ കുറിച്ചു പറഞ്ഞപ്പോൾ ഞാൻ എന്നെ കുറിച്ചാലോചിക്കുകയായിരുന്നു....

‌-------------------
രംഗം രണ്ട്
-------------------
‌കണ്ണൂരിൽ നിന്ന് കോഴിക്കോട് ട്രെയിൻ ഇറങ്ങി ksrtc ൽ നാട്ടിലേക്ക് മടങ്ങുമ്പോൾ ഉണ്ടായ അനുഭവം.. 
‌ഉച്ചയ്ക്ക് ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ നല്ല ക്ഷീണം.. ksrtc സ്റ്റാന്റ് എത്തിയപ്പോൾ രാത്രി 8 മണി കഴിഞ്ഞിട്ടുണ്ടാകും, പെട്ടന്ന് ഒരു ചായ കുടിച്ചു, ചാലക്കുടിയിലേക്ക് പുറപ്പെടുന്ന ബസ്സിൽ ചാടി കയറി...

‌ബസ്സിൽ സീറ്റൊന്നും ഒഴിവില്ല എന്നു കാണുന്നത് കയറിയതിന് ശേഷമാണ്... സ്ത്രീകളുടെ സീറ്റ് ഒഴിവുണ്ട്... 
‌ഒന്നു കൂടി നോക്കിയപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്.. വികലാങ്കരുടെ സീറ്റിൽ ഒരാൾ മാത്രം...

‌ഒരു പുള്ളി തുണിയുടുത്ത്, മറ്റൊരു തുണി കൊണ്ട് പുതച്ച ഒരു വയസ്സൻ, പുള്ളിത്തുണിയുടെ ഒരു കഷ്ണം കൊണ്ട് തലയിൽ ഒരു കെട്ടും പിന്നെ നരച്ച താടിയും... ആകപ്പാടെ ഒരു ഭിക്ഷക്കാരന്റെ രൂപം... 

‌ഞാൻ സീറ്റിലേക്ക് നോക്കിയതും എനിക്കായി ആ മനുഷ്യൻ സീറ്റിൽ ഒതുങ്ങി ഇരുന്നു... ഒന്നു മടിച്ചെങ്കിലും ഞാൻ അവിടെ ഇരുന്നു... അല്പം ഉറങ്ങാം എന്നായിരുന്നു മനസ്സിലപ്പോൾ...

‌അൽപ്പം കഴിഞ്ഞതും അയാൾ എന്നോട് സലാം പറഞ്ഞു... എന്റെ ഉറക്കം മാറ്റിവെച്ചു അയാളെ പരിചയപ്പെടാൻ തന്നെ ഞാൻ തീരുമാനിച്ചു... യാത്രയിൽ അവിചാരിതമായി പരിചയപ്പെട്ട പലരും പിന്നെ വലിയ സൗഹൃതമായി മാറിയതോർമ്മ വന്നു...

‌ഞങ്ങൾ തമ്മിലുള്ള സംസാരം നീളും തോറും അയാൾ എന്നെ അത്ഭുതപ്പെടുത്തികൊണ്ടേയിരുന്നു... പരിചയപ്പെട്ടില്ലങ്കിൽ എത്ര നഷ്ടമായേനെ എന്നു ചിന്തിക്കാതിരുന്നില്ല...

‌തീർച്ചയായും ഒരു ഭിക്ഷക്കാരനായി കണക്കാക്കിയ മനുഷ്യൻ ആരാണെന്ന് അറിയേണ്ടേ...?
‌ഇടുക്കികാരൻ  അബ്ദു റസാക്ക്, ആൾ റിട്ടയേഡ് ഹെഡ് മാഷാണ്, നല്ല ഫ്ലുവന്റ് ഇംഗ്ലീഷ്... സഹപാഠികൾ ആരെന്ന് കേട്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്.. നമ്മുടെ മുൻ രാഷ്ട്രപതി APJ അബ്ദുൾ കലാം, പിന്നെ മുൻ മുജാഹിദ് പ്രസിഡൻറ് മർഹൂം ഡോക്ടർ ഉസ്മാൻ സാഹിബ്. മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്ക് ഇവർ ഒന്നിച്ചായിരുന്നത്രെ... 

‌ഇന്നു വരെ കേൾക്കാത്ത കലാം സാറിന്റെ ഏറെ കഥകൾ അയാൾ എന്നോട് പറഞ്ഞു.. അധികവും  അദ്ദേഹത്തിനെ സ്വകാര്യ ജീവിതത്തെ കുറിച്ച്.... 

‌അദ്ദേഹത്തിന്റെ സുഹൃത്തുകളുടെ  ലിസ്റ്റ് കേട്ടപ്പോൾ പിന്നെയും അത്ഭുതം! 
‌പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ET മുഹമ്മദ് ബഷീർ, രമേശ് ചെന്നിത്തല.. ലിസ്റ്റ് ഏറെ നീണ്ടതാണ്...

‌കുളപ്പുറം എത്തുന്നത് വരെ ഞങ്ങൾ ഒരുപാട് സംസാരിച്ചു... ഓരോന്നും എനിക്ക് പുതിയ പുതിയ അറിവുകളും അനുഭവങ്ങളും നൽകിക്കൊണ്ടേയിരുന്നു... 
‌അദ്ദേഹത്തിന്റെ യാത്രയുടെ ലക്ഷ്യവും തന്റെ സ്വകാര്യ ജീവിതത്തെകുറിച്ചും വരെ ഞങ്ങൾ സംസാരിച്ചു... 
‌അദ്ദേഹവുമായി സംസാരിച്ച കാര്യങ്ങൾ എല്ലാം എഴുതാൻ സമയം അനുവദിക്കുന്നില്ല... പിന്നെയാവാം...

‌അവസാനം ഏറെ വിലപ്പെട്ട നല്ല ഉപദേശങ്ങളും നൽകാൻ അദ്ദേഹം മറന്നില്ല...!
‌ഉറങ്ങാൻ നിയ്യത്ത് ചെയ്ത വണ്ടിയിൽ കയറിയ ഞാൻ കുളപ്പുറം എത്തിയത് അറിഞ്ഞതേയില്ല... 
‌അദ്ദേഹത്തോട് യാത്ര പറഞ്ഞിറങ്ങുബോൾ പിരിയുന്നതിൽ മനസ്സൊന്നു നോവതിരുന്നില്ല...!

‌ബസ്സിൽ നിന്നിറങ്ങി ഞാൻ ആലോചിക്കുകയായിരുന്നു... എന്നും നമ്മോടൊപ്പം എത്ര പേർ യാത്ര ചെയ്യുന്നു... നാം ഇത്ര പേരെ പരിചയപ്പെടാൻ ശ്രമിക്കുന്നുണ്ട്... പലപ്പോഴും വലിയ വലിയ മനുഷ്യരായിരിക്കും അവർ...!
‌ഏതു അപരിചിതനോടും രണ്ടു വാക്കു മിണ്ടിയാൽ അയാളിൽ നിന്നും നമുക്കെന്തെങ്കിലും കിട്ടാതിരിക്കില്ല.. അല്ലെങ്കിൽ നമുക്കയാൾക്ക് എന്തെങ്കിലും നൽകാനെങ്കിലും ആവും തീർച്ച.... 

‌കോലം നോക്കി നാം ആരെയും വിലയിരുത്തരുത്... പലപ്പോഴും അവർ വലിയ മഹാൻ വരെ ആവാനിടയുണ്ട്.....
-‌------------------------------‌
‌ഷാഫി അരീക്കൻ

നാടിന്റെ പെരുന്നാൾ കോടിയായി നമ്മുടെ പെരുന്നാൾ പതിപ്പ്.....


🌸🌸🌸🌸🌸🌸🌸
ഒരു ദേശത്തിന്റെ സ്നേഹ കൂട്ടായ്മയായ തത്തമ്മക്കൂട് പുറത്തിറക്കിയ പെരുന്നാൾ പതിപ്പ് ശ്രദ്ധേയമായി.
കഴിഞ്ഞ രണ്ട് വർഷത്തോളമായി നാടിന്റെ സർഗാത്മക ഇടമായി നിലനിൽക്കുന്ന ഓൺലൈൻ കൂട്ടായ്മ നാട്ടുകാർക്ക് നൽകുന്ന  ആദ്യ വിഭവമാണിത്.
കൂടെഴുത്തുകാരുടെ സൃഷ്ടികൾ മാത്രമാണ് ഇതിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കഥ, കവിത, അനുഭവം, തുടങ്ങി വിത്യസ്ത സ്വഭാവത്തിലുള്ളതാണ് ഇതിലെ ഓരോ എഴുത്തും.

തത്തമ്മക്കൂട് പെരുന്നാൾ പതിപ്പ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

പെരുന്നാൾ പതിപ്പിന്റെ അകം
➖➖➖➖➖➖➖
പേജ് 1
പെരുന്നാളോർമ്മകൾ
✍ ഫൈസൽ മാലിക്ക്

ഒരു നാടുണരുന്നതിന്റെ ചിറകനക്കങ്ങൾ
✍ സത്താർ കുറ്റൂർ

പേജ് 2

പ്രവാസിയുടെ പെരുന്നാൾ
✍ KM ശരീഫ്

പ്രവാസി ബാല്യങ്ങളിൽ നഷ്ടമാവുന്നത്......
✍പരി സൈതലവി

പേജ് 3
പ്രവാസം, നാടിന്റെ നാൾവഴികൾ
✍ ലതീഫ് അരീക്കൻ

ഓർമ്മ മേയുന്ന ഓലപ്പുരകൾ

KMകുഞ്ഞഹമ്മദ് കുട്ടി

വ്യാഴാഴ്ചയിലെ വിരുന്ന് പോക്ക്
✍VN ഹബീബുള്ള

പേജ് 4
ഒരു പ്രവാസിയുടെ ഡയറി കുറിപ്പ്
✍ ജാബിർ അരീക്കൻ

നൻമ വിചാരങ്ങൾ
✍PKഅലി ഹസ്സൻ

ദൂരം (മിനികഥ)

അരീക്കൻ മുഹമ്മദ് കുട്ടി

ഓർമ്മയുണർത്തുന്ന സൈക്കിൾ ബെല്ലുകൾ
✍ KM മുസ്തഫ

ജിന്ന്
✍MRC

പേജ് 5
അബ്ദുവിന്റെ പട്ടം
✍അന്താവ

പ്രവാസിയുടെ കണ്ണുനീർ
✍ ഉസാമ പി കെ

കുട്ടിക്കാലത്തെ പെരുന്നാളോർമ്മ
✍ ശിഹാബ് VN

പേജ് 6
130 കൂട് ബന്ധുക്കളുടെ ഫോട്ടോ

നാല് കവിതകൾ
➖➖➖➖➖
തത്തമ്മക്കൂട്
✍ അരീക്കൻ മൊയ്തീൻ കുട്ടി

പ്രതീക്ഷ
✍ അൻവർ ആട്ടക്കോളിൽ

സാഫല്യം
✍ ഇർഷാദ് അരീക്കൻ

ഇരുട്ടിന്റെ മനസ്സ്
✍ അജ്മൽ പി പി







------------------------------------
തത്തമ്മക്കൂട് 
അഡ്മിൻ ഡെസ്ക്ക്


<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ്  ക്ലിക്ക് ചെയ്യുക >>>>
--------------------------------------------------------------------------------------------------------------------------


ചേലൊത്ത കൂട്


പുത്തനുടുപ്പിട്ട് തത്തമ്മക്കൂട്ടിൽ
പുലരിയണഞ്ഞിടുന്നു...
അത്തറുപൂശി മാരുതനെത്തീ 
തത്തിക്കളിച്ചുനിന്നു.
തക്ബീർ പാടി പറവകൾ ചുറ്റും
പാറിപ്പറന്നിടുന്നു...
ചേലോടെ തത്തകെളൊരുമിച്ചുകൂടി
സൗഹൃദം പങ്കിടുന്നു...

നന്മകൾ തളിരിടും തത്തമ്മക്കൂടിനെ
ലോകരറിഞ്ഞിടുന്നൂ...
നിസ്വാർത്ഥ സേവന-തൽപരരിന്ന്
കൂട്ടിലണഞ്ഞിടുന്നൂ...
കൂടിന്റെ ശിൽപിയാം സത്താറിലിന്ന്
നന്ദികളോതിടുന്നൂ....
കൂടിൻ വിശേഷങ്ങളോതുമ്പോഴെന്നുടെ
ചിത്തം തുടിച്ചിടുന്നൂ....
-----------------------------------
മൊയ്തീൻ കുട്ടി അരീക്കൻ

💥 പ്രവാസം 💥


കൂട്ടിലെ പ്രമുഖ തത്തയായ ലത്തീഫ് സാഹിബിന്റെ അടുത്ത് ജോലി ചെയ്തിരുന്ന സമയത്ത്, ലത്തീഫ് വന്നിട്ട് പറഞ്ഞു ഇന്നൊരു ഗസ്റ്റുണ്ടാവുമെന്ന്! ഞാൻ മനസ്സിലുറപ്പിച്ചു ൻറെ സൈദ് തന്നെ.
ൻറെ സൈദിനെ മനസ്സിൽ കരുതി പോഷകാഹാരം തയ്യാറാക്കാൻ അടുക്കളയിൽ കയറി. ഫ്രീസർ തുറന്ന് 1300 g തൂക്കമുള്ള ഒരു കോഴിയെ പിടിച്ച് നീന്താനുള്ള സൗകര്യം ചെയത് കൊടുത്തു. 
ഒരു മണിക്കൂറിന് ശേഷം വീണ്ടും അടുക്കളയിൽ കയറി.
നീന്തിത്തുടിച്ച് തളർന്ന് വെള്ളത്തിൽ മലർന്ന് കിടന്ന കോഴിയെ പിടിച്ച് കട്ടിംഗ് ബോർഡിൽ  കിടത്തി. കഷ്ണങ്ങളാക്കി ചിക്കൻ മഞ്ചൂരിയുണ്ടാക്കി ഭദ്രമായി അടച്ചവെച്ച് മറ്റ് ജോലികളിൽ മുഴുകി.
ൻറെ സൈദ് വന്നില്ല. ഏകദേശം ഒരു മണി കഴിഞ്ഞ് കാണും. ലത്തീഫ് ഫ്ലാറ്റിൻറെ ഡോർ തുറന്ന് അകത്ത് വന്ന് പറഞ്ഞു.MRC നമ്മുടെ ഗസ്റ്റ് വന്നിട്ടുണ്ട്.
ഞാൻ നോക്കിയപ്പോൾ അഞ്ചരയടി ഉയരമുള്ള വെളുത്ത തടിച്ച മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരാൾ കയ്യിൽ ഒരു ബാഗുമായി നിൽക്കുന്നു!
ഇവനെ അറിയില്ലേ MRC യേ?
അറിയില്ലെന്ന് ഞാൻ പറഞ്ഞു.
അയാൾ കുറ്റൂർ കാരനായിരുന്നു.
ഒരു പ്രവാസി കൂടി പ്രവാസം തുടങ്ങുന്നു. 
ചിലരൊക്കെ നേരത്തെ പോഷകാഹാരം എടുത്തു കഴിച്ചു. 
നിങ്ങൾ പോഷകാഹാരം കഴിച്ചോളൂ .....
അത് പറഞ്ഞ് ലത്തീഫ് വെജിറ്റബിൾ മാർക്കറ്റിലേക്ക് പോയി.
പൊറോട്ടയും കുബ്സും ചിക്കൻ മഞ്ചൂരിയും മേശമേൽ തന്നെയുണ്ട്. രണ്ട് പ്ലെയ്റ്റും ഗ്ലാസ്സും ഞാനെടുത്ത് കൊണ്ടുവന്നു.
ഗസ്റ്ററിനെ ക്ഷണിച്ചു. അനുസരണയുള്ള കൊച്ചു കുട്ടിയെ പോലെ ആയുവാവ് വന്ന് കസേര നീക്കിയിട്ടു. പൊറോട്ടയാണോ കുബ് സാണോ വേണ്ടത്?
പൊറോട്ട മതിയെന്ന ആംഗ്യത്തോടെ പൊറോട്ടകൾ പ്ലെയ്റ്റു നിറഞ്ഞു.
ചിക്കൻ മഞ്ചൂരിയെടുത്ത് പൊറോട്ടക്ക് മുകളിൽ വിതറി.
ഹായ് നല്ല രുചി......
ഗസ്റ്റ് വാ തുറന്ന് അഭിപ്രായം രേഖപ്പെടുത്തി.
ഗസ്റ്റിന്റെ അടുത്ത ചോദ്യം എന്നെ അംബരപ്പിച്ചു.
ഇതിനെ നിങ്ങൾ അറുത്തതാ?
ഹേയ് ഇത് ബ്രസീലിൽ നിന്ന് 6 മാസം മുമ്പ് പുറപ്പെട്ടതാ.... ഇവിടെ വന്നിട്ട് (ജിദ്ധ) ഒരു മൂന്ന് മാസം ആയിട്ടുണ്ടാവും.
കുഴച്ച പൊറോട്ടയും ചിക്കനുംനേരെ വേസ്റ്റ് ബക്കറ്റിലേക്ക്!
സൗദി അറേബ്യയിലെ ആദ്യ ഫുഡ് ബക്കറ്റിലേക്ക് കൊട്ടിയ  - ... എന്താ പറയാ.....
ഇവിടെ ഇങ്ങനെ തന്നെ എന്നും?
ഗസ്റ്റിന്റെ ചോദ്യത്തിന് മറുപടിയായി ഫ്രീസർ തുറന്നു കാണിച്ചു. തണുത്ത് വിറങ്ങലിച്ച് നിൽക്കുന്ന വിവിധ തരം മത്സ്യങ്ങൾ ! പാറക്കല്ല് പോലുള്ള കോഴികൾ!!
ഇതൊക്കെയാണ് ഇവിടെ കഴിക്കാനുള്ളത്. ഞാൻ ഗസ്റ്റിനെ ദയനീയമായി നോക്കിക്കൊണ്ട് പറഞ്ഞു.
ഗസ്റ്റിനെ അതിന് മുമ്പ് ഞാൻ നാട്ടിൽ കണ്ടതായി ഓർമ്മയില്ല. മാതാപിതാക്കളെ ഞാനറിയും.
പിറ്റേന്ന് രാവിലെ തന്നെ എന്റെ മൊബൈൽ ഫോണിൽ നിന്ന് ഗസ്റ്റ് വീട്ടിലേക്ക് വിളിച്ചു. കരഞ്ഞുകൊണ്ടുള്ള സംഭാഷണത്തിൽ രാത്രിയിലെ പോഷകാഹാരം കടന്നു വന്നു.
ഉമ്മാ പത്ത് മാസം പഴക്കമുള്ള കോഴി യാ എനിക്ക് ഇന്നലെ തിന്നാൻ തന്നത്! ഇത് കേട്ട ഞാൻ ഞ്ഞെട്ടിത്തരിച്ചു.
പിന്നിട്ടുള്ള ദിവസങ്ങളിൽ മീനിനെക്കുറിച്ചും ഇറച്ചിയെക്കുറിച്ചുമൊക്കെ പരാതികൾ വീട്ടിലെത്തി.
സത്യത്തിൽ ൻറെ സൈദാ യി രു ന്നു ഈ വ്യക്തിയെ ലത്തീഫുമായി അടുപ്പിച്ചത്.
അതു കൊണ്ടു തന്നെ ഗസ്റ്റിന്റെ ഉമ്മ ,ൻറെ സൈദിനെ വീട്ടിൽ ചെന്ന് കണ്ട് പരാതി പറഞ്ഞു.
ഏതാനും മാസങ്ങൾക്ക് ശേഷം ആ ഗസ്റ്റ് ഫ്രഷ് ചിക്കൻ കഴിക്കാൻ പ്രവാസം മതിയാക്കി നാട്ടിലെത്തി.
വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ഗസ്റ്റ്  പ്രവാസിയായി .....
മാസങ്ങൾ പഴക്കമുള്ള കോഴിയും മീനും കഴിക്കാനായി .....
-------------------------------------
എം ആർ സി അബ്ദുറഹ്മാൻ, 

Thursday, 14 September 2017

അത്താണി


➖➖➖➖➖
നമ്മുടെ നാട്ടിൽ നിന്നും അപ്രതിക്ഷമായ ഒന്നാണ് അത്താണികൾ

 ഒരുകാലത്ത് ദൂര ദിക്കുകളിൽ നിന്നും മാർക്കറ്റുകളിലേക്ക് ചരക്കുൾ കൊണ്ടു വന്നിരുന്നത് തല ചുമടായിട്ടായിരുന്നു 

അതിനായി വിതക്തരാ ചുമട്ടുകാർ തന്നെ അക്കാലങ്ങളിലുണ്ടായിരുന്നു 

നമ്മുടെ പ്രദേശങ്ങളിൽ നിന്നും പരപ്പനങ്ങാടിയിലേക്ക്
  സാധനങ്ങൾ തല ചുമടായി കൊണ്ടു പോയിരുന്നവരും അവിടന്ന് മത്സൃം കൊണ്ട് വന്ന് കച്ചവടം ചെയ്തിരുന്നവരും നമ്മുടെ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു എന്ന് പഴമക്കാർ പറയുന്നത് കേട്ടീട്ടുണ്ട് 

ഇങ്ങനെ തല ചുമടായി കൊണ്ടു പോവുംബോൾ ചുമട്ടുകാർക്ക് കുറച്ച് വിശ്രമിക്കാനും 'തലയിലെ ചുമട് പരസഹായമില്ലാതെ ഇറക്കി  വയ്ക്കുന്നതിനും തിരിച്ച് തലയിലേക്ക് തന്നെ ചുമക്കാനു വേണ്ടിയായിരുന്നു അത്താണികൾ ഉപയോഗിച്ചിരുന്നത് 

ഏകദേഷം ഒരാളുടെ കഴുത്തിന് ഉയരത്തിൽ കല്ല് കൊണ്ട്  മതീല് പോലെ പടുത്ത് അതിന് മുകളിൽ വീതിയും വലീപ്പവുമുള്ള കല്ല് വച്ച് ഉറപ്പിച്ചായിരുന്നു അവ നിർമ്മിച്ചിരുന്നത്

നമ്മുടെ ഭാഗത്ത് കുളപ്പുറം മുതൽ കൊണ്ടോട്ടി വരെ ഇടവിട്ട് അത്താണികൾ ഉണ്ടായിരുന്നു
ആസാദ് നഗർ,ARനഗർ കക്കാടം പുറം മില്ലിൻ്റെ അടുത്ത് കൊടക്കല്ല് എന്നിവിടങ്ങളിൽ അടുത്ത കാലം വരെ ഇവ നില നിന്നിരുന്നു

ഇനി കൂടുതലായി കൂട്ടിലെ കാരണവൻമാർ പറയുമെന്ന് പ്രദീക്ഷിക്കുന്നു💚
------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ


💴 പുത്തൻ പണം 💴


താളബോധമില്ലാത്ത ഇടിയുടെനാദം കാതുകളെ അസ്വസ്ഥനാക്കുന്നുണ്ടങ്കിലും മുറ്റത്തേക്ക് ഒരു ചെറു താളത്തോടെ പെയ്തിറങ്ങുന്ന മഴത്തുള്ളികളെ നോക്കി സഫർ ഇരുന്നു. പല തരം ഈണങ്ങളാണ് ഓരോ തുള്ളി ഭൂമിയുടെ മാറിൽ പതിക്കുമ്പോഴും എന്ന് സഫർ തിരിച്ചറിഞ്ഞു.. തന്റെ ജീവിതവും ഏതാണ്ട് അതു പോലെ ആയിരുന്നല്ലോ പലപ്പോഴും പല രീതിയിൽ...
താൻ ആടി തീർത്ത ജീവിതമല്ലോ ഇന്നീ അവസ്ഥക്ക് കാരണക്കാരൻ എന്ന് അയാൾ മനസ്സിൽ മന്ത്രിച്ചു....

ഓർത്തെടുക്കാനും പറഞ്ഞ് തീർക്കാനും ഒത്തിരി ഒത്തിരി കഥകളുണ്ട് അയാളുടെ മനസിൽ നല്ലതും അല്ലാത്തതും അതിൽ പലതും ഇന്നയാൾ ഓർക്കാൻ ശ്രമിക്കാതെ മറക്കാൻ തിടുക്കം കാട്ടിയതുമായിരുന്നു....
എന്നാലും ആ ഓർമ്മകൾ കാതിലെത്തു ഇടിനാദത്തെക്കാളും ശബ്ദമായി ഒരു കടലിരമ്പൽ പോലെ അയാളിൽ വന്നു പലപ്പോഴും. തിമർത്തു പെയ്തിറങ്ങുന്ന മഴയുടെ ആരവം മാത്രം ചെവിയിൽ മുഴങ്ങി. 
മനസ് അയാൾ ഓർത്തെടുക്കാൻ മടി കാണിച്ച കാതങ്ങൾക്കപ്പുറത്തേക്കും. എല്ലാം ഒരു സിനിമാ കഥ പോലെ മനസിന്റെ സക്രീനിൽ മിന്നി മറിഞ്ഞ് വന്നു.......

ദാരിദ്രത്തിന്റെ പടുകുഴിയിൽ അകപ്പെട്ടകാലം.
തലചായ്ക്കാൻ താനുൾപ്പെടെ മൂന്നു കുടുംബങ്ങൾക്ക് ഏക ആശ്രയം ചോർന്നൊലിക്കുന്ന ഒരു കൂരമാത്രം. അടുപ്പ് പുകയാത്ത ദിനങ്ങൾ വിരലിൽ എണ്ണാവുന്നതിലും അധികം.
താനുൾപ്പെടെ രണ്ട് സഹോദരങ്ങളും ജോലിക്ക് പോയാലും തന്റെ സഖി തനിക്ക് ഒരു കൈതാങ്ങായി അടുത്ത വീട്ടിൽ സഹായത്തിന് പോയാലും. കുടുംബത്തിന്റെ രണ്ടറ്റം കുട്ടി കെട്ടാൻ ഒരുപാട് പ്രയാസം അനുഭവിച്ച വല്ലാത്തൊരു കാലം......

ആ കഷ്ടപ്പാടിന് അറുതി എന്നോണം ദൈവ പ്രതിനിധിയായി  കളിക്കൂട്ടുകാരൻ സമദിനെ കാണാൻ കഴിഞ്ഞു ഏറെ നാളുകളായി നടുവിട്ട് മറുനാട്ടിലായിരുന്ന കൂട്ടുകാരനോട് കഥകൾ പങ്കുവെച്ചു ബാല്യ കൗമാരത്തിലെ ചെയ്തികൾ ഓർത്തെടുത്തു.  കുശലാന്വേഷണത്തിനിടയിലെപ്പെയോ സുഹൃത്തിന്റെ ദാരിദ്രത്തിന്റെ കൈപ്പുനീർ കണ്ടറിഞ്ഞ സമദ് തന്റെ എണ്ണപ്പെട്ട ദിനങ്ങൾണിഞ്ഞാൽ സഫറിനെയും കൂടെ കൊണ്ട് പോകാൻ തീരുമാനമെടുത്തു സ്വപ്നങ്ങൾ വിരിയുന്ന മരുഭൂമണ്ണിലേക്ക്.....

ആ നാൾ വന്നടുത്തു ഒരുക്കങ്ങളല്ലാം പൂർത്തീകരിച്ച് സഹപാഠിക്കൊപ്പം സഫറും യാത്ര തിരിച്ചു മുതുകിൽ കുടുംബത്തിന്റെ പ്രാരാപ്തമെന്ന വലിയൊരു മാറാപ്പുമായി....
പ്രവാസത്തിന്റെ കുപ്പായം തുന്നിച്ചേർത്ത് കുടുംബത്തിന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ വന്ന സഫറിനെയും തന്റെകൂടപ്പിറപ്പുകൾക്കൊപ്പം താൻ ഉപജീവനം മാർഗമായി കണ്ടെത്തിയ സ്വദേശി പൗരന്റെ കടയിൽ സമദ് ഒരിടം കണ്ടെത്തി കൊടുത്തു....

ചുമരിൽ തൂക്കിയിട്ടിരുന്ന ഘടികാര സൂചിക്കൊപ്പം കാലവും നീങ്ങി സഫർ ഏതാണ്ട് കാര്യങ്ങൾ അഭ്യസ്ഥനാക്കി അത് സമദിലും രക്ഷകർത്താവായ സ്വദേശിയിലും മതിപ്പുളവാക്കാൻ സഹായമായി....
സഫറിന്റെ കരിപുരണ്ട് കിടന്ന ജീവിതത്തിന് മെല്ലെ വർണ്ണങ്ങൾ വെച്ച് തുടങ്ങി......

തന്റെ കൂടെപ്പിറപ്പുകളെക്കാളും തന്നെ വിശ്വാസമർപ്പിച്ച കളിക്കൂട്ടുകാരൻ സമദിന്റെ സഹായത്താൽ സഫർ അയാളുടെ കൂടപ്പിറപ്പുകളെയും കടലിനക്കരെ എത്തിച്ചു. വർണ്ണങ്ങളാൽ ഇരുണ്ട യുഗങ്ങൾക്ക് അറുതി വന്നത് അവർ അറിഞ്ഞു. കുടിലിൽ നിന്ന് കൊട്ടാര വാസികളായി.
അവർ നാട്ടുകാർ ഒരു കുടുംബമായി സസന്തോഷം പ്രവാസ ജീവിതം അവിടെ ഏറെ ആനന്ദമാക്കി.... 

നാളുകൾ ഏറെ ഒന്നും ആയില്ല. കറുത്ത നിഴലായി പണം എന്ന ലഹരി സഫറിനെ പിടിമുറുക്കി വിടാതെ... 
പണത്തിന് മുമ്പിൽ സഫർ തന്റെ ബന്ധങ്ങളുടെ വില മറന്നു തന്റെ കഴിഞ്ഞകാല ജീവിതം മറന്നു പണത്തോടുള്ള ആർത്തി അയാളെ മനുഷ്യൻ അല്ലാതാക്കിയിരുന്നു.....
നേരായ മാർഗത്തിൽ അല്ലാതെയുള്ള സമ്പാദ്യത്തോടൊപ്പം തന്നിൽ വിശ്വാസമർപ്പിച്ച കളിക്കൂട്ടുകാരനെ മറന്നു...
ഒളിഞ്ഞും തെളിഞ്ഞുംഅയാൾ കുട്ടുകാരനെതിരെ പല കളികളും കളിച്ച് പണത്തെ കൂട്ടുകാരനാക്കി.നാട്ടിൽ പേരും പെരുമയും വന്നു ചെറ്റ കുടിലിൽ നിന്നും കൊട്ടാര വാസികളായ കുടുംബവും എല്ലാം മതിമറന്ന് അനുഭവിച്ചു.....

തിരിയുന്ന കാലചക്രത്തെ പിടിച്ചുകെട്ടാൻ ആർക്കും ആവാത്തതാവാം അത് തിരിഞ്ഞ് കൊണ്ടേ യിരുന്നു മുമ്പോട്ട്.....
കാലങ്ങൾക്കിപ്പുറം തന്റെഎല്ലാ ചീട്ടുകൊട്ടാരങ്ങളും തകിടം മറിഞ്ഞിരിക്കുന്നു എന്ന് സഫർ തിരിച്ചറിഞ്ഞിരിക്കുന്നു. അത് കൊണ്ടാവാം ഇന്നയാൾ അസ്വസ്ഥനാണ് അനർഹമായ സമ്പാദ്യവും  അതിൽ നിന്നും വിളവെടുത്ത തന്റെ മക്കളും സമൂഹത്തിനും കുടുംബത്തിനും മോശക്കാരായി മാറാൻ കാരണം എന്ന തിരിച്ചറിവും അയാളിൽ കുറ്റബോധം ഉണ്ടാക്കി....
കുടുബ സുഹൃത്ത് ബന്ധങ്ങൾക്ക് മുമ്പിൽ പണമെന്ന ലഹരിക്ക് മുമ്പിൽ അടിമപ്പെട്ട ചിലരിൽ ഒരാളായിരുന്നു സഫർ എന്ന മനുഷ്യനും.
പുറത്ത് മഴ അതിന്റെ താളം ഉപേക്ഷിച്ച് തകർത്തു പെയ്തു കെണ്ടേയിരുന്നു...
ഓർമ്മയുടെ അഴപ്പരപ്പിലേക്ക് താഴ്ന്നിറങ്ങിയ സഫറിനെ ഉണർത്താൻ തകർത്ത് പെയ്യുന്ന മഴക്ക് ആവുമായിരുന്നില്ല......
------------------------------------
😎അന്താവാ അദ്നാൻ😎

പവിത്രമായ പത്ത് ദിനങ്ങൾ


 ദുൽഹജ്ജ് ഒന്നു മുതൽ പത്ത് വരെ പുണ്യങ്ങളുടെ പൂക്കാലമാണ്.  റമളാൻ അവസാന പത്ത് കഴിഞ്ഞാൽ പിന്നെ ഏറ്റവും ശ്രേഷ്ഠത ഈ പത്ത് ദിവസങ്ങൾക്കാണെന്നാണ് പണ്ഡിതമതം. ലോകരക്ഷിതാവിന്റെ ക്ഷണം സ്വീകരിച്ച് നാഥന്റെ അതിഥികളായി ലക്ഷങ്ങളായ വിശ്വാസികൾ ഒരേ വേഷത്തിൽ ഒരേ മന്ത്രം ചൊല്ലി ഒറ്റ കേന്ദ്രത്തിൽ ഒരുമിക്കുന്ന പുണ്യദിനങ്ങൾ. സൂര്യനുദിക്കുന്ന ദിവസങ്ങളിൽ ഏറ്റവും പുണ്യമായതെന്ന് റസൂലുല്ലാഹി (സ) വിശേഷിപ്പിച്ച അറഫ ദിനം ഈ ഒമ്പതിനാണ്.
ഈ ദിനങ്ങളിൽ അടിമ ചെയ്യുന്ന ഏത് സൽകർമ്മത്തിനും യജമാനനായ റബ്ബിന് ഏറെ പ്രിയങ്കരമാണ്. സുന്നത്ത് നോമ്പ് ,സ്വദഖ:, കുടുംബ ബന്ധം ഊട്ടി ഉറപ്പിക്കൽ, ദിക്റുകൾ ദുആകൾ എല്ലാറ്റിനും പ്രതിഫലം പതിന്മടങ്ങുകളാണ്. അത് പോലെ തന്നെയാണ് ഈ ദിവസങ്ങളിലെ പാപങ്ങൾക്കും അനാദരവിനും ശിക്ഷയും ഇരട്ടിയാണ്.
ഖലീലുല്ലാഹി ഇബ്രാഹിം നബി(അ)ന്റെ ത്യാഗജീവിത സ്മരണകൾ ഈ ദിനങ്ങളിൽ ഹറം ശരീഫിലും മിനയിലും മുസ്ദലിഫയിലും അനാവരണം ചെയ്യപ്പെടുന്നു. അറഫയാണ് ഹജ്ജിന്റെ മർമ്മം. ആ ദിവസത്തെപ്പോലെ റഹ് മാനായ റബ്ബിന് ഇഷ്ടപ്പെട്ട വേറെ ദിവസമില്ല. അന്ന് പാപമോചനം തേടുന്നവന് അത് കിട്ടും. പ്രാർത്ഥിക്കുന്നവന് ഉത്തരം പ്രതീക്ഷിക്കാം. വെള്ളക്കടലായി മാറുന്ന അറഫ മൈതാനത്തെ ഹജ്ജാജിമാരുടെ ഉള്ളുരുകിയുള്ള പ്രാർത്ഥന കണ്ട് പിശാച് നിരാശനായി തലയിൽ മണ്ണ് വാരിയിട്ട് ഗതി കിട്ടാതെ നെട്ടോട്ടമോടുമെന്ന് തിരുനബി (സ) അരുളി. ഉമ്മ പ്രസവിച്ച ദിനത്തിലെ പൈതലിനെ പോലെ പാപരഹിതരായി ഹാജിമാർ ആയി തീരുന്ന ദിവസമാണത്.
അറഫ ദിനത്തിൽ ഹാജിമാരല്ലാത്ത എല്ലാവരും നോമ്പെടുക്കൽ ശക്തമായ സുന്നത്താണ്. ഈ 9 ദിവസവും നോമ്പനുഷ്ഠിക്കുന്ന മഹാൻമാരുണ്ട്. അറഫ നോമ്പ് മുൻ കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഓരോ വർഷത്തെ പാപങ്ങൾ പൊറുപ്പിക്കുമെന്നാണ് ഹദീസ്. 
ബലിപെരുന്നാളിന്റെ ഏറ്റവും വലിയ പുണ്യകർമ്മം ബലി തന്നെയാണ്. വലിയ പെരുന്നാളിന് ബലിമൃഗത്തിന്റെ ചോര ഒഴുക്കുന്നതിനേക്കാൾ (ബലി അറുക്കുന്നതിനേക്കാൾ ) അല്ലാഹു സുബ്ഹാന ഹു വ തആലാക്ക് ഇഷ്ടപ്പെട്ട മറ്റൊരു കർമ്മം വേറെ ഇല്ലെന്ന് നബി(സ) നമ്മെ ഓർമ്മിപ്പിച്ചു.
"നിങ്ങൾ നിങ്ങളുടെ ബലിമൃഗത്തെ വണ്ണമുള്ള താക്കുക . അത് നാളെ നിങ്ങൾക്ക് സ്വിറാത്ത്വ് പാലത്തിലൂടെ സ്വർഗത്തിലേക്കുള്ള വാഹനമാണെന്നാണ് മറ്റൊരു തിരുവചനത്തിന്റെ പൊരുൾ. 
ഈ പുണ്യദിനങ്ങളെ ആവുംവിധം ആദരിക്കാനും ആരാധനകളർപ്പിക്കാനും അല്ലാഹു ജല്ലജലാലു ഹു നമുക്ക് തൗഫീഖ് തരട്ടേ എന്ന ദുആയോടെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണേ എന്നോർമ്മിപ്പിക്കുന്നു.
✍✍✍✍✍✍✍✍
മുഹമ്മദ് കുട്ടി അരീക്കൻ

പ്രവാസം: നാടിന്റെ നാൾ വഴികൾ


••••••••••••••••••••••
 പ്രവാസമാണ് നമ്മുടെ സാമൂഹിക പുരോഗതിക്കും സാമ്പത്തിക വളർച്ചക്കും പ്രധാന കാരണമായത്.

നമ്മുടെ നാടിനോളം തന്നെ പ്രവാസത്തിനും പഴക്കമുണ്ട്...
കൃഷിയായിരുന്നു പഴയ കാലത്ത് നമ്മുടെ പ്രധാന ജീവിത മാർഗം..... പ്രാരാബ്ദങ്ങൾ നിറഞ്ഞ ജീവിത ചുറ്റുപാടുകളിൽ നിന്നുള്ള ഒരു രക്ഷപ്പെടലായിരുന്നു അന്നത്തെ പ്രവാസം. 

സിലോണും, ബർമ്മയും, മലായയുമെല്ലാം പഴയ തലമുറ ജീവിതം തെരഞ്ഞ് നടന്ന നാടുകളാണ്.

ഈ നാടുകളിലെ
നമ്മുടെ നാട്ടുകാരായ പ്രവാസികളെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ല.

അയൽ സംസ്ഥാനങ്ങളായിരുന്ന
കൽക്കത്ത, ബോംബെ, മദിരാശി, ബാംഗ്ലൂർ , കോയമ്പത്തൂർ , കൊടക് , തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു അന്നത്തെ നമ്മുടെ കാര്യമായ പ്രവാസം. 

1943ൽ കറാച്ചിയിൽ എത്തിപ്പെടുകയും വിഭജനത്തിനുശേഷം കൽക്കത്തയിലും,  മദിരാശിയിലുമെല്ലാം
സ്വന്തമായി ഹോട്ടൽ വ്യാപര രംഗത്ത് നിറഞ്ഞ് നിന്ന കള്ളിയത്ത് മുഹമ്മദാജി നാടിന്റെ പ്രവാസ ജീവിതങ്ങളെ ഓർക്കുമ്പോൾ എടുത്തു പറയേണ്ടൊരു പേരാണ്.
ആദ്യകാലത്ത് കൽക്കത്തയിലും പിന്നീട് മദിരാശിയിലുമായി ജീവിതത്തിന്റെ നല്ലൊരു ഭാഗവും പ്രവാസിയായിട്ടാണ് ഇദ്ദേഹം ജീവിച്ചത്. നാട്ടുകാരായ ഒരു പാട് പേർ ഇദേഹത്തിന്റെ സഹായത്താൽ ഇവിടങ്ങളിൽ ജോലി നേടി.  ഇദ്ദേഹം നടത്തിയിരുന്ന ഷോബറ ഹോട്ടൽ നമ്മുടെ നാട്ടുകാരായ തൊഴിലന്വേഷകരുടെ ഒരു ഇടത്താവളം തന്നെയായിരുന്നു. അവരെ നല്ല നിലയിൽ സ്വീകരിക്കുകയും  ആവശ്യമായതെല്ലാം ചെയ്ത് കൊടുക്കുന്നതിലും മുഹമ്മദാജി താൽപ്പര്യം കാണിച്ചു.
അക്കാലത്തെ മദിരാശി പ്രവാസികളായ നാട്ടുകാരിൽ മുഹമ്മദാജിയുടെ സഹായ മനസ്കതയും,ആതിഥേയ മര്യാതകളും അനുഭവിച്ച് അറിയാത്തവർ ഉണ്ടാവില്ല എന്ന് തന്നെ പറയാം....

പഴയ പ്രവാസികളിൽ എടുത്തു പറയേണ്ട മറ്റൊരു പേരാണ് കളളിയത്ത് ബാപ്പു ഹാജിയുടേത്. ബോംബെയിൽ ഇദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു. നമ്മുടെ നാട്ടിലെ ആദ്യത്തെ വാഹന ഉടമകളിലൊരാളും ബാപ്പു ഹാജിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്.......

കോയമ്പത്തൂരിലേക്കും, കണ്ണൂർ ഭാഗത്തേക്കും ചെന്പ്  പണിക്ക് പോയിരുന്ന നാട്ടുകാർ ഒരുപാടുണ്ടായിരുന്നു.
പുറം നാട്ടിൽ നമ്മുടെ നാട്ടുകാരിൽ കൂടുതലാളുകളും ചെയ്ത തൊഴിലായിരുന്നു ചെമ്പ് പണി. അതുപോലെ
 ഹോട്ടൽ, ബേക്കറി തൊഴിലുകളും. 


കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് നമ്മുടെ നാട്ടിൽ നിന്ന് ചില കുടിയേറ്റങ്ങളുണ്ടായിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ട ഒരു പ്രദേശമാണ് താമരശ്ശേരി.
വാഹന സൌകര്യമില്ലാത്ത കാലത്ത് ഇടവഴികൾ താണ്ടി അരീക്കൻ മൂസ എന്ന ആളായിരുന്നു മലന്ചരക്ക് കച്ചവടത്തോടപ്പം ക്യഷി ഭൂമി വാങ്ങി പള്ളിയും നിർമ്മിച്ച് ഒരു പ്രദേശം തന്നിലേക്ക് അടുപ്പിച്ച് നിർത്തിയത്.....  അദ്ദേഹം അവിടെ സ്ഥിരതാമസമാക്കുകയായിരിന്നു.....  അവരുടെ പിൻമുറക്കാർ ഇന്നും നമ്മുടെ പ്രദേശവുമായി അടുത്ത ബന്ധം പുലർത്തുകയും കുടുംബ വേരുകൾ നിലനിറുത്തുകയും ചെയ്ത് വരുന്നു.

മറ്റൊരു കുടിയേറ്റത്തിന്റെ കഥയാണ് കാഞ്ഞീരപറമ്പൻ മുഹമ്മദാക്കയുടേയും സഹോദരൻമാരുടേതും.... അന്തമാനിലേക്കാണ് ഇദ്ദേഹം ജീവിതം പറിച്ച് നട്ടത്.
അതും ജോലി തേടി പോയത് തന്നെയായിരുന്നു.  ഇതു വഴി
അന്തമാനുമായുള്ള നാടിന്റെ ബന്ധം ഇന്നും മുറിയാതെ നിലനിൽക്കുന്നു.

കൊടക്, വയനാട്, തലശ്ശേരി, വടകര, കാഞങാട് ഭാഗങ്ങളിലൊക്കെ അലുമിനി കച്ചവടങ്ങളും മറ്റുമായി ഉപ ജീവനം തേടിയവരും ഒരുപാടുണ്ടായിരുന്നു...
ഇത്തരം പ്രവാസ ജീവിതങ്ങളിൽ നിന്നാണ് നമ്മുടെ നാട്ടുകാരും ഗൾഫിനെ കുറിച്ച് അറിഞ്ഞിട്ടുണ്ടാവുക.

എഴുപതുകളിലെ അവസാനമാണ് നമ്മുടെ ഗൾഫ് കുടിയേറ്റങ്ങൾ തുടങ്ങുന്നത്. കൽക്കത്തയിൽ നിന്നാണ് പലരും ലാഞ്ചിന് അക്കരെ പറ്റിയത്. നമ്മുടെ നാട്ടിൽ നിന്ന് ലാഞ്ചിന് പോയ ആദ്യകാല ഗൾഫ് പ്രവാസികളിൽ എടുത്ത് പറയേണ്ട പേരുകളാണ് KV മൊയ്തീൻ ഹാജിയുടേതും ആലുങ്ങൽ കുഞ്ഞി മൊയ്തീൻ ഹാജിയുടേതും.

77ന് ശേഷം ഹജ്ജ് വിസക്കും മറ്റുമായി സൌദിയിലേക്ക് നാട്ടിൽ നിന്ന് കുത്തൊഴുക്കായിരുന്നു....
ഗൾഫാണ് നമ്മുടെ പ്രവാസ ജീവിതത്തിന്റെ ഗതി മാറ്റിയത്.
സ്വപ്നങ്ങളുടെ ഈ തുരുത്തിലേക്ക് പിന്നീട് നാട് മുഴുവൻ ഒഴുകി. ഈ ഒഴുക്കിനെ കുറിച്ച് പറയുമ്പോൾ ചില പേരുകൾ പറയാതിരിക്കാനാവില്ല. 

ആദ്യകാല ഗൾഫ്
പ്രവാസിയും പിന്നീട് സൗദി പൗരത്വം കരസ്ഥമാക്കുകയും ചെയ്ത അരീക്കൻ മുഹമ്മദാജിയുടേതാണത്‌. പിതാവിന്റെ കൈ പിടിച്ച് സഹോദരൻ മമ്മുട്ടി ഹാജികൊപ്പമാണ് മുഹമ്മദാജി സൌദിയിൽ എത്തുന്നത്. ബിസിനസ്സ് സ്ഥാപനങ്ങളും, കെട്ടിടങ്ങളും സൌദിയിൽ സ്ഥാപിച്ചെടുത്ത് നേട്ടമുണ്ടാക്കാൻ തന്റെ കഠിനാദ്വാനം വഴി അദ്ദേഹത്തിന് സാധിച്ചു .... അദ്ദേഹത്തിന്റെ സ്വാധീനവും ബന്ധങ്ങളും ഈ നാട്ടുകാർക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
ഹാജിമാർക്ക് സേവനം ചെയ്യുന്നതിലും മറ്റുമൊക്കെ വലിയ തൽപ്പരനായിരുന്നു ഇദ്ദേഹം. 

മുഹമ്മദാജിയുടെ നിർദ്ദേശമനുസരിച്ചാണ് അരീക്കൻ കുട്ട്യാലി ഹാജി 65ൽ ഹജ്ജ് വിസക്ക് വന്നുപോവുകയും 76ന് ശേഷം സ്ഥിരമായി പ്രവാസത്തിലേക്ക് എത്തിപ്പെടുകയും ചൈതത്... നിരവധി രാജ്യങ്ങളിൽ നിന്ന് കപ്പലിൽ വരുന്ന ഹാജിമാർ ക്യാന്പ് ചെയ്യുന്ന "മദീനത്തുൽ ഹുജ്ജാജിൽ" സ്ഥാപനങ്ങൾ നടത്തുക വഴി നാട്ടുകാർക്കൊരു അഡ്രസ്സും, കേന്ദ്രവും ആകുവാൻ കഴിഞ്ഞു. 

ഗൾഫ് പ്രവാസി യില്ലാത്ത ഒരു വീട് പോലും ഇല്ലാത്ത വിധം നമ്മുടെ നാട് മാറി.
അത്രമാത്രം ഗൾഫ് നമ്മെ സ്വാധീനിച്ചു. മറ്റ് പ്രദേശങ്ങളിലെ പ്രവാസങ്ങൾ ഗൾഫിലേക്ക് പറിച്ച് നട്ടു....
നാട്ടിലുണ്ടായ പുരോഗതിയുടെ സാമ്പത്തിക അഭിവൃദ്ധിയുടെ ഒരൊറ്റ കാരണം അത് ഗൾഫ് മാത്രമായി മാറി.

ഇന്ന് ഗൾഫും നമ്മെ കൈവിട്ട് തുടങ്ങുന്നു... അറേബ്യയിലെ അഭ്യന്തര സംഘർഷങ്ങൾ ആശങ്കയോടെ കാണുന്ന പ്രവാസികൾ.... പുതിയ ഭരണാധികാരികളുടെ ആഗമനത്തോടെ വന്ന
പുതു നിയമങ്ങൾ നമ്മുടെ മേൽ കുരുക്കായി വീഴാൻ പോകുകയാണ്.  

ഇനിയും ജീവിതം തേടി ഈ നാടൊഴുകും. ഗൾഫ് പ്രതിസന്ധികൾ പുതിയ അന്വേഷണങ്ങളിലേക്ക് വഴിയൊരുക്കും. ജീവിതം അങ്ങനെയാണ് അത് വഴിമുട്ടുന്നിടത്തെല്ലാം ഗതി മാറി ഒഴുകണം... നാടിന്റെ അതിര് കടന്ന് പോയ പ്രവാസി ജീവിതങ്ങൾ നമ്മോട് പറയുന്നതും അതാണ്.

*** അബ്ദുലത്തീഫ് അരീക്കൻ ***

അരീക്കൻ മൊയ്തീൻ ഹാജി


ഓർമ്മയിലെ മൊയ്തീൻ ഹാജി
--------------------------------
  എന്റെ ചെറുപ്പകാലം തൊട്ടേ ഞാൻ കാണുന്ന ഒത വ്യക്തിയായിരുന്നു അരീക്കൻ മൊയതിൻഹാജി. അദ്ദേഹം ഒരു കർഷകനായിട്ടാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. എപ്പോഴും ചുണ്ടിൽ എരിയുന്ന ചുരുട്ട് ഉണ്ടാകുമായിരുന്നു. ദിവസവും വൈകുന്നേരം കൊടുവായൂരിലേക്ക് നടക്കും, മീനും മറ്റു് സാധനങ്ങളും വാങ്ങി തിരിച്ച് വീട്ടിലേക്ക്. അദ്ദേഹത്തിന്റെ വീട്ടിൽ നാടൻ കൈതച്ചക്ക കൃഷി ഉണ്ടായിരുന്നു. വീട്ടുകാരുടെ അവശ്യം കഴിച്ച് ബാക്കിയുള്ളത് കുറ്റൂരിലെ കടകളിലും കൊടുവായൂരിലും കൊടുക്കും.
കുറ്റൂർ ടൗൺ പള്ളിയിൽ എല്ലാ വഖ്തിലും സന്നിഹിതനായിരുന്നു. ഹസ്സൻകുട്ടി ഹാജിയുടെ മരണത്തിന് ശേഷം പള്ളിയിലെ കാരണവർ സ്ഥാനം (മരണം വരെ) മൊയ്തീൻ ഹാജിക്കായിരുന്നു. കുട്ടികളോടും മുതിർന്നവരോടും ഒരുപോലെ കുശലം പറഞ്ഞിരുന്ന ഒരാളായിരുന്നു അദ്ദേഹം.
7 ആൺമക്കളം രണ്ട് പെൺമക്കളമാണ് അദ്ദേഹത്തിനെന്നാണ് എന്റെ ഓർമ്മ .
ഹസ്സൻ ഹാജി, മമ്മുറ്റി ഹാജി, അലവി, മുസ്ല(Late), മുഹമ്മദ്, അർമ്മാച്ചൻ, ഇബ്രാഹിം കുട്ടി-
ഇളയ മകൾ മൈമുന എന്റെ ക്ലാസ്സിൽ പഠിച്ചിരുന്നു. മൈമൂന കുന്നും പുറത്തും മൂത്തവൾ മഞ്ചേരിയിലും.
അദേഹത്തിന്റെ ഖബറിടം അള്ളാഹു വിശാലമാക്കി സ്വർഗ്ഗത്തിന്റെ ഒരു വാതിൽ തുറന്നുകൊടുക്കട്ടെ - അദ്ദേഹത്തെയും നമ്മെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ - ആമീൻ
----------------------------------
എം ആർ സി അബ്ദുറഹ്മാൻ



എന്റെ സ്നേഹിതന്റെ വല്ലിപ്പ 
എനിക്ക് ഓർമ്മവച്ച കാലംമുതൽ �� സ്നേഹിതൻറെ വീട്ടിൽ പോകുമ്പോൾ ചാരുകസേരയിൽ പ്രൗഡിയോടെ ഇരിക്കുന്ന ഒരു മുഖമാണ് �� എനിക്ക് ഓർമ വരുന്നത് കൂടുതൽ സംസാരിക്കാതെ ആവശ്യത്തിനു മാത്രം സംസാരിക്കുകയും   കർശന നിലപാടുള്ള ആളായിരുന്നു അരീക്കൽ മൊയ്തീൻ ഹാജി അദ്ദേഹത്തിന്റെ വിയോഗം കുടുംബക്കാരെ പോലെ നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി അദ്ദേഹത്തെയും നമ്മെയും അല്ലാഹു ��ഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ
------------------
ഷറഫുദ്ദീൻ 



എന്റെ കുടുംബ കാരണവർ മൊയ്തീൻ  എളാപ്പ. 
-------------------------
കൃഷിയും, ചെറുകിട കച്ചവടവുമായി കഴിഞ്ഞിരുന്ന അദ്ധേഹം ആദ്യ കാലത്ത് കുടകിലലേക്ക് കയറിയവരിൽ ഉൾപ്പെട്ടിരിന്നു....കൊടുവായൂരിൽ പഴയ കാലത്ത് ഹോട്ടൽ നടത്തിയിരിന്നു.  

അള്ളാഹുവിന്റെ അനുഗ്രഹത്താൽ കാര്യമായ അസുഖങ്ങളൊന്നുമില്ലാതെ നൂറിനോട് അടുത്ത പ്രായം വരെ ജീവിക്കാൻ ഭാഗ്യമുണ്ടായി...അതിനാൽ മുതിർന്നവർക്കും കുട്ടികൾക്കും  ചുരുട്ടും വലിച്ചിരിക്കുന്ന  അദ്ധേഹത്തെ കണ്ട നല്ല പരിചയമുണ്ടാവും.  

കുറ്റൂരിലെ പള്ളിയിലും, പരിസരത്തും നിത്യ സാന്നിദ്ധ്യമായിരുന്നു. 

അള്ളാഹു അദ്ധേഹത്തിന്റെ പരലോകജീവിതം ധന്യമാക്കട്ട.   ആമീൻ
----------------------------------------
അബ്ദുലത്തീഫ് അരീക്കൻ



മൊയ തീൻ ഹാജി
ആമുഖം ഓർക്കുമ്പോൾ എനിക്കോർ മ വരുന്നത് ചുറ്റി കുടിച്ചോളി എടാ എന്ന കൽപനയാണ് '

ഇന്ന് കറി ണ്ട് പള്ളിക്കല് എന്ന് കേട്ടാൽ വലിയ സന്തോഷമായിരുന്നു. കാരണം ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയുമായിരിക്കും.
(വിശപ് തന്നെ കാരണം) അന്ന് പിഞ്ഞാണത്തിലാണ് കറി വിളമ്പാറ്'' '
ഞങ്ങൾ കുട്ടികൾ വട്ടമിട്ടിരുന്ന് കറി കുടി കുമ്പോൾ ചൂട് കാരണം മുഖത്തോട് മുഖം നോക്കുബ്ബോൾ മൊയ്തീൻ ഹാജി ഇടപെടുo:

ആദ്യം കുടിച്ച ഭാഗം മാറി കുടിക്കാൻ പറയും. ഒരു ഭാഗം കുടിച്ച് തിരിച്ച് മറ്റെ ഭാഗം എത്തുമ്പോഴേക്കും ആദ്യം കുടിച്ച ഭാഗം തണുത്തിട്ടുണ്ടാവും.
അതാണ് ചുറ്റി കുടിച്ചോളീൻ എന്ന് പറഞ്ഞത്.
അദ്ധേഹത്തേയും നമ്മേയും സ്വർഗ്ഗാവകാശികളിൽ ഉൾപെടുത്തി അനുഗ്രഹിക്കട്ടെ.

അന്ന് കറി കുടിപ്പിച്ച് മനവും
വയറും നിറച്ച നല്ല മനസ്സിന്റെ ഉടമകളായവർക്കും
റബ്ബിന്റെ അളവറ്റ കാരുണ്യം കൊണ്ട് പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ. ആമീൻ
-----------------
ഹനീഫ P.K.



ചുണ്ടിൽ കത്തി തീരുന്ന ചുരുട്ടും കാലൻ കുടയും നീളൻ കുപ്പായവും കള്ളി തുണിയും തലയിൽ അലസമായി ഇട്ട വെള്ളമുണ്ടും ചുക്കിചുളിഞ്ഞ മുഖക്കത്ത്നരച്ച താടിയും ഒപ്പം ചെറുപ്പ വലിപ്പമില്ലാതെ നൽകിയ ചുണ്ടിൽവിരിയുന്ന പുഞ്ചിരിയും ഇതായിരുന്നു അരീക്കൻ മൊയ്തീൻ എന്ന ഞങ്ങളുടെ കുടുംബ കാരണവരെ കുറിച്ച് ഓർക്കുമ്പോൾ മുമ്പിൽ തെളിയുന്ന രൂപം..

ദീനീ സ്ഥാപനങ്ങളോടുള്ള അടുപ്പമാവാം മരിക്കുന്നത് വരെ ദീനീ സ്ഥാപനങ്ങൾ അർഹിക്കുന്ന കാരണവർസ്ഥാനം നൽകിയത്. കണ്ടിട്ടുണ്ട് പലപ്പോഴും മീലാദ് ദിനത്തിലെ വേദിയിൽ കാരണവ സ്ഥാനം അലങ്കരിക്കുന്ന ഹാജിയെ.....

കൃഷിയെ സേഹിച്ച ഹാജിയുടെ വിയർപ്പിനാൽ  പാകമായിവന്ന പൈനാപ്പിളിന്റെ മധുരം നുകർന്നിട്ടുണ്ടാവും പലരും....

ജീവിച്ചിരിക്കേ കാണേണ്ടി വന്നിട്ടുണ്ട് അർക്ക് രണ്ട് മക്കളുടെ വേർപാട് അവസാനം അവരും യാത്രയായി മക്കളുടെ അടുത്തേക്ക്....

നാഥാ അവരെയും ഞങ്ങളെയും സ്വർഗീയ ആരാമത്തിൽ ഒരുമിച്ചുകൂട്ടണേ...
ആമീൻ....
--------------------------------
അദ്‌നാൻ അരീക്കൻ 



ഞാൻ ഏറെ ആദരിച്ച അത്തളാപ്പാട്ത്തെ 
മൂത്താപ്പ
〰〰〰〰〰〰〰〰〰
നാമെല്ലാവരും നമ്മുടെ കൂടെയുള്ളവർക്ക് വേണ്ടി ദുആ ചെയ്യുമ്പോൾ ആഫിയത്തുള്ള ദീർഘായുസ്സിന് തേടാറുണ്ട്. അല്ലാഹു  ആരോഗ്യവും ആയുസ്സും കനിഞ്ഞരുളിയ മാന്യ വ്യക്തിയായിരുന്നു മർഹൂം അരീക്കൻ മൊയ്തീൻ ഹാജി എന്ന മൂത്താപ്പ. പിതാവ് ഹസൻ എന്റെ ഉപ്പയുടെ എളാപ്പയായിരുന്നു. ഹസൻ എളാപ്പയാണ് അത്തെളാപ്പയായത്. പഴയ കാലത്ത് വലിയ ഹോട്ടൽ നടത്തിയിരുന്നു. കൊളപ്പുറത്തായിരുന്നു ഹോട്ടൽ. ഏ ആർ നഗറിലും ഹോട്ടൽ നടത്തിയിരുന്നു. മൂത്ത മകൻ മർഹും.. ഹസൻ കാക്ക കുടകിലും ഹോട്ടൽ നടത്തിയിരുന്നു.
നല്ല ആരോഗ്യമുള്ള ശരീരപ്രകൃതി. കൃഷിക്കാരനായിരുന്നു പറമ്പിൽ എല്ലാ തരം വിളകളും ഉണ്ടായിരുന്നു. കശുമാവിൻ തോപ്പായിരുന്നു പുരയിടത്തിന്റെ ഒരു ഭാഗം .
കുറ്റൂർ പള്ളിയിലെ ഒന്നാം സ്ഥാലെ നിത്യസാന്നിധ്യം. എല്ലാരുമായും സുസമ്മത സമ്പർക്കം . ചെറിയവരെ കണ്ടാൽ പോലും കുശലാന്വേഷണം. പണ്ഡിതന്മാരെ ആദരിച്ചിരുന്നു - മദ്രസ, പള്ളി നടത്തിപ്പിൽ ഉത്സാഹിയായിരുന്നു.
അരീക്കൻ കുടുംബത്തിൽ മിക്കവരും മുസ്ലിം ലീഗായിരുന്നപ്പോൾ മൂത്താപ്പയും എന്റെ ഉപ്പയും ഉറച്ച കോൺഗ്രസ്സുകാരായിരുന്നു. എന്നാൽ ഈ രാഷ്ട്രീയ ഭിന്നത കുടുംബ സൗഹൃദത്തിനോ സഹകരണത്തിനോ വിഘാതമാകാതെ കാത്തു പോന്നിരുന്നു. നിത്യപുകവലിക്കാരനായിരുന്നു. ഭാസ്കർ ചുരുട്ടായിരുന്നു അവസാനകാലം വരെ വലിച്ചിരുന്നത്. പുകവലി വിരുദ്ധരെ അതിശയിപ്പിച്ച് കൊണ്ടാണ് കാര്യമായ ഒരസുഖവുമില്ലാതെ ആ മാന്യ ദേഹം ജീവിച്ചത്.
അദ്ദേഹം ജീവിച്ചിരിക്കെ മൂത്ത മകൻ ഹസൻ ഹാജിയും മൂന്നാമത്തെ മകൻ മൂസഹാജിയും മരണപ്പെട്ടു. 
മൊയ്തീൻ ഹാജി മൂത്താപ്പാക്ക് അല്ലാഹു മഗ്ഫിറത്തും മർഹമത്തുംനൽകി സ്വർഗാവകാശിയാക്കട്ടേ എന്ന പ്രാർത്ഥനയോടെ...
--------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ 



ഇന്നത്തെ പള്ളിപ്പറമ്പിൽ ഓർത്തെടുക്കുന്ന അരീക്കൻ മൊയ്തീൻ ഹാജി എന്ന ഞങ്ങളുടെ ബാപ്പ(വല്ലിപ്പ)യെ കുറിച്ചുള്ള ഓർമ്മകളിൽ ഞാനും പങ്ക്‌ ചേരുന്നു..
ആദ്യകാലത്ത്‌ താനും മക്കളും 
അനുജനും മക്കളും പേരകുട്ടികളും അടക്കം അംഗസംഖ്യ ഒരുപാടുള്ള കൂട്ടുകുടുംബത്തിലെ നെടുംതൂണായിരുന്നു ബാപ്പാ..
വളരെ ചെറുപ്പത്തിൽ തന്നെ പല ബാധ്യതകളും നിറവേറാൻ ഏറെ കഷ്ടതയനുഭവിച്ച ബാപ്പാക്ക്‌ പിന്നീട്‌ മക്കളും പേരമക്കളുമെല്ലാം പ്രവാസികളായതോടെ
തറവാട്ടിലുണ്ടായ അഭിവൃദ്ധിയിൽ വളരെ സന്തോഷജീവിതമായിരുന്നു മരിക്കുന്നത്‌ വരെ...
എതിർപ്പുകൾ പലതുണ്ടായിട്ടും ശരിയുടെ പക്ഷത്ത് നിൽക്കുന്ന ഉറച്ച നിലപാടായിരുന്നു
ബാപ്പയിൽ നിന്ന് ഞാൻ മനസിലാക്കിയത്‌,
ആരോടും പക്ഷപേതം കാണിക്കാതെ അവകാശങ്ങൾക്ക്‌ അർഹതപ്പെട്ടവർക്കൊപ്പമായിരുന്നു എന്നും നില കൊണ്ടത്‌..

തരം കിട്ടുമ്പോഴൊക്കെ തറവാട്ടിലെത്തിയിരുന്ന ഞങ്ങൾ കുട്ടികൾക്ക്‌ 
തന്നെ കേൾക്കാനും ആസ്വദിക്കാനും കൂട്ട്‌ ഇരുന്നാൽ തന്റെ കുട്ടിക്കാല കഥകളും മുൻ കാല ചരിത്രങ്ങളും പങ്കു വെക്കാൻ താൽപര്യപ്പെട്ടിരുന്ന ബാപ്പ,എട്ട്‌ വയസുകാരന്റെ ഓർമ്മയിലുള്ള തൊള്ളായിരത്തൊന്ന് കലാപത്തെ കുറിച്ച്‌ല്ലാം വളരെ ഉത്സാഹത്തോടെ പലപ്പോഴും പറയാറുള്ളത്‌ ഓർക്കുന്നു അതൊക്കെ വേണ്ടത്ര ഉൾകൊള്ളാതിരുന്നത്‌ തീരാനഷ്ടമായി തോന്നുന്നു..
എല്ലാ വർഷവും സ്കൂൾ വേനലവധിക്ക്‌ ഞങ്ങൾ ചെറിയ കുട്ടികളെയെല്ലാം കൊടുവായൂർ കൊണ്ട്‌ പോയി
തല മൊട്ട അടിക്കുന്നതെല്ലാം രസകരമായ ഓർമ്മകളാണ്‌,
അതിന്‌ പ്രതിഫലമെന്നോണം 
എല്ലായപ്പോഴും  ആ പച്ച അരപ്പട്ടയിൽ സ്നേഹനിധിയോടെ സൂക്ഷിച്ചിരുന്ന നാണയതുട്ടുകൾ ഞങ്ങൾ പേരകുട്ടികൾക്കുള്ള വിഹിതമായിരുന്നു...

സ്നേഹത്തിന്റെ വറ്റാത്ത  ഉറവയായിരുന്ന ബാപ്പയിൽ നിന്ന് 
കുട്ടികളോടുള്ള വാത്സല്ല്യം ശരിക്കും അനുഭവിച്ചറിഞ്ഞിട്ടുള്ളവർക്കും അടുത്തിടപഴകിയവർക്കും ബാപ്പയുടെ വിയോഗം ഇന്നും മനസിന്റെ കോണിൽ ഉണങ്ങാത്ത മുറിവാണ്‌...

അവരുടെ ഖബർ ജീവിതം അള്ളാഹു സന്തോഷത്തിലാക്കട്ടെ..ആമീൻ 
നമ്മിൽ നിന്ന് മരണപ്പെട്ട്‌ പോയവർക്ക്‌ നാഥൻ പൊറുത്ത്‌ കൊടുക്കട്ടെ, ആമീൻ...
--------------------
നൗഷാദ്‌ അരീക്കൻ



അസ്സലാമു അലൈക്കും.
അത്തളാപ്പാട്ത്തെ മൂത്താപ്പ എന്ന് ഞങ്ങൾ വിളിക്കാറുള്ള ഞങ്ങളുടെ മൂത്താപ്പ. എന്റെ ഓർമ്മ ശരിയാണെങ്കിൽതായത്തീലെ മൂത്താപ്പ ( ഹസ്സൻകുട്ടി ഹാജി ) മരിച്ചതിന് ശേഷം ഞങ്ങളെ കാരണവർ ഈ മൂത്താപ്പയായിരുന്നു.കല്ല്യാണ വീടുകളിൽ വെപ്പു പുരയിലും വിളമ്പുന്നിടത്തും സൽക്കരിക്കുന്നിടത്തും മൂത്താപ്പാന്റെ നിറസാന്നിദ്ധ്യം എപ്പോഴും ഉണ്ടാകും. ഞാൻ പള്ളിയിൽ പോകാൻ തുടങ്ങിയത് മുതൽ 5 വക്ത്തിലും അദ്ദേഹം ഉണ്ടാകും. ഒഴിച്ചുകൂടാൻ പറ്റാത്ത കാരണങ്ങളൊഴികെ.കച്ചവടം നിറുത്തിയതിന്റെ ശേഷം പ്രധാന ജോലി കൃഷിയായിരുന്നു. വീട്ടിൽ ചെന്നാൽ ആർക്കും കാണാം ഒരു മുണ്ടും മാറ്റി പറമ്പിലുണ്ടാകും.അക്കാലത്ത് അദ്ദേഹത്തിന്റെ ചങ്ങായിമാർ PT മിത്യാങ്ക (വാച്ച് മേൻ) MPരായിൻ ഹാജി, കളരിക്കാപറമ്പിൽ അദ്രാ മാൻ കാക്ക,MCഅബ്ദുറഹിമാൻ മുസ്ലിയാർ തുടങ്ങിയവരായിരുന്നു. പള്ളിയിലും ഇവരൊക്കെ അന്ന് സജീവമായിരുന്നു. കുട്ടികളോടും വലിയവരോടും തമാശയും പറഞ്ഞ് കുടയും തൂക്കിയിട്ട് നടന്നു പോകുന്ന രംഗം ഇന്നും മനസ്സിൽ നിന്നും പോകുന്നില്ല.
നാഥാ.... അവർക്കും കൂട്ടുകാർക്കും നമ്മളിൽ നിന്ന് മരിച്ച് പോയ എല്ലാവർക്കും നീ സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ.അവരുടെയും ഞങ്ങളുടെയും പാപങ്ങൾ പൊറുത്ത് തന്ന് നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരു മിച്ച് കൂട്ടണേ... ആമീൻ
-----------------------------
മമ്മുദു അരീക്കൻ



അത്തളാപ്പാട് ത്തെ മൂത്താപ്പ എന്ന് ഞങ്ങൾ സ്നേഹം പൂർവ്വം വിളിക്കന്ന ഞങ്ങളുടെ തറവാട്ടു കാരണവരെ കുറിച്ച് MRC, ഷറഫു, ലത്തീഫ് ,ഹനീഫ, അന്താ വാ മുതലായവരുടെ ഓർമക്കുറിപ്പുകൾ ശ്രദ്ധേമായി.           മൂത്താപ്പ ഒരു നല്ല കർഷകനും കച്ചവടക്കാരനുമായിരുന്നു.         കുറ്റൂരിലെ പള്ളി, മദ്രസകളിലെ കാര്യദർശിയും നിറസാന്നിദ്ധ്യവുമായിരുന്നു.   കാര്യമായ അസുഖമൊന്നുമില്ലാതെ നൂറിനടന്ന് വയസ്സോളം ജീവിച്ചു.    ഞങ്ങളുടെ കാരണവൻമാരിൽ കൂടുതൽ കാലം ജീവിച്ചവരിൽ ഒരാളായിരുന്നു മൂത്താപ്പ.          റബ്ബ് അവരുടെ പരലോകം വിജയിപ്പിക്കുമാറാകട്ടെ.- അവരെയും നമ്മെ യും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടുമാറാകട്ടെ . آمين
-------------------------------
ഹസ്സൻ കുട്ടി അരീക്കൻ 



അരീക്കൻ മൊയ്തീൻ കാക്ക, നമ്മുടെ പ്രദേശത്തിന്റെ
ഗ്രാമീണതയുടെ തനിമ നില നിർത്തിയിരുന്ന,
സമുദായം, സമൂഹം തിരിച്ച് പിടിക്കേണ്ടതായ പല ഗുണങ്ങളുമുണ്ടായിരുന്ന നല്ല മനുഷ്യൻ.
അദേഹത്തേയും നമ്മെയും الله സ്വർഗത്തിലാക്കട്ടെ.آمين
-------------------------------
അലി ഹസ്സൻ പി. കെ



മൂത്താപ്പ.
-----------
  മിതീൻകുട്ട്യേ... രണ്ട് ചുര്ട്ട്ങ്ങാട്ടിക്കാ 
കടയിൽ ആളുണ്ടെങ്കിലും മൂത്താപ്പാക്ക് ആദ്യം തന്നെ കൊടുക്കും.
മൂത്താപ്പയെ ഓർക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് അതാണ്
  എന്റെ ചെറുപ്പത്തിലേ പള്ളിയിലും മദ്രസയിലെ പരിപാടികളിലും എപ്പോഴും നിറസാന്നിധ്യമായിരുന്നു. (അവർക്ക് നാളെ അർശിന്റെ തണലേകി റബ്ബ് അനുഗ്രഹിക്കട്ടെ..)
പുറമേ ഗൗരവക്കാരനായി തോന്നുമെങ്കിലും സംസാരത്തിലതില്ലായിരുന്നു. ചെറുചിരിയോടെ, കുട്ടികളോട് പോലും കുശലംപറയുമായിരുന്നു. 
 തികഞ്ഞൊരു കൃഷിക്കാരനായ അദ്ദേഹത്തിന്റെയടുത്ത് എല്ലാവിധ പണിയായുധങ്ങളുമുണ്ടായിരുന്നു. പലപ്പോളും ചില സാധനങ്ങൾക്ക് മൂത്താപ്പാന്റടുത്ത് ഉപ്പ പറഞ്ഞയച്ച് പോയിട്ടുണ്ട്. 
 ഇന്ന് ആ കാരണവരെ ഓർത്തെടുക്കുകയും അവർക്ക് വേണ്ടി ദുആ ചെയ്തതും അല്ലാഹു സ്വീകരിക്കട്ടെ.. അവരുടെയും നമ്മുടെയും പാപങ്ങൾ പൊറുത്ത്  അവന്റെ ജന്നത്തിൽ ഒരുമിച്ചു കൂട്ടിടട്ടേ.. ആമീൻ
--------------------------------
മൊയ്‌ദീൻ കുട്ടി അരീക്കൻ 



ഓർമ്മകളുണർത്തിയവരോട് നന്ദി...........
🍃🍃🍃🍃🍃🍃🍃
ഇന്നത്തെ പളളിപ്പറമ്പിൽ നേരത്തെ  വന്ന് ഓർമ്മയിൽ നനഞ്ഞിരിക്കണമെന്ന് കരുതിയതായിരുന്നു. ഒന്നിനും സാധിച്ചില്ല.
കുറിപ്പുകൾ വായിച്ചു.
ഒരു നാട്ടുകാരണവരെ നന്നായി വരഞ്ഞിട്ട വരികൾ.
സ്മര്യ പുരുഷന്റെ ജീവിത സായാഹ്നത്തിൽ പൂമുഖത്തെ ചാരുകസേരക്കരികിൽ കുറച്ച് കാലം വല്ലാതെ അടുത്തിരിക്കാൻ ഈ കുറിപ്പുകാരനായിട്ടുണ്ട്.
ആ തറവാട്ടു വീടിന്റെ സ്നേഹ തണലിൽ അന്നേരം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ കൊച്ചു കൊച്ചു കഥകളായും, തമാശകളായും പെയ്തി
റങ്ങുമായിരുന്നു.
നാട്ടോർമ്മകളുടെ വലിയൊരു ശേഖരം തന്നെയായിരുന്നു അവർ.
ആ  മനസ്സിനോ ജീവിത ശീലങ്ങൾക്കോ ഒരിക്കലും വാർധക്യം ബാധിച്ചിട്ടില്ലായിരുന്നു.
 വീട്ടിൽ അദ്ദേഹം വെറുതെയിരിക്കുന്നത് കണ്ടിട്ടില്ല.
ചെറിയ ചെറിയ ജോലികൾ ചെയ്തും ബാങ്ക് വിളിച്ചാൽ പളളിയിൽ ജമാഅത്തിന് പോയുമാണ് ആ ജീവിതം ഒഴുകി തീർന്നത്.
ഒരു കുടുംബ നാഥൻ എന്ന നിലയിൽ എല്ലാ കാര്യത്തിലും അവർക്ക് കൃത്യമായ കാഴ്ചപ്പാടുകളും ഉറച്ച നിലപാടുകളുമുണ്ടായിരുന്നു.
ആർക്കെങ്കിലും പ്രലോഭിപ്പിച്ച് മാറ്റിയെടുക്കാൻ കഴിയാത്തതായിരുന്നു അവ.
ആരെയും ആശ്രയിക്കാതെയും ആരുടെ മുമ്പിലും തല കുനിക്കാതെയും ആ നിലപാടിന്റെ ബലത്തിലാണ് അദ്ദേഹം ജീവിച്ചതും. വലിയൊരു കൂട്ടുകുടുംബത്തിന്റെ നാഥനെന്ന നിലയിലുള്ള സ്നേഹത്തിന്റെ ഇഴയടുപ്പങ്ങൾ അദ്ദേഹം നിലനിറുത്തിപ്പോന്നു.
നാട്ടിലെ പൊതു കാര്യങ്ങളിലൊക്കെ തൽപ്പരനായിരുന്നു. പലരും ഇവിടെ അനുസ്മരിച്ച പോലെ
പള്ളിയും മദ്രസയും പരിപാലിക്കുന്നതിലും അതിന്റെ ദൈനംദിന കാര്യങ്ങളിലുമൊക്കെ മുന്നിലുണ്ടായിരുന്നു.

ആ ധന്യ ജീവിതത്തിന്റെ ഓർമ്മകളിലൂടെ നമ്മെ വഴി നടത്തിയവർക്കും, പ്രാർത്ഥനയിൽ പങ്ക് ചേർന്നവർക്കുമെല്ലാം നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ
,
--------------------------

സത്താർ കുറ്റൂർ